ചലച്ചിത്രോത്സവത്തിലെ സീറ്റ് ബുക്കിങ്, ആശങ്കകളുടെ യാഥാർഥ്യം, പരിഹാരം

ബുക്കിങ് സമയത്തു ശ്രമിക്കുന്ന ഒട്ടുമിക്കവർക്കും മൂന്നു ബുക്കിങ് കിട്ടുന്നു എന്നാണു പലരോടും സംസാരിച്ചതിൽ നിന്ന് മനസിലാക്കുന്നത്. നിശാഗന്ധിയിലെ രണ്ട് ബുക്കിങ്ങില്ലാ ഷോകളും ഉണ്ട്. അഞ്ചു സിനിമ ഒട്ടുമിക്കവർക്കും കാണാൻ അവസരമുണ്ട് എന്നാണ് ഇതു വ്യക്തമാക്കുന്നത്. എത്ര തലകുത്തി നിന്നാലും അതിലധികം കാണാൻ കഴിയുകയുമില്ല.

കേരള രാജ്യാന്തരചലച്ചിത്രോത്സവത്തിൽ ഉദ്ദേശിച്ചത്ര സിനിമ കാണാൻ കഴിയുന്നില്ലെന്ന പരാതി പലരും പറയുന്നതായി മാധ്യമങ്ങളിൽ കണ്ടു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ഒന്നാമത്തേതു മുതൽ എല്ലാം കാണുകയും മിക്കതും മീഡിയയ്ക്കായി കവർ ചെയ്യുകയും ചെയ്ത ആൾ എന്ന നിലയിൽ എനിക്കു തോന്നുന്ന കാര്യം പറയാം.

കൈരളി, ശ്രീ തീയറ്ററുകളിൽ മാത്രമായി തുടങ്ങിയ മേള ക്രമേണ വളർന്ന് ഇന്ന് കൈരളി, ശ്രീ, നിള, കലാഭവൻ, ടഗോർ, ന്യൂ തീയറ്ററിലെ രണ്ട് തീയറ്ററുകൾ, ഏരീസ് പ്ലക്സിലെ ആറ് തീയറ്ററുകൾ, നിശാഗന്ധി എന്ന ബൃഹത്തായ വേദി എന്നിങ്ങനെ 17 തീയറ്ററുകളിലേക്കു വളർന്നു. ഒരിക്കൽ ശ്രീകുമാർ, ശ്രീവിശാഖ്, ധന്യ, രമ്യ തീയറ്ററുകൾകൂടി എടുത്തിരുന്നു. തമ്പാനൂർ - വെള്ളയമ്പലം വഴിയിൽനിന്നു മാറിയുള്ള ഈ നാലു തീയറ്ററുകളും പിന്നെ ഒഴിവായി. ധന്യ, രമ്യ പൊളിച്ചു. മറ്റുരണ്ടും നവീകരിക്കാൻ അടച്ചു.

പിന്നെയാണ് പുതിയ കാലത്തെ ചെറിയ തീയറ്ററുകൾ എന്ന ആശയം വരുന്നത്. കൈരളി, ശ്രീ സമുച്ചയം നിളകൂടി ചേർന്നു മൂന്നായി. പഴയ എസ്എൽ തീയറ്റർ സമുച്ചയം നാലിൽ നിന്ന് ആറ് തീയറ്ററായി വളർന്ന് ഏരീസ് പ്ലക്സ് ആയി. ന്യൂ എന്ന വലിയ തീയറ്റർ മൂന്നായി. അപ്പോൾ ആകെ ഉൾക്കൊള്ളൽ ശേഷി കൂടിയോ കുറഞ്ഞോ എന്ന് എനിക്ക് അറിയില്ല. ടഗോർ തീയറ്ററിൽ 900 -ൽ അധികം പേർക്ക് ഇരിക്കാം. നിശാഗന്ധിയിൽ 2500 പേർക്കും. പടികളിലും മറ്റും ഇരുന്നു കാണുന്നവർ വേറെ. എല്ലാ തീയറ്ററിലെയും കൂടി ആകെ ഉൾക്കൊള്ളൽ ശേഷി എത്രയെന്ന് അറിയില്ല.

മേളയിലെ പങ്കാളിത്തം പതിന്മടങ്ങു കുടിയതിന് അനുസരിച്ചാണ് കാഴ്ചാസൗകര്യത്തിന്റെ ഈ വളർച്ച. ആദ്യം സിനിമയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവർക്കും മാധ്യമപ്രതിനിധികൾക്കും ആയിരുന്നു പ്രവേശനപ്പാസ്. അന്നത്തെ രജിസ്ട്രേഷൻ ഫോമും അങ്ങനെ ആയിരുന്നു. പിന്നെ ഏറെക്കഴിഞ്ഞാണ് അത് ഓൺലൈനായത്. ആദ്യമെല്ലാം പ്രവേശനം സൗജന്യം ആയിരുന്നു. അടൂർ ചെയർമാൻ ആയപ്പോൾ ആണെന്നു തോന്നുന്നു, 100 രൂപ പ്രവേശനഫീസ് എന്നു വന്നത്. പ്രവേശനഫീസ് വന്നതോടെ സിനിമയുമായി ബന്ധമുള്ളവർ അല്ലാത്ത സിനിമാതൽപർക്കും അപേക്ഷിക്കാം എന്നായി. സിനിമയുമായുള്ള ബന്ധം വ്യക്തമാക്കാൻ ഉണ്ടായിരുന്ന കോളങ്ങൾ വേണ്ടാതായി. മാധ്യമങ്ങളും സിനിമാപ്രേമികളും നല്കിയ വലിയ പ്രചാരം മേളയെ കേരളത്തിന്റെ പ്രധാന സാംസ്ക്കാരികോത്സവം ആക്കി. ഇന്ന് അതിലെ പങ്കാളിത്തം 15,000- ലധികം ആയിരിക്കുന്നു! (13,000 പ്രതിനിധികൾ, ഇതിൽ 3000 വിദ്യാർഥികൾ, വിദ്യാർഥികൾക്കുള്ള കൺസെഷൻ ഉപയോഗിക്കാതെ രജിസ്റ്റർ ചെയ്ത വിദ്യാർഥികളും ഉണ്ട്. ഒഫീഷ്യലുകൾ, പുറത്തു നിന്നു ക്ഷണിക്കപ്പെട്ടു വന്ന സിനിമാപ്രവർത്തകർ, മേളയിലെ സിനിമകളുടെ പ്രധാനപ്രവർത്തകർ തുടങ്ങിയവരെല്ലാം കൂടി 2500 എങ്കിലും ഉണ്ടാകും. അക്കാദമിയിൽ നിന്ന് ആ കണക്കു കിട്ടിയില്ല. അതു 2000 എന്നു കൂട്ടിയാലും സിനിമ കാണുന്നവർ ആകെ കുറഞ്ഞത് 15,000 വരും.) ആദ്യമേളയിലേത് എത്രയായിരുന്നു എന്ന് ഓർക്കുന്നില്ല. അഞ്ഞൂറൊക്കെയേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു.

എല്ലാ മേളയും കണ്ട ഞാൻ ഏറ്റവുമധികം സിനിമകൾ കണ്ടത് ഷോർട്ട് ഫിലിമുകൾ അടക്കം 38 ആണ്. അത് അക്കൊല്ലം ഒരു കൗതുകത്തിന് റെക്കോഡ് ഇടണം എന്ന വാശിയിൽ ചെയ്തതാണ്. കണ്ണു ഫ്യൂസ് ആകാഞ്ഞതു ഭാഗ്യം! മലയാളം വാരികയിൽ ഉണ്ടായിരുന്നപ്പോൾ അതിനായി റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരത്തു വന്നു താമസിച്ച് മറ്റെല്ലാം മാറ്റിവച്ചു മഹായജ്ഞമായി കണ്ടുതീർത്തതാണ്. കാണേണ്ടവ എന്നു തീരുമാനിച്ചു കാണുകയാണെങ്കിൽ ദിവസം നാലു സിനിമയേ കാണാൻ പറ്റൂ. കാരണം, അവ പല തീയറ്ററുകളിൽ ആയിരിക്കും. പല നീളമുള്ളവ ആയതിനാൽ ഒന്നു കണ്ടിട്ട് അടുത്തതിന് ഓടിയെത്താൻ കഴിഞ്ഞെന്നുവരില്ല. രാവിലെ 8.30 മുതൽ രാത്രി 9 മണിയ്ക്കുവരെ തുടങ്ങുന്ന 5 ഷോകളാണ് ഒരു ദിവസം. ഒരേ തീയറ്ററിൽത്തന്നെ നിന്ന് എല്ലാം കാണാം എന്നു കരുതിയാൽപ്പോലും ആകെ കാണാവുന്നത് അഞ്ചു സിനിമ. ഇതുപ്രകാരം എട്ടുദിവസംകൊണ്ട് 32 മുതൽ (പരമാവധി) 40 വരെ സിനിമ കാണാം.

അടുത്തകാലത്തായി ഏറെ പ്രേക്ഷകർ ഉണ്ടാകുമെന്നു കരുതുന്ന രണ്ടു സിനിമവീതം നിശാഗന്ധിയിൽ കാണിക്കുന്നുണ്ട്. മുൻകൂർ ബുക്കിങ്ങൊന്നും ഇല്ല. ആദ്യം വരുന്ന 2500 പേർക്കു കയറാം. മറ്റെല്ലാ തീയറ്ററിലും ഈ സമയത്ത് സ്വാഭാവികമായി തിരക്കു കുറയും. ഇഷ്ടപ്പെടുന്ന സിനിമകൾക്കുതന്നെ ബുക്കിങ് കിട്ടാൻ സാധ്യത കൂടുതലാണ്. ബാക്കി സമയങ്ങളിൽ മൂന്നു സ്ക്രീനിങ്ങുകളാണ് ഈ തീയറ്ററുകളിൽ ഉള്ളത്. ഈ ഷോകൾക്കാണ് ബുക്കിങ് കിട്ടാൻ ഏറ്റവും പ്രയാസം.

ഇപ്പോൾ ബുക്കിങ് സമയത്തു ശ്രമിക്കുന്ന ഒട്ടുമിക്കവർക്കും മൂന്നു ബുക്കിങ് കിട്ടുന്നു എന്നാണു പലരോടും സംസാരിച്ചതിൽ നിന്ന് മനസിലാക്കുന്നത്. നിശാഗന്ധിയിലെ രണ്ട് ബുക്കിങ്ങില്ലാ ഷോകളും ഉണ്ട്. അഞ്ചു സിനിമ ഒട്ടുമിക്കവർക്കും കാണാൻ അവസരമുണ്ട് എന്നാണ് ഇതു വ്യക്തമാക്കുന്നത്. എത്ര തലകുത്തി നിന്നാലും അതിലധികം കാണാൻ കഴിയുകയുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ മേളപ്പറമ്പുകളിൽ ചെറുകൂട്ടമായി ഈ വിഷയത്തെക്കുറിച്ചു നടന്ന വർത്തമാനങ്ങളിൽ പങ്കെടുത്തവരോടും ലോഹ്യം ചോദിക്കാൻ അവസരം കിട്ടിയവരോടും ഉൾപ്പെടെ പത്തറുപതുപേരോടു സംസാരിച്ചതിൽ നിന്നു കിട്ടിയ ധാരണയാണിത്.

എല്ലാവരുടെയും അനുഭവം ഇത് ആകണമെന്നില്ല. സാങ്കേതികവിദ്യ വഴങ്ങാത്ത മുതിർന്നവരും മുൻകാലങ്ങളിലെ സ്ഥിരം പ്രേക്ഷകരുമായ ഒരു നല്ല വിഭാഗത്തിനാണ് ബുക്കിങ് രീതിയെക്കുറിച്ച് വിമർശം ഉള്ളത്. ഇങ്ങനെ ബുക്ക് ചെയ്യാൻ പറ്റാത്തവർക്ക് മുമ്പ് ക്യൂ നിന്നു മുൻഗണനക്രമത്തിൽ സിനിമ കാണാൻ അവസരം നല്കിയിരുന്നു. കോവിഡിനുശേഷം നടന്ന മേളയിലും ഈ മേളയിലും മുഴുവൻ സീറ്റും ഓൺലൈൻ ബുക്കിങ്ങിൽ ഉൾപ്പെടുത്തി. ഇത്തവണയും ബുക്ക് ചെയ്ത് എത്താത്തവരുടെ കണക്കു നോക്കി ഒഴിവുള്ള സീറ്റുകളിൽ ബുക്കിങ്ങില്ലാതെ ക്യൂനില്ക്കുന്നവർക്കു പ്രവേശനം നല്കുന്നുണ്ട്. ടാഗോറിലും സീറ്റെണ്ണം കൂടുതലുള്ള തീയറ്ററുകളിലും പത്തും ഇരുപതും ശതമാനം ഇങ്ങനെ കിട്ടുന്നുണ്ട്. എന്നാലും, മേല്പറഞ്ഞ വിഭാഗത്തിൽ പെട്ടവർക്ക് അവസരം കിട്ടുന്നുണ്ടാവുമോ. ഇതറിയാൻ ബുക്ക് ചെയ്തവരുടെ പ്രായം തിരിച്ചുള്ള കണക്കു നോക്കി. തരക്കേടില്ലാത്ത സംഖ്യ മുതിർന്ന പൗരർ ഓൺലൈനിൽ ബുക്ക് ചെയ്തു സിനിമ കാണുന്നുണ്ട്. എനിക്കു തോന്നുന്നത്, ഓ, എനിക്കു വയസായി, ഇതൊന്നും എനിക്കു വഴങ്ങില്ല, എന്നു സ്വയം തീരുമാനിച്ചു ബുക്ക് ചെയ്യാൻ ശ്രമിക്കുക പോലും ചെയ്യാത്ത കുറച്ചുപേരാകും ആ വിഭാഗത്തിലെ പരാതിക്കാർ.

സമീപകാലമേളകളിൽ വലിയപങ്കും പുതുതലമുറയാണ്. മുമ്പ് മധ്യവയസ്കരുടെയും മുതിർന്നവരുടേയും ആയിരുന്ന മേള ഇന്ന് അങ്ങനെയല്ല. പങ്കാളിത്തത്തിന്റെ സ്വഭാവം മാറുന്നതിനനുസരിച്ച് നടത്തിപ്പിലെ ഇത്തരം പല കാര്യവും മാറണമല്ലോ. അങ്ങനെ വരുമ്പോൾ ഇന്ന് ട്രെയ്നിലെയും ബസിലെയും ബുക്കിങ് മുതൽ സകലതും ഓൺലൈൻ ആയിരിക്കെ ഇവിടെയും ആ രീതി സ്വാഭാവികമാണ്. ആ രീതി മുഴുവൻ സീറ്റിനും ബാധകം ആക്കണോ എന്നു ചോദിച്ചാൽ, നിശാഗന്ധി ഒഴിച്ചുള്ള തീയറ്ററുകളിലെ 30 ശതമാനം സീറ്റ് മാറ്റിയിട്ടാൽ ബാക്കി സീറ്റാണ് ബുക്ക് ചെയ്യാനാവുക. അപ്പോൾ കൂടുതൽ പ്രേക്ഷകർ പുറത്താകും. ഇവർ തീയറ്ററിലെ 30 ശതമാനം സീറ്റിനായി മത്സരിക്കേണ്ടിവരും. ക്യൂനിന്നു കിട്ടിയില്ലെങ്കിൽ നിരാശയുടെ അളവും നിരാശരുടെ എണ്ണവും കൂടും. മൊത്തം ഓൺലൈൻ ബുക്കിങ് ആക്കിയാൽ രാവിലെതന്നെ അറിയാം ഏതൊക്കെ എപ്പഴൊക്കെ കാണാം എന്ന്. അതനുസരിച്ചു മറ്റു കാര്യങ്ങൾ പ്ലാൻ ചെയ്യുകയും ആകാം. പ്രേക്ഷകരുടെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോൾ മഹാഭൂരിപക്ഷം വരുന്ന യുവാക്കളുടെ താത്പര്യം ഇതാകാം.

എങ്കിലും സീറ്റെണ്ണം കഴിഞ്ഞുള്ള ഡെലിഗേറ്റെണ്ണം എപ്പോഴും പുറത്തായിരിക്കും. ഗോവയിൽ നടന്നുവരുന്ന ഇന്ത്യയുടെ രാജ്യാന്തരമേളയിലും ഓൺലൈൻ ബുക്കിങ്ങാണ്. കിട്ടാത്ത കുറേപ്പേർ ഉണ്ടാകും. അത് എല്ലാ ജനകീയമേളയിലും അങ്ങനെയേ ആകാൻ പറ്റൂ. ആളെണ്ണത്തോളം സീറ്റ് ഒരുക്കിയാൽ എല്ലാ സിനിമയും കാണാൻ താല്പര്യമില്ലാത്ത ഒരു വിഭാഗത്തിന്റെ സീറ്റുകൾ വെറുതേ കിടക്കും. അതുകൊണ്ട് അതു പറ്റില്ല. എങ്കിലും മേളയ്‍ക്ക് എത്തുന്നവരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റെണ്ണം കൂടേണ്ടതുണ്ട്.

നിർദ്ദേശങ്ങൾ

വെള്ളയമ്പലത്തെ പഞ്ചായത്ത് അസോസിയേഷൻ ഹാൾ, വിമൻസ് കോളജിലെ ഓഡിറ്റോറിയം എന്നിവകൂടി സിനിമയ്ക്കു പറ്റുന്നതരത്തിൽ പരിഷ്ക്കരിച്ചു മേളയ്ക്കു ലഭ്യമാക്കുകയോ കൂടുതൽ തീയറ്ററുകൾ ഉൾപ്പെടുത്തുകയോ ചെയ്യണം. അപ്പോൾ ഓരോ സിനിമയുടെയും സ്ക്രീനിങ്ങെണ്ണം ഇപ്പോഴത്തേതിൽ നിന്നു കൂട്ടണം. തീയറ്റർ വാടകയും സിനിമാ തീയറ്റർ അല്ലാത്തവയുടെ പരിഷ്ക്കരണവും സിനിമകൾക്കു കൂടുതൽ സ്ക്രീനിങ്ങ് അനുവദിപ്പിക്കലും പണച്ചെലവുള്ള കാര്യമാണ്. ഈ ചെലവു സർക്കാർ നല്കണം.

പ്രതിനിധികളുടെ എണ്ണം യാഥാർത്ഥ്യബോധത്തോടെ നിശ്ചയിച്ചു സ്ഥിരപ്പെടുത്തണം.

സർക്കാരുദ്യോഗസ്ഥരും മറ്റും അവകാശംപോലെ വഴക്കിട്ടു സൗജന്യപാസ് വാങ്ങുന്നതും അങ്ങനെ നല്കുന്നതുമായ രീതി പൂർണ്ണമായും അവസാനിപ്പിക്കണം. കോംപ്ലിമെന്ററി പാസുകൾ 250-ൽ താഴെ ആയി നിജപ്പെടുത്തുകയും അവ നല്കുന്നതിനു മാനദണ്ഡം നിശ്ചയിക്കുകയും അതു സോഫ്‌റ്റ്‌വയർ വഴി (മനുഷ്യയിടപെടൽ ഇല്ലാതെ) ആക്കുകയും വേണം. എങ്കിലെ അക്കാദമി ഭാരവാഹികൾ രാഷ്ട്രീയ, ഭരണ തലങ്ങളിൽനിന്നുള്ള സമ്മർദ്ദത്തിൽനിന്നു രക്ഷപ്പെടൂ. പദ്ധതികൾക്കു സർക്കാരിന്റെ പണം അനുവദിക്കുന്ന ഫയൽ കൈകാര്യം ചെയ്യുന്ന വകുപ്പെന്ന പേരിൽ സെക്രട്ടേറിയറ്റിലെ ധനവകുപ്പിലെ ഉദ്യോഗസ്ഥർ ഇത്തരം പല സർക്കാർ പരിപാടികളിലും അവകാശം പോലെ വൻതോതിൽ പാസുകൾ വാങ്ങിയെടുക്കാറുണ്ട്. പരിപാടി നടത്തുന്ന വകുപ്പുകളുടെ മന്ത്രിമാരുടെ ഓഫീസുകൾക്കും ശുപാർശ ചെയ്യപ്പെടുന്നവർക്കും ഒക്കെ പാസുകൾ കൊടുക്കുന്ന രീതി ഇന്ന് പല സർക്കാർ പരിപാടികളിലും ഉണ്ട്. അതെല്ലാം മുഖ്യമന്ത്രി ഇടപെട്ടു നിയന്ത്രിക്കണം. അവകാശക്കാർക്കല്ല, ആവശ്യക്കാർക്കാകണം പ്രവേശനം. ഇതു നടപ്പായാൽ, എനിക്കു തോന്നുന്നത്, ഒരു 3000 പാസെങ്കിലും ഒഴിവാകുകയോ അത്രയും പേർകൂടി പണം കൊടുത്തു പാസ് വാങ്ങാൻ തയ്യാറായാൽ 30 ലക്ഷം രൂപ കൂടിയെങ്കിലും അക്കാദമിക്കു വരുമാനം ആകുകയോ ചെയ്യും.

എല്ലാത്തരം പ്രേക്ഷകരുടെയും അവസരതുല്യതയും താത്പര്യങ്ങളും പരിഗണിച്ച് ബുക്കിങ് രീതിയിൽ അടുത്ത മേളയ്ക്കുമുമ്പ് ശാസ്ത്രീയമായ സമ്പ്രദായം നിർണ്ണയിച്ച് ഉറപ്പിക്കണം. പ്രായമോ ഭിന്നശേഷിത്വമോ ഒക്കെ പരിഗണിച്ച് ഏതെങ്കിലും വിഭാഗങ്ങൾക്ക് സീറ്റുകൾ സംവരണം ചെയ്യേണ്ടതുണ്ടെങ്കിൽ അത് ഉൾപ്പെടെയുള്ള കാര്യങ്ങളും മാനദണ്ഡം ആക്കാം. ഇത് കഴിവതും അടുത്ത രണ്ടു മാസത്തിനകം തീരുമാനിച്ചാൽ സോഫ്റ്റ്‌വയറിലെ മാറ്റങ്ങളൊക്കെ ചെയ്യാൻ സാവകാശം കിട്ടും.

IFFI ലെപ്പോലെ, ഒരിക്കൽ ഡലിഗേറ്റായി ഓൺലൈനിൽ ബുക്ക് ചെയ്തു പങ്കെടുത്തവർക്ക് അടുത്ത ഫെസ്റ്റിവലിന് രജിസ്ട്രേഷൻ ഓപ്പൺ ചെയ്യുന്നതിനുമുമ്പ് രജിസ്ട്രേഷനുള്ള ലിങ്ക് അയച്ച് അവസരം നല്കുന്ന രീതി ഉണ്ടാകണം.

Comments