സാർ/മാഡം വിലക്കും ഭാഷാ തീവ്രവാദവും

ഒരു സർക്കാർ ഓഫീസിലും സ്‌കൂളിലും കോളേജിലും ഒരു ഗുണഭോക്താവ്/വിദ്യാർത്ഥി അവിടത്തെ ഉദ്യോഗസ്ഥരെ/അധ്യാപകരെ എങ്ങനെ അഭിസംബോധന ചെയ്യണം എന്ന് എവിടെയും നിഷ്‌കർഷിച്ചിട്ടില്ല , അല്ലെങ്കിൽ അങ്ങനെ ഒരു നിയമമില്ല. ഒരു ഉത്തരവ് കൊണ്ട് തുല്യത ഉറപ്പു വരുത്താൻ ശ്രമിക്കുന്നത് എത്രത്തോളം സാധ്യമാണ്? സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ എല്ലാം മായ്ച്ചുകളഞ്ഞുകൊണ്ട് ഇല്ലാത്ത സമത്വം സൃഷ്ടിക്കാനുള്ള ഉപരിപ്ലവമായ ഒരു ശ്രമമാണോ ഇത്തരം ചർച്ചകളിലൂടെ നടക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

സാർ/മാഡം അഭിസംബോധന നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തെ ചൊല്ലി പാലക്കാട്ടെ ചില പഞ്ചായത്തുകൾ തുടങ്ങിവെച്ച ചർച്ച ഇന്നും പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും തുടരുകയാണല്ലോ. അതിനെ തുടർന്ന് ഗവ. ചിറ്റൂർ കോളേജിലും ഇവ വിലക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു "സമർപ്പണം' നൽകുകയുണ്ടായി. സാർ/മാഡം എന്ന അഭിസംബോധനകൾ ബ്രിട്ടീഷ് ഭരണകാലത്തിന്റെ ബാക്കിപത്രങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതുപോലെതന്നെ ഇത്തരം വിളികളിലെ ജനാധിപത്യരാഹിത്യവും ആ "സമർപ്പണ'ത്തിൽ സൂചിപ്പിക്കുന്നു. ഇത്തരം അഭിസംബോധനകൾ എന്തുകൊണ്ട് നിർബന്ധപൂർവം ഒരു ഉത്തരവിലൂടെ വിലക്കരുത് എന്നതിന്റെ കാര്യകാരണങ്ങളാണ് ചില അനുഭവങ്ങളിലൂടെ ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്.

ആദ്യമേ തന്നെ പറയട്ടെ, ഒരു സർക്കാർ ഓഫീസിലും സ്‌കൂളിലും കോളേജിലും ഒരു ഗുണഭോക്താവ്/വിദ്യാർത്ഥി അവിടത്തെ ഉദ്യോഗസ്ഥരെ/അധ്യാപകരെ എങ്ങനെ അഭിസംബോധന ചെയ്യണം എന്ന് എവിടെയും നിഷ്‌കർഷിച്ചിട്ടില്ല , അല്ലെങ്കിൽ അങ്ങനെ ഒരു നിയമമില്ല. ഒരു ഉത്തരവ് കൊണ്ട് തുല്യത ഉറപ്പു വരുത്താൻ ശ്രമിക്കുന്നത് എത്രത്തോളം സാധ്യമാണ്? സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ എല്ലാം മായ്ച്ചുകളഞ്ഞുകൊണ്ട് ഇല്ലാത്ത സമത്വം സൃഷ്ടിക്കാനുള്ള ഉപരിപ്ലവമായ ഒരു ശ്രമമാണോ ഇത്തരം ചർച്ചകളിലൂടെ നടക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

ക്യാമ്പസുകളിൽ സാർ/മാഡം വിളികൾക്കുപകരം "സൗഹൃദപദങ്ങളായ' ടീച്ചർ എന്നോ സ്ഥാനപേരോ വിളിക്കാം എന്നും മേൽസൂചിപ്പിച്ച സമർപ്പണത്തിൽ മുന്നോട്ടു വെക്കുന്നുണ്ട്. ഇവിടെ പ്രധാനമായും ഉയരുന്ന ഒരു ചോദ്യം ടീച്ചർ എന്നത് എന്തുകൊണ്ടാണ് അല്ലെങ്കിൽ എങ്ങനെയാണ് സൗഹാർദ്ദപദമായത് എന്നതാണ്. ഇത് തികച്ചും വ്യക്തിപരമായതും ആത്മനിഷ്ഠമായതുമായ ഒരു സങ്കൽപ്പം മാത്രമാണ്. മാത്രവുമല്ല, ടീച്ചർ/ടീച്ചിങ് എന്ന ആശയത്തിൽനിന്ന് ഇന്നത്തെ വിദ്യാഭ്യാസരംഗം ബഹുദൂരം മുന്നോട്ടു വരാൻ നിരന്തരമായ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. mentor അല്ലെങ്കിൽ facilitator എന്ന ആശയങ്ങളിലേക്ക് നാം പതിയെ ആണെങ്കിലും മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ചർച്ച നടക്കുന്നത്. ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും സ്‌കൂളിലും കോളേജിലും പരമ്പരാഗതരീതിയിൽ തന്നെയുള്ള പഠനരീതിയാണ് കണ്ടുവരുന്നത്. അത് കൊണ്ട് തന്നെ ഇതൊരു പരിവർത്തനഘട്ടം ആണെന്ന് നിസ്സംശയം പറയാം. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ അധ്യാപക വിദ്യാർത്ഥി ബന്ധത്തിൽ എവിടെയാണ് തുല്യത നിലനിൽക്കുന്നത്? അത്തരത്തിൽ ഒരു തുല്യത അവകാശപെടാവുന്ന ഒരു പഠന അന്തരീക്ഷം നേടിയെടുക്കാൻ നമ്മൾ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്.

ഞാൻ പാലക്കാടുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് പഠിച്ചത്. അവിടെ എന്റെ അധ്യാപകരെ അഭിസംബോധന ചെയ്തിരുന്നതിന് കൃത്യമായി ഒരു രീതിയുണ്ടായിരുന്നു. പുരുഷന്മാരെ "സർ' എന്നും, എന്നാൽ സ്ത്രീകളെ "ചേച്ചി' എന്നും (എന്നാൽ അപൂർവം ചില പുരുഷ അധ്യാപകരെ മാത്രം ചേട്ടാ എന്നും വിളിച്ചതായി ഓർക്കുന്നു). ചേച്ചി എന്ന വിളി നിർബന്ധം ആക്കിയതിനു കാരണം ഞാൻ എപ്പോഴും ആലോചിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരം ഒരു നിർബന്ധബുദ്ധി എന്ന് അന്നേ ചിന്തിച്ചിരുന്നു. പക്ഷെ ആരോടും -ചേച്ചിമാരോടും, ചേട്ടന്മാരോടും, സാറമ്മാരോടും- ചോദിക്കാൻ അന്ന് ധൈര്യം കിട്ടിയിരുന്നില്ല. പക്ഷെ ഒരു കാര്യം വ്യക്തമായിരുന്നു, വളരെ കൃത്യവും ലിംഗപരവുമായ ഒരു വേർതിരിവ് ആ വിളികളിൽ നിലനിന്നിരുന്നു. ഈ അനുഭവം 25 ഓളം വർഷങ്ങൾക്കുമുൻപ് നടന്നതായതുകൊണ്ട് ഇത് "dark age' ൽ നടന്ന ഒരു സംഭവമായേ ഞാൻ കണക്കാക്കിയുള്ളു. ഇന്ന് സർ/മാഡം അഭിസംബോധനയുമായി ബന്ധപ്പെട്ട് ഞാൻ ജോലി ചെയ്യുന്ന ഗവ. വിക്ടോറിയ കോളേജിലെ രണ്ടാം വർഷ physics വിദ്യാർത്ഥികളുമായി കുറച്ചു ദിവസങ്ങളായി നടക്കുന്ന ചർച്ചയിൽ നിന്നാണ് ഒരു കാര്യം ബോധ്യപ്പെട്ടത്. അധ്യാപകരെ "ചേച്ചി' അല്ലെങ്കിൽ "സർ' എന്ന് വിളിക്കുന്ന രീതി ഒറ്റപെട്ട സംഭവമല്ല എന്ന്. വേറെയും സ്‌കൂളുകളിൽ നടന്നുവരുന്ന ആചാരമാണിതെന്ന് മനസ്സിലാക്കിയത് ഞെട്ടലോടെയാണ്. കാരണം അത്രയധികം ലിംഗനീതിയെ കുറിച്ച് വാചാലമാവുന്ന കേരളത്തിൽ ഇത്തരത്തിലുള്ള അനീതി വിദ്യാഭ്യാസരംഗത്ത് ഇന്നും നിലനിൽക്കുന്നു എന്നത് എന്തുകൊണ്ടും അത്ഭുതം തന്നെ.

അധ്യാപകരെ സാർ/മാഡം എന്നതിനു പകരം ടീച്ചർ എന്നോ വിദ്യാർത്ഥി ആഗ്രഹിക്കുന്ന വേറെ ഏതെങ്കിലും പദങ്ങൾ കൊണ്ടോ അഭിസംബോധന ചെയ്താൽ തുല്യത കൈവരുമോ? ഇവിടെ അടിസ്ഥാനപരമായിതന്നെ അസമത്വം നിലനിൽക്കുന്നുണ്ട് എന്ന വസ്തുത നാം കാണാതെ പോകരുത്. അഭിസംബോധനകൾ ഒരു ഉത്തരവിലൂടെ മാറ്റുന്നതിനു പകരം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അകലമാണ് കുറയ്‌ക്കേണ്ടത്. അതും നിർബന്ധപൂർവം ചെയ്യാവുന്ന ഒന്നല്ല. മനോഭാവമാണ് മാറേണ്ടത്. അത് ആർക്കും അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല. JNU പോലുള്ള സെൻട്രൽ യൂണിവേഴ്‌സിറ്റികളിൽ അധ്യാപകരെ പേര് വിളിച്ചു അഭിസംബോധന ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതൊന്നും ഒരു ഉത്തരവിലൂടെ സാർ/മാഡം എന്ന വിളി വിലക്കിയതു കൊണ്ടല്ല. ജൈവികമായി ഉരുതിരിഞ്ഞു വരേണ്ട ഒരു സംഗതിയാണ് അത്. നിയമനിർമാണം കൊണ്ട് സാധ്യമാക്കാവുന്ന ഒന്നല്ല ഇക്കാര്യം, എന്ന് മാത്രമല്ല കൃത്യമായ ഫ്യൂഡൽ വ്യവസ്ഥ നിലനിൽക്കുന്നയിടത്തുനിന്നാണ് ഇത്തരം വാദഗതികൾ ഉയർന്നു വരുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു.

നമ്മുടെ ഭാഷാസംസ്‌കാരം പരിശോധിച്ചാൽ നമ്മുടെ സാമൂഹിക വ്യവസ്ഥ മനസിലാക്കാം. ഒരു വയസിനോ അതിനു മുകളിലോ വ്യത്യാസമുള്ള കൂടപ്പിറപ്പുകൾ കാലങ്ങളായി എന്താണ് പരസ്പരം അഭിസംബോധന ചെയ്യാറുള്ളത് അല്ലെങ്കിൽ ചെയ്യിക്കാറുള്ളത്? ചേച്ചി /ചേട്ടൻ/താത്ത/ ഇക്ക എന്നിങ്ങനെ പോകും. ഇത് പൊതുമണ്ഡലത്തിലേക്ക് എത്തുമ്പോൾ ഉദാഹരണത്തിന് കോളേജിലോ സ്‌കൂളിലോ ഉയർന്ന ക്ലാസ്സിൽ പഠിക്കുന്നവർ തമ്മിലും വീട്ടിൽ ശീലിക്കുന്ന ഇത്തരം അഭിസംബോധനകൾ തുടർന്ന് പോരുന്നു. പല കോളേജുകളിലും ഇങ്ങനെയുള്ള ബഹുമാനപുരസരമുള്ള വിളികൾ ഒഴിവാക്കുമ്പോൾ പല രീതിയിലുള്ള ഈഗോ പ്രശ്‌നങ്ങൾ കാണാറുണ്ട്. ചേട്ടനും ചേച്ചിക്കും പകരം പേര് വിളിക്കുന്ന പല സന്ദർഭങ്ങളിലും ബഹുമാനം നിഷേധിക്കപ്പെടുന്നതു മൂലം ചെറിയ രീതിയിലുള്ള വാക് തർക്കങ്ങൾക്കും അടിപിടിയിലേക്കും നീങ്ങിയിട്ടുള്ളതും സാക്ഷ്യപെടുത്താൻ സാധിക്കും. അത്രമേൽ തട്ടുകളായാണ് നമ്മൾ നമ്മളെ തന്നെ ക്രമീകരിച്ചു വെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള "സംസ്‌കാരം' അതിന്റെ പൂർണരൂപത്തിൽ എല്ലാ ഓഫീസ് ഇടങ്ങളിലും കാണാൻ കഴിയും. പക്ഷെ അവിടെയുള്ള ഒരു പ്രധാന വ്യത്യാസം പ്രായമല്ല ഒരു വ്യക്തിയെ സാർ എന്നോ മാഡം എന്നോ വിളിക്കാൻ പ്രേരിപ്പിക്കുന്നത് എന്നതാണ്. അവർ ഇരിക്കുന്ന തസ്തികയെ ആണ് അവിടെ അഭിസംബോധന ചെയ്യുന്നത്. പ്രായത്തിൽ ചെറുപ്പമായ കളക്ടർമാരും വളരെ പ്രായമുള്ള വില്ലേജ് ഓഫീസർമാരും നമുക്കുണ്ട്. അവരുടെ ഓഫീസിൽ പോയി നമ്മൾ എന്താണ് അഭിസംബോധന ചെയ്യേണ്ടത് എന്ന് കൂടി ഈ മാറ്റത്തിന് മുൻകയ്യെടുക്കുന്നവർ പറഞ്ഞു തരണം. ഒരു തസ്തികയിൽ ഇരിക്കുന്ന പരിചയമില്ലാത്ത ഒരു ഉദ്യോഗസ്ഥനെ/ഉദ്യോഗസ്ഥയെ പ്രായത്തിന്റെ തൊങ്ങലില്ലാതെ ബഹുമാനത്തോടെയും സഭ്യതയോടെയും അഭിസംബോധന ചെയ്യാവുന്ന ഒരു വാക്ക് മലയാളത്തിലുണ്ടോ? ഇവിടെയെല്ലാം പേര് വിളിക്കാം എന്ന് നിഷ്‌കർഷിച്ചു കൊണ്ട് തുല്യത ഉറപ്പു വരുത്തുന്നതിലും അഭികാമ്യം വിളിക്കുന്ന ആളിന്റെ താൽപര്യം തന്നെയാണ്. സാർ/മാഡം എന്നതു വിലക്കുന്നതിലൂടെ എടുത്തു കളയുന്നത് ഒരു പ്രൊഫഷണൽ സ്‌പേസ് ആണ് എന്ന് പറയേണ്ടി വരും. ഒരു തവണയോ വല്ലപ്പോഴുമോ മാത്രം ഇടപഴകുന്ന രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാക്കാവുന്ന ഒരു പ്രൊഫഷണൽ സ്‌പേസ്. പ്രായം/ജാതി/വർഗം/വർണം/കുലം എന്നിവ വേർതിരിക്കാത്തതും തസ്തിക കൊണ്ട് മാത്രം വേർതിരിവുണ്ടാവുന്നതുമായ ഒരിടം.

ഇതെല്ലാം മാറ്റി നിർത്തി നമ്മൾ ഇനി ഒരു ഓഫീസിൽ കേറി ചെന്ന് അവിടെ ഉള്ളവരെ പേരോ അല്ലെങ്കിൽ ചേച്ചി /ചേട്ടൻ എന്നോ വിളിക്കുകയാണെന്ന് സങ്കല്പിക്കുക. പേര് വിളിക്കുന്നതിലൂടെ നമ്മൾ കൈവരിക്കുന്ന സമത്വം (egalitarianism) സമൂഹത്തിൽ ഇന്ന് നിലവിലില്ലാത്ത ഒരു വസ്തുത എന്ന നിലയിൽ മുഴച്ചു നിൽക്കാനേ ഉപകരിക്കൂ. സമൂഹത്തിൽ ഉടനീളം നിലനിൽക്കുന്ന അസമത്വങ്ങളെ ഇങ്ങനെ ചില ഇടങ്ങളിലുള്ള അഭിസംബോധനകൾ ഉത്തരവിലൂടെ മാറ്റികൊണ്ട് ഇല്ലാതാക്കാം എന്ന് ചിന്തിക്കുന്നത് എത്ര ബാലിശമാണ്. മാത്രമല്ല ചേച്ചി എന്ന വിളി തന്നെ ഒന്ന് നീട്ടി "ച്യാച്ചി'യും പല അർഥങ്ങൾ വരുന്ന രീതിയിലും ചില പൊതുമണ്ഡലങ്ങളിൽ കേട്ടു പരിചയമുള്ളതാണ്.

വ്യത്യസ്ത തട്ടുകളിലായി ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങളെ അധികാരശ്രേണിക്കകത്ത് നിലനിർത്തിപ്പോന്നവരെ അട്ടിമറിയ്ക്കുകയോ മാറ്റി നിർത്തുകയോകൂടി സാർ/മാഡം വിളികളുടെ ഗുണഫലമാണ്. ഇന്ന് നമ്മൾ കയറി ചെല്ലുന്ന ഒരു സർക്കാർ ഓഫീസിലോ അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലോ നമ്മളെ അതായത് ഉപഭോക്താവിനെ സാർ എന്നും മാഡം എന്നും വിളിക്കുന്നത് നമുക്ക് പരിചയമുള്ള പ്രവൃത്തിയാണ്. അങ്ങനെ ഉപഭോക്താക്കളെക്കൂടി സാർ എന്ന് വിളിക്കുകയാണ് കൂടുതൽ യോജ്യമായ രീതി.

ഭാഷ എന്നത് നിശ്ചലമല്ല. അതു നിരവധി കൊടുക്കൽ വാങ്ങലിലൂടെയും നിരന്തരമായ മാറ്റങ്ങളിലൂടെയും കടന്നു പോയി കൊണ്ടിരിക്കുന്ന ഒഴുകുന്ന നദി പോലെയാണ്. അർത്ഥങ്ങളിലും മാറ്റങ്ങൾ സ്വാഭാവികം. പല ചർച്ചകളിലും കേട്ട ഒരു വാദമായ Colonial hangover എന്നതിനോട് തീർത്തും വിയോജിക്കുന്നു. കോളനീകൃത ശൈലികൾ ഭാഷയിലും പുറത്തും ധാരാളമുണ്ട്. പലതും ഗൗരവത്തിൽ ചർച്ചയ്ക്ക് വരേണ്ടതുമാണ്. ഇങ്ങനെ അനാവശ്യമായ ഇടങ്ങളിലേക്ക് ചൂണ്ടിയും അതുവഴി ചുരുക്കിയും കോളനീകൃത പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കുക കൂടിയാണ് ഇത്തരം ചർച്ചകളിലൂടെ നടക്കുന്നത്. അന്ന് ഇതേ വാക്കുകൾ ഉപയോഗിച്ച സന്ദർഭങ്ങളിൽ അല്ല ഇന്ന് അവ പ്രയോഗിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഭാഷയെ സംബന്ധിച്ച് ഒഴിച്ചു കൂടാനാവാത്തതാണ്.

ഇന്ന് പലരും സാർ/മാഡം എന്ന് ഉപയോഗിക്കുന്നത് വ്യത്യസ്ത അർത്ഥതലങ്ങളിലാണ്. ചിലർ ബഹുമാനസൂചകമായി ഇവ ഉപയോഗിക്കുന്നു. മറ്റു ചിലർ രണ്ടു പേർക്കിടയിലുള്ള അന്തരത്തെ കൂട്ടിയിണക്കാനും സാർ/മാഡം വിളികൾ ഉപയോഗിക്കാറുണ്ട്. വ്യക്തിപരമായി ഞാൻ പലരെയും സാർ/മാഡം വിളിക്കുന്നത് വേറെ ഒന്നും വിളിക്കാൻ തോന്നാത്തത് കൊണ്ടാണ്. അല്ലാതെ ബഹുമാനമോ അന്ധമായ ആദരവ് കൊണ്ടോ അല്ല. വ്യക്തികൾക്കിടയിൽ ഉടലെടുക്കുന്ന ബന്ധങ്ങൾ അഭിസംബോധന നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. രണ്ടു വ്യക്തികൾക്കിടയിൽ ഒരാൾ മറ്റൊരാളെ പേര് വിളിക്കണോ അതോ ചേട്ടാ/ചേച്ചി എന്ന് വിളിക്കണോ അതോ സാർ/മാഡം എന്ന് വിളിക്കണോ എന്നത് ആ വ്യക്തിയുടെ തീരുമാനം ആവുന്നതല്ലേ നല്ലത്?
സാർ/മാഡം എന്നതിന് പകരമായി പാശ്ചാത്യ സംസ്‌ക്കാരത്തിൽ Mr/Ms/Mrs എന്ന് അഭിസംബോധന ചെയ്യാറുണ്ട്. ഇത്തരം ശീർഷകങ്ങൾ മലയാളത്തിലും പ്രചാരത്തിലുണ്ട്. ശ്രീ/ശ്രീമതി പ്രയോഗങ്ങളുടെ രാഷ്ട്രീയ ശരിക്കേടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ശ്രീ/ശ്രീമതി എന്ന് അടയാളപ്പെടുത്തുമ്പോൾ തന്നെ 'അശ്രീ'യെ നമ്മൾ വേർതിരിച്ചു കാണിക്കുന്നുണ്ട്. നമ്മുടെ ഭാഷയുടെ ന്യൂനതയും അതെത്രമാത്രം ജാതീയവുമാണെന്ന് ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ സ്ഥാപിച്ചു തരുന്നു.

എന്നെ പേര് വിളിക്കുന്ന വിദ്യാർഥികൾ ഉണ്ട്. വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ ഷീബ്‌സ് എന്ന് വിളിക്കുന്നത് കേട്ട് അങ്ങനെ വിളിക്കുന്ന വിദ്യാർഥിസുഹൃത്തുക്കളും ഉണ്ട്. ഷീ എന്ന് വിളിക്കുന്നവരും ഉണ്ട്. ഇതൊന്നും ഞാൻ അങ്ങോട്ട് ആവശ്യപെട്ടിട്ടല്ല. അവർക്ക് അങ്ങനെ വിളിക്കാൻ തോന്നിയത് കൊണ്ടാണ്. ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിൽ ആ വ്യക്തി തീരുമാനിച്ച വിളികളാണ് അത്. വളരെയധികം അടുപ്പമുള്ള വിദ്യാർഥിസുഹൃത്തുക്കൾ മാഡം എന്നും ടീച്ചർ എന്നും വിളിക്കാറുണ്ട്. അതവരുടെ തീരുമാനമാണ്.

നിയമനിർമാണത്തിലൂടെ സാർ/മാഡം വിലക്കുന്നതിലൂടെ, നമ്മൾ ഉണ്ടാക്കിയെടുക്കാം എന്ന് കരുതുന്ന ഒരു സമത്വസുന്ദര സമൂഹം മിഥ്യാസങ്കല്പമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് 2008ലെ അധ്യാപികമാർ സാരി ധരിക്കേണ്ടതില്ല എന്ന ഹൈക്കോടതിവിധി. 2008ന് മുൻപും സാരി ധരിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. അതൊരു ആചാരമായി തുടർന്ന് പോന്നു എന്ന് മാത്രം. 2008ലെ ഉത്തരവിന് ശേഷം കൂടുതൽ സ്ത്രീകൾ അവനവന് സൗകര്യമുള്ള വസ്ത്രത്തിലേക്ക് മാറിയെങ്കിലും ഇപ്പോഴും ആചാരമായി അത് തുടരുന്ന ഇടങ്ങളുണ്ട്. പാലക്കാട് മേഴ്സി കോളേജ് പോലുള്ള പല പ്രശസ്ത കോളേജുകളിലും മാസത്തിൽ ഒരു ദിവസം വിദ്യാർത്ഥികൾ നിർബന്ധമായി സാരി ധരിക്കണം എന്ന് ഇന്നും നിഷ്‌കർഷിക്കുന്നതിന്റെ യുക്തി എന്തായിരിക്കും?

സാർ എന്നത് ഇപ്പോൾ ഇംഗ്ലീഷ് പദമായല്ല മലയാളത്തിൽ പ്രയോഗിച്ചു വരുന്നത് എന്ന് ഭാഷാ അധ്യാപകർ സമ്മതിക്കും. 'സാറെ' എന്നത് തീർത്തും മലയാളീകരിച്ച ഒരു പ്രയോഗമായി പലപ്പോഴും ലിംഗവ്യത്യാസമില്ലാതെ ഉപയോഗിക്കുന്നതും നമുക്ക് ഏറെ പരിചിതമാണ്. അതേസമയം ചേട്ടൻ/ചേച്ചി പോലുള്ള വിളികൾ ബന്ധുസൂചനകൂടി ഉള്ളവയാണ്. അതിനും അപ്പുറത്തേക്ക് അത് നീളുന്നത് കുറെ കൂടി പരിചയമുള്ള ഒരാളെ വിളിക്കുമ്പോഴും അത് പോലെ തന്നെ പൊതു ഇടങ്ങളിൽ അപരിചിതരെ സംബോധന ചെയ്യുമ്പോഴുമാണ്.

സാർ/മാഡം എന്നീ അഭിസംബോധനകൾ തള്ളിക്കളയുമ്പോൾ നമ്മൾ ആലോചിക്കണം നമ്മുടെ ഭാഷ സംസ്‌കൃതത്തെയും മറ്റു ഭാഷകളെയും ഇതുപോലെ ആശ്രയിക്കുന്ന ഒന്നാണെന്ന്. അപകോളനിവത്കരണത്തിന്റെ പേരിൽ നടക്കുന്ന ഈ ചർച്ച നമ്മെ എവിടെ എത്തിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭാഷാ തീവ്രവാദത്തിലേക്ക് നയിക്കുന്ന ഇത്തരം ചർച്ചകൾക്ക് പിന്നിലെ രാഷ്ട്രീയലക്ഷ്യങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഭാഷാസംസ്‌കാരത്തിലേക്ക് നമ്മൾ കടം കൊണ്ട എല്ലാ ഇതരഭാഷാ പ്രയോഗങ്ങളും -സംസ്‌കൃതം ഉൾപ്പെടെ- നമ്മൾ വിലക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നതിലൂടെ നമ്മൾ ചെയ്യുന്നത് ഒരു ശുചീകരണപ്രവർത്തിയാണ്. സ്വന്തം ഭാഷയിൽ മേനി നടിക്കുകയും അത് കുറ്റമറ്റതും ഉത്തമവുമാണെന്നും ഉള്ള ബോധവും അതിന്റെ മേൽക്കോയ്മ സ്ഥാപ്പിക്കാനുമുള്ള ശ്രമവും തന്നെയാണ് ഭാഷാ തീവ്രവാദം. കാലാനുസൃതമായ മാറ്റങ്ങൾ ഇനിയും ഭാഷയിൽ സംഭവിക്കും. ഒരുപക്ഷെ നാളെയുടെ പൊതുവിടങ്ങൾ ആവശ്യപ്പെടുന്നത് മറ്റു ചില പദ പ്രയോഗങ്ങളുമായിരിക്കും. അതെല്ലാം കാലക്രമേണ ജൈവികമായി സംഭവിക്കേണ്ടത് തന്നെ.

Comments