സാറാസ്: കുട്ടികള്‍ വേണ്ട
എന്ന് ഒരു സ്ത്രീ തീരുമാനിച്ചാല്‍
സംഭവിക്കുന്നത്
സാറാസ്: കുട്ടികള്‍ വേണ്ട എന്ന് ഒരു സ്ത്രീ തീരുമാനിച്ചാല്‍ സംഭവിക്കുന്നത്
‘സാറാസ്’ ഒരു ഗംഭീര സിനിമയൊന്നുമല്ല, പൊരുത്തക്കേടുകളും വിശ്വാസയോഗ്യമല്ലാത്ത സന്ദര്‍ഭങ്ങളും ഏറെയുണ്ട്. എന്നിരുന്നാലും reproductive rights എന്ന ഗൗരവകരമായ വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമ എന്ന നിലയ്ക്ക് ഒരു നല്ല തുടക്കമാണ്. ചര്‍ച്ചകളും ചിന്തകളും തിരുത്തലുകളും ഉണ്ടാക്കാന്‍ ആകുമെങ്കില്‍, പോരായ്മ പരിഹരിച്ച് ഇത്തരം സിനിമകള്‍ തന്നെയാണ് ഇനിയും ഉണ്ടാകേണ്ടത്.
8 Jul 2021, 09:11 AM
ഒരു കറി പൗഡര്‍ കമ്പനിയുടെ പേര് എന്തിനായിരിക്കും തന്റെ മൂന്നാമത്തെ ചിത്രത്തിന് ജൂഡ് ആന്തണി ജോസഫ് തിരഞ്ഞെടുത്തത് എന്നാണ് 'സാറാസ്' എന്നുകേട്ടപ്പോള്‍ ആദ്യം തോന്നിയത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഒരു മത്തങ്ങ കൈയ്യിലേന്തി നില്‍ക്കുന്ന അന്ന ബെന്നിനെ കണ്ടപ്പോള്‍ ഓര്‍ത്തതും What's cooking എന്നാണ്. പക്ഷെ സാറയുടേത് എന്നര്‍ത്ഥം വരുന്ന സാറാസ് സംസാരിച്ചത് മുഴുവന്‍ ഒരു സ്ത്രീയെക്കുറിച്ചാണ് - അവളുടെ അവകാശങ്ങള്‍, സ്വപ്നങ്ങള്‍, സന്തോഷം, അവളവളെക്കുറിച്ചുള്ള (പ്രയോഗത്തിന് കടപ്പാട് മറ്റൊരു സാറയോട്, സാറ ടീച്ചറോട്) തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചാണ്. ഒരു പ്രോ-ചോയ്‌സ് സിനിമയാണ് സാറാസ്; ഗര്‍ഭധാരണത്തില്‍ ഒരു സ്ത്രീയുടെ ചോയ്‌സ് എന്ന വിഷയമാണ് സിനിമയെ വേറിട്ടതാക്കുന്നത്.

പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ മലയാള സിനിമ സ്ത്രീകളെ പാട്രണൈസ് ചെയ്തു കണ്ട ശീലമില്ല നമുക്ക്. ഗര്‍ഭച്ഛിദ്രത്തെ കൊലപാതകമായും അമ്മ/അച്ഛന്‍ ആകാതിരിക്കല്‍ ക്രൈമും ആയാണ് സ്‌ക്രീനിലും പുറത്തും കണ്ടുപോരുന്നത്. എന്തിന്, പാരൻറിങ് എന്നതിന് തത്തുല്യമായ ഒരു വാക്ക് പോലുമില്ല ഭാഷയില്‍.
1985ലെ ‘അവിടത്തെപ്പോലെ ഇവിടെയും' എന്ന സേതുമാധവന്‍ ചിത്രത്തില്‍ പ്രസവിക്കേണ്ട എന്ന തീരുമാനത്തെത്തുടര്‍ന്ന് ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്ന നീലിമ പ്രതിനായികയാണ്. 2009ലെ അക്കു അക്ബറിന്റെ ‘കാണാ കൺമണി' എന്ന ചിത്രത്തില്‍ ഭ്രൂണം പ്രേതമായി വന്ന് തന്നെ നശിപ്പിച്ച മാതാപിതാക്കളെ വേട്ടയാടുകയാണ്. എന്നാല്‍ 2018ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച നദീന്‍ ലബാക്കിയുടെ ലെബനീസ് ചിത്രം ‘കാപ്പര്‍നോ'മില്‍ തന്റെ മാതാപിതാക്കള്‍ക്ക് ഇനിയും കുഞ്ഞുങ്ങള്‍ ഉണ്ടാകരുത് എന്ന് കോടതിയില്‍ ആവശ്യപ്പെടുന്ന പന്ത്രണ്ടുകാരനായ സെയിനിനെ വലിയ കരഘോഷം കൊണ്ടാണ് മലയാളി സിനിമാ ആസ്വാദകര്‍ എതിരേറ്റത്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സാറാസിലെത്തുമ്പോള്‍ ശരി-തെറ്റ് ചര്‍ച്ചകള്‍ തീരുന്നില്ല. തനിക്ക് കുട്ടികള്‍ വേണ്ട എന്ന തീരുമാനം ചെറുപ്പം മുതല്‍ തന്നെ കൈക്കൊണ്ടിട്ടുള്ള നായികയെ സെയിനിനെ ആശ്ലേഷിച്ചയത്ര സ്‌നേഹത്തോടെയല്ല കേരളം എതിരേറ്റത് എന്ന് കാണാം. കാരണം, സാറാസ് പ്രധാനമായി ചര്‍ച്ച ചെയ്യുന്നത് മലയാള സിനിമയുടെ ഇന്നേ വരെയുള്ള ചരിത്രത്തില്‍ സ്റ്റിഗ്മറ്റയിസ് ചെയ്ത് അവതരിപ്പിക്കപ്പെട്ടിട്ടുള്ള രണ്ടു പ്രധാന വിഷയങ്ങളാണ് - പ്രത്യുത്പാദന സ്വയംനിര്‍ണയാവകാശവും റെസ്‌പോണ്‍സിബിള്‍ പാരന്റിംഗും. രണ്ടും കണ്ടും ശ്രമിച്ചും പരിചയമില്ലാത്ത മലയാളി ഞെട്ടല്‍ സ്വാഭാവികം!

മാതൃത്വത്തെ കാല്‍പനികവത്കരിച്ചും പ്രകീര്‍ത്തിച്ചും ശീലിച്ച, 'എല്ലാവര്‍ക്കും ഉണ്ടല്ലോ, അതുകൊണ്ട് ഞങ്ങള്‍ക്കും' എന്ന കാരണം കൊണ്ടുമാത്രം procreate ചെയ്യുകയും ചെയ്യുന്ന ആളുകള്‍ക്കിടയിലേക്കാണ് തിരക്കഥാകൃത്തായ അക്ഷയ് ഹരീഷ് സാറയുടെ കഥ പ്‌ളേസ് ചെയ്യുന്നത്. തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട ഗവേഷണവും ലൊക്കേഷന്‍-നിര്‍മാതാവ് അന്വേഷണവുമായി നടക്കുന്ന ഇരുപത്തിയഞ്ചുകാരിയായ സാറയുടെ ആദര്‍ശങ്ങളും വീക്ഷണങ്ങളും ചുറ്റുമുള്ളവരുമാണ് സിനിമയില്‍.
തന്റെ ത്രില്ലര്‍ മോഡിലുളള ചിത്രത്തിനായുള്ള ഗവേഷണത്തിനിടയില്‍ കണ്ടുമുട്ടുന്ന ജീവന്‍ (സണ്ണി വെയിന്‍) തന്നെപ്പോലെ കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലാണ് എന്നറിഞ്ഞ ശേഷം അവര്‍ പ്രണയത്തിലാകുന്നു. തന്റെ ആദ്യ സിനിമാസ്വപ്നം പൂര്‍ത്തീകരിക്കും മുമ്പ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഇരുവരും ആദ്യ ആഴ്ച തന്നെ നേരിടുന്നത് വലിയ സമ്മര്‍ദ്ദമാണ്. മതം, നാട്ടുനടപ്പ്, സന്തോഷം എന്നീ conditioned പൊതികള്‍ കൊണ്ടുമൂടി അവളുടെ ‘കൂൾ ഡാഡ്’ (ബെന്നി പി. നായരമ്പലം) ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ സാറയെ പ്രസവത്തിന്റെ ആവശ്യകതെയെപ്പറ്റി ‘ബോധവത്കരിക്കാന്‍' ശ്രമിക്കുന്നുണ്ട്.
അവളോടൊപ്പം നില്‍ക്കുന്ന ജീവന്‍ പിന്നീട് ഈ തീരുമാനത്തെച്ചൊല്ലി സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും അമ്മയുടെ (മല്ലികാ സുകുമാരന്‍) മുമ്പിലും തന്റെ ‘പൗരുഷം' ചോദ്യം ചെയ്യപ്പെടുമ്പോള്‍ പതറുന്നുണ്ട്. ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന ഗര്‍ഭം സാറയെ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും ജീവനെ പുനര്‍വിചിന്തനം നടത്താനും പ്രേരിപ്പിക്കുന്നു.
'അടുത്ത അഞ്ജലി മേനോന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാറ അവളുടെ ശരീരത്തിന്റെ അവകാശികളും സംരക്ഷകരും അവളൊഴികെ മറ്റെല്ലാവരും ആണെന്ന് തിരിച്ചറിയുന്നു. ഒപ്പം, ഒരു accidental pregnancy അഥവാ contraceptive failure ദൈവഹിതമായും കുടുംബത്തിന്റെ സന്തോഷമായും കാണുന്നവര്‍ക്കിടയില്‍ സാറ തന്റെ സന്തോഷം ആരുടേയും താല്‍പര്യമല്ല എന്നും. യഥാര്‍ത്ഥ പരിസരങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ഗൈനക്കോളജിസ്റ്റ് (സിദ്ദിഖ്) സിനിമയിലുണ്ട്. തന്റെ ശരീരം തന്റെ മാത്രം അവകാശമാണ് എന്ന് സാറയോട് വ്യക്തമാക്കുന്ന, ഉത്തരവാദിത്വപ്പെട്ട ചുമതലയായ parenting വളരെ ആലോചനയും ചര്‍ച്ചകളും ഒരുക്കങ്ങളും വേണ്ടുന്ന ഒന്നാണ് എന്നും, അതിനുള്ള മനസ്സോ ടാലന്റോ ഇല്ലെന്ന് ബോധ്യമുള്ളവര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി മോശം രക്ഷാകര്‍ത്താക്കളായി മാറരുത് എന്നും ഡോക്ടര്‍ പറയുന്നുണ്ട്.

വിവാഹം, പ്രസവം, ജോലി, കുഞ്ഞുങ്ങളെ പരിപാലിക്കല്‍, പ്രസവം നിര്‍ത്തല്‍ എന്നിവയിലെല്ലാം സമൂഹം നിഷ്‌കര്‍ഷിക്കുന്ന അലിഖിത നിയമങ്ങള്‍ കാലങ്ങളായി പാലിച്ചു പോരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ബോധ്യങ്ങളെ നിലനിര്‍ത്താനുള്ള തടസ്സം ധാരാളമാണ്. ഒരു സ്ത്രീ കുട്ടികള്‍ വേണ്ട എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അതവളുടെ സ്വാര്‍ത്ഥതയായും 'മറ്റേ ഫെമിനിസ'മായും വ്യാഖ്യാനിക്കുന്ന സമൂഹം അവളെ ഒരു social trapലാക്കുകയാണ്. അതില്‍ വീഴാതിരിക്കാനുള്ള സാറയുടെ ശ്രമങ്ങളാണ് സിനിമയില്‍. Shared responsibilityകളിലൂടെ ജീവിതത്തില്‍ തുല്യത പുലര്‍ത്തുന്നു എന്നുകരുതുന്ന ജീവനുമുമ്പില്‍ പ്രത്യുല്‍പാദന അവകാശം ഇല്ലാത്തയിടത്ത് തുല്യതയില്ല എന്നും തന്റെ സന്തോഷവും പ്രധാനമാണ് എന്ന് സാറ അടിവരയിടുന്നു. താന്‍ ജീവിച്ചു തീരുമ്പോള്‍ തന്റെ കാലം അടയാളപ്പെടുത്തേണ്ടത് തന്റെ കലയിലൂടെയാണ് എന്നും കുഞ്ഞുങ്ങളിലൂടെയല്ല എന്നും സാറയ്ക്ക് വ്യക്തതയുണ്ട്.
ജൂഡിന്റെയും അക്ഷയുടെയും ഈ ചിത്രത്തില്‍ മറ്റു മേഖലകളില്‍ പ്രശസ്തരായ ചിലരെ നടീനടന്മാരായി കാണാം - പ്രശാന്ത് നായര്‍ ഐ.എ.എസ്, അവതാരക ധന്യ വര്‍മ്മ, ഒതളങ്ങാത്തുരുത്തിലൂടെ പ്രശസ്തനായ അബിന്‍ ബിനോ, തുടങ്ങിയവര്‍. ഓരോ സിനിമ കൊണ്ടും അതിശയിപ്പിക്കുന്ന അന്നയുടെയും മല്ലികയുടെയും സിദ്ധിഖിന്റെയും മികച്ച പ്രകടനങ്ങള്‍ക്കിടയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കുന്നത് സണ്ണി വെയിനാണ്. നിമിഷ് രവിയുടെ ദൃശ്യങ്ങള്‍, ഷാന്‍ റഹ്‌മാന്റെ ഈണങ്ങള്‍ എന്നിവ കഥ പറച്ചിലിനെ സഹായിക്കുന്നുണ്ട്.
പ്രത്യുത്പാദന സ്വയംനിര്‍ണയാവകാശത്തിനു പുറമെ സിനിമയില്‍ പറഞ്ഞു പോകുന്ന വിഷയങ്ങളില്‍ തൊഴിലിടത്തിലെ ലിംഗവിവേചനം, കുടുംബത്തിലെ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ ‘അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്ര്യം' എന്നിവ പ്രത്യക്ഷമായി കാണാമെങ്കിലും പല രംഗങ്ങളും mansplainingലും വൈരുധ്യങ്ങളിലും ഉടക്കി നില്‍ക്കും. ‘ഞാനില്ലെങ്കില്‍ കാണാമായിരുന്നു' എന്ന് പറഞ്ഞും പറയാതെയും സാറയുടെ സ്വപ്നങ്ങളുടെ പങ്കു പറ്റുന്ന ആണുങ്ങള്‍, വിവാഹം കഴിക്കാന്‍ മകള്‍ക്ക് ആറു മാസത്തെ deadline കൊടുക്കുന്ന അച്ഛന്‍...
പല തരം ദമ്പതികളെ സിനിമയില്‍ കാണാം - എല്ലാവര്‍ക്കും അവരവരുടെ ശരികളും തീരുമാനങ്ങളും ജീവിതവുമുണ്ടെന്ന് കാണാം. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തന്റെ വിലപ്പെട്ട വര്‍ഷങ്ങള്‍ ത്യജിക്കേണ്ടതില്ല എന്ന് കരുതുന്നവരും, ‘കഴിവ്' തെളിയിക്കുന്നവരും, കര്‍ത്താവ് തരുന്നത് കൈനീട്ടി വാങ്ങുന്ന ഭര്‍ത്താവും, കുട്ടികളുടെ പരിചരണത്തില്‍ ആനന്ദം കണ്ടെത്തുന്നവരും, ജോലിയും വീടും ഒരുമിച്ച് കൊണ്ടുപോകാന്‍ പാടുപെടുന്നവരും, ജോലിയ്ക്കു പകരം കുടുംബം മതിയെന്ന ചോയ്സ് മാത്രം ആയിപ്പോയവരുമെല്ലാം ഉണ്ട് സാറാസില്‍. സിനിമയുടെ പക്ഷം പക്ഷെ സാറയുടേതാണ്.

അത്യന്തം സെന്‍സിറ്റിവ് ആയ ഒരു വിഷയം നാടകീയതയും വൈകാരികതയും ഇല്ലാതെ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നാം പകുതിയിലെ ഒതുക്കം പതുക്കെ നഷ്ടപ്പെടുന്നതായും തോന്നി. മെട്രോ നഗരത്തില്‍ സുഖലോലുപതയില്‍ ജീവിക്കുന്ന സാറയുടെ കഥ ഒരു privileged classന്റെ പരിച്ഛേദം ആയിട്ടാണ് കാണാനാവുക. Tail end പാക്കേജിലെ കഥാപാത്രങ്ങളെ തമാശരൂപേണ അവതരിപ്പിച്ചതും വിഷയത്തിന്റെ ഗൗരവത്തില്‍ വിള്ളലുണ്ടാക്കിയതായി തോന്നി. ഒറ്റവിഷയത്തിലൂന്നിയുള്ള കഥപറച്ചിലില്‍ വലിച്ചുനീട്ടല്‍ അനുഭവപ്പെട്ടു. പലയിടങ്ങളിലും നറേറ്റിവ് അത്ര convincing ആയിരുന്നില്ല. എത്ര സൗകര്യപൂര്‍വമാണ് സാറയുടെ തീരുമാനങ്ങളെ ഒടുക്കം എല്ലാവരും ശരിവയ്ക്കുന്നത്. യഥാര്‍ത്ഥജീവിതത്തില്‍ അത്രയും തിരിച്ചറിവുകളുള്ള, നന്മ നിറഞ്ഞ മനുഷ്യരുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ!
സാറാസ് ഒരു ഗംഭീര സിനിമയൊന്നുമല്ല, പൊരുത്തക്കേടുകളും വിശ്വാസയോഗ്യമല്ലാത്ത സന്ദര്‍ഭങ്ങളും ഏറെയുണ്ട്. എന്നിരുന്നാലും reproductive rights എന്ന ഗൗരവകരമായ വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമ എന്ന നിലയ്ക്ക് സാറാസ് ഒരു നല്ല തുടക്കമാണ്. ചര്‍ച്ചകളും ചിന്തകളും തിരുത്തലുകളും ഉണ്ടാക്കാന്‍ ആകുമെങ്കില്‍, പോരായ്മകളെ പരിഹരിച്ച് ഇത്തരം സിനിമകള്‍ തന്നെയാണ് ഇനിയും ഉണ്ടാകേണ്ടത്.

മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch
റിന്റുജ ജോണ്‍
Jan 19, 2023
4 Minute Watch