മാലിന്യവും ഒരു മഹാമാരിയാണ്; പക്ഷെ, അത് സംസ്‌കരിക്കാൻ വഴികളുണ്ട്

കോവിഡ് കാലം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം അനിവാര്യമായ ഒരു കടമയാക്കിയിരിക്കുകയാണ്. നിലവിലുള്ള നിയമങ്ങളെയും സംസ്ഥാന പോളിസിയെയും അടിസ്ഥാനപ്പെടുത്തി ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ആ നിയമങ്ങളുടെ നടത്തിപ്പുമായി നോക്കുമ്പോൾ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കപ്പുറം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് വലിയ പങ്കുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട ഭീതി ഒഴിഞ്ഞുപോകാറായിട്ടില്ല. ഇനിയും പുതിയ തരംഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ശാസ്ത്രലോകം നൽകിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പുതിയ രോഗങ്ങൾ ഇതിനുപുറമേയാണ്. ഈ രോഗാവസ്ഥകളെ അതിജീവിക്കുന്നതിൽ പ്രധാന ഘടകം പ്രകൃതിയെ കൂടുതൽ അനുകൂലമാക്കി തീർക്കുക എന്നതുമാത്രമാണ്. ഇതിനായി പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മനുഷ്യൻ ബോധപൂർവം പിൻമാറണം.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് മാലിന്യ സംസ്‌കരണം. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞതുകൊണ്ടാണ് നിലവിലുള്ള പല നിയമങ്ങളും ഉണ്ടാക്കാൻ വഴിതെളിഞ്ഞത്. മനുഷ്യസമൂഹം വളരുന്നതനുസരിച്ച് മാലിന്യത്തിന്റെ അളവുകൂടും. അങ്ങനെയെങ്കിൽ പ്രകൃതിയുടെ നിലനിൽപ്പിന് ദോഷകരമാകുന്ന വസ്തുക്കളെ അമിതമായി ഉൽപാദിപ്പിക്കുന്ന മനുഷ്യസമൂഹം വളരുന്നു എന്ന് പറയാൻ പറ്റില്ല സമഗ്രമായ ഭാഷയിൽ. അതേസമയം ഇതേ തിരിച്ചറിവുള്ളതുകൊണ്ടുതന്നെ അതിനുള്ള നിയമങ്ങളും നമ്മുടെ കയ്യിലുണ്ട്. ആ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി 2018 ൽ ഒരു സംസ്ഥാന പോളിസിയും ഇറക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി 15.05.2017 ൽ ഈ നിയമങ്ങളെയും ചട്ടങ്ങളെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ GO(Rt) No. 2420/2017/LSGD ഉത്തരവ്. ഇതിൽ മാലിന്യ സംസ്‌കരണത്തിൽ ഉൽപാദകന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും പങ്ക് വളരെ വ്യക്തമായി പറയുന്നുണ്ട്.
ഈ നിയമങ്ങളെയും സംസ്ഥാന പോളിസിയെയും അടിസ്ഥാനപ്പെടുത്തി ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ആ നിയമങ്ങളുടെ നടത്തിപ്പുമായി നോക്കുമ്പോൾ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കപ്പുറം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് വലിയ പങ്കുണ്ട്.

മാലിന്യസംസ്‌കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാത്രമേ നല്ല രീതിയിൽ ചെയ്യാൻ സാധിക്കൂ. അതിനുള്ള എന്തൊക്കെ നിയമങ്ങളാണുള്ളതെന്നും അത് നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കെന്താണെന്നും നിയമവ്യവസ്ഥകൾ പ്രകാരം ചുമതലകൾ എന്തൊക്കെ നിർവഹിക്കണം എന്നതുമാണ് ഇവിടെ പ്രധാനമായി പരിശോധിക്കുന്നത്.

2018 ലെ സംസ്ഥാന പോളിസിയുടെ പ്രധാന ഉള്ളടക്കം: മാലിന്യത്തെ ഒരു വിഭവമായി കണക്കാക്കുക, ഉപയോഗം കുറയ്ക്കുക, പുനരുപയോഗ- പുനഃചങ്ക്രമണ സാധ്യത പ്രയോജനപ്പെടുത്തുക, മാലിന്യം സംസ്‌കരിക്കാൻ ആവശ്യമായ കൂലി ഉത്പാദകർ നൽകുക, അവരവർ ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം അവരവർക്ക് തന്നെയാണ്, ഒപ്പം വൃത്തിയുള്ളതും ശുചിത്വ പൂർണവുമായ അന്തരീക്ഷം ഉറപ്പാക്കണം.

മാലിന്യസംസ്‌കരണ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകൾ:

ഖരമാലിന്യ സംസ്‌കരണ നിയമം 2016

സ്റ്റേറ്റ് പോളിസിയെ അടിസ്ഥാനപ്പെടുത്തി ഒരു ഖരമാലിന്യ സംസ്‌കരണ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കേണ്ടതാണ്. ഖര മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാക്കുക. മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ അനൗദ്യോഗിക പ്രവർത്തകരെയും സംയോജിപ്പിച്ച് വാതിൽപ്പടി ശേഖരണം ഉൾപ്പെടെയുള്ള മാലിന്യ സംസ്‌കരണ ശൃംഖലയിലേക്ക് കൊണ്ടുവരിക. മാലിന്യ ശേഖരണത്തിന് സ്വയംസഹായ സംഘങ്ങളെ പ്രയോജനപ്പെടുത്തുക. മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് തക്കതായ യൂസർ ഫീ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും മാലിന്യങ്ങൾ തരംതിരിച്ച്, ശേഖരിക്കാൻ വരുന്നവരെ ഏൽപ്പിക്കുന്നത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ മാലിന്യ ഉൽപ്പാദകന് നൽകുക. തരംതിരിച്ച് ശേഖരിക്കുന്ന മാലിന്യങ്ങൾ സംഭരിച്ചു വയ്ക്കാൻ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾക്കും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികൾക്കും വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക. അതോടൊപ്പം തന്നെ മാലിന്യസംസ്‌കരണ പ്രവർത്തനത്തിന് എല്ലാ ഘട്ടങ്ങളിലും വേണ്ട നിർദ്ദേശങ്ങളും സഹായവും നൽകുക. വീടുകളിൽ നിന്നും വരുന്ന അപകടകാരികളായ മാലിന്യം നിക്ഷേപിക്കാൻ ആവശ്യമായ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും മാലിന്യം ശേഖരിക്കുന്ന സമയം പൊതുജനങ്ങളെ അറിയിക്കുകയും വേണം. ഇത്തരത്തിലുണ്ടാകുന്ന മാലിന്യങ്ങളുടെ സമാഹരണവും കടത്തലും സംസ്ഥാന - കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡുകളുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം. പൊതുനിരത്തുകളിൽ ശുചീകരണത്തിന് എത്തുന്ന പ്രവർത്തകരോട് അവിടെ നിന്ന് ലഭിക്കുന്ന മാലിന്യങ്ങൾ കത്തിച്ചുകളയാൻ പാടില്ലെന്നും പകരം അവ സംഭരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനം ചുമതലപ്പെടുത്തിയിട്ടുള്ള മാലിന്യ ശേഖരണ പ്രവർത്തകർക്ക് കൈമാറണമെന്നും നിർദ്ദേശം നൽകണം. മാലിന്യ സംസ്‌കരണ മേഖലയിൽ നിൽക്കുന്ന പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകണം. തരംതിരിച്ച് ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാൻ പൊതു കമ്പോസ്റ്റിംഗ് സംവിധാനങ്ങളിലേക്ക് കൊണ്ടുപോകുക. കഴിവതും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള സംവിധാനങ്ങളും കണ്ടെത്തുക. വികേന്ദ്രീകൃത കമ്പോസ്റ്റ് പ്ലാന്റുകൾ മാർക്കറ്റിനുള്ളിലോ പരിസര പ്രദേശത്തോ വൃത്തിയുള്ള സാഹചര്യത്തിൽ നിർമിക്കാം. തരംതിരിച്ച് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലോട്ടോ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലോട്ടോ കൊണ്ടുപോകുക. ഖരമാലിന്യ സംസ്‌കരണത്തെ പറ്റി പൊതുജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകുക. അശാസ്ത്രീയമായ ലാൻഡ് ഫീലിംഗും മാലിന്യങ്ങൾ കൂട്ടിക്കലർത്തി നിക്ഷേപിക്കുന്ന പ്രവണതയും പൂർണമായും നിർത്തുക. പുനരുപയോഗ പുനചംക്രമണ യോഗ്യമല്ലാത്തതും മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി വരുന്ന മറ്റു റിജെക്റ്റുകളും മാത്രം ശാസ്ത്രീയമായ ലാൻഡ് ഫില്ലിങ്ങിന് വിടുക.

18. പണ്ടുമുതൽക്കേ ഉള്ളതും ഇന്നും നിലനിൽക്കുന്നതുമായ ഡമ്പ് സൈറ്റുകളെ പ്രത്യേകം പഠനത്തിന് വിധേയമാക്കുകയും അവിടെ ബയോ മൈനിങ് - ബയോ മെതനേഷൻ സാധ്യമെങ്കിൽ അതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുക.
19. ബയോ മൈനിങ് - ബയോ മെതനേഷൻ സാധ്യമല്ലാത്തപക്ഷം ആ പ്രദേശം ശാസ്ത്രീയമായ ലാൻഡ് ഫിൽ ക്യാപ്പിങ് നിയമങ്ങൾക്ക് അനുസൃതമായി ക്യാപ്പിങ്ങിനു വിധേയമാക്കുക.
20. മാലിന്യസംസ്‌കരണം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആവശ്യമായ സുരക്ഷാ കവചങ്ങൾ ലഭ്യമാണ് എന്ന് ഉറപ്പാക്കണം.
പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമം 2016:
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പ്ലാസ്റ്റിക് മലിനീകരണം. ഉപയോഗ ശേഷം പ്ലാസ്റ്റിക് വലിച്ചെറിയുകയും കത്തിക്കുകയുമൊക്കെ ചെയ്യുന്നതുമൂലം മനുഷ്യനും ഭൂമിക്കും ഉണ്ടാകാൻ സാധ്യതയുള്ള വിപത്ത് വലുതാണ്. ഈ തിരിച്ചറിവോടെയാണ് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമം രൂപം കൊണ്ടത്. ഇതിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ ചുമതലകൾ ഇവയാണ്:

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും തരംതിരിക്കാനും സംഭരിക്കാനും സംസ്‌കരിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ആവശ്യമെങ്കിൽ മറ്റ് ഏജൻസികളേയോ ഉൽപ്പാദകരേയോ ഉൾപ്പെടുത്താം. തരംതിരിക്കൽ, ശേഖരണം, സംഭരണം, കടത്തൽ, സംസ്‌കരണം, നീക്കംചെയ്യൽ എന്നിവ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഈ പ്രവർത്തനങ്ങൾക്കിടയിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കണം പുനഃചങ്ക്രമണ യോഗ്യമായ വസ്തുക്കൾ പുനഃചങ്ക്രമണ വ്യാപാരികളിൽ എത്തുന്നു എന്ന് ഉറപ്പാക്കുക. പുനഃചങ്ക്രമണ യോഗ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം കൈകാര്യം ചെയ്യണം. സ്റ്റേക്ക്‌ഹോൾഡർമാർക്കിടയിൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ അവരുടെ ഉത്തരവാദിത്വത്തെ പറ്റി ബോധവൽക്കരണം നൽകുക. പ്ലാസ്റ്റിക് കത്തിക്കുന്നില്ല എന്ന് ഉറപ്പാക്കുക. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമം 2016 മായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബൈലോകൾക്ക് രൂപം നൽകാം.
കൺസ്ട്രക്ഷൻ ആൻഡ് ഡിമോളിഷൻ വേസ്റ്റ് മാനേജ്‌മെന്റ് റൂൾസ് 2016: കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങലാണല്ലോ. മാത്രമല്ല, തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ സ്വന്തമായും വലിയ നിർമാണങ്ങൾ നടത്തുന്നു. ആയതിനാൽ ഇവിടെ നിന്നെല്ലാം നിർമാണത്തിന്റെയും പൊളിക്കലിന്റെയും ഭാഗമായി വരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങൾക്ക് വലിയ പങ്കുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

കെട്ടിട നിർമാണത്തിന്റെയും പൊളിക്കലിന്റെയും ഭാഗമായി വരുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ ആവശ്യമായ കണ്ടെയ്‌നറുകളും അതോടൊപ്പം, അവ കൃത്യമായി പ്രോസസ്സിംഗ് സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സംവിധാനമൊരുക്കൽ. കെട്ടിട നിർമാണത്തിനോ പൊളിക്കലിനോ ശേഷം അവശേഷിക്കുന്ന ഉപകരണങ്ങളും മറ്റു വസ്തുക്കളും മുഴുവനായും നീക്കി ആ പ്രദേശം വൃത്തിയാക്കുന്നു എന്നുറപ്പാക്കണം. ഇത്തരം മാലിന്യങ്ങളിൽ അപകടകാരികളായ വസ്തുക്കളോ രാസവസ്തുക്കളോ കലർന്നിട്ടുണ്ടെങ്കിൽ അവ സംസ്‌കരിക്കാനുള്ള മാർഗനിർദ്ദേശം അധികാരികളിൽ നിന്ന് സ്വീകരിക്കേണ്ടതാണ്. ഇത്തരം മാലിന്യം ശേഖരിക്കാൻ കണ്ടയിനറുകൾ ലഭ്യമാക്കുകയും അവ നിറയുന്നപക്ഷം അവിടെനിന്ന് മാറ്റാൻ സംവിധാനമൊരുക്കുകയും വേണം. ഇതിന് ആവശ്യമെങ്കിൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടാം. മാലിന്യ ഉൽപാദകരിൽ നിന്ന് വേസ്റ്റ് മാനേജ്‌മെൻറ്​ പ്ലാൻ വാങ്ങി പരിശോധിച്ച് അംഗീകാരം നൽകണം. ബിൽഡിംഗ് പ്ലാൻ അപ്രൂവ് ചെയ്ത തീയതി അല്ലെങ്കിൽ വേസ്റ്റ് മാനേജ്‌മെൻറ്​ പ്ലാൻ സമർപ്പിച്ച് ഒരു മാസത്തിനുള്ളിലോ - ഇതിൽ ഏതാണ് ആദ്യം വരുന്നതെന്നതിനെ അടിസ്ഥാനപ്പെടുത്തി ആവണം വേസ്റ്റ് മാനേജ്‌മെൻറ്​ പ്ലാനിന്​ അംഗീകാരം നൽകാൻ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇത്തരത്തിലുള്ള മാലിന്യ ഉൽപാദനത്തിന്റെ ഡേറ്റാബേസ് ഉണ്ടാക്കുകയും വർഷംതോറും അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഇത്തരം മാലിന്യങ്ങൾ പുനരുപയോഗിച്ച് നടപ്പാതകൾ, റോഡുകൾ മുതലായവ നിർമിക്കുന്നവർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നൽകാം. കെട്ടിട നിർമാണത്തിന്റെയും പൊളിക്കലിന്റെയും ഭാഗമായി വരുന്ന മാലിന്യങ്ങളിൽ നിന്ന്​ 10- 20 ശതമാനം വരെ മെറ്റീരിയൽ ഗവൺമെൻറ്​ കോൺട്രാക്ട് വർക്കുകൾക്ക് ഉപയോഗിക്കണം.

മെഡിക്കൽ മാലിന്യം- 2016:തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ വരുന്ന ആശുപത്രികളിൽ ഉത്പാദിപ്പിക്കുന്ന ജൈവമാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ, മെഡിക്കൽ മാലിന്യം എന്നിവ കൃത്യമായി സംസ്‌കരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അതിനാവശ്യമായ മോണിറ്ററിങ് ടീമിനെ ചുമതലപ്പെടുത്തണം. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മിക്കതിലും വീടുകളിൽ നിന്ന്​ വരുന്ന മെഡിക്കൽ മാലിന്യം ശേഖരിക്കാനോ സംസ്‌കരിക്കാനോ സംവിധാനമില്ല. അതിനാൽ ഗാർഹിക മെഡിക്കൽ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും സൗകര്യം ലഭ്യമാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടത്:നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കുമ്പോൾ മാലിന്യ ഉൽപാദകന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയും ഉത്തരവാദിത്തം പരമപ്രധാനമാണ്. അപകടകാരികളായ മാലിന്യവും മെഡിക്കൽ മാലിന്യവും കൈകാര്യം ചെയ്യാൻ സൗകര്യം ലഭ്യമാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം.
‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം' എന്നാണല്ലോ. മാലിന്യത്തിന്റെ അളവ് കുറക്കാനും വൃത്തിയാക്കി സൂക്ഷിക്കാനും ഉത്പാദകന് ഉത്തരവാദിത്തമുള്ളതുപോലെ അവ ശേഖരിക്കാനും സംസ്‌കരിക്കാനും സംവിധാനം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുമുണ്ട്. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സാംസ്‌കരിക്കാനും മറ്റുള്ളവ വൃത്തിയാക്കി തരംതിരിച്ച് ഹരിത കർമസേനയെ ഏൽപ്പിക്കാനും നടപടികളെടുക്കുകയും അവ പിന്നീട് സംസ്‌കരിക്കാൻ സംവിധാനം ഉണ്ടാക്കി കൊടുക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഒഴിവാക്കാനാവാത്ത ചുമതലകളാണ്.

ഒരു പഞ്ചായത്തിന്റെ അല്ലെങ്കിൽ നഗരസഭയുടെ വികസന പരിപാടി പ്ലാൻ ചെയ്യുമ്പോൾ, ഒന്നാമതായി പ്ലാൻ ചെയ്യേണ്ടത് മാലിന്യ സംസ്‌കരണമാണ്. ഇത് പ്രാവർത്തികമാക്കുകയെന്നത് നിയമപരമായ ഉത്തരവാദിത്തം കൂടിയാണ്. നിയമ നിർദേശങ്ങൾ നൽകാനുള്ള ചുമതല തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാർക്കാണ്. അത് കൃത്യമായി നിർവഹിക്കുകയും വേണം.


Comments