സത്യൻ; അഭിനയത്തിന്റെ ഇന്നലെയും ഇന്നും നാളെയും

നിത്യജീവിതത്തിന്റെ സൂക്ഷ്മതകളിലൂടെ, ഒരു നടന്​ സാധ്യമായ ദൂരമത്രയും യാത്രചെയ്​ത നടൻ സത്യനെ​ ഒരു ആരാധകൻ ഓർക്കുന്നു. 2020 നവംബർ 9ന്​ അദ്ദേഹത്തിന്റെ നൂറ്റിയെട്ടാം ജന്മ വാർഷികദിനമാണ്​

"ഗ്രാമത്തിലെ ഒരേയൊരു ചിത്രകാരനും ശില്പിയും അതിഭയങ്കര സിനിമാപ്രേമിയുമായ പൊന്തമ്പുഴ വിജയന്റെ അഭിപ്രായത്തിൽ ഒരൊറ്റ നല്ല നടനേ മലയാളത്തിൽ ഉണ്ടായിട്ടുള്ളു. സത്യൻ. ഞാൻ അതുവരെക്കണ്ട സിനിമയിലൊന്നും സത്യൻ ഉണ്ടായിരുന്നില്ല. ഈപ്പറയുന്ന നടനെ എനിക്കൊന്നു കാണണമല്ലോ എന്ന് വിചാരിച്ച് നടക്കുകയായിരുന്നു. അപ്പോഴാണ് അടുത്തുള്ള പള്ളിക്കൂടത്തിൽ ഒരു പെണ്ണിന്റെ കഥ കാണിക്കുന്നത്.

പടം തുടങ്ങി നേരമൊത്തിരി കഴിഞ്ഞിട്ടും സത്യനെ കാണുന്നില്ല. കോട്ടും സൂട്ടുമിട്ട് കറുത്ത കണ്ണട വെച്ച മാധവൻ തമ്പി എന്ന തൈക്കിളവൻ ഇടയ്ക്കിടെ വരുന്നുണ്ട്. ഒരു ദുഷ്ടനാണ്.

അങ്ങനെയിരിക്കുമ്പോൾ അതാ വരുന്നു സുന്ദരനായ സത്യൻ.

"സത്യൻ.. സത്യൻ..' ഞാൻ ഉറക്കെപ്പറഞ്ഞു.

അപ്പോൾ അടുത്തിരുന്നയാൾ "സത്യനോ? മണ്ടത്തരം പറയാതിരിയെടാ ചെറുക്കാ. അതുമ്മറാ.. ഉമ്മർ..'.

"അപ്പം സത്യനോ? സത്യൻ ഇതുവരെ വന്നില്ലല്ലോ!'

"ആ മാധവൻ തമ്പിയായിട്ട് വരുന്നതു പിന്നാരാ? അതാ സത്തിയൻ'.

എനിക്കാകെ നിരാശയായി.

പ്രേം നസീറിനേക്കാൾ സുന്ദരനായിരിക്കും എന്ന് ഞാൻ വിചാരിച്ചിരുന്ന സത്യനാണോ ആ കിഴവൻ? അയാളല്ലേ ചെറുപ്പത്തിൽ "പൂന്തേനരുവീ, പൊന്മുടിപ്പുഴയുടെ അനുജത്തീ' എന്ന് പാടിയാടി നടന്ന ഷീലയെ "നശിപ്പി'ച്ചത്?

അതാണ് സത്യൻ എന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ സത്യനാണെന്ന് ഞാൻ വിചാരിച്ച ആൾ വല്ലപ്പോഴുമേ വരുന്നുള്ളു.

മാധവൻ തമ്പി സ്വയം വെടിവെച്ച് മരിക്കുന്നതോടെയാണ് സിനിമ തീരുന്നത്. അതാണ് സത്യനെന്ന സത്യം എനിക്ക് മനസ്സിലായി. സിനിമയിലെ നായകൻ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ യുവസുന്ദരൻ ആയിരിക്കണമെന്ന് നിർബ്ബന്ധമില്ല എന്നും...' (സിനിമാ പ്രാന്തിന്റെ 40 വർഷങ്ങൾ)

സത്യൻ മരിച്ച് നാലുവർഷം കഴിഞ്ഞാണ് ആദ്യമായി ഞാനൊരു സിനിമ കാണുന്നത്. എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. പക്ഷെ എന്നെ സംബന്ധിച്ച്​ മലയാള സിനിമയിലെ ഏറ്റവും മികച്ച നായക നടനാണ് സത്യൻ. മലയാളത്തിൽ എന്തിന്? കഴിഞ്ഞ നാൽപതുവർഷത്തെ എന്റെ സിനിമാ യാത്രകളിൽ ഞാൻ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സത്യൻ.

