സമ്പന്നരാജ്യങ്ങൾക്കുമാത്രം
മതിയോ
കോവിഡ് വാക്സിൻ?
സമ്പന്നരാജ്യങ്ങൾക്കുമാത്രം മതിയോ കോവിഡ് വാക്സിൻ?
ലാഭേച്ഛ മാത്രം നോക്കി, ഏറ്റവും കൂടുതല്‍ പണം നല്‍കുന്ന രാജ്യത്തിന് ആവശ്യം നോക്കാതെ വില്‍ക്കുന്ന ഒന്നാവരുത് വാക്സിനുകള്‍. കോവിഡ് വാക്സിന്‍ ആദ്യ ഡോസുകള്‍ ആദ്യം ലഭിക്കേണ്ടത് ദേശഭേദമില്ലാതെ ഏറ്റവും അത്യാവശ്യക്കാര്‍ക്കാണെങ്കിലും അങ്ങനെയല്ല സംഭവിക്കാന്‍ പോകുന്നത് എന്ന ആശങ്ക പങ്കുവെക്കപ്പെടുന്നു
11 Dec 2020, 09:58 AM
ബ്രിട്ടനില്‍ തൊണ്ണൂറു വയസ്സായ സ്ത്രീ, ലോകത്താദ്യമായി COVID-19 വാക്സിന്‍ സ്വീകരിക്കുന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. ഈ വര്‍ഷം ഫെബ്രുവരിക്കുശേഷം ശുഭകരമായി തോന്നിയ രണ്ടുവാര്‍ത്തകള്‍ - ഒന്ന് പ്രസിഡന്റ് ട്രംപിന്റെ തോല്‍വി, രണ്ട് -കോവിഡ് വാക്സിന്‍ ഫലപ്രദമായടെസ്റ്റുകള്‍ക്കു ശേഷം പൊതുജനത്തിനായിതയ്യാറായി.
പിന്നീടെപ്പോഴോ ഉണ്ടായ കോവിഡ് ചിന്തകളിലാണ്, സയന്‍സ് മാഗസിനില്‍ (/2020/07)വായിച്ചൊരു ലേഖനം വീണ്ടും തെളിഞ്ഞത്. ആരോഗ്യപ്രവര്‍ത്തക എലന്‍ ടി. ഹോന്‍ പറയുന്നു: സമ്പന്ന രാജ്യങ്ങളിലെ അപകട സാധ്യത കുറഞ്ഞവര്‍ക്ക് വേഗത്തിലും എളുപ്പത്തിലും വാക്സിന്‍ ലഭിക്കുകയും എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ആരോഗ്യപ്രവര്‍ത്തകന് ആവശ്യമുണ്ടെങ്കിലും അതു ലഭ്യമാവാതെയും വരുന്നത് അപഹാസ്യമാണ്. അതുകൊണ്ടാണ് ആദ്യ ഡോസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മറ്റു രോഗങ്ങളാല്‍ അപകട സാധ്യത കൂടിയവര്‍ക്കും, ശേഷം രോഗവ്യാപന സാധ്യതയേറിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഏറ്റവുമൊടുവില്‍ മറ്റുള്ളവര്‍ക്കും എന്ന ക്രമം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതാണ് ഫലപ്രദവും നീതിപൂര്‍വവുമായ രീതി.
കോവിഡ് വാക്സിന്‍ ആദ്യ ഡോസുകള്‍ ആദ്യം ലഭിക്കേണ്ടത് ദേശഭേദമില്ലാതെ ഏറ്റവും അത്യാവശ്യക്കാര്‍ക്കാണെങ്കിലും അങ്ങനെയല്ല സംഭവിക്കാന്‍ പോകുന്നത് എന്ന ആശങ്കയാണ് ഈ കുറിപ്പിനു പ്രേരകം.
