തെറി, സംവാദത്തിന്റെ അവസാനമാണ്

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

സ്വാതന്ത്ര്യത്തിന്റെ ജീവവായുവാണ് ജനാധിപത്യം. ആ ജനാധിപത്യമെന്നതിന്റെ വേരു കിടക്കുന്നത് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കപ്പെടുന്ന ആശയങ്ങളില്ല, സംവാദങ്ങളിലാണ്, സംഭാഷണങ്ങളിലാണ്. വർഗ്ഗീയരാഷ്ട്രീയത്തെ എതിർക്കുന്ന ഒരാളാണ് ഞാൻ, ഇടതുപക്ഷക്കാരനും ഭൗതികവാദിയുമാണ്. നാം ചർച്ച ചെയ്ത ദേശീയത, അടിച്ചേൽപ്പിക്കപ്പെടുന്ന ദേശീയഗാനഭക്തി, സെഡിഷൻ - രാജ്യദ്രോഹം- എന്നിവയെക്കുറിച്ചൊക്കെയുള്ള ഭരണഘടന, നിയമ വ്യാഖ്യാനങ്ങളെ സംബന്ധിച്ച ഏറ്റവും പ്രതീക്ഷാഭരിതമായ ചില പ്രസ്താവങ്ങൾ, ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെയും കോടതിനിരീക്ഷണങ്ങളിലെയും, വായിക്കുമ്പോൾ അവയ്‌ക്കെതിരെ ഉയർന്ന ശബ്ദങ്ങൾ എന്റെ വിശ്വാസത്തിനു കടകവിരുദ്ധമായി, പ്രതീക്ഷിക്കാത്ത ചില പക്ഷങ്ങളിൽ നിന്നുമാണ് വന്നതെന്നു കാണാം. കെ.എം. മുൻഷി, യഹോവ സാക്ഷി സഭ എന്നൊക്കെയുള്ള ആ ചില പേരുകൾ കണ്ട് ഞാൻ അമ്പരക്കരുത്. പകരം അതാണ് പ്ലൂറലിസത്തിന്റെ ഗുണം എന്നു മനസ്സിലാക്കി സന്തോഷിക്കണം. ഡൈവേഴ്‌സിറ്റി - പലമ - ബഹുസ്വരത - ജീവശാസ്ത്രമനുസരിച്ച് സ്പീഷീസുകളുടെ നിലനിൽപ്പ് തന്നെ അതിലാണു. ഇന്ത്യയുടെയും.

സ്വാതന്ത്ര്യസമരത്തിലൂടെ രൂപപ്പെട്ടുവന്നതാണ് വന്നതാണ് നമ്മുടെ ദേശീയത. എന്നാൽ രാജ്യത്തിന്റെ ആത്മാവിന് കൃത്യമായ ദിശയിൽ ഒരു ഭരണഘടനാ ബോധവും നീതിബോധവുമെല്ലാം കൈവരുന്നത് ശ്രേഷ്ഠമായ, സമാധാനപരവും ജനാധിപത്യപരവുമായ, സാവധാനത്തിലും സംയമനത്തിലും സമവായത്തിലും നടന്ന ഭരണഘടനാചർച്ചകളിലൂടെയാണ്. ഒരു ജനാധിപത്യരാജ്യമെന്ന നിലയിലുള്ള ജീവൻ നിലനിൽക്കുന്നിടത്തോളം നമ്മളിലതുണ്ട്. അത് നഷ്ടപ്പെടുന്നുവെങ്കിൽ ജീവൻ കൊഴിഞ്ഞുപോകുകയും ചെയ്യും. കൗതുകകരമാംവിധം ആ ചോദ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഈ ജനാധിപത്യരാജ്യത്തെ നിർമ്മിച്ച സംവാദങ്ങളെക്കുറിച്ചുള്ള ശരാശരിബോധം ഉണ്ടായിരിക്കുക എന്നത് ഈ രാജ്യത്തെ രാഷ്ട്രീയസംവാദങ്ങൾ ജനാധിപത്യപരമാകണമെങ്കിൽ, മുഖ്യമാണ്.

മറ്റൊന്ന് ജനാധിപത്യരാഷ്ട്രം എന്നത് ജനാധിപത്യവ്യക്തികൾ സൃഷ്ടിക്കുന്നതാണ് എന്നുള്ളതാണ്. പൂർണ്ണശരിയാണ് ഞാനെന്ന തീർപ്പ് അബദ്ധമാണെന്നാണ് ഞാൻ കരുതുന്നത്. ഞാനെന്ന ഫ്‌ല്യൂയിഡിറ്റിയുടെ അതിർത്തികൾ തീരുമാനിക്കുന്നതിൽ അപരൻ മുഖ്യമായ പങ്കു വഹിക്കുന്നുണ്ട്. അപരനും കൂടിയാണ് എന്നിലെ ജനാധിപത്യവ്യക്തിയെ മുഴുവനാക്കുന്നത്. സംവാദങ്ങളിലെ ജനാധിപത്യമില്ലായ്മയുടെ ഒരു പ്രശ്‌നം അത് സംവാദമണ്ഡലങ്ങളെ ചുരുക്കുമെന്നതുമാണ്, അത്തരത്തിൽ നിലവിലുള്ള -norm-കളുടെ അതിർത്തികൾക്കുള്ളിലേയ്ക്ക് നമ്മുടെ സാധ്യതകളെ ചുരുക്കാൻ പ്രേരിപ്പിക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയം ജനാധിപത്യപരമല്ലാത്ത സംവാദങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാർക്‌സിന്റെ പതിനൊന്നാം തീസ്സീസിന്റെ വെളിച്ചത്തിൽ സിസ്സേക്ക് നടത്തുന്ന ചില നിരീക്ഷണങ്ങൾ ആ വഴിയിലുള്ളതാണ്. ബദലുകൾ ഇല്ലാതെയാകും എന്നതാണ് അങ്ങനെ വന്നുചേരുന്ന പോരായ്മ, ഇടതുപുരോഗമന രാഷ്ട്രീയത്തിന്റെ സാധ്യതകളെയും അന്വേഷണങ്ങളെയും അത് പിന്നോട്ട് വലിക്കും. രാഷ്ട്രത്തിനും വ്യക്തിക്കും രാഷ്ട്രീയത്തിനും ജനാധിപത്യസംവാദം പ്രധാനമാണെന്ന് അർത്ഥം.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

അതിനു മുന്നേ സംവാദം എന്തിനാണെന്ന ചോദ്യമുണ്ട്. യുദ്ധം ചെയ്ത് വിജയിക്കാനും എതിരാളിയെ കൊന്നൊടുക്കാനുമാണ് സംവാദമെങ്കിൽ അതിനു യുദ്ധത്തിന്റേതാണ് ഭാഷ. യുദ്ധം ചെയ്ത് നാം ഒന്നും നിർമ്മിക്കുന്നില്ലായെന്ന തിരിച്ചറിവിലെത്തിയാൽ സംവാദത്തിനു നിർമ്മാണത്തിന്റെ ഭാഷ കൈവരും. അത് ജനാധിപത്ത്യത്തിന്റെ ഭാഷയാണ്. സംവാദത്തിൽ ഭാഷയ്ക്ക് തീർച്ചയായും പ്രാധാന്യമുണ്ട്. സഭ്യമായ ഭാഷയാണ് ജനാധിപത്യത്തിനും സമാധാനപരമായ സംഭാഷണങ്ങൾക്കും ചേർന്നത്. പക്ഷേ വളരെയധികം പരിമിതികളുള്ള ഒന്നാണ് ഭാഷ. വികാരങ്ങളെ ഉൾക്കൊള്ളാൻ കലയുടെ ഭാഷയ്ക്ക് കഴിയുന്നതുപോലെ വാക്കിന്റെ ഭാഷയ്ക്ക് കഴിയണമെന്നില്ല - അത് സ്വര-ശബ്ദ-ആംഗ്യ-സന്ദർഭങ്ങളുടെ സഹായത്തോടെയാണ് ഏറിയ കൂറും വൈകാരികതകളെ രംഗത്തുകൊണ്ടുവരുന്നത്.

കൊന്ന് ജയിക്കാനുള്ള സംവാദങ്ങളിൽ അതിനെ മറികടക്കാൻ ക്രൂരവും മുറിവേൽപ്പിക്കുന്നതുമായ വൈകാരികതയുടെ ഭാഷ കടന്നു വരും, തെറി കടന്നുവരും. തെറി മോശപ്പെട്ട ഒന്നാണെന്നല്ല പറയുന്നത്. തെറി ഒരു വൈകാരികപ്രകടനമാകാം, പലപ്പോഴും രാഷ്ട്രീയപ്രസ്താവവുമാകാം, എന്നാൽ അത് ക്രിയാത്മകവും നിർമ്മാണേച്ഛയോടെയുമുള്ള സംവാദത്തിന്റെ ഭാഗമല്ല. ചർച്ചയും സംവാദവും അവസാനിക്കുന്നിടത്താണ് അത് കടന്നുവരുന്നത്, തനിക്ക് മറ്റൊരാളുമായി മറ്റൊന്നും പറയാനില്ലായെന്ന തീർപ്പിലും പരാജയത്തിലുമാണ് തെറി കടന്നുവരുന്നത്, തെറി സംവാദത്തിന്റെ അവസാനമാണ്. എന്നാൽ തെറി പറയാതെ തന്നെ വളരെ സുന്ദരമായ ഭാഷയിൽ നിന്ദിക്കുകയും അവഹേളിക്കുകയും അപഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യാം. അതിനാൽ ഭാഷയിലുപരി ഭാവുകത്വമാണ് സംവാദത്തിൽ പ്രധാനമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ ദിവസം ഒരാശയം പറഞ്ഞ ഒരു കവിയെ സംഘമായി പലയിടങ്ങളിൽ അപഹസിച്ചിട്ട്, തെറിയെവിടെ തെറിയെവിടെ എന്ന അന്വേഷണങ്ങൾ നടക്കുന്നത് കണ്ടു. നിങ്ങളുദ്ദേശിക്കുന്ന തെറികൾ കണ്ടുകിട്ടണമെന്നില്ല. അവിടെ തെറിക്ക് പകരം സംവാദത്തെ അവസാനിപ്പിക്കുന്ന പരിഹാസങ്ങളും അവഹേളനങ്ങളും തീർപ്പുകളുമുണ്ട്. കെ റെയിൽ സംബന്ധിച്ച് ആദ്യമായി മുഴങ്ങിക്കേട്ട ശബ്ദം സംസ്ഥാനത്ത് ജനാധിപത്യത്തിന്റെ ശബ്ദമാകാനുള്ള ഉത്തരവാദിത്തമുള്ള സ്ഥാനത്തു നിന്നായിരുന്നു - വിരട്ടണ്ട. ആരു വിരട്ടി എന്ന് പറഞ്ഞില്ല. ആരു പറഞ്ഞാലും എന്തുതന്നെയായാലും അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ അതിനുള്ള മറുപടികൾ. ഇതാണോ ജനാധിപത്യപരമായ സംവാദം? സംവാദം സാധ്യമല്ലാതെയിരുന്ന ഒരിടത്തേക്കാണ് റഫീക്ക് അഹമ്മദ് ഒരു കവിതയുമായി വരുന്നത്. അദ്ദേഹം തമാശപോലെയെഴുതിയ ഒരു പൊട്ടക്കവിതയ്ക്ക് നമ്മുടെ സംവാദമണ്ഡലത്തെ യുദ്ധത്തിനു ശേഷമുള്ള ഒരുതരി ശാന്തതയിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞു എന്നത് കൗതുകകരമാണ്.

ഒരു കവിതയും തനിച്ചു നിലനിൽക്കുന്നതല്ല, അതയാളുടെ ആശയലോകത്തിന്റെ ഒരു പ്രകാശനം മാത്രമാണ്. കവിയുടെ ആശയലോകവും പ്രകാശനവും നമ്മളുൾക്കൊള്ളുന്നത് മാത്രമാണെന്ന് വാശിപിടിക്കുന്നതും അബദ്ധമാണ്. ഏതായാലും പലകാരണങ്ങൾ കൊണ്ട് ഭാവുകത്വപരമായ ആ അവഹേളനങ്ങൾക്കെതിരെ ഒരു പൊതുവികാരം ഉണരുകയും അല്പമെങ്കിലും മാന്യവും ജനാധിപത്യപരവുമായ സംഭാഷണത്തിനും സംവാദത്തിനും തൽക്കാലത്തേക്കെങ്കിലും ഇടമുണ്ടായിരിക്കുന്നുവെന്നും ഒരു തോന്നലുണ്ട്. ജനാധിപത്യപരമായ സംവാദം ജയിക്കാനുള്ള കുതന്ത്രങ്ങൾ നിറഞ്ഞതുമാകരുത്. ഉദാഹരണത്തിനു കെ-റെയിലിന്റെ കാര്യം എടുത്താൽ അതിനെ എതിർക്കുന്നവരെ പരിസ്ഥിതിവാദികൾ എന്ന ഒറ്റ കള്ളിയിലേക്ക് ഒതുക്കിയിട്ട് ഒരു സംവാദാന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കല്ലും മണ്ണും ഉപയോഗിച്ച് വീട് പണിയുകയും മക്കളെ വിദേശത്തയക്കുകയും ചെയ്യുന്ന കാപട്യക്കാരായ പരിസ്ഥിതിവാദികളെ ഓഡിറ്റ് ചെയ്യണമെന്ന് പറയുന്ന ഇടതുപക്ഷക്കാർ ഒരു മുതലാളിത്തവ്യവസ്ഥിതിയുടെ എല്ലാ ഗുണഫലങ്ങളും അനുഭവിച്ചുകൊണ്ടാണ് വിപ്ലവത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന വിരോധാഭാസമല്ലേ? ഇതുമൊരു സംവാദതന്ത്രമാണ്, ജനാധിപത്യത്തിനു നിരക്കാത്തത്. അതുയർത്തുന്ന ചോദ്യങ്ങളിൽ ഒന്ന് മാത്രമാണ് പരിസ്ഥിതി. അതിനൊരുപാട് സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമാനങ്ങളുണ്ട്, ആരുടെ വികസനമെന്നും ലോകത്തിലിത്തരം പദ്ധതികൾ ഇവർ അവകാശപ്പെടുന്നതുപോലെ സാധാരണക്കാരുടെ ജീവിതമോ വാങ്ങൽ- വിനിമയശേഷികളോ സാമ്പത്തികാവസ്ഥകളോ സാമുദായിക-ലിംഗപരമായ പദവികളോ ഉയർത്തിയെന്നോ ഇവർ ഉറച്ച് വിശ്വസിക്കുന്നുണ്ടോ? പറഞ്ഞുവന്നത്, ഭാഷപോലെയോ അതിലേറെയോ പ്രധാനമാണ് ഭാവുകത്വവും. അതേ പോലെ പ്രധാനമാണ് സംവാദത്തിലെ തുറന്ന സമീപനവും, സദുദ്ദേശവും.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബർ സ്‌പേസ് ഒരു നിമിഷം കൊണ്ട് പൊട്ടിത്തെറിക്കുന്ന ആൾക്കൂട്ടങ്ങളാൽ നിറഞ്ഞതാണ്. സുഹൃത്തുക്കളോടോ മറ്റോ സംസാരിച്ചിരിക്കുന്നതിലും സന്തോഷിക്കുന്നതിലും കുഴപ്പമൊന്നും വരാൻ സാധ്യതയില്ല. എന്നാൽ രാഷ്ട്രീയം പറഞ്ഞു തുടങ്ങിയാൽ, അനഭിമതമായ രാഷ്ട്രീയം പറഞ്ഞു തുടങ്ങിയാൽ, പ്രശ്‌നമാകും. ആൾക്കൂട്ടങ്ങൾക്ക് ജനാധിപത്യത്തിന്റെ ഭാഷയും വഴിയും വഴങ്ങുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ മലയാളം സൈബർ സ്‌പേയ്‌സുകളെടുത്താൽ പുരോഗമനസ്വഭാവമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ഇവിടങ്ങളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നു. കാരണം സൈബർ സ്‌പെയ്‌സിലെ ജനാധിപത്യപരമായ സംവാദങ്ങളെ ഇല്ലാതാക്കുന്നത് അവരുടെയും കൂടി ആൾക്കൂട്ടങ്ങളാണ്. വർഗ്ഗീയകക്ഷികളുടെ ആളുകളെയും അരാഷ്ട്രീയക്കാരെയും കണക്കിലെടുക്കാൻ നമുക്ക് കഴിയില്ല, അവർ ആപൽക്കരമാംവിധം ഈ ലോകങ്ങൾക്ക് പുറത്താണ്. രാഷ്ട്രീയസംവിധാനങ്ങൾ അത്തരം നിർദ്ദേശങ്ങൾ നൽകിയാൽ വലിയ മാറ്റങ്ങളുണ്ടാകും.

കാരണം, അതൊരു വിദ്യാഭ്യാസപദ്ധതിയാണ്, ജനാധിപത്യപദ്ധതിയാണ്. ആയതിനാൽ വിശേഷിച്ചും ഇടതുപക്ഷത്തിനെല്ലാം അവരുടെ രാഷ്ട്രീയത്തെത്തന്നെ ശക്തിപ്പെടുത്തുന്ന ഒരു പദ്ധതിയായി അതിനെ ഉപയോഗിക്കുവാനും കഴിയും, ജനാധിപത്യലെനിനാണ് അവയുടെ ജീവവായു. കഴിഞ്ഞ ദിവസം ഓൺലൈൻ സംവാദങ്ങളിലെ മോശം പ്രവണതകളെ തള്ളിക്കളയുന്ന വിധം സി.പി.എം. സംസ്ഥാനസെക്രട്ടറിയുടെ ഭാഗത്തു നിന്നുമുണ്ടായത് ഇത്തരത്തിലുള്ള സ്വാഗതാർഹമായ, ഉത്തരവാദിത്തപൂർണ്ണമായ ഒരു നീക്കമായിരുന്നു. മറ്റു കക്ഷികളുടെ ഭാഗത്തു നിന്നും അത്തരത്തിലുള്ള ഇടപെടലുകൾ കാണാൻ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

പൊതു ഇടങ്ങളിൽ ഒരിക്കലും സാധ്യമല്ലാത്ത രീതിയിലും വേഗത്തിലും സംഘടിക്കാനും കൂട്ടം കൂടി ആക്രമിക്കുവാനും പൊതുവിടങ്ങളിൽ നാം ഒരിക്കലും പറയാൻ സാധ്യതയില്ലാത്ത രീതിയിൽ സംസാരിക്കുവാനും ഭാഷ കൊണ്ട് കൊല്ലാനും കഴിയുന്ന ഇടമാണ് സൈബർ സ്‌പെയ്‌സ്. തങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന ക്രൂരതകളെല്ലാം ജീവിക്കാൻ സൗകര്യമുള്ള ഇടമാണിത്. സ്ത്രീകൾ വലിയ രീതിയിൽ ആക്രമണമേറ്റു വാങ്ങുന്ന ഇടമാണ് സൈബർ സ്‌പേയ്‌സ്. രാഷ്ട്രീയവും സ്വാതന്ത്ര്യവും വ്യക്തിത്വം പറഞ്ഞ എത്രയോ സ്ത്രീകളാണ് വലിയ രീതിയിൽ ആക്രമണങ്ങൾക്ക് വിധേയരാക്കിയത്. പുറം ലോകത്തെപോലെ ശാരീരകമായി മുറിവേൽക്കുന്നില്ലെങ്കിലും മാനസ്സികമായി വലിയ ആഘാതങ്ങൾ ഇവ സൃഷ്ടിക്കും. ഇനി പുറംലോകത്തിലെ സംവാദങ്ങളുടെ കാര്യമെടുത്താൽ സൈബർ സ്‌പെയ്‌സിലെ ക്രൂരത നമുക്കവിടെ കാണാൻ കഴിയില്ലായെന്നത് ശ്രദ്ധിക്കേണ്ടതാണ്. അവിടെ പലകാരണങ്ങളാൽ നിയന്ത്രണങ്ങളുണ്ട്. ആ ഒരു കാര്യം മനസ്സിൽ വച്ചുകൊണ്ട് സൈബർ സ്‌പെയ്‌സിൽ എഡിറ്റർമാരില്ലായെന്ന് നാം ഉറക്കെ സങ്കടപ്പെട്ടാൽ നമ്മളും അപഹസിക്കപ്പെടും. ജനാധിപത്യമെന്നത് അപരിമേയമായ സ്വാതന്ത്ര്യമാണെന്ന് ധരിച്ചവരുടെയടുത്ത് നാമെന്ത് പറയാൻ. ജനാധിപത്യം ഉത്തരവാദിത്തവും മറ്റുള്ളവനോടുള്ള കരുതലും കൂടിയാണ്. നമ്മുടെ സ്വാതന്ത്ര്യം മറ്റൊരാളിലും കൂടിയാണ് കുടികൊള്ളുന്നത്. പൊതുവിടത്തിൽ നിലനിൽക്കുന്ന സംവാദത്തിന്റെ ഒരു മൊറാലിറ്റി പോലെ, സൈബർ സ്‌പേയ്‌സിലും അതിന്റേതായ ഒരു മൊറാലിറ്റി കൊണ്ടുവരാനുള്ള ശ്രമങ്ങൾ വേണം. മുൻപ് പറഞ്ഞതുപോലെ നമ്മുടെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയകക്ഷികൾക്ക് അതിനു കഴിയും. നമ്മുടെ വിദ്യാഭ്യാസപദ്ധതികൾക്ക് അ ദിശയിൽ പലതും ചെയ്യാൻ കഴിയും.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

സൈബർ ആക്രമണമെന്ന് വിളിക്കാന്മാത്രമൊന്നും അതെന്നെ സ്പർശിച്ചില്ല. എനിക്ക് സൗകര്യമെന്ന് തോന്നുന്ന സമയങ്ങളിൽ, സത്യമെന്ന് എനിക്ക് ബോധ്യമുള്ളത് എന്തൊക്കെവന്നാലും പറയുമെന്നതാണെന്റെ തീരുമാനം. നല്ല രാഷ്ട്രീയബോധ്യമുള്ളതുകൊണ്ടും, വലിയ അഗ്രഹങ്ങൾ ഇല്ലാത്തതുകൊണ്ടും ഭയവുമില്ല. കുറേപ്പേരു സംഘം ചേർന്ന് കളിയാക്കി, ചിലർ ചീത്ത വിളിച്ചു. അഞ്ഞൂറു രൂപ പോയാലെന്താ, അയാളുടെ സ്വഭാവം മനസ്സിലായല്ലോ എന്നു പറയുന്നതു പോലെ സൈബർ ആക്രമണമെന്നും കേശവന്മാമന്മാരുമെന്നുമൊക്കെ പറയുന്നതിനെക്കുറിച്ചൊരു ധാരണ കിട്ടി. ഒരു യാത്രയ്ക്കിടെ സ്‌കാൻഡിനേവിയ സമം കേരളമെന്നും അവിടെ മുഴുവൻ ക്വാറികളാണെന്നും അതുപോലെ ഇവിടെയും വേണമെന്നുമൊക്കെയുള്ള ഒരു വിഡ്ഢിത്തം, വിവേകമുണ്ടെന്ന് ഞാൻ കരുതുന്നവരടക്കം ഫേസ്ബുക്കിൽ വിപുലമായി ആഘോഷിക്കുന്നത് കണ്ട് അമ്പരന്ന് പെട്ടെന്നൊരു കുറിപ്പെഴുതി.

അതിലെ ഡാറ്റയും കണക്കും മുഴുവൻ തെറ്റാണെന്ന് പറഞ്ഞ് കുറേ പേർ സംഘം ചേർന്ന് കളിയാക്കി. വലിയ ആഘോഷമായിരുന്നു. തിരികെ വീട്ടിലെത്തി അല്പസ്വല്പം ഇന്റർനെറ്റ് പരതിയപ്പോൾ തന്നെ ഈ ആഘോഷത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം അവിടത്തെ ഒരു വലിയ ഖനനകമ്പനി സ്വയം പുകഴ്ത്തി എഴുതിവച്ചിരിക്കുന്നതെല്ലാം അതേപടി പകർത്തിയിരിക്കുന്നതാണെന്ന് മനസ്സിലായി. നോർവീജിയൻ സർക്കാരിന്റെ ഖനനരേഖകൾ പരിശോധിച്ചപ്പോൾ കേരളത്തിന്റെ പത്തിരട്ടി വലിപ്പവും പതിനേഴിലൊന്ന് മാത്രം ജനസാന്ദ്രതയുള്ള, ചതുരശ്രകിലോമീറ്ററിൽ പതിനഞ്ചുപേർ മാത്രം വസിക്കുന്ന, കാലാവസ്ഥയിൽ ഒരു താരതമ്യവുമില്ലാത്ത നോർവേയെ അപേക്ഷിച്ച് കേരളം എന്ന കൊച്ചുസംസ്ഥാനം കരിങ്കല്ല് മാത്രം അവരെടുക്കുന്നതിലും നാല്പത് മടങ്ങും മൈനർ മിനറൽസ് എന്ന പൊതുവിളിപ്പേരുള്ള നാച്ചുറൽ സ്റ്റോൺ അവരെടുക്കുന്നതിലും അൻപത്തിയൊന്ന് മടങ്ങും എടുക്കുന്നുണ്ട്. അത് ഞാൻ എഴുതി, പക്ഷേ അത് ഗ്വാഗ്വാവിളികളിൽ മുങ്ങിപ്പോയെന്ന് തോന്നുന്നു. വമ്പൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ വന്നാൽ പാവപ്പെട്ടവരുടെ മക്കൾക്കെല്ലാം കിട്ടുമത്രേ! 99 ശതമാനം vs ഒരു ശതമാനമെന്നാണ് ഇൻഫ്രാ പറുദീസയായ യുഎസ്സിലെ കണക്ക്.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ കണക്ക് മനോഹരമായ ഒരു ലേഖനത്തിൽ സ്പീക്കർ എം.ബി. രാജേഷ് ഇന്നെഴുതിയിട്ടുണ്ട്. സമ്പത്തിന്റെ കേന്ദ്രീകരണമാണ് ശരിയായ വിഷയം, അതിന്റെ വിതരണമാണ് പരിഹാരം, അതിനുള്ള രാഷ്ട്രീയപദ്ധതികളും. പറഞ്ഞുവന്നത്, ഏതായാലും ഇതാണ് വിരൽത്തുമ്പിൽ ഡാറ്റ കൊണ്ട് കളിക്കുന്നവരുടെ വിവേകം എന്ന് വ്യക്തമായി. ഇൻഫർമേഷന്റെ, ഡാറ്റയുടെ, കുത്തൊഴുക്ക് ചിന്തയുടെ സ്വാഭാവികമായ വളർച്ചയെ തടസ്സപ്പെടുത്തുമെന്ന് പറഞ്ഞത് സോമർസെറ്റ് മോം ആണെന്ന് തോന്നുന്നു, അതോ അഡോർണോയോ. എഴുതിത്തുടങ്ങാൻ വൈകി, വെളുപ്പിനായി, ഞാൻ പാതിമയക്കത്തിലാണ് - ഇനി ആരു പറഞ്ഞതായലും അത് ശരിയാണെന്ന് മനസ്സിലായി. വിവേകമാണ് നിങ്ങളുടെ കൈയ്യിലുള്ള അറിവിനെ എങ്ങനെ ഉപയോഗിക്കാമെന്നുള്ളത് തീരുമാനിക്കുന്നത്. സോഷ്യൽ മീഡിയയിലെ കയ്യടിക്ക് ഇതൊക്കെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ഏതായാലും സംവാദം, സത്യാന്വേഷണം, ജ്ഞാനസമ്പാദനം, നിർമ്മാണം എന്നതൊന്നും ആ വഴിക്കുള്ളതല്ല. സംവാദത്തിന്റെ ഈ വഴികളെല്ലാം കാണുമ്പോൾ ടാഗോർ പാടിയത് ഇത്തിരി മാറ്റി, സംവാദത്തിന്റെ ആ ഒരു ലോകത്തേയ്ക്ക് എന്റെ നാട് ഉണരട്ടെ എന്ന് പാടുന്നുണ്ട് മനസ്സെപ്പോഴും.

Comments