നടനവിസ്മയങ്ങളുടെ മഹാമ്യൂസിയം

വ്യക്തിപരമായി ഏറെ അടുപ്പമുള്ളവർ പോലും നെടുമുടി വേണുവിനെക്കുറിച്ചെഴുതിയാൽ അത് പാട്ടിനെക്കുറിച്ചും ചുവടുകളെക്കുറിച്ചും ആട്ടത്തെക്കുറിച്ചും ആട്ടപ്രകാരത്തെക്കുറിച്ചും ശബ്ദവിന്യാസത്തെക്കുറിച്ചും പരകായപ്രവേശത്തെക്കുറിച്ചും മാത്രമായി. കലയിൽ നിന്ന് വേറിട്ട് മറ്റൊരു ചരിത്രമില്ലാത്ത നടൻ എന്നാകും നെടുമുടി വേണുവിനെ കാലം അടയാളപ്പെടുത്തുക. നെടുമുടി വേണുവിന്റെ വിയോഗം എത്ര വേദനിപ്പിക്കുന്നുവെന്ന് എസ്. ശാരദക്കുട്ടി എഴുതുന്നു

നെടുമുടി വേണു മരിച്ചു പോയെന്നറിഞ്ഞ നിമിഷം മുതൽ കഴിഞ്ഞു പോയ ഒരു കാലം മുഴുവൻ എന്റെ നെഞ്ചിലിരുന്നു വിങ്ങുകയാണ്. ഇടനെഞ്ചിൽ ഒരു വലിയ കല്ലെടുത്തു വച്ചതു പോലെ. ശിവാജി ഗണേശനും കലാമണ്ഡലം കൃഷ്ണൻ നായരും മരിച്ച ദിവസമാണ് ഇതിന് മുൻപ് ഇത്രയേറെ സങ്കടം തോന്നിയത്. മൂവരും അവരവരുടെ കാലം പൂർണ്ണമായും അർത്ഥവത്താക്കി
അരങ്ങൊഴിഞ്ഞവർ. പക്ഷേ നമുക്ക് മതിയായില്ലെന്ന് അവരറിയുന്നില്ലല്ലോ.

ഇന്നു പകലും രാവും മുഴുവൻ ഞാൻ നെടുമുടി വേണുവിനെക്കുറിച്ച് പലരെഴുതിയ കുറിപ്പുകൾ വായിക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പ്രശസ്ത താരങ്ങളും ആരാധകരും എഴുത്തുകാരും പാട്ടുകാരും സിനിമാ സംവിധായകരും മാധ്യമ പ്രവർത്തകരും വീട്ടമ്മമാരും അധ്യാപകരും എല്ലാം ഒരാളെക്കുറിച്ചെഴുതുമ്പോൾ അത് അയാളിലെ കലയക്കുറിച്ച് മാത്രമാകുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും നമ്മൾ കാണുന്നത്.

വ്യക്തിപരമായി ഏറെ അടുപ്പമുള്ളവർ പോലും നെടുമുടി വേണുവിനെക്കുറിച്ചെഴുതിയാൽ അത് പാട്ടിനെക്കുറിച്ചും ചുവടുകളെക്കുറിച്ചും ആട്ടത്തെക്കുറിച്ചും ആട്ടപ്രകാരത്തെക്കുറിച്ചും ശബ്ദവിന്യാസത്തെക്കുറിച്ചും പരകായപ്രവേശത്തെക്കുറിച്ചും മാത്രമായി. ഇതെന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. ഒരാൾക്ക് തന്റെ കലയോടുള്ള അഭിനിവേശത്തിന്റെയും തീവ്ര പ്രതിബദ്ധതയുടെയും ആത്മാവിഷ്‌കാരത്തിന്റെ സമാനതകളില്ലാത്ത ഭാവനയുടെയും പേരിൽ കിട്ടുന്ന സമ്പൂർണ്ണ അംഗീകാരമായി വേണം അതിനെ കാണാൻ. ഏറ്റവും ഹൃദയത്തിൽ തൊട്ടത് മമ്മൂട്ടി എഴുതിയ കുറിപ്പു തന്നെ. വേണുവിന് പറയാനുള്ള വിഷയങ്ങളുടെ വൈവിധ്യങ്ങൾക്കു മുന്നിൽ തന്റെ ചെറിയ ലോകം വിനീതമായതെങ്ങനെ എന്നദ്ദേഹം എഴുതി.

കലയിൽ നിന്ന് വേറിട്ട് മറ്റൊരു ചരിത്രമില്ലാത്ത നടൻ എന്നാകും നെടുമുടി വേണുവിനെ കാലം അടയാളപ്പെടുത്തുക. നാടൻ കലകളിൽ നിന്നും ക്ലാസിക്കൽ കലകളിൽ നിന്നും താളച്ചുവടുകൾ ചവിട്ടി സിനിമാ ലോകത്തേക്ക് പ്രവേശിച്ച കാലം മുതൽ ആ തിരിഞ്ഞു വരവിന്റെ മുഴുവൻ സാധ്യതകളേയും ഏറ്റെടുത്ത് ചലച്ചിത്ര കലയ്ക്ക് പരമാവധി പ്രയോജനപ്പെടുത്തുവാൻ ഇവിടെ പ്രതിഭാധനരായ സംവിധായകർ തിക്കിത്തിരക്കി.

ഒരു കാലഘട്ടത്തിലെ മലയാളത്തിലെ മികച്ച ചലച്ചിത്ര സംവിധായകരിൽ ആരുടെയെങ്കിലും ചലച്ചിത്രങ്ങളെ നെടുമുടി വേണുവിന്റെ സാന്നിധ്യമില്ലാതെ നമുക്കു സങ്കൽപിക്കാനാകുമോ? അഭിനയകലയുടെ കടൽ കടഞ്ഞുകടഞ്ഞെടുത്ത അമൃത് എന്ന് മലയാളത്തിൽ മറ്റേത് അഭിനേതാവിനെക്കുറിച്ച് പറയാനാകും? ഏറ്റവും മികച്ചവരെന്നു ഞാൻ വ്യക്തിപരമായി കാണുന്ന അഭിനേതാക്കളായ ഭരത് ഗോപിക്കും തിലകനും മമ്മൂട്ടിക്കും പോലും അസാധ്യമായതെന്തോ നെടുമുടി വേണുവിലുണ്ടായിരുന്നു. അവർ പോലും അത് സമ്മതിക്കും. അത് നാനാവിധ കലകളുടെയും മേളന സ്ഥലമായ ആ ഉടലാണ്. കൈ വിരൽത്തുമ്പു മുതൽ താളമാർന്നൊരുടൽ. മുക്കുറ്റീ തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ, ആലോലത്തിലെ അമ്പത്തൊമ്പതു പെൺപക്ഷി, ആരോരുമറിയാതെയിലെ ആച്ചാമരം ഈച്ചാമരം, ആരവത്തിലെ മരുത് മരുത് ചക്കര മരുത് ഒക്കെ അതിനുള്ള ചിരകാല ചലച്ചിത്രസാക്ഷ്യങ്ങളായി.

ചാമരത്തിലെ വിദ്യാർഥി വൈദികൻ

അഭിനയശരീരത്തിന്റെ കലാ സാങ്കേതികത്വ ചരിത്രമെഴുതുന്നുവെങ്കിൽ അതിന് ഏറ്റവും മികച്ച ഉപാദാനം നെടുമുടി വേണുവിന്റെ ശരീരമായിരിക്കും. മദ്യപനും കോമാളിയും വിടനും ക്രൂരനും സാധുവും കള്ളനും കൊലപാതകിയും കാമുകനും പോസ്റ്റുമാനും ശാസ്ത്രജ്ഞനും പൊലീസും സംഗീതജ്ഞനും മന്ത്രവാദിയും അങ്ങനെ എന്തെല്ലാമാക്കി ആ ഒറ്റ ശരീരത്തെ അദ്ദേഹം ചവിട്ടിക്കുഴച്ചെടുത്തു. നിരന്തരസാധകമുള്ള ഒരു കഥകളി നടന്റെ മെയ് വഴക്കത്തിൽ ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് അത് അയത്‌നലളിതമായി തെന്നിമാറി.

വെറും മദ്യപന്റെ വേച്ചു പോകുന്ന ചുവടുകളല്ല, കലാകാരനായ മദ്യപന്റേത്. മദ്യപിക്കുമ്പോഴും യഥാർത്ഥ കലാകാരന് അടിച്ചുവടുകളിൽ ഒരു താളക്കണക്കുണ്ടാകും. അയാളുടെ കുഴഞ്ഞു മറിയുന്ന ബോധത്തിൽ ഒരു മേളപ്പെരുക്കമുണ്ടാകും. വേച്ചു പോകുമെങ്കിൽ പോലും കണക്കുകളൊന്നും പിഴക്കുന്നില്ല. മുദ്രകളിൽ കൃത്യതയുണ്ടാകും. കണ്ണുകളിലെ ആർദ്രഭാവം പോലും വിധിപ്രകാരമേ വരൂ. വെറും മദ്യപനിൽ നിന്ന് കലാകാരനായ മദ്യപനിലേക്കു മാറാൻ നെടുമുടി വേണുവിന് വെറും രണ്ടു ചുവടു മാത്രം. നെടുമുടി വേണുവിന്റെ സ്ഥിരം മദ്യപവേഷങ്ങളും ദേവാസുരത്തിലെ അപ്പു മാഷുടെ ചുവടുകളും ശ്രദ്ധിച്ചാൽ അതു മനസ്സിലാകും.

മാപ്പു നൽകൂ മഹാമതേ മാപ്പു നൽകു ഗുണനിധേ എന്ന് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ മുന്നിൽ ഉടുവസ്ത്രമഴിഞ്ഞ് മുഴുത്ത മദ്യലഹരിയിൽ കഥകളിച്ചുവടു വയ്ക്കുന്ന അപ്പു മാഷ്‌ക്ക് ഒരു ചുവടോ ഒരു കൈമുദ്രയോ പിഴയ്ക്കുന്നില്ല. അയാളുടെ കണ്ണിൽ കവിയുന്ന നിസ്സഹായതയുടെ ആഴത്തെ, മനസ്സിൽ പതഞ്ഞു നുരയുന്ന വേദനകളെ കലാനുഭവജ്ഞാനത്തിന്റെ ബലമുള്ള ഒരാൾക്കല്ലാതെ ഈ വിധം ആവിഷ്‌കരിക്കാനാവില്ല. അതിന് മലയാളത്തിൽ ഒരൊറ്റ നെടുമുടി വേണുവേ ഉണ്ടായിരുന്നുള്ളു. മദ്യലഹരിയെ അപ്രസക്തമാക്കുന്ന കലാലഹരിയിൽ അപ്പു മാഷ് ആടിത്തിമിർത്ത ആ ഒരൊറ്റ രംഗത്തിലുണ്ട് ആ നടൻ പുലർത്തിയ കലാവബോധത്തിന്റെ പൊരുൾ മുഴുവൻ. ഒരു സാധാരണ കലാകാരനെക്കൊണ്ട് ഇത് സാധ്യമാവില്ല. ദേവാസുരത്തിൽ ഈ ഒരു രംഗം കാണാനായി എത്ര തവണ റീവൈൻഡ് ചെയ്യുമ്പോഴും ആ സമ്പൂർണ്ണ കലാകാരനുമുന്നിൽ ഞാൻ മനസ്സാൽ പാദനമസ്‌കാരം നടത്തിയിട്ടുണ്ട്.

നെടുമുടി വേണുവിന്റെ ശരീരഭാഷ എന്നൊന്നില്ല. ഓരോ ഘട്ടത്തിലും നടൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജൈവഭാഷയായി പരിണമിക്കുകയാണത്. ഗുരുജീ ഒരു വാക്ക് എന്ന ചിത്രം ഉദാഹരണം. കണ്ടില്ലേ പുന്നാരം പറയണൊരാളെ അയ്യാ ഇല്ലിക്കാടടിമുടിയുലയണ കലപില പോലെ എന്ന വരികൾ സത്യത്തിൽ നെടുമുടി വേണുവാണ് നായകനെന്നു മനസ്സിലാക്കി ഗാനരചയിതാവ് ബിച്ചു തിരുമല എഴുതിയതാകാനാണ് സാധ്യത. പ്രണയിക്കുമ്പോഴത്തെ വേണുവിന്റെ ഭാവം ഭാവമാണ്. പൗരുഷമല്ല, നാണം കലർന്ന സ്‌ത്രൈണതയാണ്. തന്റെ ശരീരത്തിനിണങ്ങുന്ന കാമുകനെ വേണു വാർത്തെടുക്കുകയാണോ എന്നു തോന്നും. താൻ പ്രേമിക്കപ്പെടുന്നതിലെ അവിശ്വസനീയത ഒരു കുസൃതി കലർന്ന തമാശ പോലെ നെടുമുടി വേണു കഥാപാത്രത്തിന്റെ ശരീരത്തിലേയ്ക്കു പകരും.

ഗുരുജീ ഒരു വാക്ക് എന്ന സിനിമയിൽ നിന്ന്

അഴകാർന്നൊരു ചന്തിരനോ
മഴവില്ലെഴും ഇന്ദിരനോ
ആരു നീയറിയാരാരോ
അന്നാരം പുന്നാരം
മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ്
അടിമുടി തളരണു
ഈ രംഗത്തിലെ നെടുമുടി വേണുവിനെ ഒന്നു കണ്ടു നോക്കൂ.

പാളങ്ങൾ, രചന എന്നീ ചിത്രങ്ങളിൽ യഥാക്രമം ഭരതനും മോഹനും ഈ സ്‌ത്രൈണകാമുകനിണങ്ങുന്ന ശരീര സാധ്യതയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

നെടുമുടി വേണുവിനെ അറിയുന്നതിന് എത്രയോ മുൻപേ ആ ശബ്ദമാണ് ആദ്യം മനസ്സിൽ പതിഞ്ഞത്. യേശുദാസിന്റെ ഗാനമേളയുടെ ഇടവേളയിൽ തിരുനക്കര ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലാണത്. വീട്ടിലെ മുറ്റത്ത് കസേരയിട്ടിരുന്നാൽ ഞങ്ങൾക്ക് ഉത്സവ പരിപാടികൾ കേൾക്കാം. ഉച്ചഭാഷിണി വീട്ടിലേയ്ക്കെന്നതു പോലെ തെക്കേ ഗോപുരത്തിലേക്ക് തിരിച്ചു വെച്ചിരിക്കും. ഗാനമേള കേൾക്കാനുള്ള ആളുകൾ വിപുലമായ മൈതാനവും ക്ഷേത്രപരിസരവും കവിഞ്ഞ് ഞങ്ങളുടെ വീടിനു മുന്നിലെ വഴിയിലുമൊക്കെ നിറഞ്ഞിരിക്കും.

അതിനിടയിലാണ് ഫാസിൽ ആൻഡ് വേണുവിന്റെ മിമിക്രിയും മോണോ ആക്ടും എന്ന അനൗൺസ്‌മെന്റ്. ഉമ്മറിന്റെയും ജോസ് പ്രകാശിന്റെയും മധുവിന്റെയും ഗോവിന്ദൻകുട്ടിയുടെയും ആദ്യരാത്രി ആണ് അന്ന് ഫാസിൽ ആൻഡ് വേണു ടീം അവതരിപ്പിച്ചത്. ഇടയിൽ ഏറ്റവും കയ്യടി നേടിയത് തൊണ്ണൂറു കഴിഞ്ഞ വൃദ്ധന്റെ ആദ്യരാത്രിയാണ്. ചിരിച്ചു ചിരിച്ചു മറിഞ്ഞു ഞങ്ങളെല്ലാം. മുപ്പതു വയസ്സൊക്കെ ആയിരിക്കും അന്ന് വേണുവിന് പ്രായം. വാർധക്യം വളരെ മുൻപേ അനുഭവിച്ചു തീർത്തു കഴിഞ്ഞിരുന്നു. യുവാവായപ്പോഴൊക്കെ നെടുമുടി വേണുവിനെന്തോ പൊരുത്തക്കേടനുഭവപ്പെടുത്തുവാൻ മാത്രം ആ യുവനടൻ അന്നേ നമ്മുടെയുള്ളിൽ വൃദ്ധനായിക്കഴിഞ്ഞു. എന്നെന്നും കണ്ണേട്ടന്റെ, പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അങ്ങനെ എത്രയെത്ര ചിത്രങ്ങൾ! വിട പറയും മുൻപേയിലെ ഉദരരോഗം ബാധിച്ച സേവ്യറുടെ ഛായ അവസാനകാലത്തെ നെടുമുടി വേണുവിന്റെ ശരീരത്തിൽ ഞാൻ കണ്ടു. രോഗകാലങ്ങളും മുൻപേ ജീവിച്ചു തീർത്തു.

ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിൽ നിന്ന്

അവനവൻ കടമ്പയിലെ കഴുത്തറ്റം കിടക്കുന്ന ചുരുളൻ തലമുടിയും മെലിഞ്ഞ ശരീരത്തിൽ അൽപം ഉന്തി നിൽക്കുന്ന കുഞ്ഞിക്കുടവയറും താളച്ചുവടുകളും കൊട്ടും മേളവും പാട്ടുമായി കാവാലത്തിന്റെ അഭിനയക്കളരിയിൽ നിന്നെത്തിയ ആ ഒന്നാം പാട്ടുപരിഷ അസാമാന്യമായ ഒരു രാസപ്രക്രിയയിലൂടെ സിനിമയിൽ മറ്റൊരു അഭിനയക്കളരിയായി മാറുകയായിരുന്നു.

ഓർമ്മയിൽ നിറയുന്നതാരൊക്കെയാണ്. പാത്തും പതുങ്ങിയും തലയിൽ മുണ്ടിട്ട് ഓട്ടുപാത്രക്കടയിൽ നിന്ന് കിണ്ടിയുമായി കടക്കുന്ന കള്ളൻ പവിത്രൻ? പെൺകുട്ടികളെ കാണുമ്പോൾ പമ്മിപ്പരുങ്ങുന്ന ചാമരത്തിലെ വിദ്യാർഥി വൈദികൻ? പെണ്ണുങ്ങളുടെ കുളിമുറിക്കാഴ്ചകൾ ഓലനീക്കിക്കണ്ടുപിടിച്ച് നാട്ടിൽ വിളമ്പുന്ന കോലങ്ങളിലെ പരമു? യവനികയിലെ നാടക നടൻ? സർഗ്ഗത്തിലെ ഭാഗവതർ? ഭരതത്തിലെ രാമനാഥൻ? വേനലിലെ യുവകവി? പറന്നു പറന്നു പറന്നിലെ ബ്യൂട്ടിപാർലർ മാനേജർ? അപ്പുണ്ണിയിലെ അപ്പുണ്ണി?

വേനൽ സിനിമയിൽ നിന്ന്

80 കളിലെ നെടുമുടി വേണുവിന് പകരക്കാരില്ല. ഒഴിഞ്ഞു കിടക്കുന്ന സിംഹാസനമല്ല അത്. നിറഞ്ഞു നിൽക്കുന്ന ഓർമ്മകളുടെ സ്മാരകമോ രാജധാനിയോ ആണ്. അതിനു മുന്നിൽ നിത്യാരാധികയായി ഞാൻ തല കുമ്പിടുന്നു. ഈ വേർപാട് എന്നിലെ സിനിമാപ്രേമിക്ക് താങ്ങാവുന്നതല്ല. വിറയ്ക്കുന്ന കയ്യോടെയും വിതുമ്പുന്ന ചുണ്ടോടെയും വിങ്ങുന്ന മനസ്സോടെയുമാണ് ഞാൻ ഇത്രയും എഴുതിയത്. വിട പറയും മുൻപേ ആ മഹാനടൻ എനിക്കയച്ച രണ്ടു മൂന്നു വാട്ട്‌സ്ആപ് മെസേജുകൾ എന്റെ ഭാഗ്യമായി, എന്റെ വിലപിടിപ്പുള്ള സ്വകാര്യമായി ഞാൻ സൂക്ഷിക്കുന്നു. എന്തപരതയാണ് അങ്ങ് ഞങ്ങൾക്കു മുന്നിൽ തുറന്നിട്ടത്. മഹാനടന് കണ്ണുനീരാൽ അർച്ചന.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments