truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 18 May 2022

truecoppy
Truecopy Logo
Readers are Thinkers

Wednesday, 18 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
4

History

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ദി ഹിന്ദു പത്രാധിപര്‍ക്ക് അയച്ച കത്ത്

വാരിയംകുന്നത്ത്
'ദി ഹിന്ദു' വിലേക്കയച്ച കത്ത്
പുനര്‍വായിക്കുമ്പോള്‍

വാരിയംകുന്നത്ത് 'ദി ഹിന്ദു' വിലേക്കയച്ച കത്ത് പുനര്‍വായിക്കുമ്പോള്‍

1922 ജനുവരി 20നാണ്​ മലബാർ കലാപ നായകൻ വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെ ബ്രിട്ടീഷ്​ സൈന്യം​ വെടിവെച്ചുകൊന്നത്​, കൃത്യം ഒരു നൂറ്റാണ്ടിനുമുമ്പ്​. കലാപത്തിന്റെ ഓർമകൾ മാച്ചുകളയാനും വളച്ചൊടിക്കാനും ശ്രമം തുടരുന്ന ഈ കാലത്ത്​, കുഞ്ഞഹമ്മദ് ഹാജി പന്തല്ലൂരില്‍ നിന്ന് "ദി ഹിന്ദു' പത്രത്തിലേക്കയച്ച കത്ത് വീണ്ടും വായിക്കുകയാണ്​.

20 Jan 2022, 01:40 PM

അബ്ദുല്‍ ബാരി സി.

""ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്‌കാരം "അത് യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരുന്നു' എന്ന കണ്ടെത്തലല്ല, മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തില്‍ മിന്നി മറയുന്ന ഒരോര്‍മ്മയെ കൈയെത്തിപ്പിടിക്കലാണ്''
-വാള്‍ട്ടര്‍ ബെന്യാമിന്‍,  ‘തീസിസ് ഓഫ് ദി ഫിലോസഫി ഓഫ് ഹിസ്റ്ററി.’

ഇന്ത്യന്‍ കോളനിയനന്തര ചരിത്രത്തില്‍ അക്കാദമിക ചരിത്രകാരന്മാരെയും അല്ലാത്തവരെയും ഏറെ ആകര്‍ഷിച്ച സംഭവ പരമ്പരകളുടെ അധ്യായമാണല്ലോ 1921ലെ മലബാര്‍ കലാപം. കഴിഞ്ഞ നൂറു വര്‍ഷമായും, പ്രത്യേകിച്ച് നൂറാം വാര്‍ഷികാചരണ/ ആഘോഷത്തിന്റെ ഭാഗമായി  കഴിഞ്ഞവര്‍ഷവും പഠനങ്ങളായും വായനകളായും പുനര്‍വായനകളായുമൊക്കെയുള്ള സജീവമായ വ്യവഹാരങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. കലാപത്തിന്റെ സ്വഭാവം, ഉള്ളടക്കം തുടങ്ങി വിവിധ തലങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ കലാപ നാളുകള്‍ തൊട്ടേ തുടങ്ങിയെങ്കിലും പതിറ്റാണ്ടുകള്‍ക്കുശേഷം ആര്‍ക്കൈവല്‍ രേഖകള്‍ പൊതുജനത്തിന് ലഭ്യമായി തുടങ്ങിയതോടെ ഈ രംഗത്തുണ്ടായ സംഭാവനകള്‍ ഗണ്യമായി കൂടുന്നതായി കാണാം. പുതിയ കാലത്ത് നവചരിത്രവാദം, സാംസ്‌കാരിക പഠനം, സ്ത്രീവാദം, കീഴാള ചരിത്രരചന, കോളനിയനന്തര പഠനം, വ്യവഹാര വിശകലനം, ഓര്‍മ പഠനം, സംഗീത പഠനം തുടങ്ങിയ വൈവിധ്യങ്ങളായ പഠന രീതിശാസ്ത്ര സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലബാര്‍ കലാപത്തെക്കുറിച്ച് വായനകള്‍ നടക്കുന്നു.

ALSO READ

ആ അജ്ഞാത ​​ഫോ​ട്ടോയും ബ്രിട്ടീഷ്​ ചരിത്ര നിർമിതിയും; ക്യാപ്​റ്റൻ ഹാരിയുടെ ലേഖനം വീണ്ടും വായിക്കുമ്പോൾ

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ദൃശ്യവും അദൃശ്യവുമായ ഉപകരണങ്ങളുപയോഗിച്ച് കൊളോണിയല്‍ ഏജന്‍സി മറച്ചു വെക്കാന്‍/മായ്ക്കാന്‍ ശ്രമിച്ച ചരിത്ര സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സാധിക്കുന്നു എന്നതാണ് സൂക്ഷ്മതല സ്പര്‍ശിയായ പുതിയ പഠനങ്ങളുടെ സവിശേഷത. മലബാര്‍ കലാപം എന്ന ചരിത്ര സംഭവത്തിന്റെ വേര് അന്വേഷിക്കുമ്പോള്‍, കാര്യകാരണ, പ്രത്യാഘാതങ്ങള്‍ ചികയുമ്പോള്‍ ഓര്‍മയുടെ സാന്നിധ്യവും പങ്കും പ്രകടമാണ്. മലബാര്‍ കലാപം എന്നതുകൊണ്ട് പൊതുവെ  വിവക്ഷിക്കുന്ന 1921ലെ സംഭവ പരമ്പരകള്‍ക്ക് പതിറ്റാണ്ടുകള്‍ മുമ്പേ മലബാറിലെ മാപ്പിളമാരുടെ സാധാരണ ജീവിതത്തിൽ അനുഷ്ഠാനപരമായി  ഓര്‍മ നിലനിര്‍ത്തുന്ന രീതികള്‍ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയിരുന്നു. തല്‍ഫലമായാണ് ഖബര്‍ സിയാറത്തും പാട്ട് കെട്ടലും, പാടലും നിയമനിര്‍മാണത്തിലൂടെ നിരോധിച്ചത്. എന്നാല്‍ ഇവിടെ ഖബര്‍ സിയാറത്തും മാപ്പിളപ്പാട്ട് കെട്ടലും പാടലും നിരോധിക്കുന്നതിലൂടെ മാപ്പിളമാരുടെ ഓര്‍മയെ തന്നെ നിരോധിക്കാനാണ് കൊളോണിയല്‍ ഭരണകൂടം ശ്രമിച്ചത്. അത് ഓര്‍മയുടെ നിരോധനത്തിനു പുറമേ, മാപ്പിളമാരുടെ സ്ഥിര രൂപം/  വാര്‍പ്പുമാതൃക വ്യത്യസ്ത രൂപകങ്ങളിലൂടെ നിര്‍മിച്ചെടുക്കുന്നതായി കൊളോണിയല്‍ വ്യവഹാരങ്ങളുടെ സൂക്ഷ്മവായനയില്‍ കാണാം. മതഭ്രാന്തന്‍, ഹാലിളകിയവര്‍, ജംഗിള്‍ മാപ്പിള, കൊള്ളയടിക്കാര്‍, റിബല്‍സ് തുടങ്ങിയവയെല്ലാം ഇത്തരം നിര്‍മിതികളാണ്. 

കൊളോണിയല്‍ ഭരണ വ്യവസ്ഥ അധികാരം കൈക്കലാക്കുന്നതിനായി തദ്ദേശീയരെ കുറിച്ച് വഞ്ചകന്‍, അപരിഷ്‌കൃതന്‍, ആസക്തിയുള്ളവന്‍ തുടങ്ങിയ സ്ഥിരരൂപങ്ങള്‍ നിര്‍മിക്കുമെന്ന പ്രശസ്ത ചിന്തകനായ ഹോമി കെ. ബാബയുടെ നിരീക്ഷണം ആംഗ്ലോ- മാപ്പിള വ്യവഹാരങ്ങളിലും ശരിവെക്കുന്നു.

malabar-rebels

യാഥാര്‍ഥ്യത്തെയും ഓര്‍മ്മയെയും മായ്ച്ച് കളഞ്ഞ് കൊളോണിയല്‍ ഭാവനയില്‍ പുതിയ മാപ്പിളയെ സൃഷ്ടിച്ചെടുക്കുന്ന "സിവിലൈസിങ് വിദ്യ'യും അതിനെത്തുടര്‍ന്നുള്ള ചരിത്ര രചനകളെ അപനിര്‍മിക്കുന്നതില്‍ തദ്ദേശീയരുടെ വാമൊഴികള്‍, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഓര്‍മകള്‍, ഡയറിക്കുറിപ്പുകള്‍, കത്തുകള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയുടെ പങ്ക്  വളരെ വലുതാണ്. ആ അര്‍ത്ഥത്തില്‍ വാള്‍ട്ടര്‍ ബെന്യാമിന്‍ സൂചിപ്പിച്ചതുപോലെ, മലബാര്‍ കലാപ ചരിത്രത്തില്‍ മിന്നിമറയുന്ന ഓര്‍മയുടെ/ ചരിത്രത്തിന്റെ ശേഷിപ്പാണ് മലബാര്‍ സമരത്തിന്റെ വീരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പന്തല്ലൂരില്‍ നിന്ന് "ദി ഹിന്ദു' പത്രത്തിലേക്കയച്ച കത്ത്.

ALSO READ

മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല? ഇതാണ് തെളിവ്

മലബാര്‍ കലാപ പാഠത്തില്‍ നിന്ന് വാരിയം കുന്നത്ത് എന്ന അധ്യായം തുടച്ചുമാറ്റാന്‍/മറച്ചുവെക്കാന്‍ ഭരണകൂടം നിരന്തരമായി ശ്രമിച്ചിരുന്നുവെന്ന കാര്യം ഈ കത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. കത്ത് 1921 ല്‍ പ്രസിദ്ധീകരിക്കുന്നതിലൂടെയും  2021 ല്‍   പുനഃ പ്രസിദ്ധീകരിക്കുന്നത്തിലൂടെയും "ദി ഹിന്ദു' പത്രം ചെയ്തത് കൊളോണിയല്‍ ഭരണകൂടത്തിന്റെ  ഓര്‍മയുടെ നിരോധനത്തെ അവഗണിക്കുന്ന/  റദ്ദുചെയ്യുന്ന വലിയ ചരിത്ര ധര്‍മമാണെന്ന് പറയാതെവയ്യ. പ്രസ്തുത കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: 

Paudalur Hill.
Oct. 7
Honoured Editor, - I request you to publish the following facts in your paper.
According to the Press reports from Malabar which you will have got, Hindu- Muslim Unity in Malabar has thoroughly ceased to exist. It appears that the report that Hindus are forcibly converted (by my men) is entirely untrue. Such conversions were done by the Government Party and Reserve Police men in mufti mingling themselves with the rebels (masquerading as rebels.)
Moreover, because some Hindu brethren, aiding the military, handed over to the military the innocent (Moplahs) who were hiding themselves from the military, a few Hindus have been put to some trouble. Besides, the Nambudri, who is the cause of this rising, has also similarly suffered. Now, the chief military commander (of Government) is causing the Hindus to evacuate from these Taluks. Innocent women and children of Islam, who have done nothing and possess nothing, are not permitted to leave the place.
The Hindus are compulsorily impressed for military service. Therefore, several Hindus seek protection in my Hill. Several Moplahs, too, have sought my protection.
For the last one month and a half, except for the seizure and punishment of the innocent, no purpose has been achieved.
Let all people in the world know this. Let Mahatma Gandhi and the Moulana know it.
If this letter is not seen published, I will ask for explanation at one time. Thus.
Variamkunnath, Kunhamed Haji.
(Signature Mark),
Pandalur Commander.
P. S. Copy may be given to other papers.
Oct. 7.

കൊളോണിയല്‍ ഭരണകൂടം ദൃശ്യമായും അദൃശ്യമായും സൃഷ്ടിച്ചെടുത്ത മാപ്പിള രൂപകങ്ങളെ / മാതൃകയെ റദ്ദ്  ചെയ്യുന്നതാണ് കത്തിന്റെ  ഉള്ളടക്കവും കെട്ടും മട്ടും എന്ന് ഒറ്റ വായനയില്‍ തന്നെ മനസ്സിലാക്കാം.  1921 ഒക്ടോബര്‍ 7 എന്ന് തിയ്യതി വെച്ച  കത്ത് പ്രസിദ്ധീകരിക്കുന്നത് ഒക്ടോബര്‍ 18 നാണ്. പത്രത്തിന്റെ എഡിറ്ററോട് താന്‍ അയക്കുന്ന വസ്തുതകള്‍ പ്രസിദ്ധീകരിക്കാന്‍ അപേക്ഷിക്കുന്നതിലൂടെയും അവസാന ഭാഗത്ത് "ഈ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഒരു നാള്‍ നിങ്ങളോട് വിശദീകരണം ചോദിക്കു'മെന്ന താക്കീതും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയിലെ ഉത്തരവാദിത്വമുള്ള നേതാവിനെയും ഉശിരുള്ള, ചെറുത്തു നില്ക്കാന്‍ കെല്‍പ്പുള്ള മാപ്പിളയെയും കാണിക്കുന്നു. പന്തല്ലൂര്‍ മലകളില്‍ കഴിയുന്ന വാരിയം കുന്നത്തിന്റെ വാര്‍ത്താവിനിമയ സംവിധാനത്തിലെ മികവിലേക്ക് വിരല്‍ ചൂണ്ടുന്നതും  മലബാറിലെ പത്രറിപ്പോര്‍ട്ടുകളിലെ  അസത്യത്തെ വിമര്‍ശിക്കുന്നതുമാണ് കത്തിലെ ആദ്യ ഭാഗം. മത പരിവര്‍ത്തനത്തെ നിഷേധിക്കുന്നില്ലെങ്കിലും വാര്‍ത്തകളില്‍ കാണുന്ന പോലെ തന്റെ ആളുകളാണ് മത പരിവര്‍ത്തനത്തിന് പിന്നിലെന്നത് അസത്യമാണെന്ന് അദ്ദേഹം എഴുതുന്നു. 

malabar-rebels
ബ്രിട്ടിഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തി മാപ്പിള തടവുകാരെ കോഴിക്കോട് വിചാരണയ്ക്ക് കൊണ്ടു പോകുന്നു / Photo: Wikimedia Commons

ഭരണകൂടം ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച വാരിയംകുന്നത്തിന്റെ  ഓര്‍മകളില്‍ / ചരിത്രത്തില്‍ "വഴുതി'പ്പോയ സത്യവും കോളനിയനന്തര പഠനത്തില്‍ വളരെ പ്രാധാന്യമുള്ളതുമായ  പ്രസ്താവനയാണ് കത്തിലെ പിന്നീടുള്ള ഭാഗം. മലബാറിലെ മതപരിവര്‍ത്തനത്തിനു പിന്നില്‍, ഗവണ്‍മെൻറ്​ കക്ഷിക്കാരും സമരക്കാര്‍ എന്ന വ്യാജേന ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍വ് പൊലീസും ആണെന്ന് കത്തില്‍ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു.

"ആളുകള്‍ക്കിടയില്‍  പ്രവര്‍ത്തിക്കുന്നു' എന്നതിനുപുറമേ "സമരക്കാര്‍ എന്ന രീതിയില്‍ വ്യാജ വേഷം ധരിച്ച' എന്നു ബ്രാക്കറ്റില്‍ ചേര്‍ത്തിരിക്കുന്നു. ഈ പ്രച്ഛന്നവേഷത്തിന് നല്‍കിയ  ഊന്നല്‍ കൊളോണിയല്‍ ചരിത്രരചനയിലെ നിര്‍മിതികളെ പൊളിച്ചുമാറ്റാന്‍ കെല്‍പ്പുള്ളതാണ്. മലബാര്‍ കലാപം ഹിന്ദു-മുസ്​ലിം ദ്വന്ദങ്ങളില്‍ കെട്ടിവെക്കാനുള്ള കൊളോണിയല്‍ യുക്തിയെയാണ് അത് തകിടം മറിക്കുന്നത്. പതിറ്റാണ്ടുകളായി നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്ന മാപ്പിള സ്ഥിര രൂപങ്ങളെ / മാതൃകകളെയാണ് അത്  തള്ളിക്കളയുന്നത്. തദ്ദേശീയരുടെ സ്വത്വനിര്‍മിതിയിലൂടെ മാത്രമേ കൊളോണിയല്‍ യജമാനന് തന്റെ സ്വത്വം നിര്‍മ്മിച്ചെടുക്കാനാവൂയെന്ന് ഹോമി.കെ.ബാബ പ്രസ്താവിക്കുന്നുണ്ട്. ആയതിനാല്‍, കൊളോണിയല്‍ മാസ്റ്ററുടെ സ്വത്വം "അപരനായ' തദ്ദേശീയന്റെ സ്വത്വത്തോട് കടപ്പെട്ട് കിടക്കുന്നു. ഇരുവരുടെയും സ്വത്വം അസ്ഥിരവും ആപേക്ഷികവുമാണ്. ആ അര്‍ത്ഥത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇവിടെ തദ്ദേശീയരുടെ ആഖ്യാനം നല്‍കുന്നു എന്നതോടൊപ്പം കൊളോണിയല്‍ ആഖ്യാനങ്ങളിലെ വൈരുദ്ധ്യതയിലേക്കും നിര്‍മിതിയിലെ അസ്ഥിരതയിലേക്കും വിരല്‍ചൂണ്ടുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിനെയും അവരുടെ ഏജന്‍സികളെയും  ഇത്തരത്തില്‍ വാരിയംകുന്നത്ത് കത്തിലൂടെ ആരോപിക്കുന്നതിലൂടെ പ്രത്യയശാസ്ത്രപരമായി കൂടുതല്‍ ഗുരുതരമായ അവസ്ഥയില്‍ അവരെ പ്രതിഷ്ഠിക്കുന്നു. അത് ഹോമി.കെ.ബാബയുടെ  mimicry (അനുകരണം) എന്ന സങ്കല്പത്തിന്റെ  ഒരു അനുബന്ധമായി  കാണാം. കൊളോണിയല്‍ നിര്‍മ്മിതിയുടെ/വ്യവഹാരത്തിന്റെ അസ്ഥിര/അനിശ്ചിതമായ അവസ്ഥ വിശദീകരിക്കുന്നതില്‍ ഹോമി.കെ.ബാബയുടെ ഒരു താക്കോല്‍ വാക്കാണ് "അനുകരണം'.

ALSO READ

1896ലെ മഞ്ചേരി സമര പോരാളികളെ എന്തിന്​ കുതിരവട്ടം മെന്റല്‍ അസൈലത്തിൽ അടച്ചു? ഒരു കണ്ടെത്തൽ

കൊളോണിയല്‍ യജമാനന്റെ  "ഉന്നതമായ' സംസ്‌കാരവും വിദ്യാഭ്യാസവും സ്വഭാവവും അനുകരിച്ച് ഒരു "ലക്ഷണമൊത്ത തദ്ദേശീയ പതിപ്പ്' നിര്‍മ്മിക്കുക എന്നതാണ് കൊളോണിയല്‍ പക്ഷമെങ്കില്‍ അനുകരണം, അതിലടങ്ങിയിരിക്കുന്ന പരിഹാസവും ഭീഷണിയും കാരണം, ഒരു ചെറുത്തു നില്‍പ്പിന്റെ ഉപകരണമായും കൊളോണിയല്‍ അധികാരത്തിന്റെ പരിമിതിയായും ബാബ അവതരിപ്പിക്കുന്നു. എന്നാല്‍ മലബാര്‍ കലാപ ചരിത്രരചനയില്‍ വിശിഷ്യാ ആംഗ്ലോ- മാപ്പിള ബന്ധത്തില്‍ ഇവ രണ്ടും അല്ലാത്ത ഒരു അനുകരണം നമുക്ക് ദര്‍ശിക്കാവുന്നതാണ്. മലബാറില്‍ ബ്രിട്ടീഷ് ഏജന്‍സി മാപ്പിള വേഷം ധരിച്ച് ഇറങ്ങുകയും ചരിത്ര സംഭവത്തെ തന്നെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നു. ബ്രിട്ടീഷുകാരും അവരുടെ ദല്ലാളുമാരും തദ്ദേശീയ  വേഷം ധരിച്ച് ജനങ്ങളിക്കിടയിലിറങ്ങിയത് പല ആഖ്യാനങ്ങളിലും കാണാനാകും.  പക്ഷേ ഇത്തരം പ്രച്ഛന്നവേഷങ്ങളെയും വ്യാജ അനുകരണങ്ങളെയും അതിജീവിക്കാനായി മാപ്പിളമാര്‍ തനതായ ആശയവിനിമയ സംവിധാനം വികസിപ്പിച്ചെടുത്തിരുന്നു എന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്. കൂട്ട ബാങ്ക്, തക്ബീര്‍, നകാര മുഴക്കല്‍, മൈഗുരുഡ്  ഭാഷ തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഇതിനു പുറമെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച മലയാള രാജ്യത്തെക്കുറിച്ച് ലഭ്യമായ വളരെ കുറച്ച് വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി, അതില്‍ ബാബ പറഞ്ഞത് പോലുള്ള  കൊളോണിയല്‍ ചെറുത്തു നില്പിനുള്ള അനുകരണം കാണാവുന്നതാണ്. കറന്‍സി അച്ചടിച്ചതായും, പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയതായും, രാജ്യാതിര്‍ത്തി നിര്‍ണയിച്ചതായുമെല്ലാം മലയാള രാജ്യത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍ പറയുന്നു. തന്റെ ദേശക്കാരെ വിദേശികള്‍ക്ക് ഒറ്റുകൊടുത്തവരുടെ ജാതിയും മതവും നോക്കാതെ വാരിയം കുന്നത്ത് ശിക്ഷിച്ചതിനും താക്കീത് നല്‍കിയതിനും ഏറെ ഉദാഹരണങ്ങളുണ്ട്. അതേ നിലപാടിലേക്ക് വെളിച്ചം വീശുന്നതാണ്  "പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരനായ നമ്പൂതിരിയെ' കുറിച്ചുള്ള പരാമര്‍ശം.  മലബാറിലെ  ഹിന്ദു- മുസ്​ലിം ഐക്യം തകര്‍ക്കുന്നതിനായി ബ്രിട്ടീഷ് പക്ഷക്കാര്‍ മതപരിവര്‍ത്തനത്തിന് പുറമേ മതം നോക്കി സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നതും അല്ലെങ്കില്‍ നിഷേധിക്കുന്നതും ഹാജി നിശിതമായി കത്തിലൂടെ വിമര്‍ശിക്കുന്നു.  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കത്തിലെ പരാതി രൂപേണയുള്ള ഈ വിമര്‍ശനം കലാപം കൊടുമ്പിരിക്കൊണ്ടപ്പോള്‍ തന്റെ ദേശത്ത് നടമാടിയ പട്ടാള രാജും  വിഭജിച്ചുള്ള ഭരണവും തുറന്നു കാണിക്കുന്നു.  

hajjumma
മലബാർ കലാപത്തില്‍ പങ്കെടുത്ത 11 സമരക്കാരെ അടക്കിയ മേല്‍മുറിയിലെ ഖബർ 

കലാപകാലത്ത് ഭൂരിഭാഗം പത്രങ്ങളും സര്‍ക്കാര്‍ നല്‍കിയ കമ്മ്യൂണിക്കുകള്‍ മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുകയായിരുന്നു. അതിന് വിഭിന്നമായ ഏതാനും ചില പത്രങ്ങളില്‍പെട്ടവ യായിരുന്നു "ദി ഹിന്ദു', "ബോംബെ ക്രോണിക്കിള്‍' എന്നിവ. അക്കാലത്തെ പത്രങ്ങളുടെ നിലപാടുകളെക്കുറിച്ച് കൃത്യമായി ബോധ്യമുള്ളത് കൊണ്ട് തന്നെയാണ് ഹാജി "ദി ഹിന്ദു' വിന്റെ എഡിറ്റര്‍ക്ക് കത്തെഴുതിയതും അവസാനം അതിന്റെ കോപ്പി മറ്റുള്ളവര്‍ക്ക് നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടതും. 1921 ഒക്ടോബര്‍ 18 ന്  "ദി ഹിന്ദു' പ്രസിദ്ധീകരിച്ച കത്ത് അതേപടി "ബോംബെ ക്രോണിക്കിളി'ല്‍ ഒക്ടോബര്‍ 25 ന് അച്ചടിച്ചിട്ടുണ്ട്. കത്തിനോടൊപ്പം വന്ന റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു :    

THE MOPLAH OUTBREAK.
FORCED CONVERSIONS.
LEADER'S LETTER TO "HINDU'

The "Hindu' writes: -    
What may be said to be the rebel view of the Moplah rebellion is contained in the following letter, addressed to the 'Hindu,'' purporting to be written by the rebel Moplah leader, Variumkunnath Kunahmed Haji, from his hilly rendezvous at Pandalur.
The original, which is preserved by us is written on old-fashioned, Austrian made, ruled letter paper with a black lead pencil in crude, characteristic Moplah Malayalam.
In translating the letter, endeavour has been made, within the limits of intelligibility, to be as literal as possible.
Being in Malayalam, the letter escaped earlier notice.

ഏതായാലും കുഞ്ഞഹമ്മദ് ഹാജി കത്തില്‍ ഉന്നയിച്ച നാടുകടത്തലിനെക്കുറിച്ചും സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിമര്‍ശനം ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട, ഇടപെടലുകളുണ്ടായ  റിലീഫ് പ്രവര്‍ത്തനത്തിലെ  വിവേചനത്തെ സൂചിപ്പിക്കുന്നു. മലബാര്‍ കലാപം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കകം തന്നെ കോഴിക്കോട് കേന്ദ്രീകരിച്ച് തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളില്‍ ഒന്നാണ് "ബോംബെ ക്രോണിക്കിള്‍'. റിലീഫിന്റെ പ്രാധാന്യം, ഫണ്ട് സമാഹരണത്തിനുള്ള കത്തുകള്‍, അപേക്ഷകള്‍, പരസ്യങ്ങള്‍, റിലീഫിലെ വിവേചനം തുടങ്ങിയവയെല്ലാം വിശദമായി 1921ലും 1922 ലും ദിനേനെ  "ബോംബെ ക്രോണിക്കിള്‍' പ്രസിദ്ധീകരിച്ചിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി "ദി ഹിന്ദു'വിനെഴുതിയ കത്ത് ഒറ്റപ്പെട്ട ഒരു ടെക്​സ്​റ്റായി കാണാതെ ദേശീയ തലത്തില്‍ തന്നെ പിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ദേശീയ, തദ്ദേശീയ ആഖ്യാനങ്ങള്‍ക്കൊപ്പമാണ് അതിനെ വായിക്കേണ്ടത്.

കത്ത് അവസാനിക്കുമ്പോള്‍  ബ്രിട്ടീഷ് ഭരണം അമ്പേ പരാജയം ആണെന്നും ഹിന്ദുക്കളും മുസ്​ലിംകളും എന്റെ മലയില്‍ അഭയം തേടുന്നു എന്നും  പറയുമ്പോള്‍ ഹാജിയുടെ സ്വരം അല്പം വെല്ലുവിളിയുടെതായി മാറുന്നതായി കാണാം.  ഈ പ്രശ്‌നങ്ങളെല്ലാം മാലോകര്‍ അറിയട്ടെ എന്നും ദേശീയ നേതൃത്വത്തിലുള്ള ഗാന്ധിജിയും മൗലാനയും അറിയട്ടെ എന്നുമുള്ള പ്രസ്താവന രാഷ്ട്രീയപരവും ഹാജിയുടെ ദേശീയ-അന്തര്‍ദേശീയ അനുഭവത്തെ ഓര്‍മിപ്പിക്കുന്നത് കൂടിയാണ്. 1920 ല്‍ കോഴിക്കോട് ഗാന്ധിയും മൗലാനയും കോണ്‍ഗ്രസ് സമ്മേളനത്തില്‍ വരുന്നതോടെയാണല്ലോ മലബാറില്‍ ദേശീയ പ്രസ്ഥാനം സജീവമാകുന്നത്. കലാപകാലത്ത് ദേശീയ നേതാക്കള്‍ക്ക് മലബാറിലേക്ക് പ്രവേശനം നിഷേധിച്ചിരുന്ന സാഹചര്യത്തില്‍ ദേശീയതലത്തില്‍ തന്നെ മലബാര്‍ സന്ദര്‍ശിക്കാന്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന മുറവിളിയും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ""ഈ കത്തിന്റെ ഒറിജിനല്‍ അറബി മലയാളത്തിലായതിനാല്‍, വായിച്ചെടുക്കേണ്ട ബുദ്ധിമുട്ട് കാരണം, കത്ത് ശ്രദ്ധയില്‍ നിന്ന് വിട്ടുപോയതായി'' "ദി ഹിന്ദു' എഡിറ്റര്‍ പറയുന്നു. ""പഴഞ്ചനായ ഓസ്ട്രിയന്‍ ചുരുള്‍ പേപ്പറില്‍ കറുത്ത ലെഡ് പെന്‍സില്‍ ഉപയോഗിച്ച് സവിശേഷമായ മാപ്പിള മലയാളത്തിലാണ് കത്ത് എഴുതപ്പെട്ടിട്ടുള്ളത്'' എന്ന്​ എഡിറ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു ആഖ്യാനമായി ഈ കത്തിനെ കാണാന്‍ സാധിക്കില്ല. കത്തിനോടൊപ്പം കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നപോലെ അടിസ്ഥാനപരമായി ഇത് തദ്ദേശീയരുടെ പരിപ്രേക്ഷ്യത്തില്‍ എഴുതപ്പെട്ട ചരിത്ര പാഠമാണ്. കോളനി വാഴ്ചയില്‍ നിന്ന് അറുതി ലഭിക്കാന്‍ അചഞ്ചലമായി പോരാട്ടം നയിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഓര്‍മകള്‍ തുടച്ചുമാറ്റാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ശ്രമിച്ചു എന്നതിനാല്‍ ഈ കത്ത് മറവിയെ/മായ്ക്കലിനെ അതിജീവിച്ച അപൂര്‍വ രേഖയാണ്. പ്രാദേശിക ചരിത്രകാരനായ എ.കെ. കോടൂര്‍ തന്റെ വിഖ്യാതമായ ആംഗ്ലോ-മാപ്പിള യുദ്ധം എന്ന പുസ്തകത്തില്‍ ഹാജിയുടെ അന്ത്യത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ""18നു വരെയുള്ള വിവരങ്ങള്‍ ശരിക്ക് അറിയുന്നില്ല. ഇന്നത്തെ ഓഫീസിലായിരുന്നു അന്നത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോര്‍ട്ടും ഓഫീസും. അവിടെ വെച്ചാണ് സമ്മറി വിചാരണ നടന്നത്..............ജനുവരി 20 ന്​ രാവിലെ 10 മണിക്ക് കോട്ടക്കുന്നിന്റെ വടക്കേ ചരിവില്‍ മലപ്പുറം മഞ്ചേരി റോഡില്‍ നിന്ന് ഒരു വിളിപ്പാടകലെ വെച്ച് വെടിവെച്ച് കൊല്ലുകയും ചെയ്തു. മൃതദേഹത്തൊടൊപ്പം വിപ്ലവ ഗവണ്മെന്റിന്റെ റിക്കാര്‍ഡുകള്‍ നിറച്ച പെട്ടിയും മറ്റേതാനും രേഖകളും മലപ്പുറം അംശം അധികാരി കളപ്പാടന്‍ ആലിയുടെ മേല്‍നോട്ടത്തില്‍ പെട്രോളൊഴിച്ച് തീവെച്ചു''.

കലാപാനന്തരകാലത്തും മലബാറില്‍ ഓര്‍മകള്‍ മായ്ച്ചുകളയുന്നതിനായുള്ള ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ കാണാം. മാര്‍ഷ്യല്‍ ലോയും മലബാര്‍ സ്‌പെഷ്യല്‍ പൊലീസും കലാപം അടിച്ചമര്‍ത്തുന്നതിനെന്ന പോലെ ഓര്‍മയെ നിരോധിക്കാനും ഉപയോഗപ്പെടുത്തി.  മലബാര്‍ കലക്ടറായിരുന്ന ജെ.എ. തോറന്‍ 1925 ഏപ്രില്‍ 26ന് പുറപ്പെടുവിച്ച നോട്ടീസിലൂടെ, സമര പോരാളികളുടെ ഓര്‍മ നിലനിര്‍ത്താനായി പാട്ട് കെട്ടുന്നവരെയും സ്മാരകങ്ങള്‍ പണിയുന്നവരെയും നേര്‍ച്ച കഴിക്കുന്നവരെയുമെല്ലാം നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയതും ഓര്‍മയുടെ മേല്‍ അധികാരം സ്ഥാപിക്കാനുള്ള കൊളോണിയല്‍ യുക്തിയായി കാണാം. 

  • Tags
  • #Malabar rebellion
  • #Variyan Kunnathu Kunjahammed Haji
  • #Abdul Bari C.
  • #British Colonialism
  • #Malappuram
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Dr. PP Abdul Razak on Malabar Rebellion

History

ഡോ. പി.പി. അബ്ദുള്‍ റസാഖ്

മലബാര്‍ രക്തസാക്ഷികളും ഐ.സി.എച്ച്.ആറിന്റെ കര്‍സേവയും

Apr 04, 2022

26 Minutes Watch

azeez

Obituary

മുസാഫിര്‍

കൊൽക്കത്തയിലെ ഫുട്​ബോൾ ​ഭ്രാന്തന്മാർ തോളിലേറ്റി നൃത്തം വച്ച താരമായിരുന്നു മലപ്പുറം അസീസ്

Jan 17, 2022

6 Minutes Read

cov

History

ഡോ: അബ്ബാസ് പനക്കല്‍ 

ആ അജ്ഞാത ​​ഫോ​ട്ടോയും ബ്രിട്ടീഷ്​ ചരിത്ര നിർമിതിയും; ക്യാപ്​റ്റൻ ഹാരിയുടെ ലേഖനം വീണ്ടും വായിക്കുമ്പോൾ

Nov 18, 2021

18 Minutes Read

shamshad hussain

Gender

Truecopy Webzine

മലപ്പുറം പെണ്ണിന്റെ ആത്മകഥ

Oct 18, 2021

2 Minutes Read

vd savarkar

History

പി.എന്‍.ഗോപീകൃഷ്ണന്‍

സവർക്കറുടെ മാപ്പപേക്ഷയിൽ ഗാന്ധിയുണ്ടോ? ചരിത്രരേഖകൾ പറയുന്നത്​

Oct 15, 2021

11 Minutes Read

Malabar rebellion

History

ഡോ. പി.പി. അബ്ദുള്‍ റസാഖ്

ബ്രിട്ടീഷുകാരുടെ 'എനിമി നമ്പര്‍ വണ്‍' ആയി മലബാറിലെ മാപ്പിളമാര്‍ മാറിയത് എങ്ങനെ?

Oct 08, 2021

25 Minutes Watch

2

History

ഡോ. പി.പി. അബ്ദുള്‍ റസാഖ്

മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല? ഇതാണ് തെളിവ്

Oct 01, 2021

25 Minutes Watch

pp

History

ഡോ. പി.പി. അബ്ദുള്‍ റസാഖ്

മലബാർ കലാപത്തിന്റെ കലർപ്പില്ലാത്ത ചരിത്രം; ഭാഗം ഒന്ന്

Sep 21, 2021

25 Minutes Watch

Next Article

ചുരുളിയിലെ തെറി: കാക്കിക്കുള്ളിലാണ്​ കലാഹൃദയം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster