പോയാൽ പൊക്കോട്ടേയെന്ന് വിചാരിക്കാൻ പറ്റുന്നയാളല്ല ഞങ്ങൾക്ക്​ വിധു- റിമ കല്ലിങ്കൽ

സംവിധായിക വിധു വിൻസെന്റിന്റെ രാജിയുമായി ബന്ധപ്പെട്ട്​​ വിമെൻ ഇൻ സിനിമ കളക്​ടീവിന്റെ നിലപാട്​ തുറന്നമനസ്സോടെ വ്യക്​തമാക്കുകയാണ്​ റിമ കല്ലിങ്കൽ. മലയാള സിനിമയിൽ സ്ത്രീകളുടേതായ ഇടത്തിനും തുല്യനീതിയ്ക്കും വേണ്ടി രൂപം കൊണ്ട ഒരു കൂട്ടായ്​മ,​ സിസ്​റ്റത്തിനോട്​ പൊരുതി നിലനിൽക്കുന്നതിന്റെ അനുഭവം കൂടിയാണ്​ ഈ സംഭാഷണം

മനില സി.മോഹൻ: വിമെൻ ഇൻ സിനിമ കളക്​ടീവ്​ (WCC) രൂപീകരിച്ച സമയത്തിൽ നിന്ന് വ്യത്യസ്തമായി അടുത്തകാലത്ത്​ സംഘടനയ്‌ക്കെതിരെ ഒരുപാട് ആരോപണങ്ങൾ ഉയർന്നുവവന്നിട്ടുണ്ട്. സംഘടനയുടെ ചട്ടക്കൂടിനെ മുൻനിർത്തിയുള്ള ആരോപണങ്ങളാണ്. എലീറ്റ് ക്ലാസിന്റെ ഗ്രൂപ്പായി സംഘടന മാറിയെന്നും ബാക്കിയുള്ള ആളുകളെ ഉൾക്കൊള്ളുന്നതിൽ അത് പരാജയപ്പെട്ടുവെന്നുമാണ് പ്രധാന ആരോപണം. സംഘടന പുതുക്കി പണിയേണ്ട ഘട്ടത്തിലേക്ക് WCC പ്രവേശിക്കുകയാണ് എന്നും വിമർശനമുണ്ട്. ആ വിമർശനത്തിനെ സംഘടന എങ്ങനെയാണ് കാണുന്നത്?

റിമ കല്ലിങ്കൽ: WCCയുടെ ഇപ്പോഴുള്ള വർക്കിങ്ങ് സ്ട്രക്ചർ പുതുക്കേണ്ടതുണ്ടോ എന്ന് അറിയാൻ നിലവിൽ WCC പ്രവർത്തിക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. നമുക്കെല്ലാം അറിയാവുന്നതു പോലെ, അഭിനേത്രിയായ ഒരു സഹപ്രവർത്തകയ്ക്കു നേരെയുണ്ടായ, ഇൻഡസ്ട്രിയെ മുഴുവൻ നടുക്കിയ ഒരു ആക്രമണത്തിനു ശേഷം അവർക്കൊപ്പം നിൽക്കുന്നതിന്​ രൂപം കൊണ്ട സ്ത്രീകളുടെ കൂട്ടായ്മയാണിത്​. ഞങ്ങൾ മുഖ്യമന്ത്രിയെ കാണുന്നു. അതിനു ശേഷം അദ്ദേഹത്തിന് നൽകാനുള്ള പരാതി ഡ്രാഫ്​റ്റ്​‌ ചെയ്യുന്ന ചർച്ചകൾക്കിടയിലാണ്, ഞങ്ങളുടെ തൊഴിലിടത്തിൽ അഭിമുഖീകരിക്കുന്ന സമാന വെല്ലുവിളികളെക്കുറിച്ച് റിയലൈസ് ചെയ്യുന്നത്. ഞങ്ങൾ വരുന്ന പശ്ചാത്തലമോ സിനിമയിൽ വഹിക്കുന്ന പൊസിഷനോ ഒന്നും അതിൽ വ്യത്യാസം ഉണ്ടാക്കുന്നില്ല. അവിടെ വെച്ചാണ് ഒരു കൂട്ടായ്മയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുന്നത്. ജെൻഡറിനെക്കുറിച്ച്, സെക്ഷ്വാലിറ്റിയെക്കുറിച്ച് കൂടുതൽ ഗവേഷണ പഠനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമ്മൾ അതെങ്ങനെയാണ് ഉൾക്കൊള്ളുന്നത്, സിനിമയിൽ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ചും റിയലൈസ് ചെയ്യുന്നത്.
എല്ലാവരും പിൻതുടരുന്ന, ജനാധിപത്യപരമല്ല എന്ന് ഞങ്ങൾക്ക് തോന്നിയ, എല്ലാ ഉത്തരവാദിത്വങ്ങളും ചിലരിൽ മാത്രം നിക്ഷിപ്തമാവുന്ന, പരമ്പരാഗതമായ അധികാര ശ്രേണിയുടേതായ സംഘടനാസ്ട്രക്ചർ വേണ്ട എന്ന് തീരുമാനിക്കുന്നത് ഒരുപാട് ചർച്ചകൾക്ക് ശേഷമാണ്. ലാറ്ററൽ സ്ട്രക്ചർ മതി എന്ന് തീരുമാനിക്കുന്നു.

ഞാൻ ഒരിക്കലും കരുതുന്നില്ല, വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും WCC വിട്ട് പോകാൻ പറ്റും എന്ന്. WCC യെ ബിൽഡ് ചെയ്തതിൽ വിധുവിന്റെ കോൺട്രിബ്യൂഷൻ ഒരിക്കലും മായ്ച് കളയാൻ പറ്റില്ല

നാല് പേർ വീതമുള്ള വ്യത്യസ്ത ടീമുകളായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അതിൽ കമ്യൂണിക്കേഷൻസ് ടീം, ലീഗൽ റിസർച്ച് ടീം, ഡെയ്ലി വർക്കിങ്ങ് ടീം, ഇവൻസ്‌
ടീം, ഇൻഡിപ്പെന്റന്റ് പ്രൊജക്റ്റ് ടീം എന്നിവയുണ്ട്. ഇതിൽ ഓരോരുത്തരും വൊളണ്ടിയറായി പ്രവർത്തിക്കാൻ മുന്നോട്ടു വന്നവരാണ്. ഈ ഗ്രൂപ്പുകളെല്ലാം ആറു മാസം കൂടുമ്പോഴും മാറിക്കൊണ്ടിരിക്കും.
ചർച്ചകളും വാദപ്രതിവാദങ്ങളും നടത്തി വോട്ടിനിട്ടാണ് ഓരോ തീരുമാനങ്ങളും എടുക്കുന്നത്. ഞങ്ങളിലധികം പേർക്കും WCC രൂപീകരിക്കുന്ന കാലത്ത് സംഘടനാ പ്രവർത്തനത്തെക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംഘടനയുടെ ലാറ്ററൽ സ്ട്രക്ചറിനകത്തുനിന്ന്​ പരസ്പരം കൊടുത്തും കൊണ്ടും തന്നെയാണ് മുന്നോട്ടു പോയത്. അനുഭവങ്ങൾ പറയുകയും ആ കരുത്തിൽ നിന്ന് പുതിയത് വരച്ചുണ്ടാക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു. ലാറ്ററൽ സ്ട്രക്ചറിന്റെതായ ഈ പുതിയ മാതൃക വെല്ലുവിളി നിറഞ്ഞതാണെന്ന് മനസ്സിലായിരുന്നു. എങ്കിലും ഇത് ഏറ്റവും ഫലപ്രദമാണെന്നും പഠനാനുഭവമാണെന്നും തിരിച്ചറിഞ്ഞു.

സിനിമാ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഏതൊരു സ്ത്രീയ്ക്കും ട്രാൻസ് വുമണിനും WCC യുടെ ഭാഗമാവാം. എല്ലാ വിവരങ്ങളും ഞങ്ങളുടെ വെബ്സൈറ്റിൽ (http://wccollective.org/about/) ലഭിക്കും. സംഘടനയുടെ മുഖ്യ ലക്ഷ്യത്തെ സാധൂകരിക്കാനുതകുന്ന എല്ലാ ആശയങ്ങളും ആർക്കുവേണമെങ്കിലും പങ്കുവെയ്ക്കുകയും നടപ്പാക്കുകയും ചെയ്യാം. സ്വന്തമായി കാംപെയ്‌നുകളോ ഇവൻറുകളോ സെമിനാറുകളോ സംഘടിപ്പിക്കാം. അതിന്​ വോളണ്ടിയേഴ്സിനെ WCC യ്ക്ക് ഉള്ളിൽ നിന്ന് കണ്ടെത്തുകയും നടപ്പാക്കുകയും ചെയ്യണം.
ഈയൊരു സ്ട്രക്ചർ തെരഞ്ഞെടുത്തതിനു പിന്നിൽ വർഗപരമായ അധികാരശ്രേണിയെ പൊളിക്കുക എന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. എന്നാലിപ്പോൾ ഉയർന്നു വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലാവുന്നത് അധികാരത്തിന്റെ ഹൈറാർക്കിയെ മാത്രമേ ഞങ്ങൾ അഡ്രസ്സ് ചെയ്തുള്ളൂവെന്നും വർഗ്ഗപരമായ ഹൈറാർക്കിയെ അഡ്രസ്സ് ചെയ്തില്ല എന്നുമാണ്. ‘പ്രിവിലേജി'നെ മനസ്സിലാക്കുക എന്നു പറയുന്നത് പഠിച്ചതിനെയൊക്കെ വീണ്ടും വീണ്ടും പഠനവിധേയമാക്കേണ്ട ദീർഘകാല പ്രവർത്തനമാണെന്നും ഇപ്പോൾ ബോധ്യപ്പെടുന്നു.
വ്യക്തിപരമായി പറഞ്ഞാൽ, സ്വയം പുതുക്കാനും വളരാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന് കരുതിയ ആളായിരുന്നു ഞാൻ, ഒരു പക്ഷേ എനിക്ക് തെറ്റിയിരിക്കാം. I understand how important the intersectional lens is. There are miles to go before I sleep.

ചോദ്യം: ഒരു സംഘടന രൂപീകരിക്കുമ്പോൾ, വിമർശനാത്മകമായി നോക്കുകയാണെങ്കിൽ അതിനൊരു ഐഡിയോളജിക്കൽ ബേസില്ലെങ്കിൽ തകർന്നുപോകാൻ സാധ്യത കൂടുതലാണ് എന്ന് പറയാം. അങ്ങനെയാണൊരു ക്രിയേറ്റീവ് വിമർശനം വരുന്നത്. ഐഡിയോളജിക്കൽ ബേസുള്ള ചട്ടക്കൂടിനകത്തേ ഒരു സംഘടന അതിജീവിക്കൂ എന്നുള്ള വിമർശനം. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ അഫിലിയേഷൻ വേണമെന്നല്ല പറയുന്നത്. ഐഡിയോളജിക്കൽ ബേസുള്ള സ്ട്രക്ചർ ഇതിന് ഉണ്ടാകേണ്ടതുണ്ട് എന്ന് ഇപ്പോൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?

കൃത്യമായ ഐഡിയോളജി -സ്ത്രീകൾക്ക് തുല്യ ഇടവും അവസരവും ഉണ്ടാക്കുന്നത്- ഇതിനുണ്ട്. നമ്മൾ ഇതുവരെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഈയൊരു ഡയറക്ഷനിലാണ്. We feel there is a need for us to act as an advocacy group that will champion this goal in our industry.
കൃത്യമായും സ്ത്രീകൾക്കു വേണ്ടിക്കൂടി ഡിസൈൻ ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു തൊഴിലിടത്തിലാണ് നമ്മൾ സ്ത്രീകളുടേതു മാത്രമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നത്. ഈ തൊഴിലിടത്തിലേക്ക് വളരെ വൈകിയാണ് സ്ത്രീകൾ എത്തിയത്. പൊതുസമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയുടെ പ്രതിഫലനങ്ങൾ തന്നെയാണ് ഇവിടെയുമുള്ളത്. അതുകൊണ്ട് തന്നെ നമ്മുടെ അവകാശങ്ങൾ തിരിച്ചറിയുകയും അത് ഉന്നയിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ സഹപ്രവർത്തകയ്ക്കുനേരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടാവുന്നതുവരെ, അതു നമ്മെ ഉണർത്തുന്നതു വരെ, ഇത്തരം അവസ്ഥകളോട് നമ്മൾ എത്രമാത്രം കണ്ടീഷൻഡ് ആയിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലാവുന്നത് അധികാരത്തിന്റെ ഹൈറാർക്കിയെ മാത്രമേ ഞങ്ങൾ അഡ്രസ്സ് ചെയ്തുള്ളൂവെന്നും വർഗ്ഗപരമായ ഹൈറാർക്കിയെ അഡ്രസ്സ് ചെയ്തില്ല എന്നുമാണ്

സ്വന്തം ശക്തിയെക്കുറിച്ച് അറിയാതെ പോയ അവസാന തലമുറയായിരിക്കണം ഞങ്ങളുടേത് എന്ന് തിരിച്ചറിഞ്ഞാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും വന്നിട്ടുള്ളത്. WCCയുടെ ഗവേഷണ വിഭാഗമായ ഫാത്തിമ ബീഗം റിസർച്ച് നെറ്റ് വർക്ക്, സിനിമയിലെ സ്ത്രീ പ്രൊഫഷണലുകളുടെ ചരിത്രത്തെ വീണ്ടെടുക്കുകയാണ്. മലയാള സിനിമയിലെ ആദ്യ നായികയും ആദ്യ സംവിധായികയുമായ പി.കെ. റോസിയെയും ഫാത്തിമാ ബീഗത്തെയും കുറിച്ച് ഞങ്ങളുടെ ഇപ്പോഴത്തെ തലമുറ ചർച്ച ചെയ്യുക തന്നെ വേണം. ആ സമരങ്ങളും ത്യാഗവും നേട്ടങ്ങളും ഞങ്ങളുടെ തലമുറ അറിയണം. ആ നേട്ടങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കണം.
WCC ഒരു പ്രശ്നപരിഹാര സെൽ അല്ല. എന്നാൽ ഞങ്ങളുടേതു പോലുള്ള ഒരു സ്പേസിൽ സുരക്ഷിതത്വം തോന്നുന്ന, അതുകൊണ്ട് ഞങ്ങളിലേക്ക് വരുന്ന സ്ത്രീകളെ നമ്മൾ സഹായിക്കാൻ ശ്രമിക്കാറുണ്ട്. തൊഴിലിടത്തിലെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാറുകളും വെബിനാറുകളും നമ്മൾ നടത്താറുണ്ട്. എങ്ങനെ ഒരു സുരക്ഷിത അന്തരീക്ഷം ഉണ്ടാക്കാം?, ഇൻഡസ്ട്രിയുടെ ഭാഗമായിരിക്കുന്നതു കൊണ്ട്, പൊതു സമൂഹത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിന് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതിനാൽ സോഷ്യൽ മീഡിയയെ എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഞങ്ങൾ അഡ്രസ് ചെയ്യുന്നത്.

ചോദ്യം: WCCതുടങ്ങുന്ന സമയത്ത് ഇതിനകത്ത് എത്ര അംഗങ്ങളാണുണ്ടായിരുന്നത്?

13 അംഗങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്. ഇപ്പോൾ 50 ഓളം അംഗങ്ങളുണ്ട്.

ചോദ്യം: 2017ൽ WCC ഉണ്ടാക്കുന്നു. ഇപ്പോൾ 2020 ആയി. സിനിമയിലെ ആകെ സ്ത്രീകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ നാലുവർഷം കൊണ്ട് നേടിയെടുത്ത 50 എന്ന നമ്പർ ഒരു സംഘടനയെ സംബന്ധിച്ച് പര്യാപ്തമല്ല . എന്തുകൊണ്ട് WCC രൂപീകരിക്കപ്പെട്ടുവന്ന ആശയത്തെക്കുറിച്ച് സിനിമാ ഫ്രറ്റേണിറ്റിക്ക് അകത്തെ സ്ത്രീകളിൽ അവബോധമുണ്ടാക്കിയെടുക്കാൻ ശ്രമം നടന്നില്ല? പ്രത്യേകിച്ച് അമ്മ, ഫെഫ്ക, മാക്ട തുടങ്ങിയ വമ്പൻമാർ അപ്പുറത്ത് നിൽക്കുമ്പോൾ സിനിമയ്ക്കകത്തെ എല്ലാത്തരം സ്ത്രീകൾക്കുമിടയിൽ ഒരു തൊഴിൽ ബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താൻ പറ്റിയില്ല?

ഒരു സംഘടന എന്ന നിലയിൽ അംഗ സംഖ്യ വർധിപ്പിക്കുക എന്നത് ഞങ്ങളുടെ ഫോക്കസ് ആയിരുന്നില്ല. ആദ്യത്തെ ഒരു വർഷം ഞങ്ങളുടെ എല്ലാ എനർജിയും ഫോക്കസ് ചെയ്തിരുന്നത്, സിനിമാമേഖലയിലെ ലിംഗനീതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മീഷനുമായി സഹകരിക്കുന്നതിനായിരുന്നു.
നിലവിലുള്ള സംഘടനകൾക്കോ അസോസിയേഷനുകൾക്കോ ബദലാവുക എന്നത് ഞങ്ങളുടെ ലക്ഷ്യമേ ആയിരുന്നില്ല. സ്ത്രീകളുടേതായ സ്പേസ് ഉണ്ടാക്കുക, തുല്യനീതിയ്ക്കുവേണ്ടി പ്രവർത്തിക്കുക എന്നിവയ്ക്കു പുറമേ ഇൻഡസ്ട്രിയ്ക്ക് അകത്തു നടക്കുന്ന എല്ലാത്തരം ഹരാസ്‌മെന്റുകളുംപരിശോധിക്കപ്പെടുന്ന ഒരു സംവിധാനം ഉണ്ടാക്കിയെടുക്കുക എന്ന ആശയവും ഉണ്ടായിരുന്നു. സിനിമാ ഇൻഡസ്ട്രിയെ ഒരു തൊഴിലിടമായി നിർവചിക്കുക എന്നതും പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്​മെൻറ്​ ആക്റ്റ് ഇൻഡസ്ട്രിയിൽ നടപ്പിലാക്കുക എന്നതും നമ്മുടെ ആവശ്യങ്ങളായിരുന്നു.

ഞങ്ങൾക്കറിയാം ഐക്യദാർഢ്യം പ്രകടിപ്പിച്ച് വന്ന പലരും മിണ്ടാതെയായിട്ടുണ്ട്, പിന്നാക്കം പോയിട്ടുണ്ട്, സർവൈവറുടെ നീതി എന്ന വിഷയത്തിലേക്കെത്തുമ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്

ഞങ്ങൾക്കു മാത്രമായി അത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നുമില്ല. We want to put the idea forward that this is happening here. ഇവിടെ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്, ഇൻഡസ്ട്രിയെന്ന രീതിയിൽ, വർക്ക് സ്‌പെയ്‌സ് എന്ന രീതിയിൽ ഇവിടെ വർക്കു ചെയ്യുമ്പോൾ ജെൻഡർ ബേസിസിൽ ഇത്രയിത്ര പ്രശ്‌നങ്ങൾ നടക്കുന്നുണ്ട് എന്നൊക്കെ ആദ്യമായാണ് ഉന്നയിക്കപ്പെടുന്നത്. ഈയൊരു ഇഷ്യൂ വന്നപ്പോഴാണ് ഞങ്ങൾ തന്നെ ഇത് തിരിച്ചറിഞ്ഞത്. പറയേണ്ട ആവശ്യമുണ്ടെന്ന് മനസിലാക്കി മുന്നോട്ടുപോകുന്നത്. അവിടെയാണ് നമ്മൾ ഇപ്പോഴും നിൽക്കുന്നത്. അതേസമയത്ത് ഇത് സ്ത്രീകളുടെ തന്നെയൊരു സംഘടനയായതുകാരണം, ഒരുകൂട്ടം പുരുഷന്മാരെ സമീപിക്കുന്നതിനേക്കാൾ ഞങ്ങളെ സമീപിക്കുന്നതാണ് സുരക്ഷിതം എന്നതുകൊണ്ട് പലകാര്യങ്ങളുമായി ഞങ്ങളുടെ അടുത്ത് സ്ത്രീകൾ വരുന്നുണ്ട്. ഞങ്ങൾക്ക് പറ്റാവുന്ന രീതിയിൽ അത് പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്.
ഒരു ഉദാഹരണം ഞാൻ പറയാം. ഒരുപാട് യങ് ആയ ആക്ടേഴ്സ് ഞങ്ങളെ സമീപിക്കുകയും ‘ഭയങ്കരമായിട്ട് സൈബർ അറ്റാക്ക് നടക്കുന്നുണ്ട്, എന്താണ് ഞങ്ങൾ ചെയ്യേണ്ടത്’ എന്ന് ചോദിക്കുകയും ചെയ്തു. ഞങ്ങളിത് കുറച്ചുകാലമായി അനുഭവിക്കുന്നുണ്ട്. ആ അനുഭവം എത്രമാത്രം ട്രോമാറ്റിക് ആണ് എന്നും അറിയാം. ഇവിടുത്തെ സൈബർ ക്രൈം നിയമങ്ങൾ വളരെ വീക്കാണെന്നും ഞങ്ങൾക്ക് അറിയാം. അതു കൊണ്ട് ഞങ്ങൾ ഒരു വെബിനാർ സംഘടിപ്പിച്ചു. ജസ്റ്റിസ് കെ. എബ്രഹാം മാത്യു, ടെക്നോളജിക്കൽ സ്പെഷ്യലിസ്റ്റ് അഡ്വക്കേറ്റ് ശ്യാം പദ്മൻ, സൈബർ ഫോറെൻസിക് ഉദ്യോഗസ്ഥൻ നബീൽ കോയ എന്നിവരാണ് പങ്കെടുത്തത്. തെളിവ് ശേഖരണം, കേസ് ഫയൽ ചെയ്യൽ, ആരെ സമീപിക്കണം, എന്ത് തരം സപ്പോർട്ടിംഗ് സിസ്റ്റമാണ് കണ്ടെത്തേണ്ടത്, കൗൺസിലിംഗ് തുടങ്ങിയ കാര്യങ്ങൾ പങ്കെടുത്തവരുമായി സംവദിച്ചു. വെബിനാർ നടത്തിയ സമയത്ത് അതിൽ പങ്കെടുത്ത ഒരു ആക്ടർ ഞങ്ങളോട് പറഞ്ഞൊരു കാര്യമുണ്ട്, ‘ഞാനത് പലസ്ഥലങ്ങളിലും പറഞ്ഞു, ആർക്കും മനസിലായില്ല. അത് പോട്ടെ, അതിനെന്താ കുഴപ്പം എന്നാണ് എല്ലാവരും പറഞ്ഞത്. ആദ്യമായിട്ടാണ് ആരെങ്കിലും ഞാൻ പറഞ്ഞത് കേട്ടത്’ എന്ന്.
അത് നമ്മൾ കേട്ടതെന്തുകൊണ്ടാണ്? നമ്മൾ അതിലൂടെ കടന്നുപോയതുകൊണ്ടാണ്. ചിലപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്നത് ജസ്റ്റ് അവർ പറയുന്നത് കേൾക്കുകയെന്നുള്ളത് മാത്രമായിരിക്കും. കാരണം ഞങ്ങൾ പറയാൻ ആഗ്രഹിച്ച സമയങ്ങളിലൊന്നും എവിടെ പറയണമെന്ന് അറിയില്ലായിരുന്നു, ഞങ്ങൾ പറയുന്നത് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല, ഈ ഫീൽഡിൽ വന്ന സമയത്ത് ഞങ്ങൾക്ക് പറയാൻ പറ്റുമോയെന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ആ സ്‌പെയ്‌സ് മാത്രമായിരിക്കും ചിലർക്ക് WCC. അതും ഒരു പ്രവർത്തന രീതി തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇന്ന് സ്ത്രീകൾ നേരിടുന്ന നീചമായ ആക്രമണങ്ങളിലൊന്നാണ് സൈബർ ഹരാസ്​മെൻറ്​​​. ഉണർന്നിരിക്കുന്ന സമയങ്ങളിലധികവും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന തലമുറയെ സംബന്ധിച്ച്, what harassment does is expose them to a steady stream of rape threats, verbal abuse and mental agony.

