പ്രിയപ്പെട്ട ആണുങ്ങളെ നിങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു

''എങ്ങനെയായിരിക്കണം ജനാധിപത്യപരമായ കുടുംബ വ്യവസ്ഥയിലെ അച്ഛൻ, ആരായിരിക്കണം ലിംഗ ബന്ധങ്ങളിലെ ഭർത്താവ് എന്ന് അച്ഛൻ ആവാൻ പോകുന്നവരുടേയും അച്ഛൻ ആയി കഴിഞ്ഞവരുടേയും പുരുഷന്മാരുടേയും ഇടയിൽ പറഞ്ഞു തുടങ്ങേണ്ടതുണ്ട്'. ചാച്ചൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ചാച്ചൻ നൈറ്റിൽ' കെ.എൽ ആന്റണി സ്മാരക പ്രഭാഷണ പരമ്പര മൂന്നാം ഭാഗത്തിൽ പങ്കെടുത്ത് എഴുത്തുകാരി സാറാജോസഫ് നടത്തിയ പ്രഭാഷണം.

രാണ് അച്ഛൻ എന്താണ് അച്ഛൻ എന്നതിനെക്കുറിച്ച് വളരെ പരമ്പരാഗതമായി കിട്ടിയിട്ടുള്ള ഒരു ധാരണയുണ്ട്. കുടുംബത്തിന്റെ നാഥനാണ് അച്ഛൻ, അധികാരിയാണ് അച്ഛൻ... അങ്ങനെ അധികാരത്തിന്റെയും നായകസ്ഥാനത്തിന്റെയും പിതൃബിംബം; അതാണ് പരമ്പരാഗതമായി അച്ഛനെക്കുറിച്ച് നമുക്ക് കിട്ടിയിട്ടുള്ള സങ്കൽപം. പുരുഷാധികാര വ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ആരായിരിക്കണം അധികാരി എന്ന ചോദ്യത്തിന് സാമൂഹികമായി കിട്ടുന്ന ഒരുത്തരം പുരുഷൻ എന്നുള്ളതാണ്. നമ്മുടെ സമൂഹത്തിന്റെ ഒരു മിനിയേച്ചർ രൂപം ആയിട്ടുള്ള കുടുംബം തീർച്ചയായും അതിനെ അനുവർത്തിക്കുക തന്നെയാണ് ചെയ്യുന്നത്. ഒരു അധികാരിയുടെ കീഴിൽ ജീവിക്കുന്ന മനുഷ്യർ എന്ന രീതിയിൽ ഒട്ടും ജനാധിപത്യപരമല്ലാത്ത ഒരു ഘടനയാണ് നമ്മുടെ കുടുംബം എന്നു പറയുന്ന സ്ഥാപനത്തിനുള്ളത്. ജനാധിപത്യപരം അല്ലാത്ത കുടുംബത്തിനകത്ത് അധികാരിയുടെ റോൾ അച്ഛൻ പരിശീലിപ്പിക്കപ്പെടുകയാണ്. അതായത് എങ്ങനെയാണ് ഒരു പുരുഷൻ അച്ഛൻ ആകേണ്ടത് എന്നത് സമൂഹത്തിന്റെ നിർമ്മിതിയാണ്. നമുക്കറിയാം സമൂഹം ഒരു അച്ഛനെ നിർമ്മിക്കുകയാണ്. അതല്ലാതെ ഒരച്ഛൻ സ്വയം അച്ഛനായി മാറുകയല്ല ചെയ്യുന്നത്. മക്കളോടും ഭാര്യയോടും ഏത് രീതിയിലാണ് പുരുഷൻ തന്റെ അധികാരത്തിന്റെ ശക്തി ഉപയോഗിച്ചു കൊണ്ട് പെരുമാറേണ്ടത് എന്നതിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കുറേ സങ്കൽപങ്ങൾ ഉണ്ട്. ആ കോൺസെപ്റ്റുകൾക്ക് അനുസരിച്ച് വാർന്നുവീഴുന്ന ഒന്നാണ് പിതൃബിംബം എന്നത്.

മനുഷ്യൻ സമൂഹജീവിതം ആരംഭിക്കുന്ന കാലം തൊട്ടു തന്നെ ഈ പിതൃബിംബം അതിശക്തമായി സ്ഥാപിക്കപ്പെടുന്നുണ്ട്. ഒരുപക്ഷേ ഏറ്റവും പ്രാകൃതമായ ഒരു സമൂഹത്തിൽ ലൈംഗികബന്ധത്തിൽ ആണും പെണ്ണും മാത്രമായിരുന്ന, മറ്റു രക്തബന്ധങ്ങളോ അങ്ങനെയുള്ള വർഗ്ഗീകരണങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, ആരും ആരോടും ലൈംഗികമായി ബന്ധപ്പെട്ടിരുന്ന കാലഘട്ടത്തിൽ അമ്മയ്ക്കായിരുന്നു വലിയ സ്ഥാനം എന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. കാരണം കുട്ടി അമ്മയുടേത് മാത്രമായിട്ടാണ് അറിയപ്പെടുന്നത്. ഏതു പുരുഷനും ആയിട്ടും അമ്മയ്ക്ക് ബന്ധപ്പെടാം എന്നുള്ളതുകൊണ്ട് തന്നെ ഏതു പുരുഷന്റെ കുഞ്ഞ് എന്ന് വ്യക്തമായി പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ കുഞ്ഞിനെ പ്രസവിക്കുന്ന അമ്മയാണ് കുഞ്ഞിന്റെ മേൽ എല്ലാ അധികാരവും. അമ്മയ്ക്ക് പ്രാധാന്യമുള്ള സമൂഹത്തിനുമേൽ അട്ടിമറി നടക്കുന്നത് സ്വകാര്യ സ്വത്തിന്റെ ഉത്ഭവത്തോട് കൂടിയാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയുമൊക്കെ പഠനം, നരവംശ ശാസ്ത്രപഠനം എന്നിവയിലെല്ലാം തന്നെ നമുക്ക് അത് കാണാൻ സാധിക്കുന്നു. പ്രാചീനമായ ബൈബിൾ എന്ന മഹാഗ്രന്ഥത്തെ നരവംശ ശാസ്ത്രത്തോടും ഏംഗൽസിന്റെ "കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം' എന്നിവയോടും ചേർത്തുവച്ചു പഠിക്കുകയാണെങ്കിൽ പടിപിടി ആയിട്ട് എങ്ങനെയാണ് മാതൃബിംബത്തെ തകർത്തുകൊണ്ട് പിതൃബിംബം കയറിവരുന്നത് എന്നു കാണാൻ കഴിയും. എങ്ങനെയാണ് അമ്മയ്ക്ക് പ്രാധാന്യമുള്ള ഒരു സമൂഹത്തിൽ നിന്ന് അച്ഛനു പ്രാധാന്യമുള്ള ഒരു സമൂഹത്തിലേക്ക് മനുഷ്യർ മാറുന്നത് എന്ന് സ്വത്ത് അടിസ്ഥാനത്തിലും കായിക ബലത്തിന്റെ അടിസ്ഥാനത്തിലുമൊക്കെ സ്ഥാപിക്കപ്പെടുന്ന ആ ഒരു കാഴ്ച, ഒരുപക്ഷേ ഗോത്ര കലഹങ്ങളുടെയും ഗോത്രങ്ങളുടെ പിടിച്ചടക്കലിന്റെയും വംശീയഹത്യയുടെയുമൊക്കെ മഹാ ഇതിഹാസമായ ബൈബിൾ മാത്രം പരിശോധിച്ചാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സമൂഹത്തിന്റെ ഡെവലപ്‌മെന്റ് ഈ രീതിയിൽ വായിച്ചെടുക്കാനാവും. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ഈ പറഞ്ഞതുപോലെയുള്ള പിതൃ മേധാവിത്ത സംസ്‌കാരം നിലനിൽക്കുമ്പോൾ സ്വാഭാവികമായിട്ടും അച്ഛന്റെ വാക്ക്, അച്ഛന്റെ അഭിപ്രായം, അച്ഛന്റെ ശാസന, അതിന്റെ അപ്പുറത്തേക്ക് കടക്കാൻ അമ്മയ്‌ക്കോ അല്ലെങ്കിൽ മക്കൾക്കോ അല്ലെങ്കിൽ വൃദ്ധരായിട്ടുള്ള ആളുകൾക്കോ സാധ്യമല്ല. അപ്പോൾ ശക്തൻ ആയിട്ടുള്ള, കായികശേഷിയും അധികാരശേഷിയും സാമ്പത്തിക ശേഷിയുമുള്ള ഒരു പുരുഷൻ - ആ പുരുഷന്റെ കീഴിൽ കുടുംബത്തിലെ ഇതര അംഗങ്ങൾ വിധേയമായിരിക്കണം; അടിമകൾ ആയിരിക്കണം; അയാളുടെ താൽപര്യങ്ങൾ നിർവഹിക്കുന്നവരും ആയിരിക്കണം.

ഇത്തരത്തിലുള്ള ഒരു അച്ഛന്റെ നിർമ്മിതിയിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് മതങ്ങൾ തന്നെയാണ്. മതം അച്ഛനു കൊടുത്തിട്ടുള്ള പരിവേഷം അല്ലെങ്കിൽ മതം അച്ഛനെ ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ എല്ലാം മതത്തിന്റെ നിർമ്മിതിയാണ്. പഴയനിയമത്തിലും പുതിയ നിയമത്തിലും അടക്കം ഇതുണ്ട്. അച്ഛൻ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചും ആണധികാരസ്ഥാനം ഉറപ്പിച്ചു പിതൃമേധാവിത്ത സംസ്‌കാരം സമൂഹത്തിൽ നിലനിർത്തുന്നതിന് മതങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എല്ലാ മതങ്ങളും അങ്ങനെതന്നെയാണ്.

നമുക്ക് ഇന്ത്യയിലെ ഒരു അവസ്ഥയിലേക്ക് തിരിച്ചു വരികയാണെങ്കിൽ, കേരളത്തിൽ അധിനിവേശം ഉണ്ടാവുകയും ഒരു സംസ്‌കൃതപാരമ്പര്യം വഴി ഏറ്റവും ശക്തമായ ഒരു പിതൃബിംബം ഉയർന്നുവരികയും ചെയ്യുന്നത്. കേരളത്തിൽ നിലനിന്നിരുന്നു എന്ന് പറയുന്ന മാതൃദായം, അതിൽ കുറെയൊക്കെ പരിമിതി ഉണ്ടെങ്കിലും സ്ത്രീക്ക് പരിമിതമായ അധികാരമെങ്കിലും ഉണ്ടായിരുന്നു. അത് മിക്കവാറും ഇവിടുത്തെ നായർ കുടുംബങ്ങളിൽ എല്ലാം തന്നെ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഈഴവ കുടുംബങ്ങളിൽ പോലും നിലനിന്നിരുന്ന ഒന്നാണ് മാതാവിന് അധികാരമുള്ള വ്യവസ്ഥ, അഥവാ തീരുമാനങ്ങൾ എടുക്കുന്നതിന് സ്ത്രീക്ക് പരിമിതമായ ഒരു റോൾ. എന്നാൽ സംസ്‌കൃത ഭാഷ സംസാരിക്കുന്ന ഒരു ജനസമൂഹത്തിന്റെ അധിനിവേശവും അതിനെ തുടർന്നുവന്ന കൊളോണിയൽ അധിനിവേശവും ഇവിടെ നിലനിന്നിരുന്ന അത്തരം പരിമിതമായ മാതൃദായക്രമത്തെയും അമ്മയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്ന ഒരു സമൂഹത്തെയും മാറ്റിമറിച്ചതായി നമുക്ക് കാണാം.

ഭാഷ തന്നെ പരിശോധിച്ചാൽ വളരെ വ്യക്തമായി നമുക്ക് അതു മനസ്സിലാക്കാൻ സാധിക്കും. ഞാൻ ചൂണ്ടിക്കാണിക്കാറുള്ള ഒന്നുണ്ട്, പിതാവ് എന്ന ശബ്ദം അതുമായി ബന്ധപ്പെടുന്ന എല്ലാ ശബ്ദങ്ങളെയും അമർച്ച ചെയ്തു കളയുന്നു. കാളിദാസൻ സുപ്രസിദ്ധമായ ഉള്ള ശ്ലോകം- "വാഗർത്ഥാവിവ സംപൃക്തൗ
വാഗർത്ഥപ്രതിപത്തയേ ജഗതഃ പിതരൗ വന്ദേ പാർവതീപരമേശ്വരൗ'
ജഗതഃ പിതരൗ എന്നതിൽ പിതരൗ എന്ന വാക്കിന്റെ അർത്ഥം രണ്ട് പിതാക്കൾ എന്നാണ്. രണ്ട് പിതാക്കളെ ഞാൻ വന്ദിക്കുന്നു. ആരാണ് രണ്ട് പിതാക്കൾ?പാർവതീപരമേശ്വരൗ. പാർവ്വതിയും പരമേശ്വരനും ആണ് രണ്ട് പിതാക്കൾ. നമുക്കറിയാം പിതാ ശബ്ദം ഒരിക്കലും മാതാവിനെ സൂചിപ്പിക്കാൻ നമ്മൾ മറ്റൊരു സാഹചര്യത്തിൽ ഉപയോഗിക്കാറില്ല. എന്റെ പിതാവാണ് പോകുന്നത് എന്ന് അമ്മയെ ചൂണ്ടി നമ്മൾ പറയാറില്ല. എന്റെ അമ്മയാണ് അല്ലെങ്കിൽ എന്റെ മാതാവാണ് എന്ന് തന്നെയേ പറയാറുള്ളൂ. പക്ഷേ ഇത്ര വിഖ്യാതനായ കവി അങ്ങനെ പിതരൗ ശബ്ദം ഉപയോഗിച്ചതിന് സംസ്‌കൃതവ്യാകരണനിയമം ഉണ്ട്. ആ വ്യാകരണപ്രകാരം പിതരൗ എന്ന് അച്ഛനെയും അമ്മയെയും ചേർത്തു പറയുന്നതിൽ തെറ്റില്ല എന്നാണ്. അതെന്താണ് ആ സംസ്‌കൃതവ്യാകരണം? ഏകശേഷദ്വന്തം എന്നു പറയുന്ന സമാസമാണ് അത്. ഭാഷ പഠിക്കുന്ന കുട്ടികൾക്ക് അറിയാം, തുല്യപ്രാധാന്യമുള്ള രണ്ട് പദങ്ങൾ ചേർത്തുവെച്ച് ഒരു പുതിയ പദം ഉണ്ടാക്കുമ്പോൾ അതിൽ ഒരു പദത്തെ കളയാം. തരക്കേടില്ല. ബാക്കി നിൽക്കുന്ന പദത്തിന്മേൽ ഒരു പ്രത്യയം ചേർത്ത് പുതിയ പദം നിർമ്മിക്കാം. ഇതാണ് വ്യാകരണ വിധി. അതുപ്രകാരം മാതാവ്, പിതാവ് എന്നീ തുല്യപ്രാധാന്യമുള്ള രണ്ടു വാക്കുകൾ എടുത്ത് അതിനെ ഒറ്റവാക്കാക്കി മാറ്റിയപ്പോൾ, അമ്മയെ അതായത് മാതൃ ശബ്ദത്തെ കളയുകയും പിതൃ ശബ്ദത്തെ എടുക്കുകയും ചെയ്യുക എന്നത് ഒരു ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, അല്ലെങ്കിൽ അവരുടെ അധികാരവ്യവസ്ഥയുടെ ഭാഗമാണ്; അല്ലെങ്കിൽ അവർ നിലനിർത്തിയിട്ടുള്ള ബന്ധങ്ങളുടെ സ്വഭാവമാണ് അത് കാണിക്കുന്നത്. അങ്ങനെ വരുമ്പോൾ നമുക്ക് കൃത്യമായി മനസ്സിലാകുന്ന ഒരു കാര്യം, പിതാവിന് പ്രാധാന്യമുള്ള ഒരു സമൂഹത്തിൽ മാതൃ ശബ്ദത്തെ അതിൽനിന്ന് എടുത്തുകളഞ്ഞു കൊണ്ട് പിതരൗ എന്ന് കവി ഉപയോഗിച്ച്, അതിൽ തെറ്റില്ല എന്ന് അംഗീകരിക്കുകയാണ്. ഇത് കേവലം ഒരു ഭാഷാ പ്രശ്‌നം മാത്രമല്ലേ എന്ന് നമുക്ക് ചോദിക്കാം. നമുക്ക് വാദിക്കാം. എന്തിനാണ് ഇങ്ങനെ വാശിപിടിക്കുന്നത് എന്ന് ചോദിക്കാം. അതല്ല, ഭാഷ ഒരിക്കലും വെറുതെ വാക്ക് ആയി നിൽക്കില്ല. ഭാഷ, അതിനുപിന്നിലുള്ള ആശയയങ്ങളെ, പ്രതിനിധീകരിക്കുന്ന ജീവിതത്തെ ആണ് സൂചിപ്പിക്കുന്നത്. അങ്ങിനെ വരുമ്പോൾ സംസ്‌കൃതഭാഷ സംസാരിച്ചിരുന്ന ആ ഭാഷണസമൂഹം നിലനിർത്തിയിരുന്ന സംസ്‌കാരം എന്തായിരുന്നു എന്ന് നമ്മൾ ചുഴിഞ്ഞു പരിശോധിക്കുക തന്നെ വേണം. അങ്ങനെ വരുമ്പോഴാണ് തികച്ചും പിതൃമേധാവിത്തപരമായ, "കന്യകാ പരകീയാ ഏവ' എന്ന് ചിന്തിക്കുന്ന, അന്യന്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ ഉള്ളതാണ് പെൺകുട്ടി എന്ന് കരുതുന്ന, ഭർത്താവിന് അടിമപ്പെട്ടു തന്നെ ജീവിക്കണം എന്നു വിശ്വസിക്കുന്ന ഒരു സമൂഹമായിരുന്നു എന്ന് മനസിലാവുക. കാളിദാസന്റെ തന്നെ ശാകുന്തളത്തിൽ ഭർത്താവിന്റെ വീട്ടിൽ പോയാൽ എങ്ങനെ ജീവിക്കണം എന്നു വിശദീകരിക്കുന്ന ഒരു ശ്ലോകം ഉണ്ട്. അങ്ങിനെയൊക്കെ ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ഏതു പദം കളയണം എന്ന് ചോദിച്ചാൽ ഈ ഉത്തരം ലഭിക്കൂ. മറ്റൊരു രീതിയിൽ കൂടി ചിന്തിക്കാം. ഒരിക്കലും നിശ്ചയമില്ലാത്ത ആളാണ് അച്ഛൻ. നിശ്ചയം അമ്മ മാത്രമാണ്. അമ്മ ചൂണ്ടിക്കാണിക്കുന്നതാണ് അച്ഛൻ. അതുകൊണ്ടുതന്നെ കളയാതിരിക്കേണ്ടത് അമ്മയെ സൂചിപ്പിക്കുന്ന ശബ്ദമാണ്. പക്ഷേ എന്നിട്ടും പിതാ ശബ്ദം എടുത്തുകൊണ്ട് മാതാ ശബ്ദം കളയുന്ന ഒരു സംസ്‌കാരം വളരെയധികം പുരുഷാധിപത്യപരമായ ഒരു സംസ്‌കാരത്തിന്റെ ഉൽപന്നമാണ്. അത് സ്വീകരിക്കുക വഴി ഈ രീതിയിലുള്ള ഒരു ജീവിതരീതി പ്രതിഫലിപ്പിക്കപ്പെടുന്നു.

ഒരു അധികാരിയുടെ കീഴിൽ ജീവിക്കുന്ന മനുഷ്യർ എന്ന രീതിയിൽ ഒട്ടും ജനാധിപത്യപരമല്ലാത്ത ഒരു ഘടനയാണ് നമ്മുടെ കുടുംബം എന്നു പറയുന്ന സ്ഥാപനത്തിനുള്ളത്. ജനാധിപത്യപരം അല്ലാത്ത കുടുംബത്തിനകത്ത് അധികാരിയുടെ റോൾ അച്ഛൻ പരിശീലിപ്പിക്കപ്പെടുകയാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ നിന്ന്.

ഇനി നമുക്ക് തിരിച്ചു വരാം. ദ്രാവിഡ സംസ്‌ക്കാരത്തിനകത്ത് സൗന്ദര്യപരമായ ചില സങ്കൽപങ്ങൾ ഉണ്ട്. തമിഴിലേക്ക് പോകാം. ശിവാജിഗണേശൻ അഭിനയിച്ച സിനിമയിലെ ഒരു രംഗമുണ്ട്. "നാൻ പെറ്റ പുള്ളൈ' എന്നാണ് പറയുക. അവിടെ പ്രസവിക്കുക അല്ലെങ്കിൽ പെറുക എന്നുപറയുന്ന സ്ത്രീ ചെയ്യുന്ന പ്രക്രിയയിലേക്ക് പുരുഷൻ കയറി വരുന്നതാണ് നമ്മൾ കാണുന്നത്. സ്ത്രീ ചെയ്യുന്ന ജൈവപരമായ പ്രസവം എന്ന പ്രക്രിയയിലേയ്ക്ക്, അതിന്റെ വൈകാരികവും ജീവപരവുമായ കടമയിലേക്ക്, അതായത് മുഴുവൻ ഇമോഷനിലേക്കും പുരുഷൻ കയറി വന്നിട്ടാണ് തമിഴിൽ "നാൻ പെറ്റ പുള്ളൈ' എന്ന് പറയുന്നത്. തമിഴിലെ മാതാപിതാക്കൾ എന്ന ശബ്ദത്തിൽ നിന്ന് ഒരാളെ എടുത്തുകളഞ്ഞിട്ടില്ല. "പെട്രോർ' എന്നാണ് പറയുന്നത്. ആണായാലും പെണ്ണായാലും കുഞ്ഞിനെ പെറ്റവരാണ്. മലയാളത്തിൽ ആയാലും നമ്മൾ ഒരാളെ മാത്രം സൂചിപ്പിച്ചു കൊണ്ട് പ്രത്യയങ്ങൾ ചേർത്തിട്ടില്ല. നമ്മൾ അച്ഛനമ്മമാർ, തന്തതള്ളമാർ എന്നു തന്നെയാണ് പറയാറ്. അച്ഛൻ എന്ന ശക്തമായ അധികാരവ്യവസ്ഥയെ സൂചിപ്പിക്കുന്നത് തന്നെയാണ് ഭാഷ എന്ന് പറയാനാണ് ഞാൻ ഇത്രയും പറഞ്ഞത്.

അങ്ങനെയൊക്കെ ഒരു അധികാരിയുടെയോ പോലീസുകാരന്റെയോ റോളാണ് അച്ഛന് എങ്കിൽ, അച്ഛന് ഒരു സുഹൃത്ത് ആയിരിക്കാൻ സാധിക്കുമോ എന്ന ഒരു ചോദ്യമുണ്ട്. അച്ഛന് സുഹൃത്ത് ആയിരിക്കാൻ വലിയ വിഷമമാണ്. കാരണം ആദ്യം മുതലേ ഇങ്ങനെ പരിശീലിപ്പിക്കപെട്ടതാണ് അച്ഛൻ. ഇതിനെയൊക്കെ പൊളിച്ചു കളഞ്ഞിട്ട് വേണം അച്ഛൻ പുറത്തുവരാൻ. ഒരു മണൽത്തരി ചിപ്പിക്കുള്ളിൽ കയറി മുത്തായി മാറുന്നതു പോലെയുള്ള വേദനാജനകമായ പ്രക്രിയ ആയിരിക്കും അത്. ചിപ്പി അതിന്റെ മാംസത്തിൽ മണൽത്തരി കുടുങ്ങുമ്പോൾ ഉള്ള ഇറിറ്റേഷൻ അവസാനിപ്പിക്കാൻ വേണ്ടിയാണ് ശ്രവം ഉൽപ്പാദിപ്പിക്കുന്നത്. ആ ശ്രവം ഉൽപ്പാദിപ്പിച്ച് ഉല്പാദിപ്പിച്ചു മനോഹരമായ മുത്തായി മാറുന്നത് പോലെയുള്ള ഒരു പരിണാമം പുരുഷന്മാർക്ക് സംഭവിച്ചാലേ അച്ഛൻ എന്ന് പറയുന്ന സുഹൃത്തിനെ ഉണ്ടാക്കുവാൻ സാധിക്കുകയുള്ളൂ. അത് സ്വാംശീകരിക്കാൻ കഴിയാത്തിടത്തോളം കാലം ജനാധിപത്യപരമല്ലാത്ത ഒരു ഘടനയ്ക്കകത്ത് അധികാരി ആയിട്ട് നിൽക്കുക എന്നതാണ് പുരുഷന്റെ വിധി. അതൊട്ടും നല്ല ഒരു വിധി അല്ല.

ട്രാൻസ്‌ജെൻഡർ, പെണ്ണ്, ആണ് എന്ന ഓർഡറിൽ ആണ് നമ്മൾ പറയേണ്ടത്. എന്നാൽ ട്രാൻസ്‌ജെൻഡറിനെ സൂചിപ്പിക്കാൻ മലയാളത്തിൽ ഒരു പദം പോലും ഇല്ല എന്നതാണ് വാസ്തവം.

വർത്തമാനകാലത്തിൽ ഒരുപാട് മാറ്റങ്ങൾ നമുക്ക് വന്നു കഴിഞ്ഞിട്ടുണ്ട്. ലിംഗബന്ധങ്ങൾക്ക് വളരെ വലിയ മാറ്റം സംഭവിച്ചിട്ടുള്ള കാലഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത്. നമുക്കിന്ന് ആണും പെണ്ണും മാത്രമല്ല ഉള്ളത്. നമ്മൾ ആദ്യം പറയേണ്ടത് ട്രാൻസ്‌ജെൻഡറിനെക്കുറിച്ചാണ്. ട്രാൻസ്‌ജെൻഡർ, പെണ്ണ്, ആണ് എന്ന ഓർഡറിൽ ആണ് നമ്മൾ പറയേണ്ടത്. എന്നാൽ ട്രാൻസ്‌ജെൻഡറിനെ സൂചിപ്പിക്കാൻ മലയാളത്തിൽ ഒരു പദം പോലും ഇല്ല എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് നമുക്ക് അങ്ങനെ ഒരു പദം ഇല്ലാതെ പോയത്? സാധാരണഗതിയിൽ നമ്മൾ അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ടാണ് ട്രാൻസ്‌ജെൻഡേഴ്‌സ് ഇന്ന് സമൂഹത്തിൽ നമ്മളെ വെല്ലുവിളിച്ചു കൊണ്ട് നിൽക്കുന്നത്. നിങ്ങളുടെ ഭാഷ എന്നത് ഞങ്ങളെ വേദനിപ്പിക്കുന്നതോ അവഗണിക്കുന്നതോ അപമാനിക്കുന്നതോ ഞങ്ങളുടെ അഭാവം കാണിക്കുന്നതോ ആണ് എന്ന് അവർ പറയുമ്പോൾ, സ്ത്രീകൾ പറയുന്നതു പോലെയും ദളിതർ പറയുന്നതു പോലെയും നമ്മുടെ ഭാഷയെ വളരെ സൂക്ഷ്മമായി നമ്മൾ പരിശോധിക്കേണ്ടിയിരിക്കുന്നു. മലയാളഭാഷയിൽ ഇടമില്ലാത്ത ആളുകളാണ് സ്ത്രീകളും ദളിതരും ട്രാൻസ്‌ജെൻഡേഴ്‌സും. വർത്തമാനകാലത്ത് ലിംഗബന്ധങ്ങൾ വളരെയധികം പുനർനിർവചിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഭാഷയെ നമ്മൾ പരിശോധിക്കുന്നു. ഭാഷയെ പരിശോധിക്കുമ്പോൾ ജീവിതത്തെയും ആശയത്തെയും പരിശോധിക്കുന്നു. അങ്ങനെ പരിശോധിക്കപ്പെടുകയും നിരന്തരം ചോദ്യങ്ങൾ ഉയർത്തപ്പെടുകയും സമൂഹം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.

ആന്റണി കൊച്ചി, ലീന

ഞാൻ പട്ടാമ്പി കോളേജിൽ പഠിക്കുന്ന കാലത്താണ് "മാനുഷി' എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. അന്നത്തെ ഏറ്റവും വലിയ ആഗ്രഹം എന്നത് സ്ത്രീകൾ വിമോചിതരല്ല എന്ന ആശയം - ചരിത്രത്തിന്റെ വലിയൊരു തുടർച്ചയുണ്ടതിന്. ആ തുടർച്ചയുടെ ഇങ്ങേ അറ്റത്തുനിന്നു കൊണ്ട് സംസാരിക്കുകയായിരുന്നു- മുന്നോട്ടു കൊണ്ടുവരികയായിരുന്നു. പരിഷ്‌കാരമോ റിസർവേഷന്റെ ആനുകൂല്യങ്ങൾ മാത്രമോ അല്ല വേണ്ടത് വിമോചനമാണ് എന്ന് ഒരു ശബ്ദം ഉയർത്തിയപ്പോൾ, ഒരു പത്തു പെൺകുട്ടികൾ ഞങ്ങളുടെ കൂടെ ചേരാൻ വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ട് എന്നറിയാമോ. കുറച്ചു കുട്ടികൾ ഞങ്ങളുടെ കൂടെ വന്നു. എന്നാൽ ആ കുട്ടികളും ഞങ്ങൾ ടീച്ചേഴ്‌സും പിഴച്ചവരായി മുദ്രകുത്തപ്പെട്ടു. കൂടുതൽ കുട്ടികൾ കടന്നു വരുന്ന സാഹചര്യം അടച്ചു കളയാനുള്ള സാമൂഹിക അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ ഇന്നു നോക്കൂ, ഒരു സ്ത്രീക്കോ ട്രാൻസ്‌ജെൻഡറിനോ അതുമല്ലെങ്കിൽ ദുർബലനായ ഒരു മനുഷ്യനോ എതിരെ പറഞ്ഞു കഴിഞ്ഞാൽ സ്ത്രീസമൂഹം ഒന്നടങ്കം ഉണർന്ന് ഉയർന്നുവരുന്ന ഒരു കാഴ്ചയും അതിനു വേണ്ടി അവർക്ക് ഒരു ഇടവും കിട്ടിയിരിക്കുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു സംഗതി ആണ്. സോഷ്യൽ മീഡീയയുടെ, ടെക്‌നോളജിയുടെ ഏറ്റവും ഗുണപരമായ വശം ഇന്ന് ഉപയോഗിക്കുന്നത് പെൺകുട്ടികളാണ്. ഇന്നത്തെ പെൺകുട്ടികൾ സ്വന്തം സ്വത്വം തിരിച്ചറിയുകയും തന്റേടത്തോടുകൂടി സ്വന്തം പ്രശ്‌നങ്ങൾ അവതരിപ്പിക്കുകയും സ്വന്തം അഭിപ്രായം- അമ്മയോ അച്ഛനോ സഹോദരനോ പള്ളിയിലച്ഛനോ രാഷ്ട്രീയ നേതാവോ എന്നൊന്നും നോക്കാതെ- സ്വാഭിപ്രായം രേഖപ്പെടുത്തിയിരിക്കും. ആ രേഖപ്പെടുത്തിയിരിക്കും എന്ന് പറയുന്നത് സ്ത്രീകൾക്ക് അസാധ്യമായ ഒരു കാര്യമായിരുന്നു.

അതുകൊണ്ട് ഈ കാലഘട്ടത്തിൽ ആരായിരുന്നു അച്ഛൻ ആരായിരിക്കണം അച്ഛൻ എന്ന ചർച്ച വളരെ പ്രസക്തമാണ്. എന്താണ് ആണത്തം എന്ന ചോദ്യം കുറച്ചു മുമ്പ് സമൂഹത്തിൽ ചർച്ചയായിരുന്നു. എന്താണ് ആണത്തം? ആണത്തം എന്ന് പറഞ്ഞാൽ അയാളുടെ പേശീബലം ആണോ? അയാൾക്ക് വെറുതെ കിട്ടിയിട്ടുള്ള ഈ അധികാരം ആണോ? അല്ലെങ്കിൽ അയാൾക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാം, ചോദിക്കാനും പറയാനും ആളില്ല എന്ന ഈ വ്യവസ്ഥയാണോ? ആണത്തത്തെ നമ്മൾ പുനർനിർവചിക്കുകയും, നമ്മൾ പുതിയ അച്ഛനെ നിർമിക്കുകയും വേണം എന്നുള്ളതാണ്. പുതിയ അച്ഛനിൽ, പഴയ അച്ഛന്റെ അധികാര സ്വഭാവങ്ങൾ ഇല്ലാത്ത, ജനാധിപത്യപരമായി തുല്യതയുള്ള ഒരച്ഛൻ. ആ ഒരച്ഛനെയാണ് സമൂഹം ഒരുപക്ഷേ നിർമ്മിച്ചെടുക്കേണ്ടത്. അത്തരത്തിൽ ചിന്തിക്കുന്ന ഒരുപാട് ആൺകുട്ടികൾ ഇപ്പോൾ നമ്മുടെ ഒപ്പം ഉണ്ട്. കാരണം സ്ത്രീ വിമോചന ആശയങ്ങൾ, ദളിത് വിമോചന ആശയങ്ങൾ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവയെല്ലാം അവർ ജീവിക്കുന്ന കാലഘട്ടത്തെ എങ്ങനെ അനലൈസ് ചെയ്യണം എന്നുള്ളതിനെക്കുറിച്ച്, ഈ ആശയങ്ങളെല്ലാം യുവാക്കളെ വളരെയധികം സ്വാധീനിക്കും. അതിനാൽ തന്നെ പുതിയ സമൂഹനിർമ്മിതി സ്വന്തം ഉത്തരവാദിത്തം ആണെന്ന് തിരിച്ചറിയുന്ന യുവാക്കളാണ് ഇപ്പോഴുള്ളത്.

ഐടി മേഖലയിലെ കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണ നിലയിലെ വേഷം ധരിക്കണം എന്നില്ല. കാട്ടിക്കൂട്ടലുകൾ ഇല്ല. ആവശ്യാധിഷ്ഠിത മിനിമം കാര്യങ്ങൾ മാത്രം മതി. കല്യാണം എന്ന് പറയുന്നത് നിർബന്ധമുള്ള ഒരു കാര്യമല്ല- എന്നിങ്ങനെയുള്ള നവീന ചിന്ത ആ മേഖലയിലുള്ള കുട്ടികൾ പുലർത്തി വരുന്നുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ. 30 വയസ്സ് കഴിയാതെ കല്യാണത്തെക്കുറിച്ച് പറയരുത് എന്ന് പറയുന്ന പെൺകുട്ടികളാണ് ഏറ്റവും കൂടുതലുള്ളത്. അത്തരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സമൂഹത്തിന് അകത്താണ് നമ്മൾ ജീവിക്കുന്നത്. അതിനാൽ അച്ഛനെ പുനർനിർമ്മിക്കുക എന്നത് ആദ്യം നിൽക്കുന്ന പിതൃബിംബത്തെ ഉടച്ചു കളഞ്ഞാൽ മാത്രമേ സാധ്യമാവുകയുള്ളൂ. പിതൃബിംബത്തെ ഉടയ്ക്കുക എന്നാൽ ആറ്റൂരിന്റെ കവിതകളിൽ പറയുന്നതുപോലെ "അവനെ കൊന്ന് മോചിതനാവുക നീ' എന്നാണ്. "പിതൃക്കൾ ശയിക്കുന്ന ഇടത്തേക്ക് ആവാഹിക്കണം എന്നെയും' എന്ന് മകനോട് പറയുന്നുണ്ട്. പിറന്നൊരൂരിൽ പോകേണം നീ വളർന്നൊരാളായാൽ'. പിന്നെ മകനോട് കൊടുക്കുന്ന ഉപദേശം നിന്റെ നാരായം കൊണ്ട് പിതൃബിംബത്തെ കൊന്ന് വിമോചിതൻ ആവുക എന്നതാണ്. നാരായം കൊണ്ട്, എഴുത്തുകോലു കൊണ്ട് ഇത് ചെയ്യാൻ കവിക്ക് സാധിക്കും.

ആദ്യം വെച്ച ഒരടി, പത്തടി പിറകോട്ട് വെക്കേണ്ട തരത്തിലായിരിക്കും പ്രതികരണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടാവുക. പക്ഷേ ആ വച്ചു കഴിഞ്ഞ അടി വെച്ചു കഴിഞ്ഞതു തന്നെയാണ്. വനിത മതിലിൽ നിന്ന്

രാഷ്ട്രീയക്കാർക്ക് അത് സാധിക്കണം. പള്ളീലച്ചന്മാർക്കോ മതപുരോഹിതന്മാർക്കോ അത് സാധിക്കില്ല. സ്ഥാപിത മതങ്ങൾ നിലനിൽക്കണമെങ്കിൽ ഈ പിതൃബിംബം അങ്ങനെതന്നെ നിലനിൽക്കുകയും പിതാവിലൂടെ കുടുംബത്തെ അവരുടെ ഇച്ഛയ്ക്ക് അനുസരിച്ച് വളച്ചൊടിച്ചുകൊണ്ട് പോകേണ്ടതും ഉള്ളതുകൊണ്ട്, അവർ അതൊരിക്കലും ചെയ്യില്ല. എന്നാൽ ഇടതുപക്ഷപരമായ രാഷ്ട്രീയ ചിന്തയിൽ, ജനാധിപത്യപരമായ കുടുംബം എന്താണ്, എന്താണ് തുല്യനില എന്നിവ കടന്നുവരണം. ഇതിനെക്കുറിച്ചുള്ളതാവണം പാർട്ടിക്ലാസുകൾ. അതൊന്നും ഇപ്പോൾ സംഭവിക്കാത്തത് കൊണ്ട് കുറച്ചു പേർ ശക്തമായി റാഡിക്കലായ സ്റ്റെപ്പുകൾ എടുക്കുന്നു. റാഡിക്കൽ തീരുമാനങ്ങളെടുക്കുമ്പോൾ സമൂഹത്തിൽ സ്വാഭാവികമായും വലിയ കലക്കങ്ങളുണ്ടാകും. അത് അടുത്ത ചുവടു വയ്ക്കാനുള്ള പ്രേരണയാണ്. അത് യാഥാർത്ഥ്യമായി മാറുകയും ചെയ്യും. ആദ്യം വെച്ച ഒരടി, പത്തടി പിറകോട്ട് വെക്കേണ്ട തരത്തിലായിരിക്കും പ്രതികരണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടാവുക. പക്ഷേ ആ വച്ചു കഴിഞ്ഞ അടി വെച്ചു കഴിഞ്ഞതു തന്നെയാണ്.

ഞാനെപ്പോഴും ആലോചിക്കാറുണ്ട്, സ്ത്രീവിമോചന സംഘടനകളൊക്കെ തകർന്നു തരിപ്പണമായി പോയി, എന്തു നേടി എന്ന് വളരെ ഉപരിപ്ലവമായ ലളിതവൽക്കരിക്കപ്പെട്ട ഒരു ചോദ്യം ഞാൻ പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ ആ നേട്ടത്തിൽ ആഹ്ലാദിക്കുന്ന ഒരാളാണ് ഞാൻ. കാരണം അന്നു പറഞ്ഞ ഒരു ആശയം, അന്ന് എടുത്തിട്ട് ഒരു ചിന്ത, ചരിത്രത്തിന്റെ തുടർച്ചയായി കടന്നു വന്ന വഴികൾ. ചരിത്രത്തിൽ പരിണാമങ്ങൾ കൊണ്ടുവന്നത് ആ വഴികളൊക്കെ തന്നെയാണ്. അതുകൊണ്ട് ഈ മാറ്റത്തിലേയ്ക്ക് ആക്കം കൂട്ടുന്ന ഒന്നായിരിക്കണം "ആരായിരിക്കണം അച്ഛൻ' എന്നതിനെക്കുറിച്ച്, എങ്ങനെയായിരിക്കണം ജനാധിപത്യപരമായ കുടുംബ വ്യവസ്ഥയിലെ അച്ഛൻ, ആരായിരിക്കണം ലിംഗ ബന്ധങ്ങളിലെ ഭർത്താവ് എന്ന് യുവാക്കൾക്കിടയിൽ, അച്ഛൻ ആവാൻ പോകുന്നവരുടേയും അച്ഛൻ ആയി കഴിഞ്ഞവരുടേയും പുരുഷന്മാരുടേയും ഇടയിൽ പറഞ്ഞു തുടങ്ങേണ്ടതുണ്ട്.

ഭരിക്കാൻ വേണ്ടിയാണോ നമ്മൾ തുടങ്ങേണ്ടത്? ഭാര്യയെ ഭരിച്ച്, മക്കളെ ഭരിച്ച്, വാർധക്യവും രോഗവും വന്നതുകൊണ്ട് മാതാപിതാക്കളെ ഭരിച്ച്, അങ്ങനെ എല്ലാവരെയും ഭരിക്കുന്ന, പോലീസുകാരുടെ റോളിൽ നിന്ന് മാറാൻ പുരുഷൻ കുറേയധികം സ്വയം കുറേ വെട്ടി തിരുത്തലുകൾ അയാളുടെ ഉടലിലും മനസിലുമൊക്കെ വരുത്തേണ്ടതുണ്ട്.

ഒരു സങ്കടകരമായ കാര്യം കൂടെ പറയാം. അച്ഛന്മാർക്ക് പെൺമക്കൾ നഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാരണം അച്ഛനെയും ഒരു "പുരുഷനായി' കാണാൻ തക്കവിധത്തിലുള്ള സാമൂഹിക സാഹചര്യങ്ങളുണ്ട്. ഇപ്പോൾ മിക്കവാറും പോക്സോ കേസുകളിൽ ഒക്കെ അച്ഛന്മാർ കടന്നു വരുന്നു. അച്ഛന്മാർക്ക് വലിയൊരു നഷ്ടം സംഭവിക്കുന്നുണ്ട്. മകൾ നഷ്ടപ്പെടുന്ന അച്ഛൻ. മകളെ ലാളിക്കാൻ പേടിക്കുന്ന അച്ഛൻ. മകളെ മടിയിൽ ഇരുത്താൻ പേടിക്കുന്ന അച്ഛൻ എന്നുപറയുന്ന വളരെ മോശപ്പെട്ട ഒരു ലോകം ഇതിന്റെ ഉള്ളിലൂടെ പോകുന്നുണ്ട്. അതേസമയം മാറ്റത്തിനു വേണ്ടി തന്റെ കുഞ്ഞിനെ ആണെന്നോ, പെണ്ണെന്നോ വ്യത്യാസമില്ലാതെ വളർത്തിയെടുക്കാൻ പ്രാപ്തരായ അച്ഛൻമാരും അങ്ങനെ വളർന്നു വരുന്ന ഒരു തലമുറയും ഉണ്ട്. മൈത്രേയനും ജയശ്രീയും അവരുടെ കമ്യൂണിറ്റി ലൈഫിനിടയിൽ മകൾ കനിയെപ്പറ്റി പറഞ്ഞത്, കനിയൊരു "പൊതുകുട്ടി'യാണെന്നാണ്. ആ വാക്കാണ് ഉപയോഗിച്ചത്. നമ്മുടെ കുടുംബബന്ധങ്ങളിൽ, നമ്മുടെ സ്വാർത്ഥത മുഴുവൻ മക്കളിൽ അടിച്ചേൽപ്പിച്ച്, മക്കളെ മുഴുവനായി കെട്ടിയിടുക എന്നുള്ളതാണ് ചെയ്യുന്നത്. അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് അറിയാം. അരുന്ധതി റോയി പറയുന്നുണ്ട്, "എന്നെ പറഞ്ഞയച്ചതിന് നന്ദി' എന്നാണ് പറയുന്നത്; അമ്മയോട്, കുടുംബത്തോട്.

മൈത്രേയൻ, എ.കെ. ജയശ്രീ, കനി കുസൃതി

""വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ/ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ'' എന്നു ബാലാമണിയമ്മ പറഞ്ഞതുപോലെയുള്ള ഒരു സ്വതന്ത്ര വിഹായസ്സ് നമ്മുടെ മക്കൾക്ക് ഇല്ല. കല്യാണം കഴിഞ്ഞു കുട്ടികൾ ആയാലും നമ്മുടെ മക്കൾക്ക് മാതാപിതാക്കൾ അത് കൊടുക്കാറില്ല. അച്ഛൻ മാത്രമല്ല അമ്മയും അതിൽ വലിയ കടുംപിടുത്തം ആണ്. അതുകൊണ്ടുതന്നെ പിതൃ ബിംബത്തെ തകർക്കുക എന്ന് പറയുമ്പോൾ അധികാരത്തെ തകർക്കുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പിതാവിനെ തകർക്കുക എന്നല്ല. അത് തെറ്റിദ്ധരിക്കരുത്. പിതാവിനെ അല്ല. പിതൃ അധികാരത്തെയാണ് തകർക്കേണ്ടത്. അച്ഛൻ മാത്രമല്ല, ഇതേ പിതൃ അധികാരം സാംശീകരിച്ചിട്ടുള്ള അമ്മമാരുണ്ട് നമ്മുടെ സമൂഹത്തിൽ. ഇവർ രണ്ടുപേരും ഉൾപ്പെടുന്ന അധികാരഘടനയെ തകർക്കുന്നതിന് ആണ് ഞാൻ പിതൃബിംബത്തെ തകർക്കുക എന്നു പറഞ്ഞിട്ടുള്ളത്.

അതുകൊണ്ട് ഈ "ചാച്ചൻ ചർച്ച'യിൽ വളരെ പൊളിറ്റിക്കൽ ആയിട്ടുള്ള ഒരു ചിന്ത, സ്ത്രീപക്ഷത്തു നിന്നുകൊണ്ട്, കുട്ടികളുടെയും വൃദ്ധരായ മാതാപിതാക്കളുടെയും പക്ഷത്തു നിന്നുകൊണ്ട്, മതത്തിന്റെ സ്ഥാപിത താല്പര്യങ്ങൾക്കെതിരെ, മതത്തോട് ചേർന്ന് കക്ഷിരാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുമ്പോൾ അധികാരം നിലനിർത്താൻ വേണ്ടി- അങ്ങനെയൊക്കെ പലരും തുടർച്ചയായി നിലനിർത്തി കൊണ്ടിരിക്കുന്ന ഈ അധികാര വ്യവസ്ഥയെ, കേന്ദ്രീകരണത്തെ, ആണത്ത ബിംബത്തെ തകർക്കാൻ പുരുഷന്മാർക്കും സ്ത്രീകൾക്കും സാധിക്കണം.

ഈ ചാച്ചൻ ചർച്ചയിൽ ലാസർ ഷൈനിന്റെ അച്ഛന്റെ (കെ.എൽ ആന്റണി) ഒരുപാട് കാര്യങ്ങൾ നമുക്ക് ഓർക്കാനുണ്ട്. അതെല്ലാം വ്യക്തിപരമാണ്. വ്യക്തിപരമായി ഒരു അച്ഛനെക്കുറിച്ച് അല്ല നമ്മൾ ഇപ്പോൾ സംസാരിച്ചത്. ഞാൻ സംസാരിച്ചത് മുഴുവനും അച്ഛൻ എന്ന് പറയുന്ന പിതൃബിംബത്തെ കുറിച്ചാണ്. എങ്ങനെ അത് നിർമ്മിച്ചു നിലനിർത്തിയിരിക്കുന്നു എന്നാണ്. എന്റെയോ ലാസർ ഷൈനിന്റെയോ കേട്ടിരിക്കുന്ന നിങ്ങളുടെ അച്ഛനെക്കുറിച്ചോ അല്ല ഞാൻ പറയുന്നത്. എങ്ങനെയാണ് അച്ഛൻ നിർമ്മിക്കപ്പെട്ടിട്ടുള്ളത്, എങ്ങനെയാണ് അമ്മ നിർമ്മിക്കപ്പെട്ടിട്ടുള്ളത്, ഈ നിർമ്മാണത്തിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടോ, മാനുഫാക്ചറിംഗ് ഡിഫക്ട് വല്ലതും ഉണ്ടോ, ഉണ്ടെങ്കിൽ അത് തിരുത്തേണ്ടത് അല്ലേ ഈ ചോദ്യം ആണ് നമ്മൾ ചോദിക്കേണ്ടത്.

ലാസർ ഷൈനിന്റെ അച്ഛൻ പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റ ഒരു കാലഘട്ടമുണ്ടായിരുന്നു. അദ്ദേഹം കടന്നുപോയ വഴികളിലെല്ലാം സർഗ്ഗാത്മകതയുടെ ഇടങ്ങളാണ്. അതുകൊണ്ടുതന്നെ സർഗ്ഗധനനായ ആ അച്ഛനെ ഓർമിക്കുമ്പോൾ നമ്മൾ അച്ഛന്മാർ ആരാണ്, നിസ്സഹായരായിട്ടുള്ള അവരുടെ നിർമ്മിതി എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്.

"ഓരോ എഴുത്തുകാരിയുടെ ഉള്ളിലും' എന്ന എന്റെ കഥയുടെ അവസാനത്തിൽ വീട് വിട്ടു ഇറങ്ങി പോകുന്ന എഴുത്തുകാരി തിരിഞ്ഞു നോക്കുന്നുണ്ട്. അപ്പോൾ അവളുടെ ഭർത്താവ് പിടികിട്ടാതെ വാതിൽക്കൽ നിൽക്കുന്നുണ്ട്. ആ സ്ത്രീ പറയുന്നുണ്ട്. അയാളെ ആരോ ചതിച്ചിരിക്കുന്നു; അത് ആരാണ് എന്താണ് എന്ന് അയാൾ തന്നെ കണ്ടെത്തണമെന്ന്. സ്ത്രീ വിമോചന ആശയങ്ങൾ സമൂഹത്തിൽ ചെയ്യുന്ന ഒരു കാര്യം ഇതാണ്. നിങ്ങളെ ആരാണ് ചതിച്ചത് എന്ന് ആണധികാര വ്യവസ്ഥയിൽ അധികാരിയായ ഇരിക്കുന്ന പുരുഷൻ ചിന്തിക്കേണ്ടിയിരിക്കുന്നു. അത് കണ്ടെത്തുകയും അത് തിരുത്തുകയും വേണം. അതുകൊണ്ടാണ് പലപ്പോഴും കപടസദാചാരത്തെ നിലനിർത്തുവാൻ വേണ്ടി ഇടതുപക്ഷ പാർട്ടികൾ പോലും പറയുന്നതു കേൽക്കുമ്പോൾ ചിരി വരുന്നത്.

കേട്ടെഴുതിയത്: അഞ്ജല ഷെറിൻ

Comments