"എല്ലാ പ്രൊലേറ്റേറിയന്മാരും ഒന്നിക്കുക’’ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 176 വർഷങ്ങൾ

മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചുള്ള ആലോചനയ്ക്കിടെ ഐജാസ് അഹമ്മദ് ആ ചെറുരചനയെക്കുറിച്ച് സാന്ദ്രമായ ഒരു വിശേഷണം അവതരിപ്പിക്കുന്നുണ്ട്. "രോഗനിർണ്ണയത്തിന്റെയും പ്രവചനത്തിന്റെയും ആശ്ചര്യജനകമായ സംയോഗം' (stunning combination of diagnosis and prediction) എന്നതാണത് (Aijaz Ahmad 1999:25). മാനിഫെസ്റ്റോ കൊണ്ടുവന്ന രീതിശാസ്ത്രവിച്ഛേദം എന്ത് എന്ന ചോദ്യത്തിനുത്തരവും ഐജാസിന്റെ ഈ വിശേഷണത്തിലുണ്ട്. വർഗ്ഗപരമായ വൈരുധ്യത്തെ, ഉത്പാദന വ്യവസ്ഥയിലെ ചരിത്രപരമായ മാറ്റങ്ങളുടെ സൃഷ്ടിയായി മനസ്സിലാക്കുകയും ആ വിശകലനത്തിലൂടെ നിഗമനങ്ങളിലേക്ക് എത്തുകയും ചെയ്യുന്ന ചരിത്രപരമായ ഭൗതികവാദത്തിന്റെ സമീപനമാണ് മാനിഫെസ്റ്റോ ഉറപ്പിച്ചെടുത്തത്.

സ്വാഭാവികമായും വർഗ്ഗസമരം ചരിത്രപരമായ ഒരാവശ്യം എന്ന നിലയിൽ മാനിഫെസ്റ്റോയിൽ മനസിലാക്കപ്പെട്ടു. അതോടെ, മനുഷ്യനെ സംബന്ധിച്ച കല്പനകളെയെല്ലാം പുതുക്കിപ്പണിയാനോ തിരുത്താനോ ഉള്ള സമ്മർദ്ദം കൂടിയാണ് മാനിഫെസ്റ്റോയിൽ വന്നു ചേർന്നത്.
"മനുഷ്യൻ' എന്ന സങ്കല്പനത്തെ സംബന്ധിച്ചുള്ള മൗലികമായൊരു തിരുത്തലിന്റെ പശ്ചാത്തലമുണ്ട് മാനിഫെസ്റ്റോയുടെ രചനയ്ക്ക്. 1836 ൽ രൂപീകരിക്കപ്പെട്ട നീതിമാന്മാരുടെ ലീഗിന്റെ (Bund der Gerechten ) ആപ്തവാക്യം "എല്ലാ മനുഷ്യരും സഹോദരന്മാരാണ്' എന്നതായിരുന്നു. നീതിമാന്മാരുടെ ലീഗും കമ്യൂണിസ്റ്റ് കറസ്‌പോണ്ടന്റ് കമ്മിറ്റിയും സംയുക്തമായി 1847 ജൂണിൽ ലണ്ടനിൽ വെച്ചു നടന്ന ആദ്യ സമ്മേളനത്തിൽ (കമ്യൂണിസ്റ്റ് ലീഗിന്റെ ആദ്യത്തെ കോൺഗ്രസ്സ്) മേൽ മുദ്രാവാക്യം "എല്ലാ പ്രൊലേറ്റേറിയന്മാരും ഒന്നിക്കുക' എന്നു തിരുത്തപ്പെട്ടു. സാമ്പത്തിക വിഷമതകൾ മൂലം ആ സമ്മേളനത്തിൽ കാൾ മാർക്‌സ് നേരിട്ടു പങ്കെടുത്തില്ല എങ്കിലും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു മുദ്രാവാക്യം മാറ്റിയെഴുതപ്പെട്ടത്.

ഐജാസ് അഹമ്മദ്. / Photo : Screenshot, NewsClick Youtube Channel.

ആ വർഷം നവംബറിൽ ചേർന്ന രണ്ടാം സമ്മേളനമാണ് മാനിഫെസ്റ്റോയുടെ രചനയ്ക്കായി മാർക്‌സിനെ ചുമതലപ്പെടുത്തുന്നത്. ഫ്രഞ്ച് വിപ്ലവഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട Declaration of the Rights of man and citizen നു ശേഷം ഇന്നോളം വന്ന രാഷ്ട്രീയ രചനകളിൽ ഏറ്റവും സ്വാധീനവത്തായ ഒറ്റ രചന എന്ന് എറിക് ഹോബ്‌സ്‌ബോം വിശേഷിപ്പിച്ച ഈ ലഘുലേഖ (2011:102) അതിന്റെ രൂപവത്കരണ സന്ദർഭത്തിൽ തന്നെ "മനുഷ്യനെ' പ്രശ്‌നവത്കരിച്ചിരുന്നു എന്നർത്ഥം.

പത്തൊമ്പതാം നൂറ്റാണ്ട് ആരംഭത്തോടെ തന്നെ വ്യാവസായിക മുതലാളിമാരുടെ വർധിച്ച ചൂഷണവും തൊഴിലാളികളുടെ ദുരിതവും തമ്മിലുള്ള ബന്ധം പലനിലയിൽ വിശദീകരിക്കപ്പെടുന്നുണ്ടായിരുന്നു. സംഘടിതമല്ലെങ്കിലും തൊഴിലാളികളുടെ മുൻകൈയാൽ ധാരാളം കലാപങ്ങൾ സംഘടിപ്പിക്കപ്പെടുന്നുമുണ്ടായിരുന്നു. പ്രീമാർക്‌സിയൻ സോഷ്യലിസം എന്ന് ഹോബ്‌സ്‌ബോം വിളിക്കുന്ന വ്യത്യസ്തങ്ങളായ ഈ രാഷ്ട്രീയധാര പൊതുവെ ഫ്രഞ്ചു വിപ്ലവത്തിന്റെ വംശാവലിയിൽ പെട്ടവയോ വിപ്ലവാത്മക ജനാധിപത്യം, ജാക്കോബിൻ റിപ്പബ്ലിക്കനിസം, നവ ബാബോവിസ്റ്റു വിപ്ലവ തൊഴിലാളി വർഗ്ഗ കമ്യൂണിസം തുടങ്ങിയ രൂപങ്ങളിലുള്ളവയോ ഇടതുപക്ഷ ഹെഗേലിയനിസത്തിലോ ഫൊയർബാഹിയൻ സിദ്ധാന്തത്തിലോ നിന്ന് പ്രചോദനം സ്വീകരിച്ചവയും ആയിരുന്നു. പ്രൂധോണിന്റെ "ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം', വൈറ്റ്‌ലിങ്ങിന്റെ "പാവപ്പെട്ട പാപികൾക്കുള്ള സുവിശേഷം' തുടങ്ങിയ രചനകൾ സ്വത്തുടമാ സംവിധാനത്തെ വിമർശനാത്മകമായി നോക്കിക്കാണുകയും ചെയ്തിരുന്നു. പക്ഷേ മാർക്‌സ്-പൂർവ്വ സോഷ്യലിസത്തിന്റെ ഏറ്റവും വലിയ പരിമിതിയായിരുന്നത് കമ്യൂണിസത്തിലേക്കുള്ള വഴി എന്താണ് എന്നതിനെ സംബന്ധിച്ചുള്ള വ്യക്തതയില്ലായ്മയായിരുന്നു. പൊതുവെ, കൈത്തൊഴിൽകാരുടെ പരസ്പര സഹായരൂപങ്ങളെയാണ് ആ വഴിയായി അവതരിപ്പിക്കപ്പെട്ടത് (കെ.എൻ.ഗണേശ് 2017:14). ഈ സോഷ്യലിസ്റ്റ് അന്വേഷണങ്ങളുടെ പരിമിതിയാണ് നീതിമാന്മാരുടെ ലീഗിന്റെ ആപ്തവാക്യം പ്രതിനിധാനം ചെയ്തിരുന്നത്. തിരുത്തിൽ നിന്ന് മാനിഫെസ്റ്റോ ആരംഭിച്ചതും അതുകൊണ്ടു തന്നെയാണ്.

ഫ്രഞ്ച് വിപ്ലവമാണ് മനുഷ്യനെ സംബന്ധിച്ച് അതുവരെയുണ്ടായതിലെ ഏറ്റവും ഗംഭീരമായ മുദ്രാവാക്യങ്ങൾ അവതരിപ്പിച്ചത്. / Photo : Wikimedia Commons.

നിശ്ചയമായും ഫ്രഞ്ച് വിപ്ലവമാണ് മനുഷ്യനെ സംബന്ധിച്ച് അതുവരെയുണ്ടായതിലെ ഏറ്റവും ഗംഭീരമായ മുദ്രാവാക്യങ്ങൾ അവതരിപ്പിച്ചത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ത്രിത്വം ഫ്യൂഡൽ വ്യവസ്ഥയ്‌ക്കെതിരായ മൂർച്ചയുള്ള ഒരായുധമായിരുന്നു. നാടുവാഴിത്തതിനും പ്രഭുവാഴ്ചയ്ക്കുമെതിരായ സമരകാഹളവുമായിരുന്നു. പക്ഷേ ജ്ഞാനോദയത്തിന്റെ മനുഷ്യ സങ്കല്പം അതിൽ തന്നെ ദൗർബല്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ചരിത്രനിരപേക്ഷവും സാമൂഹ്യനിരപേക്ഷവുമായ വ്യക്തി എന്ന ദാർശനികധാരണയാണ് അതിനടിത്തറയായത്. ഈ വ്യക്തിയാവട്ടെ സ്വകാര്യസ്വത്തുടമസ്ഥതയിലൂടെ നിലവിൽ വരുന്നതാണ് താനും. ലളിതമായ അർത്ഥത്തിൽ പ്രബുദ്ധതായുഗം മുൻപോട്ടു വെച്ച മനുഷ്യൻ എന്ന ആശയം പാശ്ചാത്യാധുനികതയുടെ അടിസ്ഥാന യൂണിറ്റായ ബൂർഷ്വാ ലിബറൽ വ്യക്തിയായിരുന്നു. ജ്ഞാനോദയം സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ അതിന് ബൂർഷ്വാസിയുടെ സ്വാതന്ത്ര്യമെന്ന പരിമിതാർത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെ. ദാമോദരനെ കടമെടുത്താൽ "ഫ്യൂഡലിസത്തെ അപേക്ഷിച്ചു നോക്കുമ്പോൾ മുതലാളിത്തം അക്കാലത്തൊരു പുരോഗമന ശക്തിയായിരുന്നു. പക്ഷേ അതേ സമയത്തു തന്നെ അവരൊരു ചൂഷകവർഗ്ഗവുമായിരുന്നു. അതുകൊണ്ട് മനുഷ്യസ്‌നേഹത്തെപ്പറ്റിയും മനുഷ്യന്റെ ഔന്നത്യത്തെപ്പറ്റിയുമുള്ള ഉത്കൃഷ്ടങ്ങളായ ആശയങ്ങൾ പ്രചരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ കൃഷിക്കാരുടെ സമരങ്ങളും കൊളോണിയൽ ജനതയുടെ ചോരയൊഴുക്കലും നടമാടിക്കൊണ്ടിരുന്നു (2015: 142)'. ആധുനികതയുടെ യഥാർത്ഥ വീരനായകനായി ബൂർഷ്വാ മനുഷ്യനെ മാനിഫെസ്റ്റോ അവതരിപ്പിക്കുന്നുണ്ട്, പക്ഷേ അപ്പോൾ തന്നെ വ്യക്തിയോഗ്യതകളെ വിനിമയമൂല്യത്തിലലിയിച്ച ബൂർഷ്വാസിയുടെ നഗ്‌നമായ കൊള്ളയെ അത് തുറന്നു കാട്ടുന്നുമുണ്ട്.

കെ. എൻ. ഗണേശ്. / Photo : Wikimedia Commons.

പ്രബുദ്ധതയ്ക്കും അതിന്റെ ആകെത്തുകയായ ആധുനികതയ്ക്കും ജന്മം കൊടുത്തു കൊണ്ട് യൂറോപ്പിന്റെ സാമൂഹിക ജീവിതത്തിൽ ഉയർന്നു വന്ന പുതിയ ബൂർഷ്വാ വർഗ്ഗത്തിന്റെ പ്രതിനിധിയായിരുന്നു മനുഷ്യൻ എന്നറിയപ്പെട്ടുപോന്നത്. ഒരു ഭാഗത്ത് മാനവികതയുടെ ഗംഭീരമുദ്രാവാക്യങ്ങൾ ഉയരുമ്പോൾ തന്നെ കൊള്ളയടിക്കലിൽ നിർലജ്ജമേർപ്പെടാൻ പാശ്ചാത്യാധുനികതയ്ക്കു കഴിഞ്ഞതും ഈ വൈരുധ്യം കൊണ്ടാണ്. "ആധുനിക മനുഷ്യൻ സ്വർഗ്ഗത്തിലും ഭൂമിയിലുമായി ( ഭാവനാത്മകവും യഥാർഥവുമായി) ഇരട്ടജീവിതം നയിക്കുന്ന ഒരാളായിത്തീർന്നു. രാഷ്ട്രീയജീവിതത്തിന്റെ ഭാവനാത്മക സ്വർഗത്തിൽ അവൾ/അവൻ ഒരു സമൂഹജീവിയാണ്. പൊതുതാൽപ്പര്യങ്ങൾ ഉള്ള, പൊതു സമൂഹത്തിന്റെ ചൈതന്യമുൾക്കൊണ്ട സമൂഹജീവി. എന്നാൽ പൗരജീവിതത്തിന്റെ യഥാർഥ ലോകത്തിൽ മറ്റു മനുഷ്യരെ സ്വന്തം ലക്ഷ്യത്തിലേക്കുള്ള മാർഗം മാത്രമായി കരുതുന്ന, സ്വയം കമ്പോള ശക്തികളുടെ ഒരു മാർഗം മാത്രമായിത്തീരുന്ന, സ്വകാര്യ വ്യക്തിയായും അവൾ / അയാൾ മാറിത്തീർന്നു' (സുനിൽ പി.ഇളയിടം 2009:25).

കാൾ മാർക്സ്. / Photo : Wikimedia Commons.

ആധുനികതയുടെ സ്വാഭാവികപരിണതിയായി ഫാഷിസത്തെ നോക്കിക്കാണുന്ന അഡോണോ ആധുനിക വ്യക്തിയുടെ ഈ വൈരുധ്യത്തിൽ തന്നെയാണ് സമഗ്രാധിപത്യത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും മൂലകാരണം കണ്ടെത്തിയതും. മാർക്‌സ് ആരംഭിച്ചത് ഈ വ്യക്തി/ മനുഷ്യ സങ്കല്പത്തെ കലവറയില്ലാതെ വിമർശിച്ചു കൊണ്ടാണ്. മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെടുന്നതിനും വളരെ മുൻപെഴുതിയ ജൂതപ്രശ്‌ന (1843) ത്തിൽ തന്നെ ഇതു കാണാം. മനുഷ്യാവകാശപ്രഖ്യാപനവും ഫ്രഞ്ച് ഭരണഘടനയിലെ നിർണ്ണായക വ്യവസ്ഥകളും സശ്രദ്ധം അപഗ്രഥനവിധേയമാക്കിക്കൊണ്ട്, നീതിനിർവഹണപരമായ സമത്വം, അടിസ്ഥാനപരമായ എത്രയോ കൂടുതൽ അസമത്വങ്ങളെ ആധാരമാക്കിയതാണെന്നും, സ്വകാര്യസ്വത്തവകാശമാണ് ഉറപ്പു നൽകപ്പെടുന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശമെന്നും മാർക്‌സ് വിവരിക്കുകയുണ്ടായി. ഉത്പാദന വ്യവസ്ഥയിൽ നിന്ന് അന്യവത്കരിക്കപ്പെടുന്ന മനുഷ്യർ ചരക്കുകളുടെ കോയ്മയ്ക്ക് സർവ്വാത്മനാ കീഴ്പ്പെടുകയാണെന്നും ഈ കീഴായ്മ സ്വാതന്ത്ര്യത്തിന് നേർ വിരുദ്ധമായ അവസ്ഥാവിശേഷമാണെന്നും സാമ്പത്തികവും തത്വചിന്താപരവുമായ കുറിപ്പുകളിൽ മാർക്‌സ് വിലയിരുത്തി.

തന്റെ അധ്വാനത്തിന്റെ ആവിഷ്‌കാര രൂപങ്ങൾ തനിക്ക് അന്യവും അപ്രാപ്യവുമായ ഒരു അവസ്ഥയുടെ ആന്തരഘടകങ്ങളായിത്തീരുകയും തന്റെ നിലനിൽപ്പിന്റെ അവസ്ഥകളെത്തന്നെ നിയന്ത്രിക്കുന്ന ശക്തിയായി പരിണമിക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ സ്വാതന്ത്ര്യത്തിൽ നിന്ന് പുറന്തള്ളപ്പെടുകയാണെന്ന് മാർക്‌സ് തിരിച്ചറിയുന്നു (ടി.വി.മധു: 1999:32). ഇങ്ങനെ സ്വകാര്യ സ്വത്തുടമാവകാശത്തെ ആസ്പദമാക്കി നിലനിൽക്കുന്ന ബൂർഷ്വാ മാനവിക വാദത്തിന്റെ വൈരുധ്യങ്ങളിലേക്കും, മുതലാളിത്ത വ്യവസ്ഥയിൽ മനുഷ്യർ എത്തിച്ചേരുന്ന അന്യവത്കരണമെന്ന അസ്വാതന്ത്രാവസ്ഥയെ സംബന്ധിച്ച കാഴ്ച്ചകളിലേക്കും മാനിഫെസ്റ്റോയ്ക്ക് മുൻപെ മാർക്‌സ് എത്തിച്ചേർന്നിരുന്നു. തത്വചിന്താപരമായി താനവതരിപ്പിച്ചു പോന്ന ആശയങ്ങളെ രാഷ്ട്രീയ പരിവർത്തനത്തിന്റെ പാഠമാക്കി മാറ്റുകയാണ് മാർക്‌സ് മാനിഫെസ്റ്റോയിൽ ചെയ്തത്. ഏതെങ്കിലും ചിന്തകനെതിരായോ ചിന്താസരണിക്കെതിരായോ അല്ലാതെ ബൂർഷ്വാ വ്യവസ്ഥയ്ക്ക് മൊത്തത്തിൽ എതിരായി എഴുതിയ മാർക്‌സിന്റെ ഈ ആദ്യകൃതി ഗഹനമായ ദാർശനിക പ്രബന്ധമെന്നതിനെക്കാൾ പ്രഖ്യാപനപരമായ രാഷ്ട്രീയോർജ്ജം ഉൾക്കൊള്ളുന്നതായത് യാദൃശ്ചികമായല്ല. ചിന്തയും പ്രയോഗവും തമ്മിലുണ്ട് എന്നു കരുതിയ അപരിഹാര്യമായ വൈരുധ്യത്തെ മറികടന്നതിന്റെ ആവിഷ്‌കാരമായിക്കൂടിയാവണം.

1. മനുഷ്യൻ എന്ന സാമൂഹ്യബന്ധം

മാനിഫെസ്റ്റോയുടെ രചനയ്ക്കു മുൻപു തന്നെ മനുഷ്യനെ സംബന്ധിച്ചുള്ള മാർക്‌സിന്റെ വിഖ്യാത നിരീക്ഷണം രൂപപ്പെട്ടിരുന്നു. 1845 ൽ എഴുതിയ (1888 ൽ പ്രസിദ്ധീകരിക്കപ്പെട്ട) ഫൊയർബാഹ് തീസിസുകളിൽ ആറാമതായി മാർക്‌സ് എഴുതി; "മാനവിക സത്ത എന്നത് ഓരോ വ്യക്തിയിലും അടങ്ങിയ എന്തോ ഒന്നല്ല. അത് സമൂഹബന്ധങ്ങളുടെ സംഘാതമാണ് '. ഹെഗേലിയന്മാർക്കും സത്താവാദികൾക്കുമെതിരെ ഉയർത്തിയ ഈ വിമർശനം അമൂർത്തമായ മാനവിക സത്ത എന്ന ഒന്നിനെ തിരസ്‌കരിക്കുന്നു.

കെ. എൻ. ഗണേശ് ചൂണ്ടിക്കാട്ടുന്നു; "മാനവികസത്തയുടെ പൊതുസ്വഭാവത്തെ സ്ഥിരീകരിക്കാൻ മാനവികസത്തയെ ഉൾക്കൊള്ളുന്ന വ്യക്തിയെ സമൂഹത്തിന്റെ ആധാരശിലയാക്കി മാറ്റേണ്ടി വരുന്നു. ഇതേ മാനവികസത്ത വ്യക്തികളെ സംയോജിപ്പിക്കുന്ന പൊതുസ്വഭാവവുമായി തീരുന്നു. മാനവികസത്ത എന്ന അമൂർത്തതയെ ന്യായീകരിക്കാൻ സമൂഹത്തെ അതേ അമൂർത്തത അടങ്ങുന്ന വ്യക്തികളുടെ കൂട്ടമായി ചിത്രീകരിക്കേണ്ടി വരുന്നു (2017:190) '. ഇങ്ങനെ അമൂർത്തമായ മനുഷ്യനെയും ആ മനുഷ്യനിൽ മുൻകൂറായി നിലകൊള്ളുന്ന സത്താപരമായ പൊതുസ്വഭാവത്തെയും അവരുടെ കൂട്ടായമയായ സമൂഹമെന്ന ആശയത്തെയും മാർക്‌സ് നിരാകരിച്ചിരുന്നു എന്നു സാരം.

മാനിഫെസ്റ്റോയിലവതരിപ്പിക്കുന്ന മനുഷ്യന്റെ ആദ്യ സവിശേഷത മേൽപ്പറഞ്ഞ സാമൂഹിക സംഘാതമെന്ന നില തന്നെയാണ്. നിശ്ചയമായും പാശ്ചാത്യാധുനികതയുടെ അടിസ്ഥാന യൂണിറ്റായ സുദൃഢവും അനന്യവുമായ വ്യക്തി സങ്കല്പത്തെയാണ് മാനിഫെസ്റ്റോയിലടക്കം മാർക്‌സ് വിമർശിക്കുന്നത്. സാമൂഹിക ബന്ധങ്ങൾക്കുള്ളിൽ രൂപപ്പെട്ടു വരുകയും അതേ ബന്ധങ്ങളാൽ ഞെരിഞ്ഞമരുകയും ചെയ്യുന്ന അസ്വതന്ത്രനായ വ്യക്തിയാണ് മാനിഫെസ്റ്റോയിലെ മനുഷ്യൻ. മനുഷ്യാവസ്ഥയെ അസ്വതന്ത്രപരമാക്കുന്നതിൽ വ്യവസ്ഥ വഹിക്കുന്ന പങ്കിനെയാണ് മാനിഫെസ്റ്റാ അഴിച്ചെടുക്കാൻ ശ്രമിക്കുന്നതും. വ്യക്തി തന്നെ സാമൂഹിക സംഘാതമായതിനാൽ എല്ലാ സ്ഥാപനങ്ങളും സാമൂഹ്യമായ ബന്ധമായല്ലാതെ നിലകൊള്ളാൻ വയ്യ. വിവാഹം, കുടുംബം, വിദ്യഭ്യാസം, ഭരണകൂടം തുടങ്ങിയ സ്ഥാപനങ്ങളെ സവിശേഷമായി തന്നെ മാനിഫെസ്റ്റോ പരിശോധിക്കുന്നുണ്ട്. സ്ത്രീ എങ്ങനെയാണ് ഉത്പാദനോപകരണമായി മാറുന്നതെന്ന ചിത്രവും അത് വരച്ചിടുന്നു.

2. മർദ്ദക-മർദ്ദിത വൈരുധ്യം

മാർക്‌സിന്റെ വിപുലമായ രചനാജീവിതത്തെ പരിഗണിച്ചാൽ അതിൽ ദാർശനികമായ സങ്കീർണ്ണതകളില്ലാത്ത ലളിത രചനയായി മാനിഫെസ്റ്റോയെ കാണാം. മനുഷ്യ സങ്കല്പത്തെ സംബന്ധിച്ച ദാർശനിക സമസ്യകളും പ്രത്യക്ഷത്തിൽ മാനിഫെസ്റ്റോ ഉന്നയിക്കുന്നില്ല. എങ്കിലും, പിൽക്കാലത്ത് മാർക്‌സ് ഉന്നയിക്കാൻ ശ്രമിച്ച പ്രധാന പ്രമേയങ്ങൾക്കെല്ലാം - മുതലാളിത്തത്തിന്റെ സമഗ്രമായ ചരിത്രവും അർഥശാസ്ത്രവും, ഭരണവർഗങ്ങളുടെ സമകാലീന രാഷ്ട്രീയം, തൊഴിലാളി പ്രസ്ഥാനത്തിന്റെ കാഴ്ച്ചപ്പാടുകൾ - മാനിഫെസ്റ്റോയിൽ തുടക്കം കുറിച്ചിരുന്നു. ആഹ്വാനാത്മകത ഉൾക്കൊള്ളുന്ന സരളലഘുലേഖയായിരിക്കെ തന്നെ, താനേറ്റെടുത്തതും പിന്നീട് വികസിപ്പിക്കാൻ പോകുന്നതുമായ കർത്യവ്യങ്ങളുടെ ആദ്യ സാമാന്യാവിഷ്‌കാരമായും മാനിഫെസ്റ്റോയെ കാണാം. ആദ്യകാല മാർക്‌സിൽ നിന്നും പക്വമതിയായ മാർക്‌സിലേക്കുള്ള അന്തരാളഘട്ടമായ ഐജാസ് അഹമ്മദ് ഈ കൃതിയെ സ്ഥാനപ്പെടുത്തുന്നതും അതിനാലാണ് (1999:28).
മുകളിൽ പറഞ്ഞതു പോലെ കേവലമായ മനുഷ്യസങ്കല്പത്തെ സമ്പൂർണമായി നിരാകരിച്ചു കൊണ്ടാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. കമ്യൂണിസ്റ്റ് ഭൂതത്തെ ഒരു ശക്തിയായി എല്ലാ യൂറോപ്യൻ രാഷ്ട്രങ്ങളും അംഗീകരിച്ചതെന്തു കൊണ്ട് എന്ന ചോദ്യത്തിന് വിശദീകരണം നൽകിക്കൊണ്ടാണ് മാനിഫെസ്റ്റോ തുടങ്ങുന്നത്. അതിൽ ഇങ്ങനെ പ്രസ്താവിക്കുന്നു. "നാളിതുവരെ നില നിന്ന എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണ് ' ( 1888 ൽ ഏംഗൽസ് ഈ വാചകത്തോടൊപ്പം ' അതായത് ലിഖിത ചരിത്രം മുഴുവനെന്നുമർത്ഥം' എന്നു കൂട്ടിച്ചേർക്കുന്നുണ്ട് ). എഴുത്തു വളർന്നതിനു ശേഷമുള്ള എല്ലാ സമൂഹങ്ങളിലും മനുഷ്യൻ വ്യത്യസ്തവർഗങ്ങളായി ചേരി തിരിഞ്ഞു നിന്നിരുന്നു. സ്വതന്ത്ര്യനും അടിമയും, കുലീനനും മ്ലേച്ഛനും, ഗിൽഡ് മാസ്റ്ററും വേലക്കാരനും - ചുരുക്കിപ്പറഞ്ഞാൽ മർദ്ദകനും മർദ്ദിതനും - പരസ്പരം വൈരികളായി നിലകൊണ്ടിരുന്നു എന്നും ചിലപ്പോൾ ഒളിഞ്ഞും ചിലപ്പോൾ തെളിഞ്ഞും ഇടതടവില്ലാത്ത പോരാട്ടം നടത്തിപ്പോന്നു എന്നും അസന്ദിഗ്ധമായി ആ ഭാഗം പ്രസ്താവിക്കുന്നു.

ഫ്രെഡറിക് ഏംഗൽസ്

പിന്നീട് ലെനിൻ മൂർത്ത യാഥാർത്ഥ്യങ്ങളുടെ മൂർത്ത വിശകലനം എന്നു മാർക്‌സിസത്തെ സംഗ്രഹിച്ചു. വാസ്തവത്തിൽ മാനിഫെസ്റ്റായുടെ ഈ ആദ്യഭാഗം ചെയ്യുന്നത് മൂർത്തമായ യാഥാർത്ഥ്യത്തിലേക്കുള്ള വാതിൽ തുറക്കുകയാണ്. മതങ്ങളോ ഇതര മാനവികാധിഷ്ഠിത ദർശനങ്ങളോ, പിൽക്കാലത്ത് മുതലാളിത്തം തന്നെയോ നിർമ്മിച്ചെടുത്ത കേവലമനുഷ്യൻ എന്ന ഒന്ന് ചരിത്രത്തിൽ ഒരു കാലത്തും ഉണ്ടായിരുന്നില്ല. എല്ലാ സമൂഹങ്ങളിലും സങ്കീർണമായ ക്രമങ്ങളും ആ ക്രമങ്ങൾ തട്ടുകളെയും നിർമ്മിച്ചിരുന്നു. ലളിതമായ അർത്ഥത്തിൽ അവയെ മർദ്ദക- മർദ്ദിത വിഭാഗങ്ങളായി മാനിഫെസ്റ്റോ ക്രമീകരിക്കുന്നു. ഈ വീക്ഷണം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ മുതലാളിത്ത സമൂഹത്തിൽ മാത്രമല്ല, നമ്മുടേതടക്കമുള്ള സമകാലിക സമൂഹത്തിലേക്കും നീട്ടുമ്പോഴാണ് മാനിഫെസ്റ്റോയിലെ മനുഷ്യന്റെ ആദ്യസവിശേഷത തുറന്നു വരുന്നത്.
ജ്ഞാനോദയാധുനികതയുടെ മാനവികബോധം നിരസിക്കുന്നതോടൊപ്പം തട്ടുതട്ടായുള്ള സമൂഹത്തിൽ ഒരു വിഭാഗം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കയാണെന്നും മാനിഫെസ്റ്റാ പറഞ്ഞു വെക്കുന്നു.

പ്രഭാത് പട്‌നായിക് ചൂണ്ടിക്കാണിക്കുന്നതു പോലെ, മാനിഫെസ്റ്റോയിൽ അതെഴുതപ്പെട്ട കാലത്തിന്റെ കാലടിപ്പാടുകൾ നിരവധി വിധത്തിൽ പതിഞ്ഞു കിടപ്പുണ്ട് (1999:90). തനി തൊഴിലാളിവർഗ വിപ്ലവത്തെ വിഭാവനം ചെയ്തതും, യൂറോപ്യൻ മുതലാളിത്ത ഉത്പാദന രീതിയെ വിശകലനാത്മകമായി സമീപിക്കുന്നതുമാണ് മാനിഫെസ്റ്റോ, അതിന്റെ വിഖ്യാതമായ പരിമിതിയും അതു തന്നെയാണ്. അതിനാൽ തന്നെ മാനിഫെസ്റ്റോയിലെ വർഗവൈരുധ്യത്തെ സംബന്ധിച്ചുള്ള പരാമർശം മാർക്‌സ് തന്നെ പിന്നീട് വികസിപ്പിച്ചതും അന്റോണിയോ ഗ്രാംഷി, ഇ.പി.തോംസൺ തുടങ്ങിയ പിൽക്കാല മാർക്‌സിസ്റ്റുകളിലൂടെ വിപുലീകരിക്കപ്പെടുകയും ചെയ്ത 'വർഗ' സമീക്ഷകളെ മുൻനിർത്തി വായിച്ചെടുക്കുന്നതാവും നീതി. ആ നിലയിൽ നോക്കുമ്പോൾ ഉത്പാദന വ്യവസ്ഥയുടെ ചരിത്രപരമായ പരിണാമത്തിൽ ഒരു സവിശേഷവ്യവസ്ഥ രൂപപ്പെടുത്തിയ ബൂർഷ്വാസി - തൊഴിലാളി എന്നീ വർഗവൈരുധ്യങ്ങൾക്കപ്പുറം മാനിഫെസ്റ്റോ തന്നെ ബ്രാക്കറ്റിൽ സംഗ്രഹിക്കുന്ന മർദ്ദകനും മർദ്ദിതനും എന്ന വിഭജനത്തിന് മിഴിവ് കൂടി വരുന്നതു കാണാം.
നിശ്ചയമായും ബൂർഷ്വാ-തൊഴിലാളി വൈരുധ്യം മറ്റെന്നത്തേക്കാൾ കൂടുതൽ ഇന്ന് പ്രകടമായിരിക്കുന്നു എന്നതംഗീകരിച്ചു കൊണ്ടു തന്നെ മേൽപ്പറഞ്ഞ മർദ്ദക - മർദ്ദിത തട്ടുതിരിവിനെ കാലികമായി സ്ഥാനപ്പെടുത്തൽ സാധ്യമാണ്. ആ നിലയിൽ മാനവികതയെ അസാധ്യമാക്കുന്ന തരത്തിൽ ഒരു മർദ്ദക വിഭാഗം നമ്മുടേതടക്കമുള്ള സമൂഹത്തിലും തുടരുന്നു. മനുഷ്യനെ അവരുടെ സ്വകീയ യാഥാർത്ഥ്യത്തിൽ ജീവിക്കാനനുവദിക്കാത്ത മർദ്ദക വിഭാഗം. മാനിഫെസ്റ്റോയിലെ ബൂർഷ്വാ വർഗ്ഗത്തെക്കുറിച്ചുള്ള മറ്റൊരു നിരീക്ഷണത്തെ ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്."ബൂർഷ്വാസി സ്വന്തം പ്രതിച്ഛായയിലുള്ള ലോകം നിർമ്മിക്കുന്നു'. നിലവിലുള്ള സാമൂഹ്യക്രമം,അതിന്റെ ബോധതലങ്ങൾ എന്നിവയെല്ലാം ഒരു അധീശ വിഭാഗത്തിന്റെ താത്പര്യാനുസരണം നിർമ്മിക്കപ്പെട്ടതാണ് എന്ന മാനിഫെസ്റ്റോവിയൻ കാഴ്ച്ചയാണ് മനുഷ്യനെ സംബന്ധിച്ചുള്ള തിരുത്തിന്റെ അന്നത്തെയും ഇന്നത്തെയും സാംഗത്യം. സാമൂഹികഘടനയെ വിമർശനരഹിതമായി ഉൾക്കൊള്ളുക എന്നതിനർത്ഥം അധീശ വിഭാഗങ്ങളുടെ താത്പര്യങ്ങൾക്ക് വഴങ്ങുക എന്നല്ലാതെ മറ്റൊന്നല്ല.

3. അന്യവൽക്കരണം

മുതലാളിത്ത ഉത്പാദന വ്യവസ്ഥ നിർമ്മിക്കുന്ന വലിയ അനീതികളെക്കുറിച്ച് മാനിഫെസ്റ്റോ വാചാലമാകുന്നുണ്ട്. "മനുഷ്യനും മനുഷ്യനും തമ്മിൽ, നഗ്‌നമായ സ്വാർഥമൊഴികെ, ഹൃദയശൂന്യമായ രൊക്കം പൈസയൊഴികെ മറ്റൊരു ബന്ധവും അതു ബാക്കി വെച്ചില്ല', കട്ടിയായതെല്ലാം വായുവിൽ ഉരുകി ലയിക്കുന്ന കാലത്തിന്റെ ഏറ്റവും വലിയ സവിശേഷ അധാർമ്മികതയായി മാർക്‌സ് പൊതുവിലവതരിപ്പുക്കുന്ന ആശയമാണ് അന്യവത്കരണം. അധ്വാനത്തിന്റെ സാക്ഷാത്കാരമെന്നത് അതിന്റെ വസ്തുവൽക്കരണമാണ്. ഉല്പന്നം അധ്വാനിക്കുന്നവരുടേതല്ലാതായി മാറുന്നു. ഉത്പാദന വ്യവസ്ഥയിൽ നിന്നും ഉത്പന്നത്തിൽ നിന്നും ഇതര മനുഷ്യരിൽ നിന്നും ആത്യന്തികമായി അവനവനിൽ നിന്നു തന്നെ മനുഷ്യരെ അന്യവൽക്കരിക്കുന്ന വ്യവസ്ഥയെക്കുറിച്ചാണ് മാർക്‌സിസം നിശിത വിമർശനമുന്നയിച്ചത്.
ഉത്പാദനവ്യവസ്ഥ നിർമ്മിക്കുന്ന ഈ അന്യവത്കൃതാവസ്ഥയെ പിൽക്കാല ഫ്രഞ്ച് മാർക്‌സിസ്റ്റ് ചിന്തകനായ ഹെന്റി ലെഫവർ ദൈനംദിന ജീവിതവുമായി കൂട്ടിയിണക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് വാള്യങ്ങളായിറങ്ങിയ വിഖ്യാതഗ്രന്ഥം "ദൈനംദിന ജീവിതത്തിന്റെ വിമർശം'(Critique of Everyday Life) എങ്ങനെയാണ് ദൈനംദിനാവസ്ഥയിൽ നിന്നും മനുഷ്യൻ അസ്വതന്ത്രനാവുന്നതെന്നും, ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ബലങ്ങൾ ജീവിതത്തെ തന്നെ അന്യവത്കരിക്കുന്നതെന്നതിന്റെയും വിശദചിത്രം വരച്ചിടുന്നുണ്ട്. മാനിഫെസ്റ്റോയുടെ രചനയ്ക്കു മുൻപ് തന്നെ മാർക്‌സ് വികസിപ്പിച്ചു കൊണ്ടു വന്ന അന്യവൽക്കരണത്തെ സമകാലിക സന്ദർഭത്തിലേക്കു വിളക്കുകയാണ് ലെഫവർ ചെയ്തത്. നേരിട്ട് അന്യവൽക്കരണത്തെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും വ്യവസ്ഥാപരമായി അന്യവൽക്കരിക്കപ്പെട്ട മനുഷ്യാവസ്ഥയെക്കുറിച്ച് തന്നെയാണ് മാനിഫെസ്റ്റോയും സംസാരിക്കുന്നതെന്നു കാണാം. ഭരണകൂടത്തെ സംബന്ധിച്ചുള്ള മാനിഫെസ്റ്റോയുടെ നിരീക്ഷണം എടുത്തു ചേർക്കുന്നു; "രാജവാഴ്ച്ചകളുടെ നെടും തൂണായി നിന്ന ബൂർഷ്വാസി അവസാനം - ആധുനിക വ്യവസായത്തിന്റെയും രാഷ്ട്രീയാധികാരം മുഴുവനും ആധുനിക ജനപ്രതിനിധിഭരണത്തിന്റെ രൂപത്തിൽ സ്വായത്തമാക്കി. മൊത്തത്തിൽ ബൂർഷ്വാസിയുടെ പൊതുകാര്യങ്ങൾ നടത്തുന്ന ഒരു കമ്മിറ്റി മാത്രമാണ് ആധുനിക ഭരണകൂടം '.
ഭരണകൂടം,പരിഷ്‌കൃത സമൂഹത്തിലെ വൈരുധ്യങ്ങൾ പൊരുത്തപ്പെടുത്തുന്നതിനുള്ള മേൽത്തരവും നിസ്വാർത്ഥവുമായ ഒരു സംവിധാനമാണെന്ന ഹെഗേലിയൻ ദർശനങ്ങളെയും വ്യക്തികൾ തങ്ങളുടെ പരമാധികാരത്തെ പ്രാതിനിധ്യപരമായി കൈവശാവകാശം നൽകി വൈരുധ്യങ്ങളെ പരിഹരിക്കുന്ന നൈതിക സംവിധാനമെന്ന ജോൺ ലോക്കടക്കമുള്ളവരവതരിപ്പിച്ച സമീക്ഷകളെയും വ്യക്തമായും മാനിഫെസ്റ്റോ നിരസിക്കുന്നു.സാമൂഹ്യസംഘട്ടനങ്ങളുടെ പരിഹാരമെന്ന നിലയിലല്ല, മറിച്ച് അതേ സംഘട്ടനങ്ങളുടെ കൃത്യമായ ബഹിർപ്രകടനമാണെന്ന നിലയിലാണ് ഭരണകൂടം നിലകൊള്ളുന്നതെന്ന് മാനിഫെസ്റ്റോ പറയുന്നു. ഏത് സമൂഹത്തിലെയും ഏറ്റവും അടിസ്ഥാനപരമായ സംഘട്ടനം വർഗ സംഘട്ടനമാണെന്നും ഈ സംഘട്ടനത്തിൽ നിഷ്പക്ഷമായോ അതിനു മുകളിലോ നിലകൊള്ളാൻ ഒരു ഭരണകൂടത്തിനും ഒരു ഭരണാധികാരിക്കും സാധിക്കില്ലെന്നും മാനിഫെസ്റ്റോ പറഞ്ഞു വെക്കുന്നു.
അധീശവർഗ്ഗം സ്വന്തം പ്രതിച്ഛായയാൽ നിർമ്മിച്ചെടുത്ത സമൂഹം, ആ വർഗത്തിന്റെ താത്പര്യസംരക്ഷണത്തിനായി നിലകൊള്ളുന്ന ഭരണകൂടം എന്നിങ്ങനെ മർദ്ദിത വിഭാഗത്തിന്റെ വിപുലമായ അന്യവത്കൃതാവസ്ഥയിലേക്ക് മാനിഫെസ്റ്റോ വിരൽ ചൂണ്ടുന്നു. ഒരല്പം രൂക്ഷമായിത്തന്നെ മാനിഫെസ്റ്റോ പ്രസ്താവിക്കുന്നത് കാണുക.' അതു കൊണ്ട് വ്യക്തി എന്നു വെച്ചാൽ നിങ്ങളുദ്ദേശിക്കുന്നത് ബൂർഷ്വയെയോ ഇടത്തരക്കാരനായ സ്വത്തുടമയെയോ അല്ലാതെ മറ്റാരെയുമല്ലെന്ന് നിങ്ങളും തുറന്നു സമ്മതിക്കണം'.

"ഓരോരുത്തരും സ്വതന്ത്ര്യമായി വളരുന്നതിലൂടെ എല്ലാവരും സ്വതന്ത്ര്യമായി വളരുന്ന ഒരു സമൂഹത്തിനായുള്ള' ഇടപെടലിന്റെ രൂപരേഖയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. അത് നിലവിലുണ്ട് എന്നവതരിപ്പിക്കപ്പെടുന്ന - അതിലൂടെ ഒരു വിഭാഗം സ്വന്തം താത്പര്യങ്ങളെ പുനരുത്പാദിപ്പിക്കുന്ന - മാനവികതയുടെ വൈരുധ്യങ്ങളിലേക്ക് വിരൽ ചൂണ്ടി കൂടുതൽ മികച്ച മനുഷ്യരായി മാറാനുള്ള പ്രായോഗിക വഴിയാണ് നിർദ്ദേശിക്കുന്നത്. സാമൂഹ്യബന്ധങ്ങളാൽ നിലവിൽ വരുന്ന മനുഷ്യൻ, തട്ടു തിരിഞ്ഞിരിക്കുന്ന മനുഷ്യബന്ധങ്ങളെയും സ്വകീയ യാഥാർത്ഥ്യങ്ങളിൽ നിനുള്ള അന്യവത്കരണത്തെയും വിപ്ലവകരമായി മറികടക്കുമ്പോൾ മാത്രമാണ് മാനുഷികത പൂർണമാവുകയുള്ളൂ എന്നു മാനിഫെസ്റ്റോ പറഞ്ഞു വെക്കുന്നു. വ്യവസ്ഥയ്‌ക്കെതിരായ ആ വലിയ സമരം മർദ്ദിത വിഭാഗത്തെ മാത്രമല്ല മർദ്ദകരെയും മനുഷ്യരാക്കും. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിന് അറുതി വരുന്നതിലൂടെ, ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെയും ചൂഷണം ചെയ്യുന്നതിനും അറുതി വരുന്ന വിപുലമായ ഒരു സാർവ്വദേശീയ മാനവികതയെ മാനിഫെസ്റ്റോ സ്വപ്നം കാണുന്നു. അതു പാശ്ചാത്യാധുനികതയുടെ അടിസ്ഥാന യൂണിറ്റായ സുദൃഢ- പുരുഷ വ്യക്തിയല്ല, പരത്തെ സ്വന്തത്തിലേക്ക് ആനയിക്കുന്ന പുതിയ ധാർമ്മികമനുഷ്യനാണ്.

ഗ്രന്ഥസൂചി
1. Fromm, Erich, 2013, Marx's Concept of Man, Bloomsburry Acadamic
2.Hobsbawm, Erich, 2011, How to Change the world, Little Brown Publishers.
3.ഇർഫാൻ ഹബീബ്, 1999, 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ :ഒരു ചരിത്രപാരായണം', പ്രകാശ് കാരാട്ട് (എഡി.), നേടാനൊരു ലോകം, ചിന്ത പബ്ലിഷേഴ്‌സ്.
4.ഐജാസ് അഹമ്മദ്, 1999, 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ : അന്നും നമ്മുടെ കാലഘട്ടത്തിലും', പ്രകാശ് കാരാട്ട് (എഡി.), നേടാനൊരു ലോകം, ചിന്ത പബ്ലിഷേഴ്‌സ്.
5. ഗണേഷ്, കെ.എൻ., 2017, മാർക്‌സിസ്റ്റു ക്‌ളാസിക്കുകൾ, ചിന്ത പബ്ലിഷേഴ്‌സ്.
6.ദാമോദരൻ, കെ., 2015, മാർക്‌സിസ്റ്റു പാഠാവലി, പ്രഭാത് ബുക്ഹൗസ്.
7. പ്രഭാത് പട്‌നായിക്, 1999, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ :150 വർഷങ്ങൾക്കു ശേഷം,പ്രകാശ് കാരാട്ട് (എഡി.), നേടാനൊരു ലോകം, ചിന്ത പബ്ലിഷേഴ്‌സ്.
8. മധു, ടി.വി.1999, നവമാർക്‌സിസ്റ്റ് സാമൂഹ്യ വിമർശം, ഡി.സി.ബുക്‌സ്.
9. രാജീവൻ,ബി.,2011, വാക്കുകളും വസ്തുക്കളും,ഡി.സി.ബുക്‌സ്.
10. സുനിൽ പി.ഇളയിടം,2009, ദമിതം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

Comments