ഓൺലൈനിൽ വരുന്ന ചലച്ചിത്ര ലേഖനങ്ങൾക്ക് പ്രത്യേക പുരസ്‌കാരം നൽകാൻ ജൂറി നിർദ്ദേശം

Think

സംസ്ഥാന ചലച്ചിത്ര അവാർഡ് 2020- ചലച്ചിത്ര വിഭാഗം ജൂറി റിപ്പോർട്ട്

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 80 സിനിമകൾ സമർപ്പിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. പ്രാഥമിക വിധിനിർണയ സമിതിയുടെ സൂക്ഷ്മമായ വിലയിരുത്തലുകൾക്കു ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധിനിർണയ സമിതിയ്ക്ക് മുന്നിലെത്തിയത്. ഇതുകൂടാതെ, വിവിധ വിഭാഗം പുരസ്കാരങ്ങളുടെ പരിഗണനയ്ക്കായി 10 ചിത്രങ്ങൾ കൂടി അന്തിമ വിധിനിർണയ സമിതി കണ്ടു. 38 ഓളം വരുന്ന നവാഗത സംവിധായകരുടെ ശക്തമായ സാന്നിധ്യവും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതിൽ സംശയമില്ല.

ചലച്ചിത്ര വിഭാഗം ജൂറി നിർദ്ദേശങ്ങൾ

സംസ്ഥാനത്തെ തിയേറ്ററുകളുടെ Projection Standards വർദ്ധിപ്പിക്കുന്നതിന് സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണം. അതിനു പ്രത്യേകം നിയമാവലി തയ്യാറാക്കണം.

സിനിമകളുടെ Aspect Ratio, Sound Level എന്നിവ വ്യക്തമാക്കുന്ന ഡേറ്റാ ഷീറ്റ് സെൻസർ സർട്ടിഫിക്കറ്റിനു മുമ്പായി പ്രദർശിപ്പിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം.

അവാർഡിനു സമർപ്പിക്കപ്പെടുന്ന എൻട്രികളിൽ ഇംഗ്ലീഷ് സബ്ടൈറ്റിൽ നിർബന്ധമാണെന്ന് നിയമാവലിയിൽ വ്യക്തമാക്കേണ്ടതാണ്.

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ ഉന്നതമായ മൂല്യം പ്രതിഫലിപ്പിക്കുന്ന തരത്തിൽ അവാർഡുതുകയിൽ ആവശ്യമായ വർദ്ധനവ് വരുത്തേണ്ടതാണ്.

കുട്ടികളുടെ സിനിമ മറ്റു വിഭാഗങ്ങളിലേയ്ക്ക് കൂടി പരിഗണിക്കുന്ന വിധത്തിൽ നിയമാവലിയുടെ ബന്ധപ്പെട്ട വ്യവസ്ഥയിൽ ഭേദഗതി വരുത്തേണ്ടതാണ്.

രചനാ വിഭാഗം ജൂറി റിപ്പോർട്ട്

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ രചനാവിഭാഗത്തിൽ
മികച്ച പുസ്തകത്തിനുള്ള പുരസ്കാരം പി.കെ.സുരേന്ദ്രൻ രചിച്ച “ആഖ്യാനത്തിന്റെ
പിരിയൻ കോവണികൾ' എന്ന കൃതിക്ക് നൽകാൻ ശുപാർശ ചെയ്യുന്നു. സമകാലിക ചലച്ചിത്രരംഗത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ഈ പഠനങ്ങൾ വൈജ്ഞാനികാംശത്തിലും അപഗ്രഥനത്തിലും മികവു പുലർത്തുന്നു.
ലോകസിനിമയെയും സമകാലിക മലയാള സിനിമയെയും പഠിക്കുന്ന ലേഖനങ്ങൾ ഉള്ളതുകൊണ്ട് സമഗസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പതിനഞ്ചു പുസ്തകങ്ങളാണ് പരിഗണനയ്ക്ക് വന്നത്. ഒറ്റയൊറ്റ് സിനിമകളുടെ
പഠനം, തിരക്കഥാ പഠനം, പ്രമേയ പഠനം എന്നിവ തൊട്ട് നായകനിർമിതി,
ലൈംഗികതാവിഷ്കാരം എന്നിവയെപ്പറ്റിയുള്ള പഠനങ്ങൾ വരെ ഇതിലുൾപ്പെടുന്നു. സർവകലാശാലാതലത്തിലുള്ള ഗവേഷണപഠനത്തിന്റെ ഭാഗമായി എഴുതിയ ഗവേഷണ പ്രബന്ധങ്ങളാണ് (പുസ്തകത്തിൽ അങ്ങനെ സൂചിപ്പിക്കുന്നില്ലെങ്കിലും) പലതും. സിദ്ധാന്തത്തിന്റെ വിവർത്തനമാണ് ചില കൃതികൾ. സിനിമയുടെ ഫിക്ഷനാലിറ്റിയെ പലപ്പോഴും വിസ്മരിക്കുന്നു. മറ്റു പഠനങ്ങളാകട്ടെ, മുമ്പുണ്ടായ സമാന പഠനങ്ങളെപ്പറ്റി സൂചിപ്പിക്കാനും ഉദ്ധരണികളുടെ സ്രോതസ്സ് നൽകാനും ഉദാസീനമാണ്.

2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ചലച്ചിത്രത്തെപ്പറ്റിയുള്ള മികച്ച
ലേഖനത്തിനുള്ള പുരസ്കാരം ജോൺ സാമുവൽ രചിച്ച “അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ' എന്ന രചനയ്ക്ക് നൽകാൻ ശുപാർശ ചെയ്യുന്നു. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം എന്നീ ചിത്രങ്ങളെ മുൻനിർത്തിയുള്ള ഈ വിശദപഠനം മൗലിക നിരീക്ഷണങ്ങൾ കൊണ്ടും വിശകലനരീതി കൊണ്ടും ഭാഷാശൈലികൊണ്ടും മികവു പുലർത്തുന്നു.

രചനാ വിഭാഗം ജൂറി നിർദ്ദേശങ്ങൾ

കേരളത്തിലെ കോളേജ് സർവ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ ഭാഗമാണിപ്പോൾ ഫിലിം സ്റ്റഡീസ്. അതിനെ പ്രോത്സാഹിപ്പിക്കാൻ മലയാള സിനിമയെക്കുറിച്ചുള്ള പി.എച്ച്.ഡി. പ്രബന്ധങ്ങൾക്ക് (മലയാളവും ഇംഗ്ലീഷും, ഇന്ത്യയിലെ ഏതു സർവകലാശാലകളിൽ സമർപ്പിക്കപ്പെട്ടതും) പ്രത്യേക പുരസ്കാരം നൽകണം.

ഓൺലൈനിൽ വരുന്ന ചലച്ചിത്ര ലേഖനങ്ങൾക്ക് ലേഖന വിഭാഗത്തിൽ പ്രത്യേക പുരസ്കാരം നൽകണം.

ഫിലിം സ്റ്റഡീസിനെപ്പറ്റി അക്കാദമി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കണം.

Comments