ശ്രീനിവാസൻ സിനിമകൾ, ഒറ്റിയ കേരളത്തിലെ തൊഴിലാളികൾ

ശ്രീനിവാസൻ സിനിമകളിലെ നായകന്മാരെ പോലെ അപ്പോളും ഒറ്റുകാർ മാറി നിന്ന് പറയും "ഞങ്ങൾക്ക് ജീവിക്കണം, ദയവു ചെയ്തു മുതലാളിയെയും തൊഴിലാളിയെയും തമ്മിൽ തല്ലിച്ച് കഞ്ഞി കുടി മുട്ടിക്കരുത് എന്ന് ". എന്നിട്ടവർ മുതലാളിത്തത്തിന്റെ പിൻവാതിലുകളിൽ അടിമപ്പണി ചെയ്യും. സമരം ചെയ്തും പട്ടിണി സഹിച്ചും ആത്മാഭിമാനം പണയം വയ്ക്കാതെ അവകാശങ്ങൾ ചോദിച്ച് വാങ്ങി യഥാർത്ഥ തൊഴിലാളികൾ മുന്നേറി വരുമ്പോൾ അരാഷ്ട്രീയ അശ്ലീലങ്ങൾ അവരോടൊപ്പം അതിന്റെ പങ്ക് പറ്റും

സേതു

മലയാള സിനിമയുടെ അരാഷ്ട്രീയ പൊതുബോധം ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ള ഒന്നാണ് തൊഴിലാളി സംഘടനകളും തൊഴിലാളി സമരങ്ങളും. എന്നൊക്കെ തൊഴിലാളി അവകാശങ്ങൾക്കായി കൊടി എടുത്തു മുദ്രാവാക്യം വിളിച്ചിട്ടുണ്ടോ അന്നെല്ലാം അത് അനാവശ്യ സമരമായും സംരംഭകരെ നാട്ടിൽ നിന്നോടിക്കുന്ന പ്രവർത്തനങ്ങളായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതിനു വളം വച്ച് തുടങ്ങിയതിൽ വലതുപക്ഷ പൊതുബോധത്തിനും, മാധ്യമങ്ങൾക്കും, മുതലാളിമാരുടെ സ്വാധീനങ്ങൾക്കും ഒപ്പം ഇവിടുത്തെ സിനിമകൾക്കും വലിയൊരു പങ്കുണ്ട്. അരാഷ്ട്രീയത മാത്രം സംസാരിക്കുന്ന മലയാള സിനിമകൾക്ക് ജനപ്രീതി ലഭിച്ചതും അവയെല്ലാം കൊട്ടി ഘോഷിക്കപ്പെട്ടതും ഈ ഒരു സമീപനം കൊണ്ട് മാത്രമായിരുന്നു. കർഷക സമരങ്ങളും തൊഴിലാളി മുന്നേറ്റങ്ങളും കൊണ്ട് നിവർന്നു നിന്ന നാട്ടിൽ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യുന്ന തൊഴിലാളി പിന്തിരിപ്പൻ മൂരാച്ചി ആയതും ഇത്തരം ചിത്രങ്ങൾ നൽകിയ തെറ്റായ കാഴ്ചപ്പാടുകൾ കൊണ്ടായിരുന്നു.

വാജ്‌പേയി കേരളത്തിലെ ഗ്ലോബൽ ഇൻവെസ്റ്റർസ് മീറ്റിൽ പ്രസംഗിച്ചപ്പോൾ ഇൻവെസ്റ്റർസ് നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ വരവേൽപ് എന്ന സിനിമ ഉപയോഗിക്കുകയുണ്ടായി. ഇന്ന് ഈ നാട്ടിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു മുടിച്ചും തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾ പിന്തുടർന്നും കർഷക ആത്മഹത്യകൾ കണ്ടില്ലെന്നു നടിച്ചും സംഘപരിവാർ പ്രത്യയശാസ്ത്രം ഭരണം നടത്തുമ്പോൾ വാജ്‌പേയി അന്ന് വരവേല്പിന്റെ ആശയത്തെ കൂട്ട് പിടിച്ചതിൽ തെല്ലും അതിശയമില്ല. തൊഴിലാളി യൂണിയൻ എന്ന ആശയത്തെ എടുത്ത് അതിൽ രണ്ട് വില്ലൻ കഥാപാത്രങ്ങളെ സെറ്റ് ചെയ്ത് തൊഴിലാളി യൂണിയനുകളും തൊഴിലാളി സമരങ്ങളും അനാവശ്യമാണെന്നു വരുത്തി തീർക്കുകയാണ് വരവേൽപ് എന്ന സിനിമ ചെയ്യുന്നത്. ചരിത്രത്തോടും ഈ നാട്ടിലെ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളോടും ചെയ്യുന്ന ഏറ്റവും വലിയ നെറികേടാണത്. വരവേല്പിന്റെ അവസാനം മോഹൻലാൽ നടത്തുന്ന ഒരു ഉജ്വല പ്രസംഗം ഉണ്ട്.

"നൂറുകണക്കിന് സമരങ്ങൾ ഇവിടെ നടന്നു. എത്രയോ പണിശാലകൾ ഇവിടെ അടച്ചു പൂട്ടി,. സമരം ചെയ്തവരുടെ കുടുംബങ്ങൾ പട്ടിണിയിൽ ആയി, ദാരിദ്ര്യം കാരണം എത്രയോ പേര് ആത്മഹത്യ ചെയ്തു, ഇത് മുഴുവൻ ഇവിടുത്തെ തൊഴിലാളിക്ക് വേണ്ടി ആയിരുന്നോ? പലതും ട്രേഡ് യൂണിയന്റെ സാമൂഹ്യ പ്രസക്തി തെളിയിക്കാൻ ആയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആയിരുന്നു. ഇന്ന് പണമുള്ളവൻ കേരളത്തിൽ ഒരു തൊഴിൽ ശാല കെട്ടാൻ ഭയപ്പെടുന്നു. അയൽ സംസ്ഥാനങ്ങൾ പുരോഗതിയിലേക്ക് കുതിക്കുമ്പോൾ ഇവിടെ തൊഴിലില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാർ തൊഴിലില്ലായ്മാ വേതനമെന്ന ചില്ലിക്കാശിനു വേണ്ടി ട്രഷറികളിൽ ക്യൂ നിൽക്കേണ്ടി വരുന്നു. തൊഴിലാളിയെയും മുതലാളിയെയും തമ്മിൽ അടിപ്പിച്ചു ചൂഷണം ചെയ്യുന്ന ഇവനെപ്പോലുള്ള രാഷ്ട്രീയ കഴുകന്മാരെ ചങ്ങലക്കിടുക."

വികാരത്തള്ളിച്ചയിൽ സംസാരിക്കുന്ന നായകനിലൂടെ പച്ചക്കള്ളങ്ങൾ പറഞ്ഞ വരവേല്പിന്റെ സ്രഷ്ടാക്കൾ മറന്നു പോകുന്ന ഒരു ചരിത്രമുണ്ട്. കയ്യൂരിന്റെയും പുന്നപ്ര വയലാറിന്റെയും തുടങ്ങി ഈ നാട്ടിലെ പല ദേശങ്ങളുടെയും മണ്ണിൽ വീണ കർഷക തൊഴിലാളികളുടെ രക്തത്തിലും അവരുയർത്തിയ മുദ്രാവാക്യത്തിന്റെ ബലത്തിലും ഈ ഉണ്ടായ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും അവർ നടത്തിയ ഇടപെടലുകളിലൂടെ നേടിയെടുത്ത അവകാശങ്ങളും ഒക്കെ വിസ്മൃതിയിൽ ആഴ്ത്തിക്കൊണ്ട് ഇങ്ങനെയൊക്കെ എഴുതി വച്ച് സിനിമ എന്ന സാധാരണക്കാർക്കിടയിൽ ഇത്രയേറെ പ്രചാരമുള്ള ഒരു മീഡിയത്തിലൂടെ പറഞ്ഞ് വയ്ക്കുമ്പോൾ അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമാണ്. അത്തരം പ്രത്യാഘാതങ്ങളുടെ ഉദാഹരണം തേടി ഒരുപാടു ദൂരം മുന്നോട്ടു പോകേണ്ടതില്ല. മുത്തൂറ്റ് മാനേജ്മെന്റിന് എതിരെ തൊഴിലാളികൾ സമരം ചെയ്തതും അന്ന് മുത്തൂറ്റ് കേരളത്തിലെ ശാഖകൾ പൂട്ടി പോകുകയാണെന്നും അതിനെ "സംരംഭകരെ കേരളം ഓടിച്ചു വിടുന്നു" എന്ന ടാഗ് ലൈനുകൾ കൊണ്ട് ആഘോഷമാക്കിയതും ഞങ്ങൾക്കും ജീവിക്കണം ചേട്ടാ എന്ന് പറഞ്ഞ് സമരക്കാരെ മാറ്റി ബ്രാഞ്ചു തുറന്ന ജീവനക്കാരിയുടെ ഹീറോയിസം കേരള ജനത ആഘോഷിച്ചതും അരാഷ്ട്രീയതയുടെ ആഘോഷങ്ങളിൽ സമരം ചെയ്ത അവകാശ ബോധമുള്ള ആ തൊഴിലാളികൾ കുറ്റക്കാരായതും നമ്മൾ കണ്ടതാണ്. എന്നാൽ അവിടെയും നിശ്ചയ ദാർഢ്യം വെടിയാതെ സമരം വിജയിപ്പിച്ച ആ സമര സഖാക്കൾ നേടിയെടുത്ത അവകാശം ഒരു മാതൃക ആയിരുന്നു. പോരാട്ടങ്ങളിൽ വീണു പോയവരും മരിച്ചു വീണവരുമായ ഓർമിക്കപ്പെടാത്ത ഒരുപാട് മുഖങ്ങളുടെ ചരിത്ര ശേഷിപ്പാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന തൊഴിലവകാശങ്ങൾ. അത് നൽകുന്ന പ്രിവിലേജുകൾക്ക് മുകളിൽ കയറി ഇരുന്നു ധൈര്യ പൂർവ്വം അരാഷ്ട്രീയത പറയാൻ നമുക്ക് കഴിയുന്നുണ്ട്. അതിനു കാരണം അവകാശ ലംഘനമുണ്ടായാൽ ചോദിക്കാൻ ഇവിടെ തൊഴിലാളി സംഘടനകളും അവരുടെ അടിയുറച്ച നിലപാടുകളും ഉള്ളതുകൊണ്ടാണ്.

മെയ്‌ ഒന്ന്. മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ സമരം ചെയ്യുന്ന, തൊഴിലവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ, ഇപ്പോളും ഉയർത്തുന്ന എല്ലാ തൊഴിലാളികളെയും അവരുയർത്തുന്ന മുദ്രാവാക്യവും ലോകമെങ്ങും ഓർമിക്കപ്പെടേണ്ട ദിവസമാണ്. 1886 ൽ ചിക്കാഗോ തെരുവിൽ മുതലാളിത്തത്തിന്റെ വെടിയേറ്റ് പിടഞ്ഞു വീണ മനുഷ്യരുടെ രക്തം ലോകത്തിനു സമ്മാനിച്ചത് തൊഴിലാളി സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങൾ ആയിരുന്നു. എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം എട്ടു മണിക്കൂർ വിനോദം എന്ന വർക്ക് അവേഴ്സ് സാധ്യമായതിന്റെ ഓർമയ്ക്കും ഒപ്പം അതിനായി ജീവൻ ബലി നൽകിയ തൊഴിലാളി സഖാക്കളെ സ്മരിച്ചു കൊണ്ടും വീണ്ടുമൊരു തൊഴിലാളി ദിനം കൂടി നമ്മൾ ആചരിക്കുമ്പോൾ കോവിഡ് എന്നൊരു പ്രതിസന്ധി കൂടി തൊഴിലാളികൾക്ക് മുന്നിലുണ്ട്. മനുഷ്യ ചരിത്രം ഇന്ന് വരെ കാണാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമ്പോൾ, മുതലാളിത്ത സാമ്രാജ്യത്വങ്ങൾക്ക് ബാധ്യതകൾ കൂടി വരുമ്പോൾ മുഴുവൻ ഭാരവും തൊഴിലാളി വർഗ്ഗത്തിന്റെ ചുമലിലേക്ക് ഇറക്കി വച്ചേക്കാം.. അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ട് മുതലാളിത്തം പൂർവാധികം ശക്തിയോടെ തൊഴിലാളികളെ അടിച്ചമർത്തും. അപ്പോളും ഉറക്കെ അവകാശ ബോധത്തോടെ വിളിക്കാൻ ഒരു മുദ്രാവാക്യം മാത്രമേ കാണൂ. സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ നിങ്ങൾക്ക് നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രം.

ശ്രീനിവാസൻ സിനിമകളിലെ നായകന്മാരെ പോലെ അപ്പോളും ഒറ്റുകാർ മാറി നിന്ന് പറയും "ഞങ്ങൾക്ക് ജീവിക്കണം, ദയവു ചെയ്തു മുതലാളിയെയും തൊഴിലാളിയെയും തമ്മിൽ തല്ലിച്ച് കഞ്ഞി കുടി മുട്ടിക്കരുത് എന്ന് ". എന്നിട്ടവർ മുതലാളിത്തത്തിന്റെ പിൻവാതിലുകളിൽ അടിമപ്പണി ചെയ്യും. സമരം ചെയ്തും പട്ടിണി സഹിച്ചും ആത്മാഭിമാനം പണയം വയ്ക്കാതെ അവകാശങ്ങൾ ചോദിച്ച് വാങ്ങി യഥാർത്ഥ തൊഴിലാളികൾ മുന്നേറി വരുമ്പോൾ അരാഷ്ട്രീയ അശ്ലീലങ്ങൾ അവരോടൊപ്പം അതിന്റെ പങ്ക് പറ്റും. എന്നിട്ടവർ മാറി നിന്ന് തൊഴിലാളി യൂണിയനുകൾ നശിപ്പിച്ച സംരഭങ്ങളെ പറ്റി പ്രസംഗിക്കും, സിനിമകൾ ഉണ്ടാക്കും. സമൂഹത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളെ താറടിക്കും. പ്രതിസന്ധിയുടെ കാലഘട്ടമാണ് വരുംകാല ഭാവിയിൽ നമ്മളെ കാത്തിരിക്കുന്നത്. ശ്രീനിവാസന്മാർക്കു ചെവി കൊടുക്കാതെ, പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ നില്കാതെ സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് പറയാൻ ആർജവമുള്ള നായകന്മാരാൽ നമ്മുടെ സമൂഹം നിറയട്ടെ. അരാഷ്ട്രീയതയ്ക്കും തീവ്രവലതുപക്ഷ ചിന്താരീതികൾക്കും ഉപരിപ്ലവമെന്ന് മാത്രം അടയാളപ്പെടുത്താൻ ആവുന്ന അവകാശങ്ങളും അധികാരങ്ങളും, എല്ലാത്തിനുമുപരി ശാരീരികവും സാമൂഹികവുമായ തൊഴിലാളി ഭൂരിപക്ഷത്തിന്റെ അധ്വാനവും ഒക്കെ കെട്ടിപ്പെടുത്തിയ സാമൂഹിക വ്യവസ്ഥിതിയാണ് ഇന്നത്തെ കേരളത്തിന്റേത്. അവയെ റദ്ദ് ചെയ്യുക എന്നത് ചരിത്രത്തെ, സ്വയം അനുഭവിക്കുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളെയും ഒക്കെ തള്ളിപ്പറയുന്നതും കൂടിയാണ്. കേരളത്തിന്റെ അസ്ഥിത്വത്തെ, ചരിത്രത്തെയും നിലനിൽപ്പിനെയുമൊക്കെ സത്യത്തോടെ മാത്രം അവതരിപ്പിക്കുന്ന സിനിമകൾ ഉണ്ടാവട്ടെ എന്ന് മാത്രം നമുക്ക് പ്രത്യാശിക്കാം.


മൂവി സ്ട്രീറ്റ് ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം

Comments