ഇർഫാൻ ഖാൻ ഒരു റിമൈൻഡറായിരുന്നു

കണ്ണുകളിലെ കടലാഴങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നയാൾ. കനം തൂങ്ങിയ ആ സ്വരത്തിൽ വിരിഞ്ഞതിനേക്കാൾ വിരിയാനിരുന്ന ഭാവങ്ങൾ ആയിരുന്നിരിക്കണം കൂടുതൽ. വിഷാദത്തിന്റെ നേരിയ ഛായയുള്ള, ആലസ്യത്തിന്റെ ചെറിയ പിൻവലിയൽ ഉള്ള, ഒരു ജീവിതത്തിന്റെ തന്നെ ഭാരം പേറുന്ന ശബ്ദമായിരുന്നു ഇർഫാന്റെത്.

ക്രിക്കറ്ററാകാൻ ആഗ്രഹിച്ച, അണ്ടർ 23 ഇൽ പ്രധാനപ്പെട്ട ടൂർണമെന്റിൽ കളിയ്ക്കാൻ അവസരം കിട്ടിയ, കാശില്ലാത്തതുകൊണ്ടു പോകാൻ സാധിക്കാത്തൊരു മനുഷ്യൻ. പിന്നീട് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നു. അങ്ങനെ ക്രിക്കറ്റിന്റെ നഷ്ടം സിനിമയുടെ നേട്ടമാകുന്നു, കലയുടെ നേട്ടമാകുന്നു. ഇർഫാൻ ഖാൻ ഒരു റിമൈൻഡറായിരുന്നു, ഇന്ത്യക്കാരുടെ മോശം ശീലങ്ങളുടെ. അമിതാഭിനയവും ഓവർ എക്സ്പ്രഷനും ഓവർ ഡ്രാമയും മെലോഡ്രാമയും അങ്ങനെ എല്ലാം മസാലവൽക്കരിച്ച ഇന്ത്യൻ അഭിരുചിയോടു ഇർഫാൻ ഖാൻ ഇടഞ്ഞുകൊണ്ടേയിരുന്നു.

ഡീറ്റെയിൽ ആക്റ്റിങ്ങിന്റെ, അണ്ടർ പ്ളേയുടെ സൗന്ദര്യമാണ് ഇർഫാൻ ഖാന്റെ കരിയർ തന്നെ. അതിന്നും വലിയൊരു അളവ് വരെ തിരിച്ചറിയപ്പെടാതെ കിടക്കുന്നത് നമ്മുടെ ഈ ശീലക്കേടിന്റെ അന്ധത കാരണമാണ്. എല്ലാം കൂടുതൽ വിളമ്പി വിളമ്പി നമ്മൾ നശിപ്പിക്കപ്പെട്ടുപോയിരുന്നു. ശരിയായ അളവേതെന്നു നമുക്ക് തിരിച്ചറിയാൻ സാധിക്കാതായിരുന്നു. മലയാളത്തിൽ ഇർഫാൻ ഖാനോടൊപ്പം ചേർത്ത് പറയേണ്ട പേര് ഭരത് ഗോപിയുടേതാണ്. അഭിനയമെന്നാൽ ജീവിതം തന്നെയെന്ന് ഓർമ്മിപ്പിച്ച രണ്ടുപേർ. ഏറ്റവും ട്രൂ വികാരങ്ങളുടെ, ഏറ്റവും ആഴത്തിലുള്ള പോർട്രയൽ. അതിനു ക്യാമറ ഗിമ്മിക്കുകളില്ല, കസർത്തുകളില്ല, മേക്കപ്പിന്റെ ബാധ്യതകളില്ല. ഭാവത്താൽ മാത്രം ഓരോ കഥാപാത്രങ്ങളെയും ഓരോ പാക്കേജുകളായി മാറ്റി മാറ്റി പ്ലെയ്‌സ്‌ ചെയ്യുന്ന പ്രതിഭയുടെ ധൂർത്തായിരുന്നു ഇർഫാൻ. കഥാപാത്രത്തിന്റെ എല്ലാ അന്ത: സംഘർഷവും ഉള്ളിൽ നിറച്ചു, തുളുമ്പാതെ തുളുമ്പി നേരെ പ്രേക്ഷകന്റെ മനസ്സിലേക്കെത്തിക്കുന്ന മായാജാലക്കാരൻ.

കണ്ണുകളിലെ കടലാഴങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നയാൾ. കനം തൂങ്ങിയ ആ സ്വരത്തിൽ വിരിഞ്ഞതിനേക്കാൾ വിരിയാനിരുന്ന ഭാവങ്ങൾ ആയിരുന്നിരിക്കണം കൂടുതൽ. വിഷാദത്തിന്റെ നേരിയ ഛായയുള്ള, ആലസ്യത്തിന്റെ ചെറിയ പിൻവലിയൽ ഉള്ള, ഒരു ജീവിതത്തിന്റെ തന്നെ ഭാരം പേറുന്ന ശബ്ദമായിരുന്നു ഇർഫാന്റെത്. ഓരോ അഭിനേതാവും കൊതിക്കുന്ന കാമ്പുള്ളത്. പാൻ സിങ് തോമർ എന്ന സിനിമ എടുക്കുക. പുതുമോടിക്കാരനായ, ഭാര്യയോട് സ്നേഹം കാണിക്കാൻ വെമ്പുന്നൊരു ഭർത്താവായി, ഭക്ഷണം കിട്ടാനായി ഓട്ടക്കാരനാവുന്ന ഒരു സാദാ ആർമ്മിക്കാരനായി, അത്ലീറ്റ്‌ ആയതിന്റെ പേരിൽ യുദ്ധത്തിൽ പറഞ്ഞയക്കാത്തപ്പോൾ നിരാശയിൽ നിൽക്കുന്ന ഒരു പക്കാ പട്ടാളക്കാരനായി, ചമ്പൽക്കാടുകളിൽ ഉള്ളത് വിപ്ലവകാരികൾ ആണെന്നും കൊള്ളക്കാരൊക്കെ അങ്ങ് പാര്ലമെന്റിലാണുള്ളതെന്നും പറയുന്ന പാൻ സിങ് തോമർ എന്ന ചമ്പൽ ഭീകരനായി, അങ്ങനെ ഭാവഭേദങ്ങളുടെ നിരന്തര മാറ്റങ്ങളിൽക്കൂടി ഒരു കഥാപാത്രത്തെ അനായാസം കടത്തി വിടുന്ന മികവിന്റെ ഉടമയായി ഇർഫാൻ നമ്മളെ നോക്കി ചിരിക്കുന്നു.

ഭാവത്താൽ മാത്രം ഓരോ കഥാപാത്രങ്ങളെയും ഓരോ പാക്കേജുകളായി മാറ്റി മാറ്റി പ്ലെയ്‌സ്‌ ചെയ്യുന്ന പ്രതിഭയുടെ ധൂർത്തായിരുന്നു ഇർഫാൻ. കഥാപാത്രത്തിന്റെ എല്ലാ അന്ത: സംഘർഷവും ഉള്ളിൽ നിറച്ചു, തുളുമ്പാതെ തുളുമ്പി നേരെ പ്രേക്ഷകന്റെ മനസ്സിലേക്കെത്തിക്കുന്ന മായാജാലക്കാരൻ

കണ്ണുകൾ നീങ്ങുന്നത്, നോട്ടം, ചെറിയ ചില ചലനങ്ങൾ, ശബ്ദ വിന്യാസത്തിലെ വ്യത്യാസം, ശരീര ഭാഷയിലെ വളരെ ചെറിയ തിരിവുകൾ. ഇതൊന്നും ആദ്യ കാഴ്ചയിൽ നമ്മുടെ കണ്ണിൽപിടിച്ചെന്നുപോലും പോലും വരില്ല. അതൊക്കെ മതിയായിരുന്നു ഇർഫാന് നമ്മളിലേക്ക് അനുസ്യൂതം പ്രവഹിക്കാൻ. ഇർഫാൻ മരിക്കുമ്പോൾ നമ്മുടെ ഉള്ളിലെ പലതും കൂടിയാണ് മരിക്കുന്നത്. ഇർഫാൻ ഖാൻ ചെയ്തു വെച്ചിരിക്കുന്നതിന്റെ പത്തിലൊന്നുപോലും നമ്മുടെ കാലം തിരിച്ചറിഞ്ഞിട്ടില്ല. നമ്മളതിന് പാകപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ആ ഉത്തരവാദിത്തവും പകുതി വെച്ച് ഇർഫാൻ മടങ്ങുമ്പോൾ ഓർമ്മ വരുന്നതൊരു പഴയ കവിയുടെ വാചകങ്ങളാണ് ; കീറ്റ്‌സ് മരിച്ചപ്പോൾ ഷെല്ലി പറഞ്ഞത്. മരണമാണ് മരിച്ചത്. കീറ്റ്‌സല്ല. കീറ്റ്സ് കവിതയായിരുന്നു. ആ കവിതയുടെ തോരാ പെയ്ത്തിൽ എന്നും കീറ്റ്സ് ഉണ്ടാവും. മരണമാണ് മരിച്ചത്; ഇർഫാൻ ഖാനല്ല.

അദ്ദേഹം മരണത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഇനിയൊരിക്കലും മരണത്തിനു അദ്ദേഹത്തിന്റെ സമീപത്തു വരാൻ സാധിക്കില്ല. മേഘം പെയ്തൊഴിയുമ്പോൾ മേഘം മരിച്ചു എന്നല്ലല്ലോ നമ്മൾ പറയുന്നത്. മഴ പെയ്തു എന്നല്ലേ... അതേപോലെ തന്നെയാണ് ഇർഫാനും. നിത്യ കാലത്തോളം ഇർഫാന്റെ അഭിനയ ജീവിതം മനുഷ്യരുടെ മേൽ പെയ്‌തുകൊണ്ടേയിരിക്കും. അതിലോരോ തുള്ളിയും നമ്മളിൽ അത്ഭുതം നിറയ്ക്കും. നഷ്ടത്തിന്റെ ആഴമോർമ്മിപ്പിച്ചു കണ്ണ് നിറയ്ക്കും. ഇർഫാൻ ഖാൻ. വിട.

Comments