എന്തിനാണ്​ ഇങ്ങനെയൊരു ബി.എഡ് കോഴ്​സ്​? ഒരു വിദ്യാർഥി ചോദിക്കുന്നു

സത്യത്തിൽ എന്തിനാണ് സർവകലാശാലകൾ ബി.എഡ്​ കോഴ്‌സ് നടത്തുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വിധേയത്വമാണ് വിദ്യാഭ്യാസം എന്ന അലിഖിത നിയമത്തിൽ നിന്ന്​ ഇതുവരെ പുറത്തു കടക്കാത്ത, ഒട്ടുമേ പരിഷ്‌കൃതമല്ലാത്ത ഒരു സിസ്റ്റത്തെയാണ് ഈ കോഴ്‌സിലൂടെ ഇന്നും നിലനിർത്തി കൊണ്ടു പോകുന്നത്. അധ്യാപനത്തെ സംബന്ധിച്ച പരമ്പരാഗതമായ ചില വാർപ്പ് മാതൃകകൾക്കപ്പുറം പുതിയ ലോകത്തോട് സംവദിക്കുന്ന കുട്ടികളെ അഭിസംബോധന ചെയ്യാൻ ഉതകുന്ന എന്ത് പ്രൊഫഷണിലസമാണ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നത്?- ഒരു ബി.എഡ്​ വിദ്യാർഥി, ബി.എഡ്​ കോഴ്​സിനെ കുറിച്ച്​ പൊതുശ്രദ്ധയിൽ വരേണ്ട ഗൗരവകരമായ പ്രശ്​നങ്ങൾ തുറന്നെഴുതുന്നു

ന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് ബി.എഡ് എന്നോർക്കുമ്പോൾ ആശ്ചര്യം തോന്നും. സത്യത്തിൽ എന്തിനാണ് സർവകലാശാലകൾ ഇത്തരത്തിൽ ഒരു കോഴ്‌സ് നടത്തുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വിധേയത്വമാണ് വിദ്യാഭ്യാസം എന്ന അലിഖിത നിയമത്തിൽ നിന്ന്​ ഇതുവരെ പുറത്തു കടക്കാത്ത, ഒട്ടുമേ പരിഷ്‌കൃതമല്ലാത്ത ഒരു സിസ്റ്റത്തെയാണ് ഈ കോഴ്‌സിലൂടെ ഇന്നും നിലനിർത്തി കൊണ്ടു പോകുന്നത്. സ്വന്തം താൽപര്യത്തിനുമുപരി ജീവിതത്തെയും തൊഴിലിനെയും കരുതിയുള്ള ആശങ്കകളാണ് പല വിദ്യാർത്ഥികളേയും ഈ കോഴ്‌സ് തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നത്. പറയുമ്പോൾ ഇതൊരു പ്രൊഫഷണൽ കോഴ്‌സാണ്. എന്നാൽ, അധ്യാപനത്തെ സംബന്ധിച്ച പരമ്പരാഗതമായ ചില വാർപ്പ് മാതൃകകൾക്കപ്പുറം പുതിയ ലോകത്തോട് സംവദിക്കുന്ന കുട്ടികളെ അഭിസംബോധന ചെയ്യാൻ ഉതകുന്ന എന്ത് പ്രൊഫഷണിലസമാണ് ഇതിലൂടെ നൽകാൻ ശ്രമിക്കുന്നത്?

ഒരു ബി.എഡ് വിദ്യാർത്ഥി എന്ന നിലയിൽ ഈ കോഴ്‌സിനെ സംബന്ധിച്ച് പൊതു ശ്രദ്ധയിലേക്ക് ഉയന്നു വരേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

കേരളത്തിൽ ഇന്ന് ഏറ്റവും തിരക്കേറിയ കോഴ്‌സുകളിൽ ഒന്നാണ് ബി.എഡ്. എം.ജി, കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിലായി ഏകദേശം 11,250 വിദ്യാർത്ഥികളാണ് ഓരോ അധ്യയന വർഷവും ഈ കോഴ്‌സിൽ പ്രവേശനം നേടുന്നത്. ഇതിൽ വിരലിലെണ്ണാവുന്ന കോളേജുകൾ മാത്രമാണ് ഗവൺമെൻറ്​, എയ്ഡഡ് മേഖലകളിലുള്ളത്. അധികവും സെൽഫ് - ഫിനാൻസിംഗ് കോളേജുകളും യൂണിവേഴ്‌സിറ്റി സെൻന്ററുകളുമാണ്. എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്ററുകൾ ഒഴികെയുള്ളവയെല്ലാം അതതു യുണിവേഴ്‌സിറ്റികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എം. ജി. സർവകലാശാല ഇത്തരം സെന്ററുകളുടെ നടത്തിപ്പിനായി CPAS (center for professional and advanced studies) എന്ന അർദ്ധ സർക്കാർ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഈ പറഞ്ഞ യൂണിവേഴ്‌സിറ്റി സെന്റന്ററുകളിൽ പലതുമാണ് ബി.എഡ് കോളേജുകളിൽ ഏറ്റവും കുത്തഴിഞ്ഞ രീതിയിൽ പ്രവർത്തിക്കുന്നവ.
സർക്കാർ, എയ്ഡഡ്, സെൽ ഫിനാൻസിങ് കോളേജുകൾ NCTE(national council for teacher education) യുടെ മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തിയാണ് പ്രവർത്തിക്കുന്നതെങ്കിൽ, മിക്ക യൂണിവേഴ്‌സിറ്റി സെന്ററുകളുടെയും കാര്യം പരിതാപകരമാണ്. പലയിടത്തും സ്വന്തമായി കെട്ടിടങ്ങളോ ആവശ്യത്തിന് അധ്യാപകരോ പോലുമില്ല. ഉള്ള അദ്ധ്യാപകരുടെ നിലവാരത്തെ പറ്റി ആർക്കും ആശങ്കകളുമില്ല.

ഫീസിന്റെ കാര്യത്തിലേക്ക് കടന്നാൽ, കുറച്ച് ദിവസങ്ങൾക്കുമുൻപാണ് സ്വാശ്രയ ബി. എഡ് കോളേജുകൾക്ക്​ 2021-22 അക്കാദമിക വർഷം ഉയർന്ന ഫീസ് ഈടാക്കാൻ ഹൈക്കോടതി നൽകിയ അനുമതി സുപ്രീം കോടതി ശരി വെച്ചു കൊണ്ടുള്ള വാർത്ത പുറത്തുവന്നത്. 2008 മുതൽ ഫീസ് വർധിപ്പിച്ചിട്ടില്ലെന്നും ഇതിനിടെ കോളേജുകളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി കൂടിയിട്ടുണ്ട് എന്നുമുള്ള സ്വാശ്രയ മാനേജ്‌മെന്റുകളുടെ വാദം ശരിവെച്ചു കൊണ്ടാണ് കോടതി വിധി. കോവിഡ് സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കുന്നത് ശരിയല്ല എന്ന സർക്കാർ വാദം തള്ളിയാണ് മാനേജ്‌മെന്റുകൾക്ക് അനുകൂലമായ ഈ വിധി. ഫീസിൽ കാലാനുസൃത മാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ മാനേജ്‌മെന്റുകൾ കാണിക്കുന്ന ഉത്സാഹം വിദ്യാർത്ഥികളോടുള്ള മനോഭാവത്തിലോ അധ്യാപകരുടെ നിലവാരത്തിലോ എന്തുകൊണ്ട് കാണിക്കുന്നില്ല? അക്കാര്യത്തിൽ മാത്രം ഇപ്പോഴും യാതൊരു മാറ്റവുമില്ല. ആദ്യം നിലനിൽക്കുന്ന സിസ്റ്റത്തെ നിലവാരമുള്ളതാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്. അതില്ലാതെ ഫീസ് മാത്രം വർധിപ്പിക്കുന്നതിലൂടെ നിലവാരമില്ലാത്ത വിദ്യാഭ്യാസം ഉയർന്ന ഫീസ് കൊടുത്ത് നേടേണ്ട ഗതികേടിലേക്കാണ് വിദ്യാർഥികളെ കൊണ്ടെത്തിക്കുന്നത്

സിലബസും കരിക്കുലവും

ചില വ്യവസ്ഥാപിത കീഴ്​വഴക്കങ്ങളിലും മുൻവിധികളിലുമാണ് ബി.എഡ് കരിക്കുലത്തിന്റെ അടിത്തറ കെട്ടിപ്പടുത്തിട്ടുള്ളത്. വിദ്യാർത്ഥികളുടെ ബൗദ്ധികതയെക്കാൾ യാന്ത്രികമായ പരുവപ്പെടലിനാണ് ഇവിടെ പ്രാധാന്യം. അനാവശ്യമായി വർക്ക്‌ലോഡ് വർദ്ധിപ്പിച്ച് വിദ്യാർത്ഥികളെ സമ്മർദത്തിലാക്കുന്നതിനു പകരം ചെയ്യുന്ന വർക്കുകൾക്ക് കൃത്യമായൊരു ഔട്ട്​കം ലഭ്യമാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ പാഠ്യപദ്ധതി ഒരു പരാജയം തന്നെയാണ്. വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കുന്ന സമയം തൊട്ട് കേൾക്കുന്ന കാര്യമാണ്, ബി.എഡ് കാലത്തെ വർക്കുകളെ പറ്റി. എന്തോ ഒരു ഭീകരസത്വമായാണ് പലപ്പോഴും അധ്യാപകർ പോലും വർക്കുകളെപ്പറ്റി പറയാറ്​. കോഴ്‌സിലേക്ക് കടന്നതിനു ശേഷമാകും ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് ഈ പറച്ചിലുകളുടെ ഒക്കെ നിജസ്ഥിതി മനസ്സിലാക്കാൻ സാധിക്കുന്നത്. "എന്തിനാ.. ഇതൊക്കെ ചെയ്യുന്നത്' എന്ന് അവരവരോടു തന്നെ നിരന്തരം ചോദിച്ചു കൊണ്ടാണ് പല വർക്കുകളും പൂർത്തിയാക്കണ്ടി വരുന്നത്. പോകെപ്പോകെ ഉപകാരമുള്ളതോ ഇല്ലാത്തതോ എന്ന ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ലത്ത, തരുന്നതെന്തും ചെയ്യാൻ തയ്യാറായ ഒരു യന്ത്രം കണക്കെ സിസ്റ്റത്തോട് നിരന്തരം പൊരുത്തപ്പെടുന്നു. ഇതാണ് കോഴ്‌സിന്റെ കരിക്കുലവും സിലബസും കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തോന്നിപ്പോകും.

ബി.എഡ് പഠനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട അഭ്യാസമുറകളിൽ ഒന്നാണ് Micro teaching. ഒരു അധ്യാപകൻ /അധ്യാപിക താൻ പഠിപ്പിക്കാൻ പോകുന്ന ക്ലാസിലെ കുട്ടികളുടെ നിലവാരത്തെ മുൻവിധിയോടെ കണ്ട് ക്ലാസെടുക്കുന്ന രീതിയാണിത്. ശരിക്കും പറഞ്ഞാൽ കൊച്ചു കുട്ടികൾക്കായുള്ള കാർട്ടൂൺ പരിപാടിക്കുള്ള സ്‌ക്രിപ്റ്റാണോ എന്ന് തോന്നിപ്പോകുന്നതാണ് micro teaching ആയി തയ്യാറാക്കുന്ന ‘ലസൻ പ്ലാൻ’. (ചിത്രം കാണുക) ഒൻപതിലും പത്തിലും പഠിക്കുന്ന കുട്ടികളെയാണ് ഇപ്രകാരം പഠിപ്പിക്കേണ്ടതെന്നും ഓർക്കണം.

ഹയർ സെക്കൻഡറി വരെയുള്ള എന്റെ പഠന കാലയളവിൽ വിവിധ സ്‌കൂളുകളിലായി നിരവധി അധ്യാപകരുടെ ക്ലാസുകളിൽ ഇരിന്നിട്ടുണ്ടെങ്കിലും അവരാരും ഇങ്ങനെ ക്ലാസെടുക്കുന്നതായി കണ്ടിട്ടില്ല. അധ്യാപനത്തിന്റെ ജൈവികതയേയും സ്വാഭാവികതയേയും യാന്ത്രികമാക്കുന്ന ഇത്തരം എത്രയോ കാര്യങ്ങൾ ഈ കോഴ്‌സിൽ ഇപ്പോഴും നിലനിൽക്കുന്നു.

കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ടെന്ന് നമുക്കറിയാം. പുതിയ മാറ്റങ്ങളിൽ പലതും ഇനിയുള്ള വിദ്യാഭ്യാസ പ്രക്രിയയിൽ ഒഴിച്ചുകൂടാനാവത്തവയുമാണ്. ഒരുവശത്ത് കോർപ്പറേറ്റുകൾ വിദ്യാഭ്യാസ മേഖലയെ ഒന്നാകെ വിലക്കെടുത്ത്​ വളരുമ്പോൾ, കുറഞ്ഞ പക്ഷം പുതിയ ‘അധ്യാപക വിദ്യാർത്ഥികളു'ടെ സിലബസെങ്കിലും കാലാനുസൃതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇപ്പോഴും ചാർട്ട് പേപ്പർ കട്ടിങ്ങുകളും, ബ്ലാക്ക് ബോർഡ് യൂസിങ്ങ് സ്‌കില്ലുമായി ക്ലാസുകളിൽ ചെല്ലാൻ പരിശീലിപ്പിക്കുമ്പോൾ കാലമെത്ര മുൻപോട്ട് പോയിട്ടുണ്ടെന്ന് ഓർക്കണം.

ജെന്റർ ന്യൂട്രാലിറ്റി

ൻഡർ ന്യൂട്രാലിറ്റിയേയും സെക്‌സ് എഡ്യൂക്കേഷനെയും സംബന്ധിച്ച് വിപ്ലവകരമായ മാറ്റങ്ങളാണ് ഇന്ന് സ്‌കൂളുകളിൽ നടക്കുന്നത്. ഈ സന്ദർഭത്തിൽ ഇത്തരം പുരോഗപരമായ മാറ്റങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട അധ്യാപകരുടെ കാഴ്ചപ്പാടുകൾ എപ്രകാരമാണ് രൂപപ്പെടുന്നതെന്ന് / രൂപപ്പെടുത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അധ്യാപകപരിശീലന കേന്ദ്രങ്ങളുടെയും ജെൻഡർ സങ്കൽപ്പങ്ങൾ എന്താണെന്ന് അപ്പോൾ മനസ്സിലാകും.

പെൺകുട്ടികളെ കൊണ്ട് നിർബന്ധപൂർവ്വം ഷോൾ ധരിപ്പിക്കുന്ന, സാരി ഉടുപ്പിക്കുന്ന പഴഞ്ചൻ ഡ്രസ് കോഡുകൾ പിന്തുടരുന്നവയാണ് നമ്മുടെ അധ്യാപക പരിശോധന കേന്ദ്രങ്ങൾ. അവിടെ നിന്ന്​ പുറത്തു വരുന്ന അധ്യാപകരാണ് തങ്ങളുടെ വിദ്യാർത്ഥികളെ നാളെ ജൻഡ്രൽ ന്യൂട്രാലിറ്റിയിലേക്ക് നയിക്കേണ്ടത് എന്നത് ഒരു വിരോധാഭാസമാണ്.

"ആദ്യം നിങ്ങള് നന്നാകൂ.. എന്നിട്ട് ഞങ്ങളെ നന്നാക്കാൻ വന്നാൽ മതി '.. എന്ന് നാളെ ഒരു കുട്ടി എന്റെ മുഖത്തു നോക്കി പറയുമ്പോൾ അത് എന്റെ മാത്രം കുറ്റമാണെന്നു കരുതിയാൽ തീരാവുന്ന പ്രശ്‌നമേ ഇവിടെ ഉള്ളുവെങ്കിൽ ഞാനും ഒരു നല്ല അധ്യാപകനായേക്കാം..

Comments