അദ്ദേഹത്തിന്റെ തലമുറയിലെ അധികം നടന്മാരെയും ജനം മറന്നു കഴിഞ്ഞിരിക്കുന്നു. പക്ഷെ അക്കാലത്തെ സിനിമകൾ കണ്ടിട്ടുള്ള ഓരോരുത്തരുടെയും മനസ്സിൽ സത്യൻ ഇന്നും ജീവിക്കുന്നു. വെള്ളിത്തിരയിലൂടെ അദ്ദേഹം പകർന്ന ഊർജ്ജവും സത്യത്തിന് തൊട്ടടുത്ത് നിൽക്കുന്ന അഭിനയവും തിളങ്ങുന്ന ആ വ്യക്തിത്വവും ആസ്വാദകർ ഇന്നും ഓർമിക്കുന്നു. ഏതാണ്ട് എല്ലാ സിനിമാനടന്മാരും നാടകത്തിന്റെ ശൈലിയിൽ, വളരെ ഉച്ചത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ നിത്യജീവിതത്തിന്റെ സൂക്ഷ്മതകളിലൂടെ യാത്രചെയ്തുകൊണ്ടാണ് സത്യൻ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സത്യൻ

"രാജശേഖരനോട് കളിക്കാൻ നീയൊന്നും വളർന്നിട്ടില്ലടാ. ഒറ്റ ഒരുത്തനെയും വിടില്ല രാജശേഖരൻ' എന്നൊക്കെ സ്വയം പുകഴ്ത്തി അലറിത്തെറിക്കുന്ന മിന്നുംതാരമായി വെള്ളിത്തിര ഇളക്കിയ നടനല്ല സത്യൻ. തകർന്നു തരിപ്പണമായ ജീവിതവും കൈയിലേന്തി മുടന്തിനീങ്ങുന്ന വൃദ്ധൻ, എല്ലാവരെയും വെറുപ്പിക്കുന്ന പിടിവാശിക്കാരനായ അച്ഛൻ, വിശന്നു വലഞ്ഞ് കൈവണ്ടി വലിക്കുന്ന റിക്ഷാക്കാരൻ, അഭിമാനിയായ കൂലിപ്പണിക്കാരൻ, ദുരഭിമാനിയായ തറവാട്ടു കാരണവർ, കരയിലും കടലിലും ജീവിക്കാൻ വഴികാണാതെ മുങ്ങിപ്പോകുന്ന മുക്കുവൻ, സാഹസികനായ ഡോക്ടർ, പരീക്ഷണശാലയിൽ ആരും നടത്താത്ത പരീക്ഷണങ്ങൾക്കിടയിൽ അമ്ലം വീണ് മുഖം വെന്ത് വിരൂപനായിപ്പോയ ശാസ്ത്രജ്ഞൻ, ദരിദ്രനെങ്കിലും നെഞ്ചു നിവർത്തി ജീവിക്കുന്ന കമ്യൂണിസ്റ്റ്, കരുണയില്ലാത്ത കോടീശ്വരൻ, ബലാൽസംഗ വീരൻ, പടുകിഴവൻ, ന്യൂജെൻ യുവാവ് എന്നിങ്ങനെ ഒരു നടന് ചെന്നെത്താവുന്ന എല്ലാ ദിക്കിലും അനായാസമായി യാത്ര ചെയ്തു സത്യൻ.

പുറമെ വളരെ ലളിതമായി തോന്നിപ്പിച്ച ആ അഭിനയശൈലി അസാധ്യമായ ആഴങ്ങൾ ഉള്ളതായിരുന്നു. അതുകൊണ്ടാണ് ഒരുതവണയെങ്കിലും വെള്ളിത്തിരയിൽ സത്യനെ കണ്ട ആർക്കും അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയാത്തത്.

"താണ ജാതി'ക്കാരിയായ പാവപ്പെട്ട പെണ്ണിനെ പ്രേമിച്ച് വഞ്ചിക്കുന്ന നീലക്കുയിലിലെ ശ്രീധരൻ നായർ, ഉറുമി ചുഴറ്റിപ്പറന്നു വെട്ടുന്ന തച്ചോളി ഒതേനൻ, അമ്മയും മകളും മാത്രമുള്ള ഒരു അനാഥക്കുടുംബത്തിന്റെ ദുരിതങ്ങൾ തലയിലേറ്റി സ്വയം ദുരന്തമായി മാറുന്ന ഓടയിൽ നിന്നിലെ കൈവണ്ടിക്കാരൻ പപ്പു, നാലാളിന്റെ ആരോഗ്യവും ആർക്കും പറഞ്ഞു പറ്റിക്കാവുന്ന മനസ്സുമുള്ള ചെമ്മീനിലെ പളനി, പകൽക്കിനാവിലെ വിടനും ധൂർത്തനുമായ വൻപണക്കാരൻ, യക്ഷിയിലെ മുഖം കരിഞ്ഞ ശാസ്ത്രജ്ഞൻ, പരസ്പരം മല്ലടിക്കുന്ന അച്ഛനും മകനുമായി കടൽപ്പാലത്തിലെ ഇരട്ട വേഷം, മൂലധനത്തിലെ കരുണയുള്ള കമ്യൂണിസ്റ്റ് നേതാവ്, വാഴ്​വേമായത്തിലെ സംശയരോഗിയായ ഭർത്താവ്, അനുഭവങ്ങൾ പാളിച്ചകളിൽ വിപ്ലവകാരിയായി മാറുന്ന റൗഡി, ആരോഗ്യവും തന്റേടവും ഉണ്ടായിട്ടും ഒരു ജീവിതമുണ്ടാക്കാൻ കഴിയാതെ എല്ലാം കൈവിട്ടുപോകുന്ന കരകാണാക്കടലിലെ പാവപ്പെട്ട കുടുംബനാഥൻ... സത്യന്റെ അഭിനയംകൊണ്ടുമാത്രം ഇന്നും ജീവിക്കുന്ന എത്രയോ കഥാപാത്രങ്ങൾ.

തിരുവനന്തപുരത്തെ ആറാമടയിൽ 1912 നവംബർ ഒമ്പതിനാണ് സത്യൻ ജനിച്ചത്. ജനിച്ചു വളർന്നത് തിരുവിതാംകൂറിലാണെങ്കിലും മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയേലിനെപ്പോലെ സത്യന്റെയും മാതൃഭാഷ തമിഴ് ആയിരുന്നു. സത്യത്തെ സ്‌നേഹിക്കുന്നവൻ എന്നതിന്റെ തമിഴ് വാക്കായ "സത്യനേശൻ' എന്നായിരുന്നു പേര്.

ഒരു തുടക്കപ്പള്ളിക്കൂടത്തിൽ അദ്ധ്യാപകനായി ജീവിതമാരംഭിച്ചതുകൊണ്ടുകൂടിയാകാം പിൽക്കാലത്ത് സത്യൻ മാഷ് എന്ന് അദ്ദേഹം അറിയപ്പെട്ടത്. വൈകാതെ സർക്കാർ ഗുമസ്തന്റെ ജോലി കിട്ടി. എപ്പോഴും ഊർജ്ജസ്വലനായിരുന്ന സത്യന് ആ ജോലി വേഗം മടുത്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്ന സത്യൻ ബർമ്മയിലും മലേഷ്യയിലും യുദ്ധം ചെയ്തു.

യുദ്ധം തീർന്ന് തിരിച്ചെത്തിയ സത്യൻ തിരുവിതാംകൂർ പോലീസിൽ ഇൻസ്‌പെക്ടറായി. 1946-48 കാലത്ത് തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് സമരങ്ങളെ അടിച്ചമർത്താൻ സർക്കാർ നിയോഗിച്ച പൊലീസ് വൃന്ദത്തിന്റെ ഭാഗമായി പല തൊഴിലാളി സമരങ്ങൾ തകർത്തൊടുക്കിയ ഉരുക്കുമുഷ്ടിയായിരുന്നു സത്യൻ. പിൽക്കാലത്ത് നിരവധി സിനിമകളിൽ കമ്യൂണിസ്റ്റ് നേതാവോ സഖാവോ വിപ്ലവകാരിയോ ഒക്കെയായി അദ്ദേഹം അഭിനയിച്ചത് കാലം അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ച പ്രായശ്ചിത്തമാണ് എന്ന് കരുതുന്നവരുണ്ട്.

അതെന്തായാലും കേരളത്തിൽ കലയിലൂടെ കമ്യൂണിസം വളർത്തിയതിൽ സത്യൻ അഭിനയിച്ച കഥാപാത്രങ്ങൾക്കും വലിയ പങ്കുണ്ട്.
നാല്പതാമത്തെ വയസ്സിലാണ് സത്യൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്; 1951ൽ. ആലപ്പുഴ പോലീസ് സ്റ്റേഷനിൽ ജോലിയിലിരിക്കുമ്പോൾ പരിചയപ്പെട്ട സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ പോലീസുപണിവിട്ട് നടനാകാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൗമുദി ബാലകൃഷ്ണനാണ് സിനിമയിൽ ചേരാൻ അവസരം ഒരുക്കിയത്.

ജോലി വിട്ട് സിനിമാ അഭിനയത്തിനിറങ്ങിയെങ്കിലും ആദ്യമായി അഭിനയിച്ച ത്യാഗസീമ എന്ന സിനിമ പുറത്ത് വന്നില്ല. ആത്മസഖി, തിരമാല, ലോകനീതി, ആശാദീപം, സ്‌നേഹസീമ എന്നീ സിനിമകളിലൂടെ തന്റെ സാന്നിദ്ധ്യം അറിയിച്ചെങ്കിലും 1954ൽ വന്ന നീലക്കുയിലിലെ വില്ലൻ സ്വഭാവമുള്ള കഥാപാത്രമാണ് സത്യന്റെ സിംഹാസനം ഉറപ്പിച്ചത്. പിന്നീട് വന്ന രണ്ട് പതിറ്റാണ്ടുകാലം മലയാളത്തിൽ ഏറ്റവും സ്‌നേഹിക്കപ്പെട്ട നായക നടനായി. ലോക നിലവാരമുള്ള അഭിനയം കൈമുതലാക്കിയ മലയാളത്തിന്റെ ആദ്യ സൂപ്പർ സ്റ്റാർ.

എല്ലാ തിരക്കുകൾക്കു നടുവിലും സ്‌നേഹത്തോടെ തന്റെ കുടുംബത്തെ പരിപാലിച്ച കുടുംബനാഥനായിരുന്നു സത്യൻ. മക്കൾക്ക് സ്‌നേഹവാനായ അച്ഛൻ. പക്ഷെ ആ താരത്തിന്റെ വ്യക്തി ജീവിതം ഒരു സങ്കടക്കടലായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളും കണ്ണിന്റെ കാഴ്ച മെല്ലെ നഷ്ടപ്പെട്ടുപോകുന്ന രോഗാവസ്ഥയോടെ പിറന്നവരായിരുന്നു. അക്കാലത്ത് അതിന് യാതൊരു ചികിത്സയും ഉണ്ടായിരുന്നില്ല.

സത്യന്റെ പ്രശസ്തിയോ സാമ്പത്തിക സൗകര്യങ്ങളോ കുഞ്ഞുങ്ങളുടെ രോഗാവസ്ഥ കുറയ്ക്കാൻ ഒരുതരത്തിലും ഉപകരിച്ചില്ല. മക്കളെ രക്ഷിക്കാൻ തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന വേദന സത്യനെ എപ്പോഴും അലട്ടിയിരുന്നു. ദുഃഖങ്ങളെല്ലാം അഭിനയത്തിൽ അലിയിച്ചു കളയാൻ ശ്രമിച്ച്​ കൂടുതൽ കൂടുതൽ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

നൂറ്റിനാൽപ്പതോളം സിനിമകളിലഭിനയിച്ച് പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് സത്യന് രക്താർബുദം ബാധിച്ചതായി കണ്ടുപിടിക്കുന്നത്. രോഗം വല്ലാതെ കൂടിപ്പോയി എന്നും നാലുമാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്നുമാണ് ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞത്. അതൊന്നും ചെവിക്കൊള്ളാതെ, രോഗവിവരം അധികമാരെയും അറിയിക്കാതെ ഒരേ സമയം പല പടങ്ങളിൽ അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്നു.

രണ്ടുവർഷം അർബുദത്തോട് പോരാടി ഒടുവിൽ 1971 ജൂൺ 15ന് അമ്പത്തൊമ്പതാമത്തെ വയസ്സിൽ സത്യൻ മരിച്ചു. ആ വർഷം മാത്രം അദ്ദേഹത്തിന്റെ 14 സിനിമകളാണ് പുറത്ത് വന്നത്. അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ, ശരശയ്യ എന്നിവയൊക്കെ അദ്ദേഹത്തിന്റെ മരണശേഷമാണ് ലോകം കണ്ടത്.

കൈവിടപ്പെട്ട മനുഷ്യാത്മാവിന്റെ കണ്ണീർ നിറഞ്ഞ പല കഥാപാത്രങ്ങളെ സത്യൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആ അഭിനയം ആ കഥാപാത്രങ്ങൾക്കും ധൈര്യത്തിന്റെ ഒരു മേലാട പുതപ്പിച്ചിരുന്നു. ജീവിതം നൽകിയ എണ്ണമറ്റ ദുരന്തങ്ങൾക്കോ അകാല മരണത്തിനോ പോലും സത്യനെന്ന കലാകാരനെ തൊടാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അഭിനയം നോക്കി ഇന്നും നാം ആശ്ചര്യപ്പെടുന്നു.

Comments