truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
pushpavathi-

Life Sketch

രാഷ്ട്രീയം പറഞ്ഞും
പ്രതിരോധം തീര്‍ത്തുമാണ്
സംഗീതലോകത്ത് നിലനില്‍ക്കുന്നത്

രാഷ്ട്രീയം പറഞ്ഞും പ്രതിരോധം തീര്‍ത്തുമാണ് സംഗീതലോകത്ത് നിലനില്‍ക്കുന്നത്

ജനങ്ങള്‍ക്ക് എന്റെ പാട്ട് കേള്‍ക്കാനും കാണാനും അവസരമുണ്ടായപ്പോള്‍ ഒരുപാടുപേരുടെ സ്‌നേഹവും പ്രോത്സാഹനവും കിട്ടി. സമൂഹത്തെ നവീകരിക്കേണ്ടതും ഒരു നല്ല സമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടതും ഇവിടത്തെ അടിസ്ഥാന വര്‍ഗങ്ങളുടെ വലിയൊരാവശ്യമാണ്. അത്തരം സാംസ്‌കാരിക പരിസരം സൃഷ്ടിക്കുകയാണ് മിക്കവാറും എന്റെ സംഗീതം കൊണ്ട് ഞാന്‍ ചെയ്യാറുള്ളത്.

17 Nov 2022, 11:55 AM

പുഷ്പവതി

എനിക്ക് മൂത്തവരായി രണ്ടു ചേട്ടന്മാരും രണ്ട് ചേച്ചിമാരുമാണ്.
ഞാന്‍ അമ്മയുടെ വയറ്റിലായിരുന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു; അടുത്തത് മോന്‍ ആയിരിക്കും.. അവനു ഞാന്‍ സന്തോഷ് എന്ന് പേരിടും എന്ന്.
പക്ഷേ ഞാന്‍ പുറത്തുവന്നപ്പോള്‍ പെണ്ണായിപ്പോയി.
അച്ഛന്‍ എന്നെ സന്തോഷ് എന്നുതന്നെ വിളിച്ച് സമാധാനിച്ചു.

അച്ഛന്‍ പെണ്‍കുട്ടികളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, പെണ്‍കുട്ടികളെ നോവിക്കാനും അനുവദിച്ചില്ല. എന്നെക്കാള്‍ എട്ടുവയസ്സ് മൂത്ത രണ്ടാമത്തെ സഹോദരന്‍ എനിക്ക് നല്ല സുഹൃത്തായിരുന്നു. അവന്‍ കാലത്ത് ഓടാന്‍ പോകുമ്പോള്‍ കൂടെ കൂട്ടും. അവന്‍ ചെയ്യുന്ന എക്സർസൈസ് ഞാനും ചെയ്യും. അവന്‍ ചെയ്യുന്ന പുഷ് അപ്പുകള്‍ കണ്ട് ഞാനും അനുകരിക്കും. അവന്‍ ഇടക്കെന്റെ ധൈര്യം പരീക്ഷിക്കാറുണ്ട്. ഇരുട്ടുപിടിച്ച രാത്രി വീട്ടുപറമ്പിന്റെ അറ്റത്തെ വേലിപടര്‍പ്പില്‍ നിന്ന് ചെമ്പരത്തിയുടെ ഇല പറിച്ചുകൊണ്ട് വരാന്‍ പറയും.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ആ വേലിക്ക് കുറച്ചപ്പുറത്തായി ഒരു പൊട്ടക്കിണര്‍ ഉണ്ടായിരുന്നു. അതില്‍ വീണ് അടുത്ത വീട്ടിലെ വിശ്വംഭരേട്ടന്‍ മരിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ഭാഗത്തേക്ക് പോകാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പേടിയാണ്. പക്ഷേ ചേട്ടന്‍ എന്നെ നിര്‍ബന്ധിച്ചു പറഞ്ഞയക്കും. ആദ്യമൊക്കെ ഞാന്‍ ഉണങ്ങിയ വാഴയില അനങ്ങുന്നതുകണ്ട് വിരണ്ടുപോയിട്ടുണ്ട്. അപ്പൊ, ചേട്ടന്‍ പറയും; എന്തെങ്കിലും അനങ്ങുന്നത് കണ്ടാല്‍ അത് എന്താണെന്ന് മനസ്സില്‍ ഉറപ്പുവരുത്താന്‍ സൂക്ഷിച്ച് നോക്കണം എന്ന്. മറ്റൊരു പരീക്ഷണം ഇതായിരുന്നു: വീടിനോട് ചേര്‍ന്ന് കുഴിച്ച കിണറില്‍ വേനല്‍ക്കാലത്ത് വെള്ളം ഉണ്ടാവില്ല. വറ്റിവരണ്ട കിണറ്റില്‍ ഏണിയിറക്കി ഗ്ലാസോ, സ്പൂണോ വീണിട്ടുണ്ടെങ്കില്‍ അതെന്നെക്കൊണ്ട് എടുപ്പിക്കുക. ഒരിക്കല്‍ തെങ്ങിന്റെ മോളിലും കയറ്റിച്ചു. തെങ്ങിന്‍ പട്ട തൊട്ടുവരാന്‍ പറഞ്ഞു. അന്നെനിക്ക് പത്തോ പതിനൊന്നോ വയസ് കാണും.

ചേട്ടന്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനാണ്. അവന്‍  കളിക്കാന്‍ പോകുമ്പോള്‍ എന്നെയും കൊണ്ടുപോകും. അവന്‍ ഫുട്ബാള്‍ പാസ് ചെയ്ത് വാശിയോടെ ഗോള്‍മുഖത്തെത്തുമ്പോള്‍ ഞാന്‍ ഗ്രൗണ്ടിന്റെ അരികില്‍ നിന്ന് വിളിച്ചുകൂവും... അടിക്കടാ ചേട്ടാ...

എന്നേ പത്താം വയസില്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചത് ചേട്ടനാണ്. ആദ്യമായെന്റെ സൈക്കിളിന്റെ പിന്നില്‍ ഇരുന്നതും ചേട്ടന്‍ തന്നെ. 
പാട്ട് പഠിക്കാന്‍ ഞാന്‍ പോയിരുന്നത് ലൂയീസേട്ടന്റെ സൈക്കിള്‍ കടയിലെ സൈക്കിള്‍ വാടകക്കെടുത്തായിരുന്നു. ഞാന്‍ സൈക്കിള്‍ ചവിട്ടി വരുന്നതുകണ്ടാല്‍ വേലൂര്‍ അങ്ങാടിയില്‍ ആണ്‍കുട്ടികള്‍ കൂക്കി വിളിക്കുമായിരുന്നു... ദേ... ഒരു പെണ്ണ് സൈക്കിള്‍ ചവിട്ടുന്നേ... പൂയ്.
ചില ആണ്‍കുട്ടികള്‍ എന്നെ മത്സരിച്ച് തോല്‍പ്പിക്കാന്‍ നോക്കും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കൂല്ല. എന്നെ കളിയാക്കുന്നവരെ അന്നത്തെ എന്റെ പ്രതികരണഭാഷയില്‍ നല്ലത് പറയാറുണ്ട്. 

pushpavathy
പാലക്കാട്​ സംഗീത കോളജിലെ സഹപാഠികൾക്കൊപ്പം

ഒരിക്കല്‍ സ്‌കൂള്‍ ആനിവേഴ്‌സറിക്ക് പ്രാക്ടീസിനുവേണ്ടി ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയപ്പോള്‍ ഒരാണ്‍ സുഹൃത്തിന്റെ സൈക്കിള്‍ ഞാന്‍ സ്‌കൂള്‍ മുറ്റത്ത് ഓടിച്ചുപോയി. അധ്യാപകരടക്കം എല്ലാ കുട്ടികളും ക്ലാസിനു വെളിയില്‍ കൗതുകപ്പെട്ട് നോക്കിനിന്നത് ഇപ്പോഴും നല്ലൊരു ഓര്‍മയാണ്. 33വര്‍ഷം മുമ്പ് നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നത് മോശം കാര്യമായിരുന്നു. 

പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് കുഞ്ഞോപ്പ (ചെറിയ ചേട്ടന്‍ ) യുടെ കൂടെ ഇംഗ്ലീഷ്  സിനിമ കാണാന്‍ പോയിത്തുടങ്ങി. എന്നെ കൊണ്ടുപോകുന്നതിനുമുന്‍പ് ചേട്ടന്‍ പോയി സിനിമ കാണും. കാരണം ഇടയില്‍ വല്ല പീസും ഇടുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാന്‍.

സില്‍വസ്റ്റെര്‍ സ്‌റ്റൈലോണ്‍, ജാന്‍ ക്ലൈവ്, ബ്രൂസിലി, ജാക്കിച്ചാന്‍ തുടങ്ങിയവരുടെ സിനിമകളാണ് അന്നൊക്കെ ഞാന്‍ കണ്ടിട്ടുള്ളത്. ഞങ്ങള്‍ സിനിമക്ക് പോയാല്‍ ആ തിയേറ്ററില്‍ ഞാന്‍ മാത്രമേ ഒരു പെണ്ണ് ആയി ഉണ്ടാകാറുള്ളു. സിനിമ തുടങ്ങിയാല്‍ മുന്നിലിരിക്കുന്നവര്‍ സിനിമ കാണാതെ തിരിഞ്ഞ് ഞങ്ങളെ നോക്കുന്നത് കണ്ടിട്ടുണ്ട്.
എന്റെ കുട്ടികാലത്തെ കളികള്‍ കൂടുതലും ആണ്‍കുട്ടികളോടൊത്തായിരുന്നു. സ്വാതന്ത്രമായ, സാഹസികമായ കളികളൊന്നും പെണ്‍കുട്ടികള്‍ ചെയ്യാന്‍ അനുവദിക്കാത്ത കാലമായിരുന്നു അത്. 

pushpavathy
മ്യൂസിക്​ കമ്പോസിങ്ങിനിടെ

ഞാന്‍ ബോയ്‌സിന്റെ കൂടെ ഫുട്ബോള്‍, ഷട്ടില്‍, ഏറുമ്പന്ത്, ഗോലി, ഹൈ ജംപ്, ലോങ്ങ് ജംപ് ഇത്യാദി കളികള്‍ കളിച്ച് മരം കേറി നടന്നു. ഒമ്പതാം ക്ലാസ് ആയപ്പോ അവരുമൊത്തുള്ള കളികളില്‍ നിന്ന് ഞാന്‍ പിന്‍വലിഞ്ഞുതുടങ്ങി. പ്രീ ഡിഗ്രി ആയപ്പോഴേക്കും കെ.വി.എസ് എന്ന വിദ്യാര്‍ഥി സംഘടനയില്‍ സജീവമായിരുന്നു. വളരെ ഊഷരമായ ആ രണ്ടു വര്‍ഷങ്ങള്‍ ഒരു കളറും ഇല്ലാതെ കടന്നുപോയി. അതിനു ശേഷം പാലക്കാട് സംഗീത കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സംഗീത പഠനം എന്ന ട്രാക്കില്‍ comfortable ആവുകയും വിദ്യാര്‍ഥി  രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായും  അകലുകയും സംഗീതത്തില്‍ മാത്രം ശ്രദ്ധ കൊടുക്കുകയും ചെയ്തു.

സംഗീതകോളേജില്‍ ചേര്‍ന്ന സമയം നല്ല റാഗിങ് ഉണ്ടായിരുന്നു. കേരളവര്‍മയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും, ഞാന്‍ വളര്‍ന്നുവന്ന രീതിയില്‍ നിന്ന് കിട്ടിയ ആത്മവിശ്വാസവും കൊണ്ട് റാഗിങ്ങിന് വന്ന വലിയ മീശ വച്ച പയ്യന്മാരെയൊന്നും എനിക്ക് അത്ര പ്രശ്‌നമായി തോന്നിയില്ല. അതുകൊണ്ട്, സഹപാഠികളായ പെണ്‍കുട്ടികള്‍ക്ക് ഞാന്‍ പെട്ടെന്ന് ഒരു സേഫ് സോണ്‍ ആയി മാറി.

മൂന്നാം ദിവസവും റാഗിങ് തുടര്‍ന്നപ്പോള്‍ പ്രിന്‍സിപ്പലിന് പരാതി കൊടുത്തു. എന്റെ കോഴ്‌സ് തീരുന്നതുവരെ ഒറ്റ ആണ്‍കുട്ടി പോലും ഞങ്ങളുടെ ക്ലാസില്‍ കയറിയില്ല എന്നുമാത്രമല്ല, ഞാന്‍ അവരുടെ ഏറ്റവും വലിയ ശത്രുവായി മാറുകയും ചെയ്തു. എന്നെ പാര വക്കാനും അധിക്ഷേപിക്കാനും കിട്ടിയ അവസരങ്ങള്‍ അവര്‍ വിട്ടുകളഞ്ഞില്ല. അനാവശ്യ സമരങ്ങള്‍ നടത്തിയാല്‍ ഞാന്‍ ക്ലാസ്സില്‍ നിന്നിറങ്ങാറില്ല. കോളേജിലെ ആണ്‍കുട്ടികള്‍ മൊത്തം എന്നെ വെല്ലുവിളിക്കുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ക്ലാസില്‍ നിന്നിറങ്ങാത്ത എന്നോടൊപ്പം എല്ലാ പെണ്‍കുട്ടികളും ഒരേ മനസ്സോടെ നിലയുറപ്പിക്കുന്നത് ആണ്‍കുട്ടികളുടെ ഈഗോയെ വല്ലാതെ ബാധിച്ചു. അവരില്‍ ഒരാള്‍ എന്റെ കയ്യിലെ തംബുരു പിടിച്ചുവാങ്ങി കമ്പികള്‍ പൊട്ടിച്ച് മേശ തല്ലിത്തകര്‍ക്കാന്‍ നോക്കി. ഞാന്‍ കുലുങ്ങിയില്ല. അവസാനം പ്രിന്‍സിപ്പല്‍ പൊലീസിനെ വരെ വിളിക്കുകയും ആണ്‍കുട്ടികള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുകയും വരെ ഉണ്ടായി. 

ഒരിക്കല്‍ പോക്കറ്റ് മണി വാങ്ങാന്‍ മെന്‍സ് ഹോസ്റ്റലിലെ ഹോസ്റ്റല്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ ഞാന്‍ സ്വിച്ച് ഇട്ടാല്‍ നിവരുന്ന കുടയാണ് പിടിച്ചിരുന്നത്. എന്റെ കുട നിവര്‍ത്തിയതും മുകളില്‍ നിന്ന് ഒരു കുട്ട ചവറ് വന്ന് വീണു. ഞാന്‍ മൈന്‍ഡ് ചെയ്യാതെ കുടയില്‍ വീണ ചവര്‍ കുടഞ്ഞുകളഞ്ഞ് ഓഫീസിനകത്ത് കയറി എന്റെ പോക്കറ്റ് മണി ക്ലര്‍ക്കില്‍ നിന്ന് എഴുതിവാങ്ങി തിരിച്ചിറങ്ങി, കുട നിവര്‍ത്തിക്കൊണ്ട്. പിന്നെ, ഗേറ്റിനരികെ നിന്ന് വിളിച്ചുപറഞ്ഞു; നിങ്ങള്‍ മനസ്സില്‍ കാണുമ്പോള്‍ ഞാന്‍ മാനത്ത് കാണും.

കേരളവര്‍മ കോളേജില്‍ ഊട്ടി എന്ന മനോഹരമായ ഇടം ഉണ്ടായിരുന്നു. നിറയെ കെട്ടുപിണഞ്ഞ മരങ്ങളുള്ള, കുളങ്ങള്‍ ഉള്ള ഒരിടം. കുളത്തിലേക്ക് ചാഞ്ഞുവീണു കിടക്കുന്ന വലിയ പൂമരം. ഊട്ടിക്കപ്പുറം  മനോഹരമായ പച്ച പുതപ്പണിഞ്ഞ പാടം. അതുകൊണ്ടുതന്നെ കേരളവര്‍മയിലെ ഊട്ടി മനോഹരിയായിരുന്നു. അവിടെ പെണ്‍കുട്ടികള്‍ പോകുന്നത് വിലക്കിയിരുന്നു. ഞങ്ങള്‍ SFI, KVS, AISF  പെണ്‍സുഹൃത്തുക്കള്‍ ആ നിയമം മറികടക്കാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഒറ്റക്ക് ഊട്ടിയില്‍ പുസ്തകം വായിച്ചിരിക്കുമ്പോള്‍ കോളേജ് വാര്‍ഡന്‍ വന്ന് എണീറ്റു പോകാന്‍ പറഞ്ഞു. ചുറ്റും നോക്കിയപ്പോള്‍ അങ്ങവിടെയിവിടെയായി ആണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ട്. ഞാന്‍ ചോദിച്ചു; എന്തുകൊണ്ട് അവരോടിപ്രകാരം പറയുന്നില്ല. ആണിനും പെണ്ണിനും രണ്ട് നിയമമുണ്ടോ ഈ കോളേജില്‍? വാര്‍ഡന്‍ തിരിച്ചു പോയി പ്രിന്‍സിപ്പലിനെ വിവരം ധരിപ്പിച്ചു. വീണ്ടും എന്റെയടുത്തുവന്ന് പറഞ്ഞു, കോളേജില്‍ നിന്ന് പുറത്താക്കുമെന്ന്. എങ്കില്‍ അത് കാണട്ടെ എന്നായി ഞാന്‍. പക്ഷേ ഒന്നും ഉണ്ടായില്ല. ഞാന്‍ അവിടെ പുസ്തകം വായിച്ചിരുന്നു. 

ALSO READ

ശക്​തിയെ ശക്​തി കൊണ്ട്​ നേരിടണം; കീഴാളർക്ക്​ വേണം പുതിയൊരു പ്രത്യയശാസ്​ത്രം

എന്റെ കുടുംബത്തില്‍ വിശേഷ ദിവസങ്ങളില്‍; അതായത് ഓണം, വിഷു, മണിമലര്‍കാവ് പൂരം, കര്‍ക്കിടക സംക്രാന്തി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ മനോഹരമായ ഒരാചാരമുണ്ടായിരുന്നു. മറ്റൊന്നുമല്ല; ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്നേ പൂര്‍വികര്‍ക്ക് കള്ളും ഇറച്ചിയും മീനും പിന്നെ മുറുക്കാനും വീതുവെക്കും. ശേഷം ആണ്‍ /പെണ്‍ വ്യത്യാസമില്ലാതെ ചാരായവും ഇറച്ചിയും മീനും അടങ്ങുന്ന ഭക്ഷണം തുല്യമായി പങ്കിട്ടെടുക്കും. എന്റെ ഓര്‍മയില്‍ അച്ഛന്റെ കയ്യില്‍ നിന്നാണ് ഞാന്‍ മദ്യം ആദ്യമായി കഴിച്ചത്. ഞങ്ങള്‍ക്കിടയില്‍ അത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ നടക്കുന്ന ആചാരമാണ്.

അച്ഛനില്‍നിന്ന് എനിക്ക്  കൈമാറി കിട്ടിയ കഴിവാണ് സംഗീതം. നാഗസ്വര വാദനവും തകില്‍ കൊട്ടലും കുലത്തൊഴിലില്‍ പെട്ടതാണ്. കര്‍ണാടക സംഗീതത്തില്‍ പ്രയോഗിക്കപ്പെടുന്നതെല്ലാം നാഗസ്വരത്തില്‍ വായിക്കും. അതോടൊപ്പം കല്‍പ്പണിയും കുലത്തൊഴിലില്‍  ഉള്‍പ്പെടുന്നു. അച്ഛനെ പണിസ്ഥലത്തേക്ക് പലപ്പോഴും സൈക്കിളില്‍ ഞാനാണ് കൊണ്ടുവിടാറ്.
എനിക്കൊരു 13-14 വയസ്സുള്ളപ്പോഴാണ് കുറേശ്ശേ നിരീശ്വരവാദം പിടിപെട്ടത്. അന്നൊരിക്കല്‍ പാട്ട് പഠിക്കാന്‍ പോകുന്ന വഴിയിലൊരു അയ്യപ്പന്‍കാവുണ്ട്. കാവിനെ വളഞ്ഞുചെരിഞ്ഞ് താഴേക്ക് പോകുന്ന റോഡിലൂടെയാണ് ടീച്ചറുടെ വീട്ടില്‍ പോകേണ്ടത്. ടീച്ചറുടെ പേര് ദ്രൗപതി നങ്ങ്യാര്‍.
അയ്യപ്പന്‍കാവെത്തിയാല്‍ എല്ലാവരും താഴെയിറങ്ങി മെല്ലെ വണ്ടിയുരുട്ടി പ്രാര്‍ത്ഥിച്ചിട്ടൊക്കെയാണ് പോകാറ്. പക്ഷേ നിരീശ്വര വാദം പിടിപെട്ട ഞാന്‍ ഇറങ്ങാതെ ബാലന്‍സ് ചെയ്ത് ഓടിച്ചുപോകാറാണ് പതിവ്. ഒരിക്കല്‍ ഇതുപോലെ പോയപ്പോള്‍ സൈക്കിളിന്റെ ബ്രേക്ക് ചതിച്ചു. ഞാന്‍ അയ്യപ്പന്‍ കാവിന്റെ തിരുനടയില്‍ സാഷ്ടാംഗം വീണപ്പോള്‍ എന്നെ കാത്തുനിന്ന സഹപാഠികളില്‍ കേമിയായ പത്മജ ഉറക്കെ കൈകൊട്ടി ചിരിച്ച് പറഞ്ഞു; ദേ... പുഷ്പാവതി വീണേ... 

നാട്ടില്‍ ആദ്യമായി സ്‌കൂട്ടര്‍ ഓടിച്ചതും ഞാനാണ്. ഒരിക്കല്‍ ഞങ്ങളുടെ വേലൂര്‍ ദേശത്തിന്റെ സമീപ ഗ്രാമമായ കിരാലൂര്‍ മാടമ്പ് മനയുടെ മുന്നിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുപോകുമ്പോള്‍ എന്റെ തലയില്‍ ഒരു കാക്ക വന്ന് കാല്‍നഖം കൊണ്ട് മാന്തുകയും തലയില്‍ കൊത്തുകയും ചെയ്തു. ആദ്യം എന്താണ് സംഭവിച്ചതെന്നറിയാതെ ഞാന്‍ വണ്ടി സൈഡില്‍ ഒതുക്കിയപ്പോള്‍ കാക്ക എന്നേ ദേഷ്യത്തില്‍ നോക്കി  കാ കാ.. എന്ന് എന്തൊക്കെയോ പറഞ്ഞു. വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ വീണ്ടും വന്ന് തലയില്‍ മാന്തി. മുന്നോട്ടു പോകാനാവാതെ ആദ്യമൊന്ന് പകച്ചു നിന്നപ്പോള്‍ മധ്യവയസ്‌കയായ ഒരു ചേച്ചി പറഞ്ഞു; മാടമ്പ് മനയിലെ പെണ്‍കുട്ടി സ്‌കൂട്ടര്‍ ഓടിക്കുമ്പോഴും തലയില്‍ കൊത്താറുണ്ട് എന്ന്. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, കാക്കയുടെ കൂടെങ്ങാനും അറിയാതെ നശിപ്പിച്ചിരിക്കാം, വല്ല മാങ്ങയോ മറ്റോ പൊട്ടിക്കുമ്പോള്‍ എന്നാണ്. എന്തായാലും ആ കാക്കയെ പേടിച്ച് ഞാന്‍ പിന്നെ കുറച്ചു കാലം ആ വഴിക്ക് പോയില്ല.

പാലക്കാട് കോളേജില്‍ നിന്ന് ഏഴുവര്‍ഷത്തെ ഗാനപ്രവീണ കഴിഞ്ഞ് നാട്ടില്‍വന്ന് റെക്കോര്‍ഡിങ്‌സും ചേതന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപനവുമൊക്കെയായി ഞാന്‍ നിരന്തരം 18 കിലോമീറ്റര്‍ ദൂരെയുള്ള തൃശൂര്‍ ടൗണിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുക പതിവായിരുന്നു. ഇടക്ക് സംഗീത നാടക അക്കാദമിയിലോ സിറ്റിയിലെ മറ്റിടങ്ങളിലോ സംഗീതകച്ചേരിയുണ്ടാകുമ്പോള്‍ അത് കേള്‍ക്കാന്‍ ഒരുപാട് വൈകിയാണെങ്കിലും ഞാന്‍ ഇരിക്കാറുണ്ട്. ഒമ്പതു മണിയാകുന്നതിനു മുമ്പേ എഴുന്നേറ്റുപോരുമ്പോള്‍ കുറേയേറെ കേള്‍ക്കാന്‍ കഴിഞ്ഞ സന്തോഷത്തോടൊപ്പം അമ്മയുടെ വേവലാതി ആലോചിച്ച് മനസ്സമാധാനക്കേടും ഉണ്ടാകും.

രാത്രിയിലെ നിലാവുകണ്ട് വിജനമായ റബ്ബര്‍ തോട്ടങ്ങളുടെ നടുവിലൂടെ ഒറ്റക്കുള്ള ആ സഞ്ചാരത്തിന് ശക്തി കിട്ടിയത് എന്റെ വളര്‍ച്ച ആണ്‍- പെണ്‍ വ്യത്യാസമില്ലാത്ത രീതിയിലായതുകൊണ്ടാണെന്ന് സംശയമില്ലാതെ പറയാന്‍ പറ്റും.  കുട്ടികളുടെ വളര്‍ച്ചയില്‍ അവര്‍ക്ക് കിട്ടുന്ന തുല്യതാബോധവും കളിച്ചുവളരാനുള്ള സാഹചര്യവും ഏതൊരാണ്‍കുട്ടിയെ പോലെ തന്നെ പെണ്‍കുട്ടിക്കും ഉണ്ടാകേണ്ടതാണ്. അതിനുള്ള സാമൂഹിക സാഹചര്യം സമൂഹത്തില്‍ ഉയര്‍ന്നുവരണം.

ഇത്തരം യാത്രകളില്‍ പല റിസ്‌ക്കുകളും ഞാന്‍ നേരിട്ടിട്ടുണ്ട്. 
2004ല്‍ ഒരിക്കല്‍ രാത്രി റെക്കോര്‍ഡിങ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വരികയാണ്. തൃശൂര്‍ പുഴക്കല്‍ അന്ന് കുറെയൊക്കെ വിജനമാണ്. ഇരുവശവും വിജനമായ ഒരിടം. എതിരെയും മറികടന്നും പല വണ്ടികള്‍ പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു ദൂരെനിന്ന്

നാലു പുരുഷന്മാര്‍ വണ്ടികളെയെല്ലാം കൈകാണിക്കുന്നത് ഞാന്‍ കണ്ടു. ആദ്യം എന്താണെന്ന് മനസ്സിലായില്ല. എന്റെ വണ്ടിക്കു നേരെയും കൈകാണിച്ച് അവര്‍ നിര്‍ത്താന്‍ ശ്രമിച്ചു. ഞാന്‍ വണ്ടി പതുക്കെയാക്കി പെട്ടെന്ന് വെട്ടിത്തിരിച്ച് സ്പീഡില്‍ ഓടിച്ചുപോയി. വീടെത്തുന്നതുവരെയും വല്ലാത്ത ചങ്കിടിപ്പായിരുന്നു.

മറ്റൊരിക്കല്‍ സുഹൃത്തായ അഡ്വ. കുക്കുവും ഞാനും തൃശൂര്‍ ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ അധിക്ഷേപവും കൂക്കിവിളിയുമായി ഞങ്ങളുടെ മുന്നിലും പിന്നിലും മാറിമാറി വണ്ടിയോടിച്ചു ശല്യം ചെയ്യാന്‍ തുടങ്ങി. അതിനും കുറച്ച് മുന്നേ ട്രാഫിക് പൊലീസ് പട്രോളിംഗ് നടത്തുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഞാന്‍ ആ പയ്യന്മാരെ വകവെക്കാതെ നല്ല സ്പീഡില്‍ വണ്ടിയോടിച്ച് നേരെ ട്രാഫിക് പൊലീസിന് കൈകാണിച്ചു നിര്‍ത്തി വിവരം പറഞ്ഞു. പൊലീസ് പിന്നാലെയെത്തി ആ പയ്യന്മാരെ തടഞ്ഞ് കേസെടുത്തു. അവര്‍ ഞങ്ങളോട് തെറ്റും മാപ്പും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. കുക്കൂ വക്കീല്‍ പക്ഷേ വിടാനുള്ള മട്ടില്ലായിരുന്നു. അവള്‍ കേസുമായി മുന്നോട്ടുപോയി.

1989- 90 കാലത്ത് കേരളവര്‍മ കോളേജില്‍ പഠിക്കുന്ന കാലത്താണ് കണ്‍സഷന്‍ ടിക്കറ്റില്‍ കയറുന്ന പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാരെ നേരിടേണ്ടിവന്നത്. എത്രയോ പെണ്‍കുട്ടികള്‍ ഇന്നും മാറ്റമില്ലാതെ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണത്. പലപ്പോഴും കായികമായി തന്നെ ഇവരെ നേരിടേണ്ടി വന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ സ്വാഭിമാനം സംരക്ഷിക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ സംഘടനാപരമായി സംഘടിച്ച് പരാതി നല്‍കാന്‍ ആര്‍ജ്ജവം കാണിക്കണം. 

പാലക്കാട്‌ സംഗീത കോളേജിൽ ഗാനഭൂഷണം high first ക്ലാസിൽ പാസ്സായ എനിക്ക് പോസ്റ്റ് ഡിപ്ലോമ കോഴ്സ് ആയ ഗാനപ്രവീണക്ക് ചേരാൻ അമ്മ സമ്മതിച്ചില്ല. പണമില്ല പഠിക്കാൻ എന്നാണ്​ കാരണം പറഞ്ഞത്​. എന്റെ പ്രയാസങ്ങൾ പ്രാർത്ഥനയായി ഞാൻ ഈശ്വരനോട്​ ഓരോ നിമിഷവും  പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. ആ ഇടക്ക് ഗുരുവായൂർ സംഗീതോത്സവം നടക്കുന്നു. എന്റെ പാട്ട് ഏകാദശിയുടെ തലേന്നാൾ ആയിരുന്നു. സൂചി കുത്താൻ പഴുതില്ലാത്തത്തവിധം ജനക്കൂട്ടം കേൾക്കെ ഞാൻ  ‘വെങ്കിടാചല നിലയം...' പാടി. സ്റ്റേജിൽനിന്ന് പുറത്തുവന്നപ്പോൾ AIR ൽ നിന്ന് റിട്ടയർ ചെയ്ത തൃശൂർ വി.  രാമചന്ദ്രൻ സാർ വന്നെന്നോട് ചോദിച്ചു; മോൾക്ക് എന്റെ 36 ശിഷ്യന്മാരെ പഠിപ്പിക്കാമോ? ആഴ്ചയിൽ ഒരു ക്ലാസ്സ്‌ മതി. ഞാൻ ആ അവസരം  സന്തോഷപൂർവം സ്വീകരിച്ചു. എനിക്ക് സ്വന്തം വരുമാനം കിട്ടി തുടങ്ങി. ആ പണം കൊണ്ട് മാങ്ങാട് നടേശൻമാഷിന്റെ കീഴിൽ പ്രത്യേക കോച്ചിങ് ക്ലാസിനു പോകുകയും  ഗാനപ്രവീണ ഒന്നാം റാങ്കോടെ പാസാവുകയും ചെയ്തു. പഠിക്കുമ്പോൾ തന്നെ കർണാടക സംഗീതത്തിൽ AIR ൽ നിന്ന്  B ഗ്രേഡ് നേടി. കേന്ദ്ര സർക്കാറിനു കീഴിലെ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ ജൂനിയർ സ്കോളർഷിപ്പും നേടി. 

പിന്നണി ഗാനരംഗത്തേക്കുവന്നത് ട്രാക്ക് പാടിയായിരുന്നു. കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ മോഹന്‍ സിതാരയുടെ സംഗീതത്തില്‍ പാടിയ കാത്തുകാത്തൊരു മഴയത്ത് എന്ന ഗാനത്തിലൂടെ യാദൃച്ഛികമായി പിന്നണി ഗായികയായി. ആ പാട്ട് മുഴുവന്‍ ട്രാക്ക് പാടിയത് ഞാനായിരുന്നു. ഒരു ദിവസം തൃശൂര്‍ക്ക് വരുമ്പോള്‍ ബസില്‍ വച്ചാണ് ഞാന്‍ എന്റെ പാട്ട് ആദ്യമായി കേള്‍ക്കുന്നത്. അതുവരെ എനിക്കറിയില്ലായിരുന്നു എന്റെ voice തന്നെയാണ് ഗാനത്തിന് ഉപയോഗിച്ചതെന്ന്.

പിന്നീട് പല പാട്ടുകളും പാടിയെങ്കിലും എന്നെ സിനിമാസംഗീത ലോകത്തിന്റെ കാഴ്ചവട്ടത്തില്‍ പ്രവേശിപ്പിക്കാന്‍ തക്ക നല്ല പാട്ടുകളുടേതായ അവസരങ്ങള്‍ ഇല്ലായിരുന്നു. ഞാന്‍ ഖത്തറില്‍ അധ്യാപികയായി പോയി. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞ് വരികയും 2011 ല്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെ പാട്ട് പാടി ഒരു സീറ്റ് എനിക്കായി നേടിയെടുക്കുകയും ചെയ്തു. മലയാളികളെല്ലാം ഏറ്റെടുത്തൊരു ഗാനമായിരുന്നു "ചെമ്പാവ് പുന്നെല്ലിന്‍' എന്ന ഗാനം. എന്നിട്ടും സ്റ്റേറ്റിന്റെ സ്‌പെഷ്യല്‍ മെന്‍ഷന്‍ ലഭിച്ചില്ല. അതിനുശേഷം അതെ ജോണറിലുള്ള പല ഗാനങ്ങള്‍ക്കും സ്റ്റേറ്റിന്റെ അംഗീകാരങ്ങള്‍ കിട്ടി.

ALSO READ

നങ്ങേലി കെട്ടുകഥയോ, യാഥാർത്ഥ്യമോ?

മലയാളികള്‍ക്കെല്ലാം എന്റെ ഈ പാട്ട് അറിയാം, എന്നാല്‍ അത് പാടിയ എന്നെ അറിയില്ല. കാരണം visual മീഡിയയുടെ സൗന്ദര്യ സങ്കല്‍പത്തിന് പുറത്താണ് ഞാനുള്ളത്. കോര്‍പ്പറേറ്റ് മൂലധന ശക്തികളെല്ലാം ഉപരി വര്‍ഗ്ഗത്തിന്റെയാകുമ്പോള്‍ സാമൂഹികമായി താഴെത്തട്ടിലുള്ള എനിക്ക് സ്‌പേസ് തരാന്‍ അവര്‍ മടിക്കുന്നു. താഴെ തട്ടിലുള്ളവര്‍ പണം മുടക്കി തന്നെയാണ് ചാനലുകള്‍ ഓരോന്നും കാണുന്നത്. അടിസ്ഥാന വര്‍ഗങ്ങളുടെ പണം എല്ലാവര്‍ക്കും വേണം. എന്നാല്‍ അവര്‍ക്കിടയില്‍ നിന്നൊരു ഗായികയെ, ഒരു നായികയെ, ഒരു നായകനെ ഇവര്‍ക്ക് വേണ്ട. അതിനുള്ള വിസിബിലിറ്റി ഇവര്‍ നല്‍കില്ല. ദളിതുകള്‍ ഈ യഥാര്‍ഥ്യം തിരിച്ചറിയാന്‍ തുടങ്ങിയതിന്റെ പല മാറ്റങ്ങളും ഇന്ന് സമൂഹത്തില്‍ പ്രകടമാകാന്‍ തുടങ്ങിയിട്ടുണ്ട്. 

