വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ: ഭക്ഷണത്തിന്റെയും വിശപ്പിന്റെയും അനുഭവങ്ങളിൽ നിന്നൊരു ഭക്ഷണശാല

കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനവും സുഹൃത്ത് ഉസ്​മാനും ചേർന്ന് കാക്കനാട് വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ എന്ന ഭക്ഷണശാല തുടങ്ങുകയാണ്. 'നല്ല ഭക്ഷണം കൊടുക്കാനുള്ള ഇഷ്ടം കൊണ്ടാണ് ഈ കട തുടങ്ങുന്നത്. ഇവിടെ നല്ല ഭക്ഷണം കിട്ടും, നല്ല പെരുമാറ്റമുണ്ടാകും; ഉറപ്പ്'; സന്തോഷ് പറയുന്നു.

ള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ.
ഭക്ഷണവും വിശപ്പുമായി ബന്ധപ്പെട്ട് കുട്ടിക്കാലം മുതൽ എന്നെ വിടാതെ പിന്തുടരുന്ന ചില അനുഭവങ്ങളാണ് ഇങ്ങനെയൊരു ഭക്ഷണശാല തുടങ്ങുന്നതിലേക്ക് എന്നെ എത്തിച്ചത്. കുട്ടിക്കാലം മുതലേയുള്ള ഒരാഗ്രഹമാണ് ഹോട്ടൽ നടത്തുക എന്നത്.

സന്തോഷ് ഏച്ചിക്കാനം, സുഹൃത്ത് ഉസ്മാൻ

രണ്ട് ആഗ്രഹങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്.
ഞങ്ങളുടെ വീട്ടിൽ, അടയ്ക്കാത്തോട്ടത്തിൽ അഞ്ച് ഹോഴ്‌സ് പവറിന്റെ ഡീസൽ മെഷീനാണുണ്ടായിരുന്നത്. ആ വലിയ മെഷീൻ കേടായാൽ നന്നാക്കാൻ കാസർകോട്ടുനിന്ന് ഒരു ഫിറ്റർ വരും. നൂറുകണക്കിന് സ്‌ക്രൂകളും നട്ടും ബോൾട്ടും ഊരിയെടുത്ത് തിരിച്ച് ഫിറ്റ് ചെയ്യുന്ന വലിയൊരു പരിപാടിയാണത്. വീട്ടിൽ രണ്ടു ദിവസം താമസിച്ചാണ് അദ്ദേഹത്തിന്റെ റിപ്പയറിംഗ്. ഈ സമയത്ത് ഇലയിട്ട, സമൃദ്ധമായ ഊണാണ് അദ്ദേഹത്തിന്. ഇത്രയും നട്ടും ബോൾട്ടുമൊക്കെയുള്ള ഒരു സാധനം എങ്ങനെ വീണ്ടും അസംബിൾ ചെയ്ത് എടുക്കുന്നു എന്നത് അന്ന് എന്നെ സംബന്ധിച്ച് അൽഭുതമായിരുന്നു. അന്നത്തെ എന്റെ ആഗ്രഹം അഞ്ച് ഹോഴ്‌സ് പവറിന്റെ ഡീസൽ മെഷീൻ നന്നാക്കുന്ന ഫിറ്ററാകാനായിരുന്നു.

അഞ്ചാം വയസ്സിൽ ബാല ടി.ബി വന്ന് ഞാനാകെ മെലിഞ്ഞുണങ്ങി. എനിക്ക് ഈ അസുഖം വന്നതിന്റെ പിറ്റേക്കൊല്ലമാണ് അതിന് ടാബ്‌ലറ്റൊക്കെ കണ്ടുപിടിച്ചത്. എനിക്ക് ഈ അസുഖം വന്ന വർഷം നൂറ് ഇഞ്ചക്ഷനാണ് ചികിത്സ. ദിവസവും സ്‌കൂളിൽ പോകുന്ന സമയത്താണ്, അമ്മാവനോടൊപ്പം സർക്കാർ ആശുപത്രിയിൽനിന്ന് ഇഞ്ചക്ഷനെടുക്കുക. പതുക്കെപ്പതുക്കെ, ഇഞ്ചക്ഷന്റെ വേദനയുമായി ഇണങ്ങി. പേടിയും വേദനയും മാറ്റാൻ, അവിടെയുള്ള ഒരു പട്ടരുടെ ഹോട്ടലിലേക്ക് കൊണ്ടുപോകും അമ്മാവൻ. ചെറിയൊരു ഹോട്ടലാണ്. അവിടെ വെള്ളപ്പവും കടലക്കറിയും കിട്ടും. ജീവിതത്തിൽ ഞാൻ കഴിച്ചതിൽ ഏറ്റവും രുചികരമായ വെള്ളപ്പവും കടലക്കറിയുമാണത്. ഇത് കഴിക്കാനാണ് ഞാൻ ശരിക്കും ആശുപത്രിയിലേക്ക് പോയിരുന്നത്. അന്നത്തെ എന്റെ ആരാധനാ കഥാപാത്രമാണ് ഈ പട്ടര്. അന്ന് ഞങ്ങളുടെ വീട്ടിലൊന്നും വെള്ളപ്പമില്ല. അത് അപൂർവ ഭക്ഷണമാണ്. അന്ന് എനിക്കുതോന്നി, ഇതുപോലൊരു ഹോട്ടലുണ്ടാക്കി വെള്ളപ്പവും കടലക്കറിയുമുണ്ടാക്കി കഴിക്കണമെന്ന്. ഒരു ഹോട്ടലുകാരനാകണം എന്ന രണ്ടാമത്തെ ആഗ്രഹമുണ്ടായത് അങ്ങനെയാണ്.

അരിയാട്ടുന്നതിനൊപ്പം കേട്ട കഥകൾ

ഈ കാലത്താണ്, മറ്റൊരു അനുഭവം.
വീട്ടിൽ മാധവിയേടത്തി എന്നൊരു ജോലിക്കാരിയുണ്ടായിരുന്നു. അവർ വീട്ടിലെ അംഗത്തെപ്പോലെയാണ്. എവിടെനിന്നാണ് അവർ വന്നത് എന്ന് അന്നത്തെ പത്തുവയസ്സുകാരന് അറിയില്ലായിരുന്നു. അഞ്ചടിയിൽ താഴെ ഉയരം, ഒരു കണ്ണ് തിമിരം വന്ന് വെളുത്തുപോയിരുന്നു, ഇത്തിരി മുടന്തുള്ള ഒരു പാവം സ്ത്രീ. ഭയങ്കര എനർജറ്റിക്കാണ്. അടുക്കള ഭരണം അവർക്കാണ്. രാവിലെ എഴുന്നേറ്റ് വലിയ അരകല്ലിൽ അരിയിടും. ഇത് അരയ്ക്കലാണ് പ്രധാന പണി. അന്നുതന്നെ അവർക്ക് 55 വയസ്സുണ്ട്. കൂട്ടുകുടുംബമായതിനാൽ, വീട്ടിൽ കുറെ ആളുകളുണ്ട്. പിന്നെ തോട്ടത്തിൽ പണിയെടുക്കുന്നവരും മറ്റും. ഒരാണും അവരെ സഹായിക്കില്ല. അമ്മക്കും അനിയത്തിക്കും വേറെ ജോലിയുണ്ടാകും. മാധവിയേടത്തിയെ കാണുമ്പോൾ എനിക്ക് വലിയ സങ്കടം തോന്നും.
‘നീ എന്നെയൊന്ന് സഹായിക്കടാ' എന്ന് അവർ പറയും.
‘എനിക്ക് വയ്യ' എന്ന് പറഞ്ഞാൽ, ‘നീ ഇതൊന്നു പിടിച്ചാൽ മതിയെടാ, നമ്മൾ രണ്ടുപേരും ഒന്നു പിടിച്ചാൽ ഇത് അരച്ചെടുക്കാം' എന്ന് അവർ നിർബന്ധിക്കും.
‘നിനക്ക് ഞാൻ കഥയും പറഞ്ഞുതരാം'
അപ്പോൾ എനിക്ക് താൽപര്യമായി; ‘എന്തു കഥ?'
‘മഹാഭാരതം, രാമായണം'.

മാധവിയേടത്തിക്ക് രാമായണവും മഹാഭാരതവുമൊക്കെ അറിയാം. എവിടെനിന്നാണ് അവർ ഇതൊക്കെ വായിച്ചത് എന്നറിയില്ല. അവരുടെ പഴയ തകരപ്പെട്ടിയിൽ രാമായണത്തിന്റെ ഒരു പുസ്തകം കണ്ടിട്ടുണ്ട്.
അങ്ങനെ അവർ എനിക്ക് കഥകൾ പറഞ്ഞുതരാൻ തുടങ്ങി. ഞാൻ പിന്നെ ഫുൾടൈം മാധവിയേടത്തിക്കൊപ്പം അരിയാട്ടലാണ് പണി. ആ സമയമത്രയും അവർ കഥകൾ പറഞ്ഞുതരും. അരിയാട്ടുന്നതിന്റെ കഷ്ടപ്പാടും അങ്ങനെ മറക്കും. അടുക്കള അയോധ്യയും ഹസ്തിനപുരിയും ആയി മാറും.
അങ്ങനെ, കഥകൾ കേൾക്കാൻ ഞാൻ അടുക്കളയുമായി നിരന്തരം ബന്ധപ്പെടാൻ തുടങ്ങി.
എനിക്ക് കഥകൾ കിട്ടി. മാധവിയേടത്തിക്ക് വലിയ കഷ്ടപ്പാടില്ലാതെ അരി ആട്ടിയെടുക്കാനും പറ്റി.

കമ്മടനുവേണ്ടി അച്​ഛനുണ്ടാക്കുന്ന ഭക്ഷണം

ആറാം ക്ലാസിൽ പഠിക്കുന്ന സമയം.
ഞങ്ങൾ താമസിച്ചിരുന്നിടത്തുനിന്ന് ആറേഴുകിലോമീറ്റർ ദൂരെ കീപ്പാടി എന്ന സ്ഥലമുണ്ട്. മുത്തച്ഛന്റെ വീടാണത്. അച്ഛന്, അച്ഛന്റെ അമ്മയുടെ അമ്മ കൊടുത്ത പത്തേക്കർ സ്ഥലം അവിടെയുണ്ട്. കാടു പിടിച്ചുകിടന്നിരുന്ന ആ സ്ഥലത്ത് അച്ഛൻ ചെറിയ വീടുവച്ചു. അവിടെ സെറ്റിലാകാൻ തീരുമാനിച്ചു. അവിടെ പോയി കൃഷി ചെയ്യാൻ തെങ്ങൊക്കെ വച്ചിരുന്നു. അവ വളർന്നുകൊണ്ടിരിക്കുന്നു. ഞാൻ ആറാം ക്ലാസിലേക്കാണ്. കുണ്ടംകുഴി ഗവ. സ്‌കൂളിലേക്കാണ് പോകേണ്ടത്. വീട്ടിൽനിന്ന് ആറേഴുകിലോമീറ്റുണ്ട്, കീപ്പാടിയിൽനിന്നും ഇതേ ദൂരമാണ്.

അമ്മയും പെങ്ങളും ഇപ്പോൾ വരേണ്ട, കാട് വെട്ടിത്തെളിച്ചശേഷം വന്നാൽ മതിയെന്നു പറഞ്ഞ് എന്നെയും കൂട്ടി അച്ഛൻ അങ്ങോട്ടുപോയി. ദാമു എന്നുപേരായ ഒരു പട്ടിയും അച്ഛനും ഞാനും കൂടിയാണ് പോയത്.
അതിഭീകരമായ പേടിയായിരുന്നു എനിക്ക്. അവിടെയൊന്നും ഒരു വീടുപോലുമില്ല, തീർത്തും ഒറ്റപ്പെട്ട സ്ഥലം. അരിച്ചുപെറുക്കിയാൽ ഒരു വീടു മാത്രം, കാർപെന്റർ ഗോവിന്ദന്റെ.
പത്തേക്കറിൽ ചന്ദന മരങ്ങൾ. ബാക്കി കാട്. കൊല്ലി എന്നാണ് പറയുക, വ്യാളി വന്ന് ഒരാളെ പിടിച്ചിട്ടുണ്ട്, പെരുമ്പാമ്പ് ഒരാളെ പിടിച്ചിട്ടുണ്ട് എന്നൊക്കെയുള്ള കഥകളാണ് അവിടെ. ഇതൊക്കെ കേട്ട് രാത്രി ആകെ പേടിച്ചുവിറച്ച് കിടക്കും. നന്നായി കടഞ്ഞെടുത്ത വീട്ടിയുടെ രാജകീയ കട്ടിലിലാണ് അച്ഛൻ കിടക്കുക. നിലത്ത് തടിയിൽ ഞാനും.
കുറുക്കന്റെയും മൂങ്ങയുടെയും ശബ്ദം കേട്ട് അത് വ്യാളിയാകുമെന്ന് പേടിച്ച്...
പകൽ വെട്ടിയ കാട് രാത്രി കൂട്ടിയിട്ട് കത്തിക്കും. ആകാശത്തേക്കുയരുന്ന തീനാളങ്ങളുടെ വെളിച്ചത്തിലിരിക്കുന്നത് അക്കാലത്തെ നല്ല ഓർമയാണ്.
കാട് വെട്ടിത്തെളിക്കാൻ പണിക്കാർ വരും. പണിക്കാർക്ക് ഭക്ഷണമുണ്ടാക്കാൻ ഒരു സ്ത്രീയുണ്ട്.
അവരില്ലെങ്കിൽ അച്ഛനാണ് ഭക്ഷണമുണ്ടാക്കുക. തോരപ്പുഴുക്ക്, മുതിരപ്പുഴുക്ക്, ചെറുപയർ, ഉണക്കമീൻ...ഇതൊക്കൊയാണുണ്ടാക്കുക. അ്ചഛൻ നല്ല രുചിയിൽ ഭക്ഷണമുണ്ടാക്കും. എല്ലാവർക്കും ഭക്ഷണം കൊടുക്കാനും ഇഷ്ടമാണ്. ഞാനും അതേ. എന്റെ ഫ്‌ളാറ്റിൽ ആരു വന്നാലും ആദ്യം ചോദിക്കുക, ഭക്ഷണം കഴിച്ചോ എന്നാണ്. അത് ഒരു ശീലത്തിന്റെ ഭാഗമായി വരുന്നതാണ്.
അന്ന് ഞാൻ അച്ഛനെ സഹായിക്കും.
മുതിരപ്പുഴുക്കുണ്ടാക്കിയാൽ എങ്ങനെയിരിക്കും എന്ന് ഞാൻ അച്ഛനോട് ചോദിക്കും.
‘നീ ഉണ്ടാക്ക്' എന്ന് അദ്ദേഹം സമ്മതം തരും.
ഞാനുണ്ടാക്കുന്ന മുതിരപ്പുഴുക്ക് നന്നായിട്ടില്ലെങ്കിലും ‘നന്നായി' എന്ന് അച്ഛൻ പറയും.
കാലിനു മുടന്തുള്ള, കമ്മടൻ എന്നൊരാളുണ്ടായിരുന്നു അവിടെ. പനമ്പ് മെടയുന്നയാളാണ്. നാല് തൂണിനുതാഴെ ഓലയിട്ട് മറച്ച ചെറ്റക്കുടിലിൽ മൂന്നാലു പൊടിക്കുഞ്ഞുങ്ങളും ഭാര്യയും അയാളുമാണ് കഴിയുന്നത്. ഇയാൾ കുട്ടകൾ നെയ്ത് കൊണ്ടുവരും.
ചിലപ്പോൾ അച്ഛൻ അദ്ദേഹത്തെ വീട്ടിലേക്ക് വിളിക്കും, ഭക്ഷണം കൊടുക്കാൻ.
ഭക്ഷണം കഴിക്കാൻ വിളിച്ചാൽ അദ്ദേഹത്തിന്​ വലിയ സന്തോഷമാണ്​.
അച്ഛൻ കമ്മടനുവേണ്ടി ഭക്ഷണമുണ്ടാക്കും. കമ്മടൻ ഒരു കുട്ടിയെയും കൊണ്ടാണ് വരിക. കൈയിൽ കുട്ടയുണ്ടാകും. അച്ഛൻ അത് കാശുകൊടുത്ത് വാങ്ങും.

പിന്നെ, ഇലയിട്ട് സമൃദ്ധമായി ഭക്ഷണം കൊടുക്കും.
ആളുകൾക്ക് ഭക്ഷണം കൊടുക്കുക എന്ന ശീലം ഇതെല്ലാം കണ്ടിട്ടായിരിക്കാം എന്നിലുമുണ്ടായത്.

ഭക്ഷണം കഴിക്കാതെ തളർന്നുവീണവർ

ഭക്ഷണം അന്വേഷിച്ചുവന്നയാളുകൾ എന്റെ മുന്നിൽ തളർന്നുവീണ അനുഭവമുണ്ടായിട്ടുണ്ട്, വിശന്നിട്ട്. തിരുവനന്തപുരത്ത് താമസിച്ച് സിനിമക്ക് കഥയെഴുതുന്ന കാലം. ഞങ്ങൾ, സുഹൃത്തുക്കൾ ചായ കുടിക്കാനിറങ്ങിയതാണ്.
കൊടുംവെയിലിൽ ഒരാൾ നടന്നുവന്ന് എന്റെ മുന്നിൽ വീണു.
അപസ്മാരം പോലെ അദ്ദേഹം പിടച്ചുകൊണ്ടിരിക്കുകയാണ്. വായിൽനിന്ന് നുര വരുന്നു.
അടുത്ത ഒരു വർക്ക്‌ഷോപ്പിൽനിന്ന് ആരോ ഒരു താക്കോൽ കൊണ്ടുകൊടുത്തു.
അദ്ദേഹം ശാന്തനായി. എവിടെനിന്നാണ് എന്ന് അയാളോട് ചോദിച്ചു.
ബാലരാമപുരത്തുനിന്ന് നടന്നാണ് ഇയാൾ വരുന്നത്. കുറെ ദിവസങ്ങളായി നടക്കുന്നു.
ഫോൺ നമ്പർ ചോദിച്ചപ്പോൾ തന്നത് 12 അക്കങ്ങളുള്ള, തെറ്റായ ഒരു നമ്പർ.
‘എനിക്കൊരു ജോലി വേണം', അയാൾ പറഞ്ഞു.
അന്ന്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ അഞ്ചാം നിലവറ തുറക്കണമെന്ന വിവാദം നടക്കുന്ന സമയാണ്. കോടികളുടെ ആഭരണശേഖരം ക്ഷേത്രത്തിനകത്ത് ആർക്കും തൊടാൻ പറ്റാതെ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ഒരാൾ വിശന്നുതളർന്നുവീഴുന്നു.
അവിടെയും ഒരു താക്കോലുണ്ട്, ഇയാളുടെ കൈയിലും താക്കോൽ.
ഇയാൾക്ക് താക്കോൽ കൊടുത്തപ്പോഴാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അവിടെ നിലവറ തുറക്കാൻ താക്കോലുമായി കുറെപേർ നിൽക്കുന്നു. ഈ വൈരുദ്ധം വച്ചാണ് ഞാൻ ‘മരപ്രഭു' എന്ന കഥയെഴുതിയത്.
ഇയാൾക്ക് നഗരത്തിൽ രണ്ടു ദിവസം താമസിക്കണം. എന്റെ കൈയിൽ 250 രൂപയുണ്ട്. മറ്റുള്ളവർ കൂടി എടുത്തപ്പോൾ 850 രൂപയായി.
‘ഭക്ഷണം കഴിച്ച് രണ്ടു ദിവസം ഇവിടെ നിന്ന് ജോലി കണ്ടെത്താം. ഇല്ലെങ്കിൽ വീട്ടിലേക്കു തിരിച്ചുപോകൂ', ഞാൻ അയാളോടു പറഞ്ഞു.
സന്തോഷത്തോടെ അയാൾ നടന്നുപോയി.

കാഞ്ഞൂരിൽ താമസിക്കുമ്പോൾ ഒരിക്കൽ ഒരു തമിഴ്‌നാട്ടുകാരൻ നടന്നുവന്ന് കാർ പോർച്ചിൽ നിന്നു.
അന്ന് ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല. ബ്രഡാണ് കഴിച്ചത്, അതും കഴിഞ്ഞു.
ഇയാൾ ശാപ്പാട് ചോദിക്കുന്നു.
ശാപ്പാട് ഇല്ല.
കുറച്ച് തണ്ണിയായാലും മതി.
വെള്ളമെടുത്ത് വരുമ്പോഴേക്കും അയാൾ മുട്ടും കുത്തി നമസ്‌കരിക്കുന്നപോലെ നിലത്തുവീണു.
അയാൾ ആലുവയിൽനിന്ന് പൊരിവെയിലത്ത് നടക്കുകയാണ്, ജോലി അന്വേഷിച്ച്. നടന്നുനടന്ന് കാല് പൊട്ടി. ഈ സമയത്ത്, ഇതേപോലെ മലയാറ്റൂരിലേക്ക് ആളുകൾ ആത്മീയയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്, കുരിശ് ചുമന്ന്. ഈ സമയത്താണ് ഒരാൾ പട്ടിണി കിടന്ന് യാത്ര നടത്തുന്നത്.
ഞാൻ അമ്പതോ നൂറോ രൂപ കൊടുത്തു, ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കൂ എന്നു പറഞ്ഞ്.

ബി.എഡിന് പഠിക്കുമ്പോൾ, ഒരു വീട് എടുത്തായിരുന്നു താമസം. ബാക്കിയുള്ളവരുടെ കുക്കിംഗ് അബദ്ധമാണ്. എന്റെ കുക്കിംഗ് ഡേ വരുന്ന ദിവസം അമ്മയോട് ചോദിച്ച്, വീട്ടിലുണ്ടാക്കുന്നതുപോലത്തെ രുചിയുള്ള ഭക്ഷണമുണ്ടാക്കും. കൂട്ടുകാർ എന്നെ ‘അമ്മത്തെയ്യം' എന്നാണ് വിളിക്കുക. അമ്മയെപ്പോലെ ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നയാൾ എന്ന അർഥത്തിൽ.
ഒരിക്കൽ, ഫ്‌ളാറ്റിൽ വച്ച്, കൂട്ടുകാരുമൊത്ത് ഭക്ഷണത്തിന് ചിക്കൻ കറിയുണ്ടാക്കാൻ തീരുമാനിച്ചു. തേങ്ങാപ്പാലൊഴിച്ച ചിക്കൻ കറി.
തേങ്ങയില്ല എന്ന കാര്യം മറന്നുപോയി. രാത്രി വൈകി, തേങ്ങാപ്പാൽ കിട്ടില്ല. പകരം ആരുമറിയാതെ, പശുവിൽ പാൽ ഒഴിച്ച് കറിയുണ്ടാക്കി.
‘സൂപ്പറായിട്ടുണ്ട്' എന്ന് എല്ലാവരും പറഞ്ഞു.

അന്ന് ഒരു കാര്യം മനസ്സിലായി. ഭക്ഷണത്തിന്റെ ചേരുവയോളം പ്രധാനമാണ്, നമ്മൾ സ്‌നേഹത്തോടെ അത് ഉണ്ടാക്കുന്നു എന്നത്. കഴിക്കുന്നവർക്ക് തൃപ്തിയുണ്ടാകണം എന്ന് പ്രാർഥിച്ച് ഉണ്ടാക്കിക്കഴിഞ്ഞാൽ ഭക്ഷണം പകുതിയും ഒ.കെയാകും.
വീട്ടിലാണെങ്കിൽ ഇടക്കിടക്ക് ഭക്ഷണമുണ്ടാക്കും. രസമുള്ള പരിപാടിയാണത്. കഥയെഴുതുമ്പോൾ, വെട്ടിയും തിരുത്തിയും ഭാഷ പെറുക്കിവെക്കുന്നപോലെയാണ് ഭക്ഷണത്തിലേക്ക് അതിന്റെ ചേരുവകൾ ചേർക്കുന്നത്. നല്ല കഥ വായിക്കുന്നതുപോലെ, നല്ല ഭക്ഷണം കഴിക്കാനും പറ്റും.
ഭക്ഷണവുമായി ബന്ധപ്പെട്ട് ഇത്തരം അനുഭവങ്ങളുണ്ട്, ബിരിയാണി അടക്കമുള്ള കഥകൾ എഴുതിയത് ഇത്തരം അനുഭവങ്ങൾ വച്ചാണ്.
ഭക്ഷണത്തിനുവേണ്ടി ഒരാൾക്ക് മറ്റൊരാൾക്കുമുന്നിൽ കൈനീട്ടേണ്ടിവരുമ്പോഴാണ് ആ മനുഷ്യൻ ഏറ്റവും കൂടുതൽ ഇൻസൾട്ട് ചെയ്യപ്പെടുന്നത്. ഒരു രാജ്യം എത്ര പുരോഗതിയുണ്ടാക്കിയാലും ഭക്ഷണത്തിനുവേണ്ടി മറ്റൊരാൾക്കുമുന്നിൽ കൈനീട്ടേണ്ടിവരുന്ന ഒരാൾ അവിടെയുണ്ടെങ്കിൽ, ആ രാജ്യം ദാരിദ്ര്യം പിടിച്ച രാജ്യമാണെന്നു ഞാൻ പറയും.

ആളുകൾക്ക് നല്ല ഭക്ഷണം കൊടുക്കാനാണ് ‘വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ’ എന്ന കട. ചെറിയ ലാഭം മതി. ഒപ്പമുള്ളത് സുഹൃത്ത് ഉസ്​മാനാണ്. കാറ്ററിംഗ് നടത്തുന്നയാളാണ്. ഫുഡിനോട് വലിയ പാഷനുള്ളയാൾ. നല്ല ഭക്ഷണം എല്ലാവർക്കും കൊടുക്കണം എന്നാഗ്രഹിക്കുന്നയാളാണ്. അദ്ദേഹത്തിന് ‘വള്ളക്കടവ് ഓൺലൈൻ’ എന്ന മത്സ്യവിപണനകേന്ദ്രമുണ്ട്, നല്ല മീനാണ് കൊടുക്കുന്നതിൽ കണിശതയുള്ളയാളാണ്. ഉസ്മാനെ കിട്ടിയതുകൊണ്ടാണ് ഈ സംരംഭം ആരംഭിക്കുന്നത്.

നല്ല ഭക്ഷണം കൊടുക്കണം എന്ന ലക്ഷ്യമേ ഞങ്ങൾക്കുള്ളൂ. മില്ലിൽ പൊടിച്ച നല്ല കറിക്കൂട്ടുകളാണ് ഇവിടെ ഉപയോഗിക്കുന്നത്, ഒരു മായവുമില്ല, പഴയ ഭക്ഷണം ഒരിക്കലുമുണ്ടാകില്ല. ഭക്ഷണത്തിൽ ഇത്ര മായം ചേർക്കുന്ന സ്ഥലം വേറെയുണ്ടോ എന്ന് സംശയമാണ്. കൊലപാതകത്തിന് ജീവപരന്ത്യം കൊടുക്കുന്നുണ്ടെങ്കിൽ, ഭക്ഷണത്തിൽ മായം ചേർക്കുന്നയാൾക്ക് വധശിക്ഷ കൊടുക്കണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ. കാരണം,
ആളുകളെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന് സമമാണത്. ലോകത്ത് ഏതു രാജ്യമെടുത്താലും അവിടെയൊക്കെ ഇതിന് വലിയ ശിക്ഷയാണ്. ഭക്ഷണത്തിൽനിന്ന് മുടി കിട്ടിയാൽ, ഹോട്ടൽ പൂട്ടിക്കളയും, ദുബൈയിലൊക്കെ. ഇവിടെ, ഏത് ചീഞ്ഞ സാധനം കൊടുത്താലും ആളുകൾ കഴിക്കും. ചീഞ്ഞ ഭക്ഷണം പിടിച്ചു എന്നു പറഞ്ഞാലും അവിടെനിന്ന് പിന്നെയും ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും.

എറണാകുളം കാക്കനാട് കുന്നുംപുറം റോഡിൽ സിവിൽ സ്‌റ്റേഷനടുത്ത സീപോർട്ട് എയർപോർട്ട് റോഡിൽനിന്ന് 150 മീറ്റർ പടമുകളിലേക്ക് പോകുന്ന വഴിയിലാണ്, 600 സ്‌ക്വയർ ഫീറ്റിൽ വള്ളക്കടവ് സീ ഫുഡ് റെസ്‌റ്റോ കഫേ എന്ന ഭക്ഷണശാല തുടങ്ങുന്നത്. ബീച്ചിലോ ഒരു വള്ളക്കടവിലോ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലുള്ള അനുഭവം ഇവിടെ നിങ്ങൾക്ക് കിട്ടും. മീൻ വിഭവങ്ങളാണ് പ്രധാനമായും ഉള്ളത്. മീൻ ഷവർമ, മീൻ അൽഫാം, ചുട്ടെടുത്ത മീൻ തുടങ്ങിയവ. ഒപ്പം, ബീഫ്, ചിക്കൻ, അൽഫാം, ഷവർമ വിഭവങ്ങളും.

ഭക്ഷണം കൊടുക്കാനുള്ള ഇഷ്ടം കൊണ്ടാണ് ഈ കട തുടങ്ങുന്നത്. ഇവിടെ നല്ല ഭക്ഷണം കിട്ടും, നല്ല പെരുമാറ്റമുണ്ടാകും; ഉറപ്പ്.


സന്തോഷ് ഏച്ചിക്കാനം

കഥാകൃത്ത്, തിരക്കഥാകൃത്ത്. കൊമാല, ശ്വാസം, ബിരിയാണി തുടങ്ങിയവ പ്രധാന കൃതികൾ. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപസ്, ആണും പെണ്ണും എന്ന ആന്തോളജിയിലെ സാവിത്രി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്.

Comments