അഭയാർഥികൾ അപരന്മാർ

പല രാജ്യങ്ങളുടേയും അധികാരവർഗം അവരുടെ രാജ്യാതിർത്തികൾ 'പവിത്ര'മായി കരുതുന്നോ എന്ന് സംശയിക്കണം. തന്മൂലം നിയമവിധേയമല്ലാതെ അതിർത്തി കടക്കുന്നവർ കുറ്റവാളികളും അഭയാർത്ഥിക്യാമ്പ് തടവറയുമായി മാറുന്നു. അഭയാർഥികളുടെ ജീവിതം ആവിഷ്‌കരിക്കുന്ന ചില എഴത്തുകാരിലൂടെ, അവരുടെ കൃതികളിലൂടെ...

‘‘In the first place, we don't like to be called ‘refugees'. We ourselves call each other ‘newcomers' or ‘immigrants''.
Hannah Arendt

നിരന്തര സ്ഥാനചലനവും ലക്ഷ്യമില്ലാത്ത യാത്രയും എഴുത്തുകാരന്റെ സർഗാത്മകബോധത്തിന്റെ ജാലകകാഴ്ചകൾ വിശാലമാക്കുന്ന ഘടകമാണ്. ഒരു പക്ഷെ, ഇത്തരം അലച്ചിലിലൂടെയാണ് എഴുത്തുകാരൻ ജന്മം കൊള്ളുന്നതെന്ന് വിയറ്റ്നാമിൽ ജനിച്ച്​ പിന്നീട് അമേരിക്കയിൽ വേരുറപ്പിച്ച, പുലിറ്റ്‌സർ സമ്മാന ജേതാവായ വിയറ്റ് താങ് നൂയൻ (Viet Thanh Nguyen) വിശ്വസിക്കുന്നു. ഈ വിധമുള്ള സ്ഥാനചലനത്തിന്റെ നൈതികതയും രാഷ്ട്രീയവും സ്വാനുഭവത്തിൽനിന്ന് വ്യക്തമായ നൂയൻ, അതുകൊണ്ടുതന്നെ പ്രസ്തുത നീതികേടിനെ എതിർക്കാൻ കൂടിയാണ് എഴുത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

വിയറ്റ് താങ് നൂയൻ

അഭയകേന്ദ്രമായി വർത്തിക്കേണ്ട അഭയാർത്ഥിക്യാമ്പുകൾ, കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കുന്ന തടവറകളായി രൂപം പ്രാപിക്കുന്ന സ്ഥിതിവിശേഷത്തെയാണ് നൂയൻ അപലപിക്കുന്നത്. സ്വന്തം സ്വത്വവിചാരത്തെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ അഭയാർത്ഥികൾക്ക് നേരിടേണ്ടി വരുന്നു. ആർക്കും വേണ്ടാത്ത നികൃഷ്ടജീവികളായി, ഓർക്കപ്പെടാത്തവരായി മാറാൻ സാധ്യതയുള്ള അവരെ ‘അപരരാ'യി കരുതാനാണ് പൊതുവെ സമൂഹത്തിനു താല്പര്യം. ഒന്നിൽക്കൂടുതൽ തവണ പലായനത്തിന് വിധേയരായ നൂയന്റെ അച്ഛനമ്മമാർ അപരത്വത്തിന്റെ അസ്വസ്ഥതകൾ അനുഭവിച്ചിരുന്നു. തെക്കേവിയറ്റ്‌നാമുമായുള്ള കലാപം വടക്കൻ വിയറ്റ്‌നാം രൂക്ഷമാക്കിയതിനെതുടർന്ന് 1975ൽ അമ്മ നൂയനെയും പത്തുവയസ്സ് മൂത്ത ചേട്ടനെയും കൂട്ടി അവിടം വിടാൻ നിർബന്ധിതയായി. കൊച്ചു നൂയനെക്കാളും പതിനാറുവയസ്സ് മൂപ്പുള്ള ചേച്ചിയെ വീട്ടിൽ തനിച്ചാക്കിക്കൊണ്ടായിരുന്നു ഈ പലായനം. മുപ്പതു വർഷത്തിനുശേഷമേ അവളെ ഇനി കാണാനാകൂ എന്ന് നൂയനും ഇരുപത് വർഷത്തോളമെടുക്കും ഇനി ആ സംഗമത്തിന് എന്ന് അമ്മയും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. പലായനം മനുഷ്യരെ ഛിന്നഭിന്നമാക്കുന്നത് ഇങ്ങനെയാണ്. സുരക്ഷിതമായ ഒരിടം തേടിയുള്ള അലച്ചിലിൽ 184 കിലോമീറ്ററോളം അവർ കാൽനടയായി സഞ്ചരിച്ചു. പലായനത്തെ പറ്റിയുള്ള ഓർമയിൽ, തെക്കൻവിയറ്റ്‌നാമിന്റെ തലസ്ഥാനമായ സായ്ഗോണിൽ അകപ്പെട്ടുപോയ അച്ഛനെ കാത്ത് ആ നഗരത്തിൽ ആഴ്ചകളോളം തങ്ങിയത് ഇപ്പോൾ അയാൾ ഓർമിക്കുന്നില്ല. പക്ഷെ താനടക്കമുള്ള അഭയാർത്ഥികളുടെ ചെറിയ ബോട്ടിനെ പിന്തുടർന്ന്​ വെടിയുതിർക്കുന്ന