എനിക്കിന്നുള്ള വിസിബിലിറ്റി facebook തന്നതാണ്. എന്റെ സ്വന്തം ഗാനങ്ങളാണ് അതിനു പിന്നില്‍. രാഷ്ട്രീയം പറഞ്ഞും പ്രതിരോധം തീര്‍ത്തുമാണ് ഞാന്‍ സംഗീതലോകത്ത് നിലനില്‍ക്കുന്നത്. ജനങ്ങള്‍ക്ക് എന്റെ പാട്ട് കേള്‍ക്കാനും കാണാനും അവസരമുണ്ടായപ്പോള്‍ ഒരുപാടുപേരുടെ സ്‌നേഹവും പ്രോത്സാഹനവും കിട്ടി. സമൂഹത്തെ നവീകരിക്കേണ്ടതും ഒരു നല്ല സമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടതും ഇവിടത്തെ അടിസ്ഥാന വര്‍ഗങ്ങളുടെ വലിയൊരാവശ്യമാണ്. അത്തരം സാംസ്‌കാരിക പരിസരം സൃഷ്ടിക്കുകയാണ് മിക്കവാറും എന്റെ സംഗീതം കൊണ്ട് ഞാന്‍ ചെയ്യാറുള്ളത്. ആ സംഗീതം എല്ലാ ജോണറിലും എനിക്ക് വഴങ്ങും. കര്‍ണാട്ടിക്  ക്ലാസിക്കല്‍ സംഗീതമായും, ഗസലായും, ഭജനായും  നവോഥാന ഗാനങ്ങളായും സിനിമാഗാനങ്ങളായും... അത് ജീവിതത്തെ ധന്യമാക്കുന്നു.

(ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 9 ല്‍ പ്രസിദ്ധീകരിച്ച ലേഖനം)

 

Remote video URL
  • Tags
  • #Life Sketch
  • #Pushpavathy Poypadathu
  • #Casteism
  • #Bird Song
  • #Music
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
indian ocean

ITFOK 2023

മുസ്തഫ ദേശമംഗലം

ഇറ്റ്‌ഫോക്കിലേക്കു വരൂ, ‘ഇന്ത്യൻ ഓഷ്യനെ’ അനുഭവിക്കാം...

Jan 26, 2023

7 Minutes Read

S Joseph

Politics and Literature

എസ്. ജോസഫ്

ഞാൻ ദലിതനല്ല, ക്രിസ്​ത്യനല്ല, ആണുതാനും... കേരളീയനാണ്​, എന്നാൽ കേരളത്തിൽ എനിക്ക്​ ഇടമില്ല...

Jan 17, 2023

8 minutes read

NaatuNaatu.

Music

രശ്മി സതീഷ്

‘നാട്ട്​- നാട്ട്​’: പലതരം മനുഷ്യർ ഒത്തുവന്ന ഒരു മാജിക്ക്​

Jan 11, 2023

3 Minutes Read

vd-satheeshan

Kerala Politics

വി. ഡി. സതീശന്‍

പല സമുദായ സംഘടനാ നേതാക്കളും പച്ചയ്ക്ക് ​​​​​​​വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുന്നു

Jan 11, 2023

3 Minutes Read

Yesudas

Music

എസ്. ശാരദക്കുട്ടി

ചെറുപ്പകാലത്ത് ഞാനേറ്റവുമധികം പരിഹസിക്കപ്പെട്ടത് യേശുദാസിനോടുള്ള ആരാധനയുടെ പേരിലാണ്

Jan 10, 2023

3 minute read

Group of namboothiri men and Nair women

Casteism

എം. ശ്രീനാഥൻ

കേരള നവോത്ഥാനത്തിലെ നായരും നമ്പൂതിരിയും

Jan 09, 2023

10 Minutes Read

shyamkumar

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

പാചക ബ്രാഹ്‌മണ്യ വാദികളുടെ തല തിരിഞ്ഞ ചരിത്ര വായന

Jan 09, 2023

5 Minutes Read

COVER

Caste Reservation

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

മാറേണ്ടത് കോഴപ്പണം വാങ്ങി സ്വന്തം ജാതിക്കാരെ മാത്രം നിയമിക്കുന്ന സംവരണം

Jan 06, 2023

5 Minutes Read

Next Article

നിഷിദ്ധജീവിതങ്ങളുടെ തടവറകള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster