എ.കെ.ജി. സെൻററിലെങ്കിലും ഒന്നെഴുതിവെക്കുമോ, മാർക്​സിന്റെ ആ വാക്കുകൾ

യു.എ.പി. എക്ക് ആശയപരമായി അത് എതിരായിരിക്കും, പ്രായോഗികമായി നടപ്പിലാക്കും. പോലീസ് വിചാരണയിലായിരിയ്‌ക്കേതന്നെ വരണ്ട ഒരു ചിരിചിരിച്ച് ഒരു ചങ്ക് വിധി നടപ്പാക്കും, അന്വേഷണം തുടങ്ങുന്നതിന് മുമ്പ് നടൻ നിരപരാധിയാണെന്ന് മറുചങ്ക് മുൻകൂർജാമ്യമെടുക്കും. പ്രകൃതിയെന്ന് അജണ്ടയിൽ എഴുതിച്ചേർക്കുമെങ്കിലും പ്രകൃതിവിരുദ്ധതയ്ക്കായിരിക്കും മുൻകൈ. സ്ത്രീസമത്വത്തിനാണെന്ന് അച്ചാരമെടുക്കും, സ്ത്രീയുടെ തലയിൽ തേങ്ങയുടക്കാൻ വലതുകൈ അനുമതി കൊടുക്കും. വലതുകൈ ചെയ്യുന്നതെന്തെന്ന് ഇടതുകൈ അറിയുന്നില്ല. ഈ അവസ്ഥയെ ‘വൈരുദ്ധ്യാധിഷ്ഠിത ത്രിശങ്കുരാഷ്ട്രീയ'മെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ തെറ്റുപറയാനാകില്ല

ഇരട്ടചങ്കിന് ഒരു പ്രശ്‌നമുണ്ട്, ഒരു ചങ്കിന് ഒന്നുതോന്നും, വേറൊരു ചങ്കിന് മറ്റൊന്നു തോന്നും. ആകപ്പാടെ ഒരു ചാഞ്ചാട്ടമായിരിക്കും. ഉറപ്പെന്നു തോന്നിപ്പിക്കുമെങ്കിലും ഒരു ഉറപ്പുമില്ല. ഈ ഇരട്ട ജാനസ് ഇരുവശത്തേയ്ക്കും തിരിഞ്ഞാണിരിപ്പെങ്കിലും, ഒന്നു ഭൂതത്തിലേയ്ക്കും മറ്റൊന്ന് ഭാവിയിലേയ്ക്കും, രണ്ടും ഫലത്തിൽ ഭൂതത്തിലേയ്ക്കുതന്നെയായിരിക്കും നോക്കിയിരിപ്പ്. രണ്ട്, യഥാർത്ഥത്തിൽ ഒന്നിലെത്താനുള്ള ഒരു തന്ത്രമോ സൗകര്യമോ മാത്രമായിരിക്കും. ബഹുത്വത്തിന്റെയും വ്യത്യസ്തതകളുടെയും പ്രതീതിയുളവാക്കുമെങ്കിലും യഥാർത്ഥത്തിൽ അദ്വൈതിയായ മൊത്തം അപ്പാരറ്റസിന്റെയും വെട്ടിനിരത്തുന്ന അജണ്ടയാവും നടപ്പിലാവുക. തിരഞ്ഞെടുപ്പുഭയത്തിന്റെ ഭൂതാവേശത്തിൽ പാത്തും പതുങ്ങിയുമുള്ള രാഷ്ട്രീയ അടവുനയങ്ങൾക്കാണ് മിക്കവാറും മുൻതൂക്കം, ഇടംവലം നോക്കാതെ അധികാരമുറപ്പിക്കുക എന്നതിലാണ് ഏറെ ശ്രദ്ധയും പെടാപ്പാടും.
അൽപം വിരുദ്ധോക്തി കലർത്തിപ്പറഞ്ഞാൽ, ഈ അപ്പാരറ്റസിന് (കൃത്യമായി പറഞ്ഞാൽ ഇപ്പോൾ ഭരണത്തിലുള്ള ലെഫ്റ്റ് അപ്പാരറ്റസിന്) ഇരട്ടതലയും ഇരട്ടചങ്കുമുണ്ടെങ്കിലും പ്രലോഭിപ്പിച്ചു വഴിതെറ്റിക്കുന്ന ഒരൊറ്റ ഉടലിലാണ് അതിഴഞ്ഞുകൊണ്ടിരിക്കുന്നത്. കയറിൽ പാമ്പിനെ കാണുന്ന ഇടതുപക്ഷമായയുടെ പ്രലോഭനത്തിൽപ്പെട്ടാൽ തീർച്ചയായും സ്വർഗനഷ്ടം തന്നെയായിരിക്കും ഫലം. ആകാശം വിട്ടുപോന്നെങ്കിലും മണ്ണിലേയ്‌ക്കൊട്ടെത്തിയുമില്ല എന്ന മട്ടിൽ രണ്ടിന്റെയും ഇടയ്ക്കു കുടുങ്ങിപ്പോകുന്ന ഈ അവസ്ഥയെ ‘വൈരുദ്ധ്യാധിഷ്ഠിത ത്രിശങ്കുരാഷ്ട്രീയ'മെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ തെറ്റുപറയാനാകില്ല. യു.എ.പി.എയ്ക്ക് ആശയപരമായി അത് എതിരായിരിക്കും, പ്രായോഗികമായി നടപ്പിലാക്കും. പൊലീസ് വിചാരണയിലായിരിയ്‌ക്കേതന്നെ വരണ്ട ഒരു ചിരിചിരിച്ച് ഒരു ചങ്ക് വിധി നടപ്പാക്കും, അന്വേഷണം തുടങ്ങുന്നതിനുമുമ്പ് നടൻ നിരപരാധിയാണെന്ന് മറുചങ്ക് മുൻകൂർ ജാമ്യമെടുക്കും. പ്രകൃതിയെന്ന് അജണ്ടയിൽ എഴുതിച്ചേർക്കുമെങ്കിലും പ്രകൃതിവിരുദ്ധതയ്ക്കായിരിക്കും മുൻകൈ. സ്ത്രീസമത്വത്തിനാണെന്ന് അച്ചാരമെടുക്കും, സ്ത്രീയുടെ തലയിൽ തേങ്ങയുടക്കാൻ വലതുകൈ അനുമതി കൊടുക്കും. വലതുകൈ ചെയ്യുന്നതെന്തെന്ന് ഇടതുകൈ അറിയുന്നില്ല.

ഓർമയുണ്ടോ, സത്യഭക്തയെ?

ഈ ഇരട്ട സ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജി. അധികാരി എഡിറ്റു ചെയ്ത ‘ഡോക്യുമെന്റ്‌സ് ഓഫ് ദ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ'യിൽ നിന്ന് അതിന് തെളിവ് കണ്ടെത്താം. 1925ൽ കാൺപൂരിൽ ആദ്യ ഇന്ത്യൻ കമ്യൂണിസ്റ്റ് കോൺഫറൻസ് സംഘടിപ്പിക്കാൻ മുൻകൈ എടുത്ത സത്യഭക്തയെ ദേശീയ കമ്യൂണിസത്തിനുവേണ്ടി വാദിച്ചു എന്ന കാരണത്താൽ പുറന്തള്ളി- നവമാർക്‌സിയൻ രീതിയിൽ പറഞ്ഞാൽ ഇന്ത്യയിലെ ആദ്യ കുലംകുത്തി. ഈ കണ്ടുകെട്ടിയ സത്യഭക്തയെ ഒരു അഭിനവ ചർവ്വാകനെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അദ്ദേഹത്തെക്കുറിച്ചും ദേശീയ കമ്യൂണിസത്തെക്കുറിച്ചും എന്തെങ്കിലും അറിയണമെന്നുണ്ടങ്കിൽ വിലക്കു കൽപിച്ച പാർട്ടിരേഖകളിൽ തന്നെ മഷിയിട്ടുനോക്കേണ്ടിവരുമെന്നതാണ് അവസ്ഥ. സോവിയറ്റ് പാർട്ടിയുടെ ദേശീയവും അന്തർദ്ദേശിയവുമായ അധീശത്വം ഉരുക്കുമുഷ്ടികൊണ്ട് സ്ഥാപിച്ചെടുക്കുവാൻ സ്റ്റാലിന്റെ നേതൃത്വം പടയൊരുക്കം നടത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു ആ സ്മാർത്തവിചാരനീക്കം. എന്നാൽ പുറംതള്ളിയ ദേശീയ കമ്യൂണിസത്തെതന്നെ ശിരസാവഹിച്ചും തൊഴിലാളികൾക്ക് ഒരു രാജ്യവുമില്ലെന്ന മാനിഫെസ്റ്റോയുടെ തീർപ്പ് കാറ്റിൽ പറത്തിയും പിന്നീട് രണ്ടാം ലോകയുദ്ധകാലയളവിൽ യൂറോപ്പിലെ മിക്ക സോഷ്യലിസ്റ്റ് പാർട്ടികളും ദേശീയ താൽപര്യവക്താക്കളായി തീർന്നു എന്നതാണ് ചരിത്രത്തിന്റെ വിരുദ്ധോക്തി അല്ലെങ്കിൽ പ്രഹസനം.

രണ്ടാം ലോകയുദ്ധത്തിലേയ്ക്കു നയിച്ച മൂർത്തസാഹചര്യങ്ങളിൽ നാസിപ്രചാരണങ്ങളുടെ തീക്ഷ്ണതയാൽ കണ്ണുമഞ്ഞളിച്ച് തൊഴിലാളിവർഗം വർഗതാൽപര്യം പോലും കയ്യൊഴിഞ്ഞ് വംശശുദ്ധിയുടെ കൊടിപിടിക്കുന്നതിലേയ്ക്കുവരെയെത്തി ശേഷമുള്ള കാര്യങ്ങൾ. ഒന്നു പറയുകയും, മറ്റൊന്നു ചെയ്യുകയും ചെയ്യുന്ന ഈ രീതിശാസ്ത്രം ചരിത്രപരമായി ഒരു പ്രായോഗിക നിലപാടുതന്നെയാണ്. ഇ.എം.എസിന് പല കാര്യങ്ങളിലും വൈകിയെങ്കിലും വെളിപാടുകളുണ്ടാവുമായിരുന്നു. അപ്പോഴേയ്ക്കും അത് വേണ്ടത്ര അപകടങ്ങളുമുണ്ടാക്കിയിരിക്കും. ഇന്ന് പല കാര്യങ്ങളിലും വൈകിയോടുന്ന തിരുത്താനുകൂല്യം പോലും പാർട്ടി നമുക്ക് നൽകാറില്ല. സത്യാനന്തര കാലമായതുകൊണ്ടാകാം ഇന്ന് തിരുത്തുകളില്ല, പകരം പലരീതിയിൽ മാറ്റിയും മറിച്ചും പറഞ്ഞ് അർത്ഥം നീട്ടിവെച്ചുകൊണ്ടേയിരിക്കും, ധ്വനി അല്ലെങ്കിൽ പാഠം ഒന്നു തന്നെയായിരിക്കും. സത്യാനന്തരകാലമല്ലേ, സത്യം തന്നെ ഇല്ലാതാകുമോ എന്ന് ആർക്കറിയാം?

പാർട്ടി അപ്പാരറ്റസ് എന്ന സ്ഥാവരജംഗമം

ഈ പാർട്ടി അപ്പാരറ്റസ് എന്നുപറഞ്ഞാൽ ഒരു സ്ഥാവരജംഗമമാണ്. അത് ശൃംഖലിതമായ ഒരു വലിയ ഭാരമാണ്, കീഴറ്റം മുതൽ മേലറ്റം വരെ പിടിച്ചാൽ പോരാത്ത തടിയാണ്. എല്ലാം പേരിനുണ്ടാവും. യുവജനങ്ങൾക്ക് ഡി.വൈ.എഫ്.ഐ, സ്ത്രീകൾക്ക് ജനാധിപത്യ മഹിള അസോസിയേഷൻ, സാഹിത്യത്തിന് പുരോഗമനം, പ്‌ളീനം, പാർട്ടി കോൺഗ്രസ്, ഉൾപാർട്ടി ജനാധിപത്യം, പുറത്താക്കൽ, നവോത്ഥാനമതിൽ എന്നിവ പോരാഞ്ഞ് യുവജന കമീഷൻ, വനിത കമീഷൻ എന്നിങ്ങനെയുള്ള മേമ്പൊടികളുമുണ്ട്. എല്ലാം ചതഞ്ഞരഞ്ഞ കീഴ്‌വഴക്കങ്ങളുടെ തച്ചുശാസ്ത്രത്തിലായിരിക്കും, അല്ലെങ്കിൽ ചിഹ്നശാസ്ത്രത്തിൽ മാത്രമായിരിക്കും. സ്വയംപ്രവർത്തനസജ്ജമാണ് ഈ യന്ത്രസമുച്ചയം. അതിന്റ ഇന്ധനം ഭൂതകാല കുളിർമ്മയുടെ ഉൾപുളകമായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള മൗനവും വാചാലതയുമാണ് അതിന്റെ മാതൃഭാഷ, ഇടയിലുള്ള ഒട്ടേറെ അർത്ഥാന്തരങ്ങൾ പുറംതള്ളപ്പെടും. ഈ യന്ത്രത്തിന് പ്രവർത്തനനിരതമാവാൻ എപ്പോഴും വർഗശത്രു വേണം അല്ലെങ്കിൽ രക്തം വേണം. വർഗം പോയാലും ശത്രുവിനെ, അപരത്വത്തെ വീണ്ടും വീണ്ടും കണ്ടുപിടിച്ചുകൊണ്ടേയിരിക്കും. മുന്നോട്ടുപോകണമല്ലോ. ഈ മഹാഖ്യാനദിനോസർ അതിന്റെ ശിഷ്ടജീവിതം കഷ്ടിച്ചു

ജീവിച്ചു തീർത്തുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും അപകടങ്ങൾക്ക് കുറവൊന്നുമില്ല. യന്ത്രം പിളർന്ന കാലത്ത് പരസ്പരം വെട്ടി, പിന്നീട് പഴയ നക്‌സലൈറ്റുകളെ വീറോടെ വളഞ്ഞിട്ട് ഒറ്റി (പുതിയ നക്‌സലൈറ്റുകള കാടടച്ചു വെടിവെച്ചു വീഴ്ത്തി), പിണങ്ങി പിരിഞ്ഞവരെ അമ്പത്തേഴു വെട്ടുവെട്ടി, ഒന്നും കിട്ടിയില്ലെങ്കിൽ പരസ്പരം വെട്ടും, അതുമല്ലെങ്കിൽ സ്വയം വെട്ടുവെട്ടി ഒടുങ്ങും. അതാണ് അലൻ-താഹ വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്.

വയലൻസ് അതിന്റെ ഓർഗിയും രതിമൂർച്ചയുമാണ്, സച്ചിദാനന്ദമാണ്. അടിത്തട്ടിലൂടെ വരുന്നതിനെയാണ് ഏറ്റവും ഭയക്കേണ്ടത്. ഇടതുജനിതക സ്വഭാവമായ ഒളിപ്രവർത്തനത്തിന് എന്തായാലും ഒടുവിൽ ജനസഭയിലെത്താതിരിക്കാനാവില്ലല്ലോ. ഈ യന്ത്രസമുച്ചയത്തിന്റെ സാമുദ്രികലക്ഷണങ്ങളാണ്, അല്ലെങ്കിൽ നട്ടും ബോൾട്ടുമാണ് പിണറായിയും കൊടിയേരിയും കടകംപള്ളിയും മറ്റും. മുഖലക്ഷണങ്ങളിൽ അഭിരമിച്ചാൽ ശരീരശാസ്ത്രം പിടികിട്ടുകയില്ല എന്നതാണല്ലോ പ്രത്യയശാസ്​ത്രം. മുദ്രകൾ അറിഞ്ഞാലെ കഥകളി പിടികിട്ടൂ എന്ന് വേണമെങ്കിൽ രസസിദ്ധാന്തവും പറയാം. അറ്റം മാത്രമേ കാണുകയുള്ളൂവെങ്കിൽ മഞ്ഞുമാമലയിൽ തട്ടി കപ്പൽ തകരുമല്ലോ എന്ന് പഴയ വക്രോക്തിയുമാവാം. എന്തായാലും വളരെ ദീർഘകാലമായി മുകൾത്തട്ടിലും അടിത്തട്ടിലുമായി തെളിഞ്ഞും മറഞ്ഞും

പിണറായി വിജയൻ ഫോട്ടോ/ ശ്രീജിത്ത് കൊയിലോത്ത് commons.wikimedia

കിടക്കുകയാണ് പെരുത്ത പാർട്ടി സ്‌ട്രെക്ച്ചർ. നൂറു വോള്യത്തിൽ ഇ.എം.എസും പരന്നുകിടക്കുന്നുണ്ട്. ഹിംസാത്മകമായ ആ രക്തത്തിൽ ആശയപരമായി അദ്ദേഹത്തിനും കൂടി പങ്കുണ്ടോയെന്ന് ഗവേഷണം തൊഴിലാക്കിയവർക്ക് പരിശോധിക്കാവുന്നതാണ്, സ്റ്റാലിനിലേയ്ക്കും മറ്റും പോകണമെന്നില്ല. അറുമുഷിപ്പൻ പണിയായിരിക്കുമെന്ന് മുന്നേ പറയാം, മുങ്ങിത്തപ്പേണ്ടവരും. ആ പടുകൂറ്റൻ അപ്പാരറ്റസ് പ്രവർത്തിപ്പിക്കുന്ന കാര്യനിർവ്വാഹകരാണ് പിണറായി സഖാവും കൂട്ടരും എന്നതിന് സംശയമൊന്നുമില്ലല്ലോ. അതും വേണമെങ്കിൽ സംശയാസ്പദമാക്കികളയും അല്ലെങ്കിൽ പ്രശ്‌നവത്കരിച്ചുകളയും ചാനൽ കണ്ടാൽ കവാത്തു മറക്കുന്ന പാർട്ടിയുടെ എട്ടുമണി മുട്ടുശാന്തിക്കാർ.

ചരിത്രത്തിന്റെ അബോധ ഉപകരണം

മാർക്‌സിന്റെ ഇന്ത്യയെക്കുറിച്ചുള്ള കുറിപ്പുകളിൽ കണ്ടെത്താവുന്നതും പിന്നീട് ഏതുവിധേനയും വികസിപ്പിച്ചെടുക്കാവുന്നതുമായ ഒരു അതിഗംഭീരൻ പ്രയോഗമാണ് ചരിത്രത്തിന്റെ ‘അബോധ ഉപകരണം' എന്ന പരികൽപന. ‘ഇംഗ്ലണ്ട് ഇവിടെ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾ എന്തുതന്നെയായിരുന്നാലും ചരിത്രത്തിന്റെ അബോധ ഉപകരണമെന്ന നിലയിൽ അവർ ഹിന്ദുസ്ഥാനിൽ (Hindostan) ഒരു സാമൂഹിക വിപ്ലവത്തിന് കളമൊരുക്കി'യെന്ന അർത്ഥത്തിലായിരുന്നു ആ മാർക്‌സിയൻ പ്രയോഗം. ഇന്നത്തെ ഡെലിബറേറ്റീവ് ഡെമോക്രസിയുടെ കാലത്താണ് പാർട്ടി ശിക്കാരിശംബുവിനെപോലെ പലതിന്റെയും അബോധ ഉപകരണമായിതീരുന്നത്. ഇസ്‌ലാമോഫോബിയയിൽ തുടങ്ങി കാടടച്ചുള്ള മാവോപ്പേടി, ഫെമിനിസ്റ്റ് പേടി, ദളിത് പേടി, അവിശ്വാസപ്പേടി, പൊലീസ് പേടി, ഭീകരവാദസ്‌കിസോഫ്രേനിയ അങ്ങനെ പലതരം മാനിയകൾ പിടിപെട്ട് സ്വബോധം പോയി അബോധ ഉപകരണമായി തീർന്നതുമാകാം. അതും പോരാഞ്ഞ് ഇന്ന് ബി.ജെ.പി യുടെ സ്വബോധ ഉപകരണമായിതീർന്നോ എന്ന് സംശയമുളവാക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്. അലൻ-താഹ വിഷയത്തിൽ രണ്ടുപേർക്കും ഒരേ സ്വരമാണ്. ശബരിമല പ്രശ്‌നത്തിൽ വിശ്വാസികളുടെ ഒപ്പമായി. അർബൻ നക്‌സലൈറ്റുകളായി മുദ്രയടിച്ച് ആളുകളെ (ചിന്തിക്കുന്നവരേയും ചോദ്യം ചെയ്യുന്നവരേയും) പോസ്റ്റ് കൊളോണിയൽ ക്രിമിനൽ ട്രൈബുകളായി രൂപാന്തരപ്പെടുത്തിയതുപോലെ അവിശ്വാസിയും ആക്ടിവിസ്റ്റും ഫെമിനിസ്റ്റുകളുമെല്ലാം ഏതുനേരത്തും മുളകുപൊടിയെറിഞ്ഞ് അകത്താക്കാവുന്ന വിധം സാമൂഹ്യവിരുദ്ധരായി ചാപ്പ കുത്തപ്പെട്ടു. ഈ അബോധ ഉപകരണമെന്നത് ഒരു ഇരുതലമൂരിയാണ്. ചിലപ്പോൾ കടിച്ചാൽ വിഷമിറങ്ങും, അല്ലെങ്കിൽ ചാകും. ഒരു തീർപ്പുമില്ല. അനിവാര്യമായ ഇച്ഛാശക്തിയുടെ ഉന്നം കൊണ്ടല്ല, യാദൃശ്ചികതയുടെ മായാലീലയിലാണ് മുയൽ വീഴുന്നതെന്നുമാത്രം. സംഭവിക്കുന്നതെല്ലാം നല്ലത് സംഭവിക്കാനിരിക്കുന്നതും നല്ലത് എന്ന് അഭിനവഭഗവത്ഗീത പറഞ്ഞിരിക്കേണ്ട പ്രായമൊന്നും ഏതായാലും പാർട്ടിയ്ക്കായിട്ടില്ല.

താഹയും അലനും

യഥാർത്ഥത്തിൽ ഈ അബോധത്തിനു പിറകിൽ പോപ്പുലിസത്തിന്റെ മായാജാലമുണ്ട്, പ്രത്യേകിച്ചും ലോകം ഒരു വിഭ്രമത്തിലെന്ന പോലെ അപകടകരമായി വലതുവശത്തേയ്ക്കു ചാഞ്ഞുകൊണ്ടിരിക്കുമ്പോൾ. പ്രതിനിധാനരഹിതരായ ന്യൂനപക്ഷങ്ങൾക്ക് സഹായകരമായ ബാരക് ഒബാമയുടെ സാമൂഹികനയങ്ങളും വിമർശകർ ‘ഒബാമ കെയർ' എന്നു വിളിക്കുന്ന പ്രശസ്തമായ അഫോർഡബ്ൾ കെയർ ആക്ടും മറ്റും അമേരിക്കയിൽ ഉയർത്തിയ വരേണ്യപ്രതികാരം ട്രംപിനെ സാധ്യമാക്കിയ ഒരു മുഖ്യഘടകങ്ങളിൽ ഒന്നായി സാമുഹികനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്. സർവകലാശാലാ സീറ്റുകളിൽ 27 ശതമാനം ഒ.ബി.സിക്കാർക്ക് മാറ്റിവെച്ചതുപോലെയുള്ള സംവരണസ്‌കീമുകളുടെ ആനുകൂല്യവർദ്ധനവും മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് (MGNREGA) പോലുള്ള യു.പി.എ സർക്കാറിന്റെ ദരിദ്രരെ ലാക്കാക്കിയുള്ള സാമൂഹ്യക്ഷേമപദ്ധതികളും മറ്റും ഇന്ത്യയിലും സമാനമായ ഒരു വരേണ്യപ്രതികാരത്തെ ഉണർത്തിവിട്ടിരുന്നതായി കാണാൻ കഴിയും. തങ്ങൾ കാലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കൃത്യമായ മേൽക്കൈയും പ്രത്യേകാവകാശങ്ങളും ഉറപ്പാക്കുന്ന ഒരു സാമൂഹികക്രമത്തെ മാറ്റിമറിക്കുന്ന ഈ നയങ്ങളോടുള്ള വരേണ്യ മദ്ധ്യവർഗ ജാതിവിഭാഗക്കാരുടെ പ്രതികാരവാഞ്ചയെന്നത് മാമൂൽസാമൂഹ്യക്രമത്തിന്റെ വാഴ്ച്ചയെ പുനഃസ്ഥാപിക്കുന്ന ചാലകശക്തികൂടിയാണ്. അതിനെ സഹായിക്കുന്ന ഫലപ്രദമായ ഉപകരണമാണ് ദേശീയ പോപ്പുലിസം. അത് സംസ്ഥാപിക്കുന്നത് ജാതിയോ വർഗമോ അല്ല, ഭൂരിപക്ഷ വംശീയതയുടെ പൊതുസംസ്‌കാരിക പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള വംശീയരാഷ്ട്രമാണ്. അതിന്റെ തറ ഉറയ്ക്കാൻ ന്യൂനപക്ഷങ്ങളുടെ ബലിതന്നെ വേണം, ശത്രുവിന്റെ രക്തം തന്നെ വേണം. അതിനായി സ്വദേശശത്രുവിനെ കണ്ടുപിടിച്ചുകൊണ്ടേയിരിക്കണം.

ജനാധിപത്യപരീക്ഷണശാലയിലെ എലികൾ

പരീക്ഷണ വസ്തുവെന്നറിയാതെ ഒരു ജനാധിപത്യ പരീക്ഷണശാലയിലകപ്പെട്ടിരിക്കുകയാണ് നാമെന്നു വേണമെങ്കിൽ ഒരു കാഫ്കയസ്‌ക് രീതിയിൽ പറയാം. സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മുൻകൈകളിലെല്ലാം വലതുപക്ഷ ജനായത്ത അധീശത്വത്തിനാണ് മുൻതൂക്കം (വലതുപക്ഷ പോപ്പുലിസവും ഇടതുപക്ഷ പോപ്പുലിസവും ഇരട്ടപെറ്റതാണെന്ന പുതിയ ചൊല്ലും മറക്കണ്ട). ഇടതുപക്ഷവും അതിന്റെ പ്രായോഗികരാഷ്ട്രീയ നിലപാടുകളിലൂടെ, അടവുനയങ്ങളിലൂടെ പോപുലിസത്തെ നിരന്തരമായി ആന്തരവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ സങ്കീർണവും ബഹുലവുമായ വ്യത്യസ്തതകളെയും നിർണയനങ്ങളെയും കുടിയൊഴിപ്പിക്കുന്നത് കൃത്യവും സുവ്യക്തവുമല്ലാത്ത കപടദ്വന്ദങ്ങളുടെ കത്രികപ്രയോഗത്തിലൂടെയാണ്. ജനാധിപത്യത്തിന്റെ ‘ശല്യവും ധാരാളിത്തവു'മായി വിലയിരുത്തപ്പെടുന്ന ‘കാടുംപടലും' നീക്കി ഇടതുക്ഷ പോപ്പുലിസം രാഷ്ട്രീയ ഇടത്തെ തന്ത്രപരമായും അവസരവാദപരമായും വെട്ടിതിരുത്തി ‘ലളിതവൽകരിച്ചു'കൊണ്ടിരിക്കുകയാണ്. അവ്യക്തമായി പടർന്നേറുന്ന ഈ ജനകീയ പുകപടലം ബഹുത്വത്തിന്റെയും വൈരുദ്ധ്യ സ്വീകരണത്തിന്റെയും പ്രതീതിയാഥാർഥ്യമുളവാക്കിയേക്കുമെങ്കിലും അതിന്റെ പിന്നിൽ മറഞ്ഞിരിക്കുന്നത് വിവേചനത്തിന്റെ ഇരട്ടക്കുഴൽ തോക്കാണ്. ജനപ്രിയപ്രക്ഷാളനം, ദേശീയതയുടെ മയക്കുവെടി, അധികാരപ്രമത്തതയുടെ അധീശഹിംസ, ഭൂരിപക്ഷപ്രീണനത്തിന്റെ തന്ത്രരാഷ്ട്രീയം എന്നിങ്ങനെയുള്ള വെടിയുണ്ടകളാണ് അവർ വലതുപക്ഷ പോപ്പുലിസ്റ്റ് ബ്ലോക്കിൽ നിന്ന് കടമെടുക്കുന്നത്. ഒറ്റുന്ന ഒരു ഒത്തുതീർപ്പുവ്യവസ്ഥയുടെ ഭാഗമായി ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ പിൻവശത്തുകൂടെ നടക്കുന്ന ഒരു ആയുധക്കൈമാറ്റമല്ലേയതെന്ന് ഒരാൾ ന്യായമായും സംശയിച്ചേക്കും.

സ്വർണ കള്ളക്കടത്ത് എത്രവേഗത്തിലാണ് തീവ്രവാദമായിതീരുന്നത്? എത്ര തന്ത്രപരമായാണ് എൻ.ഐ.എ കടന്നുവരുന്നത്? വരച്ച വരയിലൂടെ കാര്യങ്ങൾ എത്ര കൃത്യമായി, ചിട്ടയോടെ മാർച്ചുചെയ്യുന്നു! പരമ്പരാഗതമായ ജനാധിപത്യത്തിന്റെ തുറസ്സുകളും ഇടങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന വലതുപക്ഷ വ്യതിയാനത്തിന്റ കാർമികർ സർക്കാർ സംവിധാനങ്ങളിലൂടെയും അല്ലാതെയും ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശധ്വംസകവുമായ അഴിച്ചുപണികൾ ഭരണഘടനയ്ക്കകത്തും പുറത്തും ഒരുപോലെ നടത്തികൊണ്ടിരിക്കുന്ന ഒരു അ(മൂർത്ത)സാഹചര്യത്തിൽ പ്രായോഗികമായി ഉണർന്നിരിക്കേണ്ട സമയത്താണ് വലതുപക്ഷ പോപ്പുലിസത്തിന്റെ പ്രത്യയശാസ്ത്രമയക്കത്തിലേയ്ക്ക് ഇടതുപക്ഷം തലചായ്ക്കുന്നത്.

ഇടതുപക്ഷത്തിന്റെ തന്നെ ആന്തരികവൈരുദ്ധ്യങ്ങളെയും ഇരട്ടത്താപ്പുകളെയും ഫലപ്രദമായി മൂടിവെയ്ക്കുന്ന തരത്തിൽ വെൽഫെയർ രാഷ്ട്രീയത്തിന്റെ താരാരാധനാ ആൾരൂപങ്ങളായല്ലേ ഫലത്തിൽ പിണറായി വിജയനും ശൈലജടീച്ചറും ആഘോഷിക്കപ്പെടുന്നത്? തെരഞ്ഞെടുത്തയക്കുന്ന ജനാധിപത്യപ്രതിനിധികൾ ഗുണപരമായും കാര്യക്ഷമമായും സ്വാഭാവികമായി നിർവഹിക്കേണ്ട ജനായത്തപ്രവൃത്തികളെ അസാധാരണവും

കെ.കെ ശൈലജ ഫോട്ടോ/ ആനന്ദ് അനിൽ ,commons.wikimedia

അസ്വാഭാവികവുമാക്കുകയും ‘പ്രത്യേകത'യുള്ള ആളുകളുടെ സവിശേഷാവകാശമായി, ഗവൺമെന്റാലിറ്റിയുടെ മാനേജ്‌മെന്റ് അത്ഭുതമായി അതിനെ ഊതിപ്പെരുപ്പിക്കേണ്ടിയും വരുന്നത് കാലാന്തരങ്ങളായി അനുശീലിച്ചുവരുന്ന ജനാധിപത്യപ്രക്രിയയിലൂടെ ജനായത്തവിരൂദ്ധത നാമറിയാതെതന്നെ സ്വയം സ്വാംശീകരിച്ചതുകൊണ്ടല്ലേ? ജനായത്തത്തിന്റെ നഗ്നശരീരത്തെ കയ്യൊഴിഞ്ഞ് വസ്ത്രങ്ങളിൽ അഭിരമിക്കുന്നതിനു തുല്യമല്ലേ അത്?
പണാധിപത്യപരവും കോർപറേറ്റനുകൂലവും മതാധിഷ്ഠിതവും ഭൂരിപക്ഷാനുകൂലവും സവർണ്ണവുമായ ഈ സോഷ്യൽ എഞ്ചിനിയറിങ്ങിന്റെ കാലത്തായിരിക്കും ജനായത്തം എന്ന അനുഭവം അനന്തവും അജ്ഞാതവും അവർണ്ണനീയവുമായിതീരുന്നത്. ഈ ലോകഗോളം തിരിയുന്ന മാർഗ്ഗത്തെക്കുറിച്ച് കഥയെന്തെന്നറിയാതെ മിഴിച്ചിരിക്കുകയേ പാവം മർത്ത്യനു നിർവ്വാഹമുള്ളൂ എന്ന അവസ്ഥയിൽ കോപവും താപവും നിരാശയും ആത്മഹത്യപ്രവണതയും ഭ്രാന്തും സാഹസികതയുമൊക്കെ അൽപസ്വൽപം തോന്നിയാൽ ആളുകളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പൊതുയുക്തി തന്നെ തകിടംമറിയുമ്പോൾ റിപ്പബ്ലിക്കിൽ നിന്ന് പുറത്താക്കപ്പെട്ടവരും രാഷ്ട്രദൃഷ്ടിയിൽപ്പെടാത്തവരും അൽപം സാഹസികമായി ചിന്തിച്ചാലും ഉത്തരവാദിത്വമുള്ള ജനകീയസർക്കാറുകൾ, പ്രത്യേകിച്ചും അതൽപം കൂടുതലുള്ള ഇടതുപക്ഷസർക്കാർ, ആ കോപതാപങ്ങളെ അഭിസംബോധന ചെയ്യുകയും അവരുമായി സംവാദത്തിനൊരുങ്ങുകയുമാണ് വേണ്ടത്. ആ ജനകീയമായ കോപതാപത്തിന്റെ അടിത്തട്ടിൽ നിന്നുവേണം പുതിയ ജനകീയ-ജനാധിപത്യ അടിത്തറ യഥാർത്ഥത്തിൽ ഇടതുപക്ഷം ഉയർത്തികൊണ്ടുവരേണ്ടത്. അല്ലാത്തപക്ഷം ഷഹീൻബാഗിലും തെരുവുകളിലും കാമ്പസുകളിലും അതിരുകളിലും വിടവുകളിലും മറ്റും നവസർഗ്ഗാത്മകതയുടെ മുളകൾ പൊട്ടികിളിർക്കുമ്പോൾ വെറും കാഴ്ച്ചക്കാരായി നോക്കിനിൽക്കുകയേ നിർവ്വാഹമുള്ളൂ എന്ന ഗതികേടിലാവും അവർ. സംവാദമാണ് ജനാധിപത്യത്തിന്റെ ഒറ്റമൂലിയെന്നും വെടിവെച്ചിട്ടാൽ ഓരോ തുള്ളിചോരയിൽ നിന്നും ഒരായിരംപേരുയരുമെന്നുള്ള ചരിത്രവിവേകമില്ലാത്തവരാണോ ഇടതുപക്ഷത്തുള്ളത്? സംവാദത്തിന്റെ അഭാവത്തിൽ സ. സ്റ്റാലിൻ എങ്ങനെ അടിമുടി ഉന്മൂലകനായി മാറിയെന്നുള്ള സ്വന്തം കുടുംബചരിത്രമെങ്കിലും കുറഞ്ഞപക്ഷം മറന്നുപോകരുത്. വേറെ വഴിയില്ല, ഹിംസയ്ക്ക് പകരം ഹിംസയിൽ നിന്ന് സമധാനമുണ്ടാക്കാനാവില്ല.

നമ്മുടെ ചർച്ചയെല്ലാം അലൻ-താഹ നക്‌സലൈറ്റ് ആണോ അല്ലയോ എന്നതാണ്. അന്വേഷണ ഏജൻസികൾക്കും പൊലീസിനും ഏതൊരാളെയും അതാക്കാനെളുപ്പവുമാണെന്ന് നാം കണ്ടു കഴിഞ്ഞു. ഹിന്ദുത്വയ്ക്കാണെങ്കിൽ മറ്റുള്ളവരാണ് നരകം, അതിനു നിലനിൽക്കാനും വളർന്നു തിടംവെയ്ക്കാനും അതിശയോക്തിയുടെ പൊടി കുഴച്ചുണ്ടാക്കുന്ന ആന്തരികവും ബാഹ്യവുമായ പൊയ്ശത്രുബിംബങ്ങൾ വേണം. ശത്രുസംഹാരപൂജയുടെ ആഭിചാരക്രിയകളിലൂടെ യുദ്ധോദ്യുക്തമായ അപ്രഖ്യാപിത അടിയന്തിരാവസ്ഥ സൃഷ്ടിച്ചെടുത്താൽ ആളുകൾ ഭൂതാവിഷ്ടരായി തുള്ളുമെന്നും തീവ്രദേശീയതയുടെ ഒറ്റമൂലി എളുപ്പത്തിൽ വിറ്റഴിക്കാനാകുമെന്നും അവർക്ക് നന്നായറിയാം. അപ്പോൾ ഏതുതരം നരബലിയ്ക്കുമുള്ള സാധ്യതയൊരുക്കാം. ഏതു കുത്സിതനീക്കത്തിനുമുള്ള പൊതുസമ്മതി തരപ്പെടുത്താം. ആ ഒരു സന്നിഗ്ദ്ധാവസ്ഥയാണ് ഏറ്റവും അപകടം പിടിച്ചത്.

അഗംബൻ പറയുന്നതുപോലെ പൗരത്വമാനുഷികതയിൽ നിന്ന് ഒരാളെ പുറത്താക്കി കുറ്റവാളിമുദ്ര ചാർത്തികൊടുത്താൽ അയാൾ പൊതുശത്രുവായി, അടുത്ത സെക്കന്റിൽ ഒരു പൊലീസ് ഓപ്പറേഷനിലൂടെ ആ പൊതുശത്രുവിനെ കശാപ്പുചെയ്യുകയെന്നത് ന്യായമായി തീരുകയും ചെയ്യും. നിയമം പിൻവലിയുമ്പോൾ കാവൽ നിൽക്കുന്നത് ആയുധധാരിയായ മൗനമായിരിക്കും, മറവിയുടെ കാൽപ്പെരുമാറ്റമായിരിക്കും അവിടുത്തെ ഒരേയൊരു ചലനം. പൗരത്വമാനുഷികതയിൽ നിന്ന് പുറത്താക്കാനാള്ള മറ്റൊരു മാജിക് വാറന്റാണ് ദേശദ്രോഹമുദ്ര. അർബൻ നെക്‌സലൈറ്റ് എന്ന ചീനവലയിൽ കുടിങ്ങയതാരെല്ലാമെന്ന് നാം കണ്ടുകഴിഞ്ഞു. ഇനിയുമാരെല്ലമാണ് കുടുങ്ങുന്നതെന്നും ആർക്കുമറിയില്ല. മൊത്തത്തിൽ വലയിടുമ്പോൾ നിരപരാധികളും ഇളംമീനുകളും കുടുങ്ങുമെന്നുള്ളതാണല്ലോ കൊളാറ്ററൽ ഡാമേജ്. റൂറൽ നക്‌സലൈറ്റ്, ഐ.ടി നെക്‌സലൈറ്റ്, ദളിത് നക്‌സലൈറ്റ്, ഫെമിനിസ്റ്റ് നക്‌സലൈറ്റ്, എൽ.ജി.ബി.റ്റി നക്‌സലൈറ്റ് എന്നിങ്ങനെ വല ഇനിയും നീട്ടിയെറിയാനും സാധ്യതയുണ്ട്. എന്തായാലും ചിന്താശേഷിയും താൻപോരിമയുള്ള ഈ കൗമാരക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശധ്വംസത്തിനു മുമ്പും ശേഷവും ഇവിടെ നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ഉണ്ടായിരുന്നു/ഉണ്ടായികൊണ്ടിരിക്കുന്നു എന്ന മൂർത്തസാഹചര്യത്തെ സ്വബോധമുള്ളവർക്ക് എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും. തോന്നിവാസികളെന്നു വിളിക്കപ്പെടുന്ന ന്യൂ ജനറേഷൻ പിള്ളേർക്കാണ് ‘ഉണ്ട' പോലുള്ള ഒരു സിനിമയിൽ ‘കാടുകയറിയ, തൊട്ടുകൂടാത്ത' ആ അദൃശ്യവിഷയത്തെ സൻമനസ്സോടെ ദൃശ്യവത്കരിക്കാനെങ്കിലും കഴിഞ്ഞത്. അബോധ ഉപകരണങ്ങൾക്ക് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചിടാനേ കഴിയൂ.

ഓർമകൾ ഉണ്ടായിരിക്കണം

ഇന്നത്തെ ജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേയ്ക്കുള്ള ദിശാമാറ്റം ഭരണകൂടപരമായി സംവിധാനം ചെയ്യപ്പെടുന്ന സമ്പദ്ഘടന എന്ന ആശയത്തെതന്നെ മിക്കവാറും അപ്രസക്തമാക്കികഴിഞ്ഞിരിക്കുന്നു എന്ന് റോബർട്ടോ ഉംഗറിനെപ്പോലുള്ള ഇടതുചിന്തകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശ്രേണീബദ്ധമായി വേർതിരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥയുടെ ഫലമായി ഉണ്ടാകുന്ന അസമത്വവും അരക്ഷിതാവസ്ഥയും ബഹിഷ്‌കരണവും സൃഷ്ടിക്കുന്ന അതിയായ സമ്മർദ്ദങ്ങളാണ് ഇന്നത്തെ പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ ഒരേയൊരു വൈകാരികനിക്ഷേപം. അതിന്റ പാർശ്വഫലങ്ങളാണ് സാമൂഹികമായ ഒറ്റപ്പെടലും വ്യക്തിപരതയുടെ നിസ്സാരവത്കരണവും. ആ ഉത്കണ്ഠയിൽ നിന്നാണ് ഇന്നത്തെ രോഷാകുലമായ അസംതൃപ്ത കലാപങ്ങൾ ഉയർന്നുവരുന്നത്. ഇച്ഛാശക്തിയുള്ള ജനാധിപത്യത്തിന്റെ പൊതുഇടത്തിൽ തന്നെയാണ് അത്തരം തെരുവുനാടകങ്ങൾ അരങ്ങേറുന്നതും.

നമ്മൾ ഈ പൊതുഇടമെന്നു പറയുന്നത് പൗരൻമാർ സമത്വത്താൽ ശാക്തീകരിക്കപ്പെട്ട ഇടത്തെ തന്നെയാണ്. സർക്കാറിന്റെ ഇടപെടലുകളുടെയും ഇടപാടുകളുകടെയും നൈതികമായ അടിത്തറ എന്തെന്നാരായാനും ഭരണവർഗത്തോട് കണക്ക് ചോദിക്കുവാനുമുള്ള ജനസഞ്ചയത്തിന്റെ നിലപാടുതറയാണത്. ആ അടിമണ്ണിൽ കാലുറപ്പിച്ചു നിന്നുവേണം പാർട്ടി അതിന്റെ നഷ്ടപ്പെട്ട വർഗ്ഗാടിത്തറയും പ്രത്യയശാസ്ത്രവും പടുത്തുയർത്തേണ്ടത്. അതിന് വീണ്ടും മണ്ണിലേക്കിറങ്ങണം, ആലങ്കാരികമായി ബന്ധമറ്റുപോയ അവരുടെ പഴയ ‘ഒളിയിടങ്ങ'ളിലേയ്ക്ക് പിൻമടങ്ങണം. ജനാധിപത്യം വിട്ടുപോകുന്ന ആ വിടവുകളിലെ അതലങ്ങളിൽ നിന്നാണ് നവസാമൂഹികപ്രസ്ഥാനങ്ങളും ജനസഞ്ചയരാഷ്ട്രീയവും, എന്തിന് മാവോയിസ്റ്റുകൾപോലും വാസ്തവത്തിൽ വിരിഞ്ഞുവരുന്നതെന്ന കാര്യം കുറഞ്ഞപക്ഷം ഇടതുപക്ഷമെങ്കിലും മറക്കരുത്. ഓർമ്മകൾ ഉണ്ടായിരിക്കണം, ഒളിവിലെ ഓർമ്മകളെങ്കിലും മറന്നുപോകാതിരിക്കണം. രോഷത്തിന്റെ, അസംതൃപ്തിയുടെ, അതിവർത്തനത്തിന്റെ ഈ ജീവനസമരങ്ങളെ പുനരാലോചനാക്രമത്തിൽ അഭിസംബോധന ചെയ്യാൻ നഷ്ടപരിഹാരാർത്ഥത്തിലുള്ള പുനർവിതരണത്തിനോ വെൽഫെയർ സാമ്പത്തിക വിപണനത്തിനോ മാത്രം കഴിയില്ലെന്നുള്ള ഒരു സാഹചര്യത്തിൽ ഇടതുപക്ഷത്തിൽ നിന്ന് പുതിയ ബദലുകൾ ഉയർന്നുവരേണ്ടതുണ്ട്.

ഭരണകൂടകേന്ദ്രിതമായ ഒരു ഇടതുപക്ഷ സമീപനത്തിൽ നിന്നും മുതലാളിത്ത പാർലമെന്റേറിയനിസത്തിൽ നിന്നും പുറത്തുവന്ന് ഗ്രാംഷി പറഞ്ഞതുപോലെ പാർട്ടിയെ നവീകരിക്കേണ്ടതുണ്ട്. അല്ലായ്കിൽ രാഷ്ട്രീയം നേരിട്ടു കൈകാര്യം ചെയ്യേണ്ടിവരുന്ന ഇടങ്ങളിൽ അപ്പാരറ്റസിന്റെ ആന്തരികവെരുദ്ധ്യങ്ങൾ പുറത്തുവന്നുകൊേണ്ടയിരിക്കും. ‘ഒരു ഡസൻ പരിപാടികളെക്കാൾ ഏറെ പ്രധാനപ്പെട്ടത് യഥാർത്ഥത്തിലുള്ള പ്രസ്ഥാനത്തിന്റെ ഓരോ ചുവടുവെപ്പുകളായിരിക്കും. എന്നാൽ തത്വാധിഷ്ഠിതമായ പരിപാടികൾ (സാമാന്യേന നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ നീണ്ടകാലത്തെ പെയ്ത്തിന്റെ വളക്കൂറിലൂടെ അവ ഒരുങ്ങിവരുന്നതുവരെ കാക്കാതെ) ആവിഷ്‌കരിക്കുകയെന്നുവെച്ചാൽ ലോകർക്കു കാണാവുന്ന വിധം അടയാളമുദ്രയായി, മാനദണ്ഡമായി അവയെ പ്രയോഗത്തിൽ വരുത്തുകയെന്നതാണ്. അതുവഴി പാർട്ടി എത്രമാത്രം പുരോഗമനം കൈവരിച്ചുവെന്ന് മനസിലാക്കുവാനായേക്കു'മെന്നും മാർക്‌സ് ‘ക്രിറ്റിക്ക് ഓഫ് ദ ഗോത പ്രോഗ്രാമി'ൽ പറയുന്നത് കുറഞ്ഞപക്ഷം എ.കെ.ജി സെന്ററിലെങ്കിലും ഒന്നെഴുതിവെയ്‌ക്കേണ്ടതാണ്.

അലൻ ബാദ്യു ‘ദ കമ്യൂണിസ്റ്റ് ഹൈപോതെസിസി'ൽ തന്റെ തന്നെ സമീപകാലനാടകമായ ‘ദി ഇൻസിഡന്റ് ഓഫ് ആന്റിയോകി'ൽ നിന്നുള്ള ഒരു ഖണ്ഡം എടുത്തുചേർത്തിട്ടുണ്ട്. വിജയകരവും ദാരുണവിനാശകാരിയുമായ ഒരു വിപ്ലവത്തിനുശേഷം അതിന്റെ നേതാക്കൾ കൂടിയിരുന്നാലോചിച്ച് ഒടുവിൽ, പോരാടി നേടിയ അധികാരം ഉപേക്ഷിക്കുക എന്ന കേട്ടുകേൾവിപോലുമില്ലാത്ത (കീഴ്‌നടപ്പല്ലാത്ത) ഒരു തീരുമാനത്തിലെത്തിച്ചേരുകയാണ്. പൗല, ഡേവിഡിനോട് പറയുകയാണ്​: ‘എല്ലാ തരത്തിലുള്ള ഇന്ദ്രിയാന്ധ്യങ്ങളും പിടിവാദങ്ങളും ഉപേക്ഷിക്കാൻ ഞാൻ നിന്നോട് ആവശ്യപ്പെടുന്നു. സമഗ്രതയ്ക്കും കീഴടക്കലിനുമുള്ള ഭ്രമാസക്തിയെ മറന്നേക്കുക. ബഹുലതയുടെ, വൈവിദ്ധ്യങ്ങളുടെ ഇഴകളെ പിൻതുടരുക.'
(നീണ്ട മൗനം).
നീണ്ട മൗനത്തിനുശേഷം ഏതായാലും എന്തെങ്കിലും സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഗ്രാംഷി പറഞ്ഞതുപോലെ ഇടതുപക്ഷസ്വപ്നങ്ങൾ പരാജയപ്പെട്ടുകൂടാ. അത് സ്വയം പുനരുജ്ജീവിക്കേണ്ടതുണ്ട്. അതിന് ബഹുലതയുടെയും വൈവിദ്ധ്യങ്ങളുടെയും ഇഴകളെ പിൻതുടരുകതന്നെ വേണം. പിടിവാദങ്ങളും പരമ്പരാഗതമായ ഇന്ദ്രിയാന്ധ്യവും ഉപേക്ഷിച്ചേ മതിയാവൂ. കാരണം, അത്രയേറെ സംഭവങ്ങളാണ് നമ്മുടെ മേലേയ്ക്ക് വന്നുവീണുകൊണ്ടിരിക്കുന്നത്.


ഷിബു ഷൺമുഖം

കവി, ചെന്നൈയിൽ ഫ്രീലാൻസ് ജേണലിസ്റ്റ്. Standing Right Next to You: Lives of HIV Positive People എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments