truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 23 April 2021

truecoppy
Truecopy Logo
Readers are Thinkers

Friday, 23 April 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
O.V. Vijayan

Politics and Literature

അധികാരത്തിന്റെ അശ്ലീലതയും
ചരിത്രത്തിന്റെ നഗ്‌നതയും

അധികാരത്തിന്റെ അശ്ലീലതയും ചരിത്രത്തിന്റെ നഗ്‌നതയും

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും അടിയന്തരാവസ്ഥയും മുതല്‍ വര്‍ത്തമാനകാല മാവോയിസ്റ്റ് വേട്ടയും പൗരത്വഭേദഗതി നിയമവും വരെയുളള ഏതു രാഷ്ട്രീയ/അധികാര/ഭരണകൂട ചലനങ്ങളെയും, ധര്‍മപുരാണം എന്ന കൃതി ഒറ്റയ്ക്കുനിന്ന് നിര്‍ദ്ദാക്ഷിണ്യം വിചാരണ ചെയ്യുകയാണ്.

21 Mar 2020, 01:35 PM

രഘുനാഥന്‍ പറളി

(സങ്കല്പത്തിനും അനുഭവത്തിനുമിടയില്‍ ഒരു വിരേചനഗാഥ)

ഒ.വി. വിജയന്‍ 'ധര്‍മ്മപുരാണം' എന്ന നോവല്‍ എഴുതുന്നു എഴുത്തുകരന്റെ തന്നെ ചിന്തയെയും ഭാവനയെയും പ്രശ്‌നവല്‍ക്കരിച്ചും കീഴ്‌മേല്‍ മറിച്ചും, പിന്നീട് ആ നോവലിന്റെ താളുകള്‍ നിരന്തരം മറിഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം, പ്രത്യക്ഷത്തില്‍ അറപ്പിന്റെയും ജുഗുപ്‌സയുടെയും വമനേച്ഛയുടെയും ബീഭത്സതയുടെയും തെറിയുടെയും വന്യലൈംഗികതയുടെയും/വികൃത രതിയുടെയും എല്ലാം നഗ്‌നമായ തെരുക്കൂത്തിലേക്ക് കൃതി നമ്മെ നിതാന്തമായി ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു..!

ഒരു കൃതി ഭരണകൂട നൃശംസയുടെയും അധികാര ജീര്‍ണതയുടെയും മനുഷ്യന്റെ അവസാനമില്ലാത്ത അധികാര കാമനയുടെയുമെല്ലാം, 'ആര്‍ത്തു ചിരിക്കുന്ന അശ്ലീലത'യായി സ്വയം ആഖ്യാനപ്പെടുമ്പോള്‍, എഴുത്തുകാരന്‍പോലും വെറും കാഴ്ചക്കാരനാകുന്ന ഇരുണ്ട സന്ദര്‍ഭങ്ങള്‍ കൂടെക്കൂടെ നോവലില്‍ 'മിന്നിമായുന്ന' വിചിത്ര കാഴ്ചയാണ് നമ്മളെ വരവേല്‍ക്കുന്നത്. 

നീതിയും ധര്‍മ്മവും പാലിക്കപ്പെടേണ്ട ഭരണകൂട ഇടങ്ങള്‍ മൃതജീര്‍ണതയിലേക്ക് തെന്നി വീഴുമ്പോള്‍, അത് മലം പോലെ ദുഷിക്കുന്നതും ദുര്‍ഗന്ധം വമിക്കുന്നതും പലപാട് നോവലില്‍ നമ്മള്‍ കാണുന്നു. നോവല്‍പാഠം പല തലങ്ങളില്‍ നിരവധി പഠനങ്ങള്‍ക്കു വിധേയമായിട്ടുണ്ടെന്നതിനാല്‍, പ്രസ്തുത പാഠത്തെ സൂക്ഷ്മമായി പിന്‍പറ്റാതെ അതിലെ പ്രധാന രാഷ്ട്രീയ വിനിമയങ്ങള്‍ എത്തിച്ചേരുന്ന പുതിയ ഇടങ്ങള്‍ അന്വേഷിക്കാന്‍ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്. 

ധര്‍മ്മപുരാണം എന്ന നോവലിന്റെ പുനര്‍വായന തീര്‍ച്ചയായും, ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമത്തിന്റെ കൂടി പശ്ചാത്തലത്തില്‍, പുതിയ മാനം കൈവരിക്കുന്നുണ്ടെങ്കിലും, രചനയെ ഒരിക്കലും അതുമാത്രമായി കാണുക സാധ്യമല്ലെന്നത്, അങ്ങനെ ന്യൂനീകരിച്ച വായന ധര്‍മ്മപുരാണത്തിന്റെ കാര്യത്തില്‍ ഒരിക്കലും സാധ്യമല്ലെന്നത്, അസന്ദിഗ്ധമായി പറയാനാകും.

അതിനു കാരണം ഭരണവും അധികാരവുമായി ബന്ധപ്പെട്ട മനുഷ്യന്റെ ഏതു രാഷ്ട്രീയ ചലനത്തെയും, ഏറെ സംശയത്തോടെയും ജാഗ്രതയോടെയും ഒരുവേള അല്‍പം 'സിനിക്ക'ലായിത്തന്നെയും സമീപിക്കുന്ന, തുരുമ്പിക്കാത്ത ആഖ്യാനം ഈ രചനയുടെ കാതലായി നിലകൊള്ളുന്നുവെന്നതാണ്.

അങ്ങനെ വരുമ്പോള്‍, ഒ.വി. വിജയന്‍ രചനയില്‍ നേരിട്ടു പരാമര്‍ശിക്കുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും അടിയന്തരാവസ്ഥയും മുതല്‍ വര്‍ത്തമാനകാല മാവോയിസ്റ്റ് വേട്ടയും പൗരത്വഭേദഗതി നിയമവും വരെയുളള ഏതു രാഷ്ട്രീയ/അധികാര/ഭരണകൂട ചലനങ്ങളെയും, ധര്‍മ്മപുരാണം എന്ന കൃതി ഒറ്റയ്ക്കുനിന്ന് നിര്‍ദ്ദാക്ഷിണ്യം വിചാരണ ചെയ്യുകയാണെന്ന ക്രൂരഫലിതമാണ് തെളിഞ്ഞു വരിക. 

ചുഴിയിലകപ്പെട്ട വിജയന്‍

dharmapuranam

നമ്മുടെ സാഹിത്യാവബോധത്തേയും ഭാവുകത്വത്തേയും നിരന്തരം ഉലയ്ക്കുന്ന തീവ്രയാഥാര്‍ഥ്യം കൂടിയാണത്. 'ഇപ്പോള്‍ കിട്ടുന്ന ഏറ്റവും പുതിയ ചരിത്ര/രാഷ്ട്രീയ വാര്‍ത്തകള്‍' പോലും, ധര്‍മ്മപുരാണം നേരത്തേ 'ഉപ്പിലിട്ടുവെച്ച' ചില പ്രാകൃത സത്യങ്ങളായി കൃതിയില്‍ ഊറിക്കിടക്കുമ്പോഴാണ്, അത് ഞെട്ടലോടെ തിരിച്ചറിയുമ്പോഴാണ്, ഏതു ഘട്ടത്തിലുളള സൂക്ഷ്മവായനയിലും, വായനക്കാരന്‍ വലിയ ചിരിക്കും കരച്ചിലിനും ഇടയില്‍ മോചനമില്ലാത്ത വിധം കുടുങ്ങിക്കിടക്കുന്ന അവസ്ഥ സമാഗതമാകുന്നത്.

മുന്‍പ് സൂചിപ്പിച്ചപോലെ, അധികാരവുമായി ബന്ധപ്പെട്ട ചരിത്രത്തിലെ 'അധമവഴികളുടെയും അധര്‍മവഴികളുടെയും' പുനഃസ്മൃതികളായി, ഒരു കൃതിയില്‍ പല കൃതികള്‍ രൂപപ്പെടുകയെന്ന പല(അ)ധര്‍മ്മപുരാണങ്ങള്‍ രൂപപ്പെടുക എന്ന- വൈരുധ്യാത്മകമായ' അവസ്ഥയും, രചനയുടെ കാലാവസ്ഥയും പ്രമേയാവസ്ഥയും ആഖ്യാനാവസ്ഥയും പുതുക്കപ്പെട്ടുകൊണ്ടിരിക്കുക എന്ന അവസ്ഥയും എപ്പോഴും ധര്‍മ്മപുരാണത്തിന്റെ ആന്തരിക ഗരിമയായിത്തീരുന്നുണ്ട്. 

മലവും ശുക്ലവും കൊണ്ട് 'രചിക്കപ്പെട്ട' ഒരു ദര്‍ശനം, മാനവന്റെ സമാനതയില്ലാത്ത സത്യദര്‍ശനമായി പരിണമിക്കുമ്പോളുണ്ടാകുന്ന കനത്ത ആഘാതമായിട്ടാണ്, ഈ നോവല്‍, നമ്മുടെ സാഹിത്യചരിത്രത്തിലും സാംസ്‌കാരിക ചരിത്രത്തിലും അഗാധമായി പതിച്ചത് എന്നു പറയാം.

ഈ എഴുത്തിലൂടെ അനിശ്ചിതത്വത്തിന്റെയും അസ്ഥിരതയുടെയും അസ്വസ്ഥതയുടെയും വലിയ ചുഴിയില്‍ വിജയനെന്ന വലിയ എഴുത്തുകാരനും അകപ്പെടുകയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. നോവലിന്റെ ആദ്യ പ്രസിദ്ധീകരണം മുതല്‍ രചയിതാവ്, കൃതിയില്‍ നടത്തിവന്ന പല തിരുത്തുകളും വ്യതിയാനങ്ങളും അതിന്റെ സാക്ഷ്യമായി നിരീക്ഷിക്കപ്പെട്ടിട്ടുളളതും ഓര്‍ക്കാം. 
വ്യക്തിയുടെ സത്താപരമായ ചില വിരേചനങ്ങളും (രതിയും വിസര്‍ജ്ജനവും) രാഷ്ട്രീയ/സാംസ്‌കാരിക വിമലീകരണവും ചരിത്ര ശുദ്ധീകരണവും പലതലങ്ങളില്‍ എഴുത്തുകാരന്റെ സ്വപ്നങ്ങളാകുന്നുണ്ട്, ധര്‍മ്മപുരാണത്തില്‍.

ധര്‍മ്മപുരാണം കൊണ്ട് വിജയന്‍ ഉദ്ദേശിക്കുന്നത് എന്തോ അതുതന്നെ ജോര്‍ജ് ഓര്‍വെല്‍ തുടങ്ങിയ മഹാന്‍മാരായ എഴുത്തുകാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നും കലാപരമായും ആശയപരമായും വീക്ഷണപരമായും ധര്‍മ്മപുരാണം വളരെ മോശപ്പെട്ട കൃതിയാണെന്നുമുള്ള എം. കൃഷ്ണന്‍ നായരുടെ അക്കാലത്തെ വിമര്‍ശനത്തെ വിജയന്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇവിടെ മറ്റൊരു തരത്തില്‍ പ്രത്യേകം പ്രസകതമാകുന്നുണ്ട്. 'ഒരര്‍ത്ഥത്തില്‍ കൃഷ്ണന്‍നായരുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അധമഭാവങ്ങള്‍ നിറഞ്ഞ പുസ്തകമാണ് ധര്‍മ്മപുരാണം.

'ഖസാക്കിന്റെ ഇതിഹാസം എഴുതുമ്പോള്‍ എന്നില്‍ നിറഞ്ഞു നിന്നിരുന്ന ജീവിതക്കമ്പം, ധര്‍മ്മപുരാണം എഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല. ഏറെ ദുഃഖിച്ച് എഴുതിയ പുസ്തകമാണത്. അതിലുമേറെ ശങ്കിച്ചു. ഓര്‍വെലിന്റെ ഇതിവൃത്തം, സ്ഥാപിതമാകാന്‍ ഇരിക്കുന്നതും ഐതിഹാസിക പരിവേഷങ്ങള്‍ ഉള്ളതുമായ ഭീകര ഭരണമാണ്. ധര്‍മ്മപുരാണത്തിലെ ഇതിവൃത്തമാകട്ടെ വര്‍ത്തമാനകാല സംബന്ധിയും ക്ഷുദ്രവുമായ ഭരണാഭാസവും. ഓര്‍വെല്‍ സങ്കല്പിക്കുകയായിരുന്നു, ഞാന്‍ അനുഭവിക്കുകയും. അങ്ങനെ വാക്കുകള്‍ക്കും പ്രതീകങ്ങള്‍ക്കും കലാപരമായ അന്യവത്കരണവും ദൂരവും ഇല്ലാതെപോയി. എങ്കിലും എഴുതുകയല്ലാതെ എനിക്ക് മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല. ആ ക്ഷുദ്രതയുടെ ദര്‍ശനം ചെറുക്കാനാവാത്ത ഒരു മാസ്മര നിര്‍ബന്ധമായിരുന്നു' എന്നാണ് വിജയന്‍ എഴുതിയിട്ടുളളത്. 

എഴുത്തുകാരനെ ചരിത്രം കടത്തിവെട്ടുേമ്പാള്‍

o.v vijayan
ഒ.വി വിജയന്‍                                                                                                                                         ചിത്രീകരണം: ദേവപ്രകാശ്‌

അതേസമയം, സങ്കല്പത്തിനും അനുഭവത്തിനും ഇടയിലുളള സ്ഥാനം നിരന്തരം ഈ കൃതി ആര്‍ജ്ജിക്കുന്നതാണ് തുടര്‍ന്ന് നമ്മള്‍ കാണുന്നത്. ചില ചരിത്ര വൈരീത്യങ്ങളും ആകസ്മികതകളും ധര്‍മ്മപുരാണത്തെ തുടക്കം മുതല്‍ പിന്തുടരുന്നത് ശ്രദ്ധേയമാണ്. ഒപ്പം, 1985ല്‍  പുസ്തകരൂപത്തില്‍ ആദ്യപതിപ്പായി പ്രസിദ്ധീകൃതമായ കൃതി 1988 മുതല്‍ നിരന്തരം പരിഷ്‌കരിക്കപ്പെട്ടിരുന്നതും സൂചിപ്പിച്ചുവല്ലോ. എഴുത്തുകാരന്‍ നിഷേധിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുപോലും ഇന്ത്യന്‍ അടിയന്തരാവസ്ഥയുടെ വിമര്‍ശനമായാണ് അതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമായും ധര്‍മ്മപുരാണം വായിക്കപ്പെട്ടത് എന്നത് സാഹിത്യവസ്തുതയാണ്.

ധര്‍മ്മപുരാണത്തിന്റെ രചന അടിയന്തരാവസ്ഥയ്ക്കും മുന്നേ ആയിരുന്നുവെന്ന് വിജയന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അടിയന്തരാവസ്ഥക്കുമുമ്പേ ധര്‍മ്മപുരാണം എഴുതി പൂര്‍ത്തിയാക്കി വിജയന്‍ 'മലയാളനാട്' ചീഫ് എഡിറ്റര്‍ എസ്.കെ നായരെ ഏല്‍പ്പിച്ചിരുന്നതുമാണ്. 1975 ജൂലൈ 20 മുതല്‍ അത് 'മലയാള നാടി'ല്‍ പ്രസിദ്ധീകരിക്കാനിരിക്കുമ്പോഴാണ്, ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതും, ജൂണ്‍ 27ന് വിജയന്‍ ദല്‍ഹിയില്‍ നിന്ന് എസ്.കെ നായര്‍ക്ക് കത്തെഴുതുന്ന സാഹചര്യമുണ്ടാകുന്നതും.

കാരണം എസ്.കെ, അത് അടിയന്തരാവസ്ഥാ കാലത്തുതന്നെ പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെട്ടിരുന്നു. 'ഒ.വി വിജയന്‍ ധര്‍മ്മപുരാണം എഴുതാന്‍ കാണിച്ച ധൈര്യം, ഇത് പ്രസിദ്ധപ്പെടുത്തുന്നതിലൂടെ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു' എന്നായിരുന്നു അന്ന്  'മലയാളനാടില്‍' കൊടുത്ത പരസ്യം. നോവലിന്റെ നാലാമദ്ധ്യായത്തിന് 'അടിയന്തരാവസ്ഥ' എന്നാണ് പേരുകൊടുത്തത്. 

എന്നാല്‍, 'പ്രിയപ്പെട്ട എസ്.കെ, ചരിത്രം നമ്മെ കടത്തിവെട്ടിയല്ലോ. ധര്‍മ്മപുരാണത്തിന്റെ പ്രസിദ്ധീകരണം നീട്ടിവയ്ക്കുകയല്ലാതെ വേറെ വഴിയുണ്ടോ?' എന്ന കത്തിലെ ഒ.വി വിജയന്റെ നിസ്സഹായമായ ചോദ്യത്തിനുമുമ്പില്‍, അതിന്റെ  പ്രസിദ്ധീകരണം നീളുകയും 1977 മാര്‍ച്ചില്‍ അടിയന്തിരാവസ്ഥയ്ക്കു ശേഷം മാത്രം ധര്‍മ്മപുരാണം പ്രസിദ്ധീകൃതമാകുകയും ചെയ്യുന്നു. 

'ഈ കഥ എഴുതിയ കാലത്ത് എനിക്ക് അരിശവും വാശിയുമുണ്ടായിരുന്നു. അരിശത്തോടെ ഇത് പ്രസിദ്ധീകരിക്കുവാന്‍ എനിക്കും താങ്കള്‍ക്കും അളവറ്റ ഉത്സാഹമായിരുന്നു. ഇന്നോ? ദുഃഖം, വ്യര്‍ത്ഥത മാത്രം. അടിയന്തരാവസ്ഥക്കുമുമ്പ് നമ്മളിത് പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ താങ്കളും ഞാനും കക്കയം പൊലീസ് ക്യാമ്പിലോ അതുപോലെ മറ്റെവിടെയെങ്കിലുമോ അവസാനിച്ചിരിക്കുമെന്നത് വേറെ കാര്യം. അധമവും മലീമസവുമായ ഈ കഥപ്പോലെ വീണ്ടുമൊന്ന് എഴുതാന്‍ ഈശ്വരന്‍ എന്നെ വിധിക്കാതിരിക്കട്ടെ..' എന്നുകൂടി വിജയന്‍ അടിയന്തിരാവസ്ഥയക്കു ശേഷം എസ്.കെ നായര്‍ക്ക് എഴുതിയിട്ടുണ്ട്.

(മലയാളനാടില്‍ പില്‍ക്കാലത്ത് ജോലി ചെയ്തിരുന്ന ടി.കെ. സന്തോഷ് കുമാര്‍, വിജയന്റെ കത്തു സഹിതം, അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികത്തില്‍ 2015ല്‍ 'അഴിമുഖ'ത്തില്‍  എഴുതിയ കുറിപ്പാണ് ഇവിടെ അവലംബം) ഇത് തീര്‍ച്ചയായും ഈ നോവലിന്റെ കാര്യത്തില്‍ സുപ്രധാനമായ സൂചന കൂടിയാണ്.   

വിജയന്റെ ദുഃഖവും ഇച്ഛാഭംഗവും

1945ല്‍, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതല്‍, സോവിയറ്റ് യൂണിയന്‍, യൂറോപ്പില്‍ വീഴ്ത്തിയ 'ഇരുമ്പ് യവനിക' (Iron Curtain- 1946 മാര്‍ച്ച് അഞ്ചിന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടത്തിയ പ്രസംഗത്തില്‍ ആദ്യം  പ്രയോഗിച്ചത്) 1991ല്‍ ശീതസമരത്തിന്റെ അവസാനം വരെ നിലനിന്ന ആ യവനിക  വിജയന്റെ വലിയ ദുഃഖവും ഇച്ഛാഭംഗവും ആയിട്ടുണ്ട്.

'ധര്‍മ്മപുരാണം എഴുതിയതില്‍ ഞാന്‍ ദുഃഖിക്കുന്നില്ല. അതിന്റെ രചന അനിവാര്യതയായിരുന്നു, ചരിത്ര സാധുതയുടെ പ്രകാശത്തിനായി. ചരിത്രപരമായ ആ അടിത്തറ തകര്‍ത്ത പുതിയ സോവിയറ്റ് യൂണിയനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനം ജനായത്തത്തിലൂടെ രണ്ടാം പിറവിയെടുക്കുന്നത് അളവറ്റ പ്രതീക്ഷയോടെ നോക്കിക്കാണുന്നു' എന്ന്  വിജയന്‍ നോവലിന്റെ പ്രാരംഭമായി 'സോവിയറ്റ് യൂണിയനെക്കുറിച്ച്' എന്ന ശീര്‍ഷകത്തില്‍ എഴുതുന്നത് അങ്ങനെയാണ്. 

'സോവിയറ്റ് യൂണിയനെ മോചകനായും സഖാവായും അതുവരെ കണക്കാക്കിയ എന്നില്‍, രോഷം രാഷ്ട്രീയ വിശകലനത്തിലുമുപരിയായി വൈകാരിക തീവ്രതയുടെ രൂപം പൂണ്ടു. ഭാഷയിലും രൂപകത്തിലും കഠിനങ്ങളായ നിറക്കൂട്ടുകള്‍ കയറിക്കൂടി. അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുന്ന ഇന്ത്യന്‍ ഫാസിസത്തോട് സഹകരിക്കാന്‍ തുനിഞ്ഞ ഒരു വിഭാഗം കമ്യൂണിസ്റ്റുകാരെ മാത്രമാണ് ഞാന്‍ ഈ കൃതിയില്‍ വിഹസനം ചെയ്തിട്ടുളളത്' എന്നത് വാസ്തവത്തില്‍ അടിയന്തിരാവസ്ഥയുടെ കൂടി പശ്ചാത്തലത്തില്‍ രൂപപ്പെടുന്ന അദ്ദേഹത്തിന്റെ രണ്ടാംഘട്ട ചിന്തയാണ്.

'വിപ്ലവ ശുദ്ധിയിലുളള കടുത്ത മോഹഭംഗമായിരുന്നു, അതുമാത്രമായിരുന്നു, ധര്‍മ്മപുരാണത്തിന്റെ കലിയ്ക്കും കയ്പിനും കാരണം. അല്ലാതെ കമ്യൂണിസ്റ്റ് വിരോധമായിരുന്നില്ല. ഈ പുസ്തകത്തിന്റെ മൂല്യം മനസ്സിലാക്കുന്നവര്‍ ഇത് വലതുപക്ഷ വിജ്ഞാപനമല്ലെന്നുളള സത്യവും മനസ്സിലാക്കും' എന്നത് വിജയന്റെ സാഹിത്യ പ്രതീക്ഷ മാത്രമായിരുന്നില്ല, വലിയ രാഷ്ട്രീയ പ്രതീക്ഷ കൂടിയായിരുന്നു.

കാരണം (ആദ്യഘട്ടത്തില്‍) വിജയന് തന്റെ കമ്യൂണിസ്റ്റ് മോഹഭംഗങ്ങള്‍ക്കുമേല്‍ സാധ്യമായ ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനവും പ്രതികരണവും കൂടിയായിരുന്നു ധര്‍മ്മപുരാണം എന്ന വസ്തുത നമ്മള്‍ ഋജുവായി ഈ സന്ദര്‍ഭത്തില്‍ മനസ്സിലാക്കുകയാണ്. പക്ഷേ കാര്യം അന്ന് അവിടെ നിന്നില്ല. എഴുത്തുകാരന്‍ കൃത്യമായി സൂചിപ്പിച്ചതുപോലെ, ചരിത്രം രചനയെ കടത്തി വെട്ടി കാര്യങ്ങള്‍, ലോക കമ്യൂണിസത്തില്‍ നിന്ന് നേരിട്ട് ഇന്ത്യന്‍ അടിയന്തരാവസ്ഥയിലേക്കു വന്നു. വിജയന്റെ സങ്കല്‍പലോകം സ്വന്തം അനുഭവത്തിന്റെ (ഏറ്റവും അടുത്തുളളതും) ലോകമായി അട്ടിമറിയ്ക്കപ്പെട്ടു. സ്വാഭാവികമായി എഴുത്തുകാരന്റെ സര്‍ഗാത്മകമായ ചില അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് രചന വിധേയമാകുന്ന സാഹചര്യമാണ് അതിന്റെ ബാക്കിപത്രം.

ഒരേസമയം കമ്യൂണിസത്തിന്റെയും വലതു രാഷ്ട്രീയത്തിന്റെയും വിമര്‍ശനഗാഥയും വിരേചന ഗാഥയുമായി പരിണമിച്ച ഈ കൃതി, ഒപ്പം തന്നെ എല്ലാ ഭരണ രൂപങ്ങളുടെയും സംവിധാനങ്ങളുടെയും ജനാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും തികഞ്ഞ വിമര്‍ശന സംഹിത കൂടിയായി രൂപാന്തരപ്പെട്ടു. ഒപ്പം മാധ്യമവിചാരണയുടെ ഒരു 'പ്രവചനപത്രം' കൂടിയായി അത് ഏതളവില്‍ മാറിയിരുന്നു എന്ന് ഇന്ന് കൂടുതല്‍ തെളിച്ചത്തോടെ മനസിലാക്കാന്‍ കഴിയും.

കലികാലന്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഭരണകൂടത്തിന്റെ രഹസ്യങ്ങള്‍ താന്‍ സൂക്ഷിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നത് വാര്‍ത്താമന്ത്രിയുടെ ദുര്‍ഗന്ധം വമിക്കുന്ന ആര്‍ത്തവവസ്ത്രം ഉയര്‍ത്തി വീശിക്കാണിച്ചുകൊണ്ടേത്ര! ചുവന്ന താര്‍ത്താരിക്കുടിയരശും വെള്ള സംയുക്ത നാടുകളും മാത്രമല്ല, അന്തര്‍ദ്ദേശീയ പത്രങ്ങളും പ്രാരംഭ സൂചികയില്‍ ഇടംപിടിച്ചത് പ്രത്യേകം ഓര്‍ക്കാം. അതുപോലെ വിജയനില്‍ സംഭവിക്കുന്ന വ്യക്തിഗത പരിണാമങ്ങളും പിന്നീട് കൃതിയിലേക്ക് പതിയെ എഴുതിച്ചേര്‍ക്കപ്പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ  കരുണാകരഗുരു സമാഗമത്തിനു ശേഷം, നോവലില്‍ ജീര്‍ണാധികാരത്തിന്റെ പ്രതീകമായ പ്രജാപതിയുടെ, (കാരുണ്യവാനായ) പ്രതിപുരുഷനായി നില്‍ക്കുന്ന സിദ്ധാര്‍ത്ഥന്‍ ഗുരുവായും, സിദ്ധാര്‍ത്ഥന്റെ വിപ്ലവസ്പര്‍ശം ഗുരുപ്രസാദമായും രൂപാന്തരപ്പെടുന്നത് മറക്കാന്‍ കഴിയുന്നതല്ല. 'രാഷ്ട്രപതിക്കു തൂറാന്‍ മുട്ടി' എന്ന മൂലകഥയിലെ വാക്യം പിന്നീട് 'പ്രജാപതിക്കു തൂറാന്‍ മുട്ടി' എന്നാകുമ്പോള്‍ സംഭവിക്കുന്ന ചരിത്രപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ദൂരത്തെക്കുറിച്ചും, യാഥാര്‍ത്ഥ്യത്തിന് അടുത്തുനില്‍ക്കുന്ന രചന കൂടുതലായി ഫാന്റസിയിലേക്കും മിത്തിലേക്കും പുരാണത്തിലേക്കും  നീങ്ങിപ്പോകുന്നതിനെക്കുറിച്ചും നേരത്തേ തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

അതുപോലെത്തന്നെ, ഭരണത്തിലെ അക്രമം, അനീതി, അഴിമതി,  സ്വജനപക്ഷപാതം, സ്തീപീഡനം, അധികാരരതി, ആത്മരതി തുടങ്ങിയ എല്ലാ അഴുക്കുകളെക്കാളും അധികരിച്ച രീതിയില്‍ പ്രത്യക്ഷമാകുന്ന രചനയിലെ മാലിന്യങ്ങള്‍/അശ്ലീലങ്ങള്‍ എഴുത്തുകാരന്റെ മധ്യവയസ്സിലെ ലൈംഗികഭീതിയായും ആനല്‍ ഇറോട്ടിക് വസനകളായും ഈഡിപ്പല്‍ സംഘര്‍ഷങ്ങളായുമെല്ലാം വായിക്കപ്പെട്ടിട്ടുണ്ട്. സ്‌കോപ്പോഫീലിയ അഥവാ സ്‌കോപ്‌റ്റോഫീലിയ  (Scopophilia or Scoptophilia) എന്ന മനഃശാസ്ത്ര സങ്കേതം അശ്ലീലതയുടേയും നഗ്‌നതയുടേയും ദര്‍ശനത്തില്‍ നിന്ന് ആനന്ദം ആര്‍ജ്ജിക്കുന്ന മാനസികാവസ്ഥയെക്കുറിച്ചാണ് പറയുന്നത്.

വാക്കുകളിലൂടെ വിജയന്‍ സൃഷ്ടിക്കുന്ന  'അധികാരത്തിലെ അശ്ലീലതയുടേയും ചരിത്രത്തിലെ നഗ്‌നത'യുടേയും കാഴ്ചകള്‍ നമ്മളെ  ഉപബോധപരമായി ഒരുതരം 'ഹിസ്റ്റേറിക് സ്‌കോപ്പോഫീലിക്' ആക്കുന്നുണ്ടെന്ന്, ചരിത്രോന്മുഖമായ 'നഗ്‌നരതിദര്‍ശനപരത'യുളളവരാക്കുന്നുണ്ടെന്നു  പറഞ്ഞാല്‍, തെറ്റാകില്ല.  
             
ഇപ്പോള്‍ ഏതു ധര്‍മ്മപുരാണം?

dharmapuranam

ഇപ്പോള്‍ ധര്‍മ്മപുരാണം വായിക്കുമ്പോള്‍, ഏതു ധര്‍മ്മപുരാണമാണ് നമ്മള്‍ വായിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഏതു രാഷ്ട്രീയ കാലാവസ്ഥയെയാണ് പ്രസ്തുത ധര്‍മ്മപുരാണം ഇപ്പോള്‍ അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യവും ശക്തിപ്രാപിക്കുന്നതു കാണാം.

അടിയന്തരാവസ്ഥക്കുശേഷം, ഒ.വി. വിജയന്‍ സംശയലേശമില്ലാതെ വീക്ഷിച്ച ഇന്ത്യന്‍ ഫാസിസത്തിന്റെ ആ ചെറിയ കാലയളവിന് ശേഷം, ഏകദേശം നാലര ദശകം പിന്നിടുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ അവിശ്വസനീയമായ തകര്‍ച്ചയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദയനീയ തോല്‍വിയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അഭൂതപൂര്‍വ വളര്‍ച്ചയുമാണ് നമ്മളെ എതിരേല്‍ക്കുന്നത്.

ഇന്ത്യ പുതിയ ഫാസിസത്തിലേക്കും മതാധിപത്യത്തിലേക്കും നീങ്ങുകയാണോ എന്ന ആശങ്ക എമ്പാടും സൃഷ്ടിക്കാന്‍ പുതിയ ഭരണകൂടത്തിനും അവരുടെ ചില പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നതും സുപ്രധാനമാണ്. (സമാനമായ മറ്റൊരു ചോദ്യം, മാവോയിസ്റ്റുകളുടെ 'ഏറ്റുമുട്ടല്‍ കൊല'യും വിചാരണയും തടവുമായി ബന്ധപ്പെട്ട് കേരളത്തിലും, കക്ഷിരാഷ്ട്രീയത്തിന്റെ പക്ഷപാത പ്രേരണകളില്ലാത്ത പൊതുമനസ്സാക്ഷിയില്‍ നിന്ന് ഉയരുന്നതു കേള്‍ക്കാം.) 

ഭരണകൂടത്തിന്റെ സ്വഭാവം ജനാധിപത്യമോ ഏകാധിപത്യമോ മതാധിപത്യമോ  ആകുമ്പോഴും അതെങ്ങനെ മനുഷ്യവിരുദ്ധമായിത്തീരുന്നു എന്ന പ്രധാന ചോദ്യത്തെ ഈ കൃതി നിരന്തരം പ്രക്ഷേപിക്കുകയല്ലേ വാസ്തവത്തില്‍?!

ധര്‍മ്മപുരാണത്തില്‍, പ്രജാപതിയുടെ മരുമകന്‍ മയില്‍പ്പീലിക്കച്ചവടം നടത്തി ഏതാനും കോടി വരാഹന്‍ സമ്പാദിക്കുമ്പോള്‍, അതു സംബന്ധിച്ച ചില്ലറ വിമര്‍ശനങ്ങള്‍ പൊന്തി വന്നപ്പോള്‍, അധ്യാത്മകക്ഷി അംഗങ്ങള്‍ ഒന്നും പറഞ്ഞില്ലെന്നും എന്നാല്‍ സമഷ്ടിവാദികള്‍ കാലിന്‍ ചോട്ടില്‍ നിന്ന് ചാടിയെണീറ്റു ഭരണകൂടത്തെ പിന്താങ്ങിയെന്നും വിജയന്‍ എഴുതുന്നുണ്ട്. സമഷ്ടിവാദികള്‍ തങ്ങള്‍ക്കര്‍ഹമായ സീറ്റുപോലും സ്വീകരിക്കാതെ നിയമസഭയില്‍ പ്രജാപതിക്കു കീഴെ ഭരണകക്ഷിയംഗങ്ങളുടെ കാലിന്‍ചോട്ടിലിരുന്ന് ഭരണകക്ഷിയുടെ സാമ്രാജ്യവിരോധത്തിനു കാവല്‍ നില്‍ക്കുകയായിരുന്നു എന്നതാണ് ധര്‍മപുരാണത്തിലെ ചിത്രം.

അവിടെത്തന്നെ, ജനാധിപത്യം അര്‍ത്ഥവത്താകണമെങ്കില്‍ കൂട്ടുകച്ചവടം ഉണ്ടായേ പറ്റൂ എന്ന നിലപാടാണ് പൊതുവായി ഉയര്‍ന്നു വരുന്നത്! ഇതുപോലെ ആക്ഷേപഹാസ്യം കൊണ്ടു തുളച്ചു കയറുന്ന സന്ദര്‍ഭങ്ങള്‍ ധര്‍മ്മപുരാണത്തില്‍ നിരവധിയാണ്. അതേസമയം തന്നെ, 'സമഷ്ടിവാദികളുടെ ക്ഷോഭം പൂര്‍വാധികം വര്‍ധിച്ചു. മറ്റു പ്രതിപക്ഷാംഗങ്ങളുമായി അധ്യാത്മകക്ഷി കൂട്ടുകച്ചവടമെങ്ങാനും തുടങ്ങിയാല്‍ തങ്ങള്‍ക്കെന്തു സംഭവിക്കും? ഇല്ല, അങ്ങനെ വരില്ല; കര്‍ക്കടക വിപ്ലവം തുണയ്ക്കും. ഇളങ്കോവടികള്‍ തുണയ്ക്കും. വെപ്രാളത്തില്‍ മയില്‍പ്പീലിക്കച്ചവടത്തിന്റെ കഥ തന്നെ അപ്പടി നുണയാണെന്ന് സമഷ്ടിവാദികള്‍ പ്രഖ്യാപിച്ചു.

മയിലെന്ന പക്ഷി ധര്‍മ്മപുരിയിലില്ലെന്ന് അവര്‍ പറഞ്ഞു. മയിലുണ്ടെങ്കില്‍ അതിന് പീലിയില്ലെന്ന് ഏംഗല്‍സിനെ ഉദ്ധരിച്ചുകൊണ്ട് ശഠിച്ചു' എന്ന് നോവലിസ്റ്റ് രൂക്ഷഹാസ്യത്തില്‍ എഴുതിയത് പിന്നെ സത്യമാകുന്നതാണ്, 'അധ്യാത്മകക്ഷി' തുടര്‍ച്ചയായി ഭരണത്തിലെത്തുന്നതാണ്, നോവല്‍ വന്ന് മൂന്നര പതിറ്റാണ്ടു കഴിയുമ്പോഴുളള രാഷ്ട്രീയ വസ്തുതയാകുന്നത്. 

ഇന്നത്തെ പ്രജാപതി

o.v vijayan
ഒ.വി വിജയന്‍

ഇന്ത്യയിലെ അടിയന്തരാവസ്ഥ ഫാസിസത്തിന്റെ കഠിന പ്രകടനമായിരുന്നോ എന്നത്, ഇപ്പോഴും പ്രധാന ചോദ്യമായി നിലകൊള്ളുന്നുണ്ട്. എന്നാല്‍ 'ഇന്ത്യ എന്നാല്‍ ഇന്ദിര' എന്ന ലളിത സമവാക്യത്തിലേക്ക് രാഷ്ട്രത്തെ എത്തിക്കുക എന്ന സുപ്രധാന ലക്ഷ്യം അതിലുണ്ടായിരുന്നു എന്നതില്‍ സന്ദേഹമില്ല. '1975 ലെ അടിയന്തരാവസ്ഥ ഇന്ത്യയുടെ ദീര്‍ഘമായ രാഷ്ട്രീയ ചരിത്രത്തിലെ ചെറിയ ഖണ്ഡിക മാത്രമാണ്. അന്നത്തെ അതിക്രമങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും ഓര്‍മിച്ചുകൊണ്ടു തന്നെ പറയട്ടെ, ധര്‍മ്മപുരാണത്തിലേതുപോലുളള അത്രയും രൂക്ഷമായ വിമര്‍ശനത്തിനു പാത്രമാകാന്‍ മാത്രം ഗൗരവമുളള ഒന്നായിരുന്നല്ല അത്; മറ്റു രാജ്യങ്ങളുടെ ചരിത്രമെടുത്തു താരതമ്യം ചെയ്യുകയാണെങ്കില്‍ വിശേഷിച്ചും.

എന്നാല്‍ ഭയാനകവും ശാശ്വതവുമായ ഏകാധിപത്യത്തിന്റെ തുടക്കമാണതെന്നും അത് അനന്തമായി നീണ്ടുപോകുമെന്നും പലരും പേടിച്ചു' എന്ന നിരൂപകമതത്തില്‍ യാഥാര്‍ത്ഥ്യമുണ്ട്. അതുമൂലമുളള കാവ്യാത്മകമായ അതിശയോക്തി അമിതപ്രതികരണമായിപ്പോയി എന്ന എഴുത്തുകാരന്റെ തിരിച്ചറിവുകൊണ്ടു കൂടിയാണ് വിജയന്‍ കഥയില്‍ നിന്ന് കാലികമായ അടയാളങ്ങള്‍ എടുത്തുകളയാന്‍ തുനിഞ്ഞതും. സത്യത്തില്‍, അന്നത്തെ സോവിയറ്റ് യൂണിയന്‍ സൃഷ്ടിക്കുന്ന മാനസികസംഘര്‍ഷത്തിന്റെ ഭാഗമായി രൂപപ്പെട്ട ധര്‍മ്മപുരാണത്തിലേക്ക്, പെട്ടെന്ന് സംഭവിച്ച അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കാലികമായ അടയാളങ്ങള്‍, പ്രത്യേകമായും കൂടുതലായും നിക്ഷേപിക്കുകയായിരുന്നു വിജയന്‍ ചെയ്തിരുന്നത്.

അടിയന്തരാവസ്ഥയുടെ അസുഖകരമായ നിരവധി അനുഭവങ്ങള്‍ തന്റെ കാഴ്ചപ്പാടിനെ വികലമാക്കിക്കഴിഞ്ഞിരുന്നു എന്നും കഥയുടെ പുറംതോടിനെ അവിടെയും ഇവിടെയും ചികഞ്ഞ് തുറന്ന് ഈ വൈകല്യങ്ങളെയൊക്കെ അതിനകത്തു കുത്തിനിറച്ചു എന്നും അദ്ദേഹം എഴുതിയിട്ടുള്ളത് പ്രത്യേകം പരാമര്‍ശിക്കട്ടെ.  ഇടതു രാഷ്ട്രീയത്തിനേക്കാള്‍ വലതു രാഷ്ട്രീയത്തിന്റെ വിമര്‍ശനമായി ധര്‍മ്മപുരാണം മാറുന്നത് അങ്ങനെ കൂടിയാകണം.

എന്നാല്‍ അതിലെ ക്ഷണിക വൈകാരികതയേയും ക്ഷോഭത്തേയുമാണ് വിജയന്‍ പിന്നീട് മാറ്റാന്‍ തുനിഞ്ഞത്. അടിയന്തരാവസ്ഥ എന്നത് 'പ്രതിസന്ധി' എന്ന അധ്യായമാകുന്നത് ഉദാഹരണമാണ്. 'ഈ പുസ്തകത്തിന്റെ മൂല്യം മനസ്സിലാക്കുന്നവര്‍ ഇത് വലതുപക്ഷ വിജ്ഞാപനമല്ലെന്നുളള സത്യവും മനസ്സിലാക്കും' എന്നുകൂടി വിജയന്‍ പറയുന്നുണ്ടെങ്കിലും, ഇന്ത്യന്‍ രാഷ്ട്രീയം തീവ്ര വലതുപക്ഷത്തേക്കു നീങ്ങാനുളള സാധ്യത, തൊട്ടുമുകളില്‍ ഉദ്ധരിച്ച സമഷ്ടിവാദികളുടെ (കമ്യൂണിസ്റ്റുകളുടെ) ആശങ്കയിലൂടെ അഥവാ ഭയത്തിലൂടെ വിജയന്‍ പറഞ്ഞുവെക്കുകയായിരുന്നു.

'ആനുകാലിക രാഷ്ട്രീയത്തിന്റെ അസത്യജടിലത സാമാന്യ മര്യാദയുളള ഏതൊരു മനുഷ്യനെയും നിരാശപ്പെടുത്താന്‍ പോന്നതാണ്' എന്ന് 'സന്ദേഹിയുടെ സംവാദ'ത്തില്‍ എഴുത്തുകാരന്‍ പറഞ്ഞത് ശ്രദ്ധേയമാണ്.  (കപട) ജനാധിപത്യം വഴിയെ  സ്വേച്ഛാധിപത്യമായി പരിണമിക്കുന്ന കഥ എന്ന നിലയില്‍ ധര്‍മ്മപുരാണം സാര്‍വകാലിക പ്രസക്തിയുളള രചനയായിത്തീരുകയാണ്. പുതിയ ഇന്ത്യന്‍ അവസ്ഥയില്‍ അതിന് കൂടുതല്‍ പ്രസക്തിയും കൈവരുന്നുണ്ട്. എപ്പോഴും എവിടെയും ഏതു ഭരണാധികാരിയും ഏകാധിപതിയും പ്രജാപതിയും ആയി മാറാമെന്ന് നോവല്‍ വിളിച്ചു പറയുന്നത് സന്ദേഹങ്ങളില്ലാതെയാണ്.

ഇന്ത്യയിലെയും ലോകമൊട്ടാകെയുമുളള മനുഷ്യ ജീവികളുടെ ഇന്നത്തെ അവസ്ഥയുടെ, അവരുടെ ചരിത്രത്തിന്റെയും വരാനിരിക്കുന്ന കാലങ്ങളുടെയും മഹാപുരാണം എന്ന് ആമുഖത്തില്‍ സക്കറിയ ധര്‍മ്മപുരാണത്തെ വിശേഷിപ്പിച്ചതിന്റെ പൊരുള്‍ കൂടുതല്‍ സ്പഷ്ടമാകുന്ന ഘട്ടങ്ങള്‍ കണ്ടെത്തുക പ്രയാസമാകില്ല. പൗരത്വ ഭേദഗതി നിയമവും അതു സൃഷ്ടിച്ച ആശങ്കകളും രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍, ഇന്ത്യ മതരാഷ്ട്ര സങ്കല്പത്തിലേക്കു നീങ്ങുകയാണോ എന്ന സന്ദേഹമാണ് പ്രമുഖമായി രൂപപ്പെട്ടിട്ടുളളത്. ഏതുതരം മതരാഷ്ട്ര സങ്കല്പവും ജനാധിപത്യ വിരുദ്ധവും പലപ്പോഴും ഹിംസാത്മകവുമാണെന്ന് ആഗോള പശ്ചാത്തലം ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ പറയാറുളള എം.എന്‍ കാരശ്ശേരി, പൗരത്വ ഭേദഗതി നിയമം ഹിന്ദു രാഷ്ട്രപ്രഖ്യാപനത്തിന്റെ ചൂളം വിളിയാണെന്നുതന്നെ കരുതുന്നു. (പച്ചക്കുതിര, ജനുവരി 2020). ഈ ചുവടുവെപ്പുകള്‍ ഫാസിസത്തന്റെ തലത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയും വ്യാപകമാണ്.
"ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥയില്‍, രാഷ്ട്രീയമായാലും സാമ്പത്തികമായാലും വര്‍ഗാടിസ്ഥാനത്തിലായാലും ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ല. ഇന്ത്യയിലെ ഭരണവര്‍ഗത്തിന് അവരുടെ വര്‍ഗഭരണത്തിന് ഒരു ഭീഷണിയും നിലവിലില്ല. ഭരണവര്‍ഗത്തിലെ ഒരു വിഭാഗത്തിനും പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തെയും ഭരണഘടനാക്രമത്തെയും അട്ടിമറിക്കാനുള്ള താല്‍പര്യവുമില്ല. സ്വന്തം വര്‍ഗതാല്‍പര്യ സംരക്ഷണത്തിനായി നിലവിലുള്ള സംവിധാനത്തെ അല്‍പം സ്വേച്ഛാധിപത്യചായ്വിലേക്ക് നയിക്കാന്‍മാത്രമാണ് ശ്രമം.

ആര്‍.എസ്.എസ്  ബി.ജെ.പി കൂട്ടുകെട്ടിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ യുദ്ധോത്സുകമായ രാജ്യസ്‌നേഹവുമായി കൂട്ടിയിണക്കി ന്യൂനപക്ഷങ്ങളെ കുരുക്കാനും വര്‍ഗീയധ്രുവീകരണത്തിനും ഉപയോഗിക്കുകയാണ്. മതന്യൂനപക്ഷത്തെ അടിച്ചമര്‍ത്തി ഭൂരിപക്ഷസമുദായത്തെ സംഘടിപ്പിക്കുക എന്നത് ഫാസിസ്റ്റ് രീതിയാണ്. 'ദേശഭക്തി'യായാണ് ഇത് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍, ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ ഫാസിസ്റ്റ് ക്രമം സ്ഥാപിക്കുന്നതിന് അനുകൂലമായി ജനപിന്തുണ നേടുന്നതിന് ഇത് അപര്യാപ്തമാണ്. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികളും ബൂര്‍ഷ്വാസികളിലെതന്നെ ഒരു വിഭാഗവും ഇത്തരം ഫാസിസ്റ്റ് പ്രവണതകള്‍ സുസ്ഥിരമായ മുതലാളിത്തവ്യവസ്ഥയ്ക്കും വികസനത്തിനും എതിരാണെന്ന് കരുതുന്നവരാണ്.

ഫാസിസത്തിനുപകരം അന്തിമമായി മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കുന്ന, നവ ഉദാരവല്‍ക്കരണത്തിലും ഹിന്ദുത്വ വര്‍ഗീയതയിലും ഊന്നിനിന്നുകൊണ്ട് സ്വേച്ഛാധിപത്യഭരണത്തിന് വഴിയൊരുക്കുന്ന വലതുപക്ഷ ആക്രമണത്തിന്റെ അപകടത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ' എന്ന് സി.പി.ഐ(എം) മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയത്  (ജൂലൈ 7, 2016, ദേശാഭിമാനി) വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. 

ഇപ്പോള്‍ കാര്യങ്ങള്‍ ഒന്നുകൂടി മുന്നോട്ടു പോയിട്ടുണ്ട് എന്ന വസ്തുത നിലനില്‍ക്കുമ്പോഴും, കാരാട്ടിന്റെ നിരീക്ഷണം എളുപ്പം തള്ളാനാകുന്നതല്ലെന്നു കാണാം. മാത്രമല്ല, 'വര്‍ഗീയ പ്രത്യയശാസ്ത്രവും നവ ഉദാരവല്‍ക്കരണവും അടിസ്ഥാനമാക്കിയ ഇന്ത്യന്‍ മാതൃകയിലുള്ള സ്വേച്ഛാധിപത്യം തന്നെയാണ് തുര്‍ക്കിയിലും നിലവിലുള്ളത്. ഇരുരാഷ്ട്രങ്ങളിലെയും ഭരണകക്ഷികള്‍ മതവര്‍ഗീയ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയതയാണ് ജനങ്ങളുടെ പിന്തുണ നേടാന്‍ ഉപയോഗിക്കുന്നത്.

തുര്‍ക്കിയിലെ ജസ്റ്റിസ് ഡെവലപ്‌മെന്റ് പാര്‍ട്ടി (AKP - Adalet
Ve Kalkinma Partisi) ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ ബി.ജെ.പി ഹിന്ദുത്വ പാര്‍ട്ടിയാണ്. തുര്‍ക്കിയെ മതനിരപേക്ഷതയില്‍നിന്ന് മുക്തമാക്കി കുര്‍ദിഷ് ന്യൂനപക്ഷത്തെയും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ബുദ്ധിജീവികളെയുമാണ് എ.കെ.പി ലക്ഷ്യമിടുന്നതെങ്കില്‍ ഇവിടെ അടിച്ചമര്‍ത്തുന്നത് ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ബുദ്ധിജീവികളുടെ പ്രതിഷേധസ്വരങ്ങളെയുമാണ്' എന്ന അദ്ദേഹത്തിന്റെ വിമര്‍ശം അപഗ്രഥിക്കപ്പെടേണ്ടതാണ്. 

ധര്‍മ്മപുരാണം എന്ന രചന അടിസ്ഥാനപരമായി, അധികാരത്തിന്റെ  പ്രച്ഛന്ന രൂപങ്ങളായി അവതരിക്കുന്ന ഭരണ സംവിധാനങ്ങളെയാണ് സംബോധന ചെയ്യുന്നത് എന്നോര്‍ക്കുമ്പോള്‍ ഈ വിശകലനത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് കാണാം.

പരമാധികാരത്തിന് (അതി)ദേശീയതയും ഹിന്ദുത്വ അജണ്ടയും സംഘപരിവാര്‍ ഉപകരണമാക്കുന്നത് ഒട്ടും രഹസ്യമായിട്ടല്ലെന്നു മാത്രമല്ല, തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ കൃത്യമായ സൂചനകള്‍ നല്‍കിയിട്ടു കൂടിയാണ്. നമ്മുടെ ചരിത്രത്തില്‍, മുസ്ലിം ലീഗ് പാക്കിസ്ഥാന്‍ പ്രമേയം പാസാക്കുന്നതിനും മൂന്നു വര്‍ഷം മുമ്പുതന്നെ ആര്‍.എസ്.എസ് നേതാവ്  വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഹിന്ദുരാഷ്ട്ര സങ്കല്പം മുന്നോട്ടു വെച്ചിരുന്നു എന്ന കാര്യവും വി.ഡി സവര്‍ക്കര്‍ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്‍കാനുളള ശ്രമമുണ്ടെന്നുളള കാര്യം ശശി തരൂര്‍ ചൂണ്ടിക്കാണിച്ചതും ഏറെ പ്രസക്തമാണ് (The Times Of India, ജനുവരി 25).

കാരണം, മതാധിഷ്ഠിതമായ ഒരു രാഷ്ട്രസങ്കല്പം പുലര്‍ത്തിയിരുന്ന സവര്‍ക്കര്‍ അതുകൊണ്ടുതന്നെ നിലവിലുളള ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരുന്നില്ലെന്ന വസ്തുത ബാക്കിയാണ്. ആദ്യമായി ഹിന്ദുത്വ എന്ന സങ്കല്പം മുന്നോട്ടു വെച്ച വ്യക്തികൂടിയാണ് സവര്‍ക്കര്‍ എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുമുണ്ട്. സവര്‍ക്കറുടെ ചിന്ത എന്നാല്‍ ഏറെക്കുറെ സംഘ്പരിവാര്‍ ചിന്ത എന്നു തന്നെയാണ് അര്‍ഥം. ചുരുക്കത്തില്‍ പൗരത്വ ഭേദഗതി നിയമം എന്നത് ആകസ്മികമായോ പെട്ടെന്നോ സംഭവിച്ചതല്ലെന്നു തന്നെയാണ് ഇതിലൂടെ വെളിപ്പെടുന്നത്. 
ബാബ്‌റി മസ്ജിദ് വിധി സൂചിപ്പിച്ചുകൊണ്ട് എം.എന്‍ കാരശ്ശേരി ഗൗരവമുളള ഒരു നിരീക്ഷണം നടത്തുന്നുണ്ട് 'ഒരു മതേതര രാഷ്ട്രം എന്തിനാണ് പൊതുമുതലെടുത്ത് ഒരു മതവിഭാഗത്തിന്റെ ദേവാലയം പണിയുന്നത്? അതിന്റെ സൂചന വ്യക്തമാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്. അവരുടെ ദേവാലയം പൊതുമുതല്‍ ഉപയോഗിച്ചു പണിയുവാന്‍ സര്‍ക്കാരിനു ചുമതലയുണ്ട്! ഈ മതരാഷ്ട്രവാദ മുന്നേറ്റത്തിലെ അവസാന പ്രകടനമാണ് പൗരത്വഭേദഗതി നിയമം' എന്ന് അദ്ദേഹം കൃത്യമായി എഴുതുന്നു.

ഒപ്പം ഇവിടുത്തെ മുസ്ലിം സമുദായത്തിലെ എണ്ണത്തില്‍ കുറവുളള മതരാഷ്ട്രവാദികളും മതമൗലികവാദികളും ദയവായി മനസ്സിലാക്കണം ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കി തീര്‍ക്കാനുളള ചെയ്തികളെ പ്രതിരോധിക്കാന്‍ കൈമെയ് മറന്ന് ഇപ്പോള്‍ പോരാടുന്നവരില്‍ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, പാര്‍സി, ജൈന, സിക്ക് കുടുംബങ്ങളില്‍ പിറന്നു വളര്‍ന്ന മതേതര ചിന്താഗതിക്കാരായ മനുഷ്യരുണ്ട്. എല്ലാവരും നിങ്ങളെപ്പോലെ മതമൗലികവാദികളും മതരാഷ്ട്രവാദികളും ആണെന്ന വിചാരം ഇനിയെങ്കിലും കൈയൊഴിക്കണം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതര ജനാധിപത്യത്തിന്റെ വേരുകളുടെ ആഴം ഇപ്പോഴെങ്കിലും നിങ്ങള്‍ തിരിച്ചറിയണം എന്ന ദൃഢമായ താക്കീത് മറ്റു മതമൗലികവാദികള്‍ക്കു നല്‍കാനും അദ്ദേഹം മറക്കുന്നില്ല. 

M. N. Karassery
M. N. Karassery

ധര്‍മ്മപുരാണം പോലൊരു നോവല്‍ പറയാന്‍ യത്‌നിച്ചത്, എല്ലാ തുറസ്സുകളും അടഞ്ഞുപോകുന്ന ജനാധിപത്യത്തെക്കുറിച്ചായിരുന്നു. നീതിന്യായം, ഭരണകൂടം, ഉദ്യോഗസ്ഥവൃന്ദം, മാധ്യമരംഗം എന്നിവ എത്രത്തോളം താഴ്ന്നുപോകുന്നു എന്ന വിശകലനം കൂടിയാണ് ധര്‍മ്മപുരാണം എന്ന കൃതി. 'താഴ്വരയിലെ അപസ്വരം' എന്ന അധ്യായത്തില്‍ ജരല്‍ക്കാരു എന്ന പത്തു വയസ്സുകാരന്‍ ബാലന്റെ കഥയിലൂടെ നീതിപീഠത്തിന്റെ നൃശംസത എത്ര സൂക്ഷ്മമായാണ് അവതരിപ്പിക്കപ്പെടുന്നത്?! പുതിയ പശ്ചാത്തലത്തില്‍, നോവലിന്റെ പുനര്‍വായന രാഷ്ട്രീയമായ നവജാഗ്രത അനുവാചകനു നല്‍കുമെന്നതില്‍ സന്ദേഹമില്ല. 

'സംസ്‌കാരം എന്ന പ്രതിഭാസം എന്താണ്? പല സഹസ്രാബ്ദങ്ങളായി ചലിക്കുന്ന എഞ്ചിനാണത്. അതിനെ ചലിപ്പിക്കുന്ന ശക്തി, ഇന്ധനം എന്താണ്? ആരാണ്? നമ്മളൊക്കെ ആണോ എനിക്ക് തോന്നുന്നില്ല. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി ഊര്‍ജ്ജം അഥവാ ഇന്ധനം നീതിക്കുവേണ്ടിയുള്ള ദാഹമാണ്. മാന്യമായ ജീവിതം, സ്വാതന്ത്ര്യം, തുല്യത ഇങ്ങനെയുള്ള പല സംഗതികള്‍ നിഷേധിക്കപ്പെട്ട ആളുകളുടെ ദാഹമാണ് സംസ്‌കാരം എന്ന പ്രതിഭാസത്തിന് ജന്മം കൊടുത്തതും അതിനെ മുന്നോട്ട് കൊണ്ടു പോകുന്നതും.

നമ്മളൊക്കെ ആരാണ്?  വല്ലതും എഴുതുക, കുറച്ചു വായിക്കുക, ചില വിജയങ്ങള്‍ ഘോഷിക്കുക, ചില നേട്ടങ്ങളെപ്പറ്റി സ്വയം പ്രശംസിക്കുക ഇതൊക്കെ ചെയ്യുന്ന ഈ നമ്മള്‍ വളരെ ചെറിയ ആളുകളാണ്. വാസ്തവത്തില്‍ മേലെത്തട്ടില്‍ ഇരുന്ന് താഴെ നടക്കുന്ന ആ വലിയ പ്രയോജനങ്ങള്‍ ആഘോഷിക്കുന്നവര്‍.... സംസ്‌കാരം ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ടുമെന്റ് ആണോ അതോ ഗവണ്‍മെന്റ് സംസ്‌കാരത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ആണോ?' എന്ന് ആനന്ദ് പറയുന്നുണ്ട് അഥവാ ചോദിക്കുന്നുണ്ട് (പച്ചക്കുതിര ജനുവരി 2020). ഈ ചിന്തയും ചോദ്യവും മറ്റൊരു രീതിയില്‍ വിജയനില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് നമ്മെ  ബോധ്യപ്പെടുത്തുന്ന കൃതി കൂടിയാണ് ധര്‍മ്മപുരാണം. കാരണം കരുണ എന്ന സങ്കല്പമാണ് വിജയന്റെ എല്ലാ ആവിഷ്‌കാരങ്ങളുടേയും കാതല്‍.

ധര്‍മ്മപുരാണം എന്ന പേരില്‍ത്തന്നെ ബുദ്ധഹിന്ദു ചിന്താധാരകളുടെ (ധര്‍മ്മപുരാണം) സമന്വയമുണ്ട്. നേരത്തേ തന്നെ ധര്‍മ്മപുരാണത്തിലെ കാരുണ്യപ്രതീകമായ സിദ്ധാര്‍ഥന്റെയും ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത്' എന്ന നോവലിലെ കുന്ദന്റെയും സാധര്‍മ്യം ചൂണ്ടിക്കാണിക്കുന്ന വായനകള്‍ ഉണ്ടായിട്ടുളളത് ഓര്‍ക്കാം. കരുണയ്ക്കും നീതിയ്ക്കും വേണ്ടിയുളള വലിയ വിലാപം കൂടിയായാണ് ധര്‍മപുരാണം എന്നതിനാല്‍, അവസാനമില്ലാത്ത ഭരണാഭാസങ്ങളും അധികാര ആര്‍ത്തികളും അരങ്ങേറുന്ന ഏതു ധര്‍മപുരിയും, സ്വാഭാവികമായും ഈ നോവലിന് പുതിയവായനകളും പുനര്‍നവായനകളും സൃഷ്ടിച്ചുകൊണ്ടിരിക്കും.    

രഘുനാഥന്‍ പറളി  

സാഹിത്യ നിരൂപകന്‍
 

  • Tags
  • #O.V Vijayan
  • #Dharmapuranam
  • #Indira Gandhi
  • #Emergency in India
  • #B.J.P
  • #M. N. Karassery
  • #Prakash Karat
  • #C.P.I.(M)
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ഡോ.എൻ.സുരേഷ് കുമാർ

