truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 18 May 2022

truecoppy
Truecopy Logo
Readers are Thinkers

Wednesday, 18 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
ബെര്‍നാദ ആല്‍ബയുടെ വീട്

Literature

ബെര്‍നാദ ആല്‍ബയുടെ വീട്,
നമ്മുടേതും

ബെര്‍നാദ ആല്‍ബയുടെ വീട്, നമ്മുടേതും

ലോർകയുടെ ' ബെർനാദ ആൽബയുടെ വീട് ' എന്ന നാടകത്തെ വീണ്ടും വായിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി. 1936 ൽ എഴുതിയതാണ് നാടകം. സ്വാതന്ത്ര്യമാഗ്രഹിക്കുന്ന പെൺമക്കളും കർക്കശക്കാരിയായ അമ്മയും തമ്മിലുള്ള നിരന്തര സംഘർഷമാണ് പ്രമേയം. ഈ സംഘർഷം കാലത്തിനും ദേശത്തിനും അതീതമായി എല്ലാ വീടുകളിലും ഏറിയും കുറഞ്ഞും നിലനിൽക്കുന്നുണ്ട്. സ്ത്രീ സ്വത്വത്തിന്റെ പല തരം രൂപങ്ങളെ നാടകത്തിന്റെ പശ്ചാത്തലത്തിൽ വരച്ചിടുകയാണ് ലേഖിക

25 Apr 2020, 01:13 PM

എസ്. ശാരദക്കുട്ടി

"എനിക്ക് ഇവിടെനിന്ന് രക്ഷപ്പെടണം, കടലിനോടു ചേര്‍ന്നുനിന്ന് വിവാഹിതയാകണം, കടലിനോടു ചേര്‍ന്നു നിന്ന്.'
മരിയ ജോസഫ എന്ന 80 വയസ്സുള്ള വൃദ്ധയാണിങ്ങനെ നിരന്തരം ബഹളമുണ്ടാക്കുന്നത്. അവര്‍ക്ക് കടലിന്റെ സ്വാഭാവികതയിലേക്കും ഇളക്കങ്ങളിലേക്കും പോകണം. അവിടെ വെച്ച് അവര്‍ക്കു വീണ്ടും വിവാഹം കഴിക്കണം.  മാര്‍ദ്ദവം നഷ്ടപ്പെട്ടു പോയ തന്റെ വീടിന്റെ സംഹാരോത്സുകമായ നിശ്ചലതയില്‍ ഭ്രാന്തെടുക്കുന്നുണ്ടവര്‍ക്ക്. ബെര്‍നാദയുടെ അമ്മയാണവര്‍. ബെര്‍നാദ അവരെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. തന്റെ പെണ്‍മക്കളേയും ബെര്‍നാദ അദൃശ്യമായ ചങ്ങലകൊണ്ട് പൂട്ടിയിട്ടുണ്ട്. കൈകാലുകള്‍ ചലിപ്പിക്കാനാകാതെ, ശുദ്ധവായു ശ്വസിക്കാനനുവദിക്കാതെ ആ വീടിന്റെ കട്ടിയുള്ള ചുവരുകള്‍ കൊണ്ട് ബെര്‍നാദ സ്വേച്ഛാധിപത്യത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും കോട്ടയുണ്ടാക്കി പെണ്‍മക്കളെ 'സംരക്ഷി'ക്കുന്നു. ആ സ്ത്രീ ഉച്ചരിക്കുന്ന ആദ്യത്തെയും അവസാനത്തെയും വാക്ക് Silence എന്നാണ്. സ്വേച്ഛാധിപതികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണത്. 

ഫെദറികോ ഗാര്‍സിയ ലോര്‍ക
ഫെദറികോ ഗാര്‍സിയ ലോര്‍ക

ഈ നാടകം വായിക്കുമ്പോള്‍ ഞാന്‍ ലോകാരംഭം മുതലറിഞ്ഞിട്ടുള്ള അമ്മമാരെയും പെണ്മക്കളെയും കുറിച്ചാണ്  ആലോചിക്കുന്നത്. ലോകത്തെ ഏതെങ്കിലും നാട്ടില്‍ അമ്മമാര്‍ പെണ്‍മക്കളോട് അമ്മയെന്ന നിലയ്ക്കല്ലാതെ, പെണ്ണെന്ന നിലയ്ക്കുള്ള സ്വന്തം കാഴ്ചപ്പാടുകളോ അനുഭവങ്ങളോ ചര്‍ച്ച ചെയ്യാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ തന്റെ ദുരനുഭവങ്ങളിലൂടെ താന്‍ നേടിയെടുത്ത ആ സ്ത്രീപക്ഷക്കാഴ്ചകള്‍ക്കനുസൃതമായി, അവ പ്രായോഗികമാക്കിക്കൊണ്ടേ നീ ജീവിക്കാവൂ എന്ന് പെണ്‍മക്കളെ പരിശീലിപ്പിക്കാറുണ്ടോ? അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും അതിനു കഴിയില്ല എന്നറിയാമെങ്കിലും നെടുവീര്‍പ്പിട്ടു കൊണ്ട്,  'മാതൃകാ സ്ത്രീജീവിതം' എന്ത് എന്നു മാത്രം അവര്‍ക്കു പറഞ്ഞു കൊടുക്കുന്ന അമ്മമാരാണ് ഏറെയും. മാട്രിയാര്‍ക്കല്‍ ശാഠ്യങ്ങള്‍ കഠിനമാണ്, അതിന്റെ വൈകാരികമായ അടിയൊഴുക്കുകള്‍ ക്രൂരമാണ്. ഏതു സ്വേച്ഛാധിപതിക്കും ഉണ്ടാകും നിര്‍ദ്ദയമായ മറ്റു ചില പൂര്‍വ്വകാല അടിച്ചേല്‍പിക്കലുകളുടെ സ്മരണകളും തിക്താനുഭവങ്ങളും അതില്‍ നിന്നുണ്ടാകുന്ന സ്വയം ന്യായീകരണങ്ങളും.  അതു കൊണ്ടു തന്നെ ബെര്‍നാദ ആല്‍ബ ഞാനുമാണ്, നിങ്ങളുമാണ്. ആ വീട് നമ്മുടേതുമാണ്. പിഞ്ഞിപ്പഴകിയ, കര്‍ക്കശാചാരങ്ങളുടെ സംഭരണികളായി വീടുകളെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ അമ്മമാര്‍ക്കുള്ള വലിയ പങ്കിനെ ഓര്‍മ്മിപ്പിക്കുന്ന നാടകമാണ് 'ബെര്‍നാദ ആല്‍ബയുടെ വീട്'. 

collage.jpg
ദി ഹൗസ് ഓഫ്‌ ബെര്‍നാദ ആല്‍ബെയുടെ പോസ്റ്ററുകള്‍

അമ്മ- മകന്‍ ബന്ധത്തിലില്ലാത്ത സംഘര്‍ഷങ്ങളാണ് അമ്മ-മകള്‍ ബന്ധത്തിലുള്ളത്. മകള്‍ വളര്‍ന്നു വരുന്തോറും ആ ബന്ധം കൂടുതല്‍ ഇരുണ്ടതും അതിന്റെ അടരുകള്‍  കൂടുതല്‍ സങ്കീര്‍ണ്ണവും ആകുന്നു. മുതിര്‍ന്ന് വരുന്ന ഏതോ ഘട്ടത്തില്‍ ആണ്‍മക്കളെ മറ്റൊരു വ്യക്തിത്വമായി കണ്ടു തുടങ്ങുന്ന അമ്മമാര്‍ പക്ഷേ, മകളെ അങ്ങനെ ഒരു സ്വതന്ത്ര വ്യക്തിയായി  അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. തങ്ങളുടെ തുടര്‍ച്ചയോ നിഴലോ മുറിച്ചു മാറ്റാനാകാത്ത തങ്ങളുടെ ഒരവയവമോ എന്ന മട്ടില്‍ അവര്‍ പെണ്‍മക്കളെ തങ്ങളോട് തുന്നിച്ചേര്‍ത്തുവെയ്ക്കുന്നു. അമ്മയുടെ ചേലത്തുമ്പിലെ കിന്നരിയാണ് മകള്‍ എന്നവര്‍ അഭിമാനിക്കുന്നു. മകള്‍ക്കും അമ്മയ്ക്കും ഇടയിലെ ഒരിക്കലും തീരാത്ത സംഘര്‍ഷങ്ങളെക്കുറിച്ച് സാഹിത്യവും അധികമൊന്നും ചിന്തിച്ചിട്ടില്ല. നിശ്ചയിച്ചുറപ്പിക്കപ്പെട്ട ചുവടുകളുടെ വിപരീത ദിശയിലേക്കും പെണ്‍കുട്ടികള്‍ ചലിച്ചുതുടങ്ങുന്ന നൃത്തകാലമാണ് അവളുടെ കൗമാരകാലം. അതിന്റെ താളാത്മകമായ പദചലനങ്ങള്‍ വീടിനു പുറത്തേക്കു നീളാനുള്ള സാധ്യതകളാണ് ഏറെയും. വീടുവിട്ടു പോകണമെന്നുള്ള  സ്വാതന്ത്ര്യബോധമുദിച്ചു തുടങ്ങുന്നതാണ് കൗമാരകാലഘട്ടത്തിന്റെ പ്രേരണയും പ്രത്യേകതയും. ഓരോ പെണ്‍കുട്ടിയും   അമ്മയുമായുള്ള ശ്വാസം മുട്ടിക്കുന്ന ബന്ധനത്തില്‍ നിന്നുള്ള വിടുതലാണ് ഈ സമയത്ത് ആഗ്രഹിക്കുക. സ്വാശ്രയത്വവും സ്വയം ഭരണാവകാശവും അമ്മയില്‍ നിന്ന് വ്യതിരിക്തമായി ഒരു വ്യക്തി എന്ന നിലയിലുള്ള അംഗീകാരവും പെണ്‍മക്കള്‍ ആഗ്രഹിച്ചു തുടങ്ങുന്ന  കാലം അതിരില്ലാത്ത സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. പല വീടിന്റെയും സമാധാനം നശിപ്പിക്കുന്നത് ഈ അമ്മ-മകള്‍ ദ്വന്ദ്വത്തിലെ സംഘര്‍ഷാത്മകതയാണ്. പെണ്‍കുട്ടികളുടെ എല്ലാ നൈസര്‍ഗ്ഗിക ചോദനകളെയും സന്തോഷങ്ങളെയും വീടുകള്‍ ഉടച്ചും തകര്‍ത്തും കളയുന്നു. പാരമ്പര്യത്തെ, കേടുപാടില്ലാതെ പെണ്‍മക്കള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള പദവിയാണ് എല്ലാക്കാലത്തും എല്ലാ ലോകത്തും മാതൃത്വം.

വീട്, പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെയോ സൗന്ദര്യാവിഷ്‌കാരങ്ങളുടെയോ ഒരു ഇടമാണോ? അതോ സുരക്ഷിതമെന്ന ഭാവേന കുറെയാളുകള്‍ക്ക് ജീവിച്ചു തീര്‍ക്കാനുള്ള ഒരു ചട്ടക്കൂടു മാത്രമോ? 1936ല്‍ ഫെദറികോ ഗാര്‍സിയ ലോര്‍ക തന്റെ 'ബെര്‍നാദ ആല്‍ബയുടെ വീട്' ( House of Bernarda Alba ) എന്ന നാടകത്തിന് ഉപശീര്‍ഷകം നല്‍കിയത് 'സ്‌പെയിനിലെ ഗ്രാമങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള നാടകം'എന്നാണ്. നൂറ്റാണ്ടുകളോളം വിശുദ്ധജീവിതം നയിക്കാനും ത്യാഗത്തിന്റെ ദേവതകളായി നിലനില്‍ക്കാനും സ്ത്രീകള്‍ നിര്‍ബന്ധിതരായിരുന്ന ഒരു സമൂഹത്തില്‍ ഏതൊക്കെത്തരം മാനസിക വൈകല്യങ്ങള്‍ക്ക് അവര്‍ അടിമകളായിത്തീരും, എന്തെല്ലാം മടുപ്പുകളിലൂടെയായിരിക്കും അവര്‍ കടന്നു പോയിട്ടുണ്ടാവുക എന്നു പറയുവാനാണ് ഈ നാടകത്തിലൂടെ ലോര്‍ക്ക ശ്രമിക്കുന്നത്. പുറമേയുള്ള  വായനയിലും ഉപരിതല ക്രിയാംശത്തിലും നാടകം പ്രശ്‌നങ്ങളെ ബോധപൂര്‍വ്വം ലളിതവത്കരിക്കുന്നതു പോലെ തോന്നാം.  അങ്ങനെ സുതാര്യമെന്നു തോന്നിപ്പിക്കുന്നതാണല്ലോ ഓരോ വീടിന്റെയും ഘടന. എന്നാല്‍ സൂക്ഷ്മമായ സാദൃശ്യങ്ങളിലൂടെയും സമാനതകളിലൂടെയും രൂപകങ്ങളിലൂടെയും നാടകം നമ്മുടെയൊക്കെ വീടിന്റെ അകത്തളങ്ങളിലെ അക്രമാത്മകതകളിലേക്കും സങ്കീര്‍ണ്ണതകളിലേക്കുമാണ് കടക്കുന്നത്. അലങ്കോലപ്പെടുന്നതിന്റെ, തകരുന്നതിന്റെ, അകമേ നിന്നും പുറമേ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ മാത്രമാണവിടെ കാണുക.

a6.jpg
ബ്രിഗ്ഹാം യങ് യൂണിവേഴ്‌സിറ്റിയിലെ സ്‌നോ ബ്ലാക്ക് ബോക്‌സ് തീയേറ്ററില്‍  'ബെര്‍നാദ ആല്‍ബയുടെ വീട്' കളിച്ചപ്പോള്‍. 2007-യിലെ ചിത്രം.

