ഐ.പി.എൽ 2020: മുംബൈ അൺത്രിൽഡ്​

ത്രില്ലറുകൾ ഒരുപാടു കണ്ട ടൂർണമെന്റിന്റെ ഫൈനൽ എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന വിധത്തിലൊരു മത്സരമാകുമെന്നു പ്രതീക്ഷിച്ചവർക്ക് നിരാശപ്പെടേണ്ടി വന്നിരുന്നു. ഒരു പഞ്ചാബോ കൊൽക്കത്തയോ പോലും മുംബൈക്ക് കൂടുതൽ വെല്ലുവിളി ഉയർത്തിയേനെ.

വേശമുയർത്തുന്ന ഒരുപിടി മത്സരങ്ങൾ സമ്മാനിച്ചാണ് ഐ.പി.എൽ 2020 കടന്നു പോയത്. അന്തിമ വിശകലനത്തിൽ ടൂർണമെന്റിലെ ഏറ്റവും സമതുലിതമായ ടീം തന്നെയാണ് കിരീടം നേടിയതെന്ന് കാണാം.

മുംബൈ എല്ലാ അർത്ഥത്തിലും കരുത്തരായിരുന്നു. ജസ്​പ്രീത്​ ബുമ്രയും ട്രെന്റ് ബോൾട്ടും അടങ്ങിയ ഫാസ്റ്റ് ബൗളിംഗ് ലൈനപ്പ് സുശക്തമായിരുന്നു. ക്വിന്റൺ ഡി കൊക്കും രോഹിത് ശർമയും ഇന്നിംഗ്സ് ഓപ്പൺ ചെയ്തപ്പോൾ മധ്യനിരയിൽ ഇഷാൻ കിഷനും സൂര്യകുമാർ യാദവും മിന്നുന്ന ഫോമിലായിരുന്നു.

ജസ്​പ്രീത്​ ബുമ്ര

ടോപ് ഓർഡർ പരാജയപ്പെട്ട്​ ടീം പ്രതിസന്ധിയിലാകുന്ന കളികളിൽ കരൻ പൊള്ളാർഡും ഹാർദ്ദിക്‌ പാണ്ഡ്യയും മുംബൈയെ കര കയറ്റി. ഇഷാൻ കിഷൻ (516 റൺസ് ), ഡി കോക്ക് (503 റൺസ് ), സൂര്യകുമാർ യാദവ് (480 റൺസ് ) എന്നിങ്ങനെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ ലിസ്റ്റിൽ ആദ്യ പത്തിൽ മൂന്നും മുംബൈ ഇന്ത്യൻസ് താരങ്ങളുണ്ടായിരുന്നു. വിക്കറ്റ് വേട്ടക്കാരിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിച്ചതും ജസ്പ്രീത് ബുമ്ര (27 ), ബോൾട്ട് (25 ) എന്നീ മുംബൈ ബൗളർമാരായിരുന്നു. ടൂർണമെന്റിലെ ഏറ്റവും ബാലൻസ്ഡ് ആയ ടീം കിരീടം ചൂടിയതിൽ അത്ഭുതങ്ങളില്ലായിരുന്നു.

ത്രില്ലറുകൾ ഒരുപാടു കണ്ട ടൂർണമെന്റിന്റെ ഫൈനൽ എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന വിധത്തിലൊരു മത്സരമാകുമെന്നു പ്രതീക്ഷിച്ചവർക്ക് നിരാശപ്പെടേണ്ടി വന്നിരുന്നു. വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു പഞ്ചാബോ കൊൽക്കത്തയോ പോലും മുംബൈക്ക് കൂടുതൽ വെല്ലുവിളി ഉയർത്തിയേനെ എന്ന് തോന്നിയിരുന്നു.

ടൂർണമെന്റിൽ 3 കളികൾ മുംബൈയോട് പരാജയപ്പെട്ടു വന്ന ഡൽഹിക്ക് ഫൈനലിൽ എത്ര മാത്രം ആത്മവിശ്വാസമുണ്ടായിരുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ക്വാളിഫയറിൽ ഹൈദരാബാദിനെതിരെ മാർക്കസ് സ്റ്റോയിനിസിനെ ഓപ്പണർ സ്ഥാനത്ത് ഇറക്കി കൊണ്ട് ഡൽഹി തിങ്ക് ടാങ്ക് കളിച്ച മാസ്റ്റർ സ്ട്രോക്കാണ് അവർക്ക് ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാക്കിയതെങ്കിൽ ഫൈനലിൽ മുംബൈക്കെതിരെ ആ നീക്കം ആവർത്തിക്കാതെ അവർക്ക് വേറെ വഴിയുണ്ടായിരുന്നില്ല.

സ്റ്റോയിനിസ് ക്ലിക്കാവുന്ന പക്ഷം ഡൽഹിക്ക് മത്സരത്തിൽ ഒരു കടുത്ത പോരാട്ടം നൽകാനുള്ള സാധ്യതയുണ്ടായിരുന്നു. മുംബൈയുടെ പക്കൽ പക്ഷെ സ്റ്റോയിനിസിനുള്ള മരുന്നുണ്ടായിരുന്നു. ആദ്യ പന്തിൽ തന്നെ സ്റ്റോയിനിസ് വീണതോടെ കൗണ്ടർ അറ്റാക്കിനു പകരം ഇന്നിംഗ്സ് സ്റ്റഡിയാക്കേണ്ട അവസ്ഥയിലേക്ക് വീണുപോയ ഡൽഹിക്ക് മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗ് ലൈനപ്പിന് വെല്ലുവിളിയാകുന്നു ഒരു സ്‌കോർ പടുത്തുയർത്താൻ കഴിഞ്ഞില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയ തകർപ്പൻ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ മുംബൈ അനായാസം തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കി.

ക്രിസ് ഗെയിൽ

ഐ.പി.എൽ തുടങ്ങിയതിൽ പിന്നെ 5 സീസണുകൾ കാത്തിരിക്കേണ്ടി വന്ന ശേഷമാണു 2013 ൽ മുംബൈ ആദ്യ കിരീടം ചൂടുന്നത്. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 5 കിരീടങ്ങളും ഒരു രണ്ടാം സ്ഥാനവുമായി ഐ.പി.എൽ ചരിത്രത്തിലെ എന്നല്ല ഫ്രാഞ്ചസി ക്രിക്കറ്റിലെ തന്നെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു മുംബൈ ഇന്ത്യൻസ്.

രോഹിത് ശർമയെന്ന നായകനും ഇത് അഭിമാനിക്കാവുന്ന നേട്ടമാണ്. ദേശീയ ടീമിലെ നായക പദവി അകന്നു പോകുമ്പോഴും ഇന്ത്യൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിന് നഷ്ടമാകുന്നതെന്താണെന്നു വീണ്ടും വീണ്ടും ഓർമപ്പെടുത്തുകയാണ് രോഹിത് ഗുരുനാഥ് ശർമ. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ലഭിക്കാതെ പോയ ഷെയിൻ വോണെന്ന നായകന്റെ ഇന്ത്യൻ പ്രതിരൂപം. ചരിത്രത്തിലാദ്യമായി ഫൈനൽ കണ്ട ഡൽഹിയുടെ യുവനിര നിരാശ സമ്മാനിച്ചെന്നു പറയേണ്ടി വരും.

