നാം കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്, മതി എന്നു പറയാൻ സമയമായി...

സൈറണുകൾ മുഴങ്ങുന്നു. നമ്മുടെ ഗ്രഹം നമ്മോട് എന്തൊക്കെയോ സംസാരിക്കുന്നു. അതുപോലെ എല്ലായിടത്തുമുള്ള ജനങ്ങളും. ആളുകളുടെ ആശങ്കകളുടെ പട്ടികയിൽ കാലാവസ്ഥാ പ്രവർത്തനം ഒന്നാമതാണ്. നമ്മൾ ശ്രദ്ധിക്കണം - പ്രവർത്തിക്കണം - നമ്മൾ വിവേകത്തോടെ തിരഞ്ഞെടുക്കണം; കാലാവസ്ഥാ ഉച്ചകോടിയിൽ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്‌ നടത്തിയ പ്രസംഗം

ഗ്ലാസ്‌ഗോവിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്ത്​ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്‌
നടത്തിയ പ്രസംഗം. CoP -26ന്റെ സംവാദ വിഷയങ്ങളുടെ ഊന്നലുകൾ എന്താണെന്ന് ഈ പ്രസംഗം വ്യക്തമാക്കുന്നു.

പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് ശേഷമുള്ള ആറ് വർഷങ്ങൾ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ആറ് വർഷങ്ങളായി മാറി. ഫോസിൽ ഇന്ധനങ്ങളോടുള്ള നമ്മുടെ ആസക്തി മാനവികതയെ നാശത്തിന്റെ അരികിലേക്ക് തള്ളിവിടുകയാണ്. നാം ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു: ഒന്നുകിൽ നാം അത് അവസാനിപ്പിക്കുന്നു, അല്ലെങ്കിൽ അത് നമ്മെ അവസാനിപ്പിക്കും.

"മതി' എന്ന് പറയാനുള്ള സമയമാണിത്. ജൈവവൈവിധ്യത്തെ നാശമാക്കുന്നത് മതി. കാർബൺ ഉപയോഗിച്ച് നമ്മെത്തന്നെ കൊല്ലുന്നത് മതി.
പ്രകൃതിയെ ശൗചാലയം പോലെ കാണുന്നത് മതി. കൂടുതൽ ആഴത്തിൽ തുരക്കുന്നതും ഖനനം ചെയ്യുന്നതും മതി. നാം നമ്മുടെ ശവക്കുഴി തോണ്ടുകയാണ്. നമ്മുടെ ഗ്രഹം നമ്മുടെ കൺമുന്നിൽ മാറിക്കൊണ്ടിരിക്കുന്നു - സമുദ്രത്തിന്റെ ആഴം മുതൽ പർവത ശിഖരങ്ങൾ വരെ; ഉരുകുന്ന ഹിമാനികൾ മുതൽ തീവ്ര കാലാവസ്ഥാ സംഭവങ്ങൾ വരെ. സമുദ്രനിരപ്പ് 30 വർഷം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയാണ്. സമുദ്രങ്ങൾക്ക് എന്നത്തേക്കാളും ചൂടാണ് - അവ വേഗത്തിൽ ചൂടാകുന്നു. ആമസോൺ മഴക്കാടുകൾ ഇപ്പോൾ ആഗിരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ കാർബൺ പുറന്തള്ളുന്നു.

സമീപകാല കാലാവസ്ഥാ നടപടി പ്രഖ്യാപനങ്ങൾ നമ്മുടെ രീതികൾ മാറ്റാനുള്ള പാതയിലാണെന്ന പ്രതീതി നൽകിയേക്കാം. ഇതൊരു മിഥ്യയാണ്. ദേശീയ നിർണീത സംഭാവനകളെക്കുറിച്ച് അവസാനമായി പ്രസിദ്ധീകരിച്ച റിപ്പോർട്ട്, ലോകത്തെ 2.7 ഡിഗ്രി വർദ്ധനയ്ക്ക് വിധേയമാക്കുമെന്ന് കാണിച്ചു. സമീപകാല വാഗ്ദാനങ്ങൾ വ്യക്തവും വിശ്വസനീയവുമാണെങ്കിലും അവയിൽ ചിലതിനെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുണ്ടെങ്കിൽ കൂടിയും നാം ഇപ്പോഴും കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്. ഏറ്റവും നല്ല സാഹചര്യത്തിൽ പോലും, താപനില രണ്ട് ഡിഗ്രിക്ക് മുകളിൽ ഉയരും.

