23 May 2022, 02:00 PM
കരിയറിന്റെ ആദ്യകാലം മുതൽക്കേ കുടുംബനാഥന്റെ റോളുകൾ മമ്മൂട്ടി കൈകാര്യം ചെയ്തിരുന്നു. മലയാളി ആഗ്രഹിക്കുന്ന പിതൃബിംബമാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലൂടെ എൺപതുകളിൽ തിരശ്ശീലയിൽ എത്തിയത്. മമ്മൂട്ടിയുടെ ഭൂരിഭാഗം കഥാപാത്രങ്ങളും ഏതെങ്കിലും തരത്തിൽ രക്ഷാകതൃസ്വഭാവം പുലർത്തുന്നതാണെന്ന് കാണാം.
ഡോക്ടർ, എഞ്ചിനീയർ, പൊലീസ് ഉദ്യോഗസ്ഥൻ, ഇമ്പോർട് എക്സ്പോർട്ട് നടത്തുന്ന ബിസിനസ്‍മാൻ തുടങ്ങിയ ഉയർന്ന സാമൂഹ്യപദവിയുള്ള റോളുകളിലാണ് മമ്മൂട്ടിയുടെ അച്ഛൻ തിളങ്ങിയത്. അയാളുടെ കരിയറും കുടുംബവും തമ്മിലുള്ള സംഘർഷം കഥകളിൽ പതിവായി. ഭാര്യയും ഉദ്യോഗസ്ഥയാണെങ്കിൽ സംഘർഷം അതിന്റെ മൂർദ്ധന്യത്തിലെത്തുന്നു. ഇതാണ് സിനിമകളിൽ കുട്ടികൾ നേരിടുന്ന പ്രധാനപ്രശ്നം.
ബിസിനസുകാരനായ അച്ഛന്റെ സമയദൗർലഭ്യം, ഭാര്യയുമായുള്ള അയാളുടെ ഈഗോ പ്രശ്നങ്ങൾ, കൂട്ടുകുടുംബത്തിൽ നിന്നുണ്ടാകുന്ന ഉലച്ചിലുകൾ , തന്റെ പഴയകാല പ്രണയങ്ങളിൽ നിന്നുണ്ടാവുന്ന ഓർമകൾ, ഭാര്യയെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്ന ടി.ജി. രവി-ബാലൻ കെ. നായർ കഥാപാത്രങ്ങളുമായുള്ള സംഘർഷം. കുട്ടികൾ ഇവയ്ക്കിടയിൽ കിടന്ന് വീർപ്പുമുട്ടുന്നു. സവർണരായ അച്ഛന്റെയും അമ്മയുടെയും ഉപഗ്രഹങ്ങളായി സവർണർ തന്നെയായ കാര്യസ്ഥർ, അവർണരായ വേലക്കാർ, വിദൂഷകനായ ഡ്രൈവർ മുതലായ ഒരു ഉച്ചനീചശൃംഖല ഉൾപ്പെടുന്ന ഒരു കുടുംബത്തിലാണ് കുട്ടികൾ വളരുന്നത്. അവിടെ മാതൃകാപുരുഷനായ അച്ഛനായി മമ്മൂട്ടിയെന്ന താരം തിളങ്ങുന്നു.
ബന്ധുക്കളുടെ അത്യാഗ്രഹത്തിൽ നിന്നും വില്ലന്മാരുടെ ആക്രമണങ്ങളിൽ നിന്നും അയാൾ കുടുംബത്തെ രക്ഷിച്ചു പിടിക്കുന്നു. ജോലിയ്ക്കൊപ്പം കുടുംബത്തെയും ഉത്തരവാദിത്വത്തോടെ നോക്കേണ്ടതെങ്ങിനെ എന്ന പാഠം നായികയ്ക്ക് നൽകുന്നു. ചുറ്റുമുള്ള ചെറുപ്പക്കാരികൾ, അനിയന്റെ കാമുകിയും ബോസിന്റെ ഭാര്യയും അടക്കം, അയാളെ പ്രണയിക്കുന്നു.

വില്ലന്മാർക്കു മുൻപിൽ ഉഗ്രരൂപിയാകുന്ന അയാൾ മക്കൾക്കു മുന്നിൽ നാണത്തിനൊന്നും വഴി നൽകാതെ ഭാര്യയുമായി ശൃംഗരിക്കുന്നു. പണ്ട് മദിച്ച് വാണിരിന്ന ഒരു സിംഹത്തിന്റെ ഭൂതകാലം അയാൾക്കുണ്ട്. കുടിയനും തല്ലുപിടിക്കുന്നവനും പല കാമുകിമാരുടെ പ്രണയഭാജനവുമായ അയാളെ നേർവഴിക്ക് നടത്തിക എന്ന റോൾ ഭാര്യയാണ് ഏറ്റെടുക്കുന്നത്. ഭൂതകാലത്തെക്കുറിച്ച് ഒരേ സമയം പ്രൗഢിയും പാപബോധവും അയാൾ പേറുന്നു. പഴയ കാമുകിയായോ മറ്റോ ആ ഭൂതകാലം ചിലപ്പോൾ അയാളെ വേട്ടയാടുന്നു. അയാളുടെ സാമുഹ്യസ്ഥാനത്തെപ്പറ്റിയും ധനത്തെപ്പറ്റിയും വില്ലന്മാരും ബന്ധുക്കളും സദാ അസ്വസ്ഥരാണ്.
ചിലപ്പോൾ അയാൾ ഭാര്യയുമായി പിരിഞ്ഞു ജീവിക്കാറുണ്ട്. അല്ലെങ്കിൽ അയാളുടെ ഭാര്യ നേരത്തെ മരിച്ച് പോയിരിക്കാം. അതോടെയാണ് അച്ഛൻ എന്ന തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് അയാൾക്ക് ബോധമുണ്ടാകുന്നത്. അതോടെ തന്റെ ബാലഗോപാലനെ എണ്ണ തേപ്പിച്ച് കുളിപ്പിക്കാനും പാർക്കിൽ കൊണ്ട് പോകാനും അയാൾ സമയം കണ്ടെത്തുന്നു. പിരിഞ്ഞു പോയതോ മരിച്ച് പോയതോ ആയ ഭാര്യയോടുള്ള അയാളുടെ സദാചരപരമായ വിധേയത്വവും പ്രണയവും ചെറുപ്പക്കാരികളായ പെണ്ണുങ്ങളുടെ ആരാധനയ്ക്ക് കാരണമാകുന്നു. പുത്തൻ പ്രണയങ്ങളോട് ആദ്യം വിമുഖത കാണിക്കുന്ന മമ്മൂട്ടി മക്കളുടെതായ താല്പര്യങ്ങൾക്ക് മുൻപിൽ പ്രണയത്തെ പിന്നീട് അംഗീകരിക്കുന്നു.
പുരുഷന് രണ്ടാമതൊരു കുടുംബബന്ധം ആവാം എന്ന് പണ്ടേ മലയാളസിനിമ അംഗീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് മക്കളുടെ ഭാവി കൂടെ കണക്കിലെടുക്കുമ്പോൾ. അമ്മയില്ലാതെ വളരുന്ന കുട്ടികൾക്ക് മാനസികമായോ സദാചരപരമോ ആയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാണ് സമൂഹം സ്ഥാപിക്കുന്നത് പ്രത്യേകിച്ച് പെൺകുട്ടിയാണെങ്കിൽ. ലൈംഗികമായി തന്നെ സമീപിക്കുന്ന വൃദ്ധ അധ്യാപകരൂപത്തിനു മുൻപിൽ ഒന്നുറക്കെ കരയാൻ പോലും സാധിക്കാതെ പെൺകുട്ടി പകച്ച് പോകുന്നത് അമ്മയില്ലാതെ വളരേണ്ടി വന്നത് കൊണ്ടാണ്.

അച്ഛനൊന്നിനും സമയമില്ല എന്ന് മക്കളും തന്നോട് പ്രണയമില്ല എന്ന് ഭാര്യയും അയാളോട് പരാതി പറയാറുണ്ട്. ശാസനാരൂപിയായ അച്ഛന്റെ അഭാവത്തിൽ മക്കൾ തങ്ങളുടെ ഇമോഷനൽ വയലൻസ് പുറത്തെടുക്കുന്നത് വീട്ടിലെ വേലക്കാരനോടാണ്. ആന കളിപ്പിക്കുന്ന ഡ്രൈവറും, ഇഷ്ടഭക്ഷണമൊരുക്കിക്കൊടുക്കുന്ന വേലക്കാരിയും, അച്ഛന്റെ വിനീതവിധേയനായ കാര്യസ്ഥനും മക്കളുടെ ആജ്ഞാനുവർത്തികളാണ്. അല്ലെങ്കിൽ തന്നെ കൊച്ചിന് ദേഷ്യം വന്നാൽ ഇച്ചിരെ ചാണകമെടുത്ത് മുഖത്തേക്കെറിയാൻ വീട്ടിലെ കാര്യസ്ഥനല്ലാതെ ആരാണുള്ളത്. നായകന്റെ കുടുംബത്തോടൊപ്പം തന്നെ സദാ കഴിയുന്ന കാര്യസ്ഥരൂപങ്ങൾക്ക് പ്രത്യേകിച്ച് സ്വകാര്യജീവിതം ഒന്നും ഉള്ളതായി കാണുന്നില്ല. അഥവാ ഉണ്ടെങ്കിൽ അത് ഭൂതകാലത്തായിരിക്കും. നായകന്റെ അച്ഛൻ കാര്യസ്ഥന്റെ പെങ്ങളിൽ ഒരു അവിഹിത സന്തതി ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. മുതലാളിയോടോ കുടുബത്തോടോ ഉള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിക്കാൻ അത്തരം ഭൂതകാല ദീനകഥകൾക്കൊന്നുമാവുന്നില്ല താനും.
അങ്ങനെയിരിക്കെ ‘കുഞ്ഞിനീ ബിസിനസ് ടൂറൊക്കെ അല്പം കുറച്ച് കൂടെ?’, ‘പിണങ്ങി നിൽക്കുന്ന ഭാര്യയെ വിളിച്ച് കൊണ്ട് വന്നു കൂടെ?’ , ‘മറ്റൊരു കല്യാണത്തിന് ശ്രമിച്ചൂടെ, മോനും ആ പുതിയ പെണ്ണും നല്ല കൂട്ടാണ്’, മുതലായ ഉപദേശങ്ങൾ കാര്യസ്ഥരൂപങ്ങളിൽ നിന്നും വരേണ്ടതുണ്ട്. എന്റെ സ്വകാര്യജീവിതത്തിൽ ഇടപെടാൻ ഞാൻ ആർക്കും സ്ഥാനം നൽകിയിട്ടില്ല, തനിക്കറിയാമോ അവൾ മരിച്ചിട്ടിത്ര കൊല്ലമായിട്ടും ഞാൻ മറ്റൊരു പെണ്ണിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാത്തത് മോനെ മാത്രം ഓർത്തിട്ടാണ് എന്ന് ക്രോധത്തോടെയും മൂക്ക് വിറപ്പിച്ചും പറയാനുള്ള അവസരം ഇവിടെ മമ്മൂട്ടിയുടെ നായകന് ലഭിക്കുന്നു. മാനസികവും ശാരീരികവുമായ സംശുദ്ധി മാതൃകാപുരുഷൻ എന്ന നിലയിൽ അയാൾ കൊണ്ട് നടക്കേണ്ടതുണ്ട്. മരിച്ച് പോയ ഭാര്യയുടെ ഫോട്ടോ, വീഡിയോ, വസ്ത്രങ്ങൾ എന്നിവയോട് വൈകാരികമായി അയാൾ ഇടപെടാൻ മടിക്കുന്നുവെങ്കിലും മക്കൾക്ക് അത് സ്ഥിരമായ ആശ്രയമാണ്. അമ്മ പിന്നിൽ ഉപേക്ഷിച്ച പാട്ടുകൾ കുട്ടികൾ ഇന്നും മൂളി നടക്കുന്നു.

ഇതിനിടയിൽ എപ്പോഴെങ്കിലും വരയൻ ഷർട്ടുകളിലൂടെയും പേരുകളിലൂടെയും ജാതിസ്വത്വം വെളിവാക്കിക്കൊണ്ട് വില്ലൻ കഥാപാത്രവും ഇടപെടുന്നു. കമ്പനിയിൽ തൊഴിൽ പ്രതിസന്ധി സൃഷ്ടിച്ചോ, ബ്ലാക്മെയിൽ വഴി കുടുംബാംഗങ്ങളിൽ നിന്ന് കാശു തട്ടിച്ചെടുത്തോ, കുട്ടികളെ തട്ടിക്കൊണ്ട് പോയോ ഒക്കെ അവർ കഥയിൽ നായകനു മുൻപിൽ ബുദ്ധിമുട്ടുകൾ തീർക്കുന്നു. നല്ല മുതലാളിയും സൂപ്പർഹീറോയിക് ആക്ഷൻ താരവുമായ അയാൾക്ക് ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ ആത്യന്തികമായി ബുദ്ധിമുട്ടുകളൊന്നുമില്ല. തൊഴിലാളി നേതാക്കൾ അത്യാഗ്രഹികളാണെന്നും മുതലാളി എന്നും നന്മ നിറഞ്ഞവൻ ആണെന്നും ഇമ്പോർട് എക്സ്പോർട് കമ്പനിയിലെ തൊഴിലാളികൾ ക്ലൈമാക്സിൽ തിരിച്ചറിയുന്നതാണ്.
അടിമുടി ശുദ്ധനായ ഒരു മനുഷ്യനെയാണ് താൻ സംശയിച്ചതെന്ന് നായികയും മനസിലാക്കുന്നു. തന്റെ സൂപ്പർ ഡാഡി കൂൾ അമ്മയോടോ കാമുകിയോടോ ഒപ്പം ചേരുന്നതോടെ മക്കൾക്കും പുഞ്ചിരിക്കുന്ന കുടുംബഫോട്ടോയ്ക്ക് പോസ് ചെയ്ത് കൊണ്ട് സിനിമ അവസാനിപ്പിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്.
വിദ്യാസമ്പന്നനും സുമുഖനും സൽസ്വഭാവിയും പ്രിവിലേജ്ഡും ആയ മമ്മൂട്ടിനായകൻ ഒരു തികഞ്ഞ ഭീരു ആണെന്നുള്ള പരമസത്യമാണ്, പക്ഷേ , മലയാളസിനിമ ഇക്കാലമത്രയും വിജയകരമായി ഒളിപ്പിച്ച് വെച്ചത്. ഏറ്റവും ഭീരുവായ മനുഷ്യന്റെ ഉള്ളിലാണ് ഏറ്റവും വയലൻസ് കുടിയിരിക്കുന്നത്. വരയൻ ഷർട്ടുകാരനായ, കീഴ്ജാതിക്കാരനായ വില്ലന്മാരെ അടിച്ചൊതുക്കാൻ താരത്തിന്റെ സവർണശരീരത്തിന് അവസരം നൽകുന്നത് ഉള്ളിൽ സദാ ഒളിച്ചിരിക്കുന്ന ഈ ഭയവും പാരനോയിയയും ആണെന്ന് കാണാം.

ആധുനികതയുടെ കടന്നുവരവോടെ സ്വാഭാവികമൃത്യു വരിക്കേണ്ടിയിരുന്ന ജാതീയതയും പുരുഷാധിപത്യവും ശ്വസനസഹായിയുടെ സഹായത്തോടെ ഇന്നും ഇവിടെ ജീവിക്കുകകയാണ്. കീഴാളജാതിക്കാരും അന്യമതസ്ഥരും തങ്ങളുടെ സ്ഥാനവും ധനവും സാമൂഹ്യയശസ്സും കവർന്നെടുക്കുവെന്ന ബ്രാഹ്മണിക് പാരനോയിയ അവതാരപുരുഷന്റെ ഉറക്കം കെടുത്തുകയാണിന്ന്. വെറുപ്പ് ഇന്ത്യൻ ഹൈ സൊസൈറ്റിയുടെ മനസിനെ രോഗാതുരവും നിദ്രാവിഹീനവും ആക്കിയിരിക്കുന്നു. കഴിഞ്ഞുപോയ ഏതോ നല്ല ഭൂതകാലത്തെ വീഡിയോകാസറ്റിൽ അയാൾ എന്നും പുനഃസൃഷ്ടിക്കുന്നു. ആ ഭൂതകാലത്തിൽ ‘Pause ‘ ചെയ്യപ്പെട്ടതാണ് അയാളുടെ വ്യക്തിത്വം. തന്റെ മക്കളുടെ ആരാധനാപുരുഷനല്ല മറിച്ച അവരുടെ ഇഷ്ടക്കേടിന്റെ പാത്രമാണ് താൻ എന്ന് മനസിലാക്കാൻ ഉള്ള കഴിവ് സവർണനായകന് നഷ്ടപ്പെട്ടിരിക്കുന്നു. പകരം ചുറ്റുമുള്ള ‘ഇതരന്മാരായ’ എല്ലാവരെയും സംശയദൃഷ്ടിയോടെ കാണാനും അവർക്ക് മേൽ തന്റെ ജാത്യധികാരം പുറത്തെടുക്കാനും നായകൻ ശ്രമിക്കുന്നു.
തന്റെ നിലപാടാണ് തന്റെ കുടുംബത്തിന്റെ എല്ലാവരുടെയും നിലപാടെന്ന് അയാൾ തെറ്റിദ്ധാരണയോടെ പറഞ്ഞുറപ്പിക്കുന്നുണ്ട്. അയാളെ തിരുത്താൻ ഉള്ള ശബ്ദം തളർന്ന് കിടക്കുന്ന മറ്റു ബന്ധുക്കൾക്കില്ല. ആധുനികതയുടെ സൗകര്യങ്ങളെല്ലാം അനുഭവിക്കുമ്പോഴും അതിന്റെ സാമൂഹ്യക്രമത്തിലേക്ക് സ്വയം അപ്ഡേട് ചെയ്യാൻ നായകന് സാധിക്കുന്നില്ല. പകരം അയാൾ സങ്കല്പികശത്രുക്കളെ സൃഷ്ടിക്കുകയാണ്. ഭയം സ്വന്തം മകനെപ്പോലും സംശയത്തിന്റെ മുനയിൽ നിർത്താനും അക്രമിയെന്ന് മുദ്ര കുത്താനും അയാളെ പ്രേരിപ്പിക്കുന്നുണ്ട്.

തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് മൂക്കിൽ നിന്നും രക്തം വരുന്ന മകനെ ബോണറ്റിന്റെ മേൽ ഇരുത്തി പാട്ടും പാടി ഹോസ്പിറ്റലിലേക്ക് പോയ ആനമണ്ടനായിരുന്നു ഒരുകാലത്ത് മമ്മൂട്ടിയുടെ നായകൻ. പക്ഷെ അന്നൊന്നും നായകന്റെ ബുദ്ധിയെയോ ശക്തിയെയോ സ്നേഹത്തെയോ ചോദ്യം ചെയ്യാൻ മലയാളി വളർന്നിരുന്നില്ല. മലയാളി സാവർണ്യത്തിന് ആധുനികതയോട് സങ്കീർണമായ ബന്ധമാണെന്നുമുള്ളത്. എല്ലാ മനുഷ്യരുടെയും സമ്മൂഹ്യോന്നമനത്തിന് പരിഗണന നൽകിയിരുന്ന നാരായണഗുരുവുനോട് പോലും ദളിതർക്ക് അവകാശങ്ങൾ നൽകുന്നതിനെതിരെ തർക്കിച്ചിരുന്ന സമൂഹമാണത്. എന്നാൽ ആധുനികനാവുന്നതിനും മുമ്പേ അത്യന്താധുനികനാവേണ്ടി വരുന്ന ഗതികേടാണ് ഇന്ത്യൻ നായകനെ ഇന്ന് കാത്തിരിക്കുന്നത്. ജാതിസ്വത്വം രാഷ്ട്രീയസ്വത്വവുമായി ചേർത്ത് വെച്ചുകൊണ്ട് വെറുപ്പിന്റെയും സംശയത്തിന്റെയും അപരനിർമാണത്തിന്റെയും മേലൂന്നിയ അധികാരനിർമാണമാണ് പുതിയ ഇന്ത്യയുടെ സാമൂഹ്യസത്യം. ചരിത്രവും സാമൂഹ്യവ്യവസ്ഥയും സദാ ചലനാത്മകമായ വൈരുദ്ധാത്മക ഘടകങ്ങളാണെന്ന് മനസിലാക്കാനുള്ള ഹൃദായ വിശാലത ഹിന്ദുത്വരാഷ്ട്രീയത്തിനോ ബ്രാഹ്മണമേധാവിത്വത്തിനോ ഇല്ല. ഒരേ വീഡിയോ റിപ്പീറ്റ് അടിച്ച് കണ്ടുകൊണ്ട് അത് ചരിത്രത്തെ ഒരു പ്രത്യേക പോയിന്റിൽ സ്റ്റോപ്പ് ചെയ്യുന്നു. ഭൂതകാലത്തിൽ നിന്നുള്ള സംഗീതത്തെയും വിജ്ഞാനത്തെയും മാത്രമേ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതുള്ളൂവെന്ന് അത് അല്ലെങ്കിൽ അയാൾ കരുതുന്നുന്നു. തന്റെ അജ്ഞാനത്തെക്കുറിച്ചുള്ള അറിവില്ലായ്മയും പുത്തൻ അറിവുകളോടുള്ള പരമപുച്ഛവും ഒരലങ്കാരം പോലെ സവർണനായകശരീരം കൊണ്ട് നടക്കുകയാണ്.

അക്ഷരം നക്ഷത്രലക്ഷ്യമാവണമെന്നും അച്ഛനേക്കാൾ മിടുക്കനാവണമെന്നുമാണ് മക്കളുടെ മേലുണ്ടായിരുന്ന സങ്കല്പം. എന്നാൽ സംവരണവും ‘അപരരു’ടെ സാമ്പത്തികാഭിവൃദ്ധിയും സവർണാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്ന തെറ്റിദ്ധാരണ അധികാരിവർഗത്തിനിടിയിൽ ശക്തമാണ്. സംവരണം എന്ന വാക്കിനോട് പകയും വൈരാഗ്യവുമാണ് ഓരോ ചർച്ചയിലും പല മനുഷ്യരും പുറത്തെടുക്കുന്നത്. വീടു വിടുന്ന പെണ്ണ് അഥവാ കീഴ്ജാതിക്കാരനോടൊപ്പം ഒളിച്ചോടുന്ന പെണ്ണ് എന്ന വിഷയം തുടക്കകാലം മുതലേ മലയാളസിനിമയിലും സാഹിത്യത്തിലും നിറഞ്ഞുനിന്നിട്ടുണ്ട്. ആധുനികത മിശ്രവിവാഹങ്ങളെ പ്രോൽസാഹിപ്പിച്ചിരുന്നുവെങ്കിലും പിൽക്കാലങ്ങളിൽ സാമ്പ്രദായിക സദാചാരചിന്തകൾ മലയാളിസമൂഹത്തെ വീണ്ടും കീഴടക്കുന്നതായി കാണാം. വംശശുദ്ധിയെക്കുറിച്ചുള്ള ആധികൾ ദുരഭിമാനക്കൊലകളായും ലൗ ജിഹാദ് ആരോപണങ്ങളായും വാർത്തകളിൽ നിറയുന്നു.
പുതിയ കാലത്തെ മമ്മൂട്ടി നായകന്റെ ആധികളിൽ വൃത്തിയും വംശശുദ്ധിയും അഭിമാനവുമൊക്കെ ഭീതിയുടെ ആവരണത്തിലൂടെ പുറത്ത് വരുന്നത് ഇങ്ങനെയാണ്. തങ്ങളുടെ ജാത്യാധികാരത്തിന് ഭീഷണി ആയി ഒരു തക്ഷകദംശനം എവിടെയോ ഒളിച്ചിരിക്കുന്നുവെന്ന് ഇന്ത്യൻ സവർണനായകൻ പേടിച്ചിരിക്കയാണ്. ആ ഭീരുത്വം സ്ത്രീകൾക്കെതിരെയും ദളിതർക്കെതിരെയുമുള്ള വയലൻസായാണ് പുറത്തു വരുന്നത്. ഭീരുത്വത്തിന്റെയും വെറുപ്പിന്റെയും വയലൻസിന്റെയും വൈരുദ്ധ്യമാണ് തിരശ്ശീലയിലെ പിതൃബിംബങ്ങൾ കൈക്കൊണ്ടിരുന്നു. അത് കുടുതൽ ഇന്ന് വെളിച്ചപ്പെട്ടുകൊണ്ടിരിക്കുന്നു - സമൂഹത്തിലും സിനിമയിലും.
വിപിന്‍ മോഹന്‍
Aug 17, 2022
5 Minutes Read
മുഹമ്മദ് ജദീര്‍
Aug 12, 2022
4 minutes Read
വി.കെ. ബാബു
Aug 12, 2022
6 Minutes Read
മുഹമ്മദ് ജദീര്‍
Aug 11, 2022
4 minutes Read
ഷഫീക്ക് മുസ്തഫ
Aug 09, 2022
8 Minutes Read