കഥാപാത്രങ്ങളെ അനുസരിച്ച ആക്ടർ

ഇന്ത്യാക്കാരനായ അഭിനേതാവ് എന്ന് രാഷ്ട്രത്തിന് അഭിമാനിക്കാവുന്ന ഒരാൾ. അയാൾ ബാക്കി വെച്ചിട്ട് പോകുന്ന ലെഗസി. അയാളുടേതായ അഭിനയരീതി. ഹിപ്‌നോട്ടിക് ആയ കണ്ണുകൾ. തുളച്ച് കയറുന്നതെന്ന് തോന്നുന്ന, എങ്കിലും സൗമ്യമായ നോട്ടം. അസാമാന്യമായ വോയ്‌സ് കണ്ട്രോൾ. പ്രേക്ഷകരുമായി വളരെ എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ഇർഫാൻഖാന് കഴിഞ്ഞു. അയാൾ ചെയ്തിരുന്ന പരസ്യങ്ങൾ പോലും അത്തരത്തിൽ ഉള്ളവ ആയിരുന്നുവെന്ന് കാണാം.

തൊണ്ണൂറുകളുടെ മധ്യഭാഗത്തിലാണ് ഇർഫാൻഖാൻ എന്ന നടനെ ആദ്യമായി കാണുന്നത്. ദൂരദർശനിൽ ആ കാലത്ത് സംപ്രേഷണം ചെയ്ത ചന്ദ്രകാന്ത എന്ന നീളം കൂടിയ ടെലിസീരിയൽ വഴി ആയിരുന്നു അത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ ചന്ദ്രകാന്തയുടെ പുതിയ എപ്പിസോഡുകൾ എത്തുമായിരുന്നു. ഫാന്റസി കഥ. കാശിന്റെ പകിട്ടുള്ള പ്രൊഡക്ഷൻ. പങ്കജ് ധീറിനെയും മുകേഷ് ഖന്നയെയും പോലെ പ്രശസ്തരായ ടെലിവിഷൻ താരങ്ങളുടെ സാന്നിദ്ധ്യം. അന്നത്തെ 'ഗെയിം ഓഫ് ത്രോൺസ്' എന്ന് വിളിച്ചാൽ എത്രത്തോളം സാധുവാകുമെന്നറിയില്ല. ഭാവനാലോകത്തെ വിവിധ രാജ്യങ്ങളുടെ സംഘർഷകഥയും അതിന് പശ്ചാത്തലമാകുന്ന ഒരു പ്രണയവുമൊക്കെയായിയിരുന്നു ഇതിവൃത്തം. അതിൽ ഒരു രാജ്യത്തിന്റെ സർവസൈന്ന്യാധിപന്റെ റോളിൽ ഇർഫാൻഖാനും ഉണ്ടായിരുന്നു. അന്ന് താരമല്ല.

ചന്ദ്രകാന്തയിൽ നിന്ന്

ഇർഫാൻഖാൻ പക്ഷെ ഒരു സീരിയലിലേക്ക് വെറുതെ നടന്നു വന്ന ആളായിരുന്നില്ല. അന്നതറിയില്ലായിരുന്നു. ഡൽഹിയിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിച്ചിരുന്ന ആളായിരുന്നു ഇർഫാൻഖാൻ. ചന്ദ്രകാന്തയിലെ അഭിനേതാക്കളിൽ ഏറ്റവും പ്രത്യേകത ഉള്ള ആക്റ്റർ ആയിരുന്നു ഇർഫാൻഖാൻ എന്ന് അന്ന് തന്നെ എന്നോർമയുണ്ട്. ഞാനടക്കമുള്ള ഒരു വലിയ ആരാധകവൃന്ദത്തെ ഇർഫാൻഖാന്റെ ബദരീനാഥ് എന്ന സേനാധിപനായ കഥാപാത്രം നേടിയെടുത്തു. ഇർഫാന്റെ വലിയ കണ്ണുകൾ, സ്വന്തമായ അഭിനയരീതി. സ്റ്റെൽത് മോഡിൽ ഉള്ള ആക്ഷൻ രംഗങ്ങൾ ഒക്കെ ഇന്ത്യൻ ടെലിവിഷനിൽ ആദ്യമായി അവതരിപ്പിച്ചത് ഒരുപക്ഷെ ഇർഫാൻഖാന്റെ കഥാപാത്രത്തിലൂടെ ആയിരിക്കാൻ സാധ്യതയുണ്ട്. താരമല്ലെങ്കിലും താരത്തിന്റെ മൂല്യം അന്ന് ഇർഫാൻഖാന്റെ കഥാപാത്രത്തിനുണ്ടായിരുന്നു. ഇർഫാൻഖാന് വേണ്ടി മാത്രമായിരുന്നു ഒരു പക്ഷെ അന്ന് ചന്ദ്രകാന്തയ്ക്കായി കാത്തിരുന്നത് എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ഇല്ല. എന്നാൽ പിന്നീട് 'ഗെയിം ഓഫ് ത്രോൺസ്' പരീക്ഷിച്ച് വിജയിച്ച, പെട്ടെന്നാളെക്കൊല്ലൽ എന്നത് അന്ന് ചന്ദ്രകാന്തയും പരീക്ഷിച്ചു. എപ്പിസോഡുകൾ നീണ്ടു നിന്ന സംഘട്ടനത്തിനൊടുവിൽ ഇർഫാൻഖാന്റെ കഥാപാത്രവും കൊല്ലപ്പെട്ടു. പ്രിയപ്പെട്ട കഥാപാത്രം അപ്രതീക്ഷിതമായി മരിക്കുന്നത് ദൂരദർശകൻ പ്രേക്ഷകരും കണ്ടറിഞ്ഞു. ഇർഫാൻ വിട്ടൊഴിഞ്ഞ സൈന്യാധിപന്റെ സ്ഥാനത്തേക്ക് മറ്റ് അഭിനേതാക്കൾ മറ്റ് കഥാപാത്രങ്ങളായി കുടിയേറിയെങ്കിലും അവർക്കാർക്കും ഇർഫാന് സമാനമായ പ്രേക്ഷകസ്വീകരണം ലഭിച്ചില്ല എന്ന് വേണം കരുതാൻ. ചെറിയ കാലങ്ങളിൽ അവർ ഓരോരുത്തരും മരണപ്പെട്ടു.

ലൈഫ് ഓഫ് പൈ

പിന്നീട് രണ്ടായിരങ്ങളിൽ അയാളുടെ മുഖം ബോളിവുഡ് ചിത്രങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അതിൽ ഏറ്റവും മികച്ച റോളുകളിൽ ഒന്നായിരുന്നു ലൈഫ് ഇൻ എ മെട്രോ എന്ന സിനിമയിലേത്. പലതരം പ്രണയങ്ങൾ ആയിരുന്നു സിനിമയിൽ. അതിൽ കൊങ്കണാ സെന്നുമൊത്തായിരുന്നു ഇർഫാൻഖാൻ. സ്ത്രീകളെ അറിയാത്ത, അറിയാൻ ശ്രമിച്ചിട്ടില്ലാത്ത ഇന്ത്യൻ പുരുഷന്റെ കഥാപാത്രം. പലപ്പോഴും മറ്റുള്ളവരുടെ പേഴ്‌സണൽ സ്‌പേയ്‌സിലേക്ക് കയറിക്കൊണ്ടുള്ള ആ കഥാപാത്രത്തിന്റെ മാനറിസങ്ങൾ. ഒരു പക്ഷെ മറ്റാരെങ്കിലും ചെയ്താൽ അസഹ്യമായിപ്പോകാമായിരുന്ന ഒന്ന്. ഇർഫാൻ പക്ഷെ ഏത് റോളുകളും തന്റെ പുതിയ തരം അഭിനയശൈലിയൂടെ പ്രേക്ഷകസ്വീകാര്യമാക്കാം എന്ന് കാണിച്ച് തന്നു. എന്നാൽ പെട്ടെന്നൊന്നും ധാരാളം സിനിമകളിൽ അയാളെ കണ്ടില്ല. ഒരുപക്ഷെ അന്ന് ബോളിവുഡ് മുഖ്യധാരാ സിനിമകൾ ഇർഫാനോളം വളർന്നില്ല എന്ന് സംശയിക്കണം.

മിരാ നായരുടെ ഹോളിവുഡ് സിനിമ നെയിംസേയ്ക്കിൽ വളരെ ശ്രദ്ധേയമായി ഇർഫാൻ തന്റെ കഥാപാത്രത്തെ അനുസരിച്ചു. ഹോളിവുഡിന്റെ വാതിൽ അയാൾക്ക് മുന്നിൽ തുറക്കുന്നത് അങ്ങനെ ആവണം. സ്ലം ഡോഗ് മില്യനയർ മുതൽ വമ്പൻ സിനിമകളായ ലൈഫ് ഓഫ് പൈയിലും ജ്യുറാസിക് വേൾഡിലുമെല്ലാം. വിഷ്വൽ എഫക്റ്റിൽ പ്രാധാന്യം കൊടുക്കുന്ന വലിയ കാൻവാസിൽ തീർത്ത ലൈഫ് ഓഫ് പൈയിൽ ഇർഫാന് അനുവദിച്ച് കിട്ടിയ സ്‌ക്രീൻ ടൈം അധികമുണ്ടായിരുന്നില്ല. അതാകട്ടെ വി.എഫ്.എക്‌സ് ഉള്ള സീൻ ആയിരുന്നില്ല താനും. മറിച്ച് സംഭാഷണപ്രാധാന്യമുള്ളവ. ഇർഫാന്റെ ശൈലിക്ക് യോജിച്ചത്. അയാളത് ഗംഭീരമാക്കി. ഇർഫാന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പങ്ക് വെയ്ക്കപ്പെട്ട സ്‌ക്രീൻഷോട്ട് ലൈഫ് ഓഫ് പൈയിൽ നിന്നുള്ളതാണ്. മറ്റൊന്ന് ലഞ്ച് ബോക്‌സ് എന്ന ബോളിവുഡ് പ്രണയസിനിമയിൽ നിന്നുള്ളത്.

നെയിം സേക്കിലെ രംഗം

തീർത്തും ആകസ്മികമായിരുന്നില്ല ഇർഫാൻഖാന്റെ മരണം. രോഗബാധിതനാണെന്ന വിവരം അയാൾ മറച്ചുപിടിക്കൽ ഇല്ലാതെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. എങ്കിലും 53ന്റെ ചെറുപ്പത്തിൽ മരണം അയാളെ തേടി എത്തരുതായിരുന്നു. സെക്യുലർ ചിന്തകളുമായി ജീവിച്ചിരുന്ന ഒരാൾക്ക് മരിക്കാൻ പറ്റിയ കാലവുമല്ലിത്. ജിഹാദിയെന്നും രാജ്യദ്രോഹിയെന്നും ഒക്കെയുള്ള ഭള്ളുവിളികൾ സോഷ്യൽ മീഡിയിഅൽ ഇർഫാന്റെ മരണത്തെയും ഒഴിച്ച് നിർത്തിയില്ല.

ഇന്ത്യക്കകത്തും പുറത്തും അഭിമാനാർഹമായ അഭിനയജീവിതമാണ് ഇർഫാൻ ഖാൻ കാഴ്ചവെച്ചത്. ഇന്ത്യാക്കാരനായ അഭിനേതാവ് എന്ന് രാഷ്ട്രത്തിന് അഭിമാനിക്കാവുന്ന ഒരാൾ. അയാൾ ബാക്കി വെച്ചിട്ട് പോകുന്ന ലെഗസി. അയാളുടേതായ അഭിനയരീതി. ഹിപ്‌നോട്ടിക് ആയ കണ്ണുകൾ. തുളച്ച് കയറുന്നതെന്ന് തോന്നുന്ന, എങ്കിലും സൗമ്യമായ നോട്ടം. അസാമാന്യമായ വോയ്‌സ് കണ്ട്രോൾ. പ്രേക്ഷകരുമായി വളരെ എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ഇർഫാൻഖാന് കഴിഞ്ഞു. അയാൾ ചെയ്തിരുന്ന പരസ്യങ്ങൾ പോലും അത്തരത്തിൽ ഉള്ളവ ആയിരുന്നുവെന്ന് കാണാം. ഫോർത് വാൾ ബ്രേക്ക് ചെയ്ത് നേരിട്ട് പ്രേക്ഷകരുമായി സംസാരിക്കുന്ന പരസ്യങ്ങളിലാണ് മിക്കപ്പോഴും ഇർഫാൻ ഖാൻ അഭിനയിച്ചിരുന്നത്. പിന്നീട് വന്ന പല നല്ല ഇന്ത്യൻ അഭിനേതാക്കളിലും ഇർഫാൻഖാന്റെ സ്വാധീനം കാണാം. ഇർഫാനെ ഇന്ത്യ ഏറെക്കാലം ഓർത്തിരിക്കും. അയാളുടെ ലെഗസി ആസ്വാദകർക്കിടയിൽ ജീവിക്കും.

--

Comments