Association of Dead മരിച്ചിട്ടും ജീവിക്കുന്നവർക്കായി ഒരു സംഘടന

സർക്കാർ രേഖകളിൽ 'ഔദ്യോഗികമായി മരിച്ച'വർ ചേർന്ന് ഉണ്ടാക്കിയ സംഘടനയാണ് മൃതക് സംഘ്. രേഖകളിൽ മരിച്ചുപോയ 20,000ഓളം പേരാണ് അംഗങ്ങൾ. സാമൂഹിക വിമർശനമെന്ന നിലക്ക് ഈ സംഘടനയുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത് ലാൽ ബിഹാരി എന്ന സാധു കർഷകനാണ്‌

1989 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠി നിയോജകമണ്ഡലത്തിൽ രാജീവ് ഗാന്ധി ഉൾപ്പടെ 47 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു.
349 വോട്ടു നേടി ജയിക്കാതെയും തോൽക്കാതെയും ഒരാൾ അവശേഷിച്ചു- ലാൽ ബിഹാരി എന്ന സ്വതന്ത്ര സ്ഥാനാർത്ഥി. കാരണം അയാൾ 1975ൽ മരിച്ചു പോയിരുന്നു; അതായത് തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്നതിനും ഏകദേശം 11 കൊല്ലം മുൻപ്.

ഉത്തർപ്രദേശിൽ അസംഗർ ജില്ലയിലെ റവന്യൂ ഓഫീസർ ആണ് ലാൽ ബിഹാരിയോട് അയാൾ മരിച്ച വിവരം പറയുന്നത്. ഒരു ലോൺ എടുക്കുന്നതിന് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ ചെന്നതായിരുന്നു അയാൾ. മരിച്ചവിവരം അറിഞ്ഞ് ഞെട്ടിയ അയാൾ ജീവനും കൊണ്ട് പുറത്തുകടന്നു.

ലാൽ ബിഹാരിയുടേ പിതൃസ്വത്തായി ലഭിച്ച ഒരു തുണ്ടു ഭൂമി കൈക്കലാക്കാൻ വ്യാജരേഖയുണ്ടാക്കിയത് സ്വന്തം അമ്മാവനായിരുന്നു. കൂട്ടു നിന്നത് റവന്യൂ ഉദ്യോഗസ്ഥനും. അമ്മാവൻ ലാൽ ബിഹാരിയുടെ മരണസർട്ടിഫിക്കറ്റ് സമ്പാദിച്ചു, മറ്റ് അവകാശികളില്ലാത്തതിനാൽ സ്ഥലം അമ്മാവനു തന്നെ ലഭിച്ചു. - ലാൽ ബിഹാരിയ്ക്ക് സ്ഥലവും നഷ്ടമായി, സർക്കാർ രേഖകളിൽ മരിച്ചവനായി.

തുടർന്ന് അയാൾക്ക് പഞ്ചായത്തിലെ പരേതരുടെ പട്ടികയിൽ നിന്നും ജീവനുള്ളവരുടെ ലിസ്റ്റിൽ കയറിപ്പറ്റാൻ നീണ്ട പത്തൊൻപതുവർഷം എടുത്തു.
അതിനിടയിൽ അമേഠിയിൽ മരിച്ചവനായി മത്സരിച്ചു. സർക്കാരിനയച്ച കത്തുകളിലെല്ലാം പരേതനായ ലാൽ ബിഹാരി (Late Lal Bihari) എന്നെഴുതി ഒപ്പിട്ടു. ഭാര്യയ്ക്ക് വിധവാ പെൻഷനു ശ്രമിച്ചു.

ലാൽ ബിഹാരിയും ഭാര്യയും

ഖലിലാബാദ് എന്ന യു.പി ഗ്രാമത്തിൽ ജനിച്ച ബിഹാരിയുടെ അച്ഛൻ
നന്നേ ചെറുപ്പത്തിൽ മരിച്ചു. മകനേയും കൊണ്ട് അമ്മ 20 കി. മി ദൂരെയുള്ള അമിലോ എന്ന സ്വഗ്രാമത്തിലേയ്ക്ക് മടങ്ങിപ്പോന്നു. അവിടെ വളർന്ന ബിഹാരി ബനാറസ് സാരികളുണ്ടാകുന്ന ഫാക്ടറിയിലെ ബാലവേല ചെയ്യുന്ന കൂലിക്കാരനായി വളർന്നു. മുതിർന്നപ്പോൾ പിതൃസ്വത്ത് തേടി ചെന്ന ബിഹാരിയെയാണ് സ്വന്ത മരണവാർത്ത കാത്തിരുന്നത്.
സ്വന്തം ഡെത്തു സർട്ടിക്കറ്റുമായി ആരംഭിച്ച വ്യവഹാരജീവിതം അയാളുടേ യൗവ്വനത്തിന്റെ സിംഹഭാഗവും കോടതിവരാന്തകളിൽ കഴിച്ചുകൂട്ടുവാൻ നിർബന്ധിതനാക്കി.

പക്ഷേ, ഇക്കാലം കൊണ്ട് ലാൽ ബിഹാരി എന്ന നിർധനനും നിരക്ഷരനുമായ ആ സാധുകർഷകൻ ഒരു കാര്യം മനസിലാക്കി. മരിച്ചിട്ടും ജീവിയ്ക്കുന്നവൻ താൻ മാത്രമല്ല. നൂറിലധികം പേരെ സ്വന്തം നാട്ടിൽ തന്നെ കണ്ടെത്തി. അവരുടെ
കൂട്ടായ്മ ആരംഭിച്ചു- മൃതക് സംഘ് (Association of Dead)

ഔദ്യോഗികമായി മരിച്ച, 20,000ഓളം പേർ അംഗമായ വലിയൊരു സഘടനയാണ് ഇന്ന് മൃതക് സംഘ്. മൃതരുടെ പട്ടികയിൽ രണ്ടാം വട്ടം കയറിപ്പറ്റുന്നതിനുമുൻപ് മരിച്ച ചിലരെക്കൂടി രക്ഷിക്കണം, അതാണ് ലാൽ ബിഹാരിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

2003 ലെ Ig Nobel Prize (http://en.wikipedia.org/wiki/Ig_Nobel_Prize) ലാൽ ബിഹാരിക്ക്‌ ലഭിച്ചു. സാമൂഹിക വിമർശനത്തിനുതകുന്ന നേട്ടങ്ങൾ കൊയ്യുന്നവർക്ക് തമാശയായും അതേസമയം സമൂഹത്തിന്റെ ഗൗരവതരമായ ചിന്തയ്ക്കും പരിഷ്കരണത്തിനും വേണ്ടി നൽകുന്ന പരിഹാസ നോബൈൽ പ്രൈസ് ആണ് Ig Nobel Prize. സ്വന്തം വിഡ്ഢിത്തം കൊണ്ട് ജീവനോ, പ്രത്യുൽപാദനശേഷിയോ നഷ്ടപ്പെടുത്തി, സ്വന്തം വംശത്തിന്റെ അന്ത്യം കുറിയ്ക്കുന്ന പമ്പരവിഡ്ഢികൾക്ക് നൽകുന്ന ഡാർവിൻ അവാർഡ് (http://en.wikipedia.org/wiki/Darwin_Awards) പോലെയുള്ള ഒരു അവാർഡ് ആണ് Ig Nobel Prize.

ലാൽ ബിഹാരിയുടെ ജീവിതം ആധാരമാക്കി ഒരു ഹിന്ദി ചിത്രവും നിർമാണത്തിലിരിക്കുന്നു. മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ എന്ന് പുതിയ നിയമത്തിൽ ജീസസ്. മരിച്ചവർ തങ്ങളുടെ ജീവിച്ചിരിയ്ക്കുന്നവരെ "അടക്കുന്ന" ജോലിയിലാണ് മൃതക് സംഘ്!!


Comments