ടൂർണമെന്റിന്റെ തുടക്കത്തിൽ ഉജ്വല ഫോമിൽ കളിച്ച അവർക്ക് അവസാന പാദത്തിൽ ആ സ്ഥിരത നിലനിർത്താൻ കഴിയാതെ പോയിരുന്നു. ശ്രേയസ് അയ്യരെന്ന യുവ നായകന്റെ ക്യാപ്റ്റൻസി ശ്രദ്ധേയമായിരുന്നു. ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നീ യുവതാരങ്ങളുടെ മിന്നുന്ന പ്രകടനങ്ങൾക്കായി കാത്തിരുന്നവർക്ക് നിരാശപ്പെടേണ്ടി വന്നപ്പോൾ ശിഖർ ധവാനെന്ന സീനിയർ ബാറ്റ്‌സ്മാനാണ് ഡൽഹി ബാറ്റിംഗ് നിരയുടെ ചൈതന്യമായത്.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ പടിയിറക്കമാണ് ഈ കൊല്ലത്തെ ശ്രദ്ധേയമായ സംഭവം. ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ചെന്നൈയുടെ വെറ്ററൻ താരങ്ങളെ കൊണ്ട് മികച്ച പ്രകടനം കാഴ്ച വക്കാമെന്നുള്ള പ്രതീക്ഷയാണ് ഇല്ലാതായത്. സുരേഷ് റൈനയുടെ പിൻവാങ്ങൽ ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ നികത്താനാവാത്ത ആഘാതമേല്പിച്ച ചെന്നൈക്ക് ഋതുരാജ് ഗേയ്ക്ക് വാദെന്ന യുവ ഓപ്പണർക്ക് കോവിഡ് മൂലം തുടക്കത്തിലേ കളികൾ നഷ്ടമായതും തിരിച്ചടിയായി.

ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം തുടരെ പരാജയമേറ്റു വാങ്ങിയ ചെന്നൈക്ക് വേണ്ടി 4 അർദ്ധ സെഞ്ച്വറികൾ നേടിയ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് സ്ഥിരതയോടെ ബാറ്റ് ചെയ്തത്. ഋതുരാജ് ഗെയ്ക്ക് വാദ് ടൂർണമെന്റിന്റെ അവസാനപാദത്തിൽ തിരിച്ചെത്തി തകർപ്പൻ പ്രകടനങ്ങൾ നൽകിക്കൊണ്ട് അടുത്ത സീസണിലേക്കുള്ള തന്റെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. അടുത്ത സീസണിലും മഹേന്ദ്രസിംഗ് ധോണി നായകനായി തുടരുമെന്നത് ഉറപ്പായിരിക്കെ ടീമിൽ വൻ അഴിച്ചുപണികളും നടന്നേക്കും.

ഒരുപിടി യുവതാരങ്ങൾ ദേശീയ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ നൽകിയ സീസൺ. ബാംഗ്ലൂരിന്റെ ദേവദത്ത് പടിക്കൽ സ്ഥിരത കൊണ്ടും മുംബൈയുടെ ഇഷാൻ കിഷൻ ആക്രമണോൽസുകത കൊണ്ടും ശ്രദ്ധേയരായപ്പോൾ കൊൽക്കത്തയുടെ ശുഭ് മാൻ ഗില്ലും തന്റെ ക്ലാസ്സ് തെളിയിച്ചു. കേരളം പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസൺ നിരാശപ്പെടുത്തിയ സീസൺ. 375 റൺസ് അടിച്ചെടുത്ത സഞ്ജു പതിവുപോലെ മിന്നുന്ന തുടക്കത്തിന് ശേഷം സ്ഥിരത നിലനിർത്താൻ കഴിയാതെ പുറകോട്ടു പോയി.

സഞ്ജു സാംസൺ ചെന്നെയ്ക്കെതിരെയുളള മത്സരത്തിൽ നിന്നും

ഇന്ത്യയുടെ ഏകദിന, ടി ട്വൻറി ടീമുകളിൽ ഇടം പിടിച്ചത് സഞ്ജുവിനെ സംബന്ധിച്ച് നേട്ടമാണ്. മറുവശത്ത് അസാമാന്യ സ്ഥിരതയോടെ ബാറ്റ് ചെയ്ത സൂര്യകുമാർ യാദവ് ഈ ഫോർമാറ്റിൽ ഇന്ന് ഇന്ത്യയിലുള്ള ഏറ്റവും മികച്ചവനെന്നു തെളിയിച്ചിട്ടു പോലും ഇന്ത്യൻ ടീമിലിടം പിടിക്കാതെ പോയത് നിർഭാഗ്യകരമായിരുന്നു. 15 വിക്കറ്റെടുത്ത രാഹുൽ ചഹാറും 12 വിക്കറ്റുമായി രവി ബിഷ്‌ണോയിയും തങ്ങളുടെ പ്രതിഭ തെളിയിച്ച പ്രകടനങ്ങളാണ് കാഴ്ച വച്ചത് .

ഈ ടൂർണമെന്റ് ഫാസ്റ്റ് ബൗളർമാരുടേതായിരുന്നു. ജോഫ്ര ആർച്ചർ ,കെയിൽ റബാഡ, ആൻഡ്രിച് നോർക്കിയ, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട് ,മുഹമ്മദ് ഷാമി എന്നിങ്ങനെ ലോക നിലവാരമുള്ള ഒരുപിടി പേസർമാർ ബാറ്റ്‌സ്മാൻമാരെ വിറപ്പിച്ചു കൊണ്ട് വിക്കറ്റുകൾ വാരിക്കൂട്ടിയ സീസൺ. ഫൈനലിലെത്തിയ രണ്ടു ടീമുകളിലുമായി 4 ലോകോത്തര ഫാസ്റ്റ് ബൗളർമാർ ഉണ്ടായിരുന്നു എന്നതില്പരം തെളിവ് ആവശ്യമില്ല ഈ ടൂർണമെന്റിലെ പേസർമാരുടെ പ്രാധാന്യം തിരിച്ചറിയാൻ .

ഏറ്റവും കൂടുതൽ റൺസുമായി പഞ്ചാബ് നായകൻ കെ.എൽ രാഹുലും കൂടുതൽ വിക്കറ്റുമായി ഡൽഹിയുടെ റബാഡയും തിളങ്ങിയ ടൂർണമെന്റിന്റെ താരം പക്ഷെ രാജസ്ഥാന്റെ ജോഫ്ര ആർച്ചറായിരുന്നു. ബാറ്റ്സ്മാന്റെ ക്രീസിലെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന രീതിയിൽ പന്തെറിഞ്ഞ ഏക പേസർ. ഐ.പി.എൽ ചരിത്രത്തിലാദ്യമായി പോയന്റ് ടേബിളിന്റെ ഏറ്റവും താഴെയുള്ള ടീമിന്റെ കളിക്കാരൻ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന അവിസ്മരണീയ അനുഭവവും 2020 ഐ.പി.എല്ലിന്റെ മാത്രം പ്രത്യേകതയാണ്.

ഓറഞ്ച് തൊപ്പി സ്വന്തമാക്കിയ കെ.എൽ രാഹുലിന്റെ പഞ്ചാബ് പ്ളേ ഓഫ് കാണാതെ പുറത്ത് പോയത് നേട്ടത്തിന്റെ തിളക്കം കുറച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ . റാഷിദ് ഖാനും ചഹാലുമാണ് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ച സ്പിന്നർമാർ. സ്ലോഗ് ഓവറുകളിൽ യോർക്കറിനുള്ള ശ്രമം അല്പമൊന്നു പിഴച്ചാൽ പന്ത് നിഷ്കരുണം അതിർത്തി കടത്തുന്ന ആക്രമണകാരികളായ ബാറ്റ്‌സ്മാൻമാരെ പോലും ക്രീസിൽ തളച്ചിട്ടു കൊണ്ട് അസാധാരണ കൃത്യതയോടെ യോർക്കറുകൾ വർഷിച്ച നടരാജൻ ടൂർണമെന്റിലെ വിസ്മയമായിരുന്നു. യോർക്കർ നടരാജനെന്ന വിളിപ്പേരുമായി മടങ്ങിയ ഇടം കയ്യൻ പേസർ ഇന്ത്യൻ ടീമിലും ഇടം പിടിച്ചു കഴിഞ്ഞു .

ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ തിരിച്ചുവരവ് ക്രിസ് ഗെയിലിന്റേതായിരുന്നു. ക്രിസ്റ്റഫർ ഹെന്റി ഗെയിലെന്ന ടി ട്വൻറിയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളെ ബെഞ്ചിലിരുത്തി കൊണ്ട് തുടർ പരാജയങ്ങൾ ഏറ്റു വാങ്ങിയ പഞ്ചാബിന്റെ തിങ്ക് ടാങ്കാണ് ഇത്തവണത്തെ ഏറ്റവും ബുദ്ധിശൂന്യമായ തീരുമാനമെടുത്തത്. ഗെയിലിനെ പോലൊരു താരത്തെ ടീമിലെടുത്ത സ്ഥിതിക്ക് ആദ്യത്തെ രണ്ടോ മൂന്നോ കളികൾ കളിപ്പിച്ചയാളുടെ ഫോം അളന്ന ശേഷം ഫോമിലല്ലെങ്കിൽ ബെഞ്ച് ചെയ്യേണ്ടതിനു പകരം ടൂർണമെന്റിലെ തങ്ങളുടെ സാധ്യതകൾ ഏകദേശം അസ്തമിച്ചതിനു ശേഷമാണ് അവർ ഗെയിലിനു ഇടം കൊടുക്കുന്നത്.

ഇനിയൊന്നും തെളിയിക്കാനില്ലെങ്കിലും ക്രിസ് ഗെയിൽ 40 നു മുകളിൽ ശരാശരിയോടെ 288 റൺസടിച്ചു കൊണ്ടാണ് ഈ അവഗണനക്ക് മറുപടി കൊടുക്കുന്നത്. തന്റെ സ്ഥിരം പൊസിഷനിൽ നിന്ന് താഴോട്ടിറങ്ങി കളിച്ചിട്ടും പഞ്ചാബിന് തുടർച്ചയായി 5 വിജയങ്ങൾ സമ്മാനിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഗെയിൽ പലർക്കും ചില പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ടാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. ക്രിസ് ഗെയിലിന്റെ ഫോമും ക്ലാസും സ്ഥിരമായിരുന്നു.

ലോകമെങ്ങും പടർന്നു പിടിച്ച കോവിഡ് എന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഐ.പി.എൽ യു.എ .ഇ യിലേക്ക് പറിച്ചു നടപ്പെടുന്നത്. കാണികളുടെ ആരവങ്ങളില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടന്ന ടൂർണമെന്റ് എല്ലാ വർഷവും ഉണ്ടാക്കിയിരുന്ന ആവേശം ഉണർത്തിയില്ലെങ്കിലും ആരാധകരെ ടെലിവിഷൻ സെറ്റുകളുടെ മുന്നിൽ തളച്ചിടുന്നതിൽ വിജയിച്ചിരുന്നു.

എന്തായാലും ഐ.പി.എല്ലിന്റെ അടുത്ത എഡിഷന് നാല് മാസങ്ങൾക്കുള്ളിൽ തന്നെ തിരശ്ശീലയുയരാനിരിക്കെ ഒരു ഫ്രാഞ്ചസി കൂടെ പങ്കെടുക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. കിരീടം നേടി നാലു മാസത്തിനുള്ളിൽ അത് ഡിഫൻഡ് ചെയ്യാനിറങ്ങേണ്ട മുംബൈ ഇന്ത്യൻസിന് അടുത്ത സീസണിൽ കൂടുതൽ ശക്തമായ പോരാട്ടം നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിക്കാം.

Comments