ശാന്ത + കുഞ്ഞക്കൻ ❤️ ശാന്ത

സുരനും ശാന്തയും സുരന്റെ ആലയിൽ വെച്ചാണ്
ആദ്യരാത്രി ആഘോഷിച്ചത്.
കെട്ടുകഴിഞ്ഞ് ആലയിലേക്ക് സുരനോടി
ഭയങ്കാവിലമ്മയ്ക്കുണ്ടേ അരിവാളു നേർച്ച.

ശാന്തക്ക് പാടുകേലായിരുന്നു.
നിവരാനോ മലരാനോ പാടുകേലായിരുന്നു.
ഇന്നലെയാണവൾക്ക് അലസ്സിപ്പുണ്ടായത്
ചോരേന്റെ കറ കണങ്കാലീന്നു മാന്തി
തീച്ചൂടു കൊണ്ട കൈകൊണ്ട് പള്ളയമർത്തി

""ഇയ്ക്ക് ആകൂലാ സുരേട്ടാന്ന്'' കേട്ടതും
നത്ത് ശിവൻ ബാറ്റെറിയിട്ടു വാറ്റിയതിന്റെ മൂർച്ഛയിൽ
നാവ് തെരുത്ത് ""ടീ മൈ*#*%'' എന്നൊരു തെറിപ്പദം
സുരൻ വിളിച്ചു.

ശാന്ത അറിയാതെ ചിരിച്ചു പോയി.
തെറിയവൾക്ക് പണ്ടെ ഇഷ്ടമായിരുന്നു.
പ്രത്യേകിച്ച് ആ സമയത്ത് സ്‌നേഹംകൊണ്ട്
ആണുങ്ങളു പറയുന്ന ആ തെറിപ്പദം

അവളു പഠിച്ച സ്‌കൂളിലെ മൂത്രപ്പുരച്ചുമരിൽ
ചോരരാകിയതെഴുതിയിട്ടതവൾ കണ്ടിട്ടുണ്ട്.
പെണ്ണുപേരുകൾക്കൊപ്പം ഹൃദയത്തിൽ അമ്പുകുത്തിയ
അടയാളം വെച്ച്
ആ പദം അവളെ എന്നും ജീവിപ്പിച്ചിട്ടുണ്ട്.
പരസ്പരം കാണുമ്പോൾ നേർക്കുനേർ നോക്കാതെ
കുനിഞ്ഞ് നടക്കുമ്പോൾ ഉള്ളിൽ ആ ചോരമണം
മുശുക്കായ് അവളെ തൊട്ടിട്ടുണ്ട്.

പക്ഷെ ആദ്യം വിളിച്ചത് അവനായിരുന്നില്ല.
അവൾ പണിയെടുത്തിരുന്ന വീട്ടിലെ ഗൾഫ് മുതലാളി
അവൾ കോലായിയടിക്കുമ്പോൾ അങ്ങനെ നീട്ടി വിളിച്ചു.
അയാൾ ഹൃദയത്തിന്റെ ആകൃതിയുള്ള
അലിഞ്ഞ മിഠായി നീട്ടി
പാലുമണക്കുന്ന തേനൊഴിച്ച കാരാമൽ മിഠായി.
അവൾക്ക് അവനെയോർമ്മ വന്നു.

അത്തറുമണമുള്ള കട്ടിലിൽ പിന്നെയതു പതിവായ്
ഫിനോയിലിന്റെ മണമുള്ള മൊസീക്ക് തറയിൽ
അവൾ കുനിഞ്ഞ് നിന്നപ്പോഴെല്ലാം
അയാൾ തെറിപറഞ്ഞു.
അവളുടെ വിളർത്ത അവയവങ്ങളെ
പുഴുത്തു നാറി അർബുദം വന്നു ഐസീയുവിലായ
അവളുടെ തള്ളയെ
മരിച്ച് എല്ലുകളിൽ മണ്ണുപൂത്ത മുത്താച്ചിയെ
അവളുടെ മുറുക്കത്തെ അവളുടെ പിൻപുറപ്പരുക്കത്തെ
അവളുടെ എണ്ണയില്ലായ്മയെ അവളുടെ നഖച്ചെളിയെ
അവൾ തന്റെ ഹൃദയം പൊട്ടിപ്പോകുമെന്നു തന്നെ കരുതി
ഓരോ തെറിയും ഹൃദയത്തിനുള്ളതാണൂ.
അവന്റെ ചോരമണക്കുന്ന തന്റെ അനാഥഹൃദയത്തിനു

""നിനക്ക് ഞാമ്പറഞ്ഞത് തിരിഞ്ഞെടീ ശാന്തേയെന്ന്''
സുരൻ ചക്രം തിരിച്ചു.
ഒന്നു ഞെട്ടിയെങ്കിലും തെറിയിൽ അവൾക്ക്
ഉന്മാദമുണ്ടായി.

അവളുടെ ഉലയായ് അവൻ ഊതിയൂതി തീപാറ്റി
കനലുകത്തി ഇരുമ്പുപഴുക്കുന്ന വാസനവന്നപ്പോൾ
സുരൻ ചുറ്റികവെച്ച് അവളെ അടിച്ചു പരത്തി
മുഴുവൻ മൂക്കും മുമ്പ്
ഒരു തൊട്ടിയിലെ ഇളമവെള്ളത്തിൽ
അരികില്ലാത്തരിവാൾ പോലെ
അവൾ വീണു.
ഭയങ്കാവിലമ്മയുടെ നേർച്ച തെറ്റി.
ആദ്യരാത്രി തീർന്നു.
മൂശകെട്ടു. കൊല്ലനും വീണു

അവനൂതിയ കനലുകൾ
തീക്കണ്ണുമിഴിച്ച് ആകാശം നോക്കിക്കിടന്നു.
അവൾ ആശൂപത്രിക്കാലമോർത്തു
വേദനിച്ചും കരഞ്ഞും കൺപീളകെട്ടിയും
അസ്ഥിമുഴുവൻ അർബുദം പൂത്തു
എന്നിട്ടും തള്ള ചാകാൻ മൂന്ന് മാസമെടുത്തു

അവളപ്പോഴേയ്ക്കും രണ്ട്മാസം പള്ളേലായിരുന്നു
""സുരാ മോനെ ലോക നിച്ചമില്ലാത്ത പെണ്ണാടാ
നീ നോക്കണേടാന്ന്'' തള്ള ഊർദ്ധ്വൻ വലിച്ചു

തള്ളക്ക് ചാവെലിയിട്ട അന്നു വൈകുന്നേരം
ത്യാമറക്കൻ ദൈവത്തെ പ്രതി ശാന്ത കറിമൂസ തിന്നു
പച്ചപിറുത്തിച്ചക്ക അറുത്തു തിന്നു.
ഒടുക്കം ഇരുമ്പുകൊക്കപ്രയോഗം തന്നെ
വേണ്ടിയും വന്നു.
അതും കല്യാണത്തിന്റെ തലേന്ന്

സുരന്റെ റാക്കിൽ മുങ്ങിയ
തെറികേട്ട് കേട്ട് ആലയിലെ കത്തികൾ തുരുമ്പിച്ചു
തുപ്പൽ തെറിച്ച് പാരകൾ ദ്രവിച്ചു
ആണികളിൽ മൊട്ടൊടിഞ്ഞു.
സുരന്റെ നാവ് ആസുരമായി.
കൈച്ചവിണികൾ ആതുരമായി..

""സുരാ എവിട്യാണ്ടാ യിന്റെ നേർച്ച?'' ന്ന്
പോതി വിളിച്ചു മടുത്തു
നേർച്ചകൊടുക്കാത്തതിനു കണ്മിഴിച്ചു
കലിതുള്ളി കാതോലപറിച്ചു
മരം തള്ളിച്ച് മുടിയഴിച്ച് കാറ്റാടി
അടയ്ക്കമരത്തിൽ ഉണ്ണിയടയ്ക്കകൾ
മണി കിലുക്കി അരപ്പട്ടയാടിച്ചു
കോമരം തുള്ളീ പോതി
ആ മഴയത്ത് ആല ഇടിഞ്ഞു വീണു.

മെഡിക്കൽ കോളേജിലെ ആണുങ്ങളെ വാർഡിൽ
ശാന്ത അസ്ഥികൂടം പോലെ കുത്തിയിരുന്നു.
സുരന്റെ ഒടിഞ്ഞ കഴുത്ത് ഒരിക്കലും ഉറയ്ക്കില്ലെന്നും
തളർന്ന കാലുകൾ ഒരിക്കലും നിവരില്ലെന്നും
നാവ് അനങ്ങയില്ലെന്നും
ഡോക്‌റ്റെർ ആണയിട്ടപ്പോൾ
അവൾ സ്വകാര്യ സ്‌കാന്നിങ്ങ് മുറിയ്ക്കു പുറകിലെ
ഇടനാഴിയിൽ വെച്ച് പൊട്ടിക്കരഞ്ഞു.

തെറിയില്ലാതെ മൂന്നാമത്തെ ദിവസമായിരുന്നത്
അവൾ ഏകാന്തത അനുഭവിക്കുന്നത്
സുരൻ നിശബ്ദനാകുന്നത്.
വാളുപേക്ഷിച്ച് പോതി പോയത്

കുട്ടിക്കാലത്ത് ഒട്ടകപ്പക്ഷിയ്ക്കുമീതെ രാജകുമാരിയായ്
പൊട്ടിച്ചിരിച്ചുകളിച്ച ശാന്ത
നീലിത്തോട്ടിലെ മത്സ്യകന്യാവതാരമായ്
നീന്തിത്തുടിച്ച ശാന്ത
മണിത്തക്കാളികളുടെയും ഒടിച്ചൂത്തിപ്പൂക്കളുടെയും
പൂച്ചക്കുട്ടിക്കായ്കളുടെയും ഒറ്റപ്പെണ്ണായ ശാന്ത
മണ്ണിടിയ്ക്കുന്ന ചെമ്മലകളുടെയും
ചന്ദനം വെട്ടുന്ന കുന്നിൻപുറത്തിന്റേയും
ശലഭദേവത ശാന്ത

ചാലാച്ചിച്ചെട്ടിച്ച്യാരെയും കൊണ്ട്
പുറത്ത് വന്ന കുഞ്ഞക്കൻ ചെട്ട്യാർ
അവളുടെ പരിഭ്രമം കണ്ട് വാപൊത്തി
അയാൾക്ക് വളയനാട്ടമ്മയുടെ
ഉത്സവരാത്രി ഓർമ്മവന്നു.
കൊല്ലനെക്കൊണ്ട് അവൻ പണിയിച്ച
നേർച്ച വാളുകൾ
വനകന്നി മുഖിയാളായ് വളകിലുക്കിയ
പെൺപേച്ചുകൾ
റിബ്ബണിന്റെ ചോപ്പിൽ കവിൾചോന്ന
കുതൂഹലങ്ങൾ

ഭയങ്കാവിലമ്മയുടെ ചെങ്കുരുതിരാത്രി ഓർമ്മവന്നു
തട്ടാനെക്കൊണ്ടവൻ പണിയിച്ച നേർച്ചത്താലി
കരിക്കട്ടയും ചോക്കും വെച്ച് ചുമരിൽ
വരച്ച അവളുടെ ഉടലഴകുകൾ
വിരൽ മുറിച്ച് ചോരതേച്ചു പിടപ്പിച്ച
ഒറ്റഹൃദയം.
അതോട് ചേർത്ത് അവനെഴുതിയ അവൾ-
അതേ തെറിപ്പദം അവന്റെ പ്രേമം.

ചാലാച്ചിയ്ക്ക് വേദന കേറിയ അതേ സമയം
അവളെ വാർഡിലേയ്ക്കും
ശാന്തയെ ലോഡ്ജിലേയ്ക്കും അവൻ മടക്കി

കടലമണക്കുന്ന വഴിയോരങ്ങൾ
ഓറഞ്ചു മണക്കുന്ന വഴിവണ്ടികൾ
മേൽപ്പാലത്തിൽ നിന്നും തിരിച്ചിറങ്ങി
അവൻ ജിലെറ്റോ ബ്ലേഡ് വാങ്ങി
അവന്റെ പരുങ്ങൽ കണ്ട് പൂക്കാരൻ
എത്രമുഴമെന്ന് രണ്ട് വട്ടം ചോദിച്ചു
അല്ല റോസാപ്പൂവെന്നു പറഞ്ഞപ്പോൾ
അയാൾ സംശയത്തോടെ നോക്കി
ഓടയിൽ കരിങ്കുരുതിയിളക്കമോ?

ചാലാച്ചിയ്ക്ക് എന്തെല്ലാം വാങ്ങി നൽകിയോ
അതെല്ലാം വാങ്ങണമെന്നു മനസ്സുകുതികൊണ്ടു
ഓപ്പറേഷനു മാറ്റിയിട്ട പൈസയിൽ നിന്നും
അഞ്ഞൂറു രൂപയ്ക്ക് മഞ്ഞയിൽ പൂക്കളുള്ള
വോയിൽ സാരി വാങ്ങി.
ചാലാച്ചി പെറും എന്നു മനസ്സുറപ്പിച്ച്
മുക്കാപ്പവന്റെ ജിമിക്കി വാങ്ങി
പത്തുനിറച്ചാന്തും മുക്കിന്റെ വളയും വാങ്ങുമ്പോൾ
അവനു കരച്ചിൽ വന്നു.

ശാന്ത മുടിതൊട്ടപ്പഴും മുകറു തൊട്ടപ്പഴും
മൂക്കു തൊട്ടപ്പോഴും മുലക്കണ്ണ് തൊട്ടപ്പോഴും
അയാൾ കരഞ്ഞു.
അവൾക്കും വന്നു ഒരു നീറ്റലു
കാന്താരിച്ചമ്മന്തിയിടിച്ച കൈപോലെ
പൊകച്ചിലു നെഞ്ചിമ്മല്

കമ്മലിട്ടപ്പോ കണ്ണീരു ഉരുളുപൊട്ടി
സ്‌കൂൾ ബാഗിലു കണ്ട വട്ടറബ്ബറ്
അവളാകെ തൊട്ട തടിച്ച മഷിപ്പേന.
മണക്കുന്ന ഇരുന്നൂറു പേജ് നോട്ടു പുസ്തകങ്ങൾ
പലകുപ്പിയൊട്ടിയ പത്തുനിറച്ചാന്ത്
ചെൽപ്പാർക്കിന്റെ നീലമഷി

""നോക്ക്യാണീ ഞാനിപ്പളും അന്നിങ്ങളു എയ്തിവെച്ച
പോലെ ചാന്താണു തൊടണത്'' എന്നവൾ
കണ്ണാടിയിൽ നോക്കി പായാരം പറഞ്ഞു.
""മുറുങ്ങ്ണു'' ചുണ്ടു കുറുക്കി
ഇടത് ചെറുവിരലിലു ഇറുങ്ങിക്കിടക്കണ ഇരുമ്പ്
മോതിരം കാണിച്ചു.

""അപ്പോ അനക്കെന്നെ അറയേനു?''
എന്നവൻ അത്ഭുതത്തിൽ തിളങ്ങി
""അന്നെല്ലാതെ ആരെനീം എനിക്കറയൂലാർന്നു''
ന്നവളും

രാത്രിയിൽ മെഡിക്കൽ കോളേജ് ഗേറ്റിലു
ചോന്ന നക്ഷത്രവിളക്ക്, അവനൊരു ഫോണു
""പെണ്ണ് പെണ്ണ് സൊപ്പേറു'' എന്നവൻ കൂവി
""സർട്ടിക്കറ്റിലു ഓളിക്ക് ശാന്താന്നു പേരു വെച്ചോളീമ്മാ''
എന്നും പറഞ്ഞ് വർത്താനം മുറിച്ച്
""ടീ ശാന്തേ മൈ#*#* അന്റെ ചേൽക്കാണ്ടീ ഇന്റെ കുഞ്ഞി''
എന്നും പറഞ്ഞ് ഉറക്കെ ചിരിച്ചു
ശാന്തന്റെ കഴുത്തിലെ നീല ഞരമ്പിലു
ബീഡിക്കറചോത്ത പല്ലടയാളം പതിച്ചു

നാളെ ശാന്തക്കുഞ്ഞിക്ക് വെള്ള്യരഞ്ഞാണം
മണിമാലാ, ശാന്തയ്ക്ക് പൊൻമോതിരം
ഭയങ്കാവിലമ്മയ്ക് ചെമ്പ് മൊലാ
വളയനാട്ടമ്മയ്ക്ക് പിത്തളത്താലീ
ത്യാമറക്കൻ ദെയ്വെയ്ക്ക് കുപ്പിയെണ്ണാന്നും നേർച്ചേം വെച്ച്
ബ്ലേയ്ഡുകൊണ്ട് പത്താം ക്ലാസ്സിലെപ്പോലെ
വിരലുകീറി
ശാന്ത + കുഞ്ഞക്കൻ ❤️ ശാന്ത
എന്നു പ്രേമം പൊട്ടിപ്പൊട്ടി ചുമരിൽ എഴുതി.

1.നിച്ചമില്ലാത്ത- നിശ്ചയമില്ലാത്ത
2.ചാവെലി- ചാവുബലിയിലെ എണ്ണയൂത്തും തീറ്റയും ചടങ്ങ്
3.ത്യാമറക്കൻ- ബെട്ടക്കുറുമഗോത്രത്തിന്റെ വയറ്റാട്ടി ദൈവം
4.പിറുത്തിച്ചക്ക- പോർത്തുക്കിച്ചക്ക/ കൈതച്ചക്ക
5.പോതി- ഭഗവതി
6.സൊപ്പേറു- സുഖപ്രസവം
7.ചേൽക്കാണ്ടീ- ചേലിൽ ആണെടീ


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments