നമ്മുടെയെല്ലാമുള്ളിൽ ഇഴഞ്ഞു നടക്കുന്ന പുഴു

മലയാളത്തിൽ അടുത്തകാലത്ത് ജാതിയെയും ജാതി വെറിയെയും ഇതുപോലെ അഡ്രസ് ചെയ്യാൻ മറ്റൊരു സിനിമയ്ക്കും സാധിച്ചിട്ടില്ല. പ്രത്യേകിച്ചും ദലിതരുടെയും അധസ്ഥിതരുടെയും കഥയെന്ന് പറയുകയും എന്നാൽ അവിടെയൊന്നും സമൂഹത്തിന്റെ കാഴ്ചപ്പാട് എന്ന അടിസ്ഥാന പ്രശ്നം ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്യാത്ത സിനിമകളിറങ്ങുന്ന ഇക്കാലത്ത്. ഈ സിനിമ സമൂഹത്തിന്റെ കാഴ്ചപ്പാടിനെയാണ് ചൂണ്ടിക്കാണിക്കുന്നത്.

രീക്ഷിത്ത് ഏഴ് ദിവസത്തിനുള്ളിൽ തക്ഷകന്റെ വിഷം തീണ്ടി മരിക്കുമെന്ന ബ്രാഹ്‌മണ ശാപം പുരാണ സൃഷ്ടിയാണ്. പുഴുവായി രൂപമെടുത്ത തക്ഷകൻ പരീക്ഷിത്തിനെ വധിക്കുന്നത് നമുക്കാർക്കും ആവശ്യമുള്ള കാര്യമാണെന്നും തോന്നുന്നില്ല. എന്തായാലും തക്ഷകനെയും പുഴുവിനെയും പരീക്ഷിത്തിനെയും വളരെ രസകരമായി അടയാളപ്പെടുത്തിയ സിനിമയാണ് റത്തീന സംവിധാനം ചെയ്ത പുഴു.

ഒരുപാട് വർഷങ്ങൾക്കുശേഷം മമ്മൂട്ടി പൂർണ്ണമായും നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രത്തെ ചെയ്തതും ഇതിലാണ്. കഥാപാത്രത്തിന്റെ സ്വഭാവം മാത്രമേ നെഗറ്റീവ് ആയുള്ളൂ. മമ്മൂട്ടി തന്നെ ഈയടുത്ത ദിവസങ്ങളിൽ പറഞ്ഞ "ഇനിയും തേച്ച് മിനുക്കിയെടുക്കാനാകുന്ന നടനാണ് ഞാൻ' എന്ന വാചകത്തെ അക്ഷരംപ്രതി ശരി വയ്ക്കുകയാണ് ഇതിലെ കുട്ടൻ എന്ന കഥാപാത്രം. ഈ സിനിമയിൽ മമ്മൂട്ടിക്ക് മാത്രമല്ല കയ്യടി വേണ്ടത് കുട്ടപ്പൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച അപ്പുണ്ണി ശശിയ്ക്കും ജാതീയത എന്ന ജീർണ്ണത ജീവിതത്തെ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് മനസ്സിലാകാത്ത, അതേസമയം ഇഷ്ടമുള്ളതല്ലേ ചെയ്യേണ്ടത്, ഇഷ്ടമുള്ളവർക്കൊപ്പമല്ലേ ജീവിക്കേണ്ടത് എന്ന് ഭാവങ്ങളിലൂടെ ചോദിക്കുന്ന പാർവതി തിരുവോത്തിന്റെ അച്ചോൾക്കും(ഭാരതി) ആണ്. സിനിമയിൽ ഭാരതി എന്ന പേര് അധികം ഉപയോഗിച്ചിട്ടില്ല, കിച്ചുവിന്റെ നാവിൽ വീഴുന്ന അച്ചോൾ മാത്രമാണ് ഭാരതിയെന്ന് പറയുന്നതിലൂടെ ജാതിയെയും നമുക്ക് കാണാനാകും.

കുട്ടപ്പനെക്കുറിച്ചാണ് പറയേണ്ടത്. ഇവിടുത്തെ എല്ലാ ദലിത് ആക്ടിവിസ്റ്റുകളുടെയും നിസ്സംഗതയും ബോഡി ലാംഗുവേജിൽ അപ്പുണ്ണി പറിച്ചു നട്ടിട്ടുണ്ട്. ആക്ടിവിസ്റ്റായതുകൊണ്ട് പ്രതികരിക്കാതിരിക്കാനാകില്ല, നേരെ തിരിച്ച് ദലിതന്റെ ശക്തിക്കുറവുണ്ട്. പക്ഷെ അപ്പോൾ പോലും അവാർഡിനാൽ പുളകിതനാകുന്ന (അത് തെറ്റല്ല) ഒരു മനുഷ്യനെ കാണാം. കുട്ടപ്പനെക്കുറിച്ച് പറയുമ്പോൾ തക്ഷകനെക്കുറിച്ചും പറയണം. തക്ഷകൻ എങ്ങനെ വന്നുവെന്ന് സിനിമയിലെ ക്ലൈമാക്സിൽ മനസ്സിലാകും.

തിരുവനന്തപുരം മുതൽ കാസർകോട്​ വരെ നോക്കിയാൽ രാജവീഥികൾക്കും അഗ്രഹാരങ്ങൾക്കും ക്ഷാമമില്ല. തൃപ്പൂണിത്തുറയാണെങ്കിലും തിരുവനുന്തപുരമാണെങ്കിലും തൃശൂരാണെങ്കിലും അങ്ങേയറ്റം കാസറഗോഡ് ചെന്നാലും ഇത് രാജാവിന്റെ മണ്ണ് എന്ന് പറയുന്ന സ്വഭാവം കേരള സംസ്ഥാനം ഉണ്ടായി 66 വർഷമായിട്ടും മാറ്റിയിട്ടില്ല. തൃപ്പൂണിത്തുറയുടെ രാജവീഥിയെന്നും പപ്പനാമന്റെ മണ്ണെന്നും പറയുന്നത് ആ ബോധത്തിലാണ്.

അപ്പുണ്ണി ശശി, പാർവതി

അഗ്രഹാരങ്ങളെ മാത്രം പറയണ്ട. ദലിതർക്കും ആദിവാസികൾക്കുമിടയിലുണ്ട് മേൽജാതി, കീഴ്ജാതി. എന്നാൽ ആരും അംബേദ്കറിനെക്കുറിച്ച് ആലോചിക്കില്ല. അബേദ്കർ ജാതി ഉപേക്ഷിക്കാൻ പറഞ്ഞത് മുംബൈയിൽ നിന്നാണ്. അവിടെ ഫാക്ടറിതൊഴിലാളികളെ ഏകോപിപ്പിക്കാൻ തുടങ്ങിയപ്പോഴാണ്. തൊഴിലാളികൾക്കിടയിൽ ജാതിയല്ല വർഗ്ഗമാണ് മുന്നിൽ വയ്ക്കേണ്ടത് എന്ന് അംബേദ്ക്കർ പറഞ്ഞത് ഒരുകാലത്തും പ്രാവർത്തികമായിട്ടില്ല. റിക്ഷ വലിക്കുന്നവരിൽ നായരും ദലിതരും ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ദലിതർ മുന്നോട്ട് വരുന്ന കാലമാണ് ഇത്. നമ്മെ ഭരിക്കാൻ യൊഗ്യതയുള്ളവരിൽ ഒരുപോലെ കീഴാളരും മേലാളരും ഉള്ള കാലം. അതിനെ അംഗീകരിക്കാനല്ല ഈ സമൂഹം ശീലിക്കുന്നത്. തൊലിനിറം നോക്കി ജാതി നിർണയിക്കുന്ന സമൂഹമാണ് ഇപ്പോഴും നമ്മുടേത്. അവിടെ അയാളുടെ നേട്ടങ്ങളെയല്ല, പകരം അയാളുടെ തൊലി നിറത്തെയാണ് സമൂഹം കാണുന്നത്.

ഹർഷദ്‌, റത്തീന

കഴിഞ്ഞവർഷം പുറത്തിറങ്ങിയ കർണൻ, ജയ് ഭീം എന്നീ സിനിമകളുമായി തട്ടിച്ചുനോക്കിയാൽ മലയാളത്തിൽ ദലിത് സ്വഭാവമൂല്യമുള്ള സിനിമയാണ് പുഴു. ദലിതനെ സമൂഹം എങ്ങനെ കാണുന്നുവെന്ന് മലയാളത്തിലെ സവർണ ബിംബങ്ങളിൽ ഒന്നായ മമ്മൂട്ടിയിലൂടെ നമുക്ക് ഈ സിനിമ ചൂണ്ടിക്കാണിക്കുന്നു. കറുത്ത നിറമുള്ള ഒരാൾ അയാൾ അന്താരാഷ്ട്ര നാടക വേദികളിൽ അംഗീകാരം നേടിയാലും ഇവിടുത്തെ സവർണ ബോധത്തിൽ ഒരു മനുഷ്യനായി കണക്കാക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യമാണ് പുഴു തുറന്നുകാട്ടുന്നത്. കുട്ടനെന്ന കഥാപാത്രം തന്നെ പലപ്പോഴും ‘നമ്മുടെ കൂട്ടർ’ എന്ന് സിനിമയിൽ ചോദിക്കുന്നുണ്ട്. സവർണ ബോധത്തിൽ മാത്രം ജീവിക്കുന്ന മലയാളികൾ ഈ സിനിമ കാണരുത്. കാരണം, അത് നിങ്ങളുടെ ആസ്വാദനക്ഷമതയ്ക്ക് ചേർന്നതാകില്ല. നിങ്ങൾക്ക് ‘നമ്മുടെ കൂട്ടർ’ എന്ന ബോധം മാത്രമേ കാണൂ. മനുഷ്യർ എന്ന കൂട്ടത്തെ അവിടെ കാണാനാകില്ല.

പുഴുവിൽ നിന്ന്

പുരോഗമന ബിംബങ്ങൾ കണ്ടാലും ഇത് മനസ്സിലാകണമെന്നില്ല. കാരണം, അവിടെയും പ്രശ്നങ്ങൾ കണ്ടെത്താനായേക്കും. സമകാലിക പുരോഗമന മനുഷ്യരും ഏതാ ജാതിയെന്ന് ചോദിക്കുന്നവരാണല്ലോ? പുഴു ഇഴയുന്നുണ്ടല്ലോ എല്ലാ മനസ്സുകളിലും.

ഇതൊരു ദലിത് സിനിമ എന്നല്ല അഡ്രസ് ചെയ്യപ്പെടേണ്ടത്. അതേനേക്കാളൊക്കെ ഉപരി മലയാളത്തിൽ അടുത്തകാലത്ത് ജാതിയെയും ജാതി വെറിയെയും ഇതുപോലെ അഡ്രസ് ചെയ്യാൻ മറ്റൊരു സിനിമയ്ക്കും സാധിച്ചിട്ടില്ല. പ്രത്യേകിച്ചും ദലിതരുടെയും അധസ്ഥിതരുടെയും കഥയെന്ന് പറയുകയും എന്നാൽ അവിടെയൊന്നും സമൂഹത്തിന്റെ കാഴ്ചപ്പാട് എന്ന അടിസ്ഥാന പ്രശ്നം ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്യാത്ത സിനിമകളിറങ്ങുന്ന ഇക്കാലത്ത്. ഈ സിനിമ സമൂഹത്തിന്റെ കാഴ്ചപ്പാടിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. പറയുമ്പോൾ എല്ലാവരും പുരോഗമനവാദികളാണ്, എന്നാൽ മനസ്സാൽ എല്ലാവരും സവർണ്ണരും.

ഒരു ബാങ്കിലെ മാനേജരുടെ, അല്ലങ്കിൽ ഒരു കലക്ടറുടെ മുന്നിലിരിക്കുമ്പോൾ മുന്നിലിരിക്കുന്നവർ കറുത്തവരാണെന്ന് കണ്ടാൽ അപ്പോൾ മനസ്സിലുണ്ടാകുന്ന ചുളിവില്ലേ അതാണ് യഥാർത്ഥ പുഴു.

Comments