ഡൗണ്‍സ് സിന്‍ഡ്രോമുള്ള
കുഞ്ഞിന്റെ അമ്മ
ഡൗണ്‍സ് സിന്‍ഡ്രോമുള്ള കുഞ്ഞിന്റെ അമ്മ
ഡൗണ്‍സ് സിന്‍ഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോള്‍ കുഞ്ഞിന് രക്താര്‍ബുദം...ഒടുവില്‍, മരണത്തിന്റെ പിടച്ചില്‍... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം
11 May 2020, 04:32 PM
ഓരോ ദിവസവും വളരുന്ന ആധിയുടെ ആസ്തി ബാദ്ധ്യതയാണ്, യാഥാസ്ഥിക കുടുംബത്തിന്റെ കണക്കുപുസ്തകത്തിലെ പെണ്‍കുട്ടി.
എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ച് ആധിയും വ്യാധിയും തീര്‍ക്കുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ സംവിധാനം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് എല്ലാവരും ആഗ്രഹിച്ച പോലെ ഒരു വിവാഹാലോചന വരുകയും നാട്ടുനടപ്പിനനുസരിച്ച് നടക്കുകയും ചെയ്തത്. കല്യാണം കഴിഞ്ഞ പിറ്റേമാസം മുതല്‍ തീണ്ടാരി മുറിഞ്ഞോ എന്നന്വേഷിക്കുന്ന ജനക്കൂട്ടത്തിനുനടുവിലാണ് ചെന്നുപെട്ടത്. വ്യക്തിജീവിതത്തിലുള്ള സാമൂഹിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ വ്യവസ്ഥയ്ക്ക് അനുകൂലമായി രൂപപെട്ടവര്‍ക്ക് പെട്ടെന്ന് കഴിയില്ലലോ. അങ്ങനെ, "വിശേഷം ആയില്ലേ' എന്ന ചോദ്യങ്ങള്‍ക്ക് വിരാമമിട്ട് മൂന്നാമത്തെ മാസം ഗര്‍ഭിണിയായി. സത്യത്തില്‍ കുട്ടികള്‍ ഇപ്പോള്‍ വേണോ വേണ്ടയോ എന്നൊന്നും ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. അതിനെക്കുറിച്ച് വേണ്ടത്ര ചിന്തിച്ചിരുന്നില്ല, മാനസികമായി പാകപ്പെട്ടിരുന്നുമില്ല.
എന്റെ ഛര്‍ദിയും തലചുറ്റലും ആഘോഷിക്കുന്ന ഒരു കൂട്ടത്തിനിടയില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. തുടര്‍ച്ചയായ അസുഖങ്ങള്‍... ആശുപത്രിയില്‍നിന്നിറങ്ങാന്‍ നേരമുണ്ടായിരുന്നില്ല. എന്ത് കഴിച്ചാലും ഛര്‍ദി. ഗ്ലൂക്കോസ് കയറ്റുക മാത്രേ നിവൃത്തി ഉണ്ടായിരുന്നുള്ളു. ഗര്‍ഭകാലം കൂടുതലും ആശുപത്രിയിലായിരുന്നു. ഓരോ സ്‌കാനിങ് റിപ്പോര്‍ട്ട് വരുമ്പോഴും കുഴപ്പമില്ല എന്ന് ഡോക്ടര്‍ പറയുമ്പോഴും ആശ്വാസപ്പെട്ടിരുന്നില്ല. 43 കിലോഗ്രാം മാത്രമുള്ള ശരീരത്തിന് താങ്ങാനാവുന്നതിലും അധികം അസ്വസ്ഥതകളാണ് ഗര്‍ഭകാലം തന്നത്. ഒരുദിവസം പോലും സന്തോഷത്തോടെ ജീവിച്ചിരുന്നില്ല. ഓരോ നിമിഷം ഓരോ യുഗങ്ങളായി ആശുപത്രിവരാന്തയിലൂടെ വലിയ വയര്‍ വലിച്ചു നടന്നു.
എട്ടാമത്തെ മാസം ചെക്കപ്പിന് പോയപ്പോള്‍, എന്റെ ഊഴത്തിന് കാത്തുനില്‍ക്കവേ സാരി നനഞ്ഞുവരുന്നതുപോലെ തോന്നി. അമ്‌നിയോട്ടിക് ദ്രവം മുഴുവനും ഒ.പി റൂമിനുമുന്നില്‍ ഒഴുകിപ്പരക്കുമ്പോഴും ഞാന്‍ പേടിച്ചുവിറച്ച് ഉറക്കെ കരഞ്ഞുകൊണ്ടിരുന്നത് മാത്രമാണ് ഓര്‍മ. ഉടന്‍ സിസ്സേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു എന്ന് നഴ്‌സ് ആണ് പറഞ്ഞത്.
ആണ്‍കുട്ടിയാണ്. രണ്ടു കിലോയില്‍ താഴെ മാത്രം തൂക്കം ഉള്ളതിനാല്‍ എന്‍.ഐ.സി.യുവിലായിരുന്നു.

പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ എന്നെ കാണാന്‍ വന്ന ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മുഖത്ത് സന്തോഷമില്ലായിരുന്നു. കുട്ടി ആരുടെ മാതിരിയാണ് എന്ന എന്റെ ചോദ്യത്തിനുമുന്നില്‍ നിശബ്ദത. റൂമിലേക്ക് മാറ്റിയപ്പോഴും മരണവീടിന്റെ കനത്ത മൗനം. നാലുദിവസത്തിനുശേഷമാണ് കുഞ്ഞിനെ കണ്ടത്. സൂചി തറക്കുന്ന സ്റ്റിച്ചിന്റെ വേദനയിലും വീല്‍ചെയറിലിരുന്ന് കുഞ്ഞിനെ കൈയിലെടുത്തു. അവനെ മുഴുവനായി നോക്കി. ചുവന്ന കയ്യും കാലും വിടര്‍ത്തി പരിശോധിച്ചു. കുഞ്ഞിന് പാല് കൊടുക്കേണ്ട എന്ന് സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. എന്നെ പോലെയുള്ള അമ്മമാര്‍ എന്‍.ഐ.സി.യുവിലിരുന്ന് പാല് കൊടുക്കുന്നുണ്ട്. എന്തുകൊണ്ട് എന്റെ കുഞ്ഞിന് പാല് കൊടുക്കേണ്ട എന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. പിന്നീട് എന്റെ ജീവിതത്തിലുണ്ടായ ചോദ്യങ്ങള്‍ ആരും കണ്ടില്ല, കേട്ടില്ല, കേട്ടിട്ടും മറുപടി തന്നില്ല.
അവന് സിദ്ധാര്‍ഥ് എന്ന് പേരിട്ടു. കുഞ്ഞിനെ കാണാന്‍ വരുന്നവര്‍ കണ്ണിന് എന്തോ കുഴപ്പമുണ്ടല്ലോ, കമിഴ്ന്നില്ലേ? മുട്ട് കുത്തിയില്ലേ? എന്നൊക്കെ ചോദിക്കുമ്പോഴും ഒരു സംശയവും തോന്നിയില്ല. വാക്സിന്‍ കൊടുക്കാന്‍ പോകുമ്പോഴും ഡോക്ടറും സിസ്റ്ററുമായി ഇടപഴകാന്‍ എന്നെ ആരും സമ്മതിക്കാറില്ല. ആ സമയത്ത് കുട്ടിയെ എന്റെ കയ്യില്‍ നിന്ന് അമ്മയും ഭര്‍ത്താവും വാങ്ങിക്കൊണ്ടു പോകും, കല്യാണങ്ങളിലും പാര്‍ട്ടികളിലും പങ്കെടുക്കാന്‍ പോയാല്‍ ആളുകള്‍ക്ക് കുട്ടിയെ പറ്റി ചോദ്യങ്ങളാണ്. കുട്ടിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് ആളുകള്‍ എന്റെ മുഖത്തു നോക്കി പറയാന്‍ തുടങ്ങിയപ്പോഴും ഞാന്‍ ശക്തമായി ഡിഫെന്‍ഡ് ചെയ്തു. പിന്നീട് ആളുകളെ പേടിച്ച് പുറത്തിറങ്ങാതെയായി. ഞാനും അവനും മാത്രമുള്ള ഒരു വൈകാരികാന്തരീക്ഷത്തില്‍ ഞങ്ങള്‍ പരസ്പരം സന്തോഷം കണ്ടെത്തി. അതിനിടയില്‍ കുട്ടിയെ അമ്മയുടെ അടുത്ത് ഏല്‍പ്പിച്ച് ഞാന്‍ എംഫില്‍ ചെയ്യാന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. പാര്‍ട് ടൈം ആയി ഗസ്റ്റ് ലക്ചറര്‍ ജോലിയും ചെയ്തു.
ഇതിനിടെ, കുഞ്ഞിനെയും കൊണ്ട് കോഴിക്കോട്ടെ ഒരു ഇലക്ട്രോണിക്ക് ഷോപ്പില്‍ ഭര്‍ത്താവിനോടൊപ്പം പോയപ്പോള്‍ ഒരാള്‍ എന്നെയും കുട്ടിയേയും മാറി നോക്കുന്നു. എന്തോ അസ്വാഭാവികതയുണ്ടായിരുന്നതിനാല്‍ അയാളുടെ കാഴ്ചവട്ടത്തില്‍ നിന്ന് മാറി നടന്നു, എന്നിട്ടും അയാള്‍ എന്റെ പിന്നാലെ വരുന്നു. ഇവിടെ നിന്ന് പെട്ടെന്ന് പോകണം എന്ന് ഭര്‍ത്താവിനോട് പറഞ്ഞപ്പോഴേക്കും അയാള്‍ തൊട്ടുപുറകില്‍. ഒക്കത്തുള്ള കുഞ്ഞിന്റെ മുഖത്തേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു, ഈ കുട്ടിക്ക് ഡൗണ്‍സ് സിന്‍ഡ്രോം ആണ്. "എനിക്കറിയാം, ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷ്യന്‍ ആണ്' എന്ന് അഭിപ്രായത്തെ ഉറപ്പിക്കാന്‍ ആധികാരികതക്ക് വേണ്ടി അയാള്‍ പറഞ്ഞു.
റിയാലിറ്റി എന്തെന്ന് അന്നാണ് ഞാന്‍ ഞെട്ടലോടെ മനസിലാക്കിയത്. അതൊരു ജനിതക വൈകല്യമാണ് എന്നും മനുഷ്യരില്‍ സാധാരണയുള്ള 23 ക്രോമോസോം ജോഡിയില്‍ 23-ാമത്തെ ജോഡിയില്‍ ഒന്ന് അധികരിച്ചുവരുന്ന അവസ്ഥയാണ് എന്നും ബി.എസ്സിക്ക് ജനറ്റിക്‌സില്‍ പഠിച്ചിരുന്നതായി ഓര്‍ത്തെടുത്തു.
ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അറിയാവുന്ന സത്യം എന്നില്‍നിന്ന് മറച്ചുവെച്ചതിനെ ഒരു ഭ്രാന്തിയെപോലെ ചോദ്യം ചെയ്തു. നിസ്സഹായരായ കുറെ കണ്ണുകള്‍ എനിക്കും ചുറ്റും കണ്ണീര്‍ വാര്‍ക്കുന്നതുമാത്രമായിരുന്നു ഞാന്‍ കണ്ടത്. 23-ാം വയസില്‍ ഇങ്ങിനെ ഒരു കുഞ്ഞുണ്ടാവാന്‍ യാതൊരു ചാന്‍സുമില്ല, അല്ലെങ്കില്‍ പ്രീവിയസ് ഫാമിലി ഹിസ്റ്ററി വേണം, അതും ഈ കേസില്‍ ഇല്ല, അല്ലെങ്കില്‍ ദമ്പതികള്‍ തമ്മില്‍ രക്തബന്ധമുണ്ടാകണം എന്നൊക്കെ ഡോക്ടര്‍മാര്‍ പറയുമ്പോഴും എന്റെ കൈയിലിരുന്ന മംഗോളിയന്‍ കണ്ണുകള്‍ സത്യം ഉറക്കെ വിളിച്ചു പറഞ്ഞു.
എല്ലാവരും കുട്ടിയെ വിചിത്രജീവിയെ പോലെ നോക്കുന്നത് കാണുമ്പോള്‍ ആദ്യമാദ്യം ഞാന്‍ തളര്‍ന്നു. പിന്നീട് എനിക്ക് വാശിയായി. അവനുവേണ്ടി ജീവിക്കണം. അവനെ ട്രെയിന്‍ ചെയ്‌തെടുക്കാന്‍ ഡൗണ്‍സ് സിന്‍ഡ്രോമിനെക്കുറിച്ച് കൂടുതല്‍ വായിച്ചു. ഡോക്ടര്‍മാരോട് സംശയങ്ങള്‍ ചോദിച്ചു, അവന്റെ അബ്‌നോര്‍മാലിറ്റി നോര്‍മല്‍ മനുഷ്യന്റേതുപോലെ ആക്കിയെടുക്കാന്‍ ശക്തമായ മനസ്സോടെ അവനോടൊപ്പം പൊരുതാന്‍ തീരുമാനിച്ചു. ഈ സമയത്തു ഞാനും അവനും വൈകാരികമായി അടുത്തു. അപ്പോഴും നാട്ടുകാര്‍ എന്നെയും കുഞ്ഞിനേയും വെറുതെ വിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും അടക്കിപ്പിടിച്ചും അവര്‍ കുട്ടിയുടെ അബ്‌നോര്‍മാലിറ്റിയെക്കുറിച്ച് വാചാലരായി.
ഡിപ്പാര്‍ട്ടുമെന്റില്‍ പോയാലും പെട്ടെന്ന് തിരിച്ചുവന്നു. ഒരു നിമിഷം പോലും പിരിഞ്ഞു നില്‍ക്കാന്‍ കഴിയുന്നില്ല. ഞാന്‍ പോകുമ്പോള്‍ അവന്‍ വാവിട്ട് കരഞ്ഞു. ഇതിനിടയിലും ഞാന്‍ അവന്റെ പ്രായത്തിലുള്ള മറ്റുള്ള കുട്ടികളെ നോക്കി, എന്തേ എനിക്കുമാത്രം ഇങ്ങിനെ എന്ന് നെടുവീര്‍പ്പിട്ടു.

രണ്ടു വയസായപ്പോഴേക്കും അവന്‍ സാധാരണ കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളിലേക്ക് വളരാന്‍ തുടങ്ങി. ഇടക്കിടെ അവന് പനി വന്നുകൊണ്ടിരുന്നു. ഡോക്ടര്‍മാരെ കാണിക്കുമ്പോള്‍ ആന്റിബയോട്ടിക് തരുകയും രണ്ടു ദിവസത്തിനുള്ളില്‍ മാറുകയും ചെയ്തു. മരുന്ന് കഴിഞ്ഞാല്‍ വീണ്ടും ശക്തമായി പനി വരും. കാലിലും കയ്യിലും കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രസവിച്ചപ്പോള്‍ മുതല്‍ കാണിച്ച ഡോക്ടറെ കാണിച്ചപ്പോള്‍ രക്തം പരിശോധിക്കണം എന്ന് പറഞ്ഞു. ബ്ലഡ് കൗണ്ട് പരിശോധന റിസള്‍ട്ടില്‍ അബ്‌നോര്‍മല്‍ സെല്‍ എന്ന് ഞാന്‍ വായിച്ചെടുത്തത് ഞെട്ടലോടെയാണ്. മറ്റൊരു രക്തപരിശോധന റിപ്പോര്‍ട്ട് വന്നപ്പോള്‍ ഡോക്ടര്‍ ഭര്‍ത്താവിനോടൊപ്പം എന്നെയും വിളിപ്പിച്ചു: രണ്ടു വയസ്സ് മാത്രമായ, ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടിക്ക് അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കേമിയ എന്ന രോഗം ബാധിച്ചിരിക്കുന്നു.
ഈ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേള്‍ക്കാം: ഡൗണ്‍സ് സിന്‍ഡ്രോമുള്ള കുഞ്ഞിന്റെ അമ്മ
എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, പരിഭ്രാന്തയായി കുറെ കരഞ്ഞു, അതിനുശേഷം ഒരു ശൂന്യത നിറഞ്ഞു. കണ്ണീരൊഴുകുന്ന കവിളില്‍ അവന്റെ തണുത്ത വിരല്‍ സ്പര്‍ശം ഞാനറിഞ്ഞു.
കോഴിക്കോട്ടുനിന്ന് കുടുംബത്തോടൊപ്പം സിദ്ധാര്‍ത്ഥിന്റെ ചികിത്സക്ക് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്ക് കുടുംബത്തോടെ യാത്ര. പീഡിയാട്രിക് ഓങ്കോളജി വാര്‍ഡിലെത്തിയപ്പോള്‍ എന്റെ ദുഃഖം നിസ്സാരമായി തോന്നി. എനിക്കുചുറ്റും എന്നെപ്പോലെ നിരവധി അമ്മമാരുണ്ടായിരുന്നു. അപ്പോഴും ഞാന്‍ ശ്രദ്ധിച്ച ഒരേ വ്യത്യാസം, എനിക്കുമാത്രമാണ് ഡൗണ്‍സ് ഉള്ള കുട്ടി. എനിക്ക് മാത്രമല്ല, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും അവന്‍ പഠിക്കാനുള്ള സ്‌പെസിമെന്‍ ആയിരുന്നു. "ഡൗണ്‍സ് വിത്ത് എ എല്‍ എല്‍' എന്നായിരുന്നു അവന്റെ മെഡിക്കല്‍ നെയിം. ഓരോ തവണ കീമോ കഴിയുമ്പോഴും അവന്‍ തളര്‍ന്നു. ഉറക്കമില്ലാത്ത കുഞ്ഞിനെ തോളിലിട്ട് രാത്രി വരാന്തകളില്‍ നടന്ന് നേരം വെളുപ്പിച്ചു. എന്നെപ്പോലെ അവനെ നോക്കിയിരുന്ന മറ്റൊരാള്‍ എന്റെ അമ്മയാണ്. ഐ.സി.യുവില്‍ അമ്മയുടെ ഉറക്കമില്ലാത്ത മുഖം കണ്ട് ഡോക്ടര്‍മാര്‍ വരെ സങ്കടപ്പെട്ടു.
ഓരോ തവണയും രക്തപരിശോധനാഫലം വരുമ്പോള്‍ അടുത്ത കീമോ ചെയ്യാനുള്ള WBC അവന് ഉണ്ടാവണേ എന്നുമാത്രമായിരുന്നു പ്രാര്‍ത്ഥന. ഓങ്കോളജി വാര്‍ഡിലുള്ള തൂണുകളില്‍ പോലും ദൈവത്തെ ഞാന്‍ കണ്ടു. പാസ്റ്റര്‍മാരുടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. യുക്തിക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ആവേശത്തോടെ പങ്കെടുത്തു. വെല്ലൂര്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള ക്രിസ്ത്യന്‍ പള്ളിയില്‍ മെഴുകുതിരി കത്തിച്ചു. ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ സായിബാബയെ കാണാന്‍ പോയി, എന്തിന് അമൃതാനന്ദമയിയെ കണ്ട് കെട്ടിപ്പിടിച്ചുകരഞ്ഞു.

ഇപ്പോഴും ആളുകള്‍ ഇത്തരം യുക്തിരഹിതമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പരിഹസിക്കാറില്ല, കുറ്റപ്പെടുത്താറില്ല; കാരണം എനിക്കറിയാം, മനുഷ്യന്‍ പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് അന്വേഷിക്കുന്ന ധൃതിയിലാണ്, ഒരുപക്ഷെ എന്താണ് ചെയ്യുന്നത് എന്നറിയാത്ത ഭ്രാന്തമായ അവസ്ഥ. മനുഷ്യന്റെ നിസ്സഹായാവസ്ഥകളില്‍ പ്രതിമ പോലും ദൈവമാക്കാന്‍ അവന് പ്രത്യേക കഴിവാണ്.
ദിവസം ചെല്ലുംതോറും അവന്റെ അവസ്ഥ മോശമായി, ശരീരം മരുന്നിനോട് പ്രതികരിക്കാതെയായി. അവസാന കീമോതെറാപ്പിക്കുശേഷം ഡോക്ടര്‍ ഞങ്ങളെ വിളിപ്പിച്ചു. ഡൗണ്‍സ് ഉള്ള കുട്ടിക്ക് ഇന്റന്‍സീവ് കീമോതെറാപ്പി ആവശ്യമാണ്. പക്ഷെ അത് ചെയ്യാനുള്ള WBC യും ആരോഗ്യവും ഇല്ലാത്ത കുഞ്ഞായതുകൊണ്ട് തുടര്‍ ചികിത്സ നടക്കില്ല എന്ന് വെല്ലൂരിലെ ഓങ്കോളജി ഡോക്ടര്‍മാര്‍ വെട്ടിത്തുറന്നുപറഞ്ഞു.
ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങിയപ്പോള്‍ ഞങ്ങള്‍ നിസ്സംഗരായിരുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് വരാന്തയിലൂടെ നടക്കുമ്പോള്‍ ആരോ കവറില്‍ കൊണ്ടുപോകുന്ന ചോറിന്റെ കൂടെയുള്ള വലിയ പപ്പടം നോക്കി ഞാന്‍ ഓക്കാനിച്ചു ഛര്‍ദിച്ചു. എന്റെ ഉള്ളിലുള്ള ഉത്കണ്ഠ തറയെ വൃത്തികേടാക്കി. അവിടെനിന്ന് നേരെ എറണാകുളം അമൃതയില്‍ രണ്ടു മാസം, അവിടെ നിന്ന് കോഴിക്കോട് മിംസില്‍, അവസാനം കോഴിക്കോട് ബേബി മെമ്മോറിയലില്‍.
അന്ന് ജൂലൈ മൂന്ന്. കുറെക്കാലമായി ആശുപത്രിവാസമായതുകൊണ്ട് അന്ന് എനിക്ക് യൂണിവേഴ്‌സിറ്റിയില്‍ പോകണം എന്നു തോന്നി. കുറെ ദിവസമായി ഐ.സി.യുവിനുമുന്നില്‍ ഇരിക്കുന്നു. ഓടിപ്പോയി വന്നാലോ എന്നുകരുതി ഡോക്ടറോട് ചോദിച്ചു. പോയിട്ട് വന്നോളൂ എന്ന് ഡോക്ടര്‍ ആവേശത്തോടെ പറഞ്ഞു. അന്ന് ഡിപ്പാര്‍ട്ടുമെന്റില്‍ കയറിയപ്പോള്‍ കുട്ടികള്‍ മാത്രം ഇരിക്കുന്ന, ടീച്ചര്‍ ഇല്ലാത്ത ക്ലാസില്‍ തിടുക്കത്തില്‍ കയറി ക്ലാസെടുത്തു.
കുറെ കാലത്തിനുശേഷം എന്നെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതവും അമ്പരപ്പും. ക്ലാസെടുക്കുമ്പോള്‍ പെട്ടെന്ന് കുഞ്ഞിനെ ഓര്‍മ്മ വന്നതിനാല്‍ പിന്നീട് എന്താണ് ഞാന്‍ പറയുന്നത് എന്ന് ഓര്‍മയില്ലായിരുന്നു. പെട്ടെന്ന് ക്ലാസില്‍ നിന്നിറങ്ങി നേരെ ആശുപത്രിയിലെത്തി, അവിടെ എത്തിയപ്പോള്‍ ഫോണില്‍ ടീച്ചറുടെ വിളി: "ശ്രീകല അനുവാദം വാങ്ങാതെയാണ് ക്ലാസ്സില്‍ കയറിയത്'. അപ്പോഴാണെല്ലോ ഞാന്‍ അതോര്‍ത്തത്, സോറി മാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഐ.സി.യുവില്‍ കയറുന്നു. അര മണിക്കൂറിനകം നാട്ടുകാരെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും ആശുപത്രി നിറഞ്ഞു.
അവസാനമായി അവനെ കാണാന്‍ എന്നെ നിര്‍ബന്ധിച്ച് കൊണ്ടുപോയപ്പോള്‍ അവന്‍ വെന്റിലേറ്ററിലായിരുന്നു. അപ്പോഴേക്കും അവന്‍ മരണത്തിന് കീഴടങ്ങി എന്ന് ഞാന്‍ മനസിലാക്കിയിരുന്നു. എനിക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഏതെങ്കിലും വാഹനത്തിനുമുന്നില്‍ തലവെക്കണം.
അവിടെ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ ആരുടെയൊക്കയോ കൈകളില്‍ കിടന്ന് ഞാന്‍ പിടഞ്ഞതുമാത്രമാണ് ഓര്‍മ. സെഡേഷന്‍ തന്നതുകൊണ്ട് അവസാനമായി അവനെ നോക്കി ഞാന്‍ കരഞ്ഞതുപോലുമില്ല.

വര്‍ഷം പലതുകഴിഞ്ഞു. എനിക്ക് മുന്നോട്ടുപോയേ തീരൂ. ആദ്യ ജീവന്‍ മുതല്‍ പരിണാമം ഓരോ ജീവകോശങ്ങളിലും ചേര്‍ത്തുവിട്ട അതിജീവനത്വര എന്നെ ഇപ്പോള്‍ നില്‍ക്കുന്നിടത്തെത്തിച്ചു. രണ്ടു കുട്ടികള്‍ കൂടിയുണ്ടായി. ഓരോ ഗര്‍ഭാവസ്ഥയിലും പ്രസവത്തിലും കുഞ്ഞുങ്ങളുടെ ശൈശവകാലത്തും ഒരു ആവര്‍ത്തനത്തെ ബോധത്തിലും അബോധത്തിലും ഭയന്ന് കരഞ്ഞും പ്രാര്‍ത്ഥിച്ചും കഴിച്ചു. ഭയന്നതൊന്നും സംഭവിച്ചില്ല, ആരോഗ്യമുള്ള രണ്ട് കുട്ടികള്‍ കൂടെയുണ്ട്. വാശിയോടെ അദ്ധ്വാനിച്ചു, കണ്ണീരിലൂടെ പിറ്റേന്നത്തേക്കുള്ള പോര്‍ഷനുകള്‍ വായിച്ചു. പറ്റാവുന്നതൊക്കെ എഴുതി. ഒരു സാമൂഹ്യജീവിയിലേക്ക് പരിണമിക്കാന്‍ ആഞ്ഞുശ്രമിച്ചു. അതിലെ വിജയവും പരാജയവും എനിക്കറിയില്ല, ഞാനതിനെക്കുറിച്ച് ആകുലപ്പെടുന്നതേയില്ല. ചെയ്യാനുള്ളത് എന്ന് കരുതുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇതെഴുതുമ്പോള്‍ ആലോചിക്കുകയായിരുന്നു; അന്ന് ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങിനെ ഒരു ജീവിതം ജീവിക്കാന്‍ കഴിയുമായിരുന്നോ? എന്റെ രണ്ട് കുഞ്ഞുങ്ങളോടൊപ്പം ജീവിതം ആസ്വദിക്കാന്‍ കഴിയുമായിരുന്നോ? തിരിഞ്ഞുനോക്കുമ്പോള്‍ 25 വയസ്സിനുള്ളില്‍ ജീവിച്ച ജീവിതം കയ്പ്പുള്ള ഒരു സിനിമ കണ്ടിറങ്ങിയതുപോലെയുണ്ട്. മറന്നിട്ടില്ല ഒന്നും, മറക്കാന്‍ പറ്റുകയുമില്ല. എല്ലാം അവിടെത്തന്നെയുണ്ട്. ഒരേസമയം കരുത്തും കരച്ചിലും തരുന്ന, ഇതെഴുതുമ്പോഴും അക്ഷരങ്ങള്‍ കണ്ണില്‍ നിറയുന്ന ജലത്തിലൂടെ അവ്യക്തമാകുന്ന, ക്രൂരമായ ഓര്‍മ.
ശ്രീകല മുല്ലശ്ശേരിയുടെ മറ്റ് ലേഖനങ്ങള്‍
ഇതാ ഹെമിങ്‌വേയുടെ അപ്രകാശിത കഥ
Dr Rejani . H
13 May 2020, 04:54 PM
സ്വന്തം കുഞ്ഞിന് ഒരു ചെറിയ അസുഖം വന്നാൽ പോലും സഹിക്കാൻ കഴിയില്ല. അപ്പോൾ ഇതു പോലെയുള്ള അവസ്ഥകൾ .....പക്ഷെ അനുഭവങ്ങൾ നമ്മളെ ശക്തരാക്കുന്നു. സ്വന്തം ജീവിതം , അസ്തിത്വം തിരിച്ചറിയാൻ സഹായിക്കുന്നു. ഡിസ് ലെക്സിയ ഉള്ള രണ്ടു കുട്ടികളുടെ അമ്മ .....
Vaishakh
12 May 2020, 07:44 PM
ചില അനുഭവങ്ങളോട് ആശ്വാസമായെത്താൻ വാക്കുകൾ അശക്തമാണെന്ന് തോന്നും. അടുത്തുണ്ടായിരിക്കുകയാണെങ്കിൽ വിരലിലോ തോളത്തൊ ഒന്ന് തൊടുന്നത് ഉള്ളിലെ കനം കുറയാൻ കാരണമായേക്കും.
Vinodinimullassery
12 May 2020, 02:33 PM
Eniku kannerukondu aksharangal poornnamakunnnilla kala
Gopikrishnan r
12 May 2020, 01:25 PM
നിങ്ങളെപോലുള്ളവരാണ് ജീവിക്കേണ്ടത്. . .
Jaseena
11 May 2020, 09:57 PM
അവൻ സ്വർഗ്ഗത്തിൽ നിന്നെയും കാത്ത് ഇരിക്കുന്നുണ്ടാവും, വളരെ സന്തോഷത്തോടെ....
പി പ്രേമചന്ദ്രൻ
11 May 2020, 07:53 PM
അസാധാരണമായ ജീവിത സന്ദർഭത്തിലും തകരാതെ നിന്ന കരുത്തിന് അഭിവാദ്യങ്ങൾ.
ഡോ. ഉമര്‍ തറമേല്‍
Jan 21, 2021
15 Minutes Read
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
എൻ സി ഹരിദാസൻ
15 May 2020, 12:43 PM
ഇത്തരം ജീവിതാഖ്യാനങ്ങളാണ് വായനക്കാരിൽ മനുഷ്യത്വം നിലനിർത്താൻ സഹായിക്കുന്നത്.ഒരുപാട് നന്ദി....