കസബ ഇഷ്യൂ വന്നപ്പോൾ കമീഷണറുടെ അടുത്ത് പോകുന്ന ടീമിൽ വിധുവും ഉണ്ടായിരുന്നു. സജിതക്കെതിരെ സൈബർ ആക്രമണം വന്നപ്പോഴുമതെ. ഒരു സിനിമാ പ്രവർത്തകനുമായി ബന്ധപ്പെട്ട കേസിലെ സർവൈവർക്കൊപ്പവും വിധു ഉണ്ടായിരുന്നു. ആ പെൺകുട്ടിയുടെ പോരാട്ടത്തിൽ WCC അംഗമായ ആഷ ആച്ചി ജോസഫ് എങ്ങനെയാണ് വ്യക്തിപരമായ പിന്തുണ കൊടുത്തു നിന്നത് എന്ന് എനിക്കറിയാം. കേസുമായി ബന്ധപ്പെട്ട സമ്മർദ്ദം ഇനിയും താങ്ങാനാവില്ല എന്ന് സർവൈവർ ഞങ്ങളോട് പറയുന്നതു വരെ ഈ പിന്തുണ തുടർന്നിരുന്നു. WCC ചില കേസുകൾ സീരിയസായി എടുത്തില്ല എന്ന വിധുവിന്റെ ആരോപണം വന്നപ്പോൾ ഇക്കാരണം കൊണ്ട് തന്നെ ആഷയ്ക്ക് ആഴത്തിൽ വേദനിച്ചിരുന്നു.

ചോദ്യം: നാലുവർഷത്തെ അനുഭവം വെച്ച്, ക്ലാസ് ലെവലിൽ ഉയർന്നു നിൽക്കുന്ന ആളുകൾ ഉണ്ടല്ലോ, നടന്മാർ, നടിമാർ അവരൊക്കെ WCC എന്നു പറയുന്ന സംഘടനയോട് എങ്ങനെയാണ് പെരുമാറിയിട്ടുള്ളത്? സഹപ്രവർത്തക ആക്രമിക്കപ്പെട്ട സമയത്ത് പൃഥ്വിരാജിനെപ്പോലുള്ളവർ ഇതിനോട് പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതിനോട് ചേർന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയൊരു ഘട്ടത്തിൽ അവിടെ നിന്ന് പിന്മാറുകയും എതിർപക്ഷത്തിന്റേതെന്ന് വ്യാഖ്യാനിക്കാവുന്ന സിനിമകൾ ചെയ്യുകയും പിന്നെയിതിനെക്കുറിച്ച് മിണ്ടാതിരിക്കുകയും വളരെ ബുദ്ധിപൂർവ്വമായ മൗനത്തിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. അത് എന്തുകൊണ്ടായിരിക്കുമെന്നാണ് തോന്നിയിട്ടുള്ളത്? ഇത് നിങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ടോ?

പൃഥ്വിരാജ്

പൃഥ്വിരാജ് സംസാരിച്ചിട്ടുണ്ട്, സംസാരിക്കുന്നത് ആളുകൾക്ക് ഇഷ്ടമാണ്, സംസാരിച്ചപ്പോൾ അതിന് ശക്തമായ ഇംപാക്റ്റ് ഉണ്ടായിട്ടുണ്ട് എന്നും ഞാൻ വിശ്വസിക്കുന്നു. പേഴ്സണലും പ്രൊഫഷണലുമായ ജീവിതവുമായി പിന്നീട് അദ്ദേഹം മുന്നോട്ട് പോയിരിക്കാം. അതിനു ശേഷവും ഇവിടെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് വിഷയങ്ങൾ പൊന്തി വന്നുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങളിത് സംസാരിച്ച് കൊണ്ടേയിരിക്കുന്നുണ്ട്.
ഞങ്ങൾക്കറിയാം ഐക്യദാർഢ്യം പ്രകടിപ്പിച്ച് വന്ന പലരും മിണ്ടാതെയായിട്ടുണ്ട്, പിന്നാക്കം പോയിട്ടുണ്ട്, സർവൈവറുടെ നീതി എന്ന വിഷയത്തിലേക്കെത്തുമ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്. മൂന്നു വർഷത്തിലേറെയായി അവൾ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഈ സംവിധാനം എത്രത്തോളം പൊട്ടിപ്പൊളിഞ്ഞതാണ് എന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ മൂന്നു വർഷക്കണക്ക്. എത്ര നാൾ ആക്രമിക്കപ്പെട്ട ഒരാൾ നീതിക്ക് വേണ്ടി അലഞ്ഞ് നടക്കണം? ഇത് ഒരു കേസിന്റെ മാത്രം കഥയല്ല എന്നും ഞങ്ങൾക്കറിയാം.

ഞങ്ങൾക്കതിലേക്ക് തിരിച്ചു വരണം. ഈ സിസ്റ്റം ഞങ്ങളെ തോല്പിച്ചതുകൊണ്ടാണ് ഞങ്ങൾ സിസ്റ്റവുമായി ഫൈറ്റ് ചെയ്യുന്നത്

വ്യക്തികളോ സംഘടനകളോ പ്രതികരിക്കുക എന്നതിലുപരി, ലൈംഗിക ആക്രമണ കേസുകളുണ്ടാവുമ്പോൾ അത് പരിഗണിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ഉണ്ടാവണം എന്നാണ് WCC വിശ്വസിക്കുന്നത്. പ്രതിരോധ സംവിധാനങ്ങളുണ്ടാക്കുന്നതിനായിരിക്കണം നമ്മുടെ പ്രയത്നം. ഹേമ കമീഷൻ റിപ്പോർട്ട് ഏറ്റവും പ്രധാനമാവുന്നത് അതുകൊണ്ടാണ്. സിനിമാ ഇൻഡസ്ട്രിയ്ക്കായി ഒരു സ്പെഷ്യൽ ട്രിബ്യൂണൽ ഉണ്ടാവുകയെന്നത് പ്രധാനമാണ്. ഒരു ഇന്റേണൽ കപ്ലൈൻറ്​ സെൽ പ്രധാനമാണ്. അതിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. സത്യസന്ധമായി പറഞ്ഞാൽ ഞങ്ങളെല്ലാം ഇവിടെ ജോലി ചെയ്യാൻ വന്ന ആർടിസ്റ്റുകളാണ്. ഞങ്ങൾക്കതിലേക്ക് തിരിച്ചു വരണം. ഈ സിസ്റ്റം ഞങ്ങളെ തോല്പിച്ചതുകൊണ്ടാണ് ഞങ്ങൾ സിസ്റ്റവുമായി ഫൈറ്റ് ചെയ്യുന്നത്. And that Systemic change is what WCC is working towards.

ചോദ്യം: വിധു വിൻസെൻറ്​ ഉന്നയിച്ച വിഷയം എടുക്കുകയാണെങ്കിൽ, സ്​റ്റാൻറ്​അപ്പ്​ എന്ന സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് ബി. ഉണ്ണിക്കൃഷ്ണനാണ് എന്ന വാർത്ത വന്നപ്പോൾ തന്നെ ഉയർന്നുവന്ന ഒരു ആരോപണം, അത് വളരെ ബുദ്ധിപൂർവ്വം WCC യെ പൊളിക്കാൻ അദ്ദേഹം കളിച്ച ഗെയിം ആണെന്നും വിധുവിനെ പർച്ചെയ്‌സ് ചെയ്യുക തന്നെയാണ് ചെയ്തിരുന്നത് എന്നുമായിരുന്നു. നിങ്ങൾക്ക് എപ്പോഴെങ്കിലും ആ രീതിയിൽ തോന്നിയിരുന്നോ? സ്റ്റാന്റപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ വിധു വിൻസെൻറിനെ ഇരുത്തികൊണ്ട് ബി. ഉണ്ണിക്കൃഷ്ണൻ നടത്തിയ പ്രസംഗത്തിൽ മറ്റു സിനിമകൾ ചെയ്ത് കിട്ടിയ അതേ പണം തന്നെയാണ് സ്റ്റാന്റപ്പിന്​ ഉപയോഗിച്ചത് എന്ന പ്രസ്താവന നടത്തുകയുണ്ടായി. അതുകേട്ടപ്പോൾ ഇതിനകത്ത് ബോധപൂർവ ശ്രമം നടന്നിട്ടുണ്ട് എന്ന സംശയം നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?

അതിനെക്കുറിച്ചൊന്നും നമ്മൾ ഇനി ഒന്നും പറയേണ്ട കാര്യമില്ല. അതിന്റെ
ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരു കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റുള്ള ആളുകളുമായി WCC അംഗങ്ങൾ എങ്ങനെ വർക്ക് ചെയ്യും എന്ന ആശങ്ക ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. ലോകം മുഴുവനുമുള്ള സ്ത്രീകൾ, തങ്ങൾക്കുനേരെ നടന്ന ലൈംഗിക ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് ഇവിടത്തെ സിനിമകളിൽ #metoo മൂവ്മെന്റിനെ പരിഹസിക്കുന്ന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സർവൈവറിനെ പരിഗണിക്കുക പോലും ചെയ്യാതെ ആ കേസിലെ മുഖ്യ കുറ്റാരോപിതനെ വെച്ചു കൊണ്ട് വലിയ ബാനറിനു കീഴിൽ സിനിമ അനൗൺസ് ചെയ്തിട്ടുണ്ട്. വലിയൊരു ലൈംഗിക ആക്രമണ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ട്രേഡ് യൂണിയൻ പ്രസിഡൻറിന്റെ, സിനിമാ സംഘടനാ നേതാവിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കം ഞങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ വളരെ ശക്തമായ നിലപാടെടുത്തിട്ടുള്ളവരാണ് വിധുവും ഞങ്ങളും. അതേ സമയം വിധുവിനോട് ആരുടെയെങ്കിലുമൊപ്പം വർക്ക് ചെയ്യരുത് എന്ന് ഞങ്ങൾ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഉണ്ടാക്കിയെടുക്കുന്ന നരേറ്റീവുകളെല്ലാം തെറ്റാണ്. അത് കളവാണ്.
ഇൻഡസ്ട്രിയിൽ ആർക്കും ആരുടെ കൂടെയും വർക്ക് ചെയ്യാം. അത്ര ചെറിയ ഇൻഡസ്ട്രിയാണ് നമ്മുടേത്. വിധുവിന് അവരുടെ പ്രൊഡ്യൂസർക്കൊപ്പം വർക്ക് ചെയ്യാനുള്ള ചോയ്സിനെ WCC ചോദ്യം ചെയ്തു എന്ന ആരോപണം തെറ്റാണ്. എന്നാൽ സ്റ്റാന്റപ്പിന്റെ പോസ്റ്ററിൽ അദ്ദേഹത്തിന്റെ പേര് കണ്ടപ്പോൾ അകത്തു നിന്നും പുറത്തു നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. ഞങ്ങൾക്ക് വിധുവിന്റെ വേർഷൻ അറിയണമായിരുന്നു. അത് സംഘടനയ്ക്കുള്ള വിശദീകരണം എന്ന നിലയിലല്ല. കൂടെ പ്രവർത്തിച്ച, എന്ത് വില കൊടുത്തും അവർ വിജയിക്കണം എന്ന് ആഗ്രഹിച്ച സ്ത്രീകൾ എന്ന നിലയിൽ.

ചോദ്യം: വിധു തിരിച്ച് ഉന്നയിക്കുന്ന ആർഗ്യുമെൻറും അതാണ്. ഉയരെ എന്ന പടത്തിൽ സിദ്ദിഖിനൊപ്പം പാർവ്വതി എങ്ങനെയാണ് അഭിനയിച്ചത്? അപ്പോൾ തോന്നാത്ത കോൺഫ്‌ളിക്ട് എന്തുകൊണ്ടാണ് ഇപ്പോൾ തോന്നുന്നത് എന്ന വാദമാണ് വിധു ഉന്നയിക്കുന്നത്?

അത് തന്നെയാണ് പറഞ്ഞത്, അങ്ങനെ പാർവതിയും സിദ്ദിഖും ഒരുമിച്ച് അഭിനയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. പാർവതിയോടും പറഞ്ഞിട്ടില്ല, വിധുവിനോടും പറഞ്ഞിട്ടില്ല. ഒരിക്കലും WCC അങ്ങനെ പറയുകയും ഇല്ല. വരിസംഖ്യയോ മെമ്പർഷിപ്പ് ഫീയോ ഒന്നുമില്ലാത്ത ഒരു കലക്ടീവ് മാത്രമാണ് WCC. എന്നാൽ പോലും ഒരു സംഘടനയുടെ ഭാഗമാകുമ്പോൾ അതിലെ ഓരോരുത്തരെയും empower ചെയ്യണം. അതിൽനിന്ന് എന്തെങ്കിലും ബെനിഫിറ്റ് ഉണ്ടാവണം. അതിൽ നിന്ന് അറ്റ്‌ലീസ്റ്റ് എന്തെങ്കിലും solace എങ്കിലും ഉണ്ടാകണം. അല്ലാതെ ഒരാളുടെ പണി കളയാനോ, അയാൾ അവിടെ പോകരുത്, ഇവിടെ പോകരുത് എന്ന് പറയാനോ ആയിരിക്കരുത്. സംഘടനകൊണ്ടെന്തെങ്കിലും ഗുണം ഉണ്ടാകേണ്ടേ. അല്ലാതെ പിന്നെ എന്തിനാണ്! WCC has never raised such a mandate at any point to any of its member. So this is extremely shocking to hear from Vidhu that she felt interrogated.

ഉയരെ - പോസ്റ്റർ

ചോദ്യം: WCC രൂപീകരണം ഇതിനകത്ത് നിൽക്കുന്ന ആളുകളുടെ തൊഴിലിനെ ബാധിച്ചിട്ടുണ്ട്, അല്ലെങ്കിൽ തൊഴിൽ നഷ്ടം എന്ന് പറയാവുന്ന തരത്തിൽ ബാധിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് എത്രത്തോളം രൂക്ഷമാണ്?

എന്താണെന്ന് ചോദിച്ചാൽ നമുക്ക് കൃത്യമായി പറയാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ മാറ്റിനിർത്തലുകളുണ്ടായിട്ടുണ്ട്. അത് അന്തരീക്ഷത്തിലുണ്ട്, അത് നമുക്ക് ഫീല് ചെയ്യാറുണ്ട്. എന്നു കരുതി, അതും പറഞ്ഞ് മാറിയിരിക്കാൻ നമുക്ക് പറ്റില്ല. പക്ഷേ ഇത് ഞാൻ എന്റെ പ്രിവിലേജിൽ നിന്ന് പറയുന്നതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. എന്റെ ഇത്രയും കാലത്തെ വർക്കിലൂടെ ഞാൻ ഉണ്ടാക്കിയെടുത്ത സോഷ്യൽ കാപ്പിറ്റലിൽ നിന്നും സപ്പോർട് സിസ്റ്റത്തിൽ നിന്നും ഉണ്ടായിട്ടുള്ള പ്രിവിലേജിൽ നിന്നു കൊണ്ടാണ് എനിക്കത് പറയാൻ പറ്റുന്നത്. എല്ലാവർക്കും അതങ്ങനെ പറയാൻ പറ്റില്ല എന്ന ബോധ്യം എനിക്കുണ്ട്.

വലിയൊരു ലൈംഗിക ആക്രമണ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ട്രേഡ് യൂണിയൻ പ്രസിഡൻറിന്റെ, സിനിമാ സംഘടനാ നേതാവിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കം ഞങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്

ഒരു സ്ത്രീയായിരിക്കുക എന്ന് പറയുന്നതു തന്നെ ചാലഞ്ചിംങ്ങ് ആണ്. എന്നാലും എനിക്കുള്ള മേല്പറഞ്ഞ പ്രിവിലേജിനെ ഞാൻ നിരാകരിക്കുന്നില്ല. എനിക്കിപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നതൊക്കെയും എ​ന്റെ
പ്രിവിലേജിനുമേലുള്ളതാണ്. ഒരു സ്ത്രീ എന്ന നിലയിൽ എതിർപ്പുനിൽപ്പിന്റേതായ ഭൂതകാലം എനിക്ക് ഉണ്ടായാൽ പോലും ഞാനിന്ന് എവിടെ നിൽക്കുന്നു എന്ന വസ്തുത മറ്റൊരാൾ എടുക്കുന്ന തീരുമാനത്തെ ജഡ്ജ് ചെയ്യാതിരിക്കാൻ എന്നെ പ്രാപ്തയാക്കുന്നുണ്ട്. ആശയപരമായി എടുക്കേണ്ടി വരുന്ന എല്ലാ തീരുമാനങ്ങളും എത്രമാത്രം കഠിനമാണ് എന്ന്, വിശപ്പ് എന്ന യാഥാർത്ഥ്യത്തെ മുൻനിർത്തുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, എക്സ്പോഷർ, കുടുംബത്തിന്റെ പിന്തുണ, വൈവാഹിക നില, ആശ്രയിച്ചു ജീവിക്കുന്ന കുട്ടികൾ തുടങ്ങിയ കാര്യങ്ങളെല്ലാം സമൂഹത്തിലും തൊഴിലിടത്തിലും പ്രതികൂലമായി ബാധിക്കും.

ചോദ്യം: ഈയൊരു കാരണം കൊണ്ട് കൂടിയായിരിക്കുമോ, അതായത് നിങ്ങളുടെ കൂടെ നിന്നാൽ പണി പോകും എന്നുള്ളതുകൊണ്ട് ആയിരിക്കുമോ മറ്റ് സ്ത്രീകൾ WCC യുമായി അടുക്കാതെ നിൽക്കുന്നത്? അങ്ങനെയുള്ളവർ ഉണ്ടോ?

തീർച്ചയായും ഉണ്ട്. ഞാൻ നിങ്ങളുടെ കൂടെയാണ്, പക്ഷേ അത് പറയാൻ പറ്റില്ല എന്ന് പറയുന്ന ധാരാളം പേരുണ്ട്. അത് വളരെ ക്ലിയറാണ്. അങ്ങനത്തെ ഭയം സൃഷ്ടിക്കാൻ നോക്കുന്നുണ്ട് ആളുകൾ എന്നതിൽ ഒരു സംശയവുമില്ല . പക്ഷേ ഇത് അതിനെയൊക്കെ മറികടക്കുന്ന ഒന്നാണ്. ഇതിനേക്കാളെല്ലാമപ്പുറം നമുക്ക് ഫൈനൽ ഡസ്റ്റിനേഷൻ ഉണ്ട്. എനിക്ക് എന്റെ പ്രിവിലേജുള്ളതുകൊണ്ടാണ് ഞാനിന് സംസാരിക്കുന്നത്. പക്ഷേ എല്ലാവർക്കും അതില്ല. ആ സാഹചര്യം കൂടി മനസിലാക്കിക്കൊണ്ടാണ് ഞാൻ നിൽക്കുന്നത്.

ചോദ്യം: കഴിഞ്ഞ ദിവസത്തെ WCC യുടെ പ്രസ്​താവനയിൽ വിധു വിൻസെൻറുമായി ചർച്ചയ്ക്ക് തയ്യാറാണ് എന്ന രീതിയിലുള്ള പരാമർശമുണ്ടായിരുന്നു. ഇത് പോസിറ്റീവായ സൂചനയായിട്ടാണ് തോന്നിയത്. എന്തായിരിക്കും ഇതിന്റെതുടർച്ച?

തീർച്ചയായിട്ടും വിധുവുമായി ചർച്ചയ്ക്ക് തയ്യാറാണ്. മുമ്പേ പാർവ്വതിയും മറ്റ് WCC അംഗങ്ങളും വിധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്, നിരന്തരം. പോയാൽ പൊക്കോട്ടേയെന്ന് വിചാരിക്കാൻ പറ്റുന്നയാളല്ല വിധു. ഞങ്ങൾക്ക് അത്രയും ഇമ്പോർട്ടന്റായിരുന്നു ആ സിസ്റ്റർഹുഡ്. നമ്മൾ ഒരിക്കലും എക്‌സ്പീരിയൻസ് ചെയ്യാത്ത ഒരു സിസ്റ്റർഹുഡായിരുന്നു അത്. അത് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമം. വ്യക്തിയല്ല സംഘടന എന്ന് പറയുമ്പോഴും ഇതെനിക്ക് പേഴ്സണലുമാണ്. വിധു റസിഗ്നേഷൻ അയച്ച സമയത്ത് ഞാൻ വിളിച്ച് സംസാരിച്ചിട്ടുണ്ട്, ഇനിയും സംസാരിക്കും. ഞാൻ ഒരിക്കലും കരുതുന്നില്ല, വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും WCC വിട്ട് പോകാൻ പറ്റും എന്ന്. WCCയെ ബിൽഡ് ചെയ്തതിൽ വിധുവിന്റെ കോൺട്രിബ്യൂഷൻ ഒരിക്കലും മായ്ച് കളയാൻ പറ്റില്ല. ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്തുനിന്നു കൂടിയാണ് വിധു ഇപ്പോൾ സംസാരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചോദ്യം: സംഘടന പ്രശ്‌നങ്ങളൊക്കെ മാറ്റിവെച്ചു കഴിഞ്ഞാൽ, കോവിഡ് കാലത്ത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് ലോക്ക്ഡൗൺ എന്നു പറയുന്നത് വലിയ ബുദ്ധിമുട്ടേറിയ സംഗതിയായിരിക്കും. റിമയെ അതെങ്ങനെയാണ് ബാധിച്ചത്? റിമ സ്റ്റേജ് പെർഫോമെൻസ് വലിയ തോതിൽ ചെയ്യുന്നയാളാണ്. അല്ലാത്ത ആക്ടിവിറ്റികളുള്ള ആളാണ്. ആളുകളെ നിരന്തരം കണ്ടുകൊണ്ട് നിൽക്കുന്നയാളാണ്. ഈ ലോക്ക്ഡൗണിൽ പെട്ടപ്പോൾ എന്തുതോന്നി? എങ്ങനെ അതിനെ മറികടന്നു?

മറികടന്നിട്ടില്ല. പക്ഷേ ലോക്ക്​ഡൗൺ കാരണം എന്നേക്കാളും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഉണ്ട്. ആദ്യത്തെ സിനിമ തുടങ്ങാമെന്ന് കരുതിയ സമയത്ത് ഈ പ്രതിസന്ധിയെ നേരിട്ടവരുണ്ടാകാം. ഡെയ്​ലി വേജസിൽ വർക്ക് ചെയ്യുന്ന എത്രയോ ആളുകൾ, സ്വന്തം നാട്ടിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി പോവേണ്ടി വന്ന അതിഥി തൊഴിലാളികൾ... അവരുടെയൊക്കെ പ്രശ്‌നങ്ങൾക്കു മുമ്പിൽ എന്റെ പ്രശ്‌നം ഒന്നുമല്ല. സാമ്പത്തികമായി മാത്രമല്ല, മാനസികമായും തളർത്തുന്ന ഒരു സമയമാണ് കടന്നു പോകുന്നത്. ഡിപ്രഷൻ ഗുരുതരമായ മാനസിക പ്രശ്‌നം എന്ന രീതിയിൽ അണ്ടർലൈൻ ചെയ്യപ്പെടുന്ന കാലഘട്ടമാണിത്.

എങ്കിലും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ക്വാളിറ്റി ടൈം ചെലവിടേണ്ട സമയം കൂടിയാണിത്. വായനയിലേക്കും ചില ഓൺലൈൻ പഠനത്തിലേക്കും തിരിച്ചു വന്നു. മുൻഗണനകളെക്കുറിച്ച് വീണ്ടുവിചാരം നടത്താനുള്ള സമയമായും ഇതിനെ കാണാം.
About the way ahead. To find meaning in it all


Comments