15 Jul 2020, 01:44 PM

അധർമ്മ പൂരിതമാകുന്ന ഈ വർത്തമാന കാലത്ത് വിജയന്റെ ധർമ്മപുരാണമെന്ന കൃതിയുടെ സാർവ്വലൗകികത പ്രത്യക്ഷാനുഭവങ്ങൾ വഴി വരച്ചു കാട്ടാനുള്ള ശ്രീ. രഘുനാഥൻ പറളിയുടെ ശ്രമം സ്വാഗതാർഹമാണ്. ശ്ലീലവും അശ്ലീലവും കരുണയും വെറുപ്പും രതിയും ബലാൽസംഗവും ഒക്കെ ഇടകലരുന്ന ആഖ്യാനം നമ്മെ പിന്തുടർന്ന് ഉള്ളിന്റെയുള്ളിൽ വിള്ളലുകൾ നിരന്തരമുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. "ഒരു കൃതി ഭരണകൂട നൃശംസയുടെയും അധികാര ജീര്‍ണതയുടെയും മനുഷ്യന്റെ അവസാനമില്ലാത്ത അധികാര കാമനയുടെയുമെല്ലാം, 'ആര്‍ത്തു ചിരിക്കുന്ന അശ്ലീലത'യായി സ്വയം ആഖ്യാനപ്പെടുമ്പോള്‍, എഴുത്തുകാരന്‍പോലും വെറും കാഴ്ചക്കാരനാകുന്ന ഇരുണ്ട സന്ദര്‍ഭങ്ങള്‍ കൂടെക്കൂടെ നോവലില്‍ 'മിന്നിമായുന്ന' വിചിത്ര കാഴ്ചയാണ് നമ്മളെ വരവേല്‍ക്കുന്നത്. ", എന്ന് രഘു എഴുതുമ്പോൾ അനുവാചകന്റെയും വിധിയതു തന്നെയെന്ന് നാമറിയുന്നു. എഴുപതുകളിൽ നിന്നു കൊണ്ട് അധികാരവും അധീശത്വവും അതിന്റെ ജീർണ്ണതകളിൽ എത്രത്തോളമെത്താമെന്ന് ഇന്നു നാം ഞെട്ടലോടെ അനുഭവിക്കുകയാണ്. ഹിന്ദുത്വവും കപട ദേശ സ്നേഹവും അസത്യ സ്വാശ്രയത്വവിരേചനവുമൊക്കെ നാം നൂറുകണക്കിന് വർഷങ്ങളായി നേടിയെടുത്ത നന്മയുടെ സംസ്കാരത്തെയും മാനവികതയെയും വിഴുങ്ങുന്നതിന് യോജിച്ച വിധം ഷണ്ഡീകൃതമായ ഭൂരിപക്ഷ ജനതയെ സൃഷ്ടിച്ചിരിക്കുന്ന വേദനിപ്പിക്കുന്ന കാഴ്ച" . ഭരണകൂടത്തിന് ആരെ വേണമെങ്കിലും എത്രനാൾ വേണമെങ്കിലും തുറുങ്കിലിടാം, കൊല്ലാം കോടതികൾ ഇടപെടില്ല. " എന്ന് വിജയൻ എഴുതുന്നു .13.9 കോടി മൈഗ്രന്റ് ലേബർ മാർ പൊരിവെയിലിൽ നിലതെറ്റി പലായനത്തിൽ വിടാൻ നാലുമണിക്കൂർ മതിയെന്ന് കരുണ ചെയ്യുന്ന ആധുനികപ്രജാപതിയുടെ പ്രാർത്ഥനാ മന്ത്രങ്ങൾ നാമറിയുകയാണ്.അവരുടെ ന്യൂനീകരിക്കപ്പെട്ട കളവിന്റെഎണ്ണം അവരുടെ വഴിയോര മരണങ്ങളും യാതനയും ആരുമറിയാതിരിക്കുന്നതു്എളുപ്പമാക്കാൻ പുത്തൻ സത്യം വദ മാധ്യമങ്ങളും തൂറ്റലിനെ മഹത്വ വല്കരിച്ച് സത്യത്തെ തമസ്കരിക്കുന്നു. പ്രജാപതിയുടെ ഹയവദനസംഘങ്ങൾഇന്ധന വില ആനുപാതികമായി ഉയർത്തി സ്നേഹിക്കുന്നു. ശബ്ദമുയരുന്ന ഹൃദയങ്ങളുടെ ബുദ്ധിജീവികളെയൊക്കെ യു.എ.പി.എ വഴി അകത്താക്കിയിരിക്കുന്നു. വിജയന്റെ ഉദ് കണ്ഠകളുടെ രോഷം വിഭ്രാന്തിയല്ലാ കേവലയാഥാർത്ഥ്യമായി ജനാധിപത്യ സങ്കല്പന ത്തിന്റെയെല്ലാ പാവന സ്നേഹങ്ങളെയും കുരുതി കൊടുക്കുന്ന യീ വേളയിൽ നമ്മൾ അകപ്പെട്ടു പോകുന്നു.,", ഇവയൊക്കെ ചിലതു മാത്രം ... ബീഭത്സമായ കാമരൂപങ്ങൾ കൊണ്ടു നിറഞ്ഞ യീ മഹാപുരാണത്തെ കാലത്തിന്റെയും സ്ഥലത്തിന്റെയും ചെറിയ അതിരുകൾക്കുള്ളിൽ തളച്ചിടാൻ സാധ്യമല്ല'' എന്ന് അപ്പൻ സർ ധർമ്മപുരാണത്തെ " ക്കുറിച്ച് എഴുതിയതിന്റെയാഴം നാം വീണ്ടും വീണ്ടുമറിയുന്നു. പറളിയുടെ നിരീക്ഷണങ്ങൾ ഇന്നത്തെ രാഷ്ടീയ സാംസ്കാരികക്കുരുക്കിൽ അകപ്പെട്ട ഒരു ജനതയുടെ നിലവിളി സിദ്ധാർത്ഥ ധാരയുടെ അന്വേഷങ്ങൾക്ക് വഴിവയ്ക്കാൻ പ്രേരിപ്പിക്കും വിധം ധർമ്മപുരാണത്തെ പുനർ വായനക്ക് നിർബ്ബന്ധിക്കുന്നു. വിജയന്റെ ഉൾപ്രേരണകളുടെ മനശ്ശാസ്ത്രപരമായ പരിശോധന മുതൽ ഇൻഡ്യ പുതിയ ഫാസിസത്തിലേക്കു നീങ്ങുന്നതിന്റെ രാഷ്ട്രീയ വിശകലമടക്കമുള്ള നിരീക്ഷണങ്ങൾ വളരെ പ്രസക്തമാവുന്നു. അത് തുർക്കിയിലെ ഹാഗിയ സോഫിയാ മ്യൂസിയം പള്ളിയാക്കുന്നതടക്കമുള്ള ഈ യാഴ്ചത്തെ സംഭവങ്ങൾ സാധൂകരിക്കുന്നു.രഘുവിന്റെ സാഹിത്യവിമർശന ദൗത്യങ്ങളിലെ പുതിയ വഴി തേടലുകൾ സന്തോഷിപ്പിക്കുന്നു. അഭിനന്ദനങ്ങൾ. ഡോ.എൻ.സുരേഷ് കുമാർ .

Raj Mohan. M. L.

10 May 2020, 10:14 AM

ഉപ്പിലിട്ടുവച്ച ഭൂതകാലത്തെ ചവർപ്പ് ( ചിലർക്കെങ്കിലും, അല്ലെങ്കിൽ ചിലർക്ക് മാത്രം), ഇന്നിന്റെ യാഥാർത്ഥ്യങ്ങളുമായി ചേർത്തു വായിക്കുവാൻ, ചേർത്ത് കാണിച്ചു തരുവാൻ സത്യസന്ധമായി രഘുനാഥൻ പറളിക്ക് സാധിച്ചു എഴുത്തിലൂടെ.. അഭിനന്ദനീയം. തീർച്ചയായും ഇന്നിൽ നിന്നു കൊണ്ട് ഒരു പുനർവായനക്ക്, പoനത്തിന് പ്രേരണ തരുന്നു നിങ്ങളുടെ പുസ്തകത്തോടും കാലത്തോടുമുള്ള സമീപനം. നന്ദി.

Raj Mohan. M. L.

10 May 2020, 10:12 AM

ഉപ്പിലിട്ടുവച്ച ഭൂതകാലത്തെ ചവർപ്പ് ( ചിലർക്കെങ്കിലും, അല്ലെങ്കിൽ ചിലർക്ക് മാത്രം), ഇന്നിന്റെ യാഥാർത്ഥ്യങ്ങളുമായി ചേർത്തു വായിക്കുവാൻ, ചേർത്ത് കാണിച്ചു തരുവാൻ സത്യസന്ധമായി രഘുനാഥൻ പറളിക്ക് സാധിച്ചു എഴുത്തിലൂടെ.. അഭിനന്ദനീയം. തീർച്ചയായും ഇന്നിൽ നിന്നു കൊണ്ട് ഒരു പുനർവായനക്ക്, പoനത്തിന് പ്രേരണ തരുന്നു നിങ്ങളുടെ പുസ്തകത്തോടും കാലത്തോടുമുള്ള സമീപനം. നന്ദി.

Rajesh KP

27 Apr 2020, 05:25 PM

പാഠത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നിരൂപണ രീതിയല്ല, മറിച്‌ ഓരോ കാലഘട്ടത്തിലെയും രാഷ്ട്രീയ അവസ്ഥകളെ അഭിസംബോധന ചെയ്ത് സ്വയം വിഭജിക്കപ്പെടുവാൻ കെൽപ്പുള്ള ഒരു കൃതിയുടെ ദാർശനിക മാനങ്ങളാണ് രഘുനാഥൻ പറളി പരിശോധിക്കുന്നത്. തന്റെ വിശ്വാസരാഷ്ട്രീയങ്ങൾക്കേറ്റ മോഹഭംഗങ്ങളോട് രൂക്ഷമായും ഭാവനാത്മകമായും പ്രതികരിക്കുകയും, പിന്നീട് പുതിയ കാലത്തെ ചോദ്യങ്ങളെ ആന്തരികമായി ഉത്തരം നൽകാൻ ശ്രമിച്ചതിലൂടെ ത്യജിച്ച ക്ഷണിക വൈകാരികതകളും, അത് കൃതിയിൽ വരുത്തിയ മാറ്റങ്ങളുമാണ് ഇവിടെ നിരീക്ഷിക്കപ്പെടുന്നത്. മാറുന്ന ഭരണകൂട പ്രത്യയശാസ്ത്രങ്ങൾക്കിടയിൽ അമാനവികമായി എന്നും നിലകൊള്ളുന്ന അധികാരത്തിന്റെ ദുർഗന്ധമാണ് വിഷയം.......

ചന്ദ്രൻ സൂര്യശില

21 Apr 2020, 10:35 PM

എഴുത്തുകാരെന്റെയും (കഥ, കവിത, നോവൽ) നിരൂപകന്റെയും ആത്മസത്ത ഒത്തുചേരുന്ന ഒരു ബിന്ദു ഉണ്ടെന്നു തോന്നുന്നു. അത്തരമൊരു ബിന്ദുവിൽ നിന്നാണ് ഒരു കൃതിക്ക് നല്ല പാഠങ്ങൾ ഉണ്ടാകുന്നത്. ബുദ്ധിപരതയോടൊപ്പം ആത്മീയ വെളിപാടുകൾ(spiritual intimations) അത്തരം കൃതികളിൽ വായനക്കാരന് അനുഭവിക്കാം. വായനക്കാരെ എഴുത്തുകാരിലേക്ക് പറഞ്ഞയക്കുന്ന ഭാഷയിലാണ് അവരുടെ എഴുത്ത്. കെ. പി. അപ്പന്റെയും വി. രാജകൃഷ്ണന്റെയും ആഷാമേനോന്റെയും രചനകൾ ഉദാഹരണം. അവരുടെ വിമർശനാത്മക പാഠങ്ങൾ സർഗാത്മക കൃതികൾ വായിക്കുന്ന തീവ്രതയോടെ വായനക്കാർ സ്വീകരിച്ചു. നിരൂപണം സത്യസന്ധവും അതിന്റെ ഭാഷ സർഗാത്മകവുമായിരിക്കണമെന്നു ഉറച്ച് വിശ്വസിച്ചു രചനയിൽ ഏർപ്പെടുന്ന വിമർശകനാണ് രഘുനാഥൻ പറളി. എം ടി യുടെയും വിജയന്റെയും ആനന്ദിന്റെയും മുകുന്ദന്റെയും സക്കറിയയുടെയും കൃതികളെ സമീപിക്കുമ്പോൾ അവ കേവലം ബൗദ്ധികയാനങ്ങളായി ചുരുങ്ങാതെ തീഷ്‌ണാനുഭവങ്ങളുടെ പാഠങ്ങളായി മാറുന്നു ഈ നിരൂപകന്റെ രചനകൾ. പുതിയകാല രാഷ്ട്രീയകാലാവസ്ഥയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് 'ധർമ്മപുരാണം' എന്ന കൃതിയെ വിചാരണ ചെയ്യുകയാണ് രഘുനാഥൻ പറളി. ''ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ ചരിത്ര/രാഷ്ട്രീയ വാർത്തകൾ പോലും 'ധർമ്മപുരാണം' നേരത്തേ 'ഉപ്പിലിട്ട് വെച്ചിട്ടുണ്ട്'' എന്ന നീരീക്ഷണം മതി രഘുനാഥൻ പറളി എന്ന നിരൂപകന്റെ സത്യസന്ധതയും പാരായണവ്യാപ്തിയും മനസിലാക്കാൻ. വരാനിരിക്കുന്ന മഹാമാരിയെക്കുറിച്ചുപോലും വളരെ നേരത്തെ മുന്നറിയിപ്പ് തരുന്ന ഒരു ഭിഷഗ്വരനെ ഓർമിപ്പിക്കുന്ന എഴുത്തുകാരനാണ് വിജയനെന്നും "മനുഷ്യന്റെ ഏത് രാഷ്ട്രീയചലനത്തെയും ജാഗ്രതയോടെ സമീപിക്കുന്ന തുരുമ്പിക്കാത്ത ആഖ്യാനമാണ് 'ധർമ്മപുരാണ''മെന്നും പറയുന്നത് വഴി ബുദ്ധിപരതയോടൊപ്പം ആത്മീയവെളിപാടുകൾ നിറഞ്ഞ രചന നിർവഹിച്ചിരിക്കുകയാണ് ഈ നിരൂപകൻ. നമുക്ക് രഘുനാഥൻ പറളിയോട് നന്ദി പറഞ്ഞ് 'ധർമ്മപുരാണം' വീണ്ടും കൈയ്യിലെടുക്കാം.

Raveendran KV ravirhythmkv09@gmail.com

15 Apr 2020, 12:58 PM

വര്ഷ ങ്ങള്കുപ മുന്പ്ന വായിക്കാന്‍ ശ്രമിച്ച നോവലായിരുന്നു ധര്മ പുരാണം. അഞ്ചു പേജു വായിച്ചു നിര്ത്തി യതില്‍ പിന്നെ തുടര്ന്നി ല്ല....അന്നത്തെ ബുദ്ധിയില്‍ ഒന്നും തെളിഞ്ഞുട്ടുന്ടാവില്ല. രഘുനാഥ് പറളിയുടെ ഈ പഠനം വായിച്ചപ്പോള്‍ ഇനി വായികുന്ന നോവല്‍ ധര്മയപുരാണം ആയിരിക്കും എന്നു തീരുമാനിച്ചിരിക്കുകയാണു. നോവലിനെ വളരെ ആഴത്തില്‍ പഠിക്കുവാനും അതിസൂക്ഷ്മമായി വിശകലനം ചെയ്യുവാനും നോവലിന്റെഠ രാഷ്ട്രീയ, ചരിത്ര, സാംസ്കാരിക, സാമൂഹിക, സമകാലീന വായനയും പ്രസക്തിയും ഏറെ വളച്ച് കെട്ടില്ലാതെ പറയുവാനും നിരൂപകമനസ്സിന് സാധിച്ചു എന്നത് ശ്ലാഘനീയം തന്നെ. നില നില്കുവന്ന ജീവിതാവസ്ഥയിലെ ഭരണജീര്ണ്തകള്‍ മതമാലിന്യങ്ങള് രാഷ്ട്രീയ പെകൂത്തുകള് എല്ലാം കണ്ടു സഹികെട്ട് ഇതിഹാസത്തിന്റെ രചയിതാവ് എഴുതിയ നോവല്‍ അന്നും ഇന്നും എന്നും പ്രസക്തമാകുന്നു എന്ന നിരീക്ഷണം പറളിയെ സാഹിത്യ നിരൂപകന്‍ എന്ന നിലയില്‍ നിന്നു രാഷ്ട്രീയ സാമൂഹിക സാസ്കാരിക വിമര്‍ശകന്‍ എന്ന തലത്തിലേക് ഉയര്ത്തു ന്നുണ്ട്. ഒവി വിജയനെന്ന ക്രാന്തദര്ശിനയുടെ ആഖ്യാന പാടവം പ്രകീര്ത്തിുക്കുന്ന മലയാളി വായനക്കാരന്‍, അദ്ദേഹത്തിന്റെ നോവലിലെ രാഷ്ട്രീയ സാമൂഹിക വിമര്‍ശനങ്ങള്‍ എങ്ങനെ കാലോചിതമാകുന്നു എന്നു തിരിച്ചറിയുവാന്‍ ഒരാവര്ത്തി് കൂടി ധര്മ്പുരാണം വായിക്കേണ്ടതായിട്ടുണ്ട്. കെട്ട കാലത്തെ മനസ്സിലാക്കുവാനും പ്രതിരോധിക്കാനുള്ള സാംസ്കാരിക ഇടപെടലുകള്‍ നടത്താനുമുള്ള ഉല്കാ്ഴ്ച നല്കുുന്നതിന് ഉത്കൃഷ്ടമായ കൃതികളുടെ പുനര്വാുയനക്കു സാധിയ്ക്കും എന്നുകൂടി ലേഖനം ബോധ്യപ്പെടുത്തുന്നുണ്ട്. ട്രുകോപ്പി എഡിഷന്സ്. ചിന്തികുന്ന വയനക്കാരെ മാനിക്കുന്നു എന്ന് ഉള്ളടക്കം വെളിപ്പെടുത്തുന്നു. അഭിനന്ദന ങ്ങള്‍ RAVEENDRAN KV ravirhythmkv09@gmail.com

PJJ Antony

14 Apr 2020, 05:03 PM

vijayante thaarathamyEna side line cheyyappeTTa nOvalaN dhamrmmapuraaNam. athine vaayanayude puthiyoru mooSayilEkk raghunaathhan parali ozhikkunnu. And make a larger newer perspective possible. We may agree or disagree but the reading is certainly interesting.

Ivar

13 Apr 2020, 04:27 PM

O v വിജയന്റെ ഉൽക്രിഷ്ട്ട കൃതി ആയ ധർമ്മപുരാണത്തെ കുറിച്ചുള്ള ഈ കോമാളി എഴുത് ഉടനടി ഡിലീറ്റ് ചെയ്തു കളയുക ഇയ്യാൾക്ക് എഴുപതുകളുടെ അതെഴുതുന്ന സാഹചര്യവും , പബ്ലിഷ് ചെയ്യാൻ വന്നപ്പോഴുള്ള സാഹചര്യവും അറിയില്ല പോട്ടെ രാഷ്ട്രീയമായി ആ കൃതി വായിക്കാനുള്ള സന്നദ്ധത ഇല്ല , തെറ്റി ധരിപ്പിക്കുന്ന ബോറൻ എഴുത് ഉടനടി പിൻവലിക്കുക

ടി.കെ.രഘുനാഥ്.

13 Apr 2020, 03:47 PM

രചനകൾ കാലാതീതമാവുന്നത് എങ്ങിനെ എന്ന് രഘുനാഥൻ പറളി വിശദമായി പറഞ്ഞു. ഇതിഹാസത്തിൽ മാത്രം ഇരിപ്പുറപ്പിച്ച വിജയൻ വായനക്കാരുടെയും നിരൂപകരുടെയും മുന്നിൽ തലയുയർത്തി നില്ക്കുന്നു ഇദ്ദേഹം .

jacob thomas

Opinion

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വില കൂട്ടി ഉപഭോഗം കുറച്ച് ഇന്ത്യയെ സ്വര്‍ഗമാക്കാം; ജേക്കബ് തോമസ് സാറേ, നന്ദി...

Feb 11, 2021

4 minute read

KM Venugopal

Interview

കെ.എം. വേണുഗോപാലന്‍/നന്ദലാല്‍ ആര്‍.

ബീഹാർ കഴിഞ്ഞു, ബംഗാളും കേരളവും വരുന്നുണ്ട്​; എന്താകണം​ ഇടതുനയം?

Nov 14, 2020

15 minute read

Online Education 2

Education

കെ. ടി. ദിനേശ് 

ഭാരതീയ നവലിബറല്‍ വിദ്യാഭ്യാസ നയരേഖ 

Aug 06, 2020

16 Minutes Read

KJ Jacob

Babri Masjid

കെ.ജെ. ജേക്കബ്​

കൊച്ചുമകള്‍ നെഹ്റുവിന്റെ സ്വപ്നത്തിന്റെ ചിതാഭസ്മനിമഞ്ജനവും നടത്തിക്കഴിഞ്ഞു

Aug 05, 2020

5 Minutes Read

Hany Babu

Politics

സച്ചിദാനന്ദന്‍

അടച്ച വാതിലുകള്‍ക്കു പിറകില്‍

Jul 30, 2020

4 Minutes Read

Arundhati Roy

Politics

കെ.രാമചന്ദ്രന്‍

തെറിയെഴുത്തുകാര്‍ക്ക് മനസ്സിലാകുന്നതൊന്നും അരുന്ധതിറോയ് എഴുതിയിട്ടില്ല, പറഞ്ഞിട്ടില്ല

Jul 27, 2020

3 Minutes Read

palathayi case

POCSO

എം.സുല്‍ഫത്ത്

ധീരയായ ആ പെൺകുഞ്ഞിനെയും കുടുംബത്തെയും നാം ചേർത്തുപിടിക്കേണ്ടേ?

Jul 25, 2020

5 Minutes Read

NPR

Politics

എന്‍.പി രാജേന്ദ്രന്‍

സ്വര്‍ണ്ണക്കടത്തും അധോലോകവും പിന്നെ നമ്മുടെ രാഷ്ട്രീയ ധാര്‍മികതയും

Jul 24, 2020

7 Minutes Read

Next Article

മനുഷ്യശരീരം, വൈറസുകളുടെ യുദ്ധക്കളം

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster