പ്രദീപൻ പാമ്പിരികുന്ന്: എരിയുന്ന ഒരു കൊല്ലൻ

എല്ലാത്തരം മാനകീകരണങ്ങളെയും അദ്ദേഹം എതിർത്തു. എല്ലാത്തരം ശുദ്ധീകരണത്തെയും തള്ളിപ്പറഞ്ഞു പകരം ബഹുലതകൾക്കായി നിരന്തരം നിലയുറപ്പിച്ചു. ഒപ്പം, അമൂർത്തതയെ നിശിതമായി വിമർശിച്ചു, മൂർത്തതകളെ മാത്രം കണ്ടു. ഇങ്ങനെ ജ്ഞാനശാസ്ത്ര വിഛേദത്തിന് ഉതകുന്ന നിലയിൽ തന്റെ സൈദ്ധാന്തിക ധാരാണകളെ പ്രദീപൻ വിനിയോഗിച്ചു. അതിനിയും പെയ്യാൻ പോകുന്നേയുള്ളൂ

‘നമ്മുടെ കാലത്തെ ഏറ്റവും പൂർണ്ണരായ മനുഷ്യരിലൊരാളായിരുന്നു പ്രദീപൻ പാമ്പിരികുന്ന് ' എന്ന വിശേഷണത്താലാണ് പ്രദീപൻ പാമ്പിരികുന്നിന്റെ ലേഖനങ്ങൾ എന്ന സാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച ബൃഹദ്ഗ്രന്ഥം ആരംഭിക്കുന്നത്. സമാഹർത്താക്കളായ കെ.എം.അനിലും സുനിൽ പി.ഇളയിടവും നൽകുന്ന വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് അദ്ദേഹത്തെ ഒരു വട്ടമെങ്കിലും പരിചയപ്പെട്ടവർക്കുറപ്പായിരിക്കും.

ചിന്തകൻ, സാമൂഹ്യവിമർശകൻ, സംസ്‌കാരപഠിതാവ്, നാടകകൃത്ത്, ഗാനരചയിതാവ്, ചിത്രകാരൻ, താളക്കാരൻ, ഗായകൻ എന്നിങ്ങനെ ഒരു പുരുഷായുസ്സിൽ സാധ്യമായ അത്രയും വേഷങ്ങൾ സാർത്ഥകമായി അദ്ദേഹം ആടി. Oxford Anthology of Malayalam Writings ന്റെ എഡിറ്ററായിരിക്കെ തന്നെ നമ്പ്രത്തുകരയിൽ തന്നെ അന്വേഷിച്ചെത്തുന്ന അപ്രധാന കവികൾക്കു പോലും പഠനമെഴുതി. ഒരേ സമയം ധൈഷണികർക്ക് സാധ്യമല്ലാത്ത നിലയിൽ അതീതങ്ങളിലും നിലത്തും വ്യാപരിച്ചു. സ്വതസിദ്ധമായ ഇളം ചിരിയോടെയും ഫലിതരസം നിറഞ്ഞ സംസാരത്താലും. ഒരു ശരീരത്തിന് എത്ര അയയാമോ അത്രയും അയഞ്ഞു. ചുറ്റുപാടുകളെ സമത്വത്തോടെ തന്നിലേക്കു ചേർത്തു, ഗാഢമായ ഒരാശ്ലേഷത്താൽ അന്യവേദനകളെ അലിയിപ്പിച്ചു, മറുഭാഗത്ത് ദർശനത്തെയും കാവ്യമീമാംസയെയും സംസ്‌കാര ചിന്തയെയും ഗൗരവപൂർവ്വം പൊളിച്ചു പണിതു, പൂർണ്ണമനുഷ്യൻ...!

മലയാളത്തിൽ പുതിയൊരു രീതിശാസ്ത്രം

നിശ്ചയമായും പ്രദീപൻ പാമ്പിരികുന്ന് ദളിത് സാമൂഹ്യവിമർശത്തെ തന്റെ ആലോചനകളുടെ അടിത്തറയാക്കിയ ചിന്തകനാണ്. എങ്കിലും കേരളത്തിലെ ദളിത് ബൗദ്ധികതയുടെ വംശാവലി ചരിത്രത്തിലെ ഒരു സ്ഥാനം മാത്രമായി അദ്ദേഹം സ്ഥാനപ്പെട്ടുകൂടാ. മറിച്ച് ദളിത് സാമൂഹ്യ വിമർശത്തെ ജ്ഞാനശാസ്ത്രപരമായ ഒരു വിഛേദമായി അവതരിപ്പിച്ച ആദ്യ ചിന്തകനായി സ്ഥാനപ്പെടുത്തുന്നതാവും നീതി. ഇന്ന് ധാരാളം പരിചയിക്കപ്പെട്ടുവെങ്കിലും അപരിചിതമായ ഒരു രീതിപദ്ധതിയെ അക്കാദമികമായി ഉറപ്പിക്കുകയായിരുന്നു പ്രദീപൻ ചെയ്തത്. പ്രതിനിധാനങ്ങളുടെ കേവലതയിൽ തളയ്ക്കപ്പെടാതിരിക്കാൻ സ്വയം കരുതലെടുക്കുകയും എന്നാൽ അധികാരത്തിന്റെ കെട്ടുപിണയലുകളെ അഴിച്ചു മാറ്റുന്നതിൽ നിതാന്തജാഗ്രത പുലർത്തുകയുമായിരുന്നു അദ്ദേഹം ചെയ്തത്. അതിനദ്ദേഹം ഗവേഷകനായി സംസ്‌കൃത കാവ്യമീമാംസയിലേക്കു കടന്നു, നെടുങ്കോട്ടയ്ക്കകത്തു കയറിയുള്ള വെടിപൊട്ടിക്കലായിരുന്നു അത്. ദളിത് സൗന്ദര്യ ശാസ്ത്ര വിമർശത്തിന് അതിലൂടെ ബലിഷ്ഠമായ അടിത്തറ മലയാളത്തിൽ പണിയപ്പെട്ടു.

ദളിത് വിമർശനത്തെ ഒരു ശിൽപിയുടെ പ്രവൃത്തിക്കു തുല്യമായി ഒരിടത്ത് പ്രദീപൻ വിശദീകരിക്കുന്നുണ്ട്. ശിൽപികൾ തങ്ങൾക്കു വേണ്ടാത്ത ഭാഗങ്ങളെ കല്ലിൽ നിന്നു നീക്കം ചെയ്യുന്നതു പോലെ, ദളിത് വിമർശകർ സവർണ സൗന്ദര്യബോധത്തെ നീക്കം ചെയ്ത് ദളിത് കർതൃത്വത്തെ നിർമിച്ചെടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കരുതുന്നു. നിഷേധത്തിലൂടെ സ്വയം നിർമിക്കുന്ന ശില്പതന്ത്രം. ചരിത്രപരമായ ബാധ്യതയാണ് ദളിത് വിമർശനം ഏറ്റെടുത്തിരിക്കുന്നത്, അത് ദളിത് കർതൃത്വത്തെ നിർമ്മിക്കുക മാത്രമല്ല സവർണരെ മനുഷ്യരാക്കി മാറ്റുകയും ചെയ്യുന്നു. രാഷ്ട്രീയമായ ഉത്തരവാദിത്തത്തോടെ അതു ചെയ്തു തീർക്കുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ പ്രൊജക്ട്. അതിനായദ്ദേഹം പരസ്പരബന്ധിതമായ മൂന്ന് വിശകലനരീതികൾ നിർമ്മിച്ചെടുത്തു. മലയാളത്തിൽ പുതിയൊരു രീതിശാസ്ത്രം തന്നെ.

അധ്വാനം പുറത്താക്കപ്പെട്ടത് എങ്ങനെ?

പ്രാഥമികമായി തന്റെ ഗവേഷണപ്രബന്ധം തൊട്ട് അദ്ദേഹം വിശകലനവിധേയമാക്കിയത് ഇന്ത്യൻ ജ്ഞാനശാസ്ത്രത്തെയായിരുന്നു. ചരിത്രപരമായി അതിനെ പരിശോധിക്കുന്ന ഡസൻ കണക്കിന് പ്രബന്ധങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയെല്ലാം പറഞ്ഞു വെക്കുന്നത് മുഖ്യധാരാ ജ്ഞാനമീമാംസ ദാർശനികമായി എങ്ങനെ സമൂഹഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. അതിലേറ്റവും പ്രധാനപ്പെട്ടത്, ധ്യാനാത്മക ചിന്തയെ ജ്ഞാനത്തിന്റെ മാനദണ്ഡമാക്കി മാറ്റുകയും അധ്വാനത്തെ പുറത്താക്കുകയും ചെയ്യാൻ ഈ ജ്ഞാനപദ്ധതികൾക്ക് കഴിഞ്ഞതെങ്ങനെ എന്ന വിചിന്തനമാണ്. അമൂർത്തവും അതിഭൗതികവുമായ വ്യാഖ്യാനങ്ങളിൽ തളം കെട്ടിക്കിടന്ന് മൂർത്തയാഥാർത്ഥ്യങ്ങളെ പുറത്താക്കാൻ കാവ്യമീമാംസയടക്കം ശ്രമിച്ചു കൊണ്ടേയിരുന്നു. ജ്ഞാനത്തെ കേവലവും അനശ്വരവുമായ പ്രപഞ്ചസത്യമാക്കുന്ന, അനുഭൂതിയെ സ്ഥാപനവൽക്കരിക്കുന്ന ദർശനപദ്ധതികളെ തുറന്നു കാട്ടുകയായിരുന്നു പ്രദീപൻ ചെയ്തത്. അത് രസമാവട്ടെ, സഹൃദയ വിഭജനമാകട്ടെ, ആനന്ദം എന്ന തത്വമാവട്ടെ എന്തും അമൂർത്തവൽക്കരിക്കപ്പെട്ടു എന്നദ്ദേഹം ഗവേഷണ ചാതുരിയോടെ വാദിച്ചുറപ്പിച്ചു.

ദ്വിതീയമായി, ജ്ഞാനശാസ്ത്രത്തിന്റെ ഈ മുഖ്യധാരയോടിടഞ്ഞ, ഋഗ്വേദകാലം തൊട്ടേ നിലവിലുണ്ടായിരുന്ന ബദൽ പാരമ്പര്യത്തെ ശക്തമായി ഉയർത്തിക്കൊണ്ടു വന്നു. ഘടകർപ്പരകാവ്യം ഒരുദാഹരണമാണ്. കാളിദാസന്റെ സമകാലികനോ മുൻഗാമിയോ ആയ ഘടകർപ്പരന്റെ സന്ദേശകാവ്യം പ്രദീപന്റെ പരിഭാഷയിലൂടെയാണ് മലയാളം തൊട്ടത്. മേഘസന്ദേശത്തിന് മാതൃകയായിരിക്കാൻ സാധ്യതയുള്ള ഈ വിസ്മൃതരചനയുടെ മൗലിക സവിശേഷത ഒരു സ്ത്രീ പുരുഷനയച്ച സന്ദേശമാണിതെന്നതാണ്. സ്ത്രീ കർത്താവാകുന്ന ആദ്യഭാവന. അഭിനവ ഗുപ്തന്റെ നാമകരണത്തെ പിന്തുടർന്ന് An imaginative depicition of domestic life എന്ന് പ്രദീപൻ വിശദീകരിച്ച ഘടകർപ്പരകാവ്യം ആസക്തിക്കു പകരം ദുഃഖം സ്ഥായിയായ രചനയാണ്.

മേഘസന്ദേശത്തിലെ രത്യാത്മക രൂപകങ്ങളല്ല, വിരഹത്തിന്റെ ബിംബങ്ങളാണവിടെ കാണുക. മാനുഷികമായ വേദനകളുടെ ആവിഷ്‌കാരം. ഇതേ താൽപര്യം തന്നെ രാമായണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തിലും കാണാം. രാമായണത്തിലെ ബുദ്ധൻ എന്ന പഠനം ഇതിഹാസ-പുരാണങ്ങളെ എങ്ങനെ സമീപിക്കാം എന്നതിന്റെ ക്ലാസിക്കൽ ഉദാഹരണമായി കാണാം. മുകളിൽ പറഞ്ഞ ‘നിഷേധ'ത്തെ എങ്ങനെയാണ് പ്രദീപൻ പ്രയുക്തമാക്കുന്നതെന്ന് ഈ പഠനം പറഞ്ഞു തരും.

ഫാദർ കാമിൽ ബുൽക്കെയുടെയും എ.കെ.രാമാനുജന്റെയും ചരിത്രവിശകലനത്തിനപ്പുറം കടന്ന് കാവ്യത്തിന്റെ ആന്തരികഘടനയിൽ ബുദ്ധസാന്നിധ്യം നിഹിതമായിക്കിടക്കുന്നതെങ്ങനെ എന്ന് പ്രദീപൻ വിശദീകരിക്കുന്നുണ്ട്. ബൗദ്ധ- ബ്രാഹ്മണ താത്വിക സംവാദത്തിന്റെ പാഠരൂപമായാണ് രാമായണത്തെ അദ്ദേഹം കാണുന്നത്. ഹിംസാത്മകമായ ബ്രാഹ്മണിസം എന്തു കൊണ്ട് അഹിംസയെക്കുറിച്ച് പാടി എന്ന ചോദ്യത്തിനുത്തരം അവിടെയാണുള്ളത്. വ്യാഖ്യാതാക്കൾ അറിഞ്ഞാലുമില്ലെങ്കിലും ബുദ്ധൻ രാമായണത്തിലൂടെ തുടരുകയായിരുന്നത്രേ.

ഹെജിമണിയെ മടയിൽ കയറി ആക്രമിക്കുക

മൂന്നാമതായി സമകാലിക കേരളസമൂഹത്തെയാണ് പ്രദീപൻ വിശകലനവിധേയമാക്കുന്നത്. ആധുനിക കേരളം ആരുടെ ഭാവനയാണ് എന്ന പഠനം നോക്കുക. പത്തൊമ്പതാം നൂറ്റാണ്ട് തുടക്കത്തിൽ തന്നെ രൂപപ്പെട്ടു വന്ന കീഴാളവ്യവഹാരങ്ങൾ മുകൾത്തട്ട് ഏറ്റെടുത്തതാണ് ആധുനികീകരണം. നാരായണഗുരു തൊട്ട് ആരംഭിക്കുന്ന ക്ഷിപ്രവിഛേദമല്ല അത്. ജാതിവിരുദ്ധത, വിദ്യാഭ്യാസോന്മുഖത, സഞ്ചാരസ്വാതന്ത്ര്യം എന്നീ താൽപര്യങ്ങൾ ദളിത് വ്യവഹാരങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനെയാണ് ആധുനികതയുടെ അടിസ്ഥാനമായി അദ്ദേഹം സ്ഥാനപ്പെടുത്തുന്നത്.ചരിത്രത്തെ തലതിരിച്ചു വിശദീകരിക്കുന്നു പ്രദീപൻ. ഈ സൈദ്ധാന്തിക നിലപാടിന്റെ തുടർച്ചയിലാണ് സരസ്വതീ വിജയത്തെക്കുറിച്ചുള്ള ആലോചനകളും രണ്ടിടങ്ങഴിയെക്കുറിച്ചുള്ള വിമർശനങ്ങളും ഇങ്ങേയറ്റത്ത് യേശുദാസിനെക്കുറിച്ചുള്ള ആലോചനകൾ പോലും നിൽക്കുന്നത്.

ഇതായിരുന്നിരിക്കണം പ്രദീപന്റെ വിപുലമായ പ്രൊജക്ട്. ഹെജിമണിയെ മടയിൽ കയറി ആക്രമിക്കുക, അതിന് ബലമായി ചരിത്രത്തിൽ നിന്ന്​പ്രതിവ്യവഹാരം കണ്ടെടുക്കുക, അതിലൂടെ വർത്തമാനത്തെയും തൊട്ടുപിറകിലുള്ള ഭൂതത്തെയും അപഗ്രഥനവിധേയമാക്കുക. ഈ രീതിശാസ്ത്രത്തിന്റെ സർഗാവിഷ്‌കാരമായായിരിക്കണം എരി എന്ന നോവൽ രചന. അപൂർണതയിലും അത് പൂർണമാവുന്നത് ഇങ്ങനെയായിരിക്കും.

എല്ലാത്തരം മാനകീകരണങ്ങളെയും അദ്ദേഹം എതിർത്തു. അത് ഭാഷയാണെങ്കിലും യേശുദാസ് ആണെങ്കിലും. എല്ലാത്തരം ശുദ്ധീകരണത്തെയും തള്ളിപ്പറഞ്ഞു പകരം ബഹുലതകൾക്കായി നിരന്തരം നിലയുറപ്പിച്ചു. ഒപ്പം, അമൂർത്തതയെ നിശിതമായി വിമർശിച്ചു, മൂർത്തതകളെ മാത്രം കണ്ടു. ഇങ്ങനെ ജ്ഞാനശാസ്ത്ര വിഛേദത്തിന് ഉതകുന്ന നിലയിൽ തന്റെ സൈദ്ധാന്തിക ധാരാണകളെ പ്രദീപൻ വിനിയോഗിച്ചു. അതിനിയും പെയ്യാൻ പോകുന്നേയുള്ളൂ.

എന്തായിരുന്നു അദ്ദേഹത്തിന്റെ ആലോചനകളെ നിർണ്ണയിച്ച ജ്ഞാനിമം (Epesteme). ഒറ്റ ഉത്തരമേ അതിനുള്ളൂ, അധ്വാനം എന്നതാണത്. ഭൗതികാധ്വാനത്തെ പുറത്താക്കുന്ന ഏത് രീതിയോടും അദ്ദേഹം ശക്തമായി ഇടയുന്നത് കാണാം. അധ്വാനത്തിന്റെ ഭൗതികശേഷിയെ ഊട്ടിയുറപ്പിക്കാനാണ് അദ്ദേഹം പണിയെടുത്തതെന്നു തോന്നുന്നു. എവിടെയുമത് നമുക്ക് കാണാം. ഒറ്റ ഉദാഹരണം മാത്രം ചേർത്ത് ഈ കുറിപ്പ് ചുരുക്കട്ടെ;
‘വഹ്നിസന്തപ്തലോഹസ്താംബുബിന്ദുനാം
സന്നിഭം മർത്യജന്മം ക്ഷണഭംഗുരം'.
ലോഹത്തിൽ വീഴുന്ന വെള്ളം പോലെ എന്ന വാക്യത്തിൽ ഒരു കൊല്ലൻ എരിയുന്നതു കാണാം.


പ്രദീപൻ പാമ്പിരികുന്ന്​: ജീവലോകത്തിന്റെ ധൈഷണികത

Comments