ജനാധിപത്യത്തിലെ പ്രതിപക്ഷ ബഹുമാനം എന്നത് പേരിന് പോലും ഇല്ലാതായി

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

ജനാധിപത്യം തന്നെ രൂപപ്പെട്ടിട്ടുള്ളത് സംവാദങ്ങളിലൂടെയാണ്. ആരോഗ്യകരമായ അഭിപ്രായ പ്രകടനങ്ങളും അതു പറയാനും കേൾക്കാനുമുള്ള സ്വാതന്ത്ര്യവും ഇവിടെ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമുക്ക് എതിർക്കാനുള്ള അവകാശമുള്ളതുപോലെ എതിർക്കപ്പെടാനുള്ള സാധ്യകളും തിരിച്ചറിയേണ്ടത് ജനാധിപത്യത്തിൽ പ്രസക്തമാണെന്ന് തോന്നുന്നു. ഏകാധിപത്യ പ്രവണതകളിൽ നിന്നും രാജസ്തുതികളിൽ നിന്നും മാറിചിന്തിക്കുന്ന ഒരു സമൂഹത്തെയാണല്ലോ ജനാധിപത്യ സമൂഹമെന്ന് പറയുന്നത്.

അതുകൊണ്ടു തന്നെ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിൽ തുടർച്ചയായ സംവാദം രാഷ്ട്രീയത്തിൽ അനിവാര്യമാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്ന് ഭരണഘടന ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോൾ അതെവിടെയെങ്കിലും ചോരുന്നുണ്ടോ, ഏകാധിപത്യ ശബ്ദങ്ങൾ നാട് കീഴടക്കാൻ ശ്രമിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തമുണ്ട്. അതിനായി നിരന്തര സംവാങ്ങൾ നിർബ്ബന്ധമാണ്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

ഭാഷയാണല്ലോ സന്ദേശങ്ങൾ കൈമാറുന്ന പ്രധാന മാധ്യമം. അതുകൊണ്ട് ഭാഷയെ മാറ്റിനിർത്തിക്കൊണ്ട് ആരോഗ്യകരമായ സംവാദങ്ങൾ പ്രയാസകരമാണ്. സംവാദഭാഷയും പ്രയോഗ ഭാഷയും വ്യത്യസ്തമാകേണ്ടതില്ല, എങ്കിലും നാം അഡ്രസ്സ് ചെയ്യുന്ന സമൂഹത്തെ ആശ്രയിച്ചിരിക്കും എന്നാണ് എന്റെ പക്ഷം. പ്രയോഗഭാഷ എന്നാൽ വളരെ natural ആയി നാം ഉപയോഗിക്കുന്ന ഭാഷ എന്നല്ലെ? സംവാദഭാഷ പലപ്പോഴും അച്ചടി ഭാഷയാകുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പറയുന്നവരുടെ ഭാഷാശുദ്ധിയൊക്കെ അവിടെ കൃത്യമായ രേഖപ്പെടുത്തുന്നുവെങ്കിലും കേൾവിക്കാർക്ക് കൂടുതലും spontaneous ആവുന്നത് ഹൃദയഭാഷയാണ്.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബർ ലോകം ഇന്നത്തെ മലയാള context-ൽ വേറൊരു ലോകമാണ്. അതു കണ്ടു പിടിച്ചവർ ഉദ്ദേശിച്ചിട്ടുള്ളത് ഒരോ വ്യക്തിയ്ക്കും സ്വന്തമായി അഭിപ്രായം പറയാനും ഇടപെടലുകൾ നടത്താനും പ്രതികരിക്കാനുമുള്ള നവലോകത്തെ ഒരു പുത്തൻ സാങ്കേതിക വിദ്യയായാണ്. ഇന്നത് വളരെ കൂടുതൽ misuse ചെയ്യുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. ഏറ്റവും കൂടുതൽ ഭാഷാ അച്ചടക്കം ലംഘിക്കപ്പെടുന്ന ഒരു മേഖലയായി സൈബറിടങ്ങൾ മാറിക്കഴിഞ്ഞു.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ജനാധിപത്യത്തിലെ പ്രതിപക്ഷ ബഹുമാനം എന്നത് പേരിന് പോലും ഇല്ലാതായി. ഈ നവമാധ്യമ സംവാദങ്ങൾ ബോധപൂർവം പരിഷ്‌കരിക്കപ്പെടണം എന്നതാണ് എന്റെ ഉറച്ച അഭിപ്രായം. ഏതു വിദേശ ഭാഷയിലുള്ള വാർത്തകളോടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ മലയാള ഭാഷയിൽ പ്രതികരിക്കുന്നവരാണ് മലയാളി സൈബർ ടീംസ് എന്ന് എവിടെയോ വായിച്ചു. ഇതിലേറെയും വിമർശനങ്ങളാണ്. മോശമായ പദപ്രയോഗങ്ങൾ മലയാള നവമാധ്യമ സംവാദതാളുകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇത് തീർത്തും അപക്വമായ ഒരു സംസ്‌കാരത്തിലേക്ക് നമ്മൾ വീഴുന്നതിന്റെ ഉദാഹരണമാണ്. ആൾക്കൂട്ട ആക്രമണങ്ങൾ അതെവിടെയാണെങ്കിലും അംഗീകരിക്കാനാവില്ല. നവമാധ്യമങ്ങളിലെ അക്രമണങ്ങൾ അതിരുകൾ വിടുകയാണ്. നമ്മുടെ പൈതൃകത്തേയും സംസ്‌കാരത്തേയും അടക്കം വെല്ലുവിളിച്ചു കൊണ്ടും വളരെ മോശമായ സംബോധനകൾ നടത്തിക്കൊണ്ടും ഇഷ്ടത്തിനെതിരെ നിൽക്കുന്നവരെ കൈകാര്യം ചെയ്യുന്ന രീതി ക്രൂരമാണ്, അപലപനീയമാണ്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായി പലതവണ സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. മോശം പദപ്രയോഗങ്ങൾ കണ്ടപ്പോഴൊക്കെ വലിയ പ്രയാസങ്ങൾ ആദ്യമൊക്കെ തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ എന്റെ നിഗമനം ഈ അക്രമികൾ ഒളിപ്പോരാണ് നടത്തുന്നത് എന്നാണ്. ഞാനാണെങ്കിൽ എനിക്ക് ശരിയെന്നു തോന്നുന്ന അഭിപ്രായം നേരെ പറയാൻ എന്നും ശ്രമിക്കുന്നയാളും. ഇപ്പോൾ എനിക്കതു പ്രശ്മനല്ല, മാത്രമല്ല അവരോട് എനിക്ക് സഹതാപം മാത്രമാണുള്ളത്. ഒളിപ്പോരു നടത്തുന്നവരുടെ നിലവാരത്തകർച്ചയും ഗതികേടും ഓർത്തു സഹതപിക്കുന്നു.

Comments