SSLC ഫലം:
CBSE ലോബിയുടെ തന്ത്രം ഫലിച്ചു,
ആഘോഷിക്കട്ടെ, ഭരണകൂടത്തിലെ അന്തഃപ്പുരങ്ങൾ
SSLC ഫലം: CBSE ലോബിയുടെ തന്ത്രം ഫലിച്ചു, ആഘോഷിക്കട്ടെ, ഭരണകൂടത്തിലെ അന്തഃപ്പുരങ്ങൾ
എസ്.എസ്.എൽ.സി വിജയശതമാനത്തില്‍ നേരിയ കുറവുമാത്രമേ ഈ വര്‍ഷം ഉള്ളൂ. വിജയശതമാനം കൂടുന്നതില്‍ ആര്‍ക്കും വിയോജിപ്പോ പ്രതിഷേധങ്ങളോ ഇല്ല. സി.ബി.എസ്.ഇ വക്താക്കള്‍ക്കുവേണ്ടത് പൊതുവിദ്യാലയങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണം കുറയുക എന്നതാണ്. അതിനു വേണ്ടിയുള്ള തന്ത്രങ്ങളാണ് അവര്‍ എന്നും ആവിഷ്‌കരിച്ചിട്ടുള്ളത്. അത് ഫലിച്ചിരിക്കുന്നു. കൃത്യം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുന്നു. കുട്ടികളുടെ ഉത്കണ്ഠയോടൊപ്പം നിന്ന് പൊതുവിദ്യാഭ്യാസത്തിന് വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍, പി. പ്രേമചന്ദ്രന്‍ ട്രൂ കോപ്പിയിലൂടെ ഉന്നയിച്ച ആശങ്കകൾ 100% ശരിയായിരുന്നു എന്ന് എസ്.എസ്.എൽ.സി പരീക്ഷാഫലം തെളിയിക്കുന്നു. ഫോക്കസ് ഏരിയ വിഷയത്തിലും എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാനടത്തിപ്പിന്റെ കാര്യത്തിലും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പൊതുസമൂഹത്തിനൊപ്പവും നിന്ന് ട്രൂ കോപ്പി ഉയർത്തിയ ആശങ്കകളെ, ഇത്തവണത്തെ എസ്.എസ്.എൽ.സി ഫലത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നു
16 Jun 2022, 12:49 PM
ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി ഫലം ആരെയാണ് കൂടുതല്‍ തൃപ്തരാക്കിയിട്ടുണ്ടാവുക? പൊതുവിദ്യാഭ്യാസത്തിനുവേണ്ടി നിലകൊള്ളുന്നവരെ ആയിരിക്കുമോ? അല്ല പൊതുവിദ്യാഭ്യാസത്തിന്റെ മേല്‍ക്കൈ നഷ്ടപ്പെടുന്നതിനായി തന്ത്രങ്ങള്‍ മെനയുന്നവരെ ആയിരിക്കുമോ?
എസ്.എസ്.എൽ.സി വിജയശതമാനത്തില്‍ നേരിയ കുറവുമാത്രമേ ഈ വര്‍ഷം ഉള്ളൂ, മുന്‍വര്‍ഷത്തെ എസ്.എസ്.എൽ.സിയുടെയും സി.ബി.എസ്.ഇ പത്താം ക്ലാസിന്റെയും അടുത്തുതന്നെ, അതായത്, 99 ശതമാനത്തിനുമുകളില്‍. വിജയശതമാനം കൂടുന്നതില്‍ ആര്‍ക്കും വിയോജിപ്പോ പ്രതിഷേധങ്ങളോ ഇല്ല.
സി.ബി.എസ്.ഇ വക്താക്കള്‍ക്കുവേണ്ടത് പൊതുവിദ്യാലയങ്ങളില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണം കുറയുക എന്നതാണ്. അതിനു വേണ്ടിയുള്ള തന്ത്രങ്ങളാണ് അവര്‍ എന്നും ആവിഷ്‌കരിച്ചിട്ടുള്ളത്. അത് ഫലിച്ചിരിക്കുന്നു. കൃത്യം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുന്നു.
ചോദ്യപേപ്പര്‍ ഘടനാമാറ്റത്തിന്റെ ലക്ഷ്യങ്ങള്‍
എസ്.എസ്.എൽ.സി ഒരു പഠനകാലയളവിന്റെ അവസാനപടിയാണ്. അടുത്ത ഘട്ടം മുതല്‍ തെരഞ്ഞെടുപ്പിലൂടെ / നേടുന്ന ഗ്രേഡുകളുടെ, സ്‌കോറുകളുടെ ബലത്തില്‍ കയറിപ്പോകേണ്ട പടവുകളാണ്. ആ യാത്രയില്‍ പൊതുവിദ്യാലയത്തിലെ കുട്ടികളെക്കാള്‍ മുന്നിലെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ സി.ബി.എസ്.ഇക്കുവേണ്ടി നിലകൊള്ളുന്ന ആളുകള്‍ക്കുള്ളൂ. പൊതുവിദ്യാലയത്തിലെ എല്ലാ ഘട്ടത്തിലും (എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും) മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന കുട്ടികളുടെ എണ്ണം കുറക്കുക എന്ന ഒറ്റ അജണ്ടയിലാണ് അവര്‍ അവരുടെ നിലനില്‍പ്പിനെപ്പോലും കാണുന്നത്. അതവരുടെ ജീവന്മരണ പ്രശ്‌നമാണ്.
സര്‍ക്കാര്‍ ഉത്തരവുകള്‍ പോലും തെറ്റായി വ്യാഖ്യാനിച്ചാണ് ഈ വര്‍ഷത്തെ പൊതു പരീക്ഷാചോദ്യപേപ്പര്‍ ഘടനാമാറ്റം കൊണ്ടുവന്നത്. ഡിസംബറില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ നോണ്‍ ഫോക്കസ് ഏരിയ പ്രത്യേക വിഭാഗമായാണ് ചോദ്യപേപ്പറില്‍ അച്ചടിക്കുക എന്നതിന്റെ ഒരു സൂചനപോലും ഉണ്ടായിരുന്നില്ല. മുന്‍വര്‍ഷത്തേതുപോലെ, ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും ഇടകലര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുകയും കുട്ടികള്‍ക്ക് അറിയുന്ന ചോദ്യങ്ങള്‍ക്കുത്തരം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും എന്നുതന്നെയാണ് ആ ഉത്തരവ് വായിച്ചാല്‍ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകർക്ക് മനസ്സിലാവുക. ജനുവരിയില്‍ അടക്കം കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ പരീക്ഷാബോധവത്കരണ ക്ലാസുകള്‍ നടത്തിയത് ഈ ധാരണയുടെ പുറത്തായിരുന്നു.

സ്വഭാവികമായും, ഫോക്കസ് ഏരിയ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ അതില്‍ വരുന്ന പാഠഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുക എന്നതാണല്ലോ സംഭവിക്കുക. അങ്ങനെയാണ് സ്‌കൂള്‍ തുറന്ന നവംബര്‍ മുതല്‍ സര്‍ക്കാര്‍വൃത്തങ്ങളും പറഞ്ഞുകൊണ്ടിരുന്നത്. അതിന് തൊട്ടുമുമ്പ് നടന്ന പരീക്ഷയുടെ ചോദ്യങ്ങളും അതേരീതിയിലുള്ളതായിരുന്നു. ഇടിത്തീ പോലെയാണ് കുട്ടികള്‍ അറിഞ്ഞത്, അവര്‍ ശ്രദ്ധാപൂര്‍വം പഠിക്കാത്ത നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നും, പലതിലും ഓപ്ഷനുകള്‍ കൂടി ഇല്ലാതെ ചോദ്യങ്ങള്‍ പ്രത്യേക വിഭാഗമായി പൊതുപരീക്ഷയില്‍ ചോദിക്കുമെന്നും, അവക്കുകൂടി ഉത്തരമെഴുതിയില്ലെങ്കില്‍ തങ്ങളുടെ 30% സ്‌കോര്‍ നഷ്ടപ്പെടുമെന്നും. അത് അവിശ്വസനീയമായിരുന്നു. അതും പൊതുപരീക്ഷ നടക്കാനിരിക്കുന്നതിന് ഒന്നരമാസം മുമ്പ്! അത് ഈ വര്‍ഷത്തെ എസ്.എസ്. എൽ.സി / ഹയര്‍ സെക്കന്ററി കുട്ടികളിലുണ്ടാക്കിയ ഉത്കണ്ഠ ചില്ലറയല്ല. പലരും മനോവിഭ്രാന്തിയിലായി. ആശുപത്രികളില്‍ ചികിത്സ നേടിയവരും പേടിച്ച് പരീക്ഷ എഴുതാതിരുന്നവരും നിരവധിയാണ്. ആത്മാഹുതികളും നടന്നു. പലരേയും പേടിച്ച് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നുമാത്രം.
ഈ കുട്ടികളുടെ ഉത്കണ്ഠയോടൊപ്പം നിന്നാണ് പൊതുവിദ്യാഭ്യാസത്തിന് വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍, പി. പ്രേമചന്ദ്രന്‍ കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ ഈ വിഷയം ഉന്നയിച്ചത്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ 100% ശരിയായിരുന്നു എന്ന് ഈ പരീക്ഷാഫലം തെളിയിക്കുന്നു. അദ്ദേഹം അപ്പറഞ്ഞതിന് സര്‍ക്കാര്‍ അച്ചടക്ക നടപടിയുടെ നൂലാമാലകളിലൂടെ കടന്നുപോവുകയാണെങ്കിലും!
ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി ഫലത്തെ, പ്രത്യേകിച്ചും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തെ തൊട്ടു മുന്‍വര്‍ഷത്തെ കുട്ടികളുടെ ഫലവുമായല്ല താരതമ്യം ചെയ്യേണ്ടത് എന്നും അത് സാധാരണനിലയില്‍ കുട്ടികള്‍ പരീക്ഷയെഴുതിയ അതിനും മുന്നിലെ വര്‍ഷത്തെ ഫലവുമായാണ് വേണ്ടത് എന്നുമുള്ള വിചിത്രവാദം ചിലര്‍ ഉന്നയിക്കുന്നുണ്ട്. അത് അസംബന്ധമാണ്. എപ്രകാരമെന്നാല്‍ എല്ലാ ആരോഗ്യ- കായിക ശ്രദ്ധയും പരിചരണവും പരിശീലനവും ലഭിച്ച കളിക്കാര്‍ നേടിയ ഫലത്തേയും, ഭീതിയുടെ ജയിലിലടക്കപ്പെട്ട് ഒരു പരിചരണവും പരിശീലനവും ലഭിക്കാതെ നാമമാത്രമായ സാമഗ്രികള്‍ വെച്ചു മാത്രം ഒരു സംഘം നേടിയ വിജയത്തേയും തുലനം ചെയ്യുന്നതുപോലെ വിഡ്ഢിത്തം നിറഞ്ഞത്!
തൊട്ടുമുന്‍വര്‍ഷം കുട്ടികളെ ചേര്‍ത്തുപിടിച്ചാണ്, കോവിഡ് സാഹചര്യത്തില്‍ അവര്‍ക്ക് ആശ്വാസം നല്‍കുംവിധം അയവുള്ള ഒരു പൊതു പരീക്ഷ കേരള സര്‍ക്കാര്‍ നടത്തിയത്. പിന്തുടര്‍ന്നുവരുന്ന ഒരു പാഠ്യപദ്ധതിയുടെ അനുബന്ധമായിരുന്നു ആ നിലപാട്. കോവിഡിനേക്കാള്‍ ഭയപ്പെടുത്തുന്ന പരീക്ഷയുടെ എരിതീയിലേക്ക് കുഞ്ഞുങ്ങളെ നിഷ്‌കരുണം എടുത്തെറിയുന്ന സമീപനമല്ല അന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സംഘടനകളും അക്കാദമിക സ്ഥാപനങ്ങളും യോജിച്ച് ആലോചിച്ചെടുത്തത്. കുട്ടിയാണ് പാഠ്യപദ്ധതിയുടെ കേന്ദ്രമെങ്കില്‍ അവരുടെ ഉല്‍ക്കണ്ഠകള്‍ക്കും പ്രയാസങ്ങള്‍ക്കുമാണ് മുന്‍ഗണന ലഭിക്കുക. അവര്‍ക്ക് ലഭിച്ച പരിമിതമായ പഠനസമയമാണ് പ്രഥമപരിഗണനയ്ക്കായി വരിക. അത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ആ വര്‍ഷം പരീക്ഷാ മാനദണ്ഡങ്ങള്‍ അപ്രകാരം ആയിത്തീര്‍ന്നത്. 40% മാത്രം ഫോക്കസ് ഏരിയ നിശ്ചയിച്ചു. ചോദ്യപ്പേപ്പറുകളില്‍ 100% ചോദ്യങ്ങള്‍ അധികമായി നല്‍കി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി വീണ്ടും സമയമുണ്ടെങ്കില്‍ അറിയുന്ന മൂന്നോ നാലോ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം എഴുതാമെന്നും അതുകൂടി അധ്യാപകര്‍ വിലയിരുത്തി കുട്ടികള്‍ക്ക് പരമാവധി സ്‌കോര്‍ നല്‍കാമെന്നും തീരുമാനിച്ചു.

തീര്‍ച്ചയായും ഒരു മഹാമാരിക്കാലത്ത് കുട്ടികളുടെ പക്ഷത്തുനിന്ന് എടുക്കാവുന്ന ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു അത്. സ്വാഭാവികമായും കുട്ടികള്‍ക്ക് നല്ല ഗ്രേഡ് ലഭിച്ചു. എ പ്ലസുകാരുടെ എണ്ണം 1,25,509 ആയി. എന്നാല്‍ പൊതുവിദ്യാലയത്തിലെ ഇത്രയും കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചപ്പോള്‍ അത് പൊടുന്നനെ നിലവാരമില്ലായ്മയുടെ അടയാളമായി ചിലര്‍ വ്യാഖ്യാനിച്ചു. ഈ വ്യാഖ്യാനം പുതുതായി ഉണ്ടായ ഒന്നല്ല.
നേരത്തെ 30 / 40 ശതമാനമുണ്ടായിരുന്ന എസ്.എസ്.എൽ.സി / പ്രീ ഡിഗ്രി ഫലം പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നശേഷം 90 ശതമാനത്തിനുമുകളിലായപ്പോള്‍ ഈ നിലവാരമില്ലായ്മയെക്കുറിച്ചുള്ള പരിഹാസം പല കോണുകളില്‍നിന്നും പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ കേട്ടതാണ്. അന്ന് ഭരിച്ചിരുന്ന മന്ത്രിമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ നയിച്ചിരുന്ന സ്ഥാപനങ്ങളിലെ ഉന്നതര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങി പൊതുവിദ്യാഭ്യാസ പക്ഷത്ത് നിലകൊള്ളുന്ന എല്ലാവരും കുട്ടികള്‍ക്ക് സ്‌കോര്‍ ലഭിക്കുന്നതിനും വിജയശതമാനം കൂടുന്നതിനും ഒപ്പം നിന്നു. അത് ഒരു സമീപനമാറ്റത്തിന്റെയും നിലവാരമളക്കുന്നതില്‍ വന്ന വ്യതിയാനത്തിന്റെയും ഗുണാത്മകമായ സൂചനയാണെന്ന് അഭിമാനിച്ചു.
എന്നാല്‍ ഇന്ന് എ പ്ലസുകാരുടെ എണ്ണം കൂടിയതിനെ പരിഹസിക്കാന്‍ പുറപ്പെടുന്നതില്‍ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി കൂടി ഉള്‍പ്പെടുകയാണ്! അദ്ദേഹത്തിന്റെ വാക്കുകളില്‍, കഴിഞ്ഞവര്‍ഷം ഒന്നേകാല്‍ ലക്ഷത്തിനടുത്ത് കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ചത് എന്തോ മഹാപരാധമാണ് എന്ന ഇകഴ്ത്തൽ ടോണ്‍ പ്രത്യക്ഷമാണ്. അപ്രകാരം ഒരു പരീക്ഷാരീതി കൊണ്ടുവന്നത് മറ്റേതോ സര്‍ക്കാരിന്റെ കുത്സിതനീക്കത്തിന്റെ ഭാഗമാണ് എന്ന തോന്നലുണ്ടാക്കുന്നതാണ് ആ പുച്ഛം. അതിലെ വിമര്‍ശനങ്ങള്‍ ആ തീരുമാനമെടുത്ത ആളുകളുടെ മുഖത്തിനുനേരെയുള്ള കൊഞ്ഞനം കുത്തലാണെന്ന് അദ്ദേഹം ഓര്‍ക്കുന്നില്ല. അല്ലെങ്കില്‍ ഓര്‍മപ്പെടുത്തേണ്ടവര്‍ അതദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നില്ല.
കേരളത്തിലെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചതുകൊണ്ട് എന്ത് പ്രശ്‌നമാണ് ഇവിടെയുണ്ടായത്? കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് ഏകജാലകം വഴിയുള്ള പ്രവേശനം സംബന്ധിച്ച് പുതിയ ചില മാനദണ്ഡങ്ങള്‍ ഉപയോഗിക്കേണ്ടിവന്നു. ഉദ്യോഗസ്ഥതലങ്ങളില്‍ ആലോചിച്ച് ചില നിബന്ധനകളും ക്രമീകരണങ്ങളും ഉണ്ടാക്കേണ്ടിവന്നിട്ടുണ്ടാകാം. എങ്കിലും വലിയ പ്രശ്‌നം കൂടാതെ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം സമയബന്ധിതമായി നല്‍കാന്‍ കഴിഞ്ഞു. അത് സര്‍ക്കാര്‍ തന്നെ വലിയ നേട്ടമായി പറയുന്നുമുണ്ട്. ഞങ്ങള്‍ക്ക് മാത്രമാണ് ഉയര്‍ന്ന സ്‌കോര്‍ ലഭിക്കേണ്ടത് എന്ന് വിചാരിച്ചിരുന്ന സി. ബി. എസ്. ഇക്കാരുടെയും പൊതുവിദ്യാലയത്തിലെതന്നെ ഉയര്‍ന്ന വിഭാഗക്കാരുടേയും ആശകള്‍ക്ക് ചിലപ്പോള്‍ മങ്ങലേറ്റിട്ടുണ്ടാകാം. ചിലര്‍ക്ക് അവര്‍ ആഗ്രഹിച്ച സ്‌കൂളുകള്‍ ലഭിച്ചിട്ടുണ്ടാവില്ല. മറ്റു ചിലര്‍ക്ക് ആശിച്ച കോഴ്‌സുകളും. ഇന്നുവരെ അവരുടെ പരിഗണനയില്‍ വരാതിരുന്ന പിന്നാക്കക്കാര്‍ക്ക്, ദലിതര്‍ക്ക്, സാമൂഹികവും സാംസ്‌കാരികവുമായി വലിയ പിന്തുണയില്ലാത്ത മനുഷ്യരുടെ മക്കള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് അവരുടെ വരേണ്യതയെ കുത്തിനോവിച്ചിട്ടുണ്ടാകാം. തങ്ങള്‍ക്കുമാത്രം അതുവരെ ലഭിച്ചിരുന്ന സീറ്റുകള്‍ മറ്റു ചില പരിഗണനകള്‍ കൂടി വെച്ച് അത്തരം കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചതില്‍ അവര്‍ അസന്തുഷ്ടരാണ്. അവരുടെ ഈ അസന്തുഷ്ടിയും അസൂയയും അല്ലാതെ മറ്റാര്‍ക്കും ആ മഹാമാരിക്കാലത്തുണ്ടായ ഉയര്‍ന്ന റിസള്‍ട്ട് മോശമായി വന്നിട്ടില്ല. ആ സ്‌കോര്‍ ലഭിച്ച കുട്ടികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു.

അതേസമയം സി. ബി. എസ്. ഇ ഒരു പൊതുപരീക്ഷപോലും നടത്താതെ, കുട്ടികള്‍ക്ക് ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസ്സിലെയും ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നോക്കി ഉയര്‍ന്ന ഗ്രേഡുകള്‍ നല്‍കുകയാണുണ്ടായത്. സി. ബി. എസ്. ഇ സ്‌കൂളുകളുടെ ഫുള്‍ എ പ്ലസ് ശതമാനം പടിപടിയായി ഉയര്‍ന്നതിന്റെ വിശദാംശങ്ങള്‍ നിനിത കണിച്ചേരി ഫോക്കസ് ഏരിയ വിഷയത്തില്‍ ട്രൂ കോപ്പിയിൽ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സി. ബി. എസ്. ഇ ക്കാരുടെ ഉന്നതവിജയം നിലവാരരാഹിത്യമായി കേരളത്തില്‍ ഇന്നുവരെ ആര്‍ക്കും തോന്നിയിട്ടില്ല! പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് ഉന്നതവിജയം ലഭിക്കുമ്പോള്‍ മാത്രമാണ് അത് അനര്‍ഹവും അപകടകരവും വിദ്യാഭ്യാസ സമ്പ്രദായത്തിനുതന്നെ നാണക്കേടും ആയി ചിലര്‍ക്കൊക്കെ തോന്നുന്നത്!
താരതമ്യം പഴയ കാലവുമായല്ല, കോവിഡ് കാലവുമായി
എന്തുകൊണ്ട് ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി ഫലം കഴിഞ്ഞതിനും മുമ്പിലുള്ള, അതായത് സാധാരണ സമയത്തുള്ള അധ്യയനവര്‍ഷത്തെ പരീക്ഷാ ഫലവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. കോവിഡ് കാലത്തിനുമുന്‍പ് ഇരുന്നൂറോളം അധ്യയനദിവസങ്ങളിലായാണ് കുട്ടികള്‍ പഠനപ്രക്രിയ പൂര്‍ത്തിയാക്കിയിരുന്നത്. ഓരോ വിഷയത്തിനും സിലബസ് മുഴുവന്‍ പഠിപ്പിക്കപ്പെട്ട, റിവിഷന്‍ ക്ലാസുകള്‍ കൃത്യമായി ലഭിച്ച, നിരവധി ടേമിനല്‍ പരീക്ഷകളിലൂടെ കടന്നുവന്ന കുട്ടികളായിരുന്നു അവര്‍. പഠനത്തോടൊപ്പം സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ക്കുള്ള ഇടങ്ങള്‍ സ്‌കൂളുകളില്‍ അക്കാലത്തുണ്ടായിരുന്നു. കലോത്സവങ്ങളും കായികമേളയും പ്രവൃത്തിപരിചയമേളയും ക്ലബ്ബ് പ്രവര്‍ത്തനങ്ങളുമൊക്കെയായി അവര്‍ ഉന്മേഷകരമായ ഒരന്തരീക്ഷത്തിലായിരുന്നു പഠിച്ചതും പൊതുപരീക്ഷ എഴുതിയതും. അവരുടെ ഉത്കണ്ഠകളും വിഹ്വലതകളും പരിഹരിക്കാന്‍ തൊട്ടടുത്ത് അധ്യാപകര്‍ ഉണ്ടായിരുന്നു.
അങ്ങനെ എല്ലാ പിന്തുണാസംവിധാനങ്ങളും ഉണ്ടായിരുന്ന കുഞ്ഞുങ്ങളായിരുന്നു കോവിഡ് കാലത്തിനുമുമ്പ് പരീക്ഷ എഴുതിയത്. എന്നാല്‍ 200 അധ്യയന ദിവസങ്ങള്‍ക്കുപകരം ഓരോ വിഷയത്തിനും 25 മണിക്കൂറില്‍ താഴെ ക്ലാസ്! ഓണ്‍ലൈന്‍ ക്ലാസുകളില്‍ മഹാഭൂരിപക്ഷത്തിനും കയറാന്‍ കഴിയുന്നില്ല എന്ന് എസ് സി ഇ ആര്‍ ടി യുടെ തന്നെ കണ്ടെത്തലുകള്‍! ഒരുതരത്തിലുള്ള ടേമിനല്‍ പരീക്ഷകളിലൂടെയും കടന്നുപോകാന്‍ കഴിഞ്ഞില്ല!
നവംബറില്‍ സ്‌കൂള്‍ തുറക്കല്‍! ആഴ്ചയില്‍ മൂന്നുദിവസം പകുതി സമയം മാത്രം ക്ലാസ്! അവരാണ് ഇക്കൊല്ലം പരീക്ഷയെഴുതിയ ഹതഭാഗ്യര്‍.
തൊട്ടുമുന്‍വര്‍ഷത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ പ്രകടമായി ഇക്കുറി പരീക്ഷാ ഘടനയില്‍ വരുത്തിയത് സര്‍ക്കാര്‍ ഡിസംബറില്‍ കുട്ടികളെ അറിയിച്ചു. 40% ഉണ്ടായിരുന്ന ഫോക്കസ് ഏരിയ അതിന്റെ 50 % കൂടി വര്‍ധിപ്പിച്ച് 60 % ആക്കി. നൂറു ശതമാനം ചോദ്യങ്ങള്‍ അധികമായി നല്‍കിയിരുന്നത് ഒറ്റയടിക്കു വെട്ടിച്ചുരുക്കി 50 % ആക്കി. 80 സ്‌കോറില്‍ കൂടുതല്‍ എഴുതുകയാണെങ്കില്‍ അവ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിക്കപ്പെട്ടു. ഈ മൂന്ന് മാറ്റങ്ങളും കുട്ടികള്‍ക്ക് ഭീതിയുളവാക്കുന്നതായിരുന്നു. എങ്കിലും 60% ഉള്ള ഫോക്കസ് ഏരിയ കൃത്യമായും പഠിച്ചാല്‍ മികച്ച സ്‌കോര്‍ നേടാം എന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. അവര്‍ അതിനായുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു.
ഈ മാറ്റങ്ങള്‍ക്കൊപ്പം കേരളത്തിലെ പൊതുവിദ്യാലയത്തിലെ അധ്യാപകര്‍ നിന്നിരുന്നു. അപ്പോഴാണ് സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമുണ്ടാവുകയും ആ തീരുമാനത്തിനൊപ്പം രാഷ്ട്രീയ നേതൃത്വത്തിന് പിന്നീട് നില്‍ക്കേണ്ടിവരികയും ചെയ്തത്. നോണ്‍ ഫോക്കസ് ഏരിയ നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ഒന്നായി ചോദ്യപ്പേപ്പറില്‍ പ്രത്യേക വിഭാഗമായി അങ്ങനെ ഇടംപിടിച്ചു. അതില്‍ പല വിഭാഗങ്ങള്‍ക്കും ഓപ്ഷന്‍ പോലും ഇല്ലാതിരുന്നു. ഒറ്റവാക്കില്‍ നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യവിഭാഗത്തില്‍ ഓപ്ഷന്‍ ഇല്ലാത്തതു കൊണ്ടു മാത്രം എ പ്ലസ് നഷ്ടപ്പെട്ട നിരവധി കുട്ടികളുണ്ടാവും. ഈ ചോദ്യഘടനാ മാറ്റം ഉണ്ടാക്കിയ ഭീതി വലുതായിരുന്നു.
ഈ വര്‍ഷത്തെ പരീക്ഷാഫലത്തെ ഒരു കാരണവശാലും കഴിഞ്ഞതിന് മുന്‍വര്‍ഷം നടന്ന പരീക്ഷയുമായി താരതമ്യം ചെയ്യുക ശാസ്ത്രീയമല്ല എന്നാണ് പറഞ്ഞുവരുന്നത്. തൊട്ടുമുന്നില്‍ ചിലപ്പോള്‍ കോവിഡ് ഭീതി ഇത്രപോലുമില്ലാത്ത ഒരു സാഹചര്യത്തില്‍, പരീക്ഷയെഴുതിയ കുട്ടികളുടെ സ്‌കോറുമായുമാണ് താരതമ്യം ചെയ്യേണ്ടത്. അപ്പഴാണ് എ പ്ലസ് എണ്ണം മൂന്നില്‍ ഒന്നായി ചുരുങ്ങിയതിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയൂ. കഴിഞ്ഞ കോവിഡ് കാലത്ത് പരീക്ഷയെഴുതിയ കുട്ടിയെക്കാള്‍ സംഘര്‍ഷത്തിലാണ് ഈ വര്‍ഷത്തെ കുഞ്ഞുങ്ങള്‍ പൊതുപരീക്ഷ എഴുതിയതെന്നും അവര്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സാധ്യായദിവസങ്ങള്‍ ഇവര്‍ക്ക് സ്‌കൂളുകളില്‍ ലഭിച്ചിരുന്നില്ലെന്നതും കൂടി ഓര്‍ക്കണം. അപ്പഴേ ചോദ്യപേപ്പര്‍ ഘടനാമാറ്റം അതായത് നോണ്‍ ഫോക്കസ് ഏരിയ കള്ളി തിരിച്ച് നിര്‍ബന്ധപൂര്‍വ്വം എഴുതേണ്ട ഒന്നാക്കി മാറ്റിയവരുടെ വിജയച്ചിരിയുടെ രാഷ്ട്രീയം മനസ്സിലാവൂ.
എസ്.എസ്.എൽ.സി ഫലത്തെക്കാള്‍ ഇത് കൂടുതല്‍ ഗുരുതരമായി പ്രത്യക്ഷപ്പെടുക ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വരുമ്പോഴാണ്. അവിടെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളുടെയും ചില വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നേടിയ കുട്ടികളുടെയും എണ്ണത്തില്‍ ഇതിലും വലിയ കുറവുണ്ടാവുക തന്നെ ചെയ്യും.
അതിന് വലിയ ബുദ്ധി ഉപയോഗിച്ചവരുടെ തന്ത്രങ്ങള്‍ വിജയിച്ചതിന്റെ ആഘോഷങ്ങള്‍ ഇതിലും വലുതായി അന്തഃപ്പുരങ്ങളില്‍ നടക്കും. ആ തന്ത്രങ്ങള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചുനിന്ന ഭരണസംവിധാനത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ആളുകളും ചിലപ്പോള്‍ സന്തോഷിക്കും. അവര്‍ തങ്ങളുടെ വാദങ്ങളില്‍ ദുര്‍ബലമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. അപ്പോള്‍, ഭീതിതമായ ഒരു സാഹചര്യത്തിലൂടെ, നിരവധിയായ ഉത്കണ്ഠകളിലൂടെ കടന്നുപോയി പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍, അവരുടേതല്ലാത്ത കുറ്റങ്ങളാല്‍, സ്വന്തം സ്‌കോര്‍ കാര്‍ഡില്‍ തിളക്കമില്ലാത്ത അക്ഷരങ്ങളും അക്കങ്ങളും കണ്ട് അസ്തപ്രജ്ഞരായി നില്‍ക്കുന്നുണ്ടാകും. സാധാരണ നിലയില്‍ ക്ലാസുകള്‍ നടക്കുകയും പരീക്ഷകള്‍ നടക്കുകയും ചെയ്തിരുന്നെങ്കില്‍ നല്ല സ്‌കോര്‍ ലഭിക്കുന്ന കുട്ടികളായിരുന്നു അവര്‍. അഭിനന്ദിക്കേണ്ട കൈകള്‍, ഈ കയ്പു നിറഞ്ഞ നിമിഷങ്ങളില്‍ സാന്ത്വനിപ്പിക്കാനായി തലോടിയില്ലെങ്കിലും, തങ്ങളുടെ പിഴവുകളെ അന്ധമായി ന്യായീകരിച്ചുകൊണ്ട് അവരെ പഴിക്കാതിരിക്കുകയെങ്കിലും വേണം. കാരണം, അവര്‍ നമ്മുടെ കുഞ്ഞുങ്ങളാണ്.
പി.കെ. തിലക്
Jul 28, 2022
10 Minutes Read
ട്രസ്പാസേഴ്സ്
Jul 21, 2022
8 Minutes Read
പി.കെ. തിലക്
Jul 19, 2022
4 minutes Read
ഷഫീഖ് താമരശ്ശേരി
Jul 13, 2022
65 Minutes Watch