ഡിസംബര്‍ 10ലെ കണക്കനുസരിച്ച് ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 69.5 മില്യണ്‍ കടന്നു; മരണം 1.5 മില്യണ്‍. അമേരിക്കയില്‍ മാത്രം 15.6 മില്യണ്‍ രോഗബാധിതര്‍; മരണം 2.92 മില്യണ്‍. വാക്സിന്‍ തയ്യാറാവുന്നത് ആശ്വാസമെങ്കിലും, ലോകത്താകമാനം വ്യാപനം നിയന്ത്രണത്തിലാവുകയും (വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന ഒരു സമൂഹത്തില്‍ വാക്സിനേഷന്‍ വേണ്ടത്ര പ്രയോജനം ചെയ്യില്ല എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു) വാക്സിനേഷന്‍ പ്രക്രിയ ഫലപ്രദമായി നടപ്പിലാവുകയും ചെയ്യുമ്പോള്‍ മാത്രമേ ലോക സാമ്പത്തിക വ്യവസ്ഥക്കുമേല്‍ ഈ മഹാമാരിയേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ലോകസമൂഹം രക്ഷപ്പെടാന്‍ തുടങ്ങി എന്ന് പറയാനാവൂ.
വൈറസ് അമേരിക്കുടെ മാത്രം പ്രശ്‌നമല്ല
രാജ്യങ്ങളെ പ്രത്യേകമായെടുക്കുമ്പോള്‍, മേല്‍പ്പറഞ്ഞ തരത്തിലുള്ള വിതരണം ഏറെക്കുറെ സാധ്യമാവുമെങ്കിലും ലോകസമൂഹത്തെ ഒന്നായി കാണുമ്പോഴാണ് വൈറസ് ദേശീയത ഒരു പ്രശ്‌നമാവുന്നത്. അതിരുകള്‍ക്കുള്ളില്‍ പൊതുവായി പങ്കുവെക്കപ്പെടുന്ന പ്രത്യേകതകളിലൂന്നിയാണ് ദേശീയതാബോധം നിര്‍മിക്കപ്പെടുന്നത്. സംസ്‌കാരം, ഭൂപ്രദേശത്തിന്റെ സവിശേഷതകള്‍, മതം, ഭാഷ എന്നിവയൊക്കെ ദേശീയതാബോധത്തിനാധാരാമാവാമെന്ന് നമുക്കറിയാം. ഇന്ന് കൊറോണ വൈറസ് എന്ന രോഗാണുവാണ് ദേശീയ താല്‍പര്യങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലക ശക്തി. ഇതുമൂലം പ്രശ്‌നത്തിലാകാൻ സാധ്യതയുള്ളത്സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളും പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ളത് സാമ്പത്തികമായും സാങ്കേതികമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളുടെ അന്ധമായ വൈറസ് ദേശീയതാ താല്‍പര്യങ്ങളുമാണ്.
ആസ്ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ അവരുടെ പൗരന്മാര്‍ക്ക് വേണ്ട വാക്സിന്‍ ഡോസുകള്‍ക്കായി ഉല്‍പാദകരായ കമ്പനികളുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക ചുമതല പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുക എന്നിരിക്കെ ഇത് ഒരു പരിധിവരെ ന്യായീകരിക്കപ്പെടാവുന്നതാണ്. എന്നാല്‍ ഇവിടെ ഉയരുന്ന നൈതിക പ്രശ്‌നം, ഇത്തരം മുന്‍കൂര്‍ ഓര്‍ഡറുകള്‍ കാരണം ഒരു ദരിദ്ര രാഷ്ട്രത്തിലെ ആരോഗ്യപ്രവര്‍ത്തകന് വാക്സിന്‍ ലഭ്യമല്ലാതെ വന്നേക്കാം എന്നതാണ്.
