രാമച്ചക്കാറ്റ്

ച്ചിന്നമ്മൂ എന്ന ചിന്നമ്മ
വിറകൊടിക്കുന്ന പണിക്ക്
കുന്ന് കയറുന്നവളാണ്.

വെളുപ്പിന്
തിളക്കമുള്ള അരിവാളും,
ഒരു തൂക്കില് ചോറും
അതിൽ ലേശം ഉപ്പ് കല്ലും,
ഒരു നാല് കാന്താരി മുളകും,
തലേന്നത്തെ മീഞ്ചാറും.

ലുങ്കിക്കും ബൗസിനും മീതെ
പണിക്കിറങ്ങുമ്പോൾ,
ഒരു തോറാപ്പ ഷർട്ടിട്ടും.
റബ്ബർ തോട്ടത്തിൽ
ഉണക്ക വിറക് ഒടിക്കും.
നെടുനീളനൊരു വിറകുകെട്ട് .
"കൂമ്പ് വാടുമെടി പണ്ടാരമേ '-
യെന്ന് കൂടെയുള്ളവർ പറയും.
ഇതൊന്നും ചിന്നമ്മു കേൾക്കില്ല .
ഷർട്ടഴിച്ച് കെട്ടിന്മേലിട്ട്
ചോറ് പാത്രം തുറക്കും.

വിറക് കെട്ട് ചാരും,
തലയിലേറ്റും മുൻപ് .
പാവാട കെട്ടുന്ന പ്ലാസ്റ്റിക്കിൽ-
പൊതിഞ്ഞ
മുറുക്കാൻ പൊതി നിവർത്തും.
വെറ്റില പാതി ചവച്ച് .
അടയ്ക്കാ കഷ്ണം വായിലിടും.
നഖത്തിൽ പറ്റിയ ചുണ്ണാമ്പ്
പല്ലിൽ ഒന്ന് തേയ്ക്കും.
ചിമ്മാടിലേക്ക് വിറക്
അനുസരണയോടെ
കയറിയിരിക്കും.
പതുക്കെ കുന്നിറങ്ങും.

വിയർപ്പിൽ കുളിച്ച്
ഈ പെണ്ണിങ്ങനെ പെടാപ്പാട്
പെടണത് കണ്ട
ചണ്ടിപ്പാല് മണക്കണ കാറ്റ്,
രാമച്ചവിശറിയുമായി
അവളുടെ കൂടെ കുന്നിറങ്ങും .

Comments