ഫാ.സ്റ്റാൻ സ്വാമി: ഇതൊരു മരണ ശിക്ഷയാണ്

Think

ഭീമാ കൊറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് എൻ.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മനുഷ്യാവകാശ പ്രവർത്തകനും ക്രൈസ്തവ പുരോഹിതനുമായ സ്റ്റാൻ സ്വാമി അന്തരിച്ചു. കടുത്ത ശ്വാസ തടസത്തേയും ഓക്‌സിജൻ നിലയിലെ വ്യതിയാനത്തേയും തുടർന്ന് സ്റ്റാൻ സ്വാമിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. മേയ് 30 മുതൽ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലായിരുന്നു ഫാ. സ്റ്റാൻ സ്വാമി. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.

ജാമ്യം നൽകിയില്ലെങ്കിൽ താൻ ജയിലിൽ കിടന്ന് മരിക്കുമെന്ന് നേരത്ത സ്റ്റാൻ സ്വാമി കോടതിയെ പറഞ്ഞിരുന്നു. ഭീമാ കൊറേഗാവ് കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്നതിന് തൊട്ട് മുമ്പാണ് സ്റ്റാൻ സ്വാമിയുടെ അന്ത്യം.

മരണം അഭിഭാഷകൻ മുംബൈ ഹൈക്കോടതിയെ അറിയിച്ചു. തലോജ ജയിലിൽ കഴിയവേയാണ് സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി ഒന്നിന് പുണെയിലെ ഭീമ കോറേഗാവിൽ നടന്ന എൽഗർ പരിഷത്ത് സംഗമത്തിൽ പങ്കെടുത്തതിന് മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റുചെയ്ത്.

ഈ കേസിൽ ഇതിനകം സാമൂഹ്യ, മനുഷ്യാവകാശ പ്രവർത്തകയായ സുധാ ഭരദ്വാജ്, വെർനോൺ ഗോൺസാൽവസ്, അരുൺ ഫെരേറിയ, റോണ വിൽസൺ, സുധീർ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂർ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെൻ, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെൽതുംദെ, പത്രപ്രവർത്തകനായ ഗൗതം നവലാഖ, ദൽഹി സർവകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവർത്തകരായ സാഗർ ഗോർഖെ, രമേഷ് ഗായ്ചോർ, ജ്യോതി ജഗ്തപ്, എന്നിവർ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

Comments