സത്യജിത് റേ, അരവിന്ദൻ, ജോൺ അബ്രഹാം...ഇതുവരെ ആരും ഒപ്പിയെടുക്കാത്ത ഒരു അപൂർവ കാഴ്ച
12 Jul 2020, 10:04 AM
ഉയരം കൂടിയ ആ മനുഷ്യനെ നേരിട്ട് കാണാൻ കഴിഞ്ഞത് ജീവിതത്തിൽ രണ്ടുതവണയാണ്. അതും അടുത്തടുത്ത ദിവസങ്ങളിൽ. അത്ര ഉയരം ആധുനിക ഇന്ത്യയുടെ ലാവണ്യബോധലോകത്തിൽ അത്രയധികം പേർക്ക് തോന്നിയിട്ടില്ല. ഗരിമ എന്നു പറയില്ലേ, മഹത്വത്താൽ കനപ്പെട്ടത് എന്ന അർത്ഥത്തിൽ, അങ്ങനെയൊന്നാണ് സത്യജിത് റേ മുന്നിൽ വന്നു നിൽക്കുമ്പോൾ തോന്നുക. 1987ലെ ജനുവരി. ഡൽഹിയിലെ ഉപഹാർ തീയേറ്ററിലെ പടികൾ ഇറങ്ങി റേ വരികയായിരുന്നു.

എനിക്കന്ന് 25 വയസ്സ്. റേ നടന്നു വരുമ്പോൾ മനസ്സിലൂടെ വിവിധ ചിന്തകളുടെ മിശ്രചിത്രം തെളിഞ്ഞു. കൗമാരത്തിലും പിന്നീടും കണ്ട, ശിലയിൽ പതിഞ്ഞ ചിത്രം പോലെ മായാതെ മനസ്സിൽ പതിഞ്ഞ, നിരവധി ഇമേജുകളുടെ മിശ്രചിത്രം. ആ വൈകുന്നേരം ഉപഹാർ തീയേറ്ററിൽ അരവിന്ദന്റെ ‘ഒരിടത്ത്' കാണാൻ എത്തിയതായിരുന്നു അദ്ദേഹം. പ്രദർശനത്തിനുശേഷം അരവിന്ദൻ തീയറ്ററിനു പുറത്ത് നിൽപ്പുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന ആൾക്കൂട്ടത്തിൽ ഞാനും. ആൾക്കൂട്ടത്തിൽ തനിയേ അരവിന്ദനും. അരവിന്ദന്റെ അടുത്തേക്ക് സത്യജിത് റേ വന്നു. ചിരന്തന സാഹോദര്യം ആറ്റിക്കുറുക്കിയ ഒരു ചിരിയോടെ റേ അരവിന്ദന് ഹസ്തദാനം ചെയ്തു.
അഗാധമായ ഏതോ കിണറിൽ നിന്നും ഉയർന്നു വന്ന ശബ്ദത്തിൽ റേ രണ്ടു വാക്കുകൾ പറഞ്ഞു : Brilliant Theme. ആ ചലച്ചിത്രത്തെ കുറിച്ച് ഇതിലും സമഗ്രമായി മറ്റെന്തെങ്കിലും പറയേണ്ടതായി തോന്നിയില്ല. പറഞ്ഞതും പറയാത്തതും ആ രണ്ടു വാക്കുകളിൽ കൂടുകൂട്ടി. റേ കാറിൽ കയറി പോയി. അരവിന്ദൻ അങ്ങനെ നിന്നു അവിടെ, അരയാൽ പോലെ.
പിറ്റേന്ന് രാവിലെ. ഇടം ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിന്റെ പ്രധാന ഗേറ്റിന് അകം. ഞങ്ങൾ കുറേ പേർ ജോൺ അബ്രഹാമിന് ചുറ്റും നിൽക്കുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങിയ സത്യജിത് റേ ജോണിനടുത്തേക്ക് നടന്നുവന്നു. തലേന്നത്തെ അതേ കിണറിൽ നിന്നും പൊന്തി വന്ന എട്ടു വാക്കുകൾ ..." Hello John, how are things at your end?" ജോൺ സ്വതസിദ്ധമായ ലാഘവത്തിൽ ചിരിച്ച് മറുപടി പറഞ്ഞിട്ട് ഞങ്ങളെ ഞെട്ടിച്ച ഒരു കാര്യം ചെയ്തു.

സത്യജിത് റേയെ ഞങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് മലയാളത്തിൽ പറഞ്ഞു: ‘ഇതാണ് സത്യജിത് റേ എന്ന **** മോൻ’. റേ ആധുനികമായ ചിരിയോടെ ഞങ്ങളെ നോക്കി തലകുലുക്കി നടന്നുപോയി. റേയ്ക്ക് ജോണിന്റെ ആ വാക്ക് മനസ്സിലായില്ല. പക്ഷേ ആ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടു.
എനിക്കെന്തോ അരവിന്ദന്റെ, ആൾക്കൂട്ടത്തിൽ, എങ്കിലും തനിയേ ഉള്ള ആ നിൽപ്പായിരുന്നു എന്നും ഇഷ്ടം. അരവിന്ദൻ, ജോൺ അബ്രഹാം എന്ന രണ്ടു മലയാളി നിൽപുകൾ ഇന്നും മനസ്സിൽ അങ്ങനെ തുടരുന്നു. അതൊരു കാലമായിരുന്നു.
എസ്. ഗോപാലകൃഷ്ണന്റെ മറ്റുലേഖനങ്ങള്‍:
Hasan
13 Jul 2020, 04:57 AM
Wonderful!
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
ഉമ കെ.പി.
Dec 21, 2020
5 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Hasan
13 Jul 2020, 09:40 PM
അരവിന്ദന്റെ ഒരിടത്തിലെ ഡോ. രാജശേഖരൻ വ്യക്തമായും ഷാജി കൈലാസ് - രഞ്ജി പണിക്കർ ടീമിന്റെ ഡോ. പശുപതിയുടെ പൂർവ്വമാതൃകയാണ്. ഡോ. പശുപതിയ്ക്കു വേറെയും പൂർവ്വമാതൃകകളുണ്ടോ? ഒരിടത്തിലെ ജോസും രമയും മലയാളത്തിലെ അപ്പുവും ദുർഗ്ഗയും തന്നെ!