Quo Vadis, Aida? ; ഐദയുടെ യുദ്ധം

2021ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായ Quo Vadis, Aida?യുടെ കാഴ്​ചാനുഭവം

1992ലാണ് ബോസ്​നിയ- ഹെർസഗോവിന യൂഗോസ്ലാവിയയിൽ നിന്ന്​സ്വാതന്ത്ര്യം പ്രാപിച്ച് സ്വതന്ത്ര റിപ്പബ്ലിക്ക് ആയത്. അതോടെ ബോസ്​നിയയിലെ പ്രധാന ന്യൂനപക്ഷ വിഭാഗമായ ഓർത്തഡോക്സ് സെർബുകൾ സെർബിയൻ സർക്കാറിന്റെ പിന്തുണയോടെ വിഘടനവാദ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ബോസ്​നിയൻ യുദ്ധത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തു. അധികം വൈകാതെ സ്രെബ്രെനിക്ക നഗരത്തിന്റെ നിയന്ത്രണം സെർബിയയുടെ കൈയിലായി. തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടു വരുന്നതിന്​ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യസംഘം നിയോഗിക്കപ്പെടുകയും ബോസ്​നിയൻ അഭയാർത്ഥികളെ ഒരു സുരക്ഷിത കേന്ദ്രത്തിലാക്കുകയും ചെയ്യുന്നു.

അതിനു ശേഷം 1995 ജൂലൈയിലാണ് സ്രെബ്രെനിക്ക കൂട്ടക്കൊല. സെർബിയൻ പട്ടാളം നടത്തിയ വംശഹത്യയിൽ കൊല്ലപ്പെട്ടത് എണ്ണായിരത്തി മുന്നൂറോളം ബോസ്​നിയർ മുസ്‌ലിം പുരുഷൻമാരായിരുന്നു (കുട്ടികളുൾപ്പെടെ). ബോസ്​നിയൻ പട്ടാളത്തിന്റെ ആക്രമണത്തിനുള്ള തിരിച്ചടിയായുള്ള അക്രമത്തിലാണ്​ കൂട്ടക്കൊല നടന്നത് എന്ന ന്യായീകരണം ഉയർത്തിക്കൊണ്ടു വരാൻ സെർബിയ ശ്രമിച്ചെങ്കിലും UN ഉം International Criminal Tribunal for the Former Yugoslavia (ICTY) ഉം ആ വാദം തള്ളിക്കളയുകയാണുണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള ‘സുരക്ഷിത കേന്ദ്രത്തിൽ' അഭയം തേടിയെത്തിയവരായിരുന്നു കൊല ചെയ്യപ്പെട്ട എല്ലാവരും എന്നതായിരുന്നു ഇതിൽ ഏറ്റവും ഭയപ്പെടുത്തിയ കാര്യം.

യഥാർത്ഥ സംഭവങ്ങളെയും വ്യക്തികളെയും ആസ്പദമാക്കി ഫിക്ഷന്റേയും സാങ്കൽപ്പിക കഥാപാത്രങ്ങളുടേയും കൂടെ സാധ്യതകളുപയോഗിച്ച് ഒരുക്കിയ "Quo Vadis, Aida' എന്ന ബോസ്​നിയൻ സിനിമയുടെ കഥ നടക്കുന്നത് മേൽപ്പറഞ്ഞ UN അഭയകേന്ദ്രത്തിലാണ്. ജസ്മില സ്ബാനിക് രചനയും സംവിധാനവും നിർവഹിച്ച സിനിമയുടെ കഥ പറയുന്ന സമായമാവട്ടെ സ്രെബ്രെനിക്ക വംശഹത്യ നടക്കുന്നതിന് തൊട്ടുമുമ്പും. യു.എൻ സമാധാന സേനയും ബോസ്​നിയൻ അഭയാർത്ഥികളും തമ്മിലുള്ള ആശയവിനിമത്തെ സഹായിക്കാൻ നിയോഗിക്കപ്പട്ട പരിഭാഷകയായ ഐദയുടെയും ഭർത്താവും രണ്ട് മുതിർന്ന ആൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെയും കഥയാണ് സിനിമയുടെ പ്രമേയം. Quo Vadis എന്ന ലാറ്റിൻ വാചകത്തിന്റെ ഇംഗ്ലീഷ് അർത്ഥം "Where Are You Marching' എന്നാണ്.

അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ Safe Placeൽ പോലും സെർബിയൻ പട്ടാളം അധികാരം സ്ഥാപിക്കാനെത്തുമ്പോൾ തന്റെ കുടുംബത്തെ സുരക്ഷിതരാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായ ഐദ നടത്തുന്ന പരിശ്രമങ്ങളിലൂടെ, യുദ്ധം സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർച്ചിത്രമാണ് സിനിമ വരച്ചിടുന്നത്.

യുദ്ധത്തിൽ നിന്ന്​ രക്ഷ നേടാൻ ദിവസങ്ങളോളം ഒരു പൊലീസ് വാനിനകത്ത് ചെലവഴിക്കേണ്ടി വന്ന സാധാരണ മനുഷ്യരുടെ കഥയായിരുന്നു മൊഹമ്മദ് ദിയാബിന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ ക്ലാഷ് എന്ന ഈജിപ്ഷ്യൻ സിനിമയുടെ പ്രമേയം.

ഏതാണ്ട് സമാനമായ അവസ്ഥയാണ് യു.എൻ അഭയാർത്ഥി ക്യാമ്പിൽ അഭയം തേടിയവരും അനുഭവിക്കേണ്ടി വന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും എന്തിന് ടോയ്‌ലറ്റ് സൗകര്യം പോലുമില്ലാത്ത ക്യാമ്പിൽ പൂർണ ഗർഭിണിയായ സ്ത്രീ മുതൽ കുഞ്ഞുങ്ങൾ വരെയുള്ളവർ അനുഭവിക്കേണ്ടി വന്ന നരകയാതനകളുടെ ദൃശ്യാവിഷ്ക്കാരമാണ് ഐദയുടെ കാഴ്ച്ചകളിലൂടെ സംവിധായക അവതരിപ്പിച്ചിരിക്കുന്നത്. അതേയവസരത്തിൽ, ക്യാമ്പിന് പുറത്തുള്ള അഭയാർത്ഥികൾ ക്യാമ്പിലേക്ക് തങ്ങളെയും കൂടെ കയറ്റാൻ യു.എൻ സൈനികരോട് യാചിക്കുന്നതും നമുക്ക് കാണാം.

യുദ്ധം ആഭ്യന്തരമാണെങ്കിലും രാജ്യങ്ങൾ തമ്മിലാണെങ്കിലും ഒരു വലിയ വിഭാഗം ജനങ്ങളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, സംബന്ധിച്ച്​ഉറ്റവരുടെ വേർപാടിനാൽ സൃഷ്ടിക്കപ്പെടുന്ന തീരാവേദനയാണ് ബാക്കി വെക്കുന്നതെന്നു കൂടി സിനിമ പറഞ്ഞു വെക്കുന്നു. ആഭ്യന്തരപ്രശ്നങ്ങളാൽ കലുഷിതമായ കാശ്മീരിൽ കാണാതായ തന്റെ അച്ഛന്റെ തിരോധാനത്തെ തേടിയിറങ്ങിയ പെൺകുട്ടിയുടെ കഥയായിരുന്നു 2019ൽ പുറത്തിറങ്ങിയ അശ്വിൻ കുമാർ സംവിധാനം ചെയ്ത No Fathers in Kashmir പറഞ്ഞതെങ്കിൽ ഭർത്താവ് മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത കാശ്മീരി അർദ്ധവിധവകളുടെ കഥയായിരുന്നു പ്രവീൺ മോർച്ചലേയുടെ Widow of Silence പറഞ്ഞത്. സെസാർ ഡിയസിന്റെ Our Mothers ൽ ആവട്ടെ ഗ്വാട്ടിമാലയിൽ 1980കളിൽ കൊല്ലപ്പെട്ടുവെന്ന് കരുതപ്പെട്ട തന്റെ അച്ഛന്റെ ഭൗതികാവശിഷ്ടങ്ങൾ തേടിയിറങ്ങിയ മകന്റെ കഥയാണ് കൈകാര്യം ചെയ്തത്. എന്നാൽ ഈ സിനിമകളിൽ നിന്നെല്ലാം Quo Vadis, Aidaയെ വ്യത്യസ്തമാക്കുന്നത് യുദ്ധവും അതുമൂലം വേണ്ടി വരുന്ന പലായനവും നാട്ടുകാരിൽ ഉണ്ടാക്കുന്ന വേദനയും വിരഹവും അവർ അനുഭവിക്കുന്ന സംഘർഷങ്ങളും അമർഷവും പട്ടിണിയുമെല്ലാം പ്രേക്ഷകന്റെ ഉള്ളുലയ്ക്കുംവിധം ആവിഷകരിച്ചിരിക്കുന്ന craft ആണ്. ഇതിന് സഹായിച്ച ക്രിസ്റ്റിൻ ഈ മൈയരുടെ ഛായാഗ്രഹണമികവും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒപ്പം, ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ അടിച്ചമർത്തപ്പെടുന്നവന്റെ യാതനകൾ ലഘൂകരിക്കാൻ മുന്നിട്ടിറങ്ങേണ്ട യു.എൻ, അത്തരം അവസരങ്ങളിൽ എത്ര മാത്രം നിഷ്​ക്രിയവും നിസ്സഹായവുമാണെന്ന് കൂടി പറഞ്ഞു വെക്കുന്നുണ്ട് സിനിമ. അതുകൊണ്ടെല്ലാം തന്നെ യുദ്ധത്തിനായി ‘ഗ്വാ ഗ്വാ’ വിളിച്ചുകൊണ്ടിരിക്കുന്നവർ നിർബന്ധമായും കാണേണ്ട ചിത്രങ്ങളിലൊന്നാണ് Quo Vadis, Aida.

'Quo Vadis, Aida' യിലെ ഒരു രംഗം

2021 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്​കറിന്​ അവസാന 15ൽ ഇടം പിടിച്ചിരിക്കുന്ന പ്രസ്തുത ചിത്രം വെനീസും റോട്ടർഡാമും അടക്കം നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ വർഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രവും Quo Vadis, Aida ആയിരുന്നു.

Comments