truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 15 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 15 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
prophet

Cultural Studies

ബുറാക്കിലേറിയുള്ള പ്രവാചകന്‍ മുഹമ്മദിന്റെ ഗോളാന്തരയാത്രയുടെ ചിത്രീകരണം. പ്രശസ്ത പേര്‍ഷ്യന്‍ കവി നിസാമിയുടെ കവിതകളടങ്ങിയ പുസ്തകത്തിലെ പതിനാല് ചിത്രീകരണങ്ങളിലൊന്നാണിത്. 1539-43 കാലഘട്ടത്തിലെ ഇസ്‌ലാമിക് മാനുസ്‌ക്രിപ്റ്റ്. / Photo: The British Library

പാലാ ബിഷപ്പിന് വായിക്കാന്‍
മൂന്ന് പുസ്തകങ്ങള്‍

പാലാ ബിഷപ്പിന് വായിക്കാന്‍ മൂന്ന് പുസ്തകങ്ങള്‍

രാമന്‍ സീതയുടെ ആരാണ് എന്ന് ഈ രാജ്യത്തെല്ലാര്‍ക്കും അറിയാം. ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും ഇതൊന്നുമല്ലാത്തവര്‍ക്കും എല്ലാം. പ്രവാചകന്‍ മുഹമ്മദിന് ആരാണ് അബു താലിബ് എന്ന് അതുപോലെ എല്ലാവര്‍ക്കുമറിയാത്തതെന്ത് കൊണ്ടാണ്. ഇങ്ങനെയൊരു ചോദ്യം ഉള്ളില്‍ വന്നത് കൊണ്ടാണ് ഇത് എഴുതുന്നത്. മനുഷ്യരുടെ വിശ്വാസസംഗതികള്‍ തമ്മിലുള്ള താരതമ്യത്തിലൊക്കെ എന്ത് കാര്യമാണുള്ളത് എന്ന സന്ദേഹം കൂടെ ഒപ്പമുള്ളത് കൊണ്ട് ഇത് എഴുതാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇസ്‌ലാമിനെ അറിയല്‍ മതേതര ദൗത്യമാണെന്നിരിക്കെ, ചില പുസ്തകങ്ങളുടെ വായന ഈ ചോദ്യത്തെ ഇറക്കി വെക്കാന്‍ ശക്തിപ്പെടുത്തി. - കാരന്‍ ആംസ്‌ട്രോങിന്റെ മുഹമ്മദ്-എ പ്രൊഫറ്റ് ഫോര്‍ അവര്‍ ടൈം, ലെസ്ലി ഹസ്ലെടണിന്റെ ആഫ്റ്റര്‍ ദി പ്രൊഫറ്റ്, ദി ഫസ്റ്റ് മുസ്ലിം എന്നീ പുസ്തകങ്ങളുടെ വായനയെ അടിസ്ഥാനമാക്കിയുള്ള കുറിപ്പ്.

18 Sep 2021, 10:25 AM

സനീഷ് ഇളയടത്ത്

ഒന്ന്

മതം എന്ന് വെച്ചാല്‍ കഥകളുമാണ്. ലോകത്തെ ഉണ്ടാക്കിയിട്ടുള്ളത് അട്ടിയട്ടിയായി കിടക്കുന്ന കഥകള്‍ കൊണ്ടാണ് എന്ന് എന്‍.എസ്. മാധവന്‍ തൊട്ട് യുവാല്‍ നോഅ ഹരാരി വരെ പറഞ്ഞിട്ടുണ്ട്. അവയില്‍, ലോകത്തെ ഉണ്ടാക്കിയ കഥകളാകുന്ന ഇഷ്ടികകളില്‍ ഏറ്റവും ഉറപ്പുള്ളവ മതത്തിന്റെ കഥകള്‍. വിശ്വാസത്തെക്കുറിച്ചുള്ളവ, മനുഷ്യരുടെ വിശ്വാസങ്ങളായി മാറിയവ. ദുര്‍ബ്ബലയായ മനുഷ്യന് ഒന്നിച്ച് നിന്ന് വേണമായിരുന്നു കാലങ്ങളിലൂടെ അതിജീവിക്കാന്‍. അങ്ങനെ അവര്‍ക്ക് ഒന്നിച്ച് നില്‍ക്കാനുള്ള നിലപാട് തറയുണ്ടാക്കിയത് ഒന്നിച്ച് നിന്ന് വിശ്വസിക്കാനാവുന്ന കഥകളായിരുന്നു എന്നാണ് ഹരാരി പറയുന്നത്. മനുഷ്യര്‍ കഥകളെയുണ്ടാക്കി, കഥകള്‍ മതത്തെ ബലപ്പെടുത്തി നിര്‍മ്മിച്ചു, മതം ആ കഥകളെ കൂടെ ആയുധമാക്കിയിട്ട് ലോകത്തെയും നിര്‍മ്മിച്ചു. അങ്ങനെയാണ്. ആണത്ത ലോകത്തിന്റെ അന്യായസംഗതികള്‍ കൂടെ ഉള്‍പ്പെടുന്നവയാണല്ലോ മതങ്ങള്‍. അവ പണിപ്പെട്ട് ഉണ്ടാക്കിയ ലോകമാണ് നമ്മുടേത്. അത് കൊണ്ട് തന്നെ ഈ ലോകത്തിന് ചില ഗൗരവതരമായ ഏങ്കോണിപ്പുകള്‍ ഉണ്ട്. അത് കൊണ്ട് പക്ഷെ, അവ കൂടെ ചേര്‍ന്ന്  ഉണ്ടാക്കിയ ലോകമാണ് ഇത് എന്നത്  നിഷേധിച്ചിട്ട് കാര്യമൊന്നുമില്ല. ഇന്നിപ്പോള്‍ ജീവിച്ചിരിക്കുന്ന സകലമനുഷ്യര്‍ക്കും മുമ്പ് മതം ഈ ലോകത്ത് ഉണ്ട്. നമ്മളെല്ലാവരും മരിച്ചാലും അവ ഇവിടെ കാണും.   അവയെ നിസ്സാരമായി തള്ളിക്കളഞ്ഞത് കൊണ്ട് കാര്യമില്ല എന്നത് കൊണ്ട് ഇക്കഥകളൊക്കെ അറിഞ്ഞിരിക്കുന്നതാണ് നല്ലത് എന്ന് തോന്നും. നമ്മളറിയാത്തത് കൊണ്ട് മതത്തിന് ദോഷമൊന്നുമില്ല, മതത്തെ അറിയാതിരുന്നാല്‍ നമ്മള്‍ക്ക് ചില കുറവുകളുണ്ട് താനും. അത് കൊണ്ട് കൂടെയാണ്  ഇക്കഥകളൊക്കെ ഇപ്പോ വലിയ താല്‍പ്പര്യത്തോടെ വായിക്കുന്നത്.

ns
എൻ.എസ്. മാധവൻ, യുവാല്‍ നോഅ ഹരാരി

ഇക്കഴിഞ്ഞ ദിവസവും മഹാഭാരതത്തെക്കുറിച്ച് മലയാളത്തില്‍ ഒരു പുസ്തകമിറങ്ങി. കെ.സി. നാരായണന്റെ മഹാഭാരതം, ഒരു സ്വതന്ത്രസോഫ്റ്റ് വെയര്‍. മഹാഭാരതത്തിലെ രസാവഹമായ കഥകളാണ് അകത്ത്.

പലതും നമുക്കറിയാവുന്നതാണ്, അത് പക്ഷെ രസകരമായിട്ട് ഇത് വരെ കേള്‍ക്കാതിരുന്ന ആംഗിളുകളില്‍ നിന്ന് ചേര്‍ത്ത് വെച്ചിരിക്കുകയാണ്. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണ് മഹാഭാരതം എന്നാണ് അതിലുള്ളത്. സര്‍വ്വസംഗപരിത്യാഗികളും ക്ഷമാശീലത്തിന്റെ ഉടല്‍രൂപങ്ങളും എന്ന് ഉദ്ഘോഷിക്കപ്പെടുന്ന മഹര്‍ഷിമാര്‍ അതേസമയം തന്നെ കോപാകുലരും, അങ്ങേയറ്റം അന്യായമായി സഹജീവികളെ ശപിക്കുന്നവരും ആയതിനെക്കുറിച്ച് വിശദീകരിച്ചാണ് പുസ്തകം തുടങ്ങുന്നത് തന്നെ. മനുഷ്യരും അവരുടെ കഥകളും പരസ്പരവിരുദ്ധതയുടെ അയ്യര്കളിയാണ് എന്നാണ് വായിച്ചങ്ങ് പോകുമ്പോള്‍ മനസ്സിലാവുക. ഡയലക്ടിക്സിന്റെ താണ്ഡവനൃത്തം. വിശ്വാസത്തിന് മനുഷ്യര്‍ അടിസ്ഥാനമാക്കുന്ന കഥകള്‍ എത്രയ്ക്ക് പരസ്പരവിരുദ്ധമായവ. ഡയലറ്റിക്സ് എന്ന് പേരുള്ളൊരു അധ്യായം തന്നെ അതിലുണ്ട്.

bookമഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രം സുനില്‍ പി. ഇളയിടം മാഷ് എഴുതിയതും ഗംഭീരമായത്. അകത്തെ കഥകള്‍ മാത്രമല്ല, കാലത്തിലൂടെ ആ മഹാകഥാഗ്രന്ഥം വികസിച്ച് ലോകമാകെ പടര്‍ന്നതെങ്ങനെ എന്ന് കൂടെയാണ് അപ്പുസ്തകത്തില്‍. മഹാഭാരതവും രാമായണവും അതിലെ പതിനായിരക്കണക്കിന് കഥകളും എത്രയെത്രയോ തവണ ഇങ്ങനെ ഈ ദിവസങ്ങളില്‍ പോലും ആവര്‍ത്തിച്ച് പറയപ്പെടുന്നു, നമ്മള്‍ കേള്‍ക്കുന്നു. അറിയുകയാണെന്ന് അറിയുക പോലും ചെയ്യാതെ അക്കഥകളെയൊക്കെ ദിനേന അറിയുകയാണ്. യേശുദാസിന്റെ പാട്ട് എന്ന പോലെയാണ്,  പ്രത്യേകമായി ശ്രദ്ധിക്കുന്നില്ലെങ്കിലും അക്കഥകള്‍ രാജ്യത്ത് എല്ലാ മനുഷ്യര്‍ക്കിടയിലും എപ്പോഴും കൂടെ ജീവിക്കുന്നു. നമ്മുടെ തെരുവ് രാഷ്ട്രീയ പ്രസംഗങ്ങളില്‍ പോലും അര്‍ജ്ജുനനും ശകുനിക്കുമൊക്കെ ജീവിതമുണ്ട്.

രണ്ട്

മഹാഭാരതത്തിലും രാമായണത്തിലും എന്ന പോലെ തന്നെ ഇസ്‌ലാമിന്റെ ചരിത്രത്തിലുമുണ്ട് മഹായുദ്ധങ്ങളും മാന്ത്രികയാഥാര്‍ഥ്യങ്ങളും മനുഷ്യമഹാസങ്കടങ്ങളും. മുസ്‌ലീമേതര വിശ്വാസികള്‍ക്ക് പക്ഷെ അവയില്‍ വലിയൊരുഭാഗവും മിസ്സാണ് എന്നാണെനിക്ക് തോന്നുന്നത്.

എനിക്ക് മിസ്സായിരുന്നു. ഈ കഥകളില്‍ ചിലത് ലെസ്ലി ഹാസില്‍ടണിന്റെ രണ്ട് പുസ്തകങ്ങളില്‍ നിന്ന് സമീപകാലത്ത് വായിച്ചു. 1. ആഫ്റ്റര്‍ ദി പ്രോഫറ്റ്- ദി എപ്പിക് സ്റ്റോറി ഓഫ് സുന്നി ഷിയാ സ്പ്‌ളിറ്റ്‌. 2. മുഹമ്മദ്- ദി ഫസ്റ്റ് മുസ്‌ലീം. അനവധി മുസ്‌ലീങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടും, പ്രവാചകന്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ഉണ്ടാക്കിയതെന്ന് പറയുന്ന പള്ളി ഉള്ള നാട്ടിലെ ആളായിട്ടും ഞാനിതൊന്നും നേരത്തെ കേട്ടിരുന്നില്ല.

lesly
ലെസ്ലി ഹാസില്‍ടണ്‍ / /Photo: Ryan Lash, TED

പ്രവാചകന്‍ മുഹമ്മദ് 570-ാം വര്‍ഷം മെക്കയില്‍ ജനിച്ചു. 632ല്‍ മരിച്ചു. പ്രവാചകന്റെ വാപ്പയുടെ പേര് അബ്ദുള്ള, ഉമ്മ ആമിന. ഉപ്പാപ്പയുടെ പേര് അബ്ദുല്‍ മുത്തലിബ് (മൂവരുടേയും പേരുകള്‍ സമീപകാലം വരെ എനിക്കറിയുമായിരുന്നില്ല). ജനിക്കുന്നതിനു മുമ്പ് തന്നെ വാപ്പയും കുഞ്ഞായിരിക്കെ മുഹമ്മദിന്റെ ഉമ്മയും മരിച്ചു. പിന്നെ മുത്തച്ഛനും. അച്ഛന്റെ സഹോദരന്‍  അബുതാലിബ് അദ്ദേഹത്തെ വളര്‍ത്തി. മുതിര്‍ന്നപ്പോള്‍ അല്‍ അമീന്‍ എന്ന് വിളിക്കപ്പെടും വിധം സത്യസന്ധനും, സഹജീവികള്‍ക്ക് ബഹുമാനവും സ്നേഹവുമുള്ള കച്ചവടക്കാരനും ആയി. ഖദീജയെ വിവാഹം ചെയ്തു. ജിബ്രീല്‍ മാലാഖ ദൈവത്തിന്റെ ദൂത് നല്‍കി. ഇസ്ലാം മതം സ്ഥാപിച്ചു. അങ്ങനെ, ലോകചരിത്രത്തിലെ വലിയൊരേടിന്റെ കേന്ദ്രസ്ഥാനമായി മാറി, പ്രവാചകന്‍ മുഹമ്മദ്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി ഇവിടെ നിര്‍മ്മിക്കപ്പെടുമ്പോള്‍ പ്രവാചകന്‍ മെക്കയില്‍ ജീവനോടെ ഉണ്ടെന്നാണ് പറയുന്നത്. ചെറിയ കാര്യമല്ലല്ലോ അത്. അത്തരത്തില്‍ ലോകത്ത് തന്നെ അപൂര്‍വ്വമായൊരു കെട്ടിടം കേരളത്തിലുണ്ടായിട്ട് അത് ഉണ്ടാക്കേണ്ട അത്ഭുതം ഇവിടത്തെ മനുഷ്യരില്‍ ഉണ്ടാകാത്തതെന്താണ് എന്ന് പോലും തോന്നും. ഇസ്ലാമിന്റെ ചരിത്ര - വിശ്വാസജീവിതത്തിലെ മൂന്ന് കഥകള്‍.

cheraman
ചേരമാൻ ജുമാ മസ്ജിദ് / Photo: WIkimedIa Commons

ഒന്നാം കഥ- പാലാ ബിഷപ്പിന്

പ്രവാചകന്റെ പ്രവാചകത്വം പ്രവചിച്ചത് ഒരു ക്രിസ്ത്യാനിയാണ്. അക്കാലത്ത് കുട്ടിയാണ് മുഹമ്മദ്. ഒമ്പത് വയസ്സുകാരന്‍. അനാഥന്‍. വാപ്പയും ഉമ്മയും ഉപ്പുപ്പയും മരിച്ച ശേഷം പിതൃസഹോദരന്‍ അബുതാലിബിന്റെ സംരക്ഷണയിലാണ്. ഈ വല്യച്ഛന്‍ എപ്പോഴും സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കുന്നത് കൊണ്ട് അനാഥനല്ല എന്ന് ആ അര്‍ഥത്തില്‍ പറയാമെന്നേയുള്ളൂ. അദ്ദേഹത്തോടൊപ്പമുള്ള കച്ചവടയാത്രകളിലൊന്നിലാണ് മുഹമ്മദിനെ ആ ക്രിസ്ത്യന്‍ സന്യാസി കാണുന്നത്. അക്കാലത്ത് അന്നാട്ടിലെ അപാരമരുഭൂമികളില്‍ അത്തരം സന്യാസിവര്യര്‍ ഒറ്റയ്ക്ക് ജീവിക്കാറുണ്ടത്രേ. തപസ്സ് ചെയ്യുംപോലത്തെ ജീവിതം. കടന്ന്  പോകുന്ന കച്ചവടസംഘങ്ങള്‍ക്ക് അവരെ കാണാം. പുറം ലോകത്തോട് വലിയ ബന്ധം കാണിക്കാതെ അടഞ്ഞ് ജീവിക്കുന്ന താപസരിലൊരാളായിരുന്നു, ബഹിറ എന്ന ക്രൈസ്തവ സന്യാസി. ബഹ്ര്‍ എന്ന് വെച്ചാല്‍ കടല്‍. ബഹിറ എന്നാല്‍ കടല്‍ പോലെ അറിവുള്ളവന്‍ എന്നാണ്. മരുഭൂമി മുറിച്ച് പോകുന്ന അബുതാലിബിന്റെ സംഘത്തില്‍ വ്യത്യാസമുള്ളൊരു ബാലനെ കണ്ട ബഹിറ അവരെ വിളിച്ചിരുത്തി.

bahira
സിറിയയില്‍ സ്ഥിതി ചെയ്യുന്ന ബഹിറയുടെ ആശ്രമത്തിന്റെ അവശിഷ്ടങ്ങള്‍

ദീര്‍ഘയാത്രയുടെ ആ ഇടവേളയില്‍ അവര്‍ക്ക് വിശ്രമസ്ഥലവും ലഘുഭക്ഷണങ്ങളും കൊടുത്തു. ഒട്ടകങ്ങള്‍ക്കടുത്ത്, ദീര്‍ഘ ദീര്‍ഘമായ മരുഭൂമിയിലേക്ക് നോക്കി പുറത്ത് നില്‍ക്കുന്ന കുട്ടിക്ക് നേരെ ഒരു മരം വളഞ്ഞ് തണല്‍ കൊടൂക്കുന്നതോ മറ്റോ ബഹിറ കണ്ടു. മുഹമ്മദിന്റെ പ്രവാചകത്വത്തിന് അത്തരം അടയാളമെന്തോ ബഹിറ കണ്ടു. അബു താലിബിന് നേര്‍ക്ക് തിരിഞ്ഞ് ബഹിറ പറഞ്ഞത്രെ. മഹത്തരമായൊരു ജീവിതമാണ് ഇവന് മുന്നില്‍ കിടക്കുന്നത്.അവന്‍ ദൈവത്തിന്റെ പ്രവാചകനാകും എന്ന് ബഹിറയുടെ ഈ സാന്നിധ്യകഥ ക്രൈസ്തവ പാഠങ്ങളിലുമുണ്ട് എന്ന് ലെസ്ലി ഹാസില്‍ടണ്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില ക്രൈസ്തവ പാഠങ്ങള്‍ മുഹമ്മദിന്റെ ഗുരു എന്നാണ് ബഹിറയ്ക്ക് സ്ഥാനം, ഒറ്റത്തവണ മാത്രം കണ്ട് പ്രവചിച്ച് പിന്മാറിയ ആളെന്നല്ല.

രണ്ടാം കഥ - സ്ത്രീപക്ഷ രാഷ്ട്രീയത്തിന്

അയിഷയെക്കുറിച്ചാണ്. പ്രവാചകന്റെ പ്രിയപ്പെട്ട ഭാര്യ. ഇസ്‌ലാം വിശ്വാസപ്രചാരണം കൂടെ ലക്ഷ്യമിട്ടുള്ള യാത്രകളിലൊന്നില്‍ അയിഷ മരുഭൂമിയില്‍ ഒരിടത്ത് ഒറ്റപ്പെട്ട് പോയതിനെക്കുറിച്ചാണത്. ഒരു നെക്കലേസിന്റെ കഥ എന്നാണ് ലെസ്ലി ഇത് വിവരിക്കുന്നത്. ഇസ്‌ലാമിന്റെ പില്‍ക്കാലജീവനത്തെ ആഴത്തില്‍ സ്വാധീനിച്ച കഥ എന്ന്. അത് ഇങ്ങനെയാണ്.

പ്രവാചകന്‍ നയിക്കുന്ന ആ യാത്രയില്‍ അയിഷ കൂടെയുണ്ടായിരുന്നു. അധിക ദിവസങ്ങളെടുക്കാതെ തിരിച്ച് മെദീനയില്‍ തന്നെ എത്തുന്ന ചെറിയ യാത്രകള്‍ അദ്ദേഹം അയിഷയെ കൂടെ കൂട്ടാറുണ്ടായിരുന്നു. തിരിച്ച് വരുമ്പോള്‍. ഒരു രാത്രിക്ക് ശേഷം പുലര്‍ച്ചെ പ്രഭാതകൃത്യങ്ങള്‍ നടത്തി തിരിച്ച് വരുമ്പോള്‍ അയിഷ കാണുന്നത് സംഘം തന്നെക്കൂടാതെ പുറപ്പെട്ട് കഴിഞ്ഞതാണ്. ആ ചെറുപ്പക്കാരി മരുഭൂമിയില്‍ ഒറ്റപ്പെട്ട് പോയി. അയിഷ സംഘത്തോടൊപ്പം പോന്നിട്ടില്ല എന്ന് കൂട്ടത്തിലുള്ളവരും മനസ്സിലാക്കിയിരുന്നില്ല. അയിഷ പക്ഷെ പേടിച്ചില്ല. പ്രവാചകന്റെ ഭാര്യയാണല്ലോ അവള്‍. ഭയപ്പെടാനെന്തുണ്ട്. തന്നെത്തേടി അവര്‍ തിരിച്ച് വന്ന് കൊള്ളും എന്ന് അയിഷയ്ക്ക് നല്ല ബോധ്യമുണ്ട്. അവള്‍ ഇരുന്നിടത്ത് തന്നെ ഇരുന്നു. പക്ഷെ അവരാരും വന്നില്ല. അത് വഴി വരികയായിരുന്ന മറ്റൊരാളാണ് അയിഷയെ കണ്ടത്. പ്രവാചകന്റെ സേനാംഗം തന്നെയായ, എന്നാല്‍ മറ്റൊരു ദൗത്യവുമായി വേറെ വഴിക്ക് പോയി തിരിച്ച് വരികയായിരുന്ന ഒരു യുവാവ്. സഫ്‌വാന്‍ എന്നായിരുന്നു അവന്റെ പേര്. അവന്‍ അയിഷയെ കണ്ട് ബേജാറായി. കാര്യമറിഞ്ഞപ്പോള്‍ അവന്‍ വിനയത്തോടെ തനിക്കൊപ്പം വരാന്‍ അയിഷയെ നിര്‍ബ്ബന്ധിച്ചു. ആദ്യമൊന്ന് എതിര്‍ത്തെങ്കിലും ഒടുവില്‍ സമ്മതിച്ച അയിഷ ഒപ്പം തിരിച്ചു. അയിഷയെ ഒട്ടകപ്പുറത്ത് കയറ്റി, സഫ്വാന്‍ താഴെ ഒട്ടകത്തെ തെളിച്ച് നടന്നു. പകല്‍ താണ് വല്ലാതെ ഇരുളും മുമ്പ് മെദിനയിലെത്തുകയും ചെയ്തു. ഇതിനകം അയിഷയെ കാണാതെ ബേജാറായ പ്രവാചകനടക്കമുള്ളവര്‍ക്ക് അവരെ കണ്ടതോടെ സമാധാനമായി. പക്ഷെ, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അഹിതകരമായ ചില വര്‍ത്തമാനങ്ങള്‍ ചുറ്റുപാടും രഹസ്യമായി ഉണ്ടാകാന്‍ തുടങ്ങി. ഇത്തരം സംഗതികള്‍ സംഭവിക്കുമ്പോള്‍ എപ്പോഴുമെന്ന് പോലെ അയിഷയുടെ സുചരിതത്വത്തിലെ സംശയവര്‍ത്തമാനങ്ങളായിരുന്നു അവ. അതൊരു പ്രശ്നമായപ്പോള്‍ പ്രവാചകന് തന്നെ ഇടപെടേണ്ടതായി വന്നു. അയിഷയില്‍ തരിമ്പും സംശയമില്ലാതിരുന്ന പ്രവാചകന്‍ അത് സമൂഹത്തിനാകെ ബോധ്യമാകുന്ന വിധത്തില്‍ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന കഥയാണ് ലെസ്ലി പിന്നീട് വിശദീകരിക്കുന്നത്.

books

നാല് സാക്ഷികളെങ്കിലും ഇല്ലാത്ത അപഖ്യാതിപരാതികള്‍  വിശ്വസിക്കപ്പെടില്ല എന്ന് സ്ത്രീകള്‍ക്കനുകൂലമായ ദൈവശാസനം മുഹമ്മദില്‍ നിന്ന് വന്നത് ഈ സംഭവങ്ങള്‍ക്ക് ശേഷം എന്ന് ലെസ്ലി ചൂണ്ടിക്കാട്ടുന്നു. അത് പക്ഷെ, ഏത് സ്ത്രീക്കെതിരെയും എന്തും പറയാന്‍ നാല് സാക്ഷികളെ ഹാജരാക്കിയാല്‍ മതി എന്ന മട്ടില്‍ ആണ്‍മതനേതൃത്വം പില്‍ക്കാലത്ത്  വ്യാഖ്യാനിച്ചെടുത്തെന്നും ഇക്കഥയുടെ പിന്നാലെ ലെസ്ലി എഴുതുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് പരാതിപ്പെടണമെങ്കില്‍ അതിന് സാക്ഷികളായ നാല് പേരെ ഹാജരാക്കേണ്ടി വരേണ്ടതുണ്ട് എന്നും വിചിത്രമായിട്ട്. താലിബാനൊക്കെ ഈ മട്ടിലുള്ള വിചിത്രവ്യാഖ്യാതാക്കള്‍ എന്ന് നമുക്ക് ഇക്കഥ കൊണ്ട് മനസ്സിലാകും.

മൂന്നാം കഥ - അധികാര രാഷ്ട്രീയത്തിന്, ഷിയാ പക്ഷത്ത് നിന്ന്.

പ്രവാചകന്റെ അവസാനദിവസങ്ങളിലെയാണ് ഇത്. അറുപത്തിമൂന്നാം വയസ്സില്‍. ഇസ്ലാമിന്റെ തുടക്കകാലത്ത്, അദ്ദേഹത്തെ കഠിനമായി എതിര്‍ത്തിരുന്ന അനേകം പേര്‍ ഇതിനകം ഏറ്റവുമടുത്ത ശിഷ്യരും അനുയായികളും ആയി മാറിയിരുന്നു. അറേബ്യയില്‍ പരസ്പരം പോരടിച്ചിരുന്ന ഗോത്രങ്ങള്‍ ഇസ്‌ലാമിന് മുന്നില്‍ ഐക്യത്തിലായിരുന്നു, അറേബ്യയില്‍ സമാധാനകാലം വന്നിരുന്നു. പരിപൂര്‍ണവും വിജയകരവുമായ സമ്പൂര്‍ണജീവിതമായിരുന്നു മുഹമ്മദ് നബിയുടേത്. പല യുദ്ധങ്ങളില്‍ പരിക്കേറ്റ ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. മൂന്ന് വധശ്രമങ്ങളെ അതിജീവിച്ചിരുന്നു അദ്ദേഹം (ഉണ്ട്. യുദ്ധങ്ങളുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും വിവരിക്കുന്ന പോലത്തെ ഗോത്രയുദ്ധകാലങ്ങളായിരുന്നു, അറേബ്യയ്ക്കും അക്കാലങ്ങള്‍). എങ്കിലും അദ്ദേഹം മരിക്കില്ല എന്ന് വിചാരിച്ചിരുന്നു അനുയായികളില്‍ പലരും. സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകാത്തതായിരുന്നു അവര്‍ക്ക് അത്. പക്ഷ, പ്രവാചകന് അറിയാമായിരുന്നിരിക്കണം. എന്തായാലും ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്നൊരു പനി അദ്ദേഹത്തെ തളര്‍ത്തി. പ്രാര്‍ഥനയ്ക്കായി പോലും എഴുന്നേല്‍ക്കാനാകാത്ത വിധം. ഭാര്യമാരും പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും അടുത്ത ബന്ധുക്കളും അനുയായികളുമൊക്കെ ആശങ്കാകുലരായി നില്‍ക്കെ പ്രവാചകന്‍ ലോകത്തിലെ അവസാന മണിക്കൂറുകളിലൂടെ കടക്കുകയായിരുന്നു. പ്രവാചകന് ആണ്‍ മക്കള്‍ ഉണ്ടായിരുന്നില്ല, നാല് പെണ്‍മക്കള്‍. രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചെങ്കിലും ചെറുപ്പത്തിലേ മരിച്ച് പോയിരുന്നു. ആരാകും പ്രവാചകന് പിന്‍ഗാമി എന്ന ചര്‍ച്ച അവിടുള്ളവരുടെ ഉള്ളില്‍ ഉണ്ടായിരുന്നു. പ്രവാചകന് പിന്‍ഗാമിയാവുക അസാധ്യമാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. പിന്‍ഗാമി എന്ന് വെച്ചാല്‍ പ്രവാചകന് തുല്യനായ ആളെന്നല്ല. ഇതിനകം വിസ്തൃതമാക്കപ്പെട്ടിരിക്കുന്ന ഇസ്‌ലാം ലോകത്തിന്റെ ഖലീഫാ സ്ഥാനം ആര്‍ക്കാകും എന്ന ചോദ്യം പക്ഷെ സാംഗത്യമുള്ളതായിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരിലും ഉണ്ടായിരുന്നു താനും. അങ്ങനെയിരിക്കെ, രോഗക്കിടക്കയിലെ ഒമ്പതാം ദിവസം, ഒരല്‍പ്പം ഊര്‍ജ്ജം കൈവന്ന പ്രവാചകന്‍ ഒരിറക്ക് വെള്ളം ചോദിച്ച് വാങ്ങിക്കുടിച്ച് ഒരു കാര്യം ആവശ്യപ്പെട്ടു. കടലാസും എഴുതാനുള്ള ഉപകരണവും വേണമെന്ന്. വലിയ ആകുലതയുണ്ടാക്കി അത് കൂടി നില്‍ക്കുന്നവരില്‍. നിശ്ചയമായും തനിക്ക് ശേഷം ആരാകണം ഖലീഫ എന്നാകും അദ്ദേഹം രേഖപ്പെടുത്തുക (ഡിക്ടേറ്റ് ചെയ്തെങ്കിലും) എന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടായില്ല. മൂന്ന് പേരുണ്ടായിരുന്നു പ്രധാനികള്‍ അവിടെ. പ്രവാചകന്റെ ഏറ്റവുമടുത്തയാള്‍, മകളുടെ ഭര്‍ത്താവ്, ഫാത്തിമയ്ക്ക് ശേഷം അദ്ദേഹത്തില്‍ വിശ്വാസം രേഖപ്പെടുത്തി ജീവിതകാലം മുഴുവന്‍ കൂടെ നിന്ന അലി. അടുത്ത അനുയായി അബൂബക്കര്‍, അദ്ദേഹം പ്രവാചകഭാര്യ ആയിഷയുടെ പിതാവു കൂടെയാണ്. ഒപ്പം മറ്റൊരു പ്രധാനി ഉമര്‍.

ali
അലിയെ തന്റെ പിന്തുടർച്ചാവകാശിയായി പ്രവാചകൻ തെരഞ്ഞെടുത്തു എന്ന് കരുതുന്ന ദിവസം ശിയാ മുസ്‌ലിംകള്‍ ഈദുല്‍ ഗാദിർ ആയി ആചരിക്കുന്നു.

അലിയുടെ പേര് എഴുതി നല്‍കാനാണ്  പ്രവാചകന്‍ പേനയും കടലാസും ആവശ്യപ്പെട്ടത് എന്നാണ് പില്‍ക്കാലത്ത് ഷിയാ വിഭാഗമായി പിരിഞ്ഞവര്‍ ഇന്നും വിശ്വസിക്കുന്നത്. അബൂബക്കറും ഉമറും ചേര്‍ന്ന് ശരിയല്ലാത്ത ഒരു തീരുമാനമെടുത്തു എന്ന് അവര്‍ പറയും. പ്രവാചകന്റെ ആ ആവശ്യം നിറവേറ്റപ്പെടില്ല. ആര് നയിക്കണമെന്നതില്‍ അഭിപ്രായം പറയാതെ പ്രവാചകന്‍ അദ്ദേഹത്തിന്റെ മഹനീയമായ ജീവിതം പൂര്‍ത്തിയാക്കും. ലെസ്ലി ഹാസില്‍ടണ്‍ പറയുന്നത്, സുന്നി - ഷിയാ പ്രശ്നം  അവിടെ തുടങ്ങി എന്നാണ്. മഹാനായ അലി, പ്രവാചകന്റെ ഏറ്റവും പ്രിയപ്പെട്ടവനായ അനുയായി ഒന്നാം ഖലീഫ ആയില്ല. രണ്ടാമതോ മൂന്നാമതോ ആയില്ല. നാലാമത് മാത്രമാണ് അദ്ദേഹത്തിന് ഖലീഫയാകാനായത്. മൂന്നാം ഖലീഫ കൊല്ലപ്പെട്ട ശേഷം, ഇസ്‌ലാമിന്റെ ചരിത്രത്തിലെ ആദ്യ സിവില്‍ വാറിന്റെ ദുഷ്‌കരമായ കാലത്ത്. അലി ഈ നിഷേധമടക്കം അനേക അനീതികള്‍ അനുഭവിച്ചു എന്ന് വിശ്വസിക്കുന്ന അനുയായികളാണ് ഷിയാക്കള്‍. ഏതായാലും പിന്നീടത്തെ ചരിത്രം അത് വരെയുള്ളതിനെക്കാള്‍ നാടകീയവും സംഭവബഹുലവും ആണ്. മഹാഅറേബ്യന്‍ ഇതിഹാസകഥകളാണ് അവ.  മനുഷ്യമഹാസങ്കടങ്ങളും മാന്ത്രികയാഥാര്‍ഥ്യങ്ങളും വിശുദ്ധസംഗതികളുമെല്ലാം ആ കഥകളിലുണ്ട്. എഴുതിയാല്‍ തീരില്ല.

മൂന്ന്

ഈ മൂന്ന് കഥകള്‍ (സംഭവങ്ങള്‍) റാന്‍ഡം ആയി തെരഞ്ഞെടുക്കപ്പെട്ടതാണ്. മനുഷ്യവിശുദ്ധിയുടെയും നന്മയ്ക്കായുള്ള ആഗ്രഹത്തിന്റെയും അതിന് വേണ്ടിയുള്ള ആന്തരികയുദ്ധങ്ങളുടെയുമൊക്കെ അനേക കഥകള്‍ അവിടെ നിന്ന് കിട്ടും. എനിക്ക് ഇക്കഥകളൊന്നും അറിയുമായിരുന്നില്ല. ഈ പുസ്തകങ്ങളൊക്കെ സമീപകാലത്ത് വായിക്കും വരെ. എത്രയോ പരിചിതമെന്ന് തോന്നലുണ്ടായിരുന്ന സുഹൃത്തുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഈ മഹാകഥകള്‍ എത്രയോ അപരിചിതമായിരുന്നല്ലോ എന്ന് നഷ്ടബോധം വന്നു.  അപരിചിതത്വമാണ് മനുഷ്യര്‍ക്കിടയിലെ അകല്‍ച്ചയെ ഉണ്ടാക്കുന്നത്. പരസ്പരം  അറിയലാണ് അപരിചിതത്വത്തെയും അകല്‍ച്ചയെയും അകറ്റാനുള്ളൊരു എളുപ്പമാര്‍ഗം.പരസ്പരം കഥകളെ അറിയല്‍. എന്ത് സംഗതികളിലാണ്, കഥകളിലുമാണ്  മനുഷ്യരുടെ വിശ്വാസങ്ങള്‍ രൂപപ്പെട്ടത് എന്നും എങ്ങനെയാണ് അവ നിലനിന്ന് പോകുന്നത് എന്നും മനസ്സിലാക്കല്‍. മനുഷ്യര്‍ ഒരു ജീവിവര്‍ഗം എന്ന നിലയില്‍ ഇവിടം വരെ എത്തുന്നതിന് ഉപയോഗിച്ച പല വാഹനങ്ങളിലൊന്ന് എന്ന് സാധാരണീകരിച്ച് മതത്തെ മനസ്സിലാക്കുകയാണ് വേണ്ടത്. മതത്തെ, അതില്‍ തന്നെ ഇസ്ലാമിനെ ആസുരവല്‍ക്കരിച്ച് ചിത്രീകരിക്കുന്ന രാഷ്ട്രീയപക്ഷങ്ങളെ തിരിച്ചറിഞ്ഞ് തള്ളാന്‍ നമുക്ക് ഈ കഥകളെ അറിയേണ്ടതുണ്ട് എന്ന് വലിയ തോന്നലുണ്ടായി. മതം വിശുദ്ധമായ സംഗതിയാണ്, അതില്‍ അനേക ലക്ഷം പേര്‍ തങ്ങളുടെ ജീവിതത്തെ തൂക്കിയിട്ടിരിക്കുന്നു എന്നത് കൊണ്ട്, അത് ഒറ്റയൊറ്റ  മനുഷ്യരെക്കാള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഈ ലോകത്ത് ജീവിച്ചിരുന്നിട്ടുണ്ട് എന്നത് കൊണ്ട്.

എന്നാലോ മതം അസാധാരണമായ സംഗതിയൊന്നുമല്ലാ താനും. കൂട്ടമായി ജീവിക്കുന്ന മനുഷ്യരുടെ അതിജീവനവാഹനങ്ങളിലൊന്ന് എന്ന് മതത്തെ സാധാരണീകരിച്ച് മനസ്സിലാക്കലാണ് മതേതരര്‍ പോലും ചെയ്യേണ്ട പ്രധാന കാര്യം എന്ന് വിചാരിക്കുന്നു. അതിന് മഹാഭാരതവും രാമായണവും അറിയുന്ന പോലെ തന്നെ ഇതരമതകഥാസമാഹാരങ്ങളെയും കേരളം അറിയേണ്ടതുണ്ട് എന്നും വിചാരിക്കുന്നു.

Reference
1. The First Muslim, the story of Muhammed- lesley hazleton
2. After the prophet. the epic story of the sunni shia split - lesley hazleton
3. Muhammed - karen armstrong

4. അറബികളുടെ ചരിത്രം - ഡോ.ടി ജമാൽ മുഹമ്മദ്

സനീഷ് ഇളയടത്ത്  

അസോസിയേറ്റ് എഡിറ്റര്‍, ന്യൂസ് 18 കേരളം.

  • Tags
  • #Cultural Studies
  • #Islam in Kerala
  • #Muslim Life
  • #E. Saneesh
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

അബ്ദുൽ അസീസ്, എടക്കഴിയൂർ

22 Sep 2021, 07:18 AM

സനീഷ് എഴുതിയത് പോലെ മതങ്ങളെക്കുറിച്ചും പ്രവാചകരെക്കുറിച്ചും ഓരോ മനുഷ്യരും കൃത്യമായി പഠിക്കുന്നതിലൂടെ ഒരു നല്ല സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കനാവും....

മുഹമ്മദ് അലി മുതുകുനി .

21 Sep 2021, 04:28 PM

കഥകൾ പരിചിതമാണെങ്കിലും ഹൃദ്യമായ ശൈലിയിലൂടെയുള്ള ആവിഷ്ക്കാരത്തിന് അഭിനനങ്ങൾ .പരസ്പരം അറിയാനും അടുക്കാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

Abdul Azeez P T

21 Sep 2021, 01:38 PM

സനീഷ് നന്നായി എഴുതി മാർട്ടിൻ ലിംഗ് സി ൻ്റെ ' മുഹമ്മദ് ' ,( കെ.ടി. സൂപ്പി അതി മനോഹരമായി തർജ് മ ചെയ്തിട്ടുണ്ട് ] മുഹമ്മദ് അസദിൻ്റെ മക്കയിലേക്കുള്ള പാത ( മൊഴിമാറ്റം: കാരശ്ശേരി) എന്നീ പുസ്തകങ്ങൾ കൂടി ചേർത്തു വായിക്കുന്നത് ഹൃദ്യവും സാന്ദ്രവുമായ അനുഭവം നൽകും

ദാവൂദ് കപ്പള്ളി

21 Sep 2021, 08:28 AM

നന്നായി എഴുതി, അഭിനന്ദനങ്ങൾ കൂടുതൽ പഠിക്കാനും എഴുതാനും ദൈവം അനുഗ്രഹിക്കട്ടെ...

Muhammad

21 Sep 2021, 07:59 AM

അവതാരകനിൽ നിന്നും എഴുത്തുകാരനിലേക്കുള്ള ദൂരം അധികമില്ല. നല്ല എഴുത്ത്. ഭാഷയും ക്രാഫ്റ്റും. സ്വന്തമായൊരു ശൈലിയും.

C J George

19 Sep 2021, 07:15 PM

സ്പർദ്ധ വിതച്ച്ഈ സ്പർദ്ധ കൊയ്യുന്ന ഈ മുറുമുറുപ്പുവാദത്തിൽ മറുപണി ചെയ്യുന്ന ഒരു ലേഖനം വായിക്കാനൊത്തതിൽ സന്തോഷം.

Thomas varghese

19 Sep 2021, 07:13 PM

ഡി യിലെ മെത്രാനെ പ്പറ്റി യാണ് ആദ്യം വായിക്കേണ്ടത്

പ്രമോദ് പി

18 Sep 2021, 10:25 PM

വളരെ നന്നായി എഴുതി...

Roopa Menon

18 Sep 2021, 07:53 PM

It was a pleasure to read this article. Well said . And thanks to introducing the three books about the prophet and stories of Islam .

shibubhaskar

18 Sep 2021, 07:35 PM

സഫ്വാൻ കഥ രാമായണ കഥ പോലെ യാണ് -ഒരെ കഥയിൽ രാമൻ സീതയെ കാട്ടിലുപേക്ഷിച്ചു .അയിഷയെ മരുഭൂമിയിൽ ഉപേക്ഷഷിച്ചില്ല .

Pagination

  • Current page 1
  • Page 2
  • Next page Next ›
  • Last page Last »
 Banner.jpg

Minorities

മുജീബ് റഹ്​മാന്‍ കിനാലൂര്‍ 

ഇംഗ്ലീഷ് എപ്പോഴാണ് നരകത്തില്‍ നിന്ന് കര കയറിയത്?

Aug 09, 2022

9 Minutes Read

English mariyumma

Cultural Studies

ഉമൈർ എ. ചെറുമുറ്റം

ഇംഗ്ലീഷ്​ ഭാഷാ പഠനത്തിന്​ മുസ്​ലിംകൾക്ക്​ വിലക്കുണ്ടായിരുന്നോ?

Aug 08, 2022

6 Minutes Read

M. K. Stalin

News

Think

എല്ലാ മലയാളികളും ആ ട്രൂകോപ്പി ലേഖനം വായിക്കണം - സ്റ്റാലിന്‍

Jul 30, 2022

2 Minutes Read

cochin-ruler-rajarshi-ramavarma

History

Truecopy Webzine

തങ്കനെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയില്‍പാളം എന്ന ചെമ്പുകഥ : രേഖകൾ സത്യം പറയുന്നു

Jul 04, 2022

3 Minutes Read

Circus

Cultural Studies

Delhi Lens

ലോകത്തെ വിസ്മയിപ്പിച്ച തമ്പുകള്‍ അന്നം തേടുന്നു

Jun 12, 2022

10 Minutes Read

muslim women

Minority Politics

മുഹമ്മദ് ഫാസില്‍

സ്വന്തത്തിനോടും സമൂഹത്തിനോടും പൊരുതുന്ന മുസ്‌ലിം സ്ത്രീകള്‍

May 31, 2022

16 Minutes Watch

Chamaram

Film Studies

യാക്കോബ് തോമസ്

ചാമരം: ലൈംഗികതയില്‍നിന്ന് പ്രണയം സൃഷ്ടിച്ച ശരീരങ്ങള്‍

Apr 04, 2022

15 minutes read

Hyder Ali Shihab Thangal

Obituary

താഹ മാടായി

എ.കെ.ജി. ഇ.എം.എസ്. അതുപോലൊരു തങ്ങള്‍

Mar 06, 2022

3 Minutes Read

Next Article

സർക്കുലർ പിൻവലിച്ചിട്ടെന്തു കാര്യം? സർക്കാറിന്റെ സാഹിത്യപ്പേടി അവിടത്തന്നെയുണ്ട്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster