സൂരറൈ പോട്ര് പറക്കാം, സൂര്യക്കൊപ്പം ഒരു തമിഴ് കനവിലൂടെ

ഉത്തരേന്ത്യൻ ബിസിനസ് ടൈക്കൂണുകൾക്കെതിരെ പ്രാദേശിക ബദലുമായി എത്തുന്ന തമിഴ്‌നാട്ടുകാരന്റെയും അയാൾ സാക്ഷാത്കരിക്കുന്ന സ്വപ്നങ്ങളുടേയും കഥയാണ് സൂരറൈ പോട്ര്. എങ്കിലും തെക്കേയിന്ത്യയിൽ നിന്നിറങ്ങിയ ഫീൽ-ഗുഡ്, പ്രചോദന സിനിമകളുടെ കൂട്ടത്തിൽ ഇനിയങ്ങോട്ട് ഈ ചിത്രം മുന്നിലുണ്ടാകും. ഒ.ടി.ടിയിൽ നേരിട്ട് റിലീസിന് എത്തുന്ന, തെന്നിന്ത്യയിലെ ആദ്യ സൂപ്പർസ്റ്റാർ ചിത്രം കൂടിയാണിത്. ആദ്യ ഇരുപത്തിനാല് മണിക്കൂറിൽ അരക്കോടിയിലധികം പ്രേക്ഷകരാണ് ആമസോൺ പ്രൈമിലൂടെ ചിത്രം കണ്ടത്

കൊറോണ വന്ന് സകല പുറംലോക സന്തോഷങ്ങളും മുടങ്ങിയതിൽപ്പിന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ഇറങ്ങിയ പടങ്ങളിൽ, ഇതുപോലെ തിയേറ്റർക്കാഴ്ചയ്ക്കായി തെന്നിന്ത്യൻ പ്രേക്ഷകർ കൊതിച്ച വേറൊന്നുണ്ടാകില്ല. ഇടക്കൊന്ന് വിസിലടിച്ചും ഡയലോഗുകൾക്ക് കയ്യടിച്ചും പാട്ടിനൊപ്പം ആടിയും കാണണം എന്ന് കരുതിയ സൂരറൈ പോട്ര് എന്ന തമിഴ് മാസ് പടം, ഒടുക്കം ടി.വിയുടേയോ ലാപ് ടോപ്പിന്റേയോ മുന്നിൽ ചുരുണ്ടിരുന്നും മൊബൈൽ സ്‌ക്രീനിൽ കുനുകുനെയും കണ്ട് ആരാധകർ തൃപ്തിയടഞ്ഞു.

പാവപ്പെട്ടവർക്ക് ഒരു രൂപക്ക് വിമാനയാത്ര എന്ന സ്വപ്നം കണ്ടയാളുടെ കഥ പറയുന്നതിനൊപ്പം സ്വപ്നങ്ങളും വിജയങ്ങളും നിഷേധിക്കുന്ന ജാതിയുടേയും പണത്തിന്റേയും ഹുങ്കിനെതിരെ ഒരു മാസ് എന്റർടെയ്‌നർ സ്റ്റേറ്റ്‌മെന്റും കൂടിയാണ് സൂരറൈ പോട്ര്. സൂര്യയും അപർണയും ഉർവശിയും പൂ രാമുവും അസംഖ്യം ചെറുഅഭിനേതാക്കളും നിറഞ്ഞുനിൽക്കുന്ന ചിത്രം. ഇടവേളയോടെ നാടകീയതയും അതിവൈകാരികതയും പിടിമുറുക്കിയെങ്കിലും സ്‌ക്രീനിൽ ആശ്വാസമായ ചില കഥാപാത്രങ്ങളുടെ അഭിനയവും, സംവിധായിക സുധ കൊങ്കരയുടെ കയ്യടക്കവും സിനിമയെ പിടിച്ചുനിർത്തി.

സുധ കൊങ്കര

ആഗ്രഹിച്ചതിലേക്ക് നടന്നടുക്കുന്ന മനുഷ്യരുടേയും അവരുടെ പ്രയത്‌നങ്ങളുടേയും ഒരിക്കലും മാർക്കറ്റ് ഇടിയാത്ത സാർവജനീന കഥയാണ് സൂരറൈ പോട്രിന്റേത്. എയർഡെക്കാൻ സ്ഥാപകനായ ജി.ആർ.ഗോപിനാഥിന്റെ ജീവിതകഥയിൽ നിന്നും, ചെലവുകുറഞ്ഞ വിമാനയാത്രക്കായി പലർ നടത്തിയ ശ്രമങ്ങളിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ടാണ് തിരക്കഥയിലേക്ക് എത്തിയതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

യഥാർത്ഥത്തിൽ നടന്ന ചില സംഗതികൾക്കൊപ്പം ഭാവനയുടെ പൊടിപ്പും തൊങ്ങലുമുണ്ടെങ്കിലും അഴിമതി നിറഞ്ഞ വ്യവസ്ഥിതിയേയും കോർപ്പറേറ്റുകളേയും പൊരുതിത്തോൽപ്പിച്ച കഥ സിനിമയാകുമ്പോ അതിന്റെ ഉള്ളടക്കം എളുപ്പത്തിൽ ഊഹിക്കാവുന്നതേയുള്ളു. ഉത്തരേന്ത്യൻ ബിസിനസ് ടൈക്കൂണുകൾക്കെതിരെ പ്രാദേശിക ബദലുമായി എത്തുന്ന തമിഴന്റേയും അയാൾ സാക്ഷാത്കരിക്കുന്ന സ്വപ്നങ്ങളുടേയും കഥയാണ് സൂരറൈ പോട്ര്.

എങ്കിലും തെക്കേയിന്ത്യയിൽ നിന്നിറങ്ങിയ ഫീൽ-ഗുഡ്, പ്രചോദന സിനിമകളുടെ കൂട്ടത്തിൽ ഇനിയങ്ങോട്ട് ഈ ചിത്രം മുന്നിലുണ്ടാകും.
പന്ത്രണ്ട് വർഷം മുൻപ് ഇറങ്ങിയ വാരണം ആയിരം സൂര്യയുടെ തന്നെ അഭിനയത്തിന്റെ ബെഞ്ച് മാർക്ക് ആയതുപോലെ ഇനിയുള്ള കാലം ഈ പടത്തിന്റെ അടിസ്ഥാനത്തിലാവും സൂര്യയെന്ന നടനെ വിലയിരുത്തുക. വാരണം ആയിരത്തിലേതുപോലെ പലകാല ഗെറ്റപ്പുകളിലൂടെയാണ് സൂര്യ ഇവിടെ നെടുമാരന്റെ കഥ പറയുന്നതും.

നെടുമാരന്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന, വളരെ പ്രാക്ടിക്കലായി ജീവിതത്തെ കാണുന്ന, സാധാരണ പെൺപിള്ളാരെ പോലെ സംസാരിക്കാൻ തത്കാലം നിർവാഹമില്ലെന്ന് പറയുന്ന, ഉരുളക്ക് ഉപ്പേരി പോലെ മധുര സ്ലാംഗിൽ ഡയലോഗുകൾ പായിക്കുന്നയാളാണ് ബൊമ്മി.

അപർണ ബാലമുരളി, സൂര്യ

ഭർത്താവിന്റെ സ്വപ്നത്തിന്റെ സൈഡ് റോളിൽ വിനീതവിധേയയാകാത്ത (ഇടക്ക് ടെൻഷൻ തീർക്കാൻ മാരൻ ഭാര്യയെ ആഞ്ഞൊന്ന് തല്ലുന്നുണ്ട്), സ്വന്തമായി സ്വപ്നവും നിലപാടുമൊക്കെ ഉള്ള ബൊമ്മി, സുധ കൊങ്കരയുടെ സമർത്ഥമായ കഥാപാത്രനിർമ്മിതിയാണ്. ശരീരഭാഷയിലാകെയും അപർണ ബാലമുരളി മധുരക്കാരി ബൊമ്മിയാണ്. ശാരീരികമായും മാനസികമായും ബാക്കി അഭിനേതാക്കളെയൊക്കെ കടത്തിവെട്ടുന്ന ഊർജം നിറഞ്ഞ പെർഫോമൻസ്. അപർണയുമൊത്തുള്ള സൂര്യയുടെ സീനുകൾ സിനിമയ്ക്കാകെ ഉണർവാണ്, ചിലപ്പോഴൊക്കെ വലിയ ആശ്വാസവും.

അവസാനം എന്താകും എന്ന് അറിയാവുന്ന സിനിമയിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ ട്വിസ്റ്റുകളോട് ട്വിസ്റ്റുകളാണ്, കൂടെ നിറയെ സെന്റിമെന്റ്‌സും. പലപ്പോഴും വളരെ ബാലിശമായി സംസാരിക്കുന്ന പ്രധാനവില്ലനായാണ് പരേഷ് റാവൽ എത്തുന്നത്. ആണുകാണലും നെടുമാരന്റെ ചെ എന്ന് വിളിക്കുന്ന സുഹൃത്തും ജാതിച്ചടങ്ങുകൾ ഇല്ലാത്ത കല്യാണവും ബാലയ്യ എന്ന വിജയ് മല്യയെ ഓർമിപ്പിക്കുന്ന കഥാപാത്രവും - സൂപ്പർതാരച്ചിത്രത്തിന് ആഘോഷിക്കാനുള്ള ചെരുവകളുടെ കൂടെ ഇവയുമുണ്ട്.

ഇരുതി സുട്ര സംവിധാനം ചെയ്ത സുധ കൊങ്കരയുടെമേൽ ഇതോടെ പ്രതീക്ഷ കൂടുകയാണ്. പുത്തം പുതു കാലൈ എന്ന കോവിഡ് പ്രമേയ ഒ.ടി.ടി റിലീസിലെ ആസ്വാദ്യകരമായിരുന്ന ഇളമൈ ഇദോ ഇദോ എന്ന ജയറാം- ഉർവശി ചിത്രവുമായാണ് സുധ മുൻപ് എത്തിയത്. സാമ്പത്തിക-സാമൂഹികചുറ്റുപാടുകളിലും ജാതിയിലും പിന്നിലായിപ്പോയവരുടെ ഉണർവും ശക്തമായ സ്ത്രീ കഥാപാത്ര നിർമിതിയുമൊക്കെയായി സുധ കൊങ്കര എന്ന സംവിധായികയും എഴുത്തുകാരിയും സൂരറൈ പോട്രിലൂടെ സ്വയം അടയാളപ്പെടുത്തുകയാണ്. കൂട്ടത്തിൽ തിരിച്ചടികളുടേയും തിരസ്‌കാരങ്ങളുടേയും അനുമതിനിഷേധങ്ങളുടേയും ഇടയിൽ നിന്ന് സിനിമയെ റിലീസിനെത്തിച്ച സൂര്യ എന്ന പ്രൊഡ്യൂസറും.

ജി.വി. പ്രകാശിന്റെ സംഗീതം ഉണ്ടാക്കിയ ഓളം റിലീസിന് വളരെ മുൻപ് തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അറിഞ്ഞതാണ്. തിയേറ്റർ പ്രതികരണങ്ങളിൽ ആറാടുമായിരുന്ന പാട്ടുകളും ഡയലോഗുകളും (ഉറിയടിയിലെ വിജയ് കുമാറും ചേർന്നെഴുതിയതാണ് ഡയലോഗുകൾ) ആൾക്കൂട്ടങ്ങളില്ലാതെ സ്വീകരിക്കപ്പെടുന്നതിൽ ചില്ലറ നിരാശയല്ല അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും.

കഴിഞ്ഞ ക്രിസ്മസ് കാലത്ത് തിയേറ്ററിൽ ഇറങ്ങാനിരുന്ന പടം ഈ ദീപാവലിയോടെ, ഒ.ടി.ടിയിൽ നേരിട്ട് റിലീസിന് എത്തുന്ന, തെന്നിന്ത്യയിലെ ആദ്യ സൂപ്പർസ്റ്റാർ ചിത്രമായി. ആദ്യ ഇരുപത്തിനാല് മണിക്കൂറിൽ അരക്കോടിയിലധികം പ്രേക്ഷകരാണ് ആമസോൺ പ്രൈമിലൂടെ ചിത്രം കണ്ടത്.

Comments