മുഖ്യധാര ജേണലിസം
വലതുപക്ഷ അജണ്ടകള്‍
സഹിതം, തോറ്റമ്പിയതിന്റെ
ദൃഷ്ടാന്തമാണ് ഈ ഫലം
മുഖ്യധാര ജേണലിസം വലതുപക്ഷ അജണ്ടകള്‍ സഹിതം, തോറ്റമ്പിയതിന്റെ ദൃഷ്ടാന്തമാണ് ഈ ഫലം
എത്തിക്കല്‍ ജേണലിസമൊന്നും കേരളത്തിലെ മുഖ്യധാരക്ക് പരിചയമുള്ളതല്ല. പക്ഷേ ഫാസിസ്റ്റ് പ്രൊപഗാണ്ടയായി സ്ഥാപനങ്ങളും അതിലെ ജേണലിസ്റ്റുകളും ഒരുപോലെ മാറുന്ന കാഴ്ച ഇക്കാലത്തിന്റേതാണ്. ആറുമാസത്തിലധികമായി, ഒരു കള്ളക്കടത്ത് കേസില്‍ പ്രതികളെ രക്ഷിക്കാനും അതിന്റെ പരിസരങ്ങളെ പ്രയോജനപ്പെടുത്തി, സംഘപരിവാര്‍ അജണ്ട നിര്‍വ്വഹിക്കാനും ഇവര്‍ ഒരുമിച്ച് ശ്രമിക്കുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ നിറം പിടിപ്പിച്ച് അവതരിക്കപ്പെട്ടു. പക്ഷേ നിര്‍ദാക്ഷിണ്യം പരാജയപ്പെട്ടു
17 Dec 2020, 10:03 AM
‘‘സെക്രട്ടേറിയറ്റ് ഭരണ സിരാകേന്ദ്രമോ മാഫിയാകേന്ദ്രമോ? സ്വര്‍ണക്കള്ളക്കടത്ത് മുതല്‍ സകലമാന തട്ടിപ്പുകളും നടത്തിയവരുടെ വിഹാരകേന്ദ്രമെന്ന സല്‍പേരാണ് കുറച്ചു കാലമായി സെക്രട്ടറിയേറ്റിനുള്ളത്. അവിടെയാണ് ഇന്ന് തീപിടുത്ത നാടകം ഉണ്ടായിരിക്കുന്നത്. അതും എന്‍.ഐ.എ വിളിച്ചുവരുത്തി മൊഴിയെടുത്ത പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന ഓഫീസില്‍. നേരത്തേ ഇടിവെട്ടി സി.സി.ടി.വികള്‍ അടിച്ചു പോയി. ബാക്കി വന്ന കുറച്ച് ഇടി സെക്രട്ടറിയേറ്റില്‍ നിന്ന് പതുക്കെ ഇറങ്ങി നടന്ന് ക്ലിഫ് ഹൗസിന്റെ മുകളിലെത്തി അവിടെ വെട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടിവെട്ടിയപോലെ നാട്ടുകാര്‍ അതു കേട്ടുനിന്നു. പിന്നെ മഴ ഈ വഴിക്കു വന്നില്ല. പൊരിഞ്ഞ വെയിലായി തിരുവനന്തപുരത്ത്. മഴയുടെ ഒരു മട്ടും കാണാത്ത സ്ഥിതിക്ക് ഇടിക്കും സ്‌കോപ്പില്ല. അപ്പോള്‍ വരുന്നു തീ. അതും കൃത്യമായി പ്രോട്ടോക്കോള്‍ ഓഫീസറുടെ സെക്ഷനിലെ കമ്പ്യൂട്ടറില്‍ത്തന്നെ. ഇടിയും തീയുമൊക്കെ പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന കാലമാണ് ഇടതുസര്‍ക്കാരിന്റെ കാലം. സി.സി.ടി.വി ദൃശ്യം ആവിയായെന്ന് സംശയിക്കുമ്പോഴാണ് ഫയലുകളും ചാരമാകുന്നത്. അതന്വേഷിക്കാന്‍ എത്തിയ കെ. സുരേന്ദ്രനെയും വി.വി. രാജേഷിനെയും അറസ്റ്റു ചെയ്ത് നീക്കി. ചീഫ് സെക്രട്ടറി തന്നെ ചാടിയിറങ്ങി വന്നാണ് എല്ലാവരെയും പുറത്താക്കിയത് അതിനു പറഞ്ഞതോ വിചിത്രമായ ന്യായവും. രാഷ്ട്രീയക്കാര്‍ക്ക് കയറിവരാനുള്ള സ്ഥലമല്ല സെക്രട്ടേറിയേറ്റെന്ന്. ശരിയാണ്. സ്വപ്നക്കും സരിത്തിനും കയറി നിരങ്ങാനുള്ള സ്ഥലമാണല്ലോ ആ കെട്ടിടം. ശിവശങ്കരന്റെ കിങ്കരന്മാരും കണ്‍സള്‍ട്ടന്‍സി കൂട്ടവും വിലപേശി വാടക ഉറപ്പിക്കുന്ന ഐടി ഫെല്ലോമാരും വിലസുന്ന സ്ഥലം. ''
കേരള സെക്രട്ടറിയേറ്റ് എന്ന ഉദ്യോഗസ്ഥ ഓഫീസ് സമുച്ചയത്തില്‍ ഒരു ചെറിയ തീപിടുത്തം ഉണ്ടായ ദിവസം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂസ് ചാനലുകളിലൊന്നായ മാതൃഭൂമി ന്യൂസിന്റെ പ്രൈം റ്റൈം ചര്‍ച്ചയില്‍ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ചര്‍ച്ചക്ക് മുന്നേ പറഞ്ഞ ആമുഖമാണിത്. തീരുന്നില്ല. രണ്ടാം ദിവസവും ഇതേ വിഷയത്തില്‍ ചര്‍ച്ച നടന്നു.

‘‘സെക്രട്ടറിയേറ്റിലെ തീയും പുകയും കനലായി തെരുവുകളില്‍ പടരുന്നു. സര്‍ക്കാരിന്റെ ദുരൂഹ നടപടികള്‍ക്കെതിരെ രോഷാഗ്‌നി ആളിക്കത്തുന്നു. പൊലീസിനെക്കൊണ്ട് തല്ലിച്ചതച്ച് അതുകെടുത്താമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. എന്നിട്ടും പ്രതിഷേധം ജ്വലിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. ഇത് പിണറായി സര്‍ക്കാരിനെ പുറത്താക്കാനുള്ള അന്തിമസമരം. മറുവശത്ത് അന്വേഷണ നാടകം നടക്കുന്നു.
പൊലീസ് സംഘം, വിദഗ്ധ സംഘം, പി.ഡബ്ല്യു.ഡി സംഘം, ഇലക്ടിക്കില്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫോറന്‍സിക് അങ്ങനെ ഒരുപിടി സംഘങ്ങള്‍ തകൃതിയായി അന്വേഷിക്കുന്നു. സര്‍ക്കാരിനെ എങ്ങനെ സംരക്ഷിക്കാമെന്ന് തലപുകക്കുന്നു. ആദ്യ കണ്ടെത്തല്‍ തന്നെ എത്ര അപഹാസ്യം. ഒരു ഫാന്‍ രണ്ടു ദിവസമായി നിര്‍ത്താതെ കറങ്ങുകയായിരുന്നു. അതിന്റെ സ്വിച്ചില്‍ നിന്ന് പതുക്കെപ്പതുക്കെ തീ ഇറങ്ങി വന്ന് കര്‍ട്ടനുകളിലേയ്ക്കും പിന്നെ അപ്രധാന ഫയലുകളിലേക്കും കയറിപ്പിടിച്ചെന്ന്. സുപ്രധാന ഫയലുകളിലേ്ക്ക് ഒന്നു നോക്കുക പോലും ചെയ്തില്ലെന്ന്. ഇതും ഇതിനപ്പുറവും ഇനിയുള്ള നാളുകളില്‍ കേള്‍ക്കേണ്ടി വരും.''- എന്നായിരുന്നു ഇന്‍ട്രോ. തീര്‍ന്നില്ല കേട്ടോ.

മൂന്നാം ദിവസവും ഇതേ വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇതുപോലെ വിഷലിപ്തവും വസ്തുതകളൊന്നുമില്ലാത്ത മലീമസമായ എഡിറ്റോറിയില്‍ നിലപാടുകളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ച. ഈ വാര്‍ത്തകളുടെ ആകെത്തുകയെന്താണ് എന്നത് കേരളത്തിന്റെ മുന്നിലുള്ള വസ്തുതയാണ്. അതിന് എത്രമാത്രമാണ് പൊളിറ്റക്കല്‍/ജേണലിസ്റ്റിക് പ്രാധാന്യമെന്നതും.
ഇത് വളരെ ചെറിയ ഒരു ഉദാഹരണം മാത്രമാണ്. അജണ്ടകള്‍ വച്ചുള്ള തുടര്‍ച്ചയായ ദുഷ്പ്രചാരണ ജേണലിസത്തിന്റെ ഉദാഹരണം. എത്രയോ ഒരോരുത്തര്‍ക്കും പറയാനാകും.
അന്തിചര്‍ച്ചകള്‍ എന്ന് പ്രശസ്തമായ, നിഷ്പക്ഷ വേഷമണിഞ്ഞ ബി.ജെ.പി പ്രചാരകര്‍ക്ക് അജണ്ടകള്‍ പ്രചരിപ്പിക്കാനുള്ള, സംവിധാനം മാത്രമല്ല; കേരളത്തിലെ മുഖ്യധാരാ ജേണലിസം- സ്ഥാപനങ്ങളും അതിലെ വിഖ്യാത ജേണലിസ്റ്റുകളും- മുഴുവന്‍ നടത്തിയ പ്രചരണങ്ങളെ കൂടി അതിജീവിച്ചാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചത്.
ചെറിയ കാര്യമല്ല, ഇത്. കേരളം പോലൊരു സ്ഥലത്ത് സൂക്ഷ്മമായും ബി.ജെ.പി ശ്രമിക്കുന്ന രണ്ടജണ്ടകളില്‍ ഒന്നാണിത്.
ഒന്നാമത്തേത്, ലോക്കല്‍ ഗ്രീവന്‍സെസ് എന്ന ആന്റി ഇന്‍ക്വബന്‍സിയെ അരാഷ്ട്രീയമായി നേരിടുകയാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കിഴക്കമ്പലം. മാറി മാറി ഭരിക്കുന്ന ഭരണകൂടങ്ങളോടുള്ള പ്രദേശിക എതിര്‍പ്പിനെ മറികടക്കാന്‍ പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്ത ഒരു സംഘടനയുടെ വരവ്. അവരുടെ ജനക്ഷേമ പ്രദമായ വാഗ്ദാനങ്ങളും നിറവേറ്റലുകളും. ദേശീയമയോ പ്രദേശികമോ ആയ വലിയ ഭരണങ്ങളിലൊന്നും പങ്കാളിത്തമില്ലാത്തതിനാല്‍ ഒരു ആരോപണവും അവരെ ബാധിക്കില്ല. എന്തെങ്കിലും കുറവുണ്ടായാല്‍ അത് സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും നിസഹകരണത്തിന്റെ പട്ടികയില്‍ പെടുത്താം. കൃത്യമായ വലതുപക്ഷ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തില്‍ കോര്‍പറേറ്റ് മുന്നേറ്റത്തില്‍ ആരംഭിച്ചതും സമീപ പഞ്ചായത്തുകളിലേക്ക് പടര്‍ന്നതും മാത്രമല്ല, എറണാകുളം തിരുവനന്തപുരം കോര്‍പറേഷനുകളിലും പട്ടാമ്പി പോലുള്ള നഗരസഭകളിലുമെല്ലാം വ്യത്യസ്ത ഭാവത്തില്‍ വലത് അജണ്ടകള്‍ നിറവേറ്റാനായി കഴിഞ്ഞ കുറേ കാലമായി അഹോരാത്രം പണിയെടുക്കുന്നുണ്ട്. ജനം ടി.വി, മറുനാടന്‍ മലയാളി, കര്‍മ്മ ന്യൂസ്, റിപ്പബ്ളിക് എന്നിങ്ങനെ ജേണലിസത്തിന്റെ പേരില്‍ നടക്കുന്ന ക്രിമിനല്‍ പ്രൊപഗാന്‍ഡ ചാനലുകളുടെ ആരാധകരും അഡിക്റ്റുകളുമാണ് ബി.ജെ.പിയുടെ അഭാവത്തില്‍ ഈ അരാഷ്ട്രീയ സംഘത്തിന്റെ പുറകില്‍ അണിനിരക്കുന്നത് എന്നു കൂടിയുള്ള വസ്തുത കാണണം.

രണ്ടാമത്തെ അജണ്ടയാണ് മീഡിയ. അവിശ്രമം, അവിരാമം നുണക്കഥകളിലും പുകമറകളിലും അഴിഞ്ഞാടുകയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍. തെളിവുകള്‍ കേരളസമൂഹത്തിന് മുന്നിലുള്ളതാണ്. ഒരു ഭാഗത്ത് ഇടതുപക്ഷത്തിന്- സംസ്ഥാന സര്‍ക്കാരിന്- ഏതെങ്കിലും തരത്തില്‍ അനുകൂലമാകുമോ എന്ന് സംശയം പോലും ഉളവാക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായി തമസ്‌കരിക്കുകയോ അപ്രധാനപ്പെടുത്തുകയോ ചെയ്യുക, മറുഭാഗത്ത് സര്‍ക്കാരിനെതിരെ അര്‍ധസത്യങ്ങളും വ്യാജങ്ങളും ഊഹങ്ങളും കൊണ്ട് പുകമറ സൃഷ്ടിക്കുക. അഥവാ പോസ്റ്റ് ട്രൂത്ത് എന്ന് വിളിക്കപ്പെടുന്ന കാലത്തെ പൂര്‍ണമായി ആവിഷ്‌കരിക്കുക. എന്തുകൊണ്ടാണ്, ഇത്രയധികം ഫാക്റ്റ്സ് ചെക്ക് മെക്കാനിസം ഉള്ള കാലത്ത് അതിന് മെനക്കെടാത്തത് എന്ന് ചോദിക്കരുത്. വാര്‍ത്തയല്ല, പ്രൊപഗാന്‍ഡയാണ്ടയാണ് ഇവരുടെ മാധ്യമപ്രവര്‍ത്തനം.
ഇത് ബി.ജെ.പി വളരെ കാലമായി പരീക്ഷിച്ച് വിജയിച്ച അജണ്ടയാണ്. 2013 അവസാന കാലം മുതല്‍ അഴിമതിക്കെതിരെ ആരംഭിച്ച നിഷ്പക്ഷ- അരാഷ്ട്രീയ മുന്നേറ്റം ബി.ജെ.പിയെ കേന്ദ്രത്തില്‍ ഭരണം പിടിക്കാന്‍ സഹായിച്ചതും കോര്‍പറേറ്റുകളെ ഒരു കുടക്കീഴില്‍ അണിനിരത്തിയതും മാത്രം മതി ഒരുദാഹരണം. അക്കാലത്ത് തന്നെ തന്നെയാണ് മീഡിയയെ ഇതേ കോര്‍പറേറ്റുകളെ ഉപയോഗിച്ച് വിലക്കുവാങ്ങി പ്രചാരണം ആരംഭിച്ചതും. രാഷ്ട്രീയ സൂക്ഷ്മതയൊന്നും വേണ്ട, ഈ അജണ്ടയുടെ പുനരാവര്‍ത്തനം കേരളത്തിലും കാണാന്‍, കണ്ണ് തുറന്നിരുന്നാല്‍ മാത്രം മതി.
2014- മുതല്‍ സ്വതന്ത്രേച്ഛയുള്ള മാധ്യമങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത് തന്നെ ഈ അജണ്ടയില്‍ വീണുപോകാതിരിക്കാനാണ്. നിഷ്‌കളങ്കമെന്നും സംശുദ്ധമെന്നും തോന്നുന്ന ജേണലിസത്തിന്റെ മറപിടിച്ചാണ് ഈ അജണ്ട മുഖ്യധാരയില്‍ കടന്നുവരുന്നത്. ശ്രീജിത്ത് പണിക്കര്‍ എന്ന സംഘപരിവാര്‍ രാഷ്ട്രമീമാംസകനെ നിഷ്പക്ഷനായി അവതരിപ്പിക്കുന്നത് മുതല്‍ ഇതേ ആശയഉള്‍ക്കരുത്തുമാത്രമുള്ള ജയശങ്കര്‍ ഇടതുനിരീക്ഷകനായി വരുന്നതുവരെ ഇങ്ങനെയാണ്. ഒരേ രാഷ്ട്രീയമുള്ള ശ്രീജിത്ത് പണിക്കരും ജയശങ്കറും ഒരു വേദിയില്‍ പരസ്പരം വിരുദ്ധാഭിപ്രായങ്ങള്‍ എന്ന മട്ടില്‍ ഒരേ അഭിപ്രായവും ആശയവും അവതരിപ്പിക്കും. ഇത് സൈറ്റേഷന്‍സ് വച്ച് പഠിക്കേണ്ട പ്രതിഭാസമാണ്.
കോടതിയില്‍ ശിവശങ്കരന്‍ നടത്തിയ അപ്പോയ്ന്റ്മെന്റ് എന്നുമുതല്‍ മനഃപൂര്‍വം പ്ലാന്റ് ചെയ്യുന്ന ബൈലൈന്‍ സ്റ്റോറികളുണ്ട്. കാര്‍ട്ടൂണുകളും മിഡില്‍ പീസുകളും എഡിറ്റോറിയില്‍ പേജ് ലേഖനങ്ങളുമുണ്ട്. കൃത്യവും സൂക്ഷ്മവുമായ അജണ്ട കാണാം. കേരളത്തില്‍ കോണ്‍ഗ്രസ് തെറ്റിദ്ധരിക്കുന്നത്, അല്ലെങ്കില്‍ തെറ്റിദ്ധരിക്കുന്നതായി ഭാവിക്കുന്നത്, ഇത് ഇടതുപക്ഷ സര്‍ക്കാരിനെതിരെ നടക്കുന്ന എത്തിക്കല്‍ ജേണലിസത്തിന്റെ നിലപാടാണ് എന്നാണ്. ഇത് കോണ്‍ഗ്രസിനു പോലും അനുകൂലമല്ലെന്നും ആത്യന്തികമായി കോണ്‍ഗ്രസിനെ കൂടി ഇല്ലാതാക്കാനുള്ള പദ്ധതിയുടെ തുടര്‍ച്ചയാണെന്നും അവര്‍ക്ക് അറിയുമോ എന്നറിയില്ല.
ഇതില്‍ ആദ്യം ഉദ്ധരിച്ച വേണു ബാലകൃഷ്ണന്റെ ചര്‍ച്ചക്കുമുന്നേയുള്ള വിധി പ്രസ്താവമുണ്ടല്ലോ, അതില്‍ പറയുന്ന സി.സി.ടി.വി കഥയൊക്കെ, ഈ ചര്‍ച്ച നടത്തുന്ന ദിവസത്തിന് എത്രയോ ആഴ്ച മുന്നേ സോഷ്യല്‍ മീഡിയ പൊളിച്ച് കയ്യില്‍ കൊടുത്ത നുണയാണ്. അങ്ങനെയൊന്നില്ല എന്നുള്ളത് ഫാക്റ്റ് ആണ്. നുണയുടെ, കളത്തിന്റെ അകമ്പടിയിലാണ് ചര്‍ച്ച നടത്തുന്നത്. ഗോക്രി എന്ന് പിന്നീട് സോഷ്യല്‍ മീഡിയ വിളിച്ച സംഘപരിവാറിന്റെ ശാസ്ത്രപണ്ഡിതന്റെ പണിയാണ് ഈ ജേണലിസം നിര്‍വ്വഹിക്കുന്നത്. വസ്തുതയാണെന്ന മട്ടില്‍ നുണകള്‍ അവതരിപ്പിക്കുക. നേരത്തേ സ്വയം പടച്ചുവിട്ട നുണയെ റഫറന്‍സ് ക്വാട്ട് ആയി ഉപയോഗിച്ച് ശാസ്ത്രീയത നല്‍കുക. ഇത് ഒരു ചര്‍ച്ച വിജയിപ്പിക്കുക എന്ന ലളിത ലക്ഷ്യത്തിലുള്ളതല്ല. അത് ഒരു പ്രചാരണത്തിന്റെ സ്വഭാവമാണ്.
നാലരവര്‍ഷം ഒരു സര്‍ക്കാര്‍ ഭരിച്ചതിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കക്ഷികള്‍ ഐതിഹാസിക വിജയം നേടിയ സന്ദര്‍ഭമാണ് ഇപ്പോഴുണ്ടായത്. ഇതേ കുറിച്ചുള്ള ചര്‍ച്ചയില്‍ തികച്ചും അപ്രസക്തനായ, തൃശൂരിലെ ഒരു ബി.ജെ.പി നേതാവ് പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് ഏഷ്യാനെറ്റ് നിര്‍ണാകമായ ന്യൂസ് അവറില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നതും ഈ അജണ്ടയുടെ തുടര്‍ച്ചയാണ്. കോര്‍പറേഷനുകളില്‍ അഞ്ച്-ഒന്ന്, ഗ്രാമസഭ, ബ്ലോക്ക്, ജില്ല എന്നിങ്ങനെ മുഴുവന്‍ മേഖലകളിലും ഇടതുപക്ഷം ജയിച്ച് നില്‍ക്കുകയാണ്. പലയിടത്തും കോണ്‍ഗ്രസ് തകര്‍ന്നു. പ്രതിപക്ഷത്തിനെതിരെ ആന്റി ഇന്‍കബന്‍സി ഉണ്ടാവുക എന്ന സവിശേഷമായ പ്രതിഭാസം ഉണ്ട്. മീഡിയ ഉന്നയിച്ച ആരോപണങ്ങളെ അടിപടലേ ജനം നിരാകരിച്ചു. പക്ഷേ, ചര്‍ച്ച ചെയ്യുന്നത്, അപ്രസക്തനായ - ഇവരുടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്, ഇവര്‍ നിര്‍ലോഭം അനുവദിക്കുന്ന സമയത്ത് നിരങ്കുശമായി മണ്ടത്തരങ്ങളും വിദ്വേഷവും സമാസമം പറയുന്നു എന്ന പ്രസക്തിയല്ലാതെ, കേരള സമൂഹത്തില്‍ ഒരു അടയാളവുമില്ലാത്ത- ഒരാളുടെ തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചാണ്. ഇതാണ് അജണ്ടയുടെ പ്രാക്റ്റീസ്.
സോഷ്യല്‍ മീഡിയ ഒന്നിന് പുറകെ ഒന്നായി പൊളിച്ചടുക്കിയിട്ടുള്ളതാണ് പല നുണപ്രചാരണങ്ങളും. ബ്ലോഗുകളുടെ കാലത്ത് ഒരു കൂട്ടം എഴുത്തുകാര്‍ ലാവ്ലിൻ കേസിന്റെ പുറകെ പോയി, കോടതി പിന്നീട് കണ്ടെത്തിയത് മുന്നേ തന്നെ, കേസിന്റെ മെറിറ്റില്ലായ്മ കണ്ടെത്തിയിരുന്നു, അത് പരസ്യമാക്കിയിരുന്നുവെന്നത് കേരളത്തിന്റെ ഓണ്‍ലൈന്‍ മീഡിയ ഇന്ററാക്ഷന്റെ ചരിത്രത്തിലുള്ള സുപ്രധാന വസ്തുതയാണ് എന്നോര്‍ക്കണം. അത്രയും ദീര്‍ഘവും സമഗ്രവുമായ അന്വേഷണ കൗതുകയും സ്ഥൈര്യമുള്ള സ്പേയ്സാണത്. അത് പിന്നീട് വികസിച്ചിട്ടേ ഉള്ളൂ. സ്പ്രിംഗ്ളര്‍ വിവാദമാകട്ടെ, ലൈഫ്മിഷന്‍ ആരോപണമാകട്ടെ, മാധ്യമങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളും ചേര്‍ന്നൊരുക്കിയ ഏത് രാഷ്ട്രീയ അജണ്ടകളുമാകട്ടെ, അതിനുള്ള മറുപടികളും, അതിനോടുള്ള ചോദ്യങ്ങളും ഉടനടി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രത്യക്ഷപ്പെടുക മാത്രമല്ല, അതിവേഗതയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ഈ വിവരവിപ്ലവത്തിന് ശേഷമാണ്, അപഹാസ്യമായ നുണകള്‍ മുഖ്യധാര മാധ്യമങ്ങള്‍ പുനരാവര്‍ത്തിച്ചുകൊണ്ടേയിരിരുന്നത്. എത്തിക്കല്‍ ജേണലിസമൊന്നും കേരളത്തിലെ മുഖ്യധാരക്ക് പരിചയമുള്ളതല്ല. പക്ഷേ ഫാസിസ്റ്റ് പ്രൊപഗാണ്ടയായി സ്ഥാപനങ്ങളും അതിലെ ജേണലിസ്റ്റുകളും ഒരുപോലെ മാറുന്ന കാഴ്ച ഇക്കാലത്തിന്റേതാണ്. ആറുമാസത്തിലധികമായി, ഒരു കള്ളക്കടത്ത് കേസില്‍ പ്രതികളെ രക്ഷിക്കാനും അതിന്റെ പരിസരങ്ങളെ പ്രയോജനപ്പെടുത്തി, സംഘപരിവാര്‍ അജണ്ട നിര്‍വ്വഹിക്കാനും ഇവര്‍ ഒരുമിച്ച് ശ്രമിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ നിറം പിടിപ്പിച്ച് അവതരിക്കപ്പെട്ടു.
പക്ഷേ നിര്‍ദാക്ഷിണ്യം പരാജയപ്പെട്ടു. മുഖ്യധാര ജേണലിസം, അതിന്റെ വലത്പക്ഷ അജണ്ടകള്‍ സഹിതം, തോറ്റമ്പിയതിന്റെ കൂടെ ദൃഷ്ടാന്തമാണ് ഈ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം.
Venu Edakkazhiyur
18 Dec 2020, 09:05 AM
നാലാം തൂണ് എന്ന് ആദരവോടെ വിളിക്കുന്ന മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവർത്തനവും കേരളത്തിൽ എത്രമാത്രം മലീമസവും ഫാസിസിറ്റ് ചിന്തകൾക്ക് ആരൂഢം നൽകുന്ന പ്രവർത്തനവുമായി മാറുന്നുണ്ട് എന്നതോടൊപ്പം ഉടമകളുടെ വലതുപക്ഷ ചിന്തകളെ ഊട്ടിയുറപ്പിക്കാൻ കൂലിയെഴുത്തും കൂലിപ്രസംഗവുമായി എങ്ങനെ തരം താഴ്ന്നു പോയി എന്നുകൂടി ശ്രീജിത്ത് ഈ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. തീർച്ചയായും വായിക്കുകയും ചർച്ചകൾക്കു വിധേയമാകുകയും ചെയ്യേണ്ട ഒന്ന്. ശ്രീജിത്തിന് അഭിവാദ്യങ്ങൾ!
അനിൽ പള്ളൂർ
17 Dec 2020, 09:23 PM
കൃത്യമായ നിരീക്ഷണം
Rasheed Arakkal
17 Dec 2020, 05:25 PM
Well written
Sudarsan Viswanathan
17 Dec 2020, 11:07 AM
Nice write up
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
ആര്‍. രാജശ്രീ
Dec 12, 2020
5 Minutes Read
Manoj
19 Dec 2020, 09:05 PM
നിഷ്പക്ഷ എഴുത്താണെന്ന ധാരണയിൽ സോളാർ കേസ് പരാമർശിക്കപ്പെടുമെന്നു കരുതി. സ്വർണക്കടത്തിൽ നിന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തുടങ്ങുന്നത്. സോളാർ ആരോപണത്തിൽ എന്തെങ്കിലും തെളിവ് ഇതേവരെ പുറത്തു വന്നിട്ടുണ്ടോ? അന്നു മാധ്യമങ്ങൾ എഴുതിയതു മറന്നുപോയോ ലേഖകൻ? എന്നിട്ടും നാലരവർഷമായി ആ കേസുമായി കളിക്കുകയാണ് ഈ സർക്കാർ. അഴിമതി മാറ്റിവച്ച് ഇരപരിവേഷമാണ് ഇപ്പോൾ അണിഞ്ഞിരിക്കുന്നത്. ആ സ്ത്രീ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കബളിപ്പിച്ചതിനു കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്യരുതെന്നു സർക്കാർ നിർദേശവും. ചാരക്കേസ് ആദ്യമായി റിപ്പോർട്ട് ചെയ്തതു തങ്ങളാണെന്ന് അവകാശപ്പെട്ട് ഒന്നാം പേജിൽ ബോക്സ് വാർത്ത നൽകിയത് ദേശാഭിമാനിയാണ്. കോൺഗ്രസിനെതിരെ CPM ഉൾപ്പെടെ ഇടതുപാർട്ടികൾ ഉന്നയിച്ച ആരോപണങ്ങളും സമരങ്ങളും നിറംപിടിപ്പിച്ച കഥകളും അവയിലൂടെ സംഘപരിവാർ വളർന്നതും വിസ്മരിച്ചു. സ്വിസ് ബാങ്കിൽ രാജീവ് ഗാന്ധിയുടെ നിക്ഷേപത്തിൻ്റെ കഥകൾ പാട്ടുപുസ്തകമാക്കി ഇറക്കിയവരാണ് ഇടതുപക്ഷം. അതിൻ്റെ പ്രചാരകരായിരുന്നു ഇടതു മാധ്യമങ്ങൾ. ബൊഫോഴ്സിൽ സിഎജി റിപ്പോർട്ട് വന്നപ്പോൾ രാജ്യമാകെ പ്രക്ഷോഭം അഴിച്ചുവിട്ടവർ ഇപ്പോൾ പറയുന്നു, ഇടതു സർക്കാരിനെതിരായ സിഎജി റിപ്പോർട്ട് ജനവിരുദ്ധമെന്ന്. ഇനിയും പറയാൻ എത്രയോ സംഭവങ്ങൾ. കുറിക്കുമ്പോൾ കൊള്ളുന്നതല്ല, കുറിക്കുകൊള്ളുന്നതാകട്ടെ എഴുത്തുകൾ.