ആ യമനി കൗബോയ്, ഇതാ ഇവിടെയുണ്ട്

മമ്മൂട്ടിയെയും മോഹൻലാലിനെയും ഇഷ്ടമുള്ള യമനി കൗബോയിയെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തിന്റെ സിനിമാറ്റിക്ക് ക്ലൈമാക്‌സ്.

ട്രൂകോപ്പി തിങ്കിൽ ഡോ.ദീപേഷ് കരിമ്പുങ്കര എഴുതിയ ഒരു യമനി കൗബോയിയുടെ ജീവിതം എന്ന ഓർമ്മക്കുറിപ്പ് വായിച്ചതു മുതൽ ഞാൻ അയാളെപ്പറ്റിത്തന്നെ ഓർക്കുകയായിരുന്നു. ഒരുകാലത്ത് ഷാർജ റോളയിൽ വെച്ച് പതിവായി കാണാറുണ്ടായിരുന്ന അയാളുടെ മുഖം വീണ്ടും മുമ്പിൽ വന്നു നിൽക്കുന്നതുപോലൊരു അനുഭവം. മെട്രോ തീയേറ്റർ പ്രദർശനം നിർത്തിയശേഷം കൗബോയിയെ ഒന്നുരണ്ടുതവണ കണ്ടിരുന്ന കാര്യം ഓർമ്മയുണ്ട്. പക്ഷെ അതെവിടെ വെച്ചായിരുന്നു എന്ന് ഇപ്പോളോർക്കാൻ കഴിയുന്നില്ല.

കൗബോയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമോ എന്ന ചോദ്യം ബാക്കി വച്ചുകൊണ്ടാണ് ദീപേഷ് ഓർമ്മക്കുറിപ്പ് അവസാനിപ്പിച്ചത്. എന്തുകൊണ്ടാണെന്ന് അറിയില്ല അതു വായിച്ചശേഷം എന്റെ മനസ്സും ചിന്തിച്ചുകൊണ്ടിരുന്നത് അതുതന്നെയായിരുന്നു. ഷാർജയിലെ പരിചയക്കാരായ ചിലരോടൊക്കെ ഞാൻ അയാളെക്കുറിച്ച് ചോദിച്ചു. കൗബോയിയെക്കുറിച്ച് പലർക്കും അറിയാം. പക്ഷെ ഈയടുത്തകാലത്തായി ആരും അയാളെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഒരു വെള്ളിയാഴ്ച രാവിലെ കൗബോയിയെ അന്വേഷിച്ച് ഷാർജ റോളയിലൂടെ വെറുതെ ഞാൻ നടന്നു.

മുമ്പ് അയാളെ കാണാറുണ്ടായിരുന്ന വഴികളിലൂടെയുള്ള ഒരു യാത്ര. പണ്ടത്തെക്കാൾ തിരക്കുപിടിച്ച വഴികളിലൂടെ ഞാൻ നടന്നു. റോളയിൽ ഒരിടത്ത് കുറച്ചുസമയം ഞാൻ ചെന്നുനിന്നു. നാല്പത് വർഷങ്ങൾക്കുമുമ്പ് അയാളെ പതിവായി കണ്ടിരുന്നത് ഇവിടെ വച്ചായിരുന്നു. പക്ഷെ ഇപ്പോൾ അയാളിവിടെ ഇല്ലെന്നു മാത്രമല്ല; അയാളെ അറിയാവുന്നവരും ഇന്നിവിടെ അവശേഷിക്കുന്നില്ല എന്നു കൂടി മനസ്സിലാക്കിവരുന്നു.

അവിടെ നിൽക്കുമ്പോൾ ഞാനോർത്തു. ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാൾക്കിപ്പോൾ പ്രായം എൺപതു പിന്നിട്ട് കാണണം. മെട്രോതീയേറ്ററിൽ കഴിയുന്ന കാലത്തും പ്രായത്തിന്റെ അവശതകൾ അയാളെ പിടികൂടിത്തുടങ്ങിയിരുന്നു. അതിൽനിന്നൊക്കെ അയാൾ ഇപ്പോൾ ജീവിച്ചിരിക്കാനിടയില്ല എന്ന് നിഗമനത്തിലേക്ക് മനസ്സ് നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ അതേസമയംതന്നെ എവിടെയെങ്കിലും അയാളുണ്ടാകുമെന്ന നേരിയ ഒരു പ്രതീക്ഷ മനസ്സിലെവിടെയോ ബാക്കിയാവുകയും ചെയ്തിരുന്നു.

ആദ്യമായി കൗബോയിയെ പരിചയപ്പെട്ടതിന്റെ ഓർമ്മ വീണ്ടും മനസ്സിലേക്ക് കടന്നുവരുന്നു. മിലിട്ടറി പച്ച നിറത്തിലുള്ള വേഷമായിരുന്നു അന്നയാളുടേത്. കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന വിലകുറഞ്ഞ ഏതൊക്കെയോ മെഡലുകൾ ഷർട്ടിന്മേൽ തുന്നിപ്പിടിപ്പിച്ചു വച്ചിരുന്നു. തലയിലൊരു കൗബോയ് തൊപ്പിയും കൂടി അണിഞ്ഞുനിൽക്കുന്ന അയാളെ കണ്ടാൽ ആരും ഒന്നു ശ്രദ്ധിച്ചുപോകുമായിരുന്നു.

ദീപേഷ് കരിമ്പുഴയുടെ ലേഖനത്തിന് ദേവപ്രകാശിന്റെ ചിത്രീകരണം

ഒരു ദിവസം കയ്യിൽ കുറെ കടലാസുപൂക്കളുമായി അയാൾ തെരുവോരത്ത് നിൽക്കുന്നതു കണ്ടാണ് ഞാൻ അയാളുടെ അടുത്തേക്ക് ചെന്നത്. സ്വന്തമായി ഉണ്ടാക്കിവച്ച കടലാസ് പൂക്കൾ അയാൾ വിൽക്കാൻ നിൽക്കുകയായിരുന്നു. അന്ന് ഞാനയാളുടെ പക്കൽനിന്ന് കുറച്ച് കടലാസ് പൂക്കൾ വാങ്ങി. ഞങ്ങൾ താമസിക്കുന്ന ഷാർജ ബൂത്തീനിയയിലെ ബാച്ചിലേഴ്സിന്റെ ഒറ്റമുറിയിൽ ഈ പൂക്കൾക്ക് കൂടി ഇടമുണ്ടായിരുന്നില്ല. എന്നിട്ടും ചില്ലറകൾ കൊടുത്ത് പലപ്പോഴും ഞാനയാളുടെ കയ്യിൽനിന്ന് കടലാസ് പൂക്കൾ വാങ്ങുകയും അയാളുമായുള്ള പരിചയം പുതുക്കുകയും ചെയ്യാറുണ്ടായിരുന്നു.

ഷാർജയിൽ മെട്രോ തീയേറ്റർ വരുന്നതിന് മുമ്പും അയാൾ ധാരാളമായി സിനിമകൾ കാണാറുണ്ടായിരുന്നു. ഷാർജയിലെ അൽഹംറ സിനിമയും ഷാർജ സിനിമയുമായിരുന്നു അന്നത്തെ പ്രധാനപ്പെട്ട തീയേറ്ററുകൾ. ഞാനൊരു മലയാളിയാണെന്ന് അറിയാമായിരുന്നതുകൊണ്ട് ചില മലയാളവാക്കുകളും മലയാളസിനിമാതാരങ്ങളുടെ പേരുകളും സംസാരത്തിനിടയിൽ അയാൾ പറയാറുണ്ടായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ടപ്പെടുന്ന കൗബോയിയെക്കുറിച്ച് ദീപേഷ് എഴുതിയപ്പോൾ അന്നദ്ദേഹം പറഞ്ഞ ചില പേരുകളാണ് എന്റെ ഓർമ്മയിലേക്ക് ഓടിവന്നത്. പ്രേംനസീർ, ജയഭാരതി, അടൂർഭാസി എന്നീ പേരുകളാണ് അന്നയാൾ ഇഷ്ടത്തോടെ പറഞ്ഞിരുന്നത്. ആലുംമൂടനെപ്പറ്റി ഓർത്തുകൊണ്ട് ഒരിക്കൽ അയാൾ പൊട്ടിച്ചിരിച്ചു.

വർഷങ്ങൾക്കുശേഷം കൗബോയിയെ അന്വേഷിച്ചുകൊണ്ട് ഷാർജയിലൂടെ നടക്കുമ്പോൾ അയാളെ കാണുമെന്ന പ്രതീക്ഷ തരുന്ന ഒന്നുമില്ലായിരുന്നു. കൗബോയ് എന്ന പേരുപോലും പലരും കേട്ടിട്ടില്ല. അങ്ങനെയുള്ളവരുടെ മുന്നിൽച്ചെന്ന് എന്റേതായ ഒരു ചോദ്യം ചോദിക്കുകയും അറിയില്ല എന്ന ഒറ്റവാക്കിൽ പറയുന്ന ഉത്തരം കേട്ടുകൊണ്ട് ഞാൻ യാത്ര തുടരുകയും ചെയ്തു.

ചിലപ്പോഴൊക്കെ ഈ മരുഭൂമിയിൽ വന്ന് മരിച്ച് മണ്ണടിഞ്ഞുപോയ അനേകം മനുഷ്യരുടെ കൂട്ടത്തിൽ ഒരുപക്ഷെ അയാളും മറഞ്ഞുപോയിട്ടുണ്ടാകുമെന്ന് കരുതി. അതേസമയംതന്നെ പല ഊടുവഴികളിലൂടെയും ഇറങ്ങിത്തിരിച്ചാൽ ഒരുപക്ഷെ അയാളെ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.

നാല്പതുവർഷത്തോളം നീണ്ടുനിന്ന പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോയ ശേഷം വീണ്ടും ഷാർജയിലെത്തിച്ചേർന്ന സമയത്താണ് കൗബോയ് എന്നപേരും അയാളുടെ ജീവിതവും ഒരുപക്ഷെ മരണംപോലും എന്റെ അന്വേഷണവിഷയമായിത്തീരുന്നത്. വർഷങ്ങൾക്ക് മുമ്പ് പരിചയമുണ്ടായിരുന്നു എന്നതിന്റെ പേരിൽ ഒരു മനുഷ്യനെ വെറുതെ അന്വേഷിച്ചു നടക്കുന്നതിന്റെ പൊരുളെന്താണെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു.

ദീപേഷ് ചോദിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള വ്യഗ്രതയെന്നോ വെറുമൊരു പാഴ്ശ്രമമെന്നോ വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. അല്ലെങ്കിൽ ഷാർജയിലുണ്ടായിരുന്ന കാലം മുതൽ ദീപേഷുമായുള്ള സൗഹൃദത്തിന്റെ ഓർമ്മയുടെ പിൻബലം കൂടി ഈ അലച്ചിലിന് പ്രേരണയായി മാറിയിട്ടുമുണ്ടാകണം.

പഴയതലമുറയിൽപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ കൗബോയിയെക്കുറിച്ച് എന്തെങ്കിലും ഒരു തുമ്പ് ലഭിക്കുമെന്ന് തന്നെ വിചാരിച്ച് ഞാൻ പലയിടങ്ങളിലും നടന്നു. മലയാളികളുടെ ഗ്രോസറിക്കടകളിലും കഫ്റ്റീരിയകളിലും ചെന്നന്വേഷിച്ചു. പ്രധാനവഴികളിൽ നിന്ന് വിട്ടുമാറി ഊടുവഴികളിലൂടെ ചുറ്റിക്കറങ്ങി. ഫ്ളാറ്റുകൾക്കും കടകൾക്കുമിടയിലൂടെ നടന്നുപോകുമ്പോൾ ഇതുവവരെ കണ്ടിട്ടില്ലാത്ത എത്രയോ വഴികൾ അന്നാദ്യമായി പരിചയ
പ്പെടുകയായിരുന്നു.

റോളയിൽനിന്ന് മെട്രോ തീയേറ്ററുണ്ടായിരുന്ന സ്ഥലം വരെയുള്ള യാത്രയുടെ ക്ഷീണവുമായി ഞാൻ മണിക്കൂറുകൾക്ക് ശേഷം ഒടുവിൽ ഷാർജ റോളയിൽ തന്നെ തിരിച്ചെത്തി.

റോള സ്ക്വയറിന്റെ തെക്ക് ഭാഗത്തുള്ള കടകൾക്ക് മുന്നിലെ നടപ്പാതയിലൂടെ സ്വന്തം താമസസ്ഥലത്തേക്ക് തിരിച്ചുനടക്കുമ്പോൾ പരിചയമുള്ള ഒരു ഗ്രോസറിയിൽ ഞാൻ കയറി. നാട്ടുകാരന്റെ കടയായതുകൊണ്ട് നാട്ടിൽപോയി വീണ്ടും തിരിച്ചുവന്ന കഥ പറയുന്നതിനിടയിൽ സാന്ദർഭികമായി കൗബോയിയും കടന്നുവന്നു.

അതു കേട്ടുനിൽക്കെ കടയിലെ ജോലിക്കാരനായ മലപ്പുറംകാരൻ പയ്യൻ എന്നോട് പറഞ്ഞു. തലയിൽ തൊപ്പി വച്ച് കോട്ടുമിട്ടുനടക്കുന്ന പ്രായമായ ഒരാൾ ഇവിടെ അടുത്തുണ്ട്. ഞാൻ ആകാംക്ഷയോടെ ചോദിച്ചുപോയി. ""എവിടെ ?''
അവൻ ഏതോ ഒരു ഫ്ളാറ്റിന്റെ പേരുപറഞ്ഞു.
ധൃതിയോടെ കടയിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഞാൻ അവനെയും കൂടെ കൂട്ടിയിരുന്നു. നടത്തത്തിനിടയിൽ അവൻ പറഞ്ഞു. കടയിൽനിന്ന് ഫ്ളാറ്റിലേക്ക് സാധനങ്ങളുമായി ചെല്ലുമ്പോൾ ഞാൻ ഇങ്ങനെയൊരാളെ എന്നും കണാറുണ്ട്.

ഒരു കവലയിൽ എത്തിച്ചേർന്നപ്പോൾ അവൻ ദൂരേയുള്ള ഒരു ഫ്ളാറ്റ് ചൂണ്ടിക്കാട്ടി. അവൻ കാണിച്ച തന്ന ദിക്കിലേക്ക് ഞാൻ നടന്നു. ഫ്ളാറ്റിന്റെ
ബെയ്സ്മെന്റിന്റെമുന്നിലായി വാച്ച്മാൻ നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ അയാളോട് കാര്യം പറഞ്ഞു. വാച്ച്മാൻ ഒരു ബംഗ്ലാദേശിയായിരുന്നു.
എന്റെ ചോദ്യം കേട്ട് അയാൾ തിരിച്ചുചോദിച്ചു.
""നിങ്ങളാരാണ് ?''
ആരാണ് എന്ന ചോദ്യത്തിന് എനിക്ക് പെട്ടെന്നൊരുത്തരം പറയാൻ കഴിഞ്ഞില്ല.
എങ്കിലും ഞാൻ പറഞ്ഞു.
""അയാളുടെ പഴയൊരു സുഹൃത്താണ്.''
അതുകേട്ടപ്പോൾ അയാൾ എന്റെ കൂടെ വന്നു. ഫ്ളാറ്റ് കെട്ടിടത്തിന്റെ ഒരരികുവശത്തായി അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം ഒരു വരാന്ത. അവിടെ വിരിച്ചിട്ട് ഹാർഡ്ബോർഡ് ഷീറ്റിൽ ഒരാൾ കിടക്കുന്നു.

ചരിഞ്ഞു കിടക്കുന്നതുകൊണ്ട് മുഖത്തിന്റെ പാതിയെ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ എനിക്കയാളെ മനസ്സിലായില്ല.
അത് കൗബോയി ആണോ ? എനിക്ക് സംശയം തോന്നി.
വാച്ച്മാൻ അയാളെ ശബ്ദമുയർത്തി വിളിച്ചു.

""സുനോ ഭായ്, ആപ്പ് കോ മിൽനേ കേലിയേ കോയി ആയാ ഹേ.''
അയാൾ കിടന്നിടത്തു നിന്ന് പതിയെ തലപൊക്കി നോക്കി.
ചുവന്ന ടീഷർട്ടിന് മേലെയായി കറുത്ത ഓവർക്കോട്ട് ധരിച്ചുനിൽക്കുന്ന ഒരു മനുഷ്യൻ.
ഇപ്പോൾ മുഖം വ്യക്തമായി കാണുന്നു.
ആരെയാണോ ഇതുവരെ തേടിക്കൊണ്ടിരുന്നത് അതേ ആൾത്തന്നെ.
എനിക്ക് വലിയ സന്തോഷം തോന്നി.
കൗബോയ് ജീവിച്ചിരിക്കുന്നു.
തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങാൻനേരം അതിനു തുടക്കംകുറിച്ച സ്ഥലത്തുനിന്നുതന്നെ അവിചാരിതമായി അയാളെ കണ്ടെത്തിയ സന്തോഷത്തോടെ ഞാനയാളുടെ മുമ്പിൽ നിന്നു.

പക്ഷെ, അയാളാകട്ടെ വാർദ്ധക്യത്തിന്റെ അവശതയും പേറി തന്റെ മുന്നിൽ നിൽക്കുന്നത് ആരെന്നുപോലും മനസ്സിലാകാതെ പതിയെ എഴുന്നേറ്റ് ചുമർ ചാരിയിരുന്നു.
മയക്കം വിട്ടുമാറാത്ത കണ്ണുകളോടെ എന്നെ ഉറ്റുനോക്കി.
വാച്ച്മാൻ പറഞ്ഞു.
അയാൾക്ക് പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. ഇപ്പോൾ പുറത്തൊന്നും പോകാറില്ല.
കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ അയാളോട് ചോദിച്ചു.
""കൗബോയിക്ക് എന്നെ ഓർമ്മയുണ്ടോ ?''
അയാൾ ഒന്നു സൂക്ഷിച്ചു നോക്കിയതല്ലാതെ അതിന് മറുപടിയൊന്നും പറഞ്ഞില്ല.

തലയിൽ തൊപ്പിയില്ലാതെ ആദ്യമായാണ് അയാളെ കാണുന്നത്.
ഞാൻ ചോദിച്ചു.
""കൗബോയിയുടെ തൊപ്പിയെവിടെ ?''
അയാൾ തലമുടിയൊട്ടുമില്ലാത്ത ശിരസ്സിലൂടെ വിരലോടിച്ചുകൊണ്ട് എന്തോ പിറുപിറുത്തു.
അന്യരുടെ മുന്നിൽ നഗ്നനായി നിൽക്കേണ്ടി വന്ന ഒരാളുടെ ജാള്യതയോടെയാണ് തലമുടിയും തൊപ്പിയുമില്ലാതെ എന്റെ മുമ്പിൽ അയാൾ നിൽക്കുന്നതെന്ന് എനിക്ക് തോന്നി. എനിക്കാകട്ടെ അയാളെ കണ്ടെത്താൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു മനസ്സിൽ.
കൗബോയി താമസമാക്കിയിരിക്കുന്ന വരാന്ത എന്നെ അത്ഭുതപ്പെടുത്തി. സാധാരണ കെട്ടിടങ്ങളിലൊന്നും കാണാത്തതരത്തിൽ മൂന്നുഭാഗത്തും ചുമരുകളോടു കൂടി ദീർഘചതുരമായ ഈയൊരു വരാന്ത കൗബോയ്ക്ക് ദൈവം നിർമ്മിച്ചുകൊടുത്ത സുരക്ഷിതമായ ഒരു കൂടാണെന്ന് എനിക്ക് തോന്നി.

അയാളത്തേടി അലഞ്ഞ കഥയൊന്നും ഞാൻ അയാളോട് പറഞ്ഞില്ല. ഒരുപക്ഷെ അതറിയാൻ അയാൾ ആഗ്രഹിക്കുന്നില്ലെന്നും അതറിയേണ്ട ഒരാവശ്യവും അയാൾക്കില്ലെന്നും എനിക്ക് നന്നായി അറിയാമായിരുന്നു. അതേസമയം കണ്ടെത്തിയതിന്റെ സന്തോഷം ഇപ്പോൾ ഞാനനുഭവിക്കുകയും ചെയ്യുന്നു.

ലോക്ഡൗൺ കാലത്ത് ഫ്ളാറ്റുകളിൽ താമസിച്ചിരുന്നവരാണ് അയാൾക്ക് ഭക്ഷണം കൊടുത്തിരുന്നത്. ഇപ്പോൾ അടുത്തുള്ള കഫറ്റീരിയയിൽ നിന്ന് അയാൾക്കുള്ള ഭക്ഷണം എന്നും എത്തിച്ചുകൊടുക്കുന്ന കാര്യവും പറഞ്ഞത് വാച്ച്മാനായിരുന്നു.

പാർക്കാൻ സുരക്ഷിതമായ ഇടമോ ആവശ്യമായ പരിചരണമോ അയാൾക്ക് ആവശ്യമുണ്ടായിരുന്നു. പക്ഷെ അതിനുള്ള സാധ്യതയെന്തെന്ന് മാത്രം ഇപ്പോഴും എനിക്കറിയില്ല.
ഞാൻ എന്റെ കയ്യിലുള്ള ഏതാനും ദിർഹം കൗബോയിയുടെ കയ്യിൽ വച്ചുകൊടുത്തു.
അയാൾ അത് വിറയ്ക്കുന്ന കൈകളിൽ ഏറ്റുവാങ്ങി.
ഫോട്ടോ എടുക്കാനായി തുനിഞ്ഞപ്പോൾ അയാൾ അസ്വസ്ഥനായി.
ബാഗിൽ നിന്ന് ഒരു ചുവന്ന തൊപ്പിയെടുത്ത് തലയിൽ ഉറപ്പിച്ചു വയ്ക്കാൻ അയാൾ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. അത് സൈനികരുടേതായ ഒരു തൊപ്പിയായിരുന്നു. തലയിൽ അത് ഉറപ്പിച്ചുവച്ചശേഷം വരാന്തയിൽ നിന്ന് പതിയെ എഴുന്നേറ്റ് അയാൾ പുറത്തുവന്ന് ഒരിടത്തിരുന്നു. ഞാൻ കൗബോയിയുടെ ഒന്നുരണ്ടു ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
ഏറെ ക്ഷീണിച്ച മുഖഭാവത്തോടു കൂടിയുള്ള ഒരു കൗബോയിയാണ് ചിത്രത്തിലുള്ളത്.

ഫോണിൽ പതിഞ്ഞ ചിത്രങ്ങളിലേക്ക് കണ്ണോടിച്ചുകൊണ്ടിരിക്കേ എന്റെ
മനസ്സ് പറഞ്ഞു.
ദീപേഷ്, ഈ ചിത്രങ്ങൾ നിനക്കുവേണ്ടി കൂടി എടുത്തവയാണ്.
അയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിയാൻ കാത്തിരിക്കുന്ന ഒരാളെന്ന നിലയിൽ നിനക്കുവേണ്ടി ഇതയയ്ക്കുന്നു.

പക്ഷെ, എന്റെ കയ്യിൽ ദീപേഷിന്റെ നമ്പറില്ലായിരുന്നു.
കൗബോയ് കണ്ടെത്താൻ കഴിഞ്ഞ എനിക്ക് ദീപേഷിന്റെ നമ്പർ കണ്ടെത്താൻ പ്രയാസപ്പടെണ്ടി വരില്ലെന്ന പ്രതീക്ഷയോടെ അവിടെ നിന്ന് മടങ്ങാനൊരുങ്ങി.
പോകാൻനേരം ഞാൻ കൗബോയിയോട് പറഞ്ഞു.
""സുഹൃത്തേ, നമുക്ക് ഇനിയും കാണാം. ഇനി വരുമ്പോൾ താങ്കൾക്ക് പ്രിയപ്പെട്ട കൗബോയി തൊപ്പിയും കൂടി വാങ്ങിച്ചുകൊണ്ടുവരാം.''

അയാൾ അതാഗ്രഹിക്കുന്നുണ്ടായിരുന്നോ എന്നെനിക്കറിയില്ലായിരുന്നു. എങ്കിലും അതുകേട്ട് അയാൾ എന്തോ ആലോചിക്കുകയും ചുമരിനോട് ചാരിയിരുന്ന് എനിക്ക് നേരെ ചെറുതായി ഒന്നു മന്ദഹസിക്കുകയും മാത്രം ചെയ്തു.

Comments