സർവകലാശാലകളെ സംഘപരിവാർ അടിമുടി തകർക്കുന്ന വിധം

ഹിന്ദുത്വവത്കരണത്തിലൂടെ ഉന്നത വിദ്യഭ്യാസത്തെ എങ്ങനെ ആസുത്രിതമായി ഉന്മൂലനം ചെയ്യാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബീഹാറിലെ നളന്ദ സർവ്വകലാശാല. സംഘപരിവാർ സംഘടനകൾ മനോഹരമായ ഒരു സ്വപ്നത്തെ കാവിവത്കരണത്തിലൂടെ ഇല്ലായ്മ ചെയ്യുന്നതിന് മൂകസാക്ഷിയാകാനേ ഇന്ത്യൻ ജനസമൂഹത്തിന് സാധിച്ചുള്ളൂ.

ഹിന്ദുത്വവത്കരണത്തിലൂടെ ഉന്നത വിദ്യഭ്യാസത്തെ എങ്ങനെ ആസുത്രിതമായി ഉന്മൂലനം ചെയ്യാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബീഹാറിലെ നളന്ദ സർവ്വകലാശാല. എന്നാൽ അത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടത്തുന്ന വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണത്തിന്റെ പുതിയൊരധ്യായവുമല്ല. രാജ്യത്തെ അതി പുരാതനമായ ഒരു സർവ്വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ വിദ്യഭ്യാസ - സാംസ്കാരിക മേഖലക്ക് ഒരു പോലെ ഭീഷണിയാകുന്നതെങ്ങനെയെന്ന് പരിശോധിക്കുകയാണിവിടെ.

2006 മാർച്ച് 28ന് ബീഹാർ നിയമസഭയുടെ സംയുക്ത സമ്മേളനത്തിൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൽ കലാമാണ് നളന്ദ സർവ്വകലാശാലയെ പുനർജനിപ്പിക്കുന്നതിനെ കുറിച്ചുള്ള ആശയം അവതരിപ്പിച്ചത്. തുടർന്ന്, നളന്ദ സർവ്വകലാശാല നിർമിക്കുന്നതിനുള്ള ബിൽ ബീഹാർ നിയമസഭ പാസാക്കി. ഒടുവിൽ 2010 നവംബർ 25 ന് പാർലമെന്റിന്റെ നിയമത്തിലൂടെ സർവകലാശാല നിലവിൽ വന്നു. നിതീഷ് അന്ന് എൻ.ഡി.എയുടെ ഭാഗമായിരുന്നുവെങ്കിലും മൻമോഹൻ സിങ്ങിന്റെ നേതൃത്വലിലുള്ള സർക്കാർ ഈ പദ്ധതിയെ പൂർണ്ണമായി പിന്തുണച്ചു. എന്നാൽ, ഭാരതീയ ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന ഒരു സർവ്വകലാശാലയെ സംഘ് പരിവാറിന്റെ കുടില തന്ത്രങ്ങൾ നടപ്പാക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ തന്നെ മഹത്തായ ആ പേരിന് കളങ്കം വരുത്തുന്ന നടപടിയാണ് കേന്ദ്ര സർക്കാർ ഇന്ന് കൈകൊള്ളുന്നത്.

ചൈന, ജപ്പാൻ, സിംഗപ്പൂർ എന്നിവയുൾപ്പെടെ 18 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ രൂപീകരിക്കപ്പെട്ട ആധുനിക നളന്ദയെ ഒരു അന്താരാഷ്ട്ര യൂണിവേഴ്സിറ്റിയായി പരിവർത്തനം ചെയ്യിപ്പിക്കുക എന്നതായിരുന്നു കലാമിനെ പോലെയുള്ള ദീർഘവീക്ഷണമുള്ള വിദ്യഭ്യാസ വിചക്ഷണരുടെ സ്വപ്നം. അഞ്ചാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ 750 വർഷക്കാലം നിലനിന്നിരുന്ന നളന്ദയിലെ പുരാതന പഠനകേന്ദ്രത്തിന്റെ മഹത്വം പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു നളന്ദ സർവകലാശാല തുറക്കുന്നതിന്റെ പിന്നിലെ പ്രധാന ലക്ഷ്യം. ലോകമെമ്പാടുമുള്ള പണ്ഡിതന്മാരെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്ന നളന്ദയുടെ ചരിത്രങ്ങൾ ഇപ്പോഴും ലോകത്തിന് ഒരു അമൂല്യമായ പൈതൃകമാണ്. ഇന്ത്യയെ സംബന്ധിച്ച് സംസ്കാരികമായി വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിലൂടെ വിജ്ഞാന ലോകത്തെ മഹത്തായ പാരമ്പര്യത്തെ വിസ്മൃതിയുടെ മാറാലക്കെട്ടുകൾക്കുള്ളിലേക്ക് തള്ളിവിടുക കൂടിയാണ് ഭരണകൂടം ചെയ്യുന്നത്.

നളന്ദ യൂണിവേഴ്സിറ്റി

സാമ്പത്തിക ശാസ്ത്രത്തിലെ നോബേൽ സമ്മാന ജേതാവായ അമർത്യ സെൻ യൂണിവേഴ്സിറ്റിയുടെ ഗവേണിംഗ് ബോർഡിന്റെ പ്രഥമ ചെയർമാനും ചാൻസിലറുമായി നിയമിക്കപ്പെട്ടു. അത് വലിയ പ്രതീക്ഷകളായിരുന്നു നൽകിയത്. സർവ്വകലാശാലയെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്തുന്നതിന് ഈ നിയമനം സഹായിക്കുമെന്ന് വിദഗ്ധർ നിരീക്ഷിച്ചിരുന്നു. എന്നാൽ സംഘ് പരിവാർ കേന്ദ്രങ്ങൾ അന്നു തന്നെ ശ്രമങ്ങളാരംഭിച്ചിരുന്നു. MEAയുടെ കീഴിലായിരുന്നങ്കിലും നിതീഷിന് സർവ്വകലാശാലയുടെ നടപടി ക്രമങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്നു എന്നതാണ് വസ്തുത. എൻ.ഡി.എയുടെ കൂട്ടാളിയായിരുന്ന നിതീഷിലൂടെ സർവ്വകലാശാലയുടെ ഭരണതലത്തിൽ ചെറിയ രീതിയിലാണങ്കിലും ഇടപെടലുകൾ നടത്താൻ സംഘ് പരിവാർ ശക്തികൾക്ക് സാധിച്ചു.

അമർത്യ സെൻ

തുടർന്ന് 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ
ചില ചെറുകിട വാർത്താ പോർട്ടലുകളും ചില ദേശീയ പത്രങ്ങളുടെ പ്രാദേശിക പതിപ്പുകളുടെ ഒരു വിഭാഗവും ആർഎസ്‌എസിന്റെ നിർദ്ദേശപ്രകാരം സെന്നിനെതിരെ അപവാദ പ്രചരണങ്ങൾ അഴിച്ചുവിട്ടു. സ്ഥിരീകരിക്കാത്തതും സംശയാസ്പദവുമായ തെളിവുകളെ അടിസ്ഥാനമാക്കി ചില കഥകൾ ചാൻസിലർക്കെതിരെ മെനഞ്ഞെടുത്തു. "സാമ്പത്തിക ക്രമക്കേടുകൾ' നടത്തുകയും സർവ്വകലാശാലയുടെ തത്വങ്ങളെ "തുരങ്കം' വെക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെട്ടു. സെന്നിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഗവേണിംഗ് ബോർഡ് തിരഞ്ഞെടുത്ത വൈസ് ചാൻസലറായിരുന്ന ഗോപാൽ സബർവാളിനെയും അവർ അധിക്ഷേപിച്ചു. ആരോപണങ്ങൾക്കിടയിൽ "രാഷ്ട്രീയ ഇടപെടൽ' ചൂണ്ടിക്കാട്ടി സെൻ ചാൻസലർ സ്ഥാനം രാജിവച്ചു. 18 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഗവേണിംഗ് ബോർഡ് 2015ൽ അദ്ദേഹത്തിന്റെ പേര് രണ്ടാം ടേമിലേക്ക് ഏകകണ്ഠമായി ശുപാർശ ചെയ്തിരുന്നു. ഈ തീരുമാനത്തെ പരിഗണിക്കുക പോലും ചെയ്തില്ല എന്നതാണ് യാഥാർത്ഥ്യം. തുടർന്ന് യൂണിവേഴ്സിറ്റിയുടെ സന്ദർശകനായ പ്രസിഡന്റ് സിംഗപ്പൂർ മന്ത്രി ജോർജ്ജ് യോയെ അതിന്റെ ചാൻസലറായി നിയമിച്ചു. സ്ഥാപനത്തിന്റെ സ്വയംഭരണത്തെക്കുറിച്ചും അക്കാദമിക് കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുമുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി അദ്ദേഹവും രാജിവച്ചു.

2017 ജനുവരി 25 ന് കേന്ദ്ര സർക്കാർ പൂനെ ആസ്ഥാനമായുള്ള "കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും' ആർഎസ്എസിന്റെ പോഷക സംഘടനയായ "വിജ്ഞാൻ ഭാരതി'യുടെ പ്രസിഡന്റുമായ വിജയ് പാണ്ഡുരംഗ് ഭട്കറെ ചാൻസലറായി നിയമിച്ചു."ഞാൻ വിജ്ഞാൻ ഭാരതിയുടെ പ്രസിഡന്റായി തുടരും. അത് ശാസ്ത്രജ്ഞരുടെ സംഘടനയാണ്, തന്റെ ആർ.എസ്.എസ് ബന്ധങ്ങളിൽ തനിക്ക് യാതൊരു മടിയുമില്ല' ചുമതലയേറ്റ ശേഷം ഭട്കർ പറഞ്ഞു.

വിജയ് പാണ്ഡുരംഗ് ഭട്കർ

ഏറെ പ്രതീക്ഷകളോടെ സ്ഥാപിച്ച ഒരു സർവ്വകലാശാല എൻ.ഡി.എ. സർക്കാറിന്റെ എട്ടു വർഷത്തെ ഭരണത്തിൽ വീണ്ടെടുക്കാനാവാത്തവിധം തകർന്നു പോയിരിക്കുകയാണിപ്പോൾ. നിലവിലെ വൈസ് ചാൻസിലർ സുനൈന സിംഗ് നിയമിതയായത് മുതൽ നളന്ദ സർവകലാശാലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നത്. അക്കാരണത്താൽ വിദേശികളും സ്വദേശികളുമായ പല പ്രമുഖ അധ്യാപകരും ധാരാളം കുട്ടികളും യൂണിവേഴ്സിറ്റി വിട്ടു പോയി. യൂണിവേഴ്സിറ്റിയുടെ പ്രത്യേകത എന്നോണം വലിയ രീതിയിൽ പരസ്യം ചെയ്യപ്പെട്ട സ്‌കൂൾ ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, സ്‌കൂൾ ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ്, ഫിലോസഫി, മത താരതമ്യ പഠനം തുടങ്ങിയ നിരവധി ഡിപാർട്ടുമെന്റുകളിൽ നിന്നും പ്രഗത്ഭരായ പല അധ്യാപകരും പോയതോടെ വിദ്യാർഥികൾക്ക് അവരുടെ യഥാർത്ഥ ഗവേഷണ വിഷയം ഉപേക്ഷിച്ച് പുതിയ വിഷയങ്ങൾ കണ്ടത്തേണ്ടി വന്നു. അധ്യാപകരുടെ കുറവുകൾ നികത്താനോ നിപുണരായ അധ്യാപകരെ കൊണ്ട് വരാനോ യൂണിവേഴ്സിറ്റി ഭരണ സമിതി ശ്രമിച്ചില്ല. പകരം തങ്ങളുടെ ആശയത്തിന്റെ വിഴുപ്പുഭാണ്ഡങ്ങൾ പേറുന്നവരെ കുത്തിക്കയറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ശ്രീറാം മാധവിനെ പോലെയുള്ള ആർ.എസ്.എസ്. ബുദ്ധിജീവികൾ നിരന്തരം വിശിഷ്ടാഥിതികളായെത്തി. അതിലപ്പുറം ഒരു തരത്തിലുള്ള സമരങ്ങളിലും തങ്ങൾ പങ്കാളികളാകില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് ഒപ്പിട്ടു വാങ്ങി ക്യാമ്പസിന്റെ ജനാധിപത്യ അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. സംഘപരിവാർ സംഘടനകൾ മനോഹരമായ ഒരു സ്വപ്നത്തെ കാവിവത്കരണത്തിലൂടെ ഇല്ലായ്മ ചെയ്യുന്നതിന് മൂകസാക്ഷിയാകാനേ ഇന്ത്യൻ ജനസമൂഹത്തിന് സാധിച്ചുള്ളൂ.

സുനൈന സിംഗ്

നളന്ദയുടെ ദുരവസ്ഥ രാജ്യത്തെ വിജ്ഞാന പാരമ്പര്യത്തിന് കൂടി കളങ്കം ചാർത്തുകയാണ്. നൂറ്റാണ്ടുകളോളം പ്രവർത്തിച്ച ഒരു അന്താരാഷ്ട്ര വിജ്ഞാന കേന്ദ്രത്തിന്റെ ചരിത്രത്തെ അട്ടിമറിക്കുയാണ് ഇത്തരം നടപടികളിലൂടെ കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.

നളന്ദ സർവകലാശാല ഒരു ഉദാഹരണം മാത്രമാണ്. "ആർഎസ്എസ്-ബിജെപി സംഖ്യം രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആസൂത്രിതമായി പിടിച്ചെടുത്തു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, നളന്ദ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അവർ ആർഎസ്‌എസ് പ്രവർത്തകരെ നിയമിക്കാൻ തുടങ്ങി. രാഷ്ട്രീയ ജനതാദളിന്റെ ദേശീയ വക്താവും ഡൽഹി സർവകലാശാലയിലെ സോഷ്യൽ വർക്ക് പ്രൊഫസറുമായ മനോജ് ഝാ ദി വെയറിന് നൽകിയ ഒരഭിമുഖത്തിൽ പറയുകയുണ്ടായി.“ഇപ്പോൾ, അവർ ഒരു പൈശാചിക പ്രക്രിയയിലൂടെ അസിസ്റ്റന്റ് പ്രൊഫസർ തലത്തിൽ അവരുടെ കേഡറുകൾ നിറയ്ക്കുകയാണ്. ആർഎസ്എസ്-ബിജെപി ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കും സഖ്യങ്ങൾക്കും ബുദ്ധിമുട്ടായിരിക്കും,'' ഝാ കൂട്ടിച്ചേർത്തു.

മൻമോഹൻ സിംഗ്, നിതീഷ് കുമാർ, കപിൽ സിബൽ

മൻമോഹൻ സിംഗ് സർക്കാർ ബീഹാറിന് ഒരു കേന്ദ്ര സർവ്വകലാശാല അനുവദിക്കുകയും പട്‌നയിൽ അത് തുറക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ മഹാത്മാഗാന്ധിയുടെ പ്രഥമ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കിഴക്കൻ ചമ്പാരന്റെ ആസ്ഥാനമായ മോത്തിഹാരിയിൽ കേന്ദ്ര സർവകലാശാല തുറക്കണമെന്ന് നിതീഷ് കുമാർ നിർബന്ധിച്ചു. തുടർന്ന് നിതീഷ് അന്നത്തെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപിൽ സിബലുമായി അനുനയ ചർച്ചകൾ നടത്തി, ബീഹാറിന് രണ്ട് കേന്ദ്ര സർവകലാശാലകൾ നേടിയെടുത്തു. ഒന്ന് മോത്തിഹാരിയിലും മറ്റൊന്ന് ബോധ്ഗയയിലും. നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ രണ്ട് കേന്ദ്രസർവകലാശാലകളിലെയും വൈസ് ചാൻസലർ തലം മുതൽ അസിസ്റ്റന്റ് പ്രൊഫസർമാർ വരെയുള്ള തസ്തികകൾ സമ്പൂർണ്ണമായും ആർഎസ്എസിന്റെ കെെകളിൽ അമർന്നിരിക്കുകയാണ്. രണ്ട് സ്ഥാപനങ്ങളിലെയും മീഡിയ സ്റ്റഡീസ് സ്‌കൂളുകൾ നയിക്കുന്നത് ആർഎസ്‌എസ് പ്രവർത്തകരാണ്. ഇതിനെതിരെ ശബ്ദിക്കുന്നവരെ ഏത് വിധേനയും ഇല്ലാതാക്കുകയും വായ മൂടിക്കെട്ടുകയുമാണ് ചെയ്യുന്നത്. 2018 ഒക്ടോബർ 31 ന് അധികാരമേറ്റ മോത്തിഹാരിയിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റി (എംജിസിയു)യുടെ പ്രോ-വൈസ് ചാൻസലർ അനിൽ കുമാർ റായ് (അങ്കിത്) ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രമുഖനായ മുൻ നേതാവാണ്. എ.ബി.വി.പി മാധ്യമവിദ്യാഭ്യാസത്തിന്റെ ഒരു തവവനാണ് അങ്കിത്. വിദ്യാഭ്യാസം രാഷ്ട്രീയവുമായി കലർത്തുന്നതിൽ അങ്കിതിന് യാതൊരു മടിയുമില്ലന്ന് അദ്ധേഹത്തിനെ മുൻ പരിചയമുള്ളവർക്കെല്ലാമറിയാം. വിദ്യഭ്യാസ രംഗത്തെ കാവി വത്കരിക്കുന്നതിൽ കൃത്യമായ കരുനീക്കങ്ങളാണ് സംഘ് പരിവാർ സംഘടനകൾ നടത്തിെക്കാെണ്ടിരിക്കുന്നത്. ഇത് ഇന്ത്യയുടെ വെെഞ്ജാനിക സംസ്ക്കാരത്തെയും പൈതൃകത്തെയും മുച്ചൂടും നശിപ്പിക്കുമെന്നത് നിസ്സംശയം പറയാം.

Comments