മലയാളി സമൂഹം പൂർണമായും ഹിന്ദുത്വ ശക്തികൾക്ക് കീഴ്‌പ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് ഈ പുരസ്കാരം

Think

2019 ലെ നോവലിനുള്ള സാഹിത്യ അക്കാദമി അവാർഡ് ഹരീഷിന്റെ മീശയ്ക്കാണല്ലോ? എന്തു തോന്നുന്നു? ഈ അവാർഡിന്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ്?

കേരളത്തിൽ നിന്നൊരവാർഡ് ഞാൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. കാരണം മൊത്തത്തിലുള്ള സമീപനം അങ്ങനെയായിരുന്നല്ലോ. നന്തനാർ പുരസ്കാരമാണ് ആദ്യം ലഭിച്ചത്.
വലിയ സന്തോഷമുണ്ട്. ഇതിന്റെയൊരു രാഷ്ട്രീയ പ്രാധാന്യമെന്താണെന്നു വെച്ചാൽ മലയാളി സമൂഹം പൂർണമായും ഹിന്ദുത്വ ശക്തികൾക്ക് കീഴ്‌പ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണിത്.

2018ൽ മൂന്ന് ലക്കം പ്രസിദ്ധീകരിച്ച് കഴിഞ്ഞപ്പോൾ സംഘ പരിവാർ ഭീഷണിയെത്തുടർന്ന് നോവൽ താങ്കൾക്ക് പിൻവലിക്കേണ്ടി വന്നു. തുടർന്നുണ്ടായ സംഭവങ്ങൾ നമുക്കറിയാം. ഇപ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു?

ഹിന്ദുത്വ ശക്തികൾ സാഹിത്യ സമൂഹത്തെ അവരുടെ വരുതിയിൽ കൊണ്ടുവരാനുള്ള ഒരു ശ്രമം നടത്തിയതായിട്ടാണ് തോന്നിയത്. അതിനു വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ അവർ ടാർജറ്റ് ചെയ്തു. കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പ് കൃത്യമായി പത്രത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ നിലപാടെടുത്തിരുന്ന സമയമായിരുന്നല്ലോ അത്. ആഴ്ചപ്പതിപ്പിനെ ഒരു "മര്യാദ' പഠിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു അതിനു പിന്നിൽ എന്നാണ് തോന്നുന്നത്.


Comments