അതിനാൽ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ കാലാവസ്ഥാ സമ്മേളനം ആരംഭിക്കുമ്പോൾ, നാം ഇപ്പോഴും കാലാവസ്ഥാ ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. യുവജനങ്ങൾക്ക് അത് അറിയാം. എല്ലാ രാജ്യങ്ങളും അത് കാണുന്നു. ചെറിയ ദ്വീപുകളും, വികസ്വര രാഷ്ട്രങ്ങളും മറ്റ് ദുർബലരായ രാജ്യങ്ങളും അതിൽ ജീവിക്കുന്നു. അവർക്ക് പരാജയം ഒരു തിരഞ്ഞെടുപ്പല്ല, വധശിക്ഷയാണ്.

നാം സത്യത്തിന്റെ നിമിഷത്തെ അഭിമുഖീകരിക്കുക.

ആഗോള താപനത്തിന്റെ വർദ്ധിച്ചുവരുന്ന ഫീഡ്ബാക്ക് ലൂപ്പുകൾക്ക് കാരണമാകുന്ന അഗ്ര സൂചികകളിലേക്ക് ( Tipping points) നാം അതിവേഗം അടുക്കുകയാണ്. എന്നാൽ ‘നെറ്റ് സീറോ’യിൽ നിക്ഷേപിക്കുന്നത്, കാലാവസ്ഥയെ പ്രതിരോധിക്കുന്ന സമ്പദ് വ്യവസ്ഥ അതിന്റേതായ ഫീഡ്ബാക്ക് ലൂപ്പുകൾ സൃഷ്ടിക്കും. സുസ്ഥിര വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും സദ് വൃത്തങ്ങൾ കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കും. നൂറ്റാണ്ടിന്റെ മധ്യത്തോടെ നിരവധി രാജ്യങ്ങൾ ‘നെറ്റ് സീറോ എമിഷൻ’ സംബന്ധിച്ച് വിശ്വസനീയമായ പ്രതിബദ്ധതകൾ നൽകിയിട്ടുണ്ട്. കൽക്കരിയുടെ അന്താരാഷ്ട്ര ധനസഹായം പലരും പിൻവലിച്ചു. 700-ലധികം നഗരങ്ങൾ കാർബൺ ന്യൂട്രാലിറ്റിയിലേക്ക് നീങ്ങുന്നു. സ്വകാര്യമേഖല ഉണരുകയാണ്. നെറ്റ്-സീറോ അസറ്റ് ഓണേഴ്സ് അലയൻസ് - വിശ്വസനീയമായ പ്രതിബദ്ധതകൾക്കും സുതാര്യമായ ലക്ഷ്യങ്ങൾക്കുമുള്ള സുവർണ്ണ നിലവാരം $10 ട്രില്യൺ ആസ്തികൾ കൈകാര്യം ചെയ്യുകയും വ്യവസായങ്ങളിലുടനീളം മാറ്റം വരുത്തുകയും ചെയ്യുന്നു.

യുവാക്കൾ നയിക്കുന്ന കാലാവസ്ഥാ പ്രവർത്തന സൈന്യത്തെ തടയാനാവില്ല. അവ വലുതാണ്. അവർ കൂടുതൽ ഉച്ചത്തിൽ ശബ്ദിക്കുന്നു. കൂടാതെ, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അവർ പിൻവാങ്ങുന്നില്ല. ഞാൻ അവർക്കൊപ്പം നിൽക്കുന്നു.

ശാസ്ത്രം വ്യക്തമാണ്. എന്താണ് ചെയ്യേണ്ടതെന്ന് നമുക്കറിയാം. ആദ്യം, നമ്മൾ 1.5 ഡിഗ്രി സെൽഷ്യസ് എന്ന ലക്ഷ്യം നിലനിർത്തണം. 2030-ഓടെ ആഗോള ഉദ് വമനം 45 ശതമാനം കുറയ്ക്കുന്നതിന് ശക്തമായ നടപടികൾ ആവശ്യമാണ്. 80 ശതമാനത്തോളം ഉദ്​വമനത്തിന് ഉത്തരവാദികളായതിനാൽ G20 രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവാദിത്തമുണ്ട്. ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങൾ എന്ന തത്വമനുസരിച്ച്, വികസിത രാജ്യങ്ങൾ പരിശ്രമത്തിന് നേതൃത്വം നൽകണം. എന്നാൽ വളർന്നുവരുന്ന സമ്പദ്​വ്യവസ്ഥകളും അധിക ദൂരം സഞ്ചരിക്കേണ്ടതുണ്ട്. കാരണം മലിനീകരണം ഫലപ്രദമായി കുറയ്ക്കുന്നതിന് അവരുടെ സംഭാവന അത്യന്താപേക്ഷിതമാണ്. ഗ്ലാസ്ഗോ വിജയകരമാക്കാൻ നമ്മുടെ ആഗ്രഹങ്ങൾ പരമാവധിയിൽ എത്തേണ്ടത് ആവശ്യമാണ് -
എല്ലാ രാജ്യങ്ങളിൽ നിന്നും എല്ലാ മുന്നണികളിലും - സമ്പദ് വ്യവസ്ഥയുടെ ഡീ-കാർബണൈസേഷനും കൽക്കരി നിർമാർജനവും ത്വരിതപ്പെടുത്തുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് സഖ്യങ്ങൾ കെട്ടിപ്പടുക്കാൻ ഞാൻ വികസിത രാജ്യങ്ങളോടും വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളോടും അഭ്യർത്ഥിക്കുന്നു. ഈ കൂട്ടുകെട്ടുകൾ ചാരനിറത്തിൽ നിന്ന് പച്ചയിലേക്കുള്ള (gray to green) പരിവർത്തനത്തിൽ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വലിയ മലിനീകാരികളെ (emitters) പിന്തുണയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

നാം മിഥ്യാധാരണകൾക്ക് അടിപ്പെടരുത്: ഈ ഉച്ചകോടിയുടെ അവസാനത്തോടെ (രാഷ്ട്രങ്ങളുടെ) പ്രതിബദ്ധതകൾ കുറയുകയാണെങ്കിൽ, രാജ്യങ്ങൾ അവരുടെ ദേശീയ കാലാവസ്ഥാ പദ്ധതികളും നയങ്ങളും പുനഃപരിശോധിക്കണം. ഓരോ അഞ്ച് വർഷത്തിലും അല്ല. എല്ലാ വർഷവും. ഓരോ നിമിഷവും. 1.5 ഡിഗ്രി വരെ നിലനിർത്തുന്നത് ഉറപ്പാക്കപ്പെടും വരെ, ഫോസിൽ ഇന്ധനങ്ങൾക്കുള്ള സബ്സിഡികൾ അവസാനിക്കുന്നത് വരെ. കാർബൺ ( പുറന്തള്ളലിന്) ഒരു വില നിശ്ചയിക്കുന്നത് വരെ. കൽക്കരി ഘട്ടം ഘട്ടമായി നിർത്തുന്നത് വരെ.

നമുക്ക് കൂടുതൽ വ്യക്തത ആവശ്യമാണ്. വ്യത്യസ്ത അർത്ഥങ്ങളും വ്യത്യസ്ത അളവുകോലുകളും ഉപയോഗിച്ചുള്ള, മലിനീകരണം കുറയ്ക്കലിലും നെറ്റ് സീറോ ടാർഗെറ്റുകളിലും വിശ്വാസ്യതയുടെ കമ്മിയും ആശയക്കുഴപ്പത്തിന്റെ മിച്ചവും ഉണ്ട്. അതുകൊണ്ടാണ് - പാരീസ് ഉടമ്പടിയിൽ ഇതിനകം സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങൾക്കപ്പുറം - ഭരണകൂടേതര സംവിധാനങ്ങളിൽ നിന്നുള്ള ‘നെറ്റ് സീറോ’ പ്രതിബദ്ധതകൾ അളക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്നതിന് ഒരു വിദഗ്ധരുടെ ഒരു സംഘം സ്ഥാപിക്കുമെന്ന് ഞാൻ ഇന്ന് പ്രഖ്യാപിക്കുന്നു. രണ്ടാമതായി, കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തവും നിലവിലുള്ളതുമായ അപകടങ്ങളിൽ നിന്ന് ദുർബലരായ സമൂഹങ്ങളെ സംരക്ഷിക്കാൻ നാം കൂടുതൽ കാര്യങ്ങൾ ചെയ്യണം.

കഴിഞ്ഞ ദശകത്തിൽ, ഏകദേശം 400 കോടി ആളുകൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ അനുഭവിച്ചു. ആ നാശം വളരുകയേ ഉള്ളൂ. എന്നാൽ അഡാപ്‌റ്റേഷൻ പ്രവർത്തിക്കുന്നു, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ജീവൻ രക്ഷിക്കുന്നു. കാലാവസ്ഥ- സൗഹൃദ കൃഷിയും അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നു. എല്ലാ ദാതാക്കളും അവരുടെ കാലാവസ്ഥാ ധനസഹായത്തിന്റെ പകുതി അഡാപ്‌റ്റേഷനുവേണ്ടി നീക്കിവയ്ക്കണം. പൊതു, ബഹുമുഖ വികസന ബാങ്കുകൾ എത്രയും വേഗം ആരംഭിക്കണം. മൂന്നാമതായി, ഈ ഉച്ചകോടി ഐക്യദാർഢ്യത്തിന്റെ ഒരു നിമിഷമായിരിക്കണം. വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രതിവർഷം 100 ബില്യൺ ഡോളർ കാലാവസ്ഥാ ധനകാര്യ പ്രതിബദ്ധത 100 ബില്യൺ ഡോളറിന്റെ കാലാവസ്ഥാ ധനകാര്യ യാഥാർത്ഥ്യമായി മാറണം. വിശ്വാസവും വിശ്വാസ്യതയും പുനഃസ്ഥാപിക്കുന്നതിന് ഇത് നിർണായകമാണ്. നമ്മെ അവിടെ എത്തിക്കാൻ കാനഡയുടെയും ജർമ്മനിയുടെയും നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് ഒരു സുപ്രധാന ചുവടുവെപ്പാണ് എന്നാൽ ഇവ വ്യക്തമായ ഉറപ്പ് നൽകുന്നില്ല.

100 ബില്യൺ ഡോളറിനപ്പുറം, വികസ്വര രാജ്യങ്ങൾക്ക് കോവിഡിനെ ചെറുക്കുന്നതിനും പ്രതിരോധശേഷി വളർത്തുന്നതിനും സുസ്ഥിര വികസനം പിന്തുടരുന്നതിനും വളരെയധികം വിഭവങ്ങൾ ആവശ്യമാണ്. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവർക്ക് - അതായത്, ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങൾക്കും ചെറിയ ദ്വീപ് വികസ്വര - സമൂഹങ്ങൾക്കും - അടിയന്തിര ധനസഹായം ആവശ്യമാണ്. കൂടുതൽ പൊതു കാലാവസ്ഥാ ധനസഹായം. കൂടുതൽ വിദേശ വികസന സഹായം. കൂടുതൽ ഗ്രാന്റുകൾ. ഫണ്ടിംഗിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം. ബഹുമുഖ വികസന ബാങ്കുകൾ പ്രൈവറ്റ് ഫിനാൻസ് വഴി കൂടുതൽ നിക്ഷേപം സമാഹരിക്കുന്നതിന് കൂടുതൽ ഗൗരവമായി പ്രവർത്തിക്കണം.

സൈറണുകൾ മുഴങ്ങുന്നു. നമ്മുടെ ഗ്രഹം നമ്മോട് എന്തൊക്കെയോ സംസാരിക്കുന്നു. അതുപോലെ എല്ലായിടത്തുമുള്ള ജനങ്ങളും. ആളുകളുടെ ആശങ്കകളുടെ പട്ടികയിൽ കാലാവസ്ഥാ പ്രവർത്തനം ഒന്നാമതാണ്. നമ്മൾ ശ്രദ്ധിക്കണം - പ്രവർത്തിക്കണം - നമ്മൾ വിവേകത്തോടെ തിരഞ്ഞെടുക്കണം. '
ഭാവി തലമുറയുടെ പേരിൽ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു: ഉൽക്കർഷേച്ഛയെ വരിക്കുക. ഐകമത്യത്തെ സ്വീകരിക്കുക.
നമ്മുടെ ഭാവി സംരക്ഷിക്കാനും മനുഷ്യരാശിയെ രക്ഷിക്കാനും ഉള്ള വഴികൾ തിരഞ്ഞെടുക്കുക.

(പരിഭാഷ: കെ.സഹദേവൻ)

Comments