പട്ടാളക്കാരെ അയാൾ ഓർക്കുന്നു. വിയറ്റ്നാമിൽ നിന്നുള്ള അഭയാർത്ഥികൾ അഭിമുഖീകരിച്ച പ്രശ്‌നങ്ങളെ കുറിച്ച് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ ഓർത്തില്ലെങ്കിൽ, എഴുതിയില്ലെങ്കിൽ അവ അപ്രത്യക്ഷമായിപ്പോകുമെന്നാണ് നൂയന്റെ കാഴ്ചപ്പാട്. ഉത്തരവിയറ്റ്‌നാമിൽ നിന്ന് ദക്ഷിണവിയറ്റ്‌നാമിലേക്ക് 1954ൽ കുടിയേറിയ അച്ഛനമ്മമാർ 21 കൊല്ലത്തിനു ശേഷം മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മക്കളുടെ കൂടെ പലായനം ചെയ്യുന്ന ‘കഥ' സ്മരിക്കുകയാണ്, നൂയൻ ‘ The Displaced' എന്ന അഭയാർത്ഥികളുടെ ജീവിതത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ ആമുഖത്തിൽ. അമേരിക്കയിൽ അവർ ‘അപരത്വം' അനുഭവിച്ചതിന്റെ സൂചന നൂയൻ നൽകുന്നുണ്ട്. ഒരു കാലത്ത് അഭയാർഥികളായി അമേരിക്കയിൽ എത്തിപ്പെട്ടു പിന്നീട് അവിടത്തെ പൗരന്മാരായ ആളുകൾ പിൽക്കാലത്തെ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നതും നൂയൻ സൂചിപ്പിക്കുന്നു.

സ്വപ്​നതുല്യമല്ല അമേരിക്ക

പല രാജ്യങ്ങളുടേയും അധികാരവർഗം അവരുടെ രാജ്യാതിർത്തികൾ ‘പവിത്ര'മായി കരുതുന്നോ എന്ന് സംശയിക്കണം. തന്മൂലം നിയമവിധേയമല്ലാതെ അതിർത്തി കടക്കുന്നവർ കുറ്റവാളികളും അഭയാർത്ഥിക്യാമ്പ് തടവറയുമായി മാറുന്നു. അതിർത്തികളുടെ വിഘടനം കോസ്‌മോപോളിറ്റൻ സ്വഭാവത്തിന്റെ യുട്ടോപ്യൻനയം ആണെന്ന് നൂയൻ അഭിപ്രായപ്പെടുന്നു. അത്തരമൊരു സംവിധാനത്തിൽ ആഗോളസമാധാനം സംജാതമാവുന്ന ആഗോളയിടം അങ്ങനെ രൂപപ്പെടുകയും അവിടെ ആർക്കും സ്ഥാനഭ്രംശം സംഭവിക്കാതിരിക്കുകയും ചെയ്യുന്നു. പൊതുവെ എഴുത്തുകാർ സ്ഥാനചലനത്തെ (Displacement) എതിർക്കുന്നവരാകും.

‘The Displaced' കവർ

അതുകൊണ്ടുതന്നെ പലായനത്തെ സംബന്ധിച്ച കാഴ്ചപ്പാടിൽ തന്മയീഭാവം പുലർത്തുന്ന അവർ അഭയാർഥികളുടെ ശബ്ദമായി തീരാനിടയുണ്ട്. എഴുത്തുകാർ എങ്ങനെ പലായനത്തെ സംബോധന ചെയ്യുന്നുവെന്ന് ‘The Displaced' എന്ന കൃതി വ്യക്തമാക്കുകയാണ്. ‘The Sympathiser' എന്ന നോവലിലൂടെ പ്രശസ്തനായ നൂയൻ എഡിറ്റ് ചെയ്ത ഈ പുസ്തകം അഭയാർത്ഥികളുടെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ട് അനുഭവിപ്പിക്കുന്നു. പതിനേഴു ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്തകം അതിർത്തികൾ ഭേദിച്ചവരുടെ വ്യഥകളാണ് ചർച്ച ചെയ്യുന്നത്.

ഇറാനിൽ നിന്ന് അമേരിക്കയിൽ എത്തി എഴുത്തുകാരിയായിത്തീർന്ന പൊറോച്ചിസ്ത്വ ഖാക്‌ബോർട് (Porochista Khakpour) കുടിയേറ്റ ജീവിതത്തിന്റെ പതിമൂന്നു ചിത്രങ്ങൾ ഓർത്തെടുക്കുന്ന ലേഖനമാണ് ‘13 ways of Being An Immigrant'. സ്‌കൂളിൽ പഠിച്ചിരുന്ന കാലം തൊട്ടേ അമേരിക്കക്കാർക്കുള്ള പരിഗണന തനിക്ക് ലഭിക്കാതെ വരുന്നതിന്റെ മാനസികസംഘർഷത്തെ ഈ എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു. പത്തൊൻപതാം വയസ്സിലും ഇരുപതാം വയസ്സിലും അമേരിക്കയിൽവെച്ചു ബലാൽസംഗത്തിനു വിധേയയായ പൊറോച്ചിസ്ത്വയെ 9/11നു ശേഷമുള്ള അമേരിക്കയിലെ ജീവിതം, അഭയാർത്ഥിയായി പല രാജ്യങ്ങളിൽ വസിച്ച തിക്താനുഭവങ്ങളെ ഓർമപ്പെടുത്തിയത്രെ.

പൊറോച്ചിസ്ത്വ ഖാക്‌ബോർട്

അമേരിക്കക്കാർ പ്രാഥമികതലത്തിലുള്ള നിയമങ്ങൾ തെറ്റിച്ചാലും അധികൃതർ കണ്ണടയ്ക്കാറാണ് പതിവ്. എന്നാൽ വന്നുതാമസിക്കുന്നവരോടുള്ള മനോഭാവം മിക്കാവാറും ഇതിനു വിപരീതമാണ് എന്നും ലേഖിക ഊന്നിപ്പറയുന്നു. ഇറാനിലെ ഭീതിജനകമായ അന്തരീക്ഷത്തിൽ ജീവിച്ചുകൊണ്ടിരുന്നപ്പോൾ സ്വപ്നതുല്യമായിരുന്ന അമേരിക്കയുടെ യഥാർത്ഥത്തിലുള്ള അവസ്ഥ അതല്ലായെന്നു അവർക്ക് ബോധ്യപ്പെടുന്നു. കൗമാരത്തിൽ ആത്മഹത്യാപ്രവണത പ്രകടമാക്കിയിരുന്ന എഴുത്തുകാരി, യൗവനത്തിലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. നാല്പതുവയസ്സിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും ആ ആലോചന മനസ്സിൽ നിന്ന് മായുന്നില്ല എന്ന് പറയുമ്പോൾ, സ്വാസ്ഥ്യം ഇല്ലാത്ത ജീവിതത്തിന്റെ സൂചനയാണ് ലഭിക്കുന്നത്. പതിനാറുകൊല്ലമായി അമേരിക്കയിൽ ജീവിക്കുന്ന ഇറാൻകാരിയുടെ പതിമൂന്നു കാഴ്ചപ്പാടുകളെയാണ് ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നത്.

‘സാമ്പത്തിക കുടിയേറ്റക്കാർ'

രണ്ടാംകിട പൗരർ ആയി കണക്കാക്കുന്ന കുടിയേറ്റക്കാരുടെ സ്ഥിതി കുടിയേറുന്ന രാജ്യങ്ങളിലെല്ലാം ഒരേപോലെയാണെന്ന്​ ബ്രിട്ടനിലെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മറീന ലെവിറ്റ്‌സ്‌ക എന്ന ഉക്രൈൻ വംശജയായ എഴുത്തുകാരി ‘Refugees and Exiles' എന്ന ലേഖനത്തിൽ വിശദമാക്കാൻ ശ്രമിക്കുന്നു. ‘A Short History of Tractors in Ukrainian' എന്ന ഇവരുടെ നോവൽ ശ്രദ്ധേയമാണ്. രണ്ടാം ലോകയുദ്ധം അവസാനിച്ചുകഴിഞ്ഞ്, ജർമനിയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് മറീന ജനിച്ചത്.

മറീന ലെവിറ്റ്‌സ്‌ക

കുഞ്ഞുങ്ങളെ ഇരുത്തി ഉരുട്ടിക്കൊണ്ടുപോകുന്ന വാഹനത്തിലിരുന്നുള്ള ഒരു ഫോട്ടോയാണ് അക്കാലത്തെ ഓർമയെ ഉദ്ദീപിപ്പിക്കുന്നത്. അഭയാർത്ഥികളെ സാമ്പത്തികാവശ്യങ്ങൾക്ക് വേണ്ടി കുടിയേറ്റം നടത്തിയവരായി കണ്ടുതുടങ്ങിയ ബ്രിട്ടീഷ് രീതിയെയാണ് മറീന എടുത്തുകാണിക്കുന്നത്. രണ്ടു ലോകയുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച അച്ഛനമ്മമാരോടൊപ്പം 1950കളിൽ, തന്റെ രണ്ടാം വയസ്സിലാണ് മറീന ഇംഗ്ലണ്ടിൽ എത്തിയത്. തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പറ്റി മറ്റാരും അറിയരുതെന്ന് വാശിയുള്ളവരായിരുന്നു മറീനയുടെ അച്ഛനും അമ്മയും. സ്‌കൂളിലും മറ്റും നേരിട്ടിരുന്ന അവഗണനയെ മറികടക്കാനെന്നോണം ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ മറീന നിശ്ചയിച്ചു. ക്രമേണ കുടിയേറ്റക്കാരോടുള്ള തദ്ദേശീയരുടെ മനഃസ്ഥിതിക്ക് വ്യത്യാസം വരികയും വെറുപ്പിന്റെ അണുക്കൾ പടരാൻ ആരംഭിക്കുകയും ചെയ്തു. അഭയാർത്ഥി എന്ന പദം മനഃപൂർവം മറന്നുകൊണ്ട് ‘സാമ്പത്തിക കുടിയേറ്റക്കാർ'ക്ക് മാധ്യമങ്ങളും സമൂഹവും മുൻഗണന നൽകി. രാഷ്ട്രീയചായ്​വുകളും അടിയൊഴുക്കുകളും പ്രായേണ അന്യരാഷ്ട്രക്കാർക്കെതിരെ പ്രവർത്തിച്ചു തുടങ്ങി. ഈ അന്തരീക്ഷത്തിൽ എഴുത്തിന്റെ വഴിയിലൂടെ നീങ്ങുന്ന മറീനയുടെ ചിന്തയാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
വിയറ്റ്നാമിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വു ട്രാൻ താൻ ഒരു അഭയാർത്ഥി അല്ലായെന്നും കുടിയേറ്റക്കാരനാണെന്നും വിശ്വസിച്ചിരുന്നു. അഞ്ചാം വയസ്സിൽ അമേരിക്കയിലെത്തിച്ചേർന്ന അയാൾ, തൊണ്ണൂറു യാത്രക്കാർക്കൊപ്പം ആറുദിവസം നീണ്ടു നിന്ന കടൽയാത്രയെ കുറിച്ചും അതിനും മുന്നേ ഒറ്റയ്ക്ക് പലായനം ചെയ്ത അച്ഛനെ പറ്റിയും ‘A Refugee Again' എന്ന ലേഖനത്തിൽ വിവരിക്കുന്നു. കടൽ യാത്ര അവസാനിച്ചത് ഒരു മലേഷ്യൻ ദ്വീപിലായിരുന്നു. അവിടെ നാലുമാസത്തെ ദുരിതജീവിതം. അതും കഴിഞ്ഞാണ് അമേരിക്കയിലേക്കുള്ള കപ്പൽ കേറുന്നത്. മലേഷ്യയിൽ വെച്ച്, അഞ്ചു വർഷത്തിന് ശേഷം അച്ഛനെ കാണുകയും ചെയ്തു. അഭയാർത്ഥിയുടെ ജീവിതാനുഭവങ്ങളാണ് തന്നിലെ എഴുത്തുകാരനെ പരുവപ്പെടുത്തിയത് എന്നും എഴുത്തുകാരനായി മാറിയതിനു ശേഷം ‘അഭയാർത്ഥി' എന്നവകാശപ്പെടുന്നതിൽ ഊറ്റം കൊള്ളാൻ സാധിച്ചതെന്നും വു സമ്മതിക്കുന്നു.

അപരിചിതരായിത്തീർന്ന അച്ഛനമ്മമാർ

നാസി തേർവാഴ്ചയുടെ കാലത്ത് ജൂതന്മാർ അവരുടെ വസ്ത്രങ്ങളിൽ മഞ്ഞ നക്ഷത്രചിഹ്നങ്ങൾ അണിയണമെന്ന കർശന വ്യവസ്ഥയുണ്ടായിരുന്നു. ജൂതന്മാരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്താനുള്ള ഇത്തരം നിയമങ്ങൾ പ്രയോഗിക്കാതെ തന്നെ അഭയാർത്ഥികളെ വേർതിരിച്ചുവ്യക്തമാക്കാൻ സാധിക്കും. ‘ആരാണ് അഭയാർത്ഥി' എന്ന ചോദ്യം കാഴ്ചയുടെ തലത്തിൽ പ്രസക്തമല്ല;എന്നാൽ അതൊരു ആശയപരമായ ചോദ്യമാണുതാനും.വേറിട്ട മാനങ്ങളുള്ള പ്രസ്തുതചോദ്യത്തിനു ഉത്തരം അഭയാർത്ഥിയുടെ സാഹചര്യമനുസരിച്ചു മാറുകയും ചെയ്യും. ഹോളോകോസ്റ്റ് അതിജീവിച്ചവരും ഇറാനിലും സിറിയയിലും നിന്നും പലായനം ചെയ്തവരും വ്യത്യസ്ത തരത്തിലാകും ഈ ചോദ്യത്തെ നേരിടുന്നത്. അവരെ പല തരത്തിലും അനാഥരെപ്പോലെ കരുതണം എന്നാണ് വു ട്രാന്റെ അഭിപ്രായം. വീടും നാടും കുടുംബവും ഉപേക്ഷിച്ച് അനിശ്ചിതത്വത്തിലൂടെ കടന്നു പോകുന്നവർക്ക് അനാഥത്വവും ഏകാന്തതയും മാത്രമേ കൂട്ടായിട്ടുള്ളു. വിവിധ കലർപ്പുകളെ സന്നിവേശിപ്പിക്കേണ്ട കല - സാംസ്‌കാരികമായും സാമൂഹികമായും - അഭ്യസിക്കേണ്ടി വരുന്നത് ഒരാവശ്യകതയാവുന്ന അഭയാർത്ഥികളെ കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. എന്നാൽ പൊതുസമൂഹം എപ്പോഴും അഭയാർത്ഥികളെ ഹാർദ്ദമായി സ്വാഗതം ചെയ്യുമെന്ന് തോന്നുന്നില്ല. ചിലരെങ്കിലും മറ്റേതോ ഗ്രഹത്തിൽ നിന്ന് വരുന്ന പ്രേതജീവികളെപ്പോലെ അവരെ കരുതുന്നു. അപരരായി കണ്ടുകൊണ്ട്, അവരെ അന്യവൽക്കരിക്കാനുള്ള ശ്രമവും ഇതിനോട് ചേർത്ത് വായിക്കണം. ഏതോ പുരാതനമായ ഭൂതകാലത്തിന്റെ അവശേഷിപ്പുകളുടെ ആവിഷ്‌കാരമായോ വരാനിരിക്കുന്ന വിപത്തിനെ സൂചിപ്പിക്കുന്ന ബിംബമായോ അഭയാർത്ഥികളെ കാണുന്നവരും കുറവല്ല. പരിഷ്‌കൃതലോകത്തിന്റെ ഭിന്നതയാർന്ന സഹൃദയത്വത്തോട് താദാത്മ്യം പ്രാപിക്കുക എന്നതാണ് അഭയാർത്ഥികളുടെ മുന്നിലെ ഒരു വെല്ലുവിളി. ഇത്തരം സമീപനങ്ങളും, സുരക്ഷിതയിടം തേടിയുള്ള അലച്ചിലും, നിരന്തരമായുള്ള സ്ഥാനചലനങ്ങളും , സ്വന്തം വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ഇടചേർന്നു സന്ദേഹത്തിന്റെ സന്ദിഗ്ധതയുടെയും റിപ്പബ്ലിക്കിലാണ് അവർ നില കൊള്ളുന്നത്. സ്വത്വബോധം, ലക്ഷ്യം, ആഗ്രഹം എന്നിവ ഇപ്പോളുള്ള സ്ഥലത്തിന്റെ പ്രതിസന്ധികളുമായി ലയിച്ചു ചേരാത്തതിന്റെ അവ്യക്തത അവരുടെ നോക്കിലും വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കാറുണ്ട്.

സന്തോഷകരമായ ബാല്യം ഓർമയിൽ പോലും ഉണ്ടാകാത്ത മെക്‌സിക്കൻ എഴുത്തുകാരിയായ റെയ്ന ഗ്രാൻഡെയുടെ അച്ഛൻ അവർക്ക് രണ്ടുവയസ്സുള്ളപ്പോളാണ് അമേരിക്കയിലേക്ക് പലായനം ചെയ്യുന്നത്. എട്ടുവർഷങ്ങൾക്ക് ശേഷം കുടുംബത്തെ കൂട്ടിക്കൊണ്ടുപോകാൻ വന്ന അപരിചിതനായ ആ മധ്യവയസ്‌ക്കൻ തന്റെ അച്ഛൻ ആണെന്ന് മറ്റുള്ളവർ പറഞ്ഞപ്പോൾ മാത്രമാണ് റെയ്ന ഉറപ്പിക്കുന്നത്. മെക്‌സിക്കോയിലെ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടർന്ന് 1977ൽ നാടുവിട്ടു പോയ അച്ഛൻ റെയ്നയെ സംബന്ധിച്ചിടത്തോളം കറുപ്പിലും വെളുപ്പിലുമുള്ള ഒരു ചെറിയ ചിത്രം മാത്രമായിരുന്നു. നാലുവയസ്സായപ്പോൾ അമ്മ ഉപേക്ഷിച്ചു പോയതിന്റെ നടുക്കം ആ കുഞ്ഞുമനസ്സിനു തങ്ങൾ സാധിച്ചിരുന്നില്ല. ബന്ധുക്കളുടെ കൂടെ കഴിയേണ്ടി വന്ന അവളെ പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് കൂട്ടിക്കൊണ്ടുപ്പോകാനായി അച്ഛൻ വരുന്നത് അനൗദ്യോഗികമായ രീതികളിലൂടെ, ശരിയല്ലാത്ത വഴികളിലൂടെ ആയിരുന്നു അവരുടെ രക്ഷപ്പെടൽ. അതിർത്തികളിൽ വെച്ച് അച്ഛൻ റെയ്നയെ അയാളുടെ പുറത്തേറ്റുമായിരുന്നു. ജീവിതം പടുത്തുയർത്താനായിരുന്നില്ല, മറിച്ച് ജീവിതം നില നിൽക്കാനായിരുന്നു അവർ മെക്‌സിക്കോയിൽ നിന്ന് യാത്രയായത്. ഒരുമിച്ചു രക്ഷപെടാൻ കഴിയാതിരുന്ന കുടുംബം ഒറ്റയ്ക്കും തെറ്റയ്ക്കും അപകടകരമായ സന്ധികളിലൂടെ നീങ്ങി ഒടുവിൽ ഒരുമിക്കുന്ന ‘തിരക്കഥ' ആണ് റെയ്‌നയ്ക്ക് വിവരിക്കാനുള്ളത്. എന്തിരുന്നാലും ഔദ്യോഗികമായ ചിട്ടവട്ടങ്ങൾ അനുസരിച്ച മറ്റൊരു രാജ്യത്തിലേക്ക് പലായനം ചെയ്യുന്നവരും അല്ലാത്തവരും അനുഭവിക്കുന്ന മാനസികാഘാതത്തിന്റെ ആഴം ഏതാണ്ട് തുല്യമാണ് എന്നാണ് റെയ്ന നിരീക്ഷിക്കുന്നത്. മകളെ അച്ഛനമ്മമാർ ഉപേക്ഷിക്കുമോ അതോ മറക്കുമോ എന്ന ഭയാശങ്കയിൽ ബാല്യം കഴിച്ചുകൂട്ടേണ്ടി വന്ന റെയ്‌ന ഒരു ഉദാഹരണം മാത്രമാണ്. അഭയാർഥികളുടെ ലോകം റെയ്നമാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട. കാലങ്ങളുടെ ഇടവേള കഴിഞ്ഞു ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ചപ്പോൾ അച്ഛനമ്മമാർ അപരിചിതരായി മാറിയതാണ് പലായനത്തിന് പ്രതിസന്ധി എന്ന് റെയ്നയുടെ നിഗമനം ഗൗരവമുള്ളതാണ്. ഇതുകൂടാതെ, പുതിയ രാജ്യത്തിന്റെ ശൈലികളിലേക്ക് പെട്ടെന്ന് ഇഴുകിച്ചേർന്ന റെയ്ന മാതാപിതാക്കളിൽ നിന്ന് കൂടുതൽ അകന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഗതിവിഗതികളാണ് ‘The Parent Who Stays' എന്ന ലേഖനത്തിൽ അവർ വ്യക്തമാക്കുന്നത്.
കുറഞ്ഞത് പതിനൊന്നു ദശലക്ഷത്തോളം ‘നുഴഞ്ഞുകയറ്റുകാരെ' അമേരിക്കയിൽ നിന്ന് മെക്‌സിക്കോയിലേക്ക് പടിയടച്ചു പിണ്ഡം വെയ്ക്കുകയും മതിൽ കെട്ടി അവരെ തിരിച്ചു വരാൻ കഴിയാത്ത വിധത്തിലാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവതരിപ്പിച്ചത്. മതിൽ നിർമിക്കുന്നതിനുള്ള ചെലവ് മെക്‌സിക്കോ വഹിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ട്രംപിന്റെ ഈ പ്രസ്താവന എതിർക്കുകയാണ് അർജന്റീന -ചിലി വംശജനായ എഴുത്തുകാരൻ ഏരിയൽ ഡോർഫ്മാൻ, ‘ How Succulent Food Defeated Trump's Wall Before It Has Been Built' എന്ന ലേഖനത്തിലൂടെ.

എന്താണ് രാഷ്ട്രം? ആരാണ് പൗരർ?

എന്താണ് രാഷ്ട്രം? ആരാണ് പൗരർ? എവിടെയാണ് നമ്മൾ ഒരു ഭാഗമായിത്തീരുന്നത്? എങ്ങനെയാണ് നാം പരസ്പരം കടപ്പെട്ടിരിക്കുന്നത്? എന്തിന്​ നമ്മൾ നമ്മുടേതായ രീതിയിൽ സംഘട്ടനം നടത്തുന്നു? എന്നിങ്ങനെയുള്ള പതിവുചോദ്യങ്ങൾക്ക് പ്രായോഗികവും ആശ്യാത്മകവുമായ ഉത്തരങ്ങൾ കണ്ടുപിടിക്കുന്ന എഴുത്തുകാരനെയാണ് കാനഡയിൽ വേരുറപ്പിച്ചു ലാത്വിയൻ പാരമ്പര്യമുള്ള ഡേവിഡ് ബെസ്മോസ്ഗിസിൽ (David Bezmozgiz) കാണാനാവുന്നത്. അഭയാർത്ഥികളുടെ കാഴ്ചപ്പാടിൽ ഓരോ ചോദ്യവും ഓരോ ജീവിതാധ്യായമാണ്. അവരുടെ ശരീരഭാഷയും വികാരവിചാരങ്ങളും മിക്കപ്പോഴും ഒന്നുതന്നെയാണ്. പല വിധത്തിൽ അതിർത്തി ഭേദിച്ച് പുതിയ രാജ്യത്ത് എത്തിയവരുടെ അമ്പരപ്പും അങ്കലാപ്പും സമാനമായിരിക്കും. അതിനാൽ, വാർപ്പുമാതൃകയിൽ തയ്യാറാക്കിയ ഉത്തരങ്ങൾ അവിടെ പൂർണമായും ശരിയാവുകയില്ല. സ്വദേശത്തുനിന്ന്​ പലായനം ചെയ്യുന്ന വേളയിൽ ഉറ്റവരോടുള്ള യാത്രപറച്ചിൽ അവരെ സംബന്ധിച്ച്​ മടക്കയാത്രയില്ലാത്ത ഒരു വിടവാങ്ങലാണ്. അഭയാർഥികളുടെ പലായനരീതിയും മനുഷ്യക്കടത്തു നടത്തുന്ന ഇടനിലക്കാരുടെ വ്യവഹാരങ്ങളും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പൊതുസ്വഭാവമാണ് വച്ചുപുലർത്തുന്നത്. ശുഷ്‌കിച്ച ശരീരവും, അരണ്ട കണ്ണുകളും, നരച്ച വേഷവുമായി അതിർത്തികൾ താണ്ടുന്നവർ വീടും നാടും ഉപേക്ഷിച്ച് രണ്ടാം നാട്ടിലേക്കു ഭ്രാന്തമായി നീങ്ങുന്ന കാഴ്ച ലോകത്തിന്റെ പല അതിരുകളിലും കാണാം. രാവെന്നോ പകലെന്നോ ഭേദമില്ലാതെ കുന്നെന്നോ കടലെന്നോ ചിന്തയില്ലാതെ ‘പ്രതീക്ഷയുടെ ലോകം' സ്വപ്നമാക്കിക്കൊണ്ട് നടക്കുന്നവർ വാഗ്ദത്തഭൂമിയുടെ താക്കോലുകൾക്കായി കാത്തുനിൽക്കുന്നരാണ്. സിദ്ധാന്തങ്ങളും യൂട്ടോപ്യയും പുസ്തകങ്ങളിലേക്ക് ഒളിപ്പിച്ചു വെച്ചുകൊണ്ട് മരുഭൂമിയും മഹാസമുദ്രവും മഹാശൈലവും കാലുകൾ കൊണ്ട് കീഴടക്കുന്ന മനുഷ്യവർഗ്ഗമാണ് പലായനം ചെയ്യുന്നവർ.

ടീബോയ്

വിയറ്റ്‌നാമിൽ നിന്നുള്ള ടീബോയ് (Thi Bui) എന്ന കാർട്ടൂണിസ്റ്റ് എഴുതിയ ‘ Perspective And What Get Lost' ൽ ചിത്രങ്ങളിലൂടെ അഭയാർത്ഥികളുടെ കാഴ്ചപ്പാടും എന്താണ് നഷ്ടപ്പെട്ടതെന്നും സംവദിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വരകളിലൂടെ സ്മൃതിചിത്രങ്ങൾ (Graphic Memoir) രചിക്കുന്നതിൽ പ്രസിദ്ധയാണ് അവർ. കപ്പലുകളിലും പായവഞ്ചികളിലുമായി തെക്കുകിഴക്കേ ഏഷ്യയിൽ നിന്ന് പലായനം ചെയ്തിരുന്ന ‘Boat People' ൽ പെട്ട അഭയാർത്ഥിയായിരുന്നു ടീബോയ്.

പലായനത്തിന്റെ ചരിത്രം മനുഷ്യവംശത്തിന്റെ പിറവി മുതലെ തുടങ്ങിയിട്ടുള്ളതാണ്. ഏതാണ്ട് 70,000 വർഷം മുന്നേയായിരുന്നു ആഫ്രിക്കയിൽ നിന്ന് പുറത്തേക്കുള്ള വിജയകരമായ പലായനം രേഖപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ അത് അനുസ്യൂതം തുടരുന്നു. സംഘർഷത്തിന്റെയും പീഡനത്തിന്റെയും ഭാരം ഇറക്കി വെക്കാൻ അതിർത്തികളാവുന്ന വാതിലുകൾ ഏതുവിധേനയും തുറന്നുകൊണ്ട് രക്ഷപെടാൻ ശ്രമിക്കുന്നവരുടെ ചിത്രമാണ് അഭയാർത്ഥികളുടേത്​; നിയമവും നീതിയും തമ്മിലുള്ള മത്സരങ്ങൾക്കിടയിലും അതിർത്തികൾ ഭേദിക്കപ്പെടുകയാണ്.

Comments