സനോഫി S.Aഎന്ന ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി, തുടക്കത്തില്‍ U.S. Biomedical Advanced Research and Development Authority (BARDA) യുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ അവര്‍ വികസിപ്പിച്ചെടുക്കുന്ന വാക്സിന്‍ ആവശ്യത്തിന് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാനുള്ള അവകാശം അമേരിക്കയ്ക്കു ലഭിക്കുകയും പിന്നീട് യൂറോപ്യന്‍ യൂണിയന്റെ പ്രതിഷേധം കാരണം കമ്പനി ആ കരാര്‍ പിന്‍വലിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ സംരംഭങ്ങളില്‍നിന്ന് വിട്ടുനിന്ന അമേരിക്ക, രാജ്യത്തിനാവശ്യമായ 300 മില്യണ്‍ ഡോസുകള്‍ 2021 ജനുവരിയോടെ ഫലപ്രദവും സുരക്ഷിതമായും ലഭ്യമാക്കാന്‍ ഓപ്പറേഷന്‍ വാര്‍പ് സ്പീഡ് (OWS) എന്ന പ്രോഗ്രാം 2020 ഫെബ്രുവരിയില്‍ തന്നെആസൂത്രണം ചെയ്തു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പ്രതിരോധ വകുപ്പും HHS (Department of health and human services) ന്റെ ഘടകങ്ങളായ CDC (Center for Decease Control and Prevention), NIH (National Institute of Health), BARDA (Biomedical Advanced Research and Development Authority) എന്നിവയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. ഡിസംബര്‍ പകുതിയോടെ അമേരിക്കയില്‍ വാക്സിന്‍ വിതരണം ആരംഭിച്ചേക്കും.
ഫൈസര്‍ (Pfizer), മോഡേന (Moderna) എന്നീ കമ്പനികള്‍ അവരുടെ വാക്സിനുകള്‍ക്കു വേണ്ട അംഗീകാരം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (FDA) നിന്ന് ലഭിക്കാന്‍ കാത്തിരിക്കുന്നു. ഈ വാക്സിനുകള്‍ പാര്‍ശ്വഫലങ്ങളില്ലാതെ 95 ശതമാനത്തോളം ഫലപ്രദമാണെന്ന് ഇതുവരെ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ അവകാശപ്പെടുന്നു. ആസ്ട്രാ സെനെക്ക (AstraZeneca) എന്ന കമ്പനിയും വാക്സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.

എന്നാല്‍ ഇത് അമേരിക്കയുടെ മാത്രം പരിഹാരമാണ്; ഒരു ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും രോഗത്തോടും ജനത്തോടുമുള്ളഅവഗണനയും മൂലം ലോകത്തെ ഏറ്റവും വലിയസാമ്പത്തിക- സാങ്കേതിക ശക്തിക്കു നേരിട്ട ദുര്യോഗമെങ്കിലും അമേരിക്കയിലെ സാധാരണ ജനത ഇത് ഏറ്റവും കൂടുതലായി അര്‍ഹിക്കുന്നുമുണ്ട്. 79 മില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം 30 മില്യണ്‍ ഡോസുകള്‍ ബ്രിട്ടനുംഅമേരിക്കയുടെ 1.2 ബില്യണ്‍ ഡോളര്‍ OWS പങ്കാളിത്തം കാരണം 300 മില്യണ്‍ ഡോസുകള്‍ ആ രാജ്യത്തിനും നല്‍കാമെന്ന് AstraZeneca നേരത്തെ സമ്മതിച്ചിരുന്നു. ലോകത്തില്‍ വച്ചേറ്റവും വലിയ വാക്സിന്‍ ഉല്‍പ്പാദകരായ SII (Serum Institute of India) യുടെ തലവന്‍ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുത്ത ശേഷം മാത്രമേ പുറത്തേക്കു നല്‍കൂഎന്നും പ്രസ്താവിച്ചിട്ടുണ്ട്.

അമേരിക്ക, ഇന്ത്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് തീര്‍ച്ചയായും ആശ്വാസം പകരുന്നതാണ് അവരുടെ രാജ്യങ്ങളുടെ സമീപനങ്ങള്‍. മഹാമാരികളെന്നല്ല ഏതു ദുരിതത്തിലും രാജ്യത്തെ ജനങ്ങള്‍ സുരക്ഷക്കും സംരക്ഷണത്തിനും ആശ്രയിക്കുന്നത്അവരുടെ ഗവണ്മെന്റുകളെയാണ്. പുറത്തു നിന്ന് പരിഹാരം ഉണ്ടാകുന്ന വരെ കാത്തിരുന്നാല്‍ ജനം അക്ഷമരാവുന്നതും ഗവണ്മെന്റിനെതിരെപ്രതിഷേധമുണ്ടാവുന്നതും സാധാരണയാണ്.
ദേശീയതയിലൂന്നിയ ഇത്തരം സമീപനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. 2009ല്‍ 284,000 പേരുടെ മരണത്തിടയാക്കിയ പന്നിപ്പനി (Swine Flu) വാക്സിന്‍, ഏഴു മാസങ്ങള്‍ കൊണ്ട് തയാറായെങ്കിലും സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ സാമ്പത്തിക ശേഷിഉപയോഗപ്പെടുത്തികമ്പനികളില്‍ നിന്ന് ആവശ്യത്തിലേറെ ഡോസുകള്‍നേരിട്ടു വാങ്ങിക്കൂട്ടി.പിന്നീട് രാജ്യത്തെ ജനം ഉപയോഗിച്ചു ബാക്കി വന്നപ്പോള്‍ മാത്രമാണ് മറ്റു രാഷ്ട്രങ്ങള്‍ക്ക് വില്‍ക്കാന്‍ അവര്‍തയാറായത്.
അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വാക്സിന്‍ ഡോസുകള്‍സംഭാവന ചെയ്തെങ്കിലും ഉപയോഗം കഴിഞ്ഞു മിച്ചം വന്ന ഡോസുകളാണ് അങ്ങനെ നല്‍കിയത്. രോഗവ്യാപന സാധ്യത കണക്കിലെടുക്കാതെ രാഷ്ട്രങ്ങളുടെ പണക്കൊഴുപ്പിനു വഴങ്ങിയാണ് H 1 N 1 വാക്സിന്‍ അന്ന് വിതരണം ചെയ്യപ്പെട്ടത്.
ലാഭേച്ഛ മാത്രം നോക്കി, ഏറ്റവും കൂടുതല്‍ പണം നല്‍കുന്ന രാജ്യത്തിന് ആവശ്യം നോക്കാതെ വില്‍ക്കുന്ന ഒന്നാവരുത് വാക്സിനുകള്‍. രോഗവ്യാപനം കുറക്കുവാനുതകുന്നതും ആഗോളതലത്തില്‍ ഏറ്റവും ആവശ്യക്കാര്‍ക്കു ലഭ്യമാവുന്ന തരത്തിലുമായിരിക്കണം വാക്സിനുകളുടെ വിതരണം. അതായത്,സമീപനങ്ങളില്‍ ഒരു സംതുലനംആവശ്യമായിവരുന്നു. ഈ സംതുലനംപ്രവര്‍ത്തികമാകണമെങ്കില്‍ വാക്സിന്‍ ഉല്‍പ്പാദകരായ കമ്പനികള്‍ മാനുഷികതയിലൂന്നിയ നീതിബോധംപ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. അതുപോലെ,ഇത്തരം ഘട്ടങ്ങളില്‍കേവല ദേശീയതക്കപ്പുറംആഗോളതാല്‍പര്യങ്ങള്‍ക്കു കൂടി പരിഗണന കൊടുക്കുന്നവരാവണം രാഷ്ട്രത്തലവന്മാര്‍.
ഒരു രോഗം പകരാത്തിടത്തോളം അത് പകര്‍ച്ചവ്യാധിയല്ല. ഒരു പകര്‍ച്ചവ്യാധി ഭൂമിപരമായ അതിരുകളെയും ദേശീയതയെയും അവഗണിച്ച്ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കുമ്പോഴാണ് അത് മഹാമാരിയാവുക. ലോകസമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് മനുഷ്യന്‍ മഹാമാരികള്‍ക്കു നേരെ തിരിയാനും അതിന്റെ വ്യാപനത്തിനു തടയിടാനും ശ്രമിക്കുന്നതിനു പിന്നിലെ കാരണം. ലോകയുദ്ധങ്ങളില്‍ രാജ്യങ്ങള്‍ പക്ഷം പിടിച്ചു പരസ്പരം പോരാടുമ്പോഴും ലോകസമാധാനവും സുരക്ഷയും നഷ്ടമാവുന്ന ഘട്ടത്തിലും ഇത്തരം ആഗോള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെ യുദ്ധം മനുഷ്യനും അദൃശ്യമായ വൈറസും തമ്മിലാണെന്ന് മാത്രം; നഷ്ടമാവുന്നത് ആരോഗ്യവും സമ്പത്തും.
കോവിഡ് ഉള്‍പ്പെടെ ഏറ്റവും അവസാനമുണ്ടായ മഹാമാരികള്‍ പരിശോധിച്ചാല്‍ (COVID-19 - 2019, Swine Flu- 2009, SARS- 2002, HIV/AIDS- 1981) വൈറസ് ആക്രമണത്തിന്റെ ഇടവേള ചുരുങ്ങിവരുന്നത് കാണാം. പത്തുവര്‍ഷത്തിലൊരിക്കല്‍ ഒരാക്രണമം പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഈ ആക്രമണങ്ങള്‍ അതിരുകളെയോ ദേശീയതകളെയോ വകവെക്കുന്നില്ല. അക്കാരണം കൊണ്ടുതന്നെ ഇത്തരം മഹാമാരികള്‍ നേരിടാനും ഒഴിവാക്കാനും സാര്‍വ ദേശീയമായ സംവിധാനങ്ങളെ പ്രോ ത്സാഹിപ്പിക്കുകയും നിലനിറുത്തേണ്ടതിന്റെയും ആവശ്യകത വ്യക്തമാണ്.
മസൂരി നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവെങ്കിലും പോളിയോയും മീസില്‍സും വാക്സിന്‍ ലഭ്യമെങ്കിലും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ, മുഴുവന്‍ ലോകജനതയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാലും കൊറോണ വൈറസിന്റെ പുതുമയും സ്വഭാവവും കാരണംവീണ്ടും പുതിയ സ്‌ട്രെയിനുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ലോകജനതയുടെ ആരോഗ്യം താല്‍പര്യമാക്കി 1948 -ല്‍ ജനീവ ആസ്ഥാനമായി സ്ഥാപിതമായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസഷനില്‍ (WHO) 150 രാജ്യങ്ങള്‍ അംഗങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് മഹാമാരികളെ തടയുക,നേരിടുക എന്നതാണ്. മഹാമാരികളുടെ ചരിത്രം നോക്കിയാല്‍ ആദ്യകാലത്തു ബാക്ടീരിയ പുലര്‍ത്തിയ ആധിപത്യം അടുത്ത ദശകങ്ങളില്‍ വൈറസ് പിടിച്ചെടുത്തതായി കാണാം. ആദ്യകാലത്തു രണ്ടു മഹാമാരികള്‍ക്കിടയിലെ ഇടവേള വലുതായിരുന്നു, വര്‍ഷം രണ്ടായിരത്തോളം ജീവന്‍ അപഹരിച്ചിരുന്ന അന്റോണിയന്‍ ഫ്‌ളൂ AD 165 ല്‍ ഉണ്ടായി പതിനഞ്ചു വര്‍ഷത്തോളം നിലനിന്നു. അതിനു ശേഷം AD 1347 ലാണ് യൂറോപ്പിലും ഏഷ്യയിലുമായി ഇരുപത്തിയഞ്ചു മില്യണ്‍ജീവന്‍ അപഹരിച്ച ബുബോണിക് പ്ലേഗ് (ബ്ലാക്ക് ഡെത്ത്) അരങ്ങേറ്റം നടത്തുന്നത്. ലോകമെമ്പാടും 500 മില്യണ്‍ ആള്‍ക്കാരെ ബാധിക്കുകയും അമ്പതു മില്യനോളം ആളുകള്‍ മരിക്കുകയും ചെയ്ത1918 ലെ സ്പാനിഷ് ഫ്‌ളൂ (influenza) വിലെക്കെത്തുമ്പോഴേക്കും മനുഷ്യനു നേരെയുള്ള യുദ്ധത്തിന്റെ പിന്നില്‍ വൈറസ് എന്ന സൂക്ഷ്മാണുവായി മാറിക്കഴിഞ്ഞു.
വൈറസ് സിദ്ധന്മാരാണ്. അവക്കു ഏതു തരം എതിര്‍പ്പുകളെയും സ്വയം പരിവര്‍ത്തനം ചെയ്തു ചെറുത്തുനില്‍ക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് വാക്സിന്‍ ഉണ്ടായിട്ടും എല്ലാവര്‍ഷവും ആളുകള്‍ ഫ്‌ളൂ വാക്സിന്‍ എടുത്തിട്ടും ഇന്നും ഒളിച്ചും പതുങ്ങിയും പുതിയ രൂപത്തിലും ഭാവത്തിലും ഈ വൈറസ് മനുഷ്യനെ ഉപദ്രിവിച്ചുകൊണ്ടിരിക്കുന്നത്. 2019 -2020 വര്‍ഷം ഇതുവരെ ഇരുപതിനായിരത്തോളം ആളുകള്‍ അമേരിക്കയില്‍ തന്നെ മരിച്ചു.
ഇവിടെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാന്‍ പോന്നതും (രാജ്യങ്ങളുടെ GDP ഇവിടെ ബാധകമാവരുത്) ഏറ്റവും വേഗത്തില്‍ രോഗവ്യാപനം തടയുന്നതുമായ ഒരു വാക്സിനേഷന്‍ സ്ട്രാറ്റജി ഉണ്ടാകേണ്ടത് അനിവാര്യമാകുന്നത്. വാക്സിന്‍ ഉണ്ടാവുകയെന്നതും ലോക ജനതയില്‍ ആവശ്യം വേണ്ടവര്‍ക്ക് ആദ്യം തന്നെവാക്സിനേഷന്‍ കിട്ടുക എന്നതും രണ്ടു പ്രക്രിയയാണ്. GDP പരിഗണിക്കാതെ, ആവശ്യം മാത്രം മുന്‍നിറുത്തി ലോകജനതക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍, പ്രതിജ്ഞാബദ്ധമായ ഒരു ആഗോള സംഘടനക്കുമാത്രമേമാത്രമേ കഴിയൂ. വാക്സിനേഷന്‍ പ്രക്രിയയില്‍ നേരാവുന്ന ഏറ്റവും വലിയ വെല്ലിവിളി അതിലെ ആഗോള വിതരണ ശൃഖലക്കു നേരിടേണ്ടിവരുന്ന തടസങ്ങളാണ്.അവിടെയാണ് ഇത്തരം സംഘടനകളുടെ പ്രസക്തിയേറുന്നത്.
ഈ ഒരു ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടന മുന്‍കൈയെടുത്തു യൂറോപ്യന്‍ യൂണിയന്റെയും ഫ്രാന്‍സിന്റെയും സഹകരണത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് Access to COVID-19 Tools (ACT) Accelerator. ഫലപ്രദമായ വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതോടൊപ്പം, വേണ്ടത്ര ടെസ്റ്റുകളും ചികിത്സകളും ലഭ്യമാക്കുന്നതോടൊപ്പം, മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചു പൂര്‍ത്തിയായ വാക്സിന്‍, ലോകത്താകമാനമുള്ളവരില്‍ അര്‍ഹര്‍ക്ക് വേണ്ട സമയത്ത് എത്തിക്കുക എന്നതാണ് പ്രോജക്ടിന്റെ ലക്ഷ്യം.
വാക്സിന്‍ ഗവേഷണങ്ങള്‍ക്ക് GAVI (The Vaccine Alliance),Coalition for Epidemic Preparedness Innovations(CEPI), ലോകാരോഗ്യ സംഘടന എന്നിവയാണ് ACT-Acceleratorന്റെ വാക്സിന്‍ പ്രോഗ്രാമിനു നേതൃത്വം കൊടുക്കുന്നത്. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനും കീഴ്‌പ്പെടുത്താനുമുള്ള ശ്രമങ്ങളില്‍, ചരിത്രത്തില്‍ വച്ചേറ്റവും ബ്രഹത്തായ ഒന്നാണിത്. വിവിധ രാജ്യങ്ങളിലായി ഗവേഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന അക്കാഡമിയ, ഗവര്‍മെന്റുകള്‍, പ്രൈവറ്റ് കമ്പനികള്‍ ഒക്കെ ഇതില്‍ സഹകരിക്കുന്നുണ്ട്. രണ്ടു ബില്യണ്‍ വാക്സിന്‍ ഡോസുകള്‍ 2021 അവസാനത്തോടെ നിര്‍മിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് COVAX (Covid-19 Vaccines Global Access) എന്ന സംരംഭത്തിന് തുടക്കമായത്. ഒക്ടോബര്‍ ആയപ്പോഴേക്കും വിവിധ സാമ്പത്തിക നിലകളിലുള്ള 170-ല്‍ പരം രാജ്യങ്ങള്‍ ഈ സംരംഭത്തിന്റെ ഗുണഭോക്താക്കളാകാനും സഹകരിക്കാനും പ്രതിഞ്ജാ ബദ്ധരായപ്പോള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഏറ്റവും പ്രധാന രാഷ്ട്രം അമേരിക്കയാണ്. ലോകാരോഗ്യസംഘടന കൊറോണ വൈറസ് വിഷയത്തില്‍ ചൈനാ പക്ഷം പിടിച്ചെന്നും അത് ലോകശ്രദ്ധയില്‍ നിന്ന് മറച്ചുപിടിച്ചുവെന്നും ആരോപിച്ചാണ് ലോകാരോഗ്യസംഘടനക്കുള്ള ഫണ്ടിംഗ് പിന്‍വലിക്കുകയും അതില്‍നിന്ന് അമേരിക്ക പുറത്തുപോരുകയും ചെയ്തത്. അതിന്റെ തുടര്‍ച്ചയായാണ് COVAX ല്‍ തങ്ങളുടെ സഹകരണം ഉണ്ടാവില്ല എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. സപ്തംബറിൽ അത്തരം പ്രഖ്യാപനം ഉണ്ടായി കഴിഞ്ഞ് ഒക്ടോബറായപ്പോഴേക്കും അതുവരെ COVAX ല്‍ നിന്ന് വിട്ടു നിന്ന ചൈന അതിനെ ഭാഗമായി. ഇന്ത്യ ഈ പ്രോഗ്രാമില്‍ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് ഇതിന്റെ ഭാഗമായി.
കോവിഡിനെ നേരിടാനുള്ള സങ്കേതങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ രൂപീകൃതമായ Access to COVID-19 Tools (ACT) ന് യൂറോപ്യന്‍ യൂണിയനും, ബില്‍ ആന്‍ഡ് മെലിന്‍ഡാ ഫൗണ്ടേഷനും, വെല്‍ക്കം ട്രസ്റ്റും (Wellcome Trust) ചേര്‍ന്ന് 8 ബില്യണ്‍ ഡോളര്‍ ഫണ്ട് നല്‍കിയപ്പോള്‍ അമേരിക്കയും റഷ്യയും ഇന്ത്യയും പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു; 2020 ഏപ്രില്‍, മേയ് മാസങ്ങളിലെ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണിത്.
CEPI പിന്തുണയോടെ വിതരണത്തിനു തയാറായ ഒമ്പതോളം വാക്സിനുകളും കൂടാതെ ടെസ്റ്റ് ഫലങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന മറ്റു ഒന്‍പതു കമ്പനികളും ചേരുമ്പോള്‍ COVAX പ്രൊജെക്ടുകള്‍ ലോകത്തിലെ ഏറ്റവും വലിയ COVID-19 വാക്സിന്‍ portfolio ആവുന്നു. രോഗകാരണമായ Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2) നെ പ്രതിരോധിക്കാൻ നാല്‍പ്പതിലേറെ വാക്സിനുകള്‍ വികസനത്തിന്റെയും പരീക്ഷണത്തിന്റെയും വിവിധ ഘട്ടങ്ങളിലുണ്ട്; ഒന്‍പതെണ്ണമെങ്കിലും മനുഷ്യരില്‍ പരീക്ഷിക്കേണ്ടതിന്റെ അവസാന ഘട്ടത്തിലും ചിലത് തയാറായി അംഗീകാരങ്ങള്‍ക്കായി കാത്തു നില്‍ക്കുകയും ചെയ്യുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്ര വേഗം ഒരു മഹാമാരിക്കെതിരെ വാക്സിന്‍ തയാറാവുന്നത്.

ആഗോള തലത്തില്‍ COVAX പോലുള്ള സംരഭങ്ങള്‍ ഒരു തവണത്തേക്ക് മാത്രമുള്ളതവാതെ, മഹാമാരികള്‍ എന്ന പൊതു സ്വഭാവത്തോടെ തുടര്‍ പദ്ധതിയായി നിലനില്‍ക്കേണ്ടത് ആവശ്യമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ചു മഹാമാരികള്‍കിടയിലെ ഇടവേള കുറഞ്ഞു വരുന്നുവെന്നതും ഇത്തരം പ്രോഗ്രാമുകള്‍ തുടര്‍ന്ന് പോരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. അന്തര്‍ദേശീയമായി പകര്‍ച്ചവ്യാധി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പു ചുമതല ഇവര്‍ വഹിക്കുമ്പോള്‍ ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്നതാണ്. അപ്പോള്‍ രാജ്യതാല്‍പര്യങ്ങളും അതേസമയം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടും.
യുദ്ധങ്ങളില്‍ ചേരിതിരിഞ്ഞു രാജ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ മഹാമാരികള്‍ അദൃശ്യമായിപൊരുതുന്നത് മനുഷ്യരാശിയോടാണ്. ഇവിടെ ശത്രു വൈറസ് ആണ് മനുഷ്യരല്ല. മഹാമാരികളോട് കേവലം ദേശീയതയിലൂന്നിയ സമീപനം ആഗോള സമ്പദ്വ്യവസ്ഥയും ആരോഗ്യമേഖലയും നേരിടുന്ന പ്രതിസന്ധി കൂടുതല്‍ നീണ്ടുപോകാന്‍ കരണമാവുകയേയുള്ളു. ഇന്ന് വാക്സിന്‍ വേണ്ടത്രോഗമുക്തിക്കു മാത്രമല്ല, ലോക സാമ്പത്തികാവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കൂടിയാണ്. അതിന് എല്ലാ രാജ്യങ്ങളിലെയും അര്‍ഹര്‍ക്ക് സമയോചിതമായി വാക്സിന്‍ ലഭ്യമാകണം. അതിന്, മഹാമാരികള്‍ക്കെതിരെ ആഗോളതലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ച്ച ആവശ്യമാണ്. അങ്ങനെ വിലപേശലുകള്‍ക്കും രാജ്യങ്ങള്‍ തമ്മിലുള്ള വാതുവയ്പുകള്‍ക്കും അപ്പുറത്ത് മാനുഷിക തലത്തില്‍, വാക്സിന്‍ വികസനവും വിതരണവും നടക്കുമെന്നു പ്രതീക്ഷിക്കാം.
ഡോ. ജയകൃഷ്ണന്‍ എ.വി.
Feb 13, 2021
4 Minutes Read
ഡോ: ബി. ഇക്ബാല്‍
Jan 27, 2021
4 minutes read
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
M A Johnson
12 Dec 2020, 10:27 PM
പഠനാർഹമായ ലേഖനം. ധാരാളം വിശദാംശങ്ങൾ ശേഖരിക്കപ്പെട്ടിരിക്കന്നു. അഭിനന്ദനങ്ങൾ