ഇരകളുടെ കെ.ജി. ജോർജ്ജിയൻ മാനിഫെസ്റ്റോ

1985 ൽ ഇറങ്ങിയ ഇരകൾ മുപ്പത്തിയേഴ് വർഷങ്ങൾക്കിപ്പുറവും പ്രമേയത്തിന്റെ വ്യത്യസ്തതയും അവതരണത്തിന്റെ മികവും കൊണ്ട് കാലഘട്ടത്തെ അതിജീവിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. മനുഷ്യമനസ്സിൽ അന്തർലീനമായി കിടക്കുന്ന വയലൻസിനെ അനാവരണം ചെയ്യുന്ന ചലച്ചിത്രങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുപോലെ സാമൂഹ്യശാസ്ത്രപരവും രാഷ്ട്രീയവുമായ വിവക്ഷകളോടെ വയലൻസിനെ അപഗ്രഥിക്കുന്ന സിനിമകൾ അധികം ഉണ്ടായിട്ടില്ല. മികച്ച മനഃശാസ്ത്ര സിനിമ ആയിരിക്കവേ തന്നെ കേവലം മനഃശാസ്ത്രപരം എന്നതിലുപരി രാഷ്ട്രീയപരമായി തന്നെ കുടുംബത്തേയും ഭരണകൂടത്തേയും വിശകലനാത്മകമായി സമീപിക്കുന്നതാണ് ഇരകൾ എന്ന സിനിമയിൽ കെ.ജി ജോർജ്ജ് അവലംബിക്കുന്ന രീതി.

രേയും കൂസാതെ സ്വന്തം സിനിമാവഴിയിൽ ഉറച്ചുനിന്ന് മലയാളത്തിന് എക്കാലവും എടുത്തുപറയാൻ പറ്റിയ ചലച്ചിത്രങ്ങൾ സമ്മാനിച്ച മാസ്റ്റർ ക്രാഫ്റ്റ്‌സ്മാനാണ് കെ ജി ജോർജ്ജ്. മലയാളത്തിലെ ഏറ്റവും മികച്ച മുന്നോ നാലോ സംവിധായകരെ എടുത്താൽ അതിൽ ഒന്ന് ജോർജ്ജ് ആയിരിക്കുമെന്ന് സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ തന്നെ പറയുന്നുണ്ട് (Eight and a half intercuts : Life and Films of K G George-Documentary). മൗലികമായ ഭാവനയുടെ തിളക്കങ്ങൾ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലുമുണ്ട്. അതിനാൽത്തന്നെയാവും പുതുതലമുറ സിനിമാ സംവിധായകരിൽ ഏറ്റവുമധികം പിന്തുടരുന്ന ചലച്ചിത്രകാരൻ ജോർജ്ജ് ആവുന്നത്. സാഹിത്യസംബന്ധമായ രീതികളിൽ നിന്ന് അകന്നുനിന്ന് സിനിമ ചെയ്യുന്ന പുതുതലമുറ ചലച്ചിത്രപ്രവർത്തകരുടെ പാഠപുസ്തകമായി യവനികയും ഇരകളും ഉൾപ്പെടെയുള്ള ജോർജ്ജിന്റെ കൈയൊപ്പ് പതിഞ്ഞ മാസ്റ്റർവർക്കുകൾ ഇപ്പോഴും നിലകൊള്ളുന്നു. കാഴ്ചയുടെ പുതിയൊരു തലം കൂടെ ഓരോ തവണ വീക്ഷിക്കുമ്പോഴും പ്രേക്ഷകർക്ക് നൽകാൻ സാധിക്കുന്നിടത്താണ് ഇരകൾ എന്ന കെ ജി ജോർജ്ജ് ചിത്രം കാലാതിവർത്തിയായി മാറുന്നത്. ഇരകൾ നിർവ്വഹിക്കുന്ന സാമൂഹ്യമന:ശാസ്ത്ര വിശകലനമോ കഥാപാത്രങ്ങളുടെ മാനസിക-വൈകാരിക പ്രതികരണങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ അടിവേരുകൾ തേടിയുള്ള ഭാവനാത്മകമായ ആഖ്യാനത്തിന്റെ തിളക്കമോ അപൂർവം ചിത്രങ്ങളിലേ കാണാനാവൂ. ഒറിജിനൽ ആവുക എന്നത് ഫിലിം മേക്കിംഗിൽ അതീവശ്രമകരവും അതേസമയം പരമപ്രധാനവുമാകുന്നു.

മികച്ച ഏറെ സൃഷ്ടികൾ വെളിച്ചം കണ്ട എൺപതുകളിലെ ചലച്ചിത്രങ്ങളോടാണ് മലയാളത്തിൽ പിന്നീട് ഇറങ്ങിയ സിനിമകൾ പലപ്പോഴും താരതമ്യം ചെയ്യപ്പെടാറുള്ളത്. 1985 ൽ ഇറങ്ങിയ ഇരകൾ എന്ന കെ ജി ജോർജ്ജ് സിനിമ മുപ്പത്തിയേഴ് വർഷങ്ങൾക്കിപ്പുറവും പ്രമേയത്തിന്റെ വ്യത്യസ്തതയും അവതരണത്തിന്റെ മികവും കൊണ്ട് കാലഘട്ടത്തെ അതിജീവിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. മനുഷ്യമനസ്സിൽ അന്തർലീനമായി കിടക്കുന്ന വയലൻസിനെ അനാവരണം ചെയ്യുന്ന ചലച്ചിത്രങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുപോലെ സാമൂഹ്യശാസ്ത്രപരവും രാഷ്ട്രീയവുമായ വിവക്ഷകളോടെ വയലൻസിനെ അപഗ്രഥിക്കുന്ന സിനിമകൾ അധികം ഉണ്ടായിട്ടില്ല. മികച്ച മനഃശാസ്ത്ര സിനിമ ആയിരിക്കവേ തന്നെ കേവലം മനഃശാസ്ത്രപരം എന്നതിലുപരി രാഷ്ട്രീയപരമായി തന്നെ കുടുംബത്തേയും ഭരണകൂടത്തേയും വിശകലനാത്മകമായി സമീപിക്കുന്നതാണ് ഇരകൾ എന്ന സിനിമയിൽ കെ ജി ജോർജ്ജ് അവലംബിക്കുന്ന രീതി. ഉന്നത നിലവാരത്തിലുള്ള ഒരു സൃഷ്ടിയായി അഭിമാനത്തോടെ അടയാളപ്പെടുത്താൻ മലയാളികളായ ചലച്ചിത്രപ്രേമികൾക്ക് അവസരമൊരുക്കുന്നു ഈ സിനിമ. കുടുംബം എന്ന സ്ഥാപനത്തെ പ്രശ്‌നവത്കരിക്കുക വഴി അതു ഭരണകൂടത്തെത്തന്നെയാണ് വിശകലനം ചെയ്യുന്നത്. ആദർശവത്കൃതമായ സങ്കൽപ്പങ്ങളാൽ മറച്ചുവയ്ക്കപ്പെട്ട കുടുംബഘടനയുടെ അധികാരസ്വഭാവത്തെ നേരിട്ടനുഭവപ്പടുത്തുന്നുണ്ട് സിനിമ.

ഇതൊരു പൊളിറ്റിക്കൽ സിനിമയാണെന്ന് സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്. അടിച്ചമർത്തപ്പെടുന്ന കുടുംബാംഗങ്ങളുടെ അവസ്ഥ ഒരു പാട്രിയാർക്കൽ സമൂഹത്തിൽ സമഗ്രാധിപത്യത്തിനു കീഴെ വളരുന്ന ജനങ്ങളുടെ അവസ്ഥയോട് സമാനസ്വഭാവമുള്ളതാണ്. ഇന്ദിരാഗാന്ധിയുടെ വധവും അതിന്റെ ചരിത്രപശ്ചാത്തലവും സംബന്ധിച്ച ആലോചനകളാണ് ഈ ചിത്രത്തിന്റെ പിറകിൽ എന്നും അടിയന്തരാവസ്ഥക്കാലത്തെ സഞ്ജയ്ഗാന്ധിയുടെ സ്വഭാവത്തിലെ അംശങ്ങളാണ് ഇരകളിലെ ബേബിക്കുള്ളതെന്നും സംവിധായകൻ തന്നെ വെളിപ്പെടുത്തിയതാണ്. (മാതൃഭൂമി ഓണപ്പതിപ്പ് 2004- കെ ജി ജോർജ്ജ് / കെ ബി വേണു). അധികാരപ്രയോഗം, അക്രമം, മനുഷ്യാവകാശലംഘനം തുടങ്ങിയവ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ആവിഷ്‌കരിക്കപ്പെടുന്നതെങ്കിലും രചനാകാലത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവുമായി ചേർത്തു വെയ്ക്കുമ്പോൾ അതു വലിയ രാഷ്ട്രീയവിവക്ഷകളിലേയ്ക്ക് വളരുന്നുണ്ട്. വ്യക്തിയിലൂടെ കുടുംബത്തെ മുൻനിർത്തി കഥ പറയുമ്പോഴും അത് സമൂഹത്തിന്റെ കൃത്യമായ പരിഛേദത്തെ മുന്നോട്ടുവയ്ക്കുന്നതിൽ അതിഗംഭീരമായി വിജയിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ ഹിസാംത്മകമായ സാമൂഹ്യ അന്തരീക്ഷം മാത്തുക്കുട്ടി എന്ന പിതാവിന്റെ അധികാരപ്രയോഗങ്ങളുള്ള കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണിവിടെ. ഈ അർത്ഥത്തിൽ സിനിമ അക്രമാസക്തമാകുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയെ അഭിസംബോധന ചെയ്യുന്ന അലിഗറി ആയി വിലയിരുത്താവുന്നതാണ്. മാത്തുക്കുട്ടിയുടെ ഹിംസാത്മകമായ ചെയ്തികളുടെ ഉത്പന്നം തന്നെയായ ബേബി പിതാവിന്റെ തന്നെ തോക്കിനിരയാകുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ഭരണകൂടം അതിനു നേരെ നീങ്ങുന്ന അതിന്റെ തന്നെ പ്രജകളെ നിർദ്ദയം കൊന്നുതള്ളിയാണ് ചരിത്രത്തിൽ പ്രവർത്തനക്ഷമമായിട്ടുള്ളത്. "പഞ്ചവടിപ്പാലത്തേക്കാൾ മികച്ച രാഷ്ട്രീയസിനിമയായി ഇരകളെ വിലയിരുത്തേണ്ടതാണ്. കാരണം ,ആത്യന്തികമായി വയലൻസിന്റെ രാഷ്ട്രീയ ഉറവകളെക്കുറിച്ചാണ് ആ സിനിമ ' എന്ന് ചലച്ചിത്രപ്രവർത്തകനും നിരൂപകനുമായ കെ ബി വേണു ഈ സിനിമയെക്കുറിച്ച് എഴുതിയത് കൃത്യമാണ്(കെ.ജി.ജോർജ്ജിന്റെ ചലച്ചിത്രയാത്രകൾ).

കാശുകൊണ്ടും സ്വാധീനം കൊണ്ടും എന്തും നേടാമെന്ന് കരുതുന്ന മുതലാളിയാണ് പാലക്കുന്നേൽ മാത്യുസ് എന്ന മാത്തുക്കുട്ടി (തിലകൻ). ഒരു പ്രമുഖ ധനിക ക്രിസ്തീയ കുടുംബത്തിന്റെ ചോദ്യംചെയ്യപ്പെടാത്ത നാഥനുമാണ് അയാൾ. ബലപ്രയോഗം കൊണ്ടും സ്വാധീനം കൊണ്ടും എല്ലാം നേടിയെടുക്കാൻ ശ്രമിക്കുന്ന തികച്ചും പ്രായോഗികവാദിയായ ഒരാൾ. മൃഗങ്ങളെ കൊന്നും കാട് വെട്ടിത്തെളിച്ചും തോട്ടങ്ങൾ ഉണ്ടാക്കിയ മാത്യുവിന് നേതാക്കളെ പണംകൊടുത്തു പാട്ടിലാക്കി തൊഴിലാളിസമരങ്ങളെ വഴിതിരിച്ചുവിടാനും നന്നായറിയാം. മാത്തുക്കുട്ടിയുടെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് നടപ്പിലാക്കാൻ സമർത്ഥനായ സഹായിയായി അനിയൻപിള്ള (ഇന്നസെന്റ്) എന്തിനും കൂടെത്തന്നെയുണ്ട്. മൂത്തമകൻ കോശി (പി.സി. ജോർജ്ജ്) അതേ പാതയിൽ ചരിക്കുന്ന ആളാണ്. അപ്പന്റെ അനുവാദത്തോടെ നടത്തുന്ന കള്ളക്കടത്തും മരംവെട്ടും കഞ്ചാവുകൃഷിയും കൂട്ടിനുണ്ട് അയാൾക്ക്. അതിന്റെ ഭാഗമായുള്ള ഗുണ്ടായിസവും. രണ്ടാമത്തെ മകൻ സണ്ണി (സുകുമാരൻ) സമ്പൂർണ മദ്യപാനിയാണ്. വിവാഹിതയായ മകൾ ആനി (ശ്രീവിദ്യ) പരപുരുഷബന്ധത്തിലും മദ്യത്തിലും ആസക്തയാണ് . തന്റെ ഭർത്താവിനെ (നെടുമുടി വേണു) അവൾ കാര്യമായി ഗൗനിക്കുന്നില്ല. ഇതെല്ലാം കണ്ട് ഇവർക്കിടയിൽ വളരുന്ന ഇളയ മകൻ ബേബി (ഗണേഷ് കുമാർ) ആണ് ഈ കഥയിലെ നായകൻ. അവന്റെ വിചാരവികാരങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. ബന്ധുവായ മെത്രാൻ (ഭരത് ഗോപി) മതപരവും സദാചാരപരവുമായ ഉപദേശങ്ങളിലൂടെ ഈ കുടുംബത്തെ നന്നാക്കാൻ ശ്രമിക്കുന്നുണ്ട്.

കെ.ജി ജോർജ് / ഫോട്ടോ: ലിജിൻ ജോസിന്റെ 81⁄2 ഇന്റർകട്ട്‌സ് ഡോക്യുമെന്ററിയിൽ നിന്ന്

കാശുകൊടുത്ത് എഞ്ചിനീറിങ്ങിനു ചേർന്ന ബേബി അവിടെ ഒരു ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി റാഗ് ചെയ്ത് മൃതപ്രായനാക്കിയതിന് കോളജിൽനിന്നും പുറത്താക്കപ്പെടുന്നു. കേസെല്ലാം ഉന്നതങ്ങളിലെ സ്വാധീനംകൊണ്ടും പണം കൊണ്ടും മാത്തുക്കുട്ടി ഒതുക്കുന്നു. പലപ്പോഴും ഭർത്താവുമായി പിണങ്ങി പെങ്ങൾ ആനി വീട്ടിലെത്തുന്നത് അടിമസമാനനായ ഭൃത്യൻ ഉണ്ണൂണ്ണി (മോഹൻ ജോസ് )യുമായി സംഗമിക്കാൻ കൂടിയാണെന്ന് മനസ്സിലാക്കിയ ബേബി ഉണ്ണൂണ്ണിയെ കൊന്ന് കെട്ടിത്തൂക്കുന്നു. കാമുകിയായ തന്റെ എസ്റ്റേറ്റിലെ തെഴിലാളിയുടെ മകൾ നിർമ്മലക്ക് (രാധ) വേറെ വിവാഹം എന്ന് കേട്ടപ്പോൾ ബേബി അക്രമാസക്തനാകുന്നു. സ്‌നേഹമായാലും പിടിച്ചെടുക്കാൻ മാത്രം ആഗ്രഹിക്കുന്ന പ്രകൃതമാണ് ബേബിയുടേത്. അവൾ ബാലൻ എന്ന കച്ചവടക്കാരനെ (വേണു നാഗവള്ളി) വിവാഹം ചെയ്യാൻ പോകുന്നു എന്നറിഞ്ഞ് ബേബി ബാലനെ രഹസ്യമായി കൊല്ലുന്നു. ഇക്കാര്യം അനുമാനിച്ചെടുത്ത നിർമല തന്റെ സംശയം പോലിസിനോട് പറയും എന്നറിയിക്കുന്നതോടെ അവളേയും കൊല്ലാൻ ബേബി ശ്രമിക്കുന്നു. നിർമല ചെറുത്തുനിന്നതിനാൽ അതു നടക്കുന്നില്ല. അതുകഴിഞ്ഞാണ് തനിക്ക് നാട്ടിലുള്ള ഒരേയൊരു സുഹൃത്തായ ടാപ്പിങ്ങ് തൊഴിലാളി രാഘവൻ (അശോകൻ) നിർമ്മലയെ കെട്ടാനൊരുങ്ങുന്നു എന്ന് ബേബി മനസ്സിലാക്കുന്നത്. അതറിഞ്ഞ ബേബി അവനെയും കൊല്ലാൻ ശ്രമിക്കുന്നു. അതിൽ പരാജയപ്പെട്ട ബേബി ഒരു ദിവസം ഒളിച്ചിരുന്ന ശേഷം രാത്രി സ്വന്തം വീട്ടിലെത്തുന്നു. എതിർത്ത സഹോദരൻ കോശിക്കുനേരെ വെടിവെക്കുന്നു. അതുകാണുന്ന അപ്പൻ മാത്തുക്കുട്ടിതന്നെ ബേബിയെ വെടിവെച്ചുകൊല്ലുന്നു.

പ്രമേയത്തിന്റെ സങ്കീർണസ്വഭാവത്തിലേക്ക് വാതിൽ തുറക്കുംവിധം ഞെട്ടലുളവാക്കുന്ന ഒരു സീനിലാണ് ചിത്രം ആരംഭിക്കുന്നത്. ഇലക്ട്രിക്ക് വയറിന്റെ വലിയ ചുരുളുകൾ കയ്യിലേന്തി എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിൽ രാത്രി ടേബിൾ ലാമ്പിനുമുമ്പിൽ ഇരിക്കുന്ന ബേബിയെ ആണ് ആദ്യദൃശ്യത്തിൽ പ്രേക്ഷകർ കാണുന്നത്. വയർചുരുളിൽ നിന്നും ഒരു കഷ്ണം വെട്ടിയെടുത്ത് പിരിച്ച് സ്വന്തം കഴുത്തിലിട്ട് മുറുക്കി കുരുക്ക് ദദ്രമാണോയെന്ന് പരീക്ഷിക്കുകയാണ് തുടർന്ന് അയാൾ. മേശവലിപ്പ് തുറന്ന് ഒരു കോമ്പസ് പുറത്തേക്കെടുത്ത് അതിന്റെ സൂചി വിരലിൽ കുത്തി രക്തം പുറത്തേക്ക് വരുത്തി ഭിത്തിയിൽ പതിച്ച ഒരു സ്ത്രീരൂപത്തിന്റെ നെറ്റിയിൽ ആ രക്തം പുരട്ടുന്നു അയാൾ. ഒട്ടും വേദന അനുഭവിക്കാത്തവിധം തൃപ്തികരമായ പ്രവൃത്തി എന്ന നിലയിലാണ് അയാളത് ചെയ്യുന്നത്. ബേബി എന്ന സൈക്കോപാത്തിന്റെ മാനസികാവസ്ഥ അനുയോജ്യമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ തന്നെ സംവിധായകൻ ആദ്യസീനിൽ അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്. അയാളുടെ ആന്തരികസംഘർഷവും വിദ്വേഷമനഃസ്ഥിയും പീഡനത്വരയും എല്ലാം ആ ഒരു സീനിൽ സന്നിഹിതമായിരിക്കുന്നുണ്ട്. തുടർന്ന് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുമ്പോഴും ചെറുത്തുനിൽക്കുന്ന വിദ്യാർത്ഥിയെ അക്രമിക്കുമ്പോഴും അവ ആ മാനസികാവസ്ഥയുടെ സ്വാഭാവികമായ അനുസ്യൂതിയായിത്തീരുന്നു.

ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് അവശനാക്കിയ കുറ്റത്തിന് പുറത്താക്കപ്പെട്ട് ബേബി വീട്ടിൽ തിരിച്ചെത്തുന്നു. ഇതോടെയാണ് പാലക്കുന്നേൽ കുടുംബത്തിന്റെ പശ്ചാത്തലം തുറന്നു കാട്ടപ്പെടുന്നത്. താൻ ജനിച്ച സമ്പന്ന കുടുംബത്തിലെ തെറ്റുകളും അക്രമവും കണ്ടാണ് അയാൾ വളരുന്നത്. സ്‌നേഹരാഹിത്യവും കാപട്യവുമാണ് കുടുബത്തിനകത്ത് അയാൾക്ക് ഫീൽ ചെയ്യുന്നത്. അതിന്റെ ഫലമായുള്ള ഏകാന്തതയും വിരക്തിയും അയാളെ വേട്ടയാടുന്നു. കുടുംബത്തിനകത്തും പുറത്തും, എതിർക്കുന്ന ആരേയും എന്തിനേയും പണംകൊണ്ടും മസിൽപവറുകൊണ്ടും കീഴടക്കി സമഗ്രാധിപത്യം സ്ഥാപിക്കുന്നയാളാണ് അയാളുടെ അപ്പൻ മാത്തുക്കുട്ടി. ആക്രമത്തെയും കൊള്ളരുതായ്മകളെയും ന്യായീകരിക്കുന്ന മാത്തുക്കുട്ടി തന്നെ വ്യവസ്ഥയുടെ നടത്തിപ്പുകാരനും അതേസമയം തന്നെ അതിന്റെ ഇരയുമാണ്. മറ്റുള്ളവർ സ്വാഭാവികമായും അതിന്റെ ബലിയാടുകളായി മാറുകയാണ്. വീട്ടിൽ കയറി വരുന്ന പോലീസ് ഉദ്യോഗസ്ഥനോടും മകളുടെ ഭർത്താവിനോടും അധികാരത്തിന്റേയും പ്രിവിലെജിന്റേയും ഭാഷയിലാണ് മാത്തുക്കുട്ടിയുടെ വിനിമയങ്ങൾ. മൂത്ത മകൻ കോശിയുടെ കഞ്ചാവ്കടത്ത് ഉൾപ്പടെയുള്ള കൊള്ളരുതായ്മകൾക്ക് കൂട്ടു നിൽക്കുന്ന അയാൾ മകനായ ബേബിക്ക് ഒരാലോചന പോലും ഇല്ലാതെ തോക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.

കുടുംബാംഗം ആയാൽപ്പോലും ഒരാളെ മർദ്ദിച്ച് തങ്ങളുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ അയാളും മകൻ കോശിയും മടിക്കുന്നില്ല. ഏതുവിധേനയും തന്റെ നിയമവിരുദ്ധ ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോവാൻ ശ്രമിക്കുന്ന കോശിയിൽ സദാ ഒരു ക്രിമിനൽ ഉണർന്നിരിക്കുന്നുണ്ട്. രണ്ടാമത്തെ മകൻ സണ്ണി സദാസമയവും മദ്യവും സേവിച്ച് വീട്ടിലിരിപ്പാണ്. അയാളുടെ മദ്യപാനം ജീവിതസംഘർഷത്തിൽനിന്നുള്ള ഒരു ഒളിച്ചോട്ടമാണെന്നത് സ്പഷ്ടമാണ്. മറ്റു പ്രത്യക്ഷമായ ദോഷങ്ങളില്ലെങ്കിലും അയാൾ ആത്മപീഡനത്വര ബാധിച്ച ഒരാളാണെന്നുകാണാം. സമഗ്രാധിപത്യ അന്തരീക്ഷത്തിൽ വളരുന്ന മനുഷ്യർക്ക് സംഭവിക്കുന്ന നിസ്സംഗതയും ചുണയില്ലായ്മയും ആ കഥാപാത്രത്തിലുണ്ട്. സഹോദരി ആനിയാകട്ടെ രതിബന്ധങ്ങളിൽ സമാധാനം കണ്ടെത്തുന്നവളാണ്. അവ പലപ്പോഴും വഴിവിട്ട ബന്ധങ്ങളുമാണ്. എന്നാൽ ആനിയുടെ ഈ പ്രവൃത്തിയെ കേവലമായ മോറൽ വിവക്ഷകളിൽ പരിചരിക്കാൻ സംവിധായകൻ തുനിയുന്നില്ല . ബേബിയുടെ വല്യപ്പച്ചൻ പാപ്പി (ചന്ദ്രൻ നായർ) ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. ശയ്യാവലംബിയായ അയാൾ ഓർമ്മകളിൽ ജീവിക്കുന്ന ഒരു വൃദ്ധനാണ്. ക്രിസ്തുമാർഗത്തിൽ വിശ്വാസമർപ്പിക്കുന്നവരാണ് അയാളും മാത്തുക്കുട്ടിയുടെ ഭാര്യയായ അച്ചാമ്മയും . പലതരം സ്വഭാവവൈചിത്ര്യങ്ങളുമുള്ള മറ്റു കഥാപാത്രങ്ങൾക്കിടയിൽ നോർമലായ കഥാപാത്രങ്ങളായി ഇവരെ പ്രേക്ഷകർക്ക് അനുഭവപ്പെട്ടേയ്ക്കും. തങ്ങളുടെ അഭിപ്രായങ്ങൾക്ക് വില ലഭിക്കാത്തതിൽ അസംതൃപ്തരായാണ് ഇരുവരും ആ കുടുംബത്തിൽ കഴിയുന്നത്.

പാലക്കുന്നേൽ മാത്തുക്കുട്ടി എന്ന പിതൃഅധികാരിയുടെ ധനമോഹത്തിന്റേയും അധാർമികമായ പ്രയോഗങ്ങളുടെയും ഇരകളാണ് ബേബി ഉൾപ്പെടെ ആ കുടുംബത്തിലെ എല്ലാവരും ,ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ. വിശാലാർത്ഥത്തിൽ പാലക്കുന്നേൽ മാത്തുക്കുട്ടി തന്നെയും നിലനിൽക്കുന്ന ജീവിതവ്യവസ്ഥയുടെ ഇരയാണ്. യഥാർത്ഥത്തിൽ ബേബി എന്ന എന്ന സൈക്കോപാത്തിനെ മാത്രമല്ല അയാളുടെ ജ്യേഷ്ഠൻ സണ്ണിയെന്ന മുഴുമദ്യപാനിയെ സൃഷ്ടിച്ചതും ഇതേ മാത്തുക്കുട്ടി തന്നെ. എസ്റ്റേറ്റ് മുതലാളിയായ അതിസമ്പന്നൻ തന്റെ ബിസിനസ്സ് അനുസരണയോടെ നോക്കി നടത്തി മക്കളും തന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നു. ഇതിൽ നിന്നും പുറത്ത് കടന്ന് നഗരത്തിലേക്ക് ചെന്ന് സ്വന്തമായി ഒരു ബിസിനസ് ചെയ്യണമെന്നതാണ് സണ്ണിയുടെ ആഗ്രഹം. എന്നാൽ താൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കില്ല എന്നാണ് അച്ഛനായ മാത്തുക്കുട്ടിയുടെ നിലപാട്. തന്റെ ആഗ്രഹങ്ങൾ ഒരിക്കലും നിറവേറപ്പെടില്ല എന്നറിയുന്ന സണ്ണി തന്റെതായ വഴികളിലൂടെ മുമ്പോട്ടുപോകാൻ തന്റേടമില്ലാതെ ഒരു മുഴു മദ്യപാനിയാകുകയാണ്.

ബേബിക്ക് കുടുംബത്തിൽ കുറച്ചെങ്കിലും അടുപ്പം തോന്നുന്നത് പാപ്പി എന്ന വല്യപ്പച്ചനോടാണെന്ന് കാണാം. വല്ല്യപ്പച്ചനോടുള്ള വിനിമയങ്ങളിൽ മാത്രമാണ് ബേബി നോർമലായി അനുഭവപ്പെടുന്നത്. അയാൾക്ക് ചെറുതായെങ്കിലും സ്‌നേഹം തോന്നുന്നതും വല്യപ്പച്ചനോട് മാത്രമാണ്. എന്നാൽ അപ്പനോടോ അമ്മച്ചിയോടോ സഹോദരീ സഹോദരങ്ങളോടോ ബേബിക്ക് സ്‌നേഹമോ അടുപ്പമോ തോന്നുന്നില്ല. സ്‌നേഹമെന്തന്നറിയാൻ , അനുഭവിക്കാൻ അയാൾക്കവിടെ സാധിക്കുന്നില്ല. "അവിടെ ആർക്കും ആരോടും സ്‌നേഹമില്ല ' എന്ന് മെത്രാനച്ചനോടും "അവിടെ എല്ലാവരും പരസ്പരം പറയുന്നത് കളവാണ്' എന്ന് സുഹൃത്ത് രാഘവനോടും ബേബി പറയുന്നുണ്ട്. മാനസികമായ അടുപ്പം ഇല്ലാത്ത അന്തരീക്ഷമാണ് ആ കുടുംബത്തിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് എന്ന് കാണാം. മദ്യത്തിൽ അഭയം കണ്ടെത്തുന്ന ജ്യേഷ്ഠൻ സണ്ണിയുടെ ഭാര്യ(കണ്ണൂർ ശ്രീലത) യിൽ നിന്ന് ബേബിക്ക് ലഭിക്കുന്നത് കാമാതുരമായ നോട്ടങ്ങളാണ്. കുടുംബത്തിന് പുറത്താകട്ടെ തന്നെ ആത്മാർത്ഥമായി സ്‌നേഹിച്ച നിർമലയോട് ആധിപത്യസ്വഭാവമുള്ള രതിബന്ധം മാത്രമേ ബേബിയ്ക്കു് സ്ഥാപിക്കാൻ കഴിയുന്നുള്ളൂ.

വളരെ യുക്തിഭദ്രമായ രീതിയിൽ വികസിക്കുന്ന സൈക്കോളജിക്കൽ ഡെപ്തുള്ള ഒരു തിരക്കഥയുടെ ആസ്പദം ഇവിടെ ചിത്രത്തിനുള്ളത് നമുക്ക് കണ്ടെത്താൻ വിഷമമില്ല. ഓരോ തവണ കാണുമ്പോഴും ചിത്രണത്തിന്റെ ആഴം കൂടുന്നതായി അനുഭവപ്പെടുന്നത് അതുകൊണ്ടാണ്. ഈ സിനിമയുടെ ഓരോ സീനും ഇത്തരത്തിൽ സൂക്ഷ്മമായ മനശാസ്ത്രവിശകലനത്തിന് സാധ്യത തുറന്നിടുന്നുണ്ട്. സകല കഥാപാത്രങ്ങളുടെ സൃഷ്ടിയിലും അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തിയിരിക്കുന്നുവെന്ന് കാണാം. കഥാപാത്രങ്ങൾ തമ്മിലുള്ള വിനിമയങ്ങളിലൂടെ അവർക്കിടയിലെ വൈകാരികബന്ധങ്ങളുടെ സവിശേഷത അനാവരണം ചെയ്യുന്നതിൽ കാണിച്ച കൃതഹസ്തത എടുത്തുപറയേണ്ടതാണ്. ശബ്ദങ്ങളും സിനിമാഖ്യാനത്തിൽ വലിയൊരു പങ്കുവഹിച്ചതായി കാണാം. വല്യപ്പച്ചൻ പാപ്പിയുടെ ഉച്ചത്തിലുള്ള ആത്മഗതങ്ങളും വെളിപാടുകളും ബേബിയോട് പറയുന്ന ജിവിതകഥകളും ഈ കുടുംബത്തിന്റെ ഭൂതകാലത്തിലേയ്ക്ക് വെളിച്ചം വീശാൻ സംവിധായകൻ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഈ ചിത്രത്തെ നിരൂപണം ചെയ്യവേ "ഭാഷയിലൂന്നിയുള്ള ശ്രവ്യഘടകങ്ങളെ അതിസൂക്ഷ്മമായി സിനിമയെന്ന ദൃശ്യകലയുടെ അർത്ഥനിർമിതിയിൽ പ്രയോജനപ്പെടുത്താൻ കെ ജി ജോർജിനു കഴിയുന്നു' എന്ന് ഡോ. ഷീബ എം കുര്യൻ (ദൃശ്യതാളം കെ ജി ജോർജ് പതിപ്പ്) നിരീക്ഷിക്കുന്നത് പ്രസക്തമാണ്.

ഇരകളിലെ കേന്ദ്രകഥാപാത്രമായ ബേബി അയാളുടെ ഓരോ പ്രവൃത്തിയിലൂടെയും, അയാൾ ചെയ്യുന്ന ഓരോ കൊലപാതകങ്ങളിലൂടെയും ചോദ്യം ചെയ്യുന്നത് സമൂഹത്തെ തന്നെയാണ്. സ്വന്തം സഹോദരിയുടെ അവിഹിതബന്ധത്തിൽ പങ്കാളിയായ വീട്ടുജോലിക്കാരനെ ബേബി കൊലപ്പെടുത്തുന്നുണ്ട്. എന്നാൽ അതിൽ പങ്കാളിയായ , അപഥസഞ്ചാരിണി എന്നു താൻ തന്നെ കരുതുന്ന സഹോദരിയെ വെറുതെ വിടുകയും ചെയ്യുന്നു. അയാളുടെ ഈ പ്രവൃത്തിയിൽ അയാളിൽ ഗുപ്താവസ്ഥയിലുള്ള ജാതിയും വർഗ്ഗവും പ്രവർത്തിക്കുന്നതായി കാണാം. പ്രായമായവരോട് സമൂഹത്തിന്റെ സമീപനം പാപ്പിയോടും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടും കുടുംബാംഗങ്ങൾ കാട്ടുന്ന അവഗണനയിൽ വായിക്കാം. അപ്പനായ പാപ്പി അരങ്ങൊഴിയാൻ മാത്തുക്കുട്ടി ഉള്ളാലെ ആഗ്രഹിക്കുമ്പോൾ മാത്തുക്കുട്ടി എന്ന ഏകാധിപതിയായ പാട്രിയാർക്കിന്റെ വിയോഗം അയാളുടെ മക്കളും അകമേ ആശിക്കുന്നു. പ്രണയത്തിലും ജീവിതം കെട്ടിപ്പെടുക്കുന്നതിലും സ്വന്തം തീരുമാനങ്ങളുള്ള പെൺകുട്ടിയെ ബേബി പ്രതികാരബുദ്ധിയോടെയാണ് കാണുന്നത് എന്ന് രാധയോടുള്ള അയാളുടെ സമീപനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കോളേജിലാകട്ടെ തന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു എന്ന കാരണത്താലാണ് അയാൾ ജൂനിയറായ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ഒരുങ്ങുന്നത്. മനുഷ്യാവസ്ഥയുടെ ദുർബലമായ അടരുകളെ വെളിച്ചത്തുകൊണ്ടുവരുന്ന ഇരകൾ മലയാളിയുടെ ഹിപ്പോക്രസിയ്ക്കുനേരെയുള്ള ശക്തമായ അടിയും ഭിന്നതലങ്ങളിൽ മലയാളി പുലർത്തിപ്പോരുന്ന വ്യതിരിക്തമായ വ്യക്തിസവിശേഷതകളുടെ വിശകലനവുമാണ്. ബേബി നടത്തുന്ന കൊലകൾ കാലത്തെ അതിജീവിക്കാൻ ശേഷിയുള്ള ഈ സിനിമയുടെ ഒരു ഉപാഖ്യാനമായി വിലയിരുത്തിയാൽ മതിയാകും.

വൈയക്തികബന്ധങ്ങളുടെ അധികാരെന്മുഖതലങ്ങൾ അന്വേഷണാത്മകമായ ഉൾക്കാഴ്ചകളോടെ സംവിധായകൻ പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിട്ടുവീഴ്ച ചെയ്യാതെയുള്ള ഒരു സാമൂഹ്യ രാഷ്ട്രീയ വിശകലനമാണ് ഇതുവഴി സാധ്യമാക്കുന്നത്. സമൂഹത്തിന്റെ സദാചാര സങ്കല്പങ്ങളെ ഉൾവഹിക്കുന്ന ഇതിലെ കഥാപാത്രങ്ങൾ എത്രയും യഥാതഥമായി സൃഷ്ടിക്കപ്പെട്ടതാണ്. അവർ സാമൂഹ്യ-രാഷ്ട്രീയ പ്രയോഗങ്ങളുടെ ഉൽപന്നങ്ങളായി മാറുന്നു. സാമൂഹ്യമണ്ഢലത്തിൽ നിലനില്ക്കുന്ന പൊതുബോധങ്ങളെ സൂക്ഷ്മമായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു. അഴിമതിയും അക്രമവും വ്യഭിചാരവും അഗമ്യഗമനങ്ങളും നിസ്സഹായതയും വിഹ്വലതകളും സംശയങ്ങളും അധികാരാർത്തിയും കുടിപ്പകകളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സാമൂഹ്യാവസ്ഥയെ മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് കെ.ജി. ജോർജ്ജ് ഈ ചലച്ചിത്രത്തിൽ. പിന്നീട് പതിറ്റാണ്ടുകൾക്കുശേഷം സമാനപ്രമേയവുമായി ജോജി എന്ന മലയാളസിനിമ ഇറങ്ങിയ അവസരത്തിൽ ഇരകളുമായി തട്ടിച്ചുനോക്കി അതിനെ വിലയിരുത്താൻ ചലച്ചിത്രാസ്വാദകർ തുനിയുകയുണ്ടായി. ആഖ്യാനത്തിൽ, കഥപറച്ചിലിൽ ഇരകളുടെ സംവിധായകൻ കാട്ടിയ ഒറിജിനാലിറ്റിയും ക്ലാസിക് സ്വഭാവവും ബോധ്യപ്പെടുത്തിയ സന്ദർഭമായി അതു മാറുകയാണ് ഉണ്ടായത്.

ഫോട്ടോ: സിനിമ പാരഡിസോ ക്ലബ്/ twitter

1975 ൽ പുറത്തിറങ്ങിയ സ്വപ്നാടനംആയിരുന്നു കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്ജ് എന്ന കെ ജി ജോർജ്ജിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം. ആ വർഷത്തെ ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ സ്വപ്നാടനം തിയേറ്റർ വിജയവും കൂടി നേടി. ദേശീയ-സംസ്ഥാന അവാർഡുകൾ നിരവധി തവണ നേടിയ കെ ജി ജോർജ്ജിന് 2016 ൽ കേരളത്തിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരവും മുട്ടത്ത് വർക്കി പുരസ്‌കാരവും ലഭിച്ചു. വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഉൾക്കടൽ, മേള , കോലങ്ങൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, കഥയ്ക്കു പിന്നിൽ, മറ്റൊരാൾ, ഈ കണ്ണി കൂടി തുടങ്ങി വേറെയും മികച്ച ചലച്ചിത്രങ്ങൾ ജോർജിന്റേതായിട്ടുണ്ട്. തനതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യപരിചരണത്തിലൂടെയും മലയാളസിനിമ പിന്തുടർന്ന് പോന്ന ഭാഷയും വ്യാകരണവും മാറ്റി എഴുതുകയായിരുന്നു കെ ജി ജോർജ്ജ് ആ ചിത്രങ്ങളിലൂടെ. അദ്ദേഹത്തിന്റെ ഓരോ സിനിമയും ഓരോ അവതരണ രീതികൾ അവലംബിക്കുന്നതും വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവയുമാണ്. താൻ ജീവിച്ച കാലഘട്ടത്തിലെ സമൂഹത്തിന്റെ സൂക്ഷ്മയാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഒരു തരത്തിലുള്ള സമരസപ്പെടലിനും അദ്ദേഹം തയ്യാറായില്ല.

ആദാമിന്റെ വാരിയെല്ല് സിനിമയിൽ നിന്ന്

മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇരകൾ നേടിയിരുന്നു. എം.എസ് ഫിലിംസിന്റെ ബാനറിൽ നടൻ സുകുമാരനാണ് ഈ ചിത്രം നിർമിച്ചത്. സിനിമാട്ടോഗ്രാഫി വേണുവും പശ്ചാത്തലസംഗീതം എം.ബി ശ്രീനിവാസനും നിർവഹിച്ചു. മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രഅവാർഡിന്റെ അവസാനവട്ട ചുരുക്കപ്പട്ടികയിൽ ഈ ചിത്രത്തിലെ മാത്തുക്കുട്ടിയെ അവതരിപ്പിച്ച തിലകൻ ഇടം നേടിയിരുന്നു. തിലകൻ, സുകുമാരൻ, അശോകൻ, ശ്രീവിദ്യ, ഇന്നസന്റ്, നെടുമുടി വേണു, ഭരത് ഗോപി, വേണു നാഗവള്ളി,ഷമ്മി തിലകൻ തുടങ്ങി പിന്നീട് മലയാള ചലച്ചിത്രവേദിയ്ക്ക് മികച്ച സംഭാവനകൾ നൽകിയ അഭിനേതാക്കളുടെ ഒരു നിര തന്നെ ഈ സിനിമയിൽ വേഷമിട്ടിട്ടുണ്ട്.

Comments