ക്രൂരവും കര്‍ക്കശവുമായ നിയന്ത്രണത്തിന്‍ കീഴില്‍ കഴിയുന്ന ഒരു പെണ്‍വീടാണത്. അഥവാ അന്നത്തെ സ്‌പെയിനിലെ ഓരോ വീടും അങ്ങനെയായിരുന്നിരിക്കണം. വീട്ടിലുള്ള മറ്റുള്ളവരെ കൊണ്ട് തന്റെ തല തിരിഞ്ഞ നിലപാടുകള്‍ അംഗീകരിപ്പിക്കാതെ ബെര്‍നാദ അടങ്ങില്ല. 'പിതൃ 'ആധിപത്യത്തോളം തന്നെ വിധ്വംസകവും വിനാശകരവുമായ 'മാതൃ'ആധിപത്യം (matriarchy) കേടുപാടില്ലാതെ നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാമവര്‍ ചെയ്യും. കഠിനമാണ് ബെര്‍നാദയുടെ വീടിന്റെ നിയമങ്ങള്‍. ഫലത്തില്‍ ബെര്‍നാദ ആല്‍ബ തന്നെയാണ് അവരുടെ വീട്. അവരുടെ വികലമായ, ചിതറിത്തെറിച്ച മാനസികനിലയുടെ ഘനീഭൂതരൂപം. അവിടെയാണ് ആ മനോനിലയുടെ തന്നെ പല തരത്തിലുള്ള പ്രതിരൂപങ്ങളായ അഞ്ചു പെണ്മക്കള്‍ ജീവിക്കുന്നത്. വീടുകളില്‍ എങ്ങനെയാണ് സാഡോ മസോക്കിസവും ഒളിഞ്ഞുനോട്ടവും ഏറി നില്‍ക്കുന്നതെന്നറിയാന്‍ ഇവിടേക്കൊന്നു കയറി നോക്കിയാല്‍ മതി.

സദാ കുപിതയും വെറുപ്പു ശ്വസിച്ചു നടക്കുന്നവളുമായ ബെര്‍നാദ, സദാചാര ശാഠ്യങ്ങള്‍ ഭക്ഷിച്ച് ഭ്രാന്തെടുത്തുഴറുകയാണ്. എത്രമാത്രം താറുമാറാക്കപ്പെട്ടിരിക്കുന്നു തന്റെ വീടെന്ന് അവരറിയുന്നതേയില്ല. പച്ചപ്പുകളെയും ഉറവകളെയും മുഴുവന്‍ നശിപ്പിക്കുന്ന കാട്ടുതീ പോലെ അവിടെ അസൂയയും വെറുപ്പും വ്രണങ്ങളും പടരുന്നു. പെണ്ണിന്റെ വിശുദ്ധി മാത്രമാണ് ഈയമ്മയുടെ ഏക ആകുലത. ഇവര്‍ സൃഷ്ടിക്കുന്ന ഈ വിഷമവൃത്തത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പുറത്തു കടക്കാനാകുന്നില്ല. ഒരേ സമയം ബെര്‍നാദ ആല്‍ബ, സാമ്പ്രദായികശീലങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു 'മാതൃ'കാരൂപവും വ്യക്തിപരതകള്‍ക്കപ്പുറത്തേക്ക് പോകുന്ന ഒരു സമഷ്ടിരൂപമോ പൊതുരൂപമോ കൂടിയുമാണ്. പെണ്‍മക്കളുടെ പേരുകളെന്തായാലും അവരെല്ലാം ഒരു പൊതു സ്വഭാവത്തെയാണ് കുറിക്കുന്നത്. അവരെല്ലാം പരസ്പര പ്രതിഫലനങ്ങള്‍ കൂടിയാണ്.

ആണുങ്ങളില്ലാത്ത ലോകം ഒരു മികച്ച പെണ്‍ ലോകമാകണമെന്നില്ല, തലമുറകളോളം പഴക്കമുള്ള ആ ആധിപത്യ മൂല്യങ്ങള്‍ ഇത്രമാത്രം കറപിടിച്ചും ഉണങ്ങിയും വീടിന്റെ ചുമരുകളിലെല്ലാം പറ്റിപ്പിടിച്ചു കിടക്കുമ്പോള്‍. അമ്മയെന്ന പദവി, തന്റെ അധികാരവും പ്രതിഛായയും നിലനിര്‍ത്തുവാനുള്ള വലിയ ഉപാധിയായാണ് ബെര്‍നാദ കാണുന്നത്. അമ്മയുടെ ഏറ്റവും ശക്തയായ തുടര്‍ പ്രതിയോഗിയാണ് ഇളയ മകള്‍ അദേല. അമ്മയുടെ ഏകാധികാര പ്രവണതകളില്‍ നിന്ന് വിടുതല്‍ നേടുവാനുള്ള കൗമാര സഹജമായ പ്രേരണകള്‍ ഏറ്റവും സ്‌ഫോടനാത്മകമായി പ്രവര്‍ത്തിക്കുന്നത്  അദേലയിലാണ്. നേരിട്ടുള്ള യുദ്ധമാണ് അവര്‍ തമ്മില്‍ നടക്കുന്നത്. അമ്മയില്‍ നിന്നുണ്ടാകുന്ന നീണ്ടു നില്‍ക്കുന്നതും വേദനാജനകവുമായ പീഡാനുഭവങ്ങള്‍ കൗമാര പ്രായത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു ഗുരുതരമായ വെല്ലുവിളി തന്നെയാണ്. സ്വത്വത്തെ, ശരീരത്തെ, അഹംബോധത്തെ, ഒക്കെ സ്വതന്ത്രമാക്കാനും അതിലൂടെ സ്വാധികാരത്തിലേക്കും സമ്പൂര്‍ണ്ണ വ്യക്തിത്വത്തിലേക്കും ലൈംഗികതയിലേക്കും പരിണമിക്കാനുമുള്ള ഒരു പെണ്‍കുട്ടിയുടെ കുതറലാണ് അദേലയില്‍ കാണാനാകുന്നത്. അവള്‍ക്കൊരു കാമുകനുണ്ട്. ആ വീട്ടിലെ അഞ്ചു പെണ്‍കുട്ടികളും ഒരേ പോലെ ആഗ്രഹിക്കുന്ന പെപ്പെ എന്ന സുമുഖനായ യുവാവ്.

 a10.jpg

പെപ്പെക്കു വേണ്ടി സഹോദരിമാര്‍ തമ്മില്‍ കലഹങ്ങളുണ്ട്. വിധ്വംസകമായ അസൂയയും വാശിയുമുണ്ട്. സ്വേച്ഛാധികാരത്തിന്റെ പ്രതിരൂപമായ അമ്മയാണ് അവിടെയും അവരുടെ ഇച്ഛകള്‍ക്ക് പ്രതിബന്ധം. 

എഴുത്തിന്റെ തുടക്കകാലം മുതലേ മനുഷ്യാവസ്ഥ തീര്‍ത്തും ദുരന്തപൂര്‍ണ്ണമാണെന്നൊരു കാഴ്ചപ്പാടാണ് ലോര്‍കയ്ക്ക് ഉണ്ടായിരുന്നത്. സഹജമായ ആര്‍ജവം, സത്യസന്ധത, ആത്മനിര്‍വൃതി, അതിജീവനം എന്നിവയ്ക്ക് വേണ്ടിയുള്ള വ്യക്തിയുടെ പോരാട്ടങ്ങള്‍ക്ക് പ്രതിബന്ധമായുള്ള സമൂഹത്തിന്റെ പരിമിതസാഹചര്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്റെ കലയുടെ അടിസ്ഥാനവിഷയം. അനാദര്‍ശപരവും അരാഷ്ട്രീയവും അടിസ്ഥാനപരവുമായൊരു മാര്‍ഗ്ഗത്തിലൂടെയുള്ള സ്വാതന്ത്ര്യം - അതാണ് ലോര്‍കയുടെ മൗലികമായ പ്രമേയം. പ്രകൃത്യനുസരണമായ വ്യവസ്ഥകള്‍ക്കുള്ളിലുള്ള സ്വാതന്ത്ര്യം, സാമൂഹികക്രമത്തിനുള്ളിലുള്ള ഒരു നിര്‍വ്വഹണം അതാണ് ലോര്‍കയുടെ ലക്ഷ്യം. മൗലികമായ ഈ അവകാശത്തിന്, വ്യക്തിപരവും സാമൂഹികവുമായ ഇച്ഛകളും അവസ്ഥകളും വെല്ലുവിളി ഉയര്‍ത്തുന്നിടത്താണ് ലോര്‍കയുടെ ദുരന്തബോധം ഉണരുന്നത്. അങ്ങനെ വരുമ്പോള്‍ ബെര്‍നാദ ആല്‍ബയെ വെറും പെണ്‍മനസ്സിന്റെ ആവിഷ്‌കരണമായി കാണുന്നത് പരിമിതമായ കാഴ്ചയാകും. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നായികയുടെ അദമ്യമായ വാഞ്ഛയും മാതൃ-പുത്രീ കലഹവും തമ്മിലൊരു ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് നാടകകൃത്ത്. മാതൃരൂപത്തിന്റെ സ്വാഭാവികമായുള്ള പരിപാലന/ശിക്ഷണവും സ്വത്വബോധത്തിനു വേണ്ടിയുള്ള മകളുടെ അന്തര്‍ലീനമായ ആവശ്യവും തമ്മിലുള്ള കലാപത്തിലൂടെ മനുഷ്യാവസ്ഥയുടെ ദുര്‍ഘടതകളിലേക്കാണ് ലോര്‍ക നമ്മെ കൊണ്ടുപോകുന്നത്. അങ്ങനെ സ്ത്രീലൈംഗികതയുടെ മാനസികമായ സങ്കീര്‍ണതകളെ തന്റെ ദുരന്തബോധത്തിന്റെ അരങ്ങിലേക്ക് തീവ്രമായി എടുത്തുവെക്കുകയാണ് അദ്ദേഹം.

പെണ്ണുങ്ങള്‍ക്കു തമ്മില്‍ സംസാരിക്കാന്‍ പരസ്പരം മനസ്സിലാകുന്ന ഒരു പൊതു ഭാഷയില്ലെന്നതാണ് ഈ വീടിനെ  വന്ധ്യംകരിക്കുന്ന പ്രധാന ഘടകം. ബെര്‍നാദയുടെ മര്യാദകെട്ട രീതികളും തുളച്ചുകയറുന്ന ശബ്ദവുമാണ് ആ വീടിന്റെ മുഖമുദ്ര. സ്ത്രീകളില്‍ അസ്വാഭാവികമെന്നു നമ്മള്‍ പൊതുവെ കരുതുന്ന അക്രമം, നീരസം, വൈരം എന്നിവയാണ് ഈ വീടിന്റെ ആയുധങ്ങള്‍. ഇച്ഛകളില്‍ നിന്നും ചോദനകളില്‍ നിന്നും കാമനകളില്‍ നിന്നും അടിച്ചകറ്റപ്പെടുന്ന സ്ത്രീകള്‍, വാഴ്ത്തപ്പെട്ട സ്‌ത്രൈണ ഗുണങ്ങളില്‍ നിന്നും അകന്നു പോവുക തന്നെ ചെയ്യും. കോപോന്മത്തരും വഴക്കാളികളും വിശ്വാസ വഞ്ചകികളുമായ സ്ത്രീകള്‍ എന്നത് സാമൂഹികാവസ്ഥകളില്‍ നിന്ന് ഉരുവപ്പെടുന്ന ഒരു സാധ്യത തന്നെയാണ്.

അവിടെ അകത്തെ മുറിയില്‍ അടയ്ക്കപ്പെട്ടു കിടക്കുന്ന, ഓര്‍മ്മ നഷ്ടപ്പെട്ട മരിയ ജോസഫ, സ്വാതന്ത്ര്യവും സ്വപ്നങ്ങളും നിഷേധിക്കപ്പെട്ട് പരസ്പരം വെറുത്തു ജീവിക്കുന്ന മുപ്പതില്‍ താഴെ 22 നു മുകളില്‍ പ്രായമുള്ള അവിവാഹിതകളായ 5 പെണ്‍കുട്ടികള്‍. ഇവര്‍ക്കാര്‍ക്കുമിടയില്‍ ആഹ്ലാദത്തിന്റെയോ സ്ത്രീസഹജ ഉന്മാദങ്ങളുടെതോ ആയ സംവേദനങ്ങളൊന്നും തന്നെ നടക്കുന്നില്ല. എപ്പോഴൊക്കെ വീട്ടിലെ തടവുമുറിയില്‍ നിന്നു പുറത്തു കടക്കുവാന്‍ കഴിയുന്നുവോ അപ്പോഴൊക്കെ, 'എനിക്കിവിടെ നിന്നു രക്ഷപ്പെടണം മറ്റൊരു വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കണം' എന്ന്  പിറുപിറുക്കുന്ന മരിയ ജോസഫ സ്വാഭാവികമായ ജീവിതാസക്തിയെക്കുറിച്ചാണ് പുലമ്പുന്നത്.

അവര്‍ക്ക് മാത്രമാണാ വീട്ടില്‍  കടലിനെയും അതിന്റെ വന്യതയെയും തനിക്കാവശ്യമുണ്ടെന്ന്, അവിടെ വെച്ച് തനിക്കു വിവാഹിതയാകണമെന്ന് ഉറക്കെ പറയുവാന്‍ കഴിയുന്നത്.  പെണ്‍മക്കളുടെ ജീവിതമിങ്ങനെ മരുഭൂമിയാക്കരുതെന്ന് പ്രവചന സ്വരത്തില്‍ മരിയ ജോസഫ ബെര്‍നാദയോട് പറയുന്നുണ്ട്. അതു കേള്‍ക്കുമ്പോള്‍ ഭയന്നിട്ടെന്ന പോലെ അമ്മയെ ബെര്‍നാദ വീണ്ടും പൂട്ടിയിടുന്നു. തെരുവിലെ ശബ്ദം കേള്‍ക്കുമ്പോഴും  വഴിപോക്കരെ കാണുമ്പോഴും പ്രായം തികഞ്ഞ പെണ്‍മക്കള്‍ ജനാലക്കരികിലേക്ക് ഓടുമ്പോഴും ബെര്‍നാദക്ക് ഭ്രാന്തെടുക്കുകയും അവരെ അകത്തേക്ക് ഓടിക്കുകയും ചെയ്യുന്നുണ്ട്. മകളുടെ കാമുകനെ വെടിവെച്ചു കൊല്ലുവാന്‍ ശ്രമിക്കുമ്പോഴും മകള്‍ ആത്മഹത്യ ചെയ്യുമ്പോഴും ആ സ്ത്രീ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ആശ്വസിക്കുന്നതും ഉറക്കെ വിളിച്ചു പറയുന്നതും 'എന്റെ മകള്‍ മരിക്കുമ്പോഴും കന്യകയായിരുന്നു അവളെ ഒരു വിശുദ്ധ യെപ്പോലെ അണിയിച്ചൊരുക്കൂ' എന്നാണ്. നല്ലതിനോ ചീത്തക്കോ ആകട്ടെ, ഒരു പരീക്ഷണത്തിനു തയ്യാറാകാത്ത, എന്തിനോടും അടിയറവു പറഞ്ഞു മാത്രം ശീലിച്ച അമ്മമാര്‍ക്ക്, അവരല്ലാതെ മറ്റൊന്നുമാകാന്‍ കഴിയില്ല. ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന കൗമാരത്തിന് അവരില്‍ നിന്ന് ഒന്നും പഠിക്കുവാനുമില്ല. മനുഷ്യര്‍ മറ്റുള്ളവരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ നരഭോജികളായി മാറും എന്ന ഡോറിസ് ലെസ്സിങ്ങിന്റെ വാക്കുകള്‍ അമ്മ എന്ന നിലയില്‍ ഞാന്‍ മനസ്സില്‍ കുറിച്ചിടുന്നു.

 a3.jpg

ജീവിതത്തില്‍ ലഭിക്കാവുന്നതില്‍ വെച്ചേറ്റവും കഠിനമായ ശിക്ഷ ഒരു പെണ്ണായി ജനിക്കുന്നതാണെന്ന് ബെര്‍നാദയുടെ അമേലിയ എന്ന മകള്‍ പറയുന്നുണ്ട്. മുത്തശ്ശിയായ മരിയ ജോസഫയുടെ പുതുതലമുറയോടുള്ള ഒരു കടുത്ത നിര്‍ദ്ദേശം 'നിങ്ങളിറങ്ങിപ്പോകൂ സ്വതന്ത്രമായി ജീവിക്കൂ' എന്നു തന്നെയാണ്. ഭൂതകാലത്തിന്റെ വ്യാജ മാതൃകകളെ തകര്‍ക്കാനാണ് ഈ വൃദ്ധ, യുവതലമുറയോടാവശ്യപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മുതല്‍, ജീവിക്കാനാഗ്രഹിച്ച് മരിച്ചു പോയവരായ എത്രയോ സ്ത്രീകളുടെ വരെ ശബ്ദമാണ് മരിയ ജോസഫയില്‍ കേള്‍ക്കുന്നത്.

ഈ വീട്ടിലേക്കു കയറുമ്പോഴേ നമുക്കു ശ്വാസം മുട്ടിത്തുടങ്ങും. നാടകമരങ്ങേറുന്നത് നമ്മുടെയുള്ളില്‍ത്തന്നെയാണ്. 
പുറമേ മൃദുലമെന്നു തോന്നിക്കുന്ന നമ്മുടെയൊക്കെ വീടുകള്‍ക്ക് ഉള്ളിലെന്തൊരു പരുപരുപ്പാണ്. പെണ്ണിന്റെ ചാരിത്ര്യവും അച്ചടക്കവുമാണേറ്റവും വലിയ അന്തസ്സെന്നും സ്ത്രീലൈംഗികതയോളം കൊടിയ പാപമില്ലെന്നും കരുതുന്ന ആ വീട്  നമ്മുടേതു കൂടിയല്ലെന്ന് എങ്ങനെ പറയാനാകും? അടിച്ചമര്‍ത്തലിനും സ്വാതന്ത്ര്യത്തിനുമിടയിലെ നിശ്ശബ്ദതയാണല്ലോ അവിടങ്ങളില്‍ സദാ  പൊട്ടിത്തെറിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. 'എന്റെയച്ഛന്റെ കാലത്തും മുത്തച്ഛന്റെ കാലത്തും ഇവിടെയിങ്ങനെയൊക്കെത്തന്നെയായിരുന്നു' എന്ന ബെര്‍നാദയുടെ ഉറക്കെയുള്ള പ്രഖ്യാപനങ്ങള്‍ ഇനിയും അതങ്ങനെ തന്നെ തുടരേണ്ടതാണെന്നുള്ള ശാസനം കൂടിയാണ്. എത്രമാത്രം പരിചിതമാണ് നമുക്ക് ഈ വാക്കുകള്‍!  

വ്യക്തിപരമായി പറഞ്ഞാല്‍, എന്റെ സ്വാതന്ത്ര്യബോധത്തെ ഭയന്നിരുന്ന എന്റെ അമ്മ, അതിലും ശക്തയായി എന്നിലുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത് എന്നെക്കാള്‍ സ്വാതന്ത്ര്യ മോഹിയായ ഒരു മകളുടെ സാന്നിധ്യത്തിലാണ്. എന്റെ അമ്മ എന്നെ ഭയന്നതെന്തിനായിരുന്നുവെന്ന് അവളാണെനിക്കു മനസ്സിലാക്കിത്തരുന്നത്. എന്നിലെ ബെര്‍നാദയെ കൊന്നുകളയാനെനിക്കെന്നാണ് കഴിയുക എന്ന് ഈ നാടകം എന്നെ നോക്കി ചോദിക്കുന്നു. ബെര്‍നാദയുടെ വീട്ടിലല്ല. യഥാര്‍ഥ മാനസിക രോഗി എന്റെയും കൂടിയുള്ളിലാണെന്ന് ഭയപ്പെടുത്തുന്നുണ്ട് ഈ നാടകം. എല്ലാ ദേശങ്ങളില്‍ നിന്നും എല്ലാ ഭാഷകളില്‍ നിന്നും എല്ലാ കാലങ്ങളില്‍ നിന്നും അമ്മമാര്‍ ആവര്‍ത്തിക്കുന്ന ഒരേ ഈണത്തിലുള്ള ആ വാക്കുകള്‍ തന്നെയാണ് ബെര്‍നാദയിലൂടെ കേള്‍ക്കുന്നത്. പെണ്ണിനെക്കുറിച്ചുള്ള ചിന്തകളില്‍ 1936ല്‍ അരങ്ങേറിയ ഈ നാടകത്തില്‍ പറയുന്നതില്‍ നിന്ന് വലിയ ദൂരമൊന്നും നാം സഞ്ചരിച്ചിട്ടില്ല. മകളെ പൊറുപ്പിക്കാത്ത ഓരോ അമ്മയും ബെര്‍നാദ ആല്‍ബ തന്നെ. വളര്‍ന്നു വരുന്ന മകളുടെ ശരീരവും ചിന്തയും ബോധവും വികാരങ്ങളും എങ്ങനെയൊക്കെയാണ് ഓരോ അമ്മയെയും ഭീരുവും ഭ്രാന്തിയുമാക്കി മാറ്റുന്നത.് ഈ യുദ്ധത്തില്‍ പരാജയപ്പെടുന്ന ഓരോ സ്ത്രീയും ബെര്‍നാദയാകുന്നു. അതിരുകള്‍ മറികടക്കുന്നവരിലെ സ്വാഭാവികോര്‍ജ്ജത്തെ അവര്‍ ഭയക്കുന്നു.

ഇതൊക്കെ  മനസ്സിലാക്കുവാന്‍ അത്തരം വീടുകളില്‍ വസിച്ചതുകൊണ്ടു മാത്രം കാര്യമില്ല. നമ്മളെ പൊതിയുന്ന വായുവിലെ രോഗാണുക്കളും ദുര്‍ഗന്ധവുമൊന്നും അതിനുള്ളില്‍ കഴിയുമ്പോള്‍ നമുക്കു തിരിച്ചറിയാനാവില്ല. നാടകമെന്ന മാധ്യമത്തിന്റെ ശക്തി അവിടെയാണ് വെളിപ്പെടുന്നത്. സമൂഹം നേരിടുന്ന സ്വത്വപ്രതിസന്ധികളെ എല്ലാക്കാലത്തും മറികടക്കാന്‍ ശക്തിപ്പെടുത്തുന്നത് എഴുത്തുകാരുടെ ധിഷണാപരമായ ജാഗ്രതയാണ്. ഇടപെടലുകളാണ്. അവരുടെ ആ വര്‍ധിച്ച ബാധ്യതയാണ്. പുരുഷ കേന്ദ്രീകൃത മൂല്യങ്ങളെ ഊട്ടിയുറപ്പിച്ച് തട്ടുകേടുകളില്ലാതെ നിലനിര്‍ത്തുകയും ആന്തരിക ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് സ്വയം മാനസിക രോഗികളായി മാറുകയും ചെയ്യുന്ന പെണ്ണുങ്ങളെ അപഗ്രഥിക്കുകയാണ് ലോര്‍ക്കയുടെ ഈ നാടകം. മൂല്യപരമായ മുന്‍വിധികളാണ് പൊതുവില്‍ സ്ത്രീകളെ നിയന്ത്രിക്കുന്നത്. പുറത്തുനിന്നൊരു തരി കാറ്റുപോലും ആ വീടിന്റെ അകത്തേക്കു കയറാന്‍ അവര്‍ അനുവദിക്കില്ല. അവിടെ ഞാന്‍ എന്നെയും കാണുന്നു. 

ഒരാണിനോടുള്ള ആഗ്രഹത്തില്‍, ശരിതെറ്റുകളെ കുറിച്ചുള്ള ഭീതികളില്‍, അതുണ്ടാക്കുന്ന ആന്തരിക ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ അവിടെ  എല്ലാത്തരം മാനുഷികതകളും, ബന്ധങ്ങളും ഇല്ലാതാവുകയാണ്. അവരെ അമര്‍ത്തി നിര്‍ത്തുന്ന കര്‍ക്കശമായ ആചാരങ്ങള്‍ തന്നെയാണ് ആ മേല്‍ക്കൂരയും കടുപ്പമേറിയ ചുവരുകളും അടഞ്ഞ ജനാലകളും വാതിലുകളും. ഇത്തരം സാഹചര്യങ്ങളില്‍ തങ്ങളനുഭവിക്കുന്ന മുരടിപ്പുകള്‍ ഒക്കെ സ്വയം ഒന്നു വിശകലനം ചെയ്യാനും ആ വിശകലനത്തില്‍ നിന്ന് നേടിയെടുക്കേണ്ട പരിണാമോര്‍ജ്ജത്തെക്കുറിച്ച് വായനക്കാരെ ചിന്തിപ്പിക്കാനുമുള്ള പ്രേരണയാകുന്നുണ്ട് നാടകം. ഇതിന്റെ അന്ത്യമെന്താകുമെന്നറിയുവാനുള്ള സംഘര്‍ഷം എന്റെയും എന്റെ ചുറ്റുമുള്ള പെണ്ണുങ്ങളുടെയും അന്ത്യമെന്തായിരിക്കുമെന്നുള്ള ഉത്കണ്ഠയോളം വലുതാണ്. ലക്ഷണമൊത്ത ദുരന്തനാടകമാണിത്. 
ഇതിവൃത്തത്തില്‍ മാത്രമല്ല, നാടകം സൃഷ്ടിക്കുന്ന അന്തരീക്ഷത്തിലെ പിരിമുറുക്കത്തിലും ലോര്‍ക്കയുടെ ഈ നാടകം അതിശയിപ്പിക്കുന്ന സംഘര്‍ഷാത്മകത നിലനിര്‍ത്തുന്നു. 

ഏറ്റവും അശക്തയെന്നു തോന്നിപ്പിക്കുന്ന നിസ്സാരയായ ഒരമ്മക്കു പോലും പെണ്‍മക്കളുടെ മേല്‍ ഒരു ദുര്‍മന്ത്രവാദിനിയുടെ ശക്തിയുണ്ട്. ബെര്‍നാദ ആല്‍ബ, ഞാനാണോ, എന്റെ അമ്മയാണോ, അമ്മൂമ്മയാണോ, അമ്മുമ്മയുടെ അമ്മയോ അവരുടെ അമ്മയോ ആണോ? ബെര്‍നാദയുടെ ഒരസ്ഥിഖണ്ഡമെങ്കിലും ഉള്ളില്‍ പേറിയവരും മാംസത്തില്‍ പൂണ്ടു കിടക്കുന്നവരുമല്ലാതെ ഒരമ്മയും ഈ ലോകത്തുണ്ടാകാനും സാധ്യതയില്ല.   പെണ്‍കുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും വികാരങ്ങളെയും അംഗീകരിക്കാന്‍ ഭയപ്പെടുന്ന അമ്മമാര്‍ സ്‌പെയിനിലെ ഗ്രാമങ്ങളില്‍ മാത്രമായി സംഭവിക്കുന്ന അത്ഭുത പ്രതിഭാസമല്ല. അതൊരു ലോകാവസ്ഥയാണ്. കാലാതീതാവസ്ഥയുമാണ്. അതുകൊണ്ടാണ്  ബെര്‍നാദയുടെ ആ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ ഞാന്‍ ഭയക്കുന്നുവെന്നു പറഞ്ഞത്. നമ്മള്‍ നമ്മുടെ മുഴുവന്‍ അധാര്‍മ്മികതകളും അനീതികളും സംഭരിച്ചു വെക്കുന്നതു തന്നെ പെണ്‍കുട്ടികളെ നിശ്ശബ്ദരാക്കാനാണ്.. 

ബെര്‍നാദയോട് ചെറുത്തു നില്‍ക്കുന്ന ഏക മകള്‍ അദേല നല്ല വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും പ്രണയിക്കാനും സ്വാതന്ത്ര്യം തേടി പുറത്തേക്ക് പറക്കാനും ധൈര്യമുള്ളവളാണ്. അവള്‍ക്കാണ് നാടകത്തിനൊടുവില്‍ ആ വീട്ടില്‍ നിന്നു രക്ഷപ്പെടാനായി ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. അനുസരണ കെട്ട മകള്‍, മകളായിരിക്കാന്‍ യോഗ്യയല്ല, അവള്‍ ശത്രു മാത്രമാണ്. വീടുകള്‍ അതാവര്‍ത്തിക്കുന്നു.

അതിക്രൂരമായ മറ്റൊരു ദൃശ്യം നാടകത്തിലുണ്ട്. വിവാഹത്തിനു മുന്‍പ് പ്രണയബന്ധത്തിലുണ്ടായ സ്വന്തം കുഞ്ഞിനെ കൊന്നുകളയുന്ന ഒരു സ്ത്രീയെ വീടിനു മുന്നിലെ തെരുവില്‍ ആള്‍ക്കൂട്ടം അധിക്ഷേപിച്ചും കല്ലെറിഞ്ഞും വലിച്ചിഴയ്ക്കുമ്പോള്‍, 'കൊല്ലവളെ, കൊല്ലവളെ' എന്ന് വീടിനുള്ളില്‍  നിന്ന്  ബെര്‍നാദ ഉറക്കെ പെണ്മക്കള്‍ കേള്‍ക്കെ, അല്ലെങ്കില്‍ അവര്‍ കേള്‍ക്കാന്‍ വേണ്ടിക്കൂടി ' ആക്രോശിക്കുന്നു. അപ്പോള്‍ അടിവയറ്റില്‍ കൈ ചേര്‍ത്തു പിടിച്ച് കുനിഞ്ഞു നിന്ന് സര്‍വ്വവേദനയുമനുഭവിച്ച് 'വേണ്ട വേണ്ട' എന്നൊരു പെണ്‍കുട്ടി  വീട്ടിനുള്ളില്‍ നിന്ന് നെഞ്ചു പൊട്ടി വിലപിക്കുന്നുണ്ട് അവള്‍ പ്രണയിനിയും സ്വാതന്ത്ര്യദാഹിയുമായ അദേലയാണ്. 
 a7.jpg
അമ്മയാണ് ആ വീടിന്റെ ശാപമെന്നു വിളിച്ചു പറയുവാന്‍ ധൈര്യമുള്ള ഏക ശബ്ദം അവിടെ വീട്ടുജോലിക്കെത്തുന്ന ലാ പോണ്‍സൃയുടേതു മാത്രമാണ്. അവരാകട്ടെ സമൂഹത്തിലെ താണ ശ്രേണിയില്‍ പെട്ടവളും ഒരു വേശ്യയുടെ മകളുമാണ്.   പെണ്‍കുട്ടികളില്‍ കാണുന്ന സ്വാഭാവികമായ ലൈംഗിക കാമനകളെ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും കഴിയുന്ന ഏക സ്ത്രീയും അവര്‍ മാത്രമാണ്. 'കിണറ്റിലെ വെള്ളം വിഷമയവും നിശ്ചലവുമാണ് ' എന്ന ഒറ്റ പരാമര്‍ശത്തിലൂടെ അവര്‍ ആ വീടിന്റെ  അനാരോഗ്യകരമായ പശ്ചാത്തലത്തെ ധ്വനിപ്പിക്കുന്നുണ്ട്.  വിവാഹ പ്രായമായ, പ്രണയമാഗ്രഹിക്കുന്നവരും ഉറക്കം നഷ്ടപ്പെട്ടവരുമായ ഈ പെണ്‍കുട്ടികളുടെ മാനസികനിലയെക്കുറിച്ചോര്‍ത്ത് അവര്‍ക്ക് ഏറെ ഉത്കകണ്ഠകളുണ്ട്. ഈ വീട്ടിലെ ജീവിതം എത്ര ദുസ്സഹമാണെന്നവള്‍ ആവര്‍ത്തിക്കുന്നുണ്ട്. അവിടെ അരങ്ങേറുന്ന ദുരന്തങ്ങളുടെ സാക്ഷി അവര്‍ മാത്രമാണ്. പാരമ്പര്യ ഭാരങ്ങള്‍ തലക്കു പിടിക്കാത്ത ഏക സ്ത്രീ ആ വീട്ടുവേലക്കാരി മാത്രമാണ്. മധ്യവര്‍ഗ്ഗസദാചാര ശാഠ്യങ്ങളോട് കടുത്ത വെറുപ്പു പ്രകടിപ്പിക്കുന്നുണ്ട് അവര്‍. 'ഈ വൃത്തികെട്ട ലോകത്തെ ഒഴിവാക്കി നടക്കാനൊരു വഴിയുമില്ലേ ഈ പെണ്‍കുട്ടികള്‍ക്കെ'ന്ന് അസ്വസ്ഥയാകുന്നുമുണ്ട്. കിണറും കടലും ശക്തമായ രൂപകങ്ങളാകുന്നുണ്ട് നാടകത്തില്‍.  

ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്ന ആദ്യത്തെയോ അവസാനത്തെയോ പെണ്ണും അദേലയല്ല. അദേല ഒരു തുടര്‍ച്ചയാണ്. പക്ഷേ, അങ്ങനെയുള്ള പെണ്‍കുട്ടികളുടെ വ്യക്തിത്വത്തില്‍ ചില വിള്ളലുകളുണ്ട്. വെള്ളച്ചാട്ടത്തിനിടയില്‍ കാണുന്ന അത്തരം വിള്ളലുകളിലൂടെ ഭാവി പല രൂപത്തില്‍ പുറത്തേക്കു വരുന്നു. അദേലമാരെ കൊല്ലാനെളുപ്പമാണ്. പക്ഷേ, എന്റെയുള്ളിലെ ബര്‍നാര്‍ദ ആല്‍ബയെ കൊല്ലേണ്ടതെങ്ങനെ?  ഞാന്‍ ബര്‍നാര്‍ദയാണ്. അവരുടെ പെണ്മക്കളാണ്. അവരുടെ അമ്മയാണ്. അവരുടെ സഹായിയായ ലേ പോന്‍ഷ്യയുമാണ്.  ഈ നാടകം വായിച്ചു ഞാന്‍ ഇങ്ങനെ ചില തിരിച്ചറിവുകളില്‍ ഞെട്ടുന്നു. ആ ഞെട്ടല്‍ ബാക്കി എല്ലാറ്റിനെയും വിഴുങ്ങുന്നു.

എസ്. ശാരദക്കുട്ടി  

എഴുത്തുകാരി, അധ്യാപിക

  • Tags
  • #Drama
  • #Literature
  • #Biblio Theca
  • #S. Saradakutty
  • #The House of Bernarda Alba
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Rasheed Arakkal

30 Apr 2021, 05:03 PM

Awesome review, Thx to Sharadakutty, the drama is available in YouTube https://youtu.be/wTRlb_QUun4

ജോസ് ആററുപുറം

17 Jun 2020, 12:02 PM

വാക്കുകളിലൂടെ മനോഹരമായ ദൃശ്യാവിഷ്ക്കാരo തന്നെ. അദേല മാരൊപ്പം പാർക്കുന്ന പുരുഷ കേസരിമാരിൽ ഒരാളല്ലേ ഞാനെന്നും തോന്നിപ്പിക്കുന്ന അല്ല ഓർമ്മിപ്പിക്കുകുന്ന വരികൾ.

Sheebadilshad

15 May 2020, 10:49 PM

The clashes between mother and daughter is always in conflicts..I'm also facing the same situation..Beautiful write up teacher..

Sreelatha krishnan

30 Apr 2020, 11:56 PM

ഞാനും ബ്ർനാദ തന്നെ എന്ന തിരിച്ചറിവ് ഞെട്ടിക്കുന്നു

പി.കെ. കനകലത

30 Apr 2020, 11:08 PM

എന്റെ അമ്മയിൽ ഒരു ബർനാർദെയെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. എനിക്കാകട്ടെ ഒരു ബർനാർദയാ വാനും പറ്റില്ല കാരണം എനിക്ക് പെൺമക്കളില്ലല്ലോ എങ്കിലും ബർനാർദമാർ എത്രയോ നമുക്ക് ചുറ്റും ഉണ്ടെന്ന് തിരിച്ചറിയുന്നു ആ തിരിച്ചറിവിന് കുറേ കൂടി വ്യക്തത നൽകുന്നു ശാരിയുടെ എഴുത്ത്

Dr Iris

30 Apr 2020, 01:14 PM

ഈ യാത്ര എത്രമാത്രം എന്നെ ഉലച്ചുവെന്നോ ബെർനാദ ആൽബയെ, ലോർകയെ തേടി ഞാൻ കുറേ യാത്ര ചെയ്തു. പിന്നെ അതിൻ്റെ ബംഗാളി അഡാപ്റ്റേഷൻ കണ്ട് വഴിയരികിൽ ഇരിക്കുകയാണ്. ബെർനാദ ആൽബയെ രുക്മാവതിയിൽ പകർത്തിയ ഗോവിന്ദ്നിഹലാനി എവിടെയും അധികാരം വ്യക്തികളുടെ ആർദ്രത തല്ലിക്കെടുത്തും എന്ന് ചൂണ്ടിക്കാണിക്കുന്നു. യാത്ര തുടങ്ങിയ ഇടത്തേക്ക് എനിക്കിനി മടങ്ങാനാവില്ലല്ലോ.... സ്നേഹം ശാരദക്കുട്ടി

Sheela

30 Apr 2020, 11:44 AM

ഹോ... എന്‍റെ ഉള്ളിലെ ബെര്‍നാദ ആല്‍ബെയെ തേടുകയാണ് ഞാന്‍. കണ്ടുകിട്ടിയാല്‍ എനിക്കവരെ കൊല്ലണം!! Love you Saru teacher..

Dr. N Renuka

30 Apr 2020, 12:08 AM

എന്നത്തെയും പോലെ ഹൃദ്യമായ അവതരണം ടീച്ചർ.. ദുരന്തനാടകത്തിന്റെ കാഴ്ചകളിൽ പൊള്ളുന്ന അനുഭവങ്ങളുണ്ട്.

എം.സി.പ്രമോദ് വടകര

27 Apr 2020, 11:56 PM

നാടകം നാടിന്റെ അകം മാത്രമല്ല, വീടിന്റെ അകവും പെണ്ണിന്റെ അകവും നമ്മുടെ ഓരോരുത്തരുടെയും അകം കൂടിയാണ്. 'ബെർനാദ ആൽബയുടെ വീടിന്റെ 'പുനർവായനയുടെ ശാരദക്കുട്ടി ടീച്ചർ വീണ്ടുമത് ഓർമപ്പെടുത്തി. വീടും നാടും വിദ്യാഭ്യാസ കേന്ദ്രങ്ങളും തൊഴിലിടങ്ങളും ആൽബയുടെ വീടാവുന്നു.കാലവും ദേശവും മാറ്റുന്നില്ലെന്ന് ഇപ്പോഴും ലോർക ഓർമിപ്പിക്കുന്നു. ആണധികാരത്തിന്റെ ലോകത്തിൽ നിന്ന് വീണ്ടും ഇതേ നാടകത്തിന്റെ വായനകളും കാഴ്ചകളും ഇനിയും ടീച്ചർ ബാക്കി വെക്കുന്നുണ്ട് .തുടർവായനകളുടെ പ്രതീക്ഷയോടെ -

ചാരുലത

26 Apr 2020, 02:59 PM

കുടുബത്തിനുള്ളിലെ കുടുംബം,അവിടെ ഉള്ള സ്ത്രീ ,അമ്മയും മകളും ആകുമ്പോൾ പോലും പരസ്പരം അനുഭവിക്കുന്ന ... അനുഭവിപ്പിക്കുന്ന സംഘഷങ്ങൾ മനോഹരമാക്കി തരുന്നു ഈ വിവരണം. എങ്കിലും കുറച്ച് ചുരുക്കി എഴുതാമായിരുന്നു എന്ന് തോന്നി വായിക്കുമ്പോൾ.

Pagination

  • Current page 1
  • Page 2
  • Next page Next ›
  • Last page Last »
Appunni Sasi Interview

Interview

ഷഫീഖ് താമരശ്ശേരി

പുഴുവിലെ നായകൻ

May 15, 2022

30 Minutes Watch

Drama

Drama

പി. പ്രേമചന്ദ്രന്‍

നായകന്മാരെ ആരാണ്​ സൃഷ്​ടിക്കുന്നത്​? വില്ലന്മാരല്ലേ?

May 12, 2022

7.1 minutes Read

 VM-Devadas-story-vellinakshathram.jpg

Podcasts

വി.എം.ദേവദാസ്

വെള്ളിനക്ഷത്രം

Apr 30, 2022

60 Minutes Listening

 Binu-M-Pallipadu.jpg

Reading A Poet

എം.ആര്‍ രേണുകുമാര്‍

മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി

Apr 22, 2022

23 Minutes Read

 S-Joseph.jpg

Literature

എസ്. ജോസഫ്

മാസ്റ്ററി ഇല്ലാത്ത മൈക്കാടുപണിക്കാരാണ് കൂടുതല്‍ കവികളും, മേസ്തിരിമാർ വിരലിലെണ്ണാവുന്നവർ മാത്രം.

Apr 21, 2022

9 Minutes Read

Nedumudi Venu wife Susheela

Memoir

ടി.ആര്‍. സുശീല

കണ്ണീരോടെയാണ്​ ഞാനത്​ വായിച്ചുതീർത്തത്​; ശാരദക്കുട്ടിയുടെ നെടുമുടി ലേഖനം വായിച്ച്​ സുശീല എഴുതുന്നു

Apr 18, 2022

3 Minutes Read

marar

Literature

റഫീഖ് ഇബ്രാഹിം

മാരാരുടെ  ‘പൊയറ്റിക് യൂണിവേഴ്‌സി'ലെ ചില പ്രതിരോധ സാധ്യതകള്‍

Apr 06, 2022

20 minutes read

thankaraj

Obituary

സി. രാധാകൃഷ്ണൻ അമ്പലപ്പുഴ

പഴയ തട്ടകത്തിലേക്ക്​ തിലകൻ വിളിച്ചു, കൈനകരി തങ്കരാജ്​ ഓടിയെത്തി...

Apr 04, 2022

2 minutes read

Next Article

മലയാളികള്‍ ഈ എഴുത്തുകാരോടും  അതിനെ പരിപാലിക്കുന്ന രാഷ്ട്രീയക്കാരോടും  വിയോജിക്കുകതന്നെ വേണം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster