കർഷക സമരം തുടരും, മോദി സർക്കാർ മുട്ടുകുത്തുംവരെ

2020 നവംബർ 26ന് ‘ദില്ലി ചലോ മാർച്ച്' ഡൽഹി അതിർത്തികളിലെത്തുമ്പോൾ ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കർഷകരുടെ കൈവശമുണ്ടായിരുന്നു. ഒരു ദീർഘകാല സമരത്തിനുള്ള തയ്യാറെടുപ്പ് ആവശ്യമാണെന്ന ബോധ്യം സമരത്തിനെത്തിയ എല്ലാ കർഷകരിലും ഉണ്ടായിരുന്നു. നിരവധി യാതനകൾ ഇക്കാലയളവിൽ കർഷകർക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. കൊടുംതണുപ്പ്, കൊടുംചൂട്, മഴ, കൊടുങ്കാറ്റ്, മഹാമാരി തുടങ്ങി, വീടുകളിൽ നിന്നകന്ന് താമസിക്കേണ്ടി വരുന്നതിന്റെ മാനസിക സമ്മർദ്ദം അടക്കം നിരവധി പ്രശ്‌നങ്ങൾ നേരിട്ടാണ് ആറുമാസവും കർഷകർക്ക് സമരം ചെയ്യേണ്ടി വന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ, സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ സുദീർഘമായ പ്രത്യക്ഷ സമരത്തിലേർപ്പെട്ടിട്ടുപോലും അനുകൂലമായി പ്രതികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നത് ലജ്ജാകരമാണ്.

മറ്റൊരു ആറുമാസം കൂടി മുന്നിൽക്കണ്ട്...

വിളവെടുപ്പ് കാലമായിരുന്നതിനാൽ ഡൽഹി അതിർത്തികളിലെ പ്രക്ഷോഭ സ്ഥലങ്ങളിൽ കുറച്ച് ദിവസങ്ങളായി കർഷകരുടെ സംഖ്യ കുറവായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, വിളവെടുപ്പ് കഴിഞ്ഞതോടെ, ട്രാക്ടറുകളിലും ട്രക്കുകളിലും മറ്റുമായി കർഷകർ കൂട്ടത്തോടെ ഡൽഹി അതിർത്തികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രക്ഷോഭകരുടെ വീര്യം ക്ഷയിച്ചുവെന്നും ഏതാനും നാൾകൂടി കഴിഞ്ഞാൽ സമരം അവസാനിപ്പിച്ച് അവർ വീടുകളിലേക്ക് മടങ്ങുമെന്നും ഒക്കെയുള്ള സർക്കാർ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ആയിരക്കണക്കിന് കർഷകർ വീണ്ടും ഡൽഹി അതിർത്തികളിലെത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

സുഖ്‌വിന്ദർ സിംഗ് ലോംഗോവാൾ

കടുത്ത കാലാവസ്ഥ കർഷകരെ വല്ലാതെ പ്രയാസത്തിലാഴ്ത്തുന്നുവെന്നത് വസ്തുതയാണ്. ഇത്തവണ കൂടുതൽ ഉറപ്പുള്ള ടെന്റുകളും സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പുമായാണ് കർഷകർ എത്തുന്നത്. പ്രക്ഷോഭം എത്രകാലം നീണ്ടാലും കാർഷിക നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്ന പ്രതിജ്ഞ കർഷകർ ഓരോ ദിവസവും പുതുക്കിക്കൊണ്ടിരിക്കുകയാണ്. സ്വന്തം നിലയിലും മറ്റ് ജനങ്ങളുടെ സഹകരണത്തോടെയും ടിൻ ഷീറ്റുകൾ കൊണ്ടുള്ള ടെന്റുകളുടെ നിർമാണം സിംഘു, തിക്രി, ഘാസിപ്പൂർ അതിർത്തികളിലെ സമര കേന്ദ്രങ്ങളിൽ നടക്കുകയാണ്. അടുത്ത ആറ് മാസക്കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുമായാണ് കർഷകർ ഡൽഹി അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ബി.ജെ.പിക്ക് തിരിച്ചടി

കർഷകരുടെ ആവശ്യങ്ങളെ അവഗണിച്ചും മൗനം പാലിച്ചും സമരവീര്യം കെടുത്താമെന്ന മോദി സർക്കാരിന്റെ സമീപനത്തോട് കൃത്യവും ആസൂത്രിതവുമായ പ്രവർത്തനങ്ങളിലൂടെ മറുപടി നൽകാൻ കർഷകർക്ക് സാധിച്ചിട്ടുണ്ടെന്ന്, ഇന്ത്യയിൽ അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുഫലങ്ങളെ അവലോകനം ചെയ്താൽ മനസ്സിലാകും. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന സംസ്ഥാനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ കർണ്ണാടകയിലും ഉത്തർപ്രദേശിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ലഭിച്ചതിനുപിന്നിൽ കർഷക സംഘടനകളുടെ കൂടി പ്രചാരണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബംഗാളിൽ അധികാരം പിടിച്ചെടുക്കുക എന്ന മോദിയുടെ സ്വപ്നത്തിന് തടയിടാൻ കർഷകരുടെ പ്രചാരണങ്ങൾക്ക് സാധിച്ചു. തമിഴ്‌നാടും കേരളവും അവരെ കെട്ടുകെട്ടിച്ചു. അവർ ഭരണത്തിലേറിയ അസമിൽപ്പോലും വിജയശതമാനം കുറയ്ക്കാൻ കർഷകർക്ക് സാധിച്ചുവെന്നത് വസ്തുതയാണ്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെയും അവരുടെ മുന്നണിയിൽപ്പെട്ടവരുടെയും പ്രതിനിധികൾക്ക് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റാത്ത സാഹചര്യമാണ് കർഷകർ സൃഷ്ടിച്ചിരിക്കുന്നത്. എം.പിമാർക്കും ജനപ്രതിനിധികൾക്കും സംസ്ഥാന-പ്രാദേശിക നേതാക്കൾക്കും ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. കേന്ദ്ര ഭരണാധികാരികളുടെ മർക്കടമുഷ്ടിക്കെതിരെ ബി.ജെ.പിയുടെ പ്രാദേശിക -സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ വലിയ അസ്വാരസ്യം നിലനിൽക്കുന്നുണ്ടെന്നത് വാസ്തവമാണ്. വൈകാതെ തന്നെ അത് പൊട്ടിത്തെറിയിലെത്തുന്നത് നമുക്ക് കാണാം.

ഇനിയെന്ത്?

ആറ് മാസം സമാധാനമാർഗത്തിൽ പ്രക്ഷോഭത്തിലേർപ്പെട്ടിട്ടും കർഷകരെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ മനോഭാവത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല. കർഷക സമരം ആറുമാസം തികയ്ക്കുന്ന ദിവസം തന്നെയാണ് കേന്ദ്രത്തിൽ മോദി സർക്കാർ ഭരണമേറ്റെടുത്തിട്ട് ഏഴുവർഷം പൂർത്തിയാക്കുന്നത്. ഈ ദിവസം രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുകയാണ്. രാജ്യത്തെ ട്രേഡ് യൂണിയൻ സംഘടനകൾ, ജനാധിപത്യ സംഘടകൾ, ഐക്യദാർഢ്യ സമിതികൾ എന്നിവയെല്ലാം കർഷക പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് 26ന് പ്രതിഷേധ ദിനം ആചരിക്കുന്നു.

മെയ് 26നുശേഷം രാജ്യം കാണാൻ പോകുന്നത് കർഷകരുടെ പുതിയ പ്രഖ്യാപനങ്ങളായിരിക്കും. ഒന്നുകിൽ കർഷക മാരണ നിയമങ്ങൾ പിൻവലിക്കും വരെ, അല്ലെങ്കിൽ മോദി സർക്കാർ അധികാരം വിട്ടൊഴിയുംവരെ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് കർഷക സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. കർഷകരുടെയും ജനങ്ങളുടെയും ഇച്ഛാശക്തിക്ക് മുന്നിൽ, സമരവീര്യത്തിന് മുന്നിൽ മോദി സർക്കാരിന് മുട്ടുകുത്തേണ്ടി വരും എന്നതിൽ യാതൊരു സംശയവുമില്ല.

(തയ്യാറാക്കിയത്: കെ.സഹദേവൻ)

Comments