വി.എം. കുട്ടി എന്ന് കേട്ടനാൾ മുതലാണ് ഞാൻ മാപ്പിളപ്പാട്ടുകളെയും കേട്ടുതുടങ്ങിയത്

ദേശീയ പുരസ്‌കാരങ്ങളിൽ മാപ്പിളപ്പാട്ടിനെ ഉൾപ്പെടുത്തുകയാണെങ്കിൽ ആദ്യമായും അവസാനമായും അംഗീകരിക്കപ്പെടേണ്ടയാൾ, മാപ്പിളപ്പാട്ടിനെ മുസ്ലിം അകത്തളങ്ങളിൽ നിന്ന് പുറത്തെത്തിച്ച് മതനിരപേക്ഷമാക്കിയ വി.എം. കുട്ടി തന്നെയാണ്.

മാപ്പിളപ്പാട്ട് എന്ന ഗാനശാഖയുടെ ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടമാണ് വി.എം. കുട്ടി. മുസ്ലിം അകത്തളങ്ങളിൽ നിന്ന് അതിനെ പൊതുസമൂഹത്തിലേക്കാനയിച്ച പരിഷ്‌കർത്താവ്. ഒരു പ്രത്യേക സമൂഹത്തിന്റെ പേരുൾക്കൊള്ളുന്ന, അതിന്റെ പേരിനെ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ മതനിരപേക്ഷമാക്കിമാറ്റി അദ്ദേഹം.
പാട്ട് എന്നത് വെറുതെ ആഹ്ലാദിക്കാൻ വേണ്ടി മാത്രമുള്ളതല്ലെന്ന് കുട്ടി മാസ്റ്റർ ഉറച്ചുവിശ്വസിച്ചു. പൊതുസമൂഹം പിന്തുടരേണ്ട ഒരുപാട് മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും അത്തരം മൂല്യങ്ങളുടെ സന്ദേശവാഹകനാവാനും പാട്ടിന് കെൽപ്പുണ്ട് എന്നദ്ദേഹം തിരിച്ചറിഞ്ഞു. മാപ്പിളപ്പാട്ടിനെ കേരളത്തിന്റെ പൊതുസംഗീതത്തിന്റെ വകഭേദമാക്കി മാറ്റി അദ്ദേഹം. ആ പാട്ടുശാഖയുടെ വ്യക്തിത്വത്തെയും ചരിത്രത്തെയും ഒരു മതനിരപേക്ഷ കാഴ്ചപ്പാടിലൂടെ വിശദീകരിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് ചെറിയ കാര്യമായല്ല ഞാൻ കണക്കാക്കുന്നത്. അതിന്റെ വ്യാകരണം പാലിച്ചുകൊണ്ടുതന്നെ ഒരു പുതിയ സൗന്ദര്യശാസ്ത്രം വികസിപ്പിച്ചെടുത്തു അദ്ദേഹം.

വി.എം. കുട്ടി എന്ന് കേട്ടനാൾ മുതലാണ് ഞാൻ മാപ്പിളപ്പാട്ടുകളെയും കേട്ടുതുടങ്ങിയത്. ആ സമയത്ത് കല്യാണവീടുകളിലെ മൈക്കുകളിൽനിന്ന് റംലാ ബീഗം, ഐഷ ബീഗം തുടങ്ങിയവരുടെ ഇസ്ലാമിക കഥാപ്രസംഗങ്ങളും പാട്ടുകളും കേൾക്കാമായിരുന്നു. കെ.ജി. സത്താറിന്റെയും എ.വി. മുഹമ്മദിന്റെയും പാട്ടുകൾ കേൾക്കുമായിരുന്നു. ഞാൻ സംഗീതത്തിന്റെ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരുന്നത് എന്നതുകൊണ്ടുതന്നെ ഈ ധാരയെ വേണ്ടത്ര പരിഗണിച്ചില്ലെന്ന് മാത്രമല്ല, അവഗണിക്കുകയും ചെയ്തിരുന്നു. അതെന്റെ മാത്രം അവസ്ഥയായിരുന്നില്ല. ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നവർ ഇന്നും ഇതര സംഗീതധാരകളെ ശ്രദ്ധിക്കാറുണ്ടോ എന്ന കാര്യം സംശയമാണ്.
കുട്ടി മാസ്റ്ററുടെ കാലം വന്നപ്പോൾ ഈ പാട്ടുകളെ അദ്ദേഹം ആധുനിക ഉപകരണങ്ങളുടെ അകമ്പടിയോടെ തന്നെ "കുട്ടീസ് ഓർക്കസ്ട്ര' എന്ന പേരിൽ അവതരിപ്പിച്ചു തുടങ്ങി. വേദികളിൽ വന്നുതുടങ്ങിയതോടെ അത്ഭുതാവഹമായ സ്വീകാര്യത പൊതുസമൂഹത്തിൽ നിന്ന് ഈ ഗാനശാഖയ്ക്ക് ലഭിച്ചു എന്നുതന്നെ പറയാം. കുട്ടി മാസ്റ്ററുടെ അവതരണശൈലി ഈ സ്വീകാര്യതയ്ക്ക് ഒരു കാരണമായി എന്നെനിക്ക് തോന്നിയിട്ടുണ്ട്.

പുതിയ പുതിയ എഴുത്തുകാരെയും കാലാകാരൻമാരെയും അദ്ദേഹം ഈ രംഗവുമായി അടുപ്പിച്ചു. മാപ്പിളപ്പാട്ടിന്റെ ഇശലുകൾക്കൊപ്പിച്ച് കുറച്ച് മലയാളപദങ്ങളും, കുറച്ച് അറബി പദങ്ങളും, കുറച്ച് ഗ്രാമ്യപദങ്ങളും ചേർന്ന ഒരു സങ്കരഭാഷയിൽ വാക്കുകൾ കുത്തിനിറച്ചാൽ പോരെന്നും അതിന് കാവ്യഭംഗി കൂടി ഉണ്ടാവണമെന്നും അദ്ദേഹം നിഷ്‌കർഷിച്ചു. പി. ഭാസ്‌കരൻ മാസ്റ്ററുടെ മാപ്പിളപ്പാട്ടുകളെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം വളരെ ആവേശത്തോടെ വിശദീകരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മോയിൻകുട്ടി വൈദ്യരുടെ കാലം കഴിഞ്ഞ് ശുദ്ധമായ മലയാളഭാഷയിൽ പാട്ടുകളെഴുതി വരുന്ന ഒരു കാലത്തെക്കുറിച്ചദ്ദേഹം പറയും.

ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ മാപ്പിളപ്പാട്ടിന് വലിയ പ്രാധാന്യം കൊടുത്തില്ല എന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം വിമർശനങ്ങൾ പറയുമായിരുന്നു. റിയാലിറ്റി ഷോകളിൽ കമന്റുകൾ പറയുമ്പോൾ പോലും സാഹിത്യ പരിഷത്തിലെ ടി. ഉബൈദിന്റെ മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള ഉജ്വലമായ പ്രസംഗത്തെക്കുറിച്ച് പറയാറുണ്ട്. മാപ്പിളപ്പാട്ടിന്റെ, മാപ്പിള ഈണങ്ങളുടെ ഇശലുകളുടെയും താളങ്ങളുടെയും സ്വാധീനം എങ്ങനെ മലയാള ഗാനശാഖയുടെ വികാസത്തിന് സഹായകമായി എന്ന കാര്യത്തിൽ അദ്ദേഹത്തിന് ധാരണകളുണ്ടായിരുന്നു.

പുതിയ എഴുത്തുകാരുടെ ഒരു നിരതന്നെ അദ്ദേഹം മാപ്പിളപ്പാട്ടിൽ കൊണ്ടുവന്നു. അവരെയെല്ലാം ഈ ശൈലി പഠിപ്പിച്ചു എന്നുതന്നെ പറയാം. അങ്ങനെ കവിത്വമുള്ള എഴുത്തുകാരെ അദ്ദേഹം കണ്ടെത്തുകയും പുതിയ പാട്ടുകൾ എഴുതിപ്പിച്ച് അത് പ്രചരിപ്പിക്കുകയും ചെയ്തു. പി.ടി. അബ്ദുറഹിമിനെ ഈ രംഗത്തേക്ക് കൊണ്ടുവരുന്നത് തന്നെ അദ്ദേഹമാണ് എന്നുപറയാം. സംഗീതം അറിയാവുന്ന വടകര കൃഷ്ണദാസ്, ചാന്ദ് പാഷ തുടങ്ങിയവരെയും ഈ വഴിയിലെ പുതിയ ഈണങ്ങളുടെ നിർമിതിക്കായി കണ്ടെത്തി. പിന്നീട് നിരവധിപേർ. ബാപ്പു വെള്ളിപറമ്പ്, കാനേഷ് പൂനൂർ, ബാപ്പു വാവാട്, കോഴിക്കോട് അബൂബക്കർ തുടങ്ങി നിരവധിപേർ. പാട്ടുകാർക്ക് കണക്കില്ല. എല്ലാവരും മാപ്പിളപ്പാട്ടുകൾ അഭ്യസിച്ചിരുന്ന കളരിയായി അദ്ദേഹത്തിന്റെ വസതി. ആ ശാഖയ്ക്ക് ഒരു പുതിയ മുഖം അദ്ദേഹം നൽകി. ആ പാട്ടുശാഖയെ കാറ്റ് കടക്കാത്ത അറയ്ക്കുള്ളിൽ ഒതുക്കിവെക്കാതെ തുറന്നുവിട്ടു. പുതിയ പുതിയ മേഖലകളിൽ അത് പടർന്നുകയറി.

വി.എം. കുട്ടിയും വി.ടി. മുരളിയും മട്ടന്നൂർ ശങ്കരൻകുട്ടിയ്‌ക്കൊപ്പം

മാപ്പിളപ്പാട്ടിനെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിന്റെ ചരിത്രവും, സാധ്യതയും, വിസ്തൃതിയും, സൗന്ദര്യവും വിശദീകിരിക്കുന്ന ആധികാരിക ഗ്രന്ഥങ്ങൾ തന്നെയാണ് പലതും. മലയാളത്തിലെ സിനിമാഗാനങ്ങളിൽ ധ്വനിക്കുന്ന "മാപ്പിളരാഗ'ങ്ങളെക്കുറിച്ച് അദ്ദേഹം പറയാറുണ്ട്. (നമ്മുടെ രാഗപദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല അത്. ഞാനതിന് അങ്ങനെയൊരു പേരിട്ടു എന്നുമാത്രം). എങ്ങനെയാണ് ഒരു പാട്ട് മാപ്പിളപ്പാട്ടായി മാറുന്നത്. ഭാഷയിലും വൃത്തത്തിലുമൊക്കെയുള്ള കാര്യങ്ങൾക്കപ്പുറത്ത് ഈണത്തിൽ വന്നാലെ അത് മാപ്പിളപ്പാട്ടാവുകയുള്ളൂ എന്ന് എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം എന്നോട് വിശദീകരിച്ച് തന്നിട്ടുണ്ട്. ആ വഴിക്ക് ഞാൻ ചിന്തിക്കാൻ തുടങ്ങിയതുതന്നെ മാസ്റ്ററുമായുള്ള സമ്പർക്കത്തിലൂടെയാണ്. അതുവരെയുള്ള ആ പാട്ടിനോടുള്ള അസ്പൃശ്യത എന്നിൽ നിന്ന് വിട്ടുമാറിയത് രാഘവൻ മാസ്റ്ററുടെയും കുട്ടി മാസ്റ്ററുടെയും അടുപ്പത്തിലൂടെയാണ്. ഒരാൾ ശാസ്ത്രീയ സംഗീതം നന്നായി അഭ്യസിച്ചയാൾ. എന്നിട്ടും അദ്ദേഹം ഈ പാട്ടുശാഖയെ ബഹുമാനത്തോടെ കാണുന്നു. കുട്ടി മാസ്റ്റർക്ക് രാഘവൻ മാസ്റ്ററോട് വലിയ അടുപ്പവും ബഹുമാനവുമായിരുന്നു. മാപ്പിളപ്പാട്ടിനെ, മാപ്പിള സംഗീതത്തെ എന്ന് മാറ്റിപ്പറയാം, ഇത്രയും ഗൗരവമായി, സമർഥമായി മലയാള മുഖ്യധാരാ സംഗീതത്തിൽ വിന്യസിപ്പിച്ച മറ്റൊരാളില്ല എന്നദ്ദേഹം പറയാറുണ്ടായിരുന്നു.

റിയാലിറ്റി ഷോകളിൽ വിധികർത്താക്കളായിരിക്കുമ്പോൾ, കുട്ടികൾ പാടുന്ന പാട്ടുകളുടെ അർഥം, അതിന്റെ പശ്ചാത്തലം, അതിന്റെ ഇസ്ലാമിക് പശ്ചാത്തലം, അറബി പദങ്ങളെന്ന പോലെ തന്നെ മലയാള പദങ്ങളുടെയും ഉച്ചാരണം തുടങ്ങി നിരവധി കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. ആവശ്യമായ റഫറൻസ് പുസ്തകങ്ങളും അദ്ദേഹം കരുതിയിട്ടുണ്ടാവും. താൻ ഒരു പൊതുമാധ്യമത്തിലാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. തെറ്റിപ്പോകാൻ പാടില്ല എന്നദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. സംഗീതസംബന്ധിയായ, അതിന്റെ ഭാവാത്മകത, വാക്കുകളുമായുള്ള പൊരുത്തം, താളപരമയ കാര്യങ്ങൾ ഇത്തരം കാര്യങ്ങളൊക്കെ മുരളി നോക്കിയാൽ മതിയെന്ന് നേരത്തെ വിഭജിച്ചുതരും. അത്തരം വിഷയങ്ങളിലേക്ക് അദ്ദേഹം കടക്കുകയേ ഇല്ല. വളരെ വ്യക്തമായ ധാരണകളോടെയാണ് ഞങ്ങൾ രണ്ടുപേരും കൈരളിയുടെയും അമൃതയുടെയും മത്സരങ്ങളിൽ വിധികർത്താക്കളായിരുന്നിട്ടുള്ളത്. താൻ ഈ കലയുടെ കുലപതിയാണെന്ന അഹങ്കാരം തെല്ലുമില്ലാതെ വളരെ ജനാധിപത്യപരമായ രീതിയിൽ പരസ്പരം ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്ന ഒരു സ്വഭാവം അദ്ദേഹത്തിൽ ഞാൻ കണ്ടിട്ടുണ്ട്.

മലയാളത്തിലെ ഒരു സമാന്തര സംഗീതധാരയാണ് മാപ്പിളപ്പാട്ട്. മറ്റുപല ധാരകളും ആചാരാനുഷ്ടാനങ്ങളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ മാപ്പിളപ്പാട്ട് ആ ചട്ടക്കൂടുകൾ ഭേദിച്ച് പുറത്തേക്ക് വളർന്നു. ആ വളർച്ചയുടെ അടിസ്ഥാനം കുട്ടി മാസ്റ്ററുടെ സമീപനങ്ങളും കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളുമാണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ ആത്മകഥയായ കനിവും നിനവും ഒരു പ്രദേശത്തിന്റെ ചരിത്രവും ഈ കലയുടെ വികാസ പരിണാമങ്ങളുടെ ചരിത്രവുമാണ്. ഈ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ എം.ടി. വാസുദേവൻ നായർ പുസ്തകത്തെ സമഗ്രമായി വിലയിരുത്തി സംസാരിച്ചത് ഞാനോർക്കുന്നു. തന്റെ സംഘത്തിൽ ബാബുരാജ് ഗായകനായും ഹാർമോണിസ്റ്റായും എത്തിയതിനെക്കുറിച്ചുള്ള ഭാഗം അദ്ദേഹം അവിടെ ഉദ്ധരിച്ചു. ആ ഭാഗങ്ങൾ എത്ര വിനയത്തോടെയാണ് മാസ്റ്റർ എഴുതിയിരിക്കുന്നത്. ആ ചടങ്ങിൽ ഞാനും സംബന്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന് അവതാരിക എഴുതാൻ എന്നെ ഏൽപ്പിച്ചു എന്നത് അഭിമാനമായി ഞാൻ കാണുന്നു.

വി.എം. കുട്ടി, ലിജി ഫ്രാൻസിസ്, വി.ടി. മുരളി തുടങ്ങിയവർ ഒരു ടെലിവിഷൻ റിയാലിറ്റി ഷോയ്ക്കിടെ

മലയാളത്തിന്റെ സമാന്തര സംഗീതശാഖയുടെ കുലപതിയാണ് മാസ്റ്റർ. മാപ്പിളപ്പാട്ട് വഴിതെറ്റി സഞ്ചരിക്കുന്നു എന്നദ്ദേഹം പരാതിപ്പെടാറുണ്ട്. അവിടെയൊക്കെ ഒരു പാരമ്പര്യവാദിയുടെ കാർക്കശ്യങ്ങളോ പിടിവാശികളോ ആയിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്. അതിന്റെ പരിഷ്‌കരണത്തിന് നേതൃത്വം കൊടുത്തയാൾ അങ്ങനെ ചിന്തിക്കാൻ വഴിയില്ലല്ലോ? പരിഷ്‌കരണങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നില്ല. മറിച്ച് അത് അതിന്റെ അടിസ്ഥാനസ്വത്വത്തിൽ നിന്ന് വഴി മാറിപ്പോകരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു താനും. അങ്ങനെ മാറിപ്പോയാൽ പിന്നെ അതിനെ എങ്ങനെ മാപ്പിളപ്പാട്ട് എന്ന് വിളിക്കും? അതാണ് പ്രശ്‌നം.
ഒരു പാട്ടിനെ മാപ്പിളപ്പാട്ടാക്കുന്ന ഘടകങ്ങളിൽ വിട്ടുവീഴ്ച പാടില്ല എന്ന നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതിനുവേണ്ടി അദ്ദേഹം നിരന്തരം വാദിച്ചിരുന്നു. മാപ്പിളപ്പാട്ടിന് ലഭിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചദ്ദേഹം പറയുമായിരുന്നു. നമ്മുടെ ദേശീയ പുരസ്‌കാരങ്ങളിൽ എന്തുകൊണ്ട് മാപ്പിളപ്പാട്ട് ഉൾപ്പെടുന്നില്ല. കളരിപ്പയറ്റിന്റെ മേഖലയിൽ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇത്രയും ജനകീയമായ, ജനപ്രിയമായ, നൂറ്റാണ്ടുകളായി ജനങ്ങൾ നിലനിർത്തിപ്പോന്ന ഒരു സംഗീതധാരയെ അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. അങ്ങനെയൊരു കലയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അതിൽ ആദ്യമായും ഇന്നത്തെ നിലയിൽ അവസാനമായും അംഗീകരിക്കപ്പെടേണ്ട ഒരാൾ വി.എം. കുട്ടി മാസ്റ്റർ തന്നെയാണെന്ന് ഞാൻ കരുതുന്നു. ആ കലയെ സമഗ്രമായി പഠിക്കുകയും, അത് പ്രയോഗിക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്ത മറ്റാരുണ്ട് കേരളത്തിൽ.

വി.എം. കുട്ടി എന്ന പാട്ടുകാരൻ കുറെ മാപ്പിളപ്പാട്ടുകൾ എഴുതി, കുറെ പാടി, എന്നതിനേക്കാൾ പ്രധാനം ആ കലയ്ക്ക് അദ്ദേഹം നമ്മുടെ സാസ്‌കാരികഭൂമികയിൽ ഒരിടം നേടിക്കൊടുത്തു എന്നതാണ്. അദ്ദേഹം ആ കലയുടെ വേദിയിൽനിന്നും ഈ ഭൂമിയിൽനിന്ന് തന്നെയും മറയുമ്പോൾ, പുതിയ ഗായകരോടും പഠിതാക്കളോടും ഒരു കാര്യം ഉറക്കെ പറയുന്നുണ്ട്. ജീർണതകൾക്കെതിരെ പൊരുതാനും, പുതിയ സമൂഹത്തിന്റെ നിർമിതിക്കായും ഉപയോഗപ്പെടുത്താനുള്ള ഈ പാട്ടിന്റെ ശക്തി, സാധ്യതകളെ നിങ്ങൾ കാണാതെ പോകരുത്. ഈ കലയുടെ അടിസ്ഥാനം ബലപ്പെടുത്തി നിർത്തേണ്ടത് നിങ്ങളാണ്. അത് ചെയ്യുകതന്നെ വേണം.
എന്റെ ഓർമകളിൽ എത്രയോ നിമിഷങ്ങളുണ്ട്. എന്നെപ്പോലെ ആയിരങ്ങളിൽ അദ്ദേഹം തുടർന്നും ജീവിക്കും. അദ്ദേഹം എത്തിച്ചിടത്തുനിന്ന് ഈ ഗാനശാഖയെ നമ്മൾ താഴ്ത്തിനിർത്തിക്കൂടാ.
എന്റെ ശിരസ്സ് കുനിയ്ക്കുന്നു.

Comments