24 Apr 2022, 02:08 PM
"മേഘാലയയുടെ ചരിത്രമെഴുതുന്നവര്‍ ഇനിമുതല്‍ ആ ചരിത്രത്തെ ഇന്ത്യന്‍ ഐഡിലിന്റെ മൂന്നാം സീസണ് "മുമ്പ്' എന്നും "ശേഷം' എന്നും രണ്ടായി വിഭജിക്കേണ്ടി വരും. ഗോത്രങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കലാപങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒന്നാം ഭാഗവും സമാധാനവും ബഹുസ്വരതയുള്ള അന്തരീക്ഷവുമുള്ള രണ്ടാംഭാഗവും. അതിശയകരമായ ഈ മാറ്റത്തിന്റെ കാരണമായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക അമിത് പോള്‍ എന്ന, സംഗീത റിയാലിറ്റി ഷോയുടെ അവസാന റൗണ്ടിലെത്തിയ മത്സരാര്‍ത്ഥിയായിരിക്കും.'
ജയ്ദീപ് മസൂംദാറെന്ന മാധ്യമ പ്രവര്‍ത്തകന്‍ 2007ല്‍ ഔട്ട്‌ലുക്ക് ഇന്ത്യയിലെഴുതിയ ഒരു പഠനത്തിന്റെ തുടക്കമാണിത്. 2004ല്‍ സോണി എന്റര്‍ടൈന്‍മെൻറ് ചാനലിൽ സംപ്രേക്ഷണമാരംഭിച്ച "ഇന്ത്യന്‍ ഐഡല്‍' എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലെ ഒരു മത്സരാര്‍ത്ഥി മാത്രമായിരുന്നു തുടക്കത്തില്‍ അമിത് പോള്‍. ഐക്യഭാരതത്തില്‍ കാലങ്ങളായി രണ്ടാംകിട ജീവിതം നയിക്കുകയും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത നോര്‍ത്ത്- ഈസ്റ്റ് മേഖലയില്‍ നിന്നുള്ള അമിത് പോള്‍ ദേശീയ മാധ്യമത്തിലെ അതിപ്രശസ്തമായ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായതു മുതല്‍ മത്സരത്തിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും നാഗാലാന്‍ഡ് മുതല്‍ അസം വരെ ഉള്‍പ്പെടുന്ന വിശാല നോര്‍ത്ത്- ഈസ്റ്റ് പ്രവിശ്യയിലെ ജനങ്ങളുടെ പൊതുവികാരമായി മാറുകയായിരുന്നു. ഫൈനല്‍ റൗണ്ടാകുമ്പോഴേക്കും മേഘാലയയിലെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിഘടനവാദസംഘങ്ങള്‍ വരെ അമിത് പോളിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. മേഘാലയ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ ഭാഗമായി പൊതു ടെലിഫോണ്‍ ബൂത്തുകള്‍ വരെ അമിത് പോളിനുവേണ്ടി പ്രവര്‍ത്തനക്ഷമമായി.

കാശ്മീരിനെക്കാള്‍ പഴക്കമുള്ള മേഘാലയന്‍ ജനതയുടെ അരക്ഷിത ജീവിതത്തിനും വിഘടനവാദ പ്രവണതയ്ക്കുമിടയില്‍ അമിത് പോള്‍ എന്ന ടെലിവിഷന്‍ സൂപ്പര്‍സ്റ്റാര്‍ സമാധാനത്തിന്റേയും ഐക്യത്തിന്റേയും പുതിയൊരു പാലം തീര്‍ത്തുവെന്ന് ജയ്ദീപ് മസൂംദാര്‍ പറയുന്നു. അമിത് പോളിനെ മേഘാലയയുടെ സമാധാനത്തിന്റെ വക്താവായി നിയമിച്ച് മുഖ്യമന്ത്രി ഡി.ഡി. ലപാങ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അമിത്ത് പോളിനെ കപില്‍ ദേവിനോടാണ് ഉപമിക്കുന്നത്! ഒരു ലോകകപ്പ് വിജയത്തിലൂടെ നാനാവിധത്തിലുള്ള വിവേചനങ്ങളേയും മറികടന്ന് ക്രിക്കറ്റെന്ന പൊതുവികാരത്തിലൂടെ മുഴുവന്‍ ഇന്ത്യക്കാരേയും എങ്ങനെയാണോ കപില്‍ദേവ് ഏകോപിപ്പിച്ചത്, അതുപോലെയാണ് "ഇന്ത്യന്‍ ഐഡല്‍' എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ അമിത് പോള്‍ മേഘാലയന്‍ ജനതയെ ഒന്നിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹമന്ന് പ്രസംഗം നിര്‍ത്തിയത്.
അമിത് പോളിനെക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ ജനസാമാന്യത്തെ സംബന്ധിച്ച രണ്ടു കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഒന്ന്, ടെലിവിഷന്‍ എന്ന മാധ്യമത്തെ സംബന്ധിച്ചാണ്. വൈവിധ്യസമ്പന്നരായ ജനങ്ങളെ പോലും സൂക്ഷ്മമായി സ്വാധീനിക്കാനും ചിലപ്പോഴൊക്കെ ഏതെങ്കിലുമൊരു പൊതുവികാരത്തിന്റെ പേരില്‍ ഏകോപിപ്പിക്കാനുമുള്ള ടെലിവിഷനെന്ന മാധ്യമത്തിന്റെ അപാരമായ ശേഷിയെ ഈ സംഭവം വീണ്ടും അടിവരയിട്ടുറപ്പിക്കുന്നുണ്ട്.
രാമാനന്ദ സാഗറിന്റെ "രാമായണം മെഗാ സീരിയല്‍' ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത കാലത്താണ് ടെലിവിഷന്റെ അപാരമായ സ്വാധീനശേഷി മുന്‍പ് നമ്മളറിഞ്ഞത്. ഇന്ത്യയിലുടനീളം വിഭിന്നമായ പശ്ചാത്തലങ്ങള്‍ക്കിടയില്‍ ചിതറിക്കിടന്നിരുന്ന മുഴുവന്‍ ഹിന്ദുക്കളും ഒരേ സമയത്ത്, ഒരേ മാധ്യമത്തിലൂടെ, ഒരേ പുരാണകഥയുടെ ദൃശ്യാവിഷ്‌ക്കാരം കാണുകവഴി അവര്‍ക്കിടയില്‍ രൂപപ്പെട്ട ഐക്യത്തെ രാഷ്ട്രീയമണ്ഡലത്തിലേക്ക് കൂടി വികസിപ്പിച്ചതിന്റെ ഫലമായാണ് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് പത്രമാധ്യമങ്ങളെ കുറിച്ചുള്ള തന്റെ പഠനഗ്രന്ഥത്തില്‍ റോബിന്‍ ജെഫ്രി അഭിപ്രായപ്പെടുന്നുണ്ട്. ഇതേ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയിലാണ് ബി.ജെ.പി. അധികാരത്തിലേറിയതും.
രണ്ട്, അരക്ഷിതമായ അന്തരീക്ഷത്തില്‍ പരസ്പരം ഐക്യപ്പെടാനുള്ള മാര്‍ഗങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനുള്ള ശേഷി കൂടുന്നു. ശാന്തരായ മേഘാലയന്‍ ജനതയിലും അമിത് പോളിന് ചലനമുണ്ടാക്കാന്‍ സാധിച്ചേക്കാമെങ്കിലും അതിത്രയും വൈകാരികമാകുമായിരുന്നില്ല. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കരിയറിലുടനീളം മേല്‍പ്പറഞ്ഞ രണ്ടു യുക്തികളും നമുക്ക് കണ്ടെടുക്കാന്‍ പ്രയാസമില്ല.

1989 നവംബര്‍ 15ന് തന്റെ പതിനാറാം വയസിലാണ് സച്ചിന്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറുന്നത്; അതും ‘ചിര വൈരി’കളായ പാകിസ്ഥാനെതിരെ! 24 വര്‍ഷം നീണ്ട കരിയറില്‍, രണ്ട് ദശാബ്ദത്തോളം പൊലിമകളൊന്നും കെട്ടുപോകാതെ അദ്ദേഹം തന്റെ കളിജീവിതം മുന്നോട്ട് നയിച്ചു. കളത്തിനകത്തെ സച്ചിനോളം തന്നെ കളത്തിന് പുറത്തെ സച്ചിനും വാഴ്ത്തപ്പെട്ടതായി കാണാം. ഈ "ബിംബാരാധന'ക്ക് ലോകചരിത്രത്തില്‍ സമാനതകളില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായിരുന്നു ഡീഗോ മറഡോണ. 1986ലെ ഫുട്ബോള്‍ ലോകകപ്പ് ഏറെക്കുറെ ഒറ്റയ്ക്ക് തന്നെ അദ്ദേഹം അര്‍ജന്റീനക്ക് നേടിക്കൊടുത്തു. ഡീഗോ തന്റെ സ്വകാര്യജീവിതത്തിന്റെ പേരില്‍ പലകുറി വിമര്‍ശിക്കപ്പെടുകയോ വെറുക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ബാലിശമായ അഭിപ്രായങ്ങളുടെ പേരില്‍ ബ്രസീലിലും ലോകത്താകെയും പെലെയും അനഭിമതനായിട്ടുണ്ട്. എന്നാല്‍, സച്ചിന്റെ കാര്യത്തില്‍ അത്തരമൊരവസ്ഥ ഈയടുത്തകാലം വരെ ഉണ്ടായിട്ടില്ല. സച്ചിനില്‍ സദാചാരബദ്ധമായ ഇന്ത്യന്‍ മൂല്യബോധവും ഇന്ത്യന്‍ മൂല്യബോധത്തില്‍ സച്ചിനും ചെലുത്തിയ സ്വാധീനം ഇവിടെ പരിഗണിക്കണം.
സച്ചിനെ സംബന്ധിച്ച തന്റെ പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ കെ. വിശ്വനാഥ് ഇക്കാര്യം പരാമര്‍ശിച്ചു പോകുന്നു: "ഇന്ത്യന്‍ സമൂഹത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യരായ സാമൂഹികശാസ്ത്രകാരന്‍മാര്‍ കണ്ടെത്തുന്ന ചില പൊതുസവിശേഷതകള്‍ ഇങ്ങനെയാണ്; ഇന്നും ഒറ്റയിണയുടെ വിശുദ്ധിയില്‍ വിശ്വസിക്കുന്നു, ദേശീയതക്ക് അമിതപ്രാധാന്യം കല്പിക്കുന്നു, ഹീറോയിസത്തില്‍ അഭിരമിക്കുന്നു. ആഗോളീകരണവും ഉദാരീകരണവും ലോകക്രമത്തിന്റെ അടിസ്ഥാനശിലകളായി മാറിക്കഴിഞ്ഞ ഘട്ടത്തിലും "യാഥാസ്ഥിതികമായ' ഇത്തരം സവിശേഷതകള്‍ എങ്ങനെ ഇന്ത്യന്‍ സമൂഹം സൂക്ഷിക്കുന്നു എന്ന് അവര്‍ അത്ഭുതപ്പെടുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഇടപെടുന്ന ചില പാശ്ചാത്യഗവേഷകര്‍ ഈ സവിശേഷതകളെ പഠിക്കാനും പ്രകാശിപ്പിക്കാനും സച്ചിന്‍ തെണ്ടുല്‍ക്കറെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. സച്ചിനോടുള്ള രണ്ടു ദശകത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇന്ത്യക്കാരന്റെ ആരാധന അവരില്‍ അമ്പരപ്പുണ്ടാക്കുന്നു. മറ്റൊരു രാജ്യത്തും ഇത്ര നീണ്ട ഒരു കാലഘട്ടത്തില്‍ ഒരു കായികതാരം ഇങ്ങനെ ആഘോഷിക്കപ്പെട്ടിട്ടില്ല'.
വാസ്തവത്തില്‍ ഈ "ആഘോഷിക്കപ്പെടല്‍' സച്ചിന്‍ എന്ന കളിക്കാരന്റെ കളി കൊണ്ട് മാത്രമുണ്ടാകുന്ന ഒന്നല്ല. സച്ചിന് ഇന്ത്യ എന്ന "ദേശരാഷ്ട്രങ്ങളുടെ കൂട്ടത്തെ' ഇന്ത്യ എന്ന "ഒറ്റ'യിലേക്ക് കേന്ദ്രീകരിക്കാന്‍ സാധിച്ചത് അത്ഭുതമായി നില്‍ക്കുമ്പോള്‍ തന്നെ, "ഇന്ത്യന്‍ സമൂഹ'ത്തിന്റെ അടിസ്ഥാനസ്വഭാവത്തോട് ചേര്‍ന്നാണ് അത് സംഭവിച്ചിട്ടുള്ളത് എന്നത് കൂടി മനസിലാക്കണം. 24 വര്‍ഷം കളിക്കളത്തില്‍ തികഞ്ഞ പ്രൊഫഷണലിസത്തോടെ കളിച്ചതുകൊണ്ടോ, അസ്പര്‍ശ്യമായി തോന്നിയിരുന്ന റണ്‍മലകള്‍ കീഴടക്കിയതുകൊണ്ടോ മാത്രമല്ല സച്ചിന്‍ ഈ വിധം ഒരു സ്വാധീനശക്തിയായി ഇന്ത്യന്‍ സമൂഹത്തില്‍ മാറിയത് എന്ന് ചുരുക്കം. തൊണ്ണൂറുകളോടെ ഇന്ത്യയില്‍ രൂപപ്പെട്ടു വന്ന സവിശേഷമായ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെ സ്വാഭാവിക പരിണതിയാണ് സച്ചിന്‍ തെണ്ടുല്‍ക്കറെന്ന പ്രതിഭാസം. സച്ചിനെക്കുറിച്ചുള്ള ഏതു പഠനവും ഇന്ത്യയിലും ഇന്ത്യക്കാരിലുമുണ്ടായ ഈ മാറ്റങ്ങളെ പഠനവിധേയമാക്കാതെ പൂര്‍ണമാകാത്ത നിലയില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.
ഒട്ടുമിക്ക മൂന്നാംലോക രാജ്യങ്ങളിലും ടെലിവിഷന്‍ സംസ്‌കാരം പടര്‍ന്നു കയറിയതിനുശേഷമാണ് ഇന്ത്യയില്‍ അങ്ങനെയൊന്നുണ്ടാവുന്നത്. 1990കളോടെ തന്നെ ലോകത്താകമാനം ടെലിവിഷന്‍ ശൃംഖലയും സംസ്‌കാരവും ശക്തമായ സാന്നിധ്യമായി നിലയുറപ്പിച്ചിരുന്നു. 1991ല്‍ ലോകബാങ്ക് സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യന്‍ മാര്‍ക്കറ്റുകളുടെ കവാടം ആഗോള മൂലധനശക്തികള്‍ക്ക് മുഴുവനായും തുറന്നു കൊടുക്കുന്നത് വരെ മന്ദഗതിയിലായിരുന്ന ടെലിവിഷന്റെ പ്രചാരം അതിനുശേഷം കുതിച്ചുയര്‍ന്നു. 1977ല്‍ ആറര ലക്ഷം ടെലിവിഷന്‍ സെറ്റുകള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയില്‍ 1992 ആകുമ്പോഴേക്ക് നാലര കോടി ടെലിവിഷന്‍ സെറ്റുകള്‍ സ്ഥാനം പിടിക്കുകയും മുന്‍പെന്നത്തേക്കാളും ശക്തമായി ഇന്ത്യന്‍ ജനങ്ങളിലിടപെടാനുള്ള ശേഷി ടെലിവിഷന്‍ ശൃംഖലയ്ക്കുണ്ടായിത്തീരുകയും ചെയ്തു. 1992ല്‍ സ്വകാര്യ സാറ്റലൈറ്റ് ചാനലുകള്‍ വന്നു തുടങ്ങുന്നത് വരെ ദൃശ്യമാധ്യമങ്ങള്‍ സമ്പൂര്‍ണമായും ഇന്ത്യന്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലായിരുന്നു.

ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ഒരേയൊരു ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനെ കേന്ദ്ര ഗവണ്മെന്റിന്റെ ആശയങ്ങളുമായി ടെലിവിഷന്‍ സെറ്റുള്ള ഓരോ വീട്ടിലും കയറിയിറങ്ങാനുള്ള വെറുമൊരു ഉപകരണമായാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഭൂമിശാസ്ത്രപരമായി ഡല്‍ഹിയിലും സാംസ്‌കാരികമായി ഉത്തരേന്ത്യയിലും കേന്ദ്രീകരിക്കുന്നതാണ് ദൂരദര്‍ശന്‍ പരിപാടികളുടെ പൊതുസ്വഭാവമെന്ന നളിന്‍ മേഹ്ത്തയുടെ നിരീക്ഷണവും പ്രസക്തമാണ്. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് നല്ലൊരു തുക ദൂരദര്‍ശന്‍ ഈടാക്കിയിരുന്നു. 1993ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന മത്സരത്തിന്റെ സംപ്രേക്ഷണാവകാശം ട്രാന്‍സ് വേള്‍ഡ് ഇന്റര്‍നാഷണല്‍ (Trans World International) എന്ന ബഹുരാഷ്ട്ര കമ്പനിക്ക് വിറ്റതോടെയാണ് ഈ മേഖലയില്‍ പതിറ്റാണ്ടുകളോളം തുടര്‍ന്ന ദൂരദര്‍ശന്റെ കുത്തക അവസാനിച്ചു തുടങ്ങുന്നത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉദാരവത്കരണമെന്ന കേന്ദ്രനയത്തിന് വിരുദ്ധമായി ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണത്തിന് മുകളിലുള്ള കുത്തകാവകാശത്തിന് വേണ്ടി ദൂരദര്‍ശന്‍ കോടതിയില്‍ പോയി. സാറ്റലൈറ്റ് ടെലിവിഷന്‍ സിഗ്‌നലുകള്‍ക്ക് മുകളിലുള്ള കേന്ദ്രത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമാണെന്ന 1995ലെ സുപ്രീംകോടതിയുടെ വിധിയോടെ ദൂരദര്‍ശന്റെ കുത്തക സമ്പൂര്‍ണ്ണമായി അവസാനിച്ചു. ദൂരദര്‍ശന്റെ ആവര്‍ത്തനവിരസതയില്‍ നിന്ന് മുക്തരായ ജനം സ്വകാര്യ സാറ്റലൈറ്റ് ചാനലുകളേയും അവ മുന്നിലെത്തിക്കുന്ന ഉല്പന്നങ്ങളേയും കായിക മത്സരങ്ങളേയുമടക്കം ഗാഢമായി പുല്‍കുകയാണുണ്ടായത്. ഈ ജനപ്രിയമായ അടിത്തറയാണ് ഉദാരവത്കൃത ഇന്ത്യയിലെ മൂലധന താത്പര്യങ്ങളുടെ സ്വാഭാവിക കേന്ദ്രമായി ക്രിക്കറ്റിനെ മാറ്റിയത്.
ബഹുരാഷ്ട്ര കമ്പനികള്‍ക്കും സച്ചിനുമിടയിലെ പാലമായി പ്രവര്‍ത്തിച്ചത് മാര്‍ക്ക് മസ്‌ക്കരാനസെന്ന ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായിയാണ്. ഒരേസമയം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സാമ്പത്തികകാര്യ മാനേജരും വേള്‍ഡ്‌ടെല്‍ എന്ന സ്ഥാപനത്തിന്റെ അമരക്കാരനുമായി പ്രവര്‍ത്തിച്ചിരുന്ന മസ്‌ക്കരാനസാണ് ക്രിക്കറ്റിന്റെ സംപ്രേക്ഷണാവകാശ വില്‍പ്പനയെന്ന വന്‍സാധ്യത ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് പരിചയപ്പെടുത്തുന്നത്. 1996ലെ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം വേള്‍ഡ്‌ടെല്‍ സ്വന്തമാക്കുകയും ഇരട്ടിയോളം ലാഭമുണ്ടാക്കുകയും ചെയ്തതോടെയാണ് 92 മുതല്‍ തുടങ്ങിയ, ക്രിക്കറ്റിലേക്കും സച്ചിന്‍ തെണ്ടുല്‍ക്കറിലേക്കുമുള്ള വന്‍തോതിലുള്ള നിക്ഷേപം കൗമാരം പിന്നിടുകയും സ്ഥിരപ്പെടുകയും ചെയ്യുന്നത്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഷാര്‍ജ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്ന, ഇന്ത്യക്കാര്‍ക്കിടയിലെ സച്ചിന്റെ ഇതിഹാസ പദവി അരക്കിട്ടുറപ്പിച്ച പല ഇന്നിംഗ്‌സുകളും പിറന്ന ഷാര്‍ജ കപ്പ് പൊടിതട്ടിയെടുത്തതും മസ്‌ക്കരാനസിന്റെ മൂലധന താല്‍പര്യങ്ങളാണ്.
സച്ചിന് തെണ്ടുല്‍ക്കറെന്ന താരശരീരത്തിന്റെ നിര്‍മ്മിതിയില്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് ഒരുപക്ഷേ അദ്ദേഹത്തിന്റെ പ്രതിഭയോളം പങ്കുണ്ട്. ടെലിവിഷന്‍ സെറ്റിലൂടെയുള്ള കായിക മത്സരങ്ങളുടെ സംപ്രേക്ഷണത്തിലൂടെ രൂപപ്പെട്ടു വന്നത് പുതിയൊരു താരസംസ്‌കാരം തന്നെയായിരുന്നു. കായിക താരങ്ങള്‍ക്ക് ഒരു പരിധിവരെ അപ്രാപ്യമായിരുന്ന പൊതുമണ്ഡലത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക് വരെ വന്‍തോതിലുള്ള മൂലധന നിക്ഷേപത്തിന്റെ പിന്‍ബലത്തില്‍ ടെലിവിഷന്‍ സെറ്റുകളിലൂടെ അവരുടെ പ്രശസ്തി കടന്നെത്താന്‍ തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. ആഗോള പ്രതിഭാസങ്ങളായ കായിക താരങ്ങള്‍ (Transnational Sporting Celebrity) ടെലിവിഷന്‍ സെറ്റുകളും കായികമത്സരങ്ങളും ആഗോളമൂലധനവും കൈകോര്‍ത്തു പിടിച്ചു തുടങ്ങിയ ഈ കാലഘട്ടത്തിന്റെ ഉല്പന്നങ്ങളാണ്. ടൈഗര്‍ വുഡ്സും മൈക്കല്‍ ജോര്‍ദാനും ഡേവിഡ് ബെക്കാമും മൈക്കല്‍ ഷൂമാക്കറുമൊക്കെ അടങ്ങിയ ഈ നിരയിലെ ആദ്യത്തെ ഇന്ത്യന്‍ പ്രതിനിധിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രശസ്തിയെന്ന വലതുപക്ഷ മൂലധന നിര്‍മിതിയുടെ പിന്‍ബലത്തിലും തണലിലുമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് അപരിചിതമായിരുന്ന പല ഉല്‍പ്പന്നങ്ങളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ഇവിടെ വേരുപടര്‍ത്തിയത്.

ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വന്ന ഉപഭോഗസംസ്‌കാരവും അതിന്റെ വക്താക്കളായ ഒരു മധ്യവര്‍ഗത്തിന്റെ സാന്നിധ്യവും സച്ചിന്റെ കരിയറിന് സഹായകമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ, ലോകോത്തര നിലവാരമുള്ള ഒരേയൊരു ഇന്ത്യന്‍ ഉല്‍പ്പന്നമെന്ന നിലയില്‍ കൂടിയാണ് സച്ചിനോടുള്ള ആരാധന രൂപപ്പെടുന്നത്. കാണികളില്ലാതെ അരങ്ങേറുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളും, കൂറ്റന്‍ റെക്കോര്‍ഡുകളുണ്ടായിട്ടും താരപരിവേഷമില്ലാത്ത ആഭ്യന്തരതലത്തിലെ താരങ്ങളും ഇന്ത്യക്കാരുടെ "അന്താരാഷ്ട്ര' നിലവാരത്തിലുള്ളവയോട് മാത്രമുള്ള താത്പര്യത്തെ കാണിക്കുന്നു. ശിവസേനയുടെ പ്രാദേശിക ദേശീയതയേക്കാള്‍ മഹാരാഷ്ട്രയിലെ മധ്യവര്‍ഗത്തിന് യോജിക്കാനായത് ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ പ്രതിനിധീകരിക്കുന്ന പാന്‍ ഇന്ത്യന്‍ സമീപനത്തോടാണെന്ന് രാജ്ദീപ് സര്‍ദേശായ് എഴുതിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നിട്ടും സ്വാതന്ത്ര്യലബ്ധിക്കു ശേഷം തങ്ങള്‍ അവഗണിക്കപ്പെട്ടെന്നൊരു തോന്നല്‍ മഹാരാഷ്ട്രയിലെ മധ്യവര്‍ഗ്ഗത്തിനുണ്ടായിരുന്നെന്നും, അപ്പോഴും മഹാരാഷ്ട്രയുടെ അധീശത്വത്തിന് കീഴിലായിരുന്ന സ്ഥാപനമെന്ന നിലയില്‍ ഇത്തരം ആശങ്കകള്‍ അസാധുവാകുന്ന ഒരേയൊരു മേഖല ക്രിക്കറ്റായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഗാവസ്‌കറും സച്ചിനും ഈ അതീശത്വബോധത്തെ കൊടുമുടികളിലെത്തിക്കുകയായിരുന്നു.
സച്ചിന്റെ കാര്യത്തില്‍ ഇതിനൊരു വിശാലമായ ഇന്ത്യന്‍ വകഭേദം കൂടെയുണ്ട്. സച്ചിന്റെ കരിയറാരംഭിക്കുന്ന അതേ കാലത്താണ് ഇന്ത്യയില്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ ഉപരിവര്‍ഗ സമരങ്ങള്‍ തുടങ്ങിയത്. പതിറ്റാണ്ടുകളായി തങ്ങളുടെ വിളനിലമായ തൊഴിലിടങ്ങളിലേക്ക് പിന്നോക്ക ജാതിക്കാര്‍ കടന്നുവരുന്നതിലെ അസ്വസ്ഥത തെരുവിലിറങ്ങിയും അക്രമമഴിച്ചുവിട്ടുമാണ് ഇന്ത്യന്‍ ഉപരിവര്‍ഗ്ഗം പ്രകടിപ്പിച്ചത്. ഇത്തരമൊരു അസ്വസ്ഥതയ്ക്ക് യാതൊരു സാധ്യതയുമില്ലാതിരുന്ന, കേന്ദ്ര ഗവണ്മെന്റിന്റെ സംവരണ നിയമങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന പരമാധികാര സ്ഥാപനമായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്പൂര്‍ണമായും മേല്‍ജാതിക്കാരുടെ നിയന്ത്രണത്തിലായിരുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ബോര്‍ഡുകളുടേയും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും തലപ്പത്തേക്ക് സ്വയം പറിച്ചു നട്ട ഉപരിവര്‍ഗ്ഗത്തിന്റെ ചരിത്രമുണ്ടതിനു പിന്നില്‍. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയവിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉപരിവര്‍ഗ്ഗത്തിനുണ്ടാക്കിയ അസ്വസ്ഥതയ്ക്ക്, മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമായ ഒരു സ്ഥാപനം സമ്പൂര്‍ണമായും തങ്ങളുടെ കൈകളിലാണെന്ന തിരിച്ചറിവ് നല്‍കുന്ന ആശ്വാസം ചെറുതല്ല! ഈ അമര്‍ഷവും ആശ്വാസവും തൊണ്ണൂറുകള്‍ മുതല്‍ ഇന്ത്യന്‍ സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമാകുകയും മറ്റു പലതിലേക്കുമെന്ന പോലെ ക്രിക്കറ്റിലേക്കും അതുവഴി സച്ചിനിലേക്കുമെത്തുന്നുണ്ട്.

അച്ചടിമാധ്യമങ്ങള്‍ തുടക്കകാലം മുതലേ ക്രിക്കറ്റിനെ പ്രാധാന്യത്തോടെയാണ് കണ്ടത്. കൊളോണിയല്‍ കാലഘട്ടത്തിലെ മാധ്യമങ്ങള്‍ ഇന്ത്യക്കാരുടെ കായികശേഷിയെ പരിഹസിക്കാനുപയോഗിച്ചിരുന്ന അളവുകോലുകളിലൊന്നായിരുന്നു യൂറോപ്യന്മാരുടെ ക്രിക്കറ്റ് മികവ്. എങ്കിലും, മികച്ച രീതിയില്‍ കളിച്ചിരുന്ന ഇന്ത്യന്‍ കളിക്കാരെ അതേ നിലവാരത്തിലുള്ള ഇംഗ്ലീഷ് കളിക്കാരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള റിപോര്‍ട്ടുകളും ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. എഴുപതുകളോടെ പത്രങ്ങളില്‍ ക്രിക്കറ്റിന് വലിയ പ്രാധാന്യം കൈവരികയും പ്രാദേശികഭാഷാ പത്രങ്ങള്‍ സജീവമായതോടെ ഇത് വര്‍ധിക്കുകയും ചെയ്തു. ക്രിക്കറ്റിലെ സാങ്കേതിക പദപ്രയോഗങ്ങളെ പ്രാദേശികവത്കരിക്കുകയും ജനപ്രിയമാക്കുകയും ചെയ്തതില്‍ റേഡിയോ വഹിച്ച അതേ പങ്ക് പ്രാദേശികഭാഷാ പത്രങ്ങളും വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളോടെ അതിനാടകീയതയും ദേശീയതയും ജനിപ്പിക്കുന്ന രീതിയില്‍ ക്രിക്കറ്റ് റിപ്പോര്‍ട്ടിങ് മാറിയപ്പോള്‍ മിക്കപ്പോഴും കേന്ദ്രകഥാപാത്രമാകേണ്ടി വന്നത് സച്ചിനായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴൊക്കെ പത്രറിപ്പോര്‍ട്ടുകള്‍ തീവ്രദേശീയത പ്രതിഫലിപ്പിക്കുന്ന ഭാഷയും അവതരണരീതിയുമാണ് സ്വീകരിച്ചത്. ക്രിക്കറ്റിനെ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടിങ് അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ സവിശേഷതയായി മാറിയതിന്റേയും ആദ്യ ഗുണഭോക്താക്കളിലൊരാള്‍ സച്ചിനാണ്. സച്ചിനെ ചുറ്റിപ്പറ്റിയുള്ള അനേകം മിത്തുകളുടെയും തീവ്രദേശീയതയില്‍ പൊതിഞ്ഞെടുത്ത പൊതുചിത്രത്തിന്റേയും ഉത്ഭവകേന്ദ്രങ്ങളിലൊന്ന് ദേശീയ-പ്രാദേശിക പത്രങ്ങളാണ്.
ഇന്ത്യയില്‍ ഒരു ശരാശരി മധ്യവര്‍ഗക്കാരന്‍ എത്തിച്ചേരാനാഗ്രഹിക്കുന്ന ഉയരങ്ങളുടെ റൂട്ട്മാപ്പ് തയ്യാറാക്കുന്നത് സച്ചിനെ പഠിച്ചുകൊണ്ടാണ് എന്നുവേണം കരുതാന്‍. ആഢംബരപൂര്‍ണ്ണമായ കായികജീവിതമാഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും തന്റെ മുന്‍ഗാമിയായി കാണുന്നത് സച്ചിനെയാണ്. മോദി ഗവണ്മെന്റിനെ അനുകൂലിച്ചുകൊണ്ടും, ഫലത്തില്‍ കര്‍ഷകസമരത്തെ അവഗണിച്ചുകൊണ്ടും സച്ചിനിട്ട ട്വീറ്റ് വ്യാപക പ്രതിഷേധമുളവാക്കിയതും ഈ വൈരുദ്ധ്യത്തില്‍ നിന്നാണ്. എല്ലാവര്‍ക്കും സച്ചിനില്‍ തങ്ങള്‍ക്ക് വേണ്ടത് കാണാന്‍ കഴിയുന്നു എന്നതായിരുന്നു മുന്നത്തെ സ്ഥിതി. എന്നാല്‍, ഒരു രാഷ്ട്രീയവിഷയത്തിലെ അഭിപ്രായപ്രകടനം ചിലരെയെങ്കിലും തിരസ്‌ക്കരിച്ചു മാത്രമേ സാധ്യമാകൂ എന്നതാണ് സച്ചിന്റെ കാര്യത്തിലും സംഭവിച്ചത്. തങ്ങളുടേതാണെന്ന് എല്ലാവരാലും കരുതപ്പെട്ടിരുന്ന സച്ചിന്‍, താന്‍ എല്ലാവരുടേയുമല്ലെന്നും ചിലരോട് കുറച്ചധികം കൂറ് തനിക്ക് കാട്ടാനുണ്ടെന്നും പ്രഖ്യാപിക്കുകയായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറെന്ന പ്രതിഭാസം തന്നെയൊരു മൂലധന നിര്‍മിതിയാണ്. മൂലധന താത്പര്യങ്ങളെ ചൊടിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ഒന്നും തന്നെ അയാള്‍ ചെയ്യുകയോ പറയുകയോ ചെയ്തിട്ടില്ലെന്നതിലാണ് അയാളുടെ നിലനില്‍പ്പ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാട്ടിത്തന്ന വിജയപാതയിലൊരു നിലപാടില്ലായ്മയുടെ നിരന്തര സാന്നിധ്യമുണ്ട്. അയാളിലൂടെ മാന്യത കൈവരിക്കുന്ന കരിയറിസത്തിന് കുത്തകമുതലാളിമാരുടേയും ഭരണകൂട ഭീകരതയുടേയും മണമുണ്ട്. ഭരണകൂടവും മൂലധനശക്തികളും സഖ്യഭരണം നടത്തുന്ന ഇന്ത്യയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആരുടെ കൂടെ നില്‍ക്കുമെന്ന പ്രാഥമിക ധാരണപോലും നമുക്കുണ്ടാക്കാന്‍ സാധിച്ചില്ല എന്നതിലാണ് സമകാല ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധി കുടികൊള്ളുന്നത്.
വി.അബ്ദുള്‍ ലത്തീഫ്
Mar 05, 2022
5 Minutes Read
ഡോ. കെ.പി വിപിന്‍ ചന്ദ്രന്‍
Nov 08, 2021
15 Minutes Read
ജിഷ്ണു കെ.എസ്.
Aug 12, 2021
9 Minutes Read