truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 29 March 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 29 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
the-fall-of-democracy
Image
the-fall-of-democracy
https://truecopythink.media/t/the-fall-of-democracy
sudheesh

OPENER 2023

ജെ.എൻ.യു ദിനങ്ങളേ,
ഒരു ‘silent farewell’

ജെ.എൻ.യു ദിനങ്ങളേ, ഒരു ‘silent farewell’

‘‘2011ലാണ്​ അതുവരെ കേട്ടുപരിചയം മാത്രമുള്ള ഒരിടത്തേക്ക്, ജെ.എൻ.യുവിലേക്ക്​, രണ്ടാമതൊരു എം.എ ചെയ്യാനായി വണ്ടികയറുന്നത്. പിന്നീട് എം.ഫിലും പി.എച്ച്.ഡിയുമായി വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ഒടുവിലെത്തിയ മഹാമാരിയുടെ ഘട്ടവും പഠനത്തെ വീണ്ടും നീട്ടിക്കൊണ്ടുപോയി. എന്റെ 2022നെ ഇതാ ഇപ്പോള്‍ ഡിസംബര്‍ ഒടുവിലെ തിസീസ് സമര്‍പ്പണത്തോടെ ഞാന്‍ മടക്കിവെക്കുന്നു’’- ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കില്‍നിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകള്‍. സുധീഷ്​ കോ​ട്ടേ​മ്പ്രം​ എഴുതുന്നു.

1 Jan 2023, 04:21 PM

സുധീഷ് കോട്ടേമ്പ്രം

മാറിനിന്ന് കണ്ട ജീവിതങ്ങളും അനുഭവങ്ങളുമായിരുന്നു എഴുത്തിന്റെയും കലയുടെയും ഊര്‍ജ്ജകേന്ദ്രങ്ങള്‍. "ഞാന്‍, എന്റെ' എന്ന് ഒരു വാചകം മുഴുമിപ്പിക്കാന്‍ മുപ്പതിലേറെ വര്‍ഷമെടുത്തു. എം.ആര്‍. രേണുകുമാറിന്റെ "തുടങ്ങിയവര്‍' എന്ന കവിതയിലേതുപോലെ പറ്റത്തിലൊരാളായി, ഉച്ചഭക്ഷണത്തിന് ബെല്ലടിക്കുമ്പോള്‍ കാന്റീനിലെ പാവപ്പെട്ടവര്‍ക്കുള്ള പത്തുരൂപാച്ചോറിന് വരിനില്‍ക്കുന്നവരായും, ആളില്ലാപ്പറമ്പിലെ പച്ചമാങ്ങയ്ക്ക് കല്ലെറിയുന്നവരായും, പാസ് മാര്‍ക്ക് മാത്രം കിട്ടി പരീക്ഷ പാസ്സാവുന്നവരായും അന്നേ എഴുതിത്തള്ളപ്പെട്ടവരുടെ കൂട്ടത്തില്‍ എന്റെ എഴുത്തുപള്ളിക്കൂടങ്ങള്‍. "ഞാനായിരിക്കല്‍', അല്ലെങ്കില്‍ത്തന്നെ ആഢംബരമായിരുന്ന ഒരു ഭൂതകാലത്തില്‍നിന്ന് മറ്റൊന്നും ചേറിയെടുക്കാനില്ല. ക്ലാസില്‍ മുന്‍നിരക്കാരോടു അധ്യാപകര്‍ കാണിച്ച അധികപരിഗണന അരുകാക്കിയവരുടെ കൂട്ടത്തില്‍ ഞാനുണ്ടായിരുന്നു.

പഠിപ്പുള്ളവര്‍ക്ക് കിട്ടുന്ന മാന്യത എനിക്കു വേണമായിരുന്നു; അത് പഠിപ്പിന്റെ മാത്രമായിരുന്നില്ലെന്ന് പിന്നീടുള്ള പഠനവിജയങ്ങള്‍ ഓര്‍മിപ്പിച്ചെങ്കിലും. ഇംഗ്ലീഷും കണക്കും വശത്താക്കുന്നവര്‍ മാത്രമാണ് എന്നും മുന്നണിയില്‍. അവ പഠിപ്പിച്ചവരാവട്ടെ, ഒരിക്കല്‍പ്പോലും കരുണയോടെ പെരുമാറിയതേയില്ല. പകരം പേടിപ്പിച്ചും നുള്ളിയും വിഷയത്തോടുള്ള വിപ്രതിപത്തിയിലേക്ക് തള്ളിവിട്ടു. ക്ലാസ് മുറികള്‍ പലപ്പോഴും പരിഹാസത്തിന്റെയും പക്ഷപാതിത്വത്തിന്റെയും മാത്രം കളരികളായി. വാക്കിനേക്കാള്‍ കൂടുതല്‍ വരയെനിക്ക് വഴങ്ങി. അതില്‍ ഞനെന്നെ സങ്കല്പിക്കാന്‍ പഠിച്ചു. 

sudheesh kottembram
സുധീഷ്​ കോ​ട്ടേ​മ്പ്രം ജെ.എൻ.യുവിൽ
​​​​

കോട്ടേമ്പ്രം ബാലന്‍ സ്മാരകവായനശാലയില്‍ നിന്നെടുത്ത നാലുകെട്ടും ആള്‍ക്കൂട്ടവും ഖസാക്കും ജീവിതത്തിന്റെ വലിയ തുറസ്സുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. വേനലവധിയുടെ വെയില്‍ത്തണലുകളിലിരുന്ന് അപ്പുണ്ണിയുടെ ഏകാന്തതകളറിഞ്ഞു. ആത്മജ്ഞാനത്തിന്റെ ചെതലിമല രവിയിലൂടെ ഞങ്ങളുടെ പാടവരമ്പത്തേക്കിറങ്ങി വന്നു. ആള്‍ക്കൂട്ടത്തിലെ ജനതതിയുടെ നീതിരഹിതമായ ജീവിതകലാപം ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ  ‘മൈന്‍ഡ് മാപ്പിംഗ്' നടത്തി.  എല്ലാവരാലും തള്ളിപ്പറഞ്ഞ അന്തര്‍മുഖജീവിതത്തെ ഞാന്‍ പുസ്തകങ്ങളുടെ മദഗന്ധത്താല്‍ മറികടന്നു. ദാരിദ്ര്യം പച്ചകുത്തിയ സ്വന്തമുടലിനോടോ നല്ലതൊന്നും ഓര്‍ത്തെടുക്കാനില്ലാത്ത ഓര്‍മയോടോ തരിമ്പും സ്നേഹമുണ്ടായിരുന്നില്ല; ഒരു വ്യാഴവട്ടക്കാലം മുന്‍പ് ജെ.എന്‍.യുവിലേക്ക് വരുംവരെ.

കൂട്ടത്തില്‍ക്കൂട്ടായ്മയുടെ കുട്ടിക്കാലം ഉടലില്‍നിന്ന് വിട്ടുപോയില്ല.  ഉള്ളതിലുള്ള ഉണ്മ എന്നെ നയിച്ചു.

ALSO READ

വൾനറബിൾ ആകാൻ പഠിപ്പിച്ച കൂട്ടുകാരികൾക്ക് നന്ദി, അനുഭവങ്ങൾക്കും

തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജിലാണ് കലയില്‍ ബിരുദപഠനത്തിന് ചേരുന്നത്. തുടക്കശങ്കകളില്‍നിന്ന് മോചിപ്പിക്കപ്പെട്ട് കലാപഠനം ജീവിതപഠനം തന്നെ എന്ന് തോന്നിപ്പിച്ച നാളുകള്‍. പരിശീലനക്കളരികള്‍ക്കൊപ്പം കലാചരിത്ര- സൗന്ദര്യശാസ്ത്ര ക്ലാസുകള്‍ കാഴ്ചയുടെ മറ്റൊരു ലോകം തുറന്നുതന്നു. അതിന്റെ ചുവടുപിടിച്ചാണ് കലാസിദ്ധാന്തപഠനത്തിന്റെ ആവശ്യം ബോധ്യപ്പെടുന്നതും ആ നിലയിലുള്ള അന്വേഷണങ്ങള്‍ നടത്തുന്നതും. എന്നാല്‍ അതിജീവനത്തിനുവേണ്ടി പിന്നെയും ചില വര്‍ഷങ്ങള്‍ കമീഷന്‍ വര്‍ക്കുകളുമായി കഴിഞ്ഞു. 2011ലാണ്​ അതുവരെ കേട്ടുപരിചയം മാത്രമുള്ള ഒരിടത്തേക്ക് രണ്ടാമതൊരു എം.എ ചെയ്യാനായി വണ്ടികയറുന്നത്. പിന്നീട് എം.ഫിലും പി.എച്ച്.ഡിയുമായി വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ഒടുവിലെത്തിയ മഹാമാരിയുടെ ഘട്ടവും പഠനത്തെ വീണ്ടും നീട്ടിക്കൊണ്ടുപോയി. എന്റെ 2022നെ ഇതാ ഇപ്പോള്‍ ഡിസംബര്‍ ഒടുവിലെ തിസീസ് സമര്‍പ്പണത്തോടെ ഞാന്‍ മടക്കിവെക്കുന്നു. 

sudheesh kottembram
പിഎച്ച്​.ഡി തിസീസ്​ സമർപ്പിക്കുന്നതിനുമുമ്പ്​ സുധീഷ്​ കോ​ട്ടേ​മ്പ്രം സ്​കൂൾ ഓഫ്​ ആർട്​സ്​ ആൻറ്​ ഈസ്​തെറ്റിക്​സിൽ

രാഷ്ട്രീയജാഗ്രതയുടെ ജെ.എന്‍.യു

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ അപഹസിക്കപ്പെട്ട വാക്കുകളിലൊന്നാണ് ‘ബുദ്ധിജീവി' എന്നത്. ‘ഇന്റലക്റ്റ്' എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായി വിനിയോഗിക്കപ്പെട്ടതാണതെങ്കിലും, ആ പദത്തില്‍ നിത്യജീവിതബന്ധമില്ലാത്ത ഒരപരത്വം ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ജനപ്രിയസിനിമകളില്‍ കവികളെയോ കലാകൃത്തുക്കളെയോ എന്നപോലെതന്നെ അപഹസിക്കപ്പെടേണ്ടുന്ന ഒരു വിഭാഗമായി ബുദ്ധിജീവിതത്തെ പൊതുമലയാളം ദൈനംദിന വ്യവഹാരത്തില്‍ മാറ്റിയെടുത്തു. ബുദ്ധിജീവിതമെന്ന വാക്ക് കേള്‍ക്കുമ്പോഴെല്ലാം അതുകൊണ്ടുതന്നെ ഒരുതരം വ്യാജകല്പനയായി അത് മാറിക്കഴിഞ്ഞിരിക്കും. എന്നാല്‍ അതിന്റെ മറുപുറം ‘ബുദ്ധിവിരുദ്ധത’യാണ് എന്ന് നാം ഓര്‍ക്കാറില്ല. ബുദ്ധിജീവിതത്തെ അപഹസിക്കുമ്പോള്‍ ഒരാള്‍  ബുദ്ധിവിരുദ്ധതയുടെ പക്ഷം ചേരുകയാണ്.  അത് ആള്‍ക്കൂട്ടനീതി നടപ്പാക്കുന്നു. അത് ഇഷ്ടഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു, അത് വ്യാജചരിത്രനിര്‍മിതി കൊണ്ടും ഫാന്റസി കൊണ്ടും സമകാലികതയെ പുറകോട്ടടിപ്പിക്കുന്നു. 

ALSO READ

റത്തീന എന്ന പേരിനൊപ്പം 'പുഴു' എന്ന് ചേർക്കപ്പെട്ട വർഷം

ജെ.എന്‍.യു എല്ലാക്കാലത്തും ഇന്ത്യയുടെ ബുദ്ധിജീവിതത്തിന്റെ തിളങ്ങുന്ന അധ്യായമാണ്, അതിനകത്തെ ആന്തരികവൈരുദ്ധ്യങ്ങളെ ഓര്‍ത്തുകൊണ്ടുതന്നെ. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍, ജെ.എന്‍.യു അഡിമിനിസ്​ട്രേഷൻ ബില്‍ഡിംഗിന്റെ വാതില്‍മുഖത്ത് പുതുതായി പ്രത്യക്ഷപ്പെട്ട വിവേകാനന്ദപ്രതിമക്കുനേരേ പുറകില്‍, അറുപതടിയകലത്തില്‍ ഈ യൂണിവേഴ്സിറ്റിയുടെ കാരണഭൂതനായ ജവഹര്‍ലാല്‍ നെഹ്റു നടന്നിട്ടും നടന്നിട്ടും എത്താത്ത നിലയില്‍ ശില്പരൂപമായി ഇപ്പോഴും തുടരുന്നുണ്ട്. നെഹ്റുശില്പത്തിന്റെ അടിത്തറയില്‍ ഇടതുഭാഗത്തായി ഇങ്ങനെ വായിക്കാം:  ‘A university stands for humanism, for tolerance, for reason, for the adventure of ideas and for the search of truth. It stands for the onward march of the human race towards ever higher objectives. If the universities discharge their duties adequately, then it is well within the nation and the people'.

ഈ താതവാക്യം ക്രമേണ മാഞ്ഞുപോയ ഒരു കാലം കൂടിയാണ് കടന്നുപോയത്.

sudheesh kottembram
ജെ.എൻ.യുവിലെ നെഹ്​റു സ്​ക്വയർ

2011ൽ തീര്‍ത്തും അപരിചിതനായി ഇവിടെയെത്തുമ്പോള്‍ കാമ്പസ് ചുവരുകള്‍ നിറയെ കലഹിക്കുന്ന ചിത്രങ്ങളായിരുന്നു. അതില്‍ ഇന്ത്യയെക്കുറിച്ചുള്ള രാഷ്ട്രീയ വേവലാതികള്‍ നിറഞ്ഞുനിന്നിരുന്നു. ധാബകളിലും ഹോസ്റ്റല്‍ മുറികളിലും രാവേറേ ചെല്ലുമ്പോഴും തുടരുന്ന സംവാദങ്ങള്‍, വായനയുടെ ഉന്മാദങ്ങള്‍, ലോകത്തെ മറ്റൊരു രീതിയില്‍ കാണാന്‍ ശ്രമിക്കുന്ന ഒരു യുവതയുടെ അപൂര്‍വ്വമായ കൂടിച്ചേരല്‍. ഇന്ത്യന്‍ ബഹുസ്വരതയുടെ വജ്രശോഭയുള്ള ഒരു കാലത്തില്‍ നിന്ന്​ രണ്ടാം മോദിക്കാലം താണ്ടുമ്പോള്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ദിനങ്ങളില്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഞങ്ങളുടെ ബാച്ച് ജെ.എന്‍.യുവിന്റെ പടിയിറങ്ങുന്നത്. ജനതയെ വര്‍ഗീയമായി വിഭജിച്ച് ഭരിക്കാമെന്ന തീവ്രവലതുപക്ഷാശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്ന, (കപട)ദേശീയതയുടെ പേരില്‍  ‘അഹിന്ദുക്കള്‍' വേട്ടയാടപ്പെടുന്ന, ഭരണഘടനതന്നെയും മാറ്റിയെഴുതാനൊരുമ്പെടുന്ന ഏകശിലാത്മക ഭരണസങ്കല്പത്തിന്റെ നാളുകളില്‍ തുടക്കം മുതല്‍ ജെ.എന്‍.യുവിന്റെ മതേതരസമന്വയം അപകടത്തിലായിരുന്നു. രാഷ്ട്രീയവിമര്‍ശത്തിന്റെ ജെ.എന്‍.യു മാതൃക പരക്കെ ആക്രമിക്കപ്പെട്ടു. ഇന്ത്യയിലെ ജ്ഞാനാന്വേഷികളെ തിരഞ്ഞുപിടിച്ച് തുറുങ്കിലടയ്ക്കുമ്പോള്‍ ജെ.എന്‍.യു അധ്യാപക-വിദ്യാര്‍ത്ഥിസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചുകൊണ്ടിരുന്നു. ദേശസ്നേഹത്തിന്റെ ലിറ്റ്മസ് ടെസ്റ്റുകളായിരുന്നു ആദ്യം ജെ.എന്‍.യുവിനുമേല്‍ പ്രയോഗിച്ചതെങ്കില്‍, പതുക്കെപ്പതുക്കെ ഒരു സര്‍വ്വകലാശാലയുടെ സ്വഭാവം തന്നെ മാറ്റിത്തീര്‍ക്കാന്‍ കെല്പുള്ള നിരവധിയനവധി പിടിവാശികള്‍ വിജയിക്കുന്നതും നാം കണ്ടു. പ്രതിരോധത്തിന്റെ ശബ്ദം നേര്‍പ്പിച്ചെടുക്കാന്‍ ഈ നിരന്തര ഇടപെടലുകള്‍ കാരണമായി. നീതി തേടി അധ്യാപകരും വിദ്യാര്‍ത്ഥികളും ഇപ്പോഴും കോടതി കയറുന്നു. വിദ്യാഭ്യാസം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഒളിച്ചുകടത്തേണ്ട ഒന്നായിമാറി. 

protest at j n u
ജെ.എൻ.യുവിലെ ഒരു സമരകാലം

പരീക്ഷ പാസ്സാവല്‍ മാത്രമല്ല വിദ്യാഭ്യാസം എന്നും കേവലം ജീവസന്ധാരണത്തിനുള്ള വഴി മാത്രമല്ല അതെന്നും പഠിപ്പിച്ചത് ഈ സര്‍വ്വകലാശാലയാണ്. രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയോടെ ജീവിതത്തെ നോക്കിക്കാണാനും അപരരോടുള്ള കരുണയില്‍നിന്നും രൂപംകൊള്ളുന്ന വിശാലമാനവികതയെ അനുശീലിക്കാനും എനിക്കപ്രാപ്യമായിരുന്ന അറിവിന്റെ വാതിലുകള്‍ തുറന്നുതരാനും ഈ സര്‍വ്വകലാശാലയ്ക്ക് കഴിഞ്ഞു. അധികാരത്തിന്റെ മേല്‍കീഴ്ബന്ധങ്ങളിലൂടെ മാത്രം അധ്യാപക-വിദ്യാര്‍ത്ഥിബന്ധത്തെ അറിഞ്ഞ ഞങ്ങളില്‍ ചിലര്‍ക്ക് ഇവിടുത്തെ ക്ലാസ് മുറികളിലെ സമശീര്‍ഷ്യത അമ്പരിപ്പിക്കുന്നതായിരുന്നു.  ‘വല്ല കൂലിപ്പണിക്കും പൊയ്ക്കൂടെ?' എന്ന സ്‌കൂള്‍ ക്ലാസിലെ അധ്യാപകതമാശകളില്‍നിന്ന്,  ‘യു ഹാവ് മെയ്ഡ് എ വെരി ഇന്‍സൈറ്റ്ഫുള്‍ ഒബ്സര്‍വേഷന്‍. കുഡ് യു പ്ലീസ് എലാബറേറ്റ് ഇറ്റ് എ ബിറ്റ് മോര്‍?' എന്ന് ഒരു ടീച്ചര്‍ നമ്മെ കേള്‍ക്കാന്‍ തുനിയുന്നു. ക്ലാസ് കഴിഞ്ഞ് അവര്‍ക്കൊപ്പം ചായകുടിച്ച് പിരിയുന്നു.

ALSO READ

‘എഴുത്താൾ’ ആയ വര്‍ഷം, തുടരുന്ന പോരാട്ടങ്ങളുടെയും

അറ്റന്‍ഡന്‍സിന്റെയോ അസൈന്‍മെന്റിന്റെയോ കാര്‍ക്കശ്യമില്ലാതെ തോളൊപ്പം ചേര്‍ന്നുള്ള ഈ അറിവന്വേഷണം എന്റെ ബലഹീനതകളെ കുടഞ്ഞെറിഞ്ഞു. ആജന്മ ആണത്തത്തിന്റെ ആനുകൂല്യത്തില്‍ വിരാജിച്ചുപോന്ന ഒരു കൗമാര-യൗവ്വനത്തെ ലിംഗനിരപേക്ഷമായ ശരീരബോധത്തിലേക്ക് കൈപിടിച്ചുനടത്തി. എല്ലാവര്‍ക്കും അവരവരെ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം വകവെച്ചുകൊടുത്ത ഒരിടം. അന്യന്റെ മേല്‍ അധികാരം സ്ഥാപിച്ചുനേടുന്ന ബഹുമാനം പാടെ ഉപേക്ഷിച്ച അധ്യയന അന്തരീക്ഷം (പില്‍ക്കാലം ഭരണപക്ഷക്കൂറുമാത്രം മുതലാക്കി നിയമിക്കപ്പെട്ടവര്‍ അധികാരപ്പശ പുനരാനയിക്കുന്നുവെന്നതിന് തെളിവുകളേറെ). 

വിദ്യാഭ്യാസം ഏറ്റവും മുന്തിയ വ്യവസായമായ ഇക്കാലത്ത് ചിന്തിക്കാന്‍ പറ്റാത്ത ഫീസ് ഘടനയുമായാണ് ജെ.എന്‍.യു നിലനിന്നത്. 180 രൂപ മാത്രമാണ് ഒരു സെമസ്റ്റര്‍ ഫീയായി ഒടുക്കേണ്ടിയിരുന്നത്. ഹോസ്റ്റല്‍ മുറിവാടക സെമസ്റ്ററില്‍ 60 രൂപയും. മെസ്സ് ഫീ മാത്രം ഓരോ ഘട്ടത്തിലും മാറിക്കൊണ്ടിരിക്കും. എങ്കിലും മാസം രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാവും അതും. തുച്ഛമായ പഠനച്ചെലവില്‍ ഏറ്റവും അടിത്തട്ടിലെ മനുഷ്യര്‍ വരെ പഠിക്കാനെത്തുന്ന ഈ സൗഭാഗ്യത്തെയാണ് ഒരു വിഭാഗമാളുകള്‍  ‘ഞങ്ങളുടെ നികുതിപ്പണത്തിന്റെ ആനുകൂല്യത്തില്‍' എന്ന വാക്യത്തില്‍ എതിര്‍ത്ത് തോല്പിക്കുന്നത്.

sudheesh kottembram
സുധീഷ്​ കോ​ട്ടേ​മ്പ്രം
​​​

ജെ.എന്‍.യു ദേശദ്രോഹികളുടെ താവളമായി ചിത്രീകരിക്കപ്പെട്ടത് വളരെ എളുപ്പത്തിലാണ്. അതിന് ബുദ്ധിവിരുദ്ധതയുടെ ആള്‍ക്കൂട്ടപ്പിന്തുണയേറി. രാഷ്ട്രീയവിമര്‍ശം ദേശദ്രോഹമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത അധ്യാപകരിലും വിദ്യാര്‍ത്ഥികളിലുമായി. നിരന്തരസംവാദസദസ്സുകള്‍ ക്രമേണ ഇല്ലാതായി. രാത്രിജീവിതത്തിന് കടിഞ്ഞാണിട്ടു. ജാതിബ്രാഹ്‌മണ്യത്തിന്റെ മറഞ്ഞിരുന്ന ഗര്‍വ്വുകള്‍ പുനരനായിക്കപ്പെട്ടു. അവിടെ പുറന്തള്ളപ്പെടുന്നവരുടെ പട്ടിക നീണ്ടു. ആളുകള്‍ തമ്മില്‍ കാണാനുള്ള അവസരങ്ങള്‍ കുറഞ്ഞു. ഒരു സര്‍വ്വകലാശാലയുടെ സര്‍വ്വസൗന്ദര്യവുമണിഞ്ഞുനിന്ന കാലം മുതല്‍ അതിന്റെ അടിക്കല്ലിളകുന്ന സമീപകാലം വരെ ഒപ്പം സഞ്ചരിച്ച ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാനതിന്റെ വിപരിണാമത്തെ വേദനയോടെ നോക്കിനില്‍ക്കുന്നു.

കലാഗവേഷണത്തിന്റെ ഭാവി

തൊണ്ണൂറുകള്‍ക്കുശേഷം മലയാളികളുടെ ദേശീയവും അന്തര്‍ദേശീയവുമായ കല തേടിയുള്ള കുടിയേറ്റങ്ങള്‍ വര്‍ധിച്ചുവന്ന ഘട്ടമാണ്. ഇപ്പോഴും കലയില്‍ ഉന്നതബിരുദം നേടാന്‍ നാം ആശ്രയിക്കുന്ന സ്ഥാപനങ്ങളെല്ലാം കേരളത്തിന് പുറത്താണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ കലാവിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ തേടിവരുന്നതും കേരളത്തില്‍നിന്നാണെന്ന് കാണാം. ബറോഡയിലെയും കല്‍ക്കത്തയിലെയും ഹൈദരബാദിലെയും ഡല്‍ഹിയിലെയും കലാസ്ഥാപനങ്ങളിലെ മലയാളി സാന്നിധ്യം ഇത് തെളിയിക്കുന്നു. ജെ.എന്‍.യു വില്‍ കലാപരിശീലനത്തിന്റെ കോഴ്സില്ല, അത് തികച്ചും കലാചരിത്ര- വിമര്‍ശപദ്ധതികളുടെ പാക്കേജായാണ് നിലനില്‍ക്കുന്നത്. എല്ലാവരും കവികളായ റിപ്പബ്ലിക് എന്ന് മലയാളി ഓണ്‍ലൈന്‍ ദൃശ്യതയെപ്പറ്റി പറയുന്നതുപോലെ, എല്ലാവരും കലാകാരരായ മലയാളി കലാസമൂഹത്തില്‍ കലാനിരൂപണത്തിന്റെയും വിമര്‍ശനത്തിന്റെയും ഒരു സമാന്തരപാത തുറന്നിരിക്കുന്നുവെന്നതാണ് ഇപ്പോള്‍ ഇന്ത്യയിലെ പലയിടത്തും കലയില്‍ ഗവേഷണം ചെയ്യുന്ന പുതുതലമുറ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്ന വാഗ്ദാനം. കാല്പനികമായ കലാകാര സ്വത്വനിര്‍മ്മിതിയില്‍ നിന്നുള്ള വിടുതലും കലയെ സമൂഹത്തിന്റെ നാനാതരമായ ജീവിതവ്യവഹാരങ്ങളുടെ തുടര്‍ച്ചയായി കാണാന്‍ കഴിയുന്ന അന്തര്‍വിഷയപരമായ ഇടപെടലുകളും ഈ രംഗത്തുനിന്ന് ഉയര്‍ന്നുവരുന്ന ഗുണാത്മകമായ രീതിശാസ്ത്രമാണ്. കലയെ കലാകൃത്തിന്റെ മാത്രം സവിശേഷബുദ്ധിയുടെ ഉല്പന്നമെന്ന നിലയില്‍ രൂപപ്പെടുത്തിയ ‘ആര്‍ട്ടിസ്റ്റിക് ഓട്ടോണമി'യില്‍ നിന്ന് സാമൂഹികജീവിതത്തിന്റെ കൂടി ഉല്പന്നമായി കലയെ മനസ്സിലാക്കുന്ന ‘ആര്‍ട്ടിസ്റ്റിക് സിറ്റിസെന്‍ഷിപ്പി'ന്റെ സന്ദര്‍ഭത്തിലേക്ക് ഇത്തരം പഠനങ്ങള്‍ നമ്മെ ക്ഷണിക്കുന്നു. അതിനൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ എന്റെയുള്ളിലെ അവഗണിക്കപ്പെട്ട കുട്ടി സന്തോഷിക്കുന്നു. ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കലാസമൂഹത്തില്‍ നിന്നുതന്നെ നേരിടേണ്ടിവരുന്ന വിഭാഗീയതകളെ നിര്‍മമതയോടെ നേരിടാന്‍ അതെന്നെ പ്രാപ്തനാക്കുന്നു.

election - j n u
ജെ.എൻ.യുവിലെ ഇലക്ഷൻ പ്രചാരണം 

ഇപ്പോള്‍ ഡല്‍ഹിയിലെ ഇളംനീല മഞ്ഞുകാലത്തിന് പതിവില്‍ക്കവിഞ്ഞ തണുപ്പ്. ചുവരടയാളങ്ങള്‍ മാഞ്ഞുപോയ ജെ.എന്‍.യുവിലെ കാമ്പസിലൂടെ വെറുതെ നടക്കുമ്പോള്‍ കാണാം, ഫ്രീഡം സ്‌ക്വയറില്‍ അലങ്കാരച്ചെടികള്‍ പൂത്തുനില്‍ക്കുന്നു. പോയകാല മുദ്രാവാക്യങ്ങളുടെ അലയൊലികള്‍ പോലെ അതിനുചുറ്റും പരക്കുന്ന മൂകത. ബ്രഹ്‌മപുത്ര ഹോസ്റ്റലിന്റെ മുന്‍പിലെ ധാബകളിലൊന്നിലിരുന്ന് കടക്കാരന്‍ ഭയ്യ തണുത്ത ശബ്ദത്തില്‍ ചോദിച്ചു. ‘ഭായ്സാബ് ആപ് കബ് ജാ രഹാ ഹേ?'
‘മേം തുരന്ത് ചലാ ജാവൂംഗാ' എന്നുമാത്രം പറഞ്ഞു.

അയാളുടെ മുഖത്തെ പ്രാചീനമായ നിര്‍മമത എന്നെയും പൊതിഞ്ഞു. 

ALSO READ

2022; നരബലി മുതല്‍ തല്ലുമാല വരെ, മന്‍സിയ മുതല്‍ മെസ്സിവരെ

ഏറ്റവും വ്യക്തിപരമായതുകൂടി സാമൂഹികമായി തീര്‍ന്ന അടച്ചിരിപ്പിന്റെ നാളുകള്‍ക്ക് ശേഷം കൈവന്ന പുതുലോകത്തെളിച്ചം 2022 നുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി പലപ്പോഴും നാം നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് വലിച്ചറിയപ്പെടുന്ന സന്ദര്‍ഭങ്ങളും ധാരാളമുണ്ടായി. ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായ വായനകള്‍ക്കപ്പുറം കാര്യമായി ഒന്നും വായിക്കാന്‍ കഴിയാത്ത വര്‍ഷമാണ് കടന്നുപോകുന്നത്. പാര്‍ത്ഥാ മിത്തറും പാറുല്‍ ദാവേ മുഖര്‍ജിയും രാഖി ബല്‍റാമും ചേര്‍ന്ന് എഡിറ്റ് ചെയ്ത 20th Century Indian Art എന്ന പുസ്തകമാണ് 2022-ല്‍ ഇറങ്ങിയവയില്‍ പ്രധാനപ്പെട്ട ഒന്ന്. വിനില്‍ പോളിന്റെ  ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം', സജീവ് പി.വി. എഡിറ്റ് ചെയ്ത  ‘ചിന്താചരിത്രം: ആധുനിക കേരളത്തിന്റെ ബൗദ്ധികചരിത്രങ്ങള്‍', പ്രസാദ് പന്ന്യന്‍ എഡിറ്റ് ചെയ്ത  ‘ആര്‍ യു ഹ്യൂമന്‍? മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം' തുടങ്ങിയ പുസ്തകങ്ങള്‍ വായനയില്‍ മുതല്‍ക്കൂട്ടായി. ഏറ്റവും കൂടുതല്‍ കവിതകളും കുറച്ച് കഥകളും വായനയില്‍ ഇടം പിടിച്ചു. ഏറ്റവും കുറച്ച് കവിതകള്‍ എഴുതി.

sudheesh kottembram

കവിതാപുസ്തകമായ ‘ചിലന്തിനൃത്ത'ത്തിന് ഒട്ടേറെ അംഗീകാരങ്ങള്‍ വന്നുചേര്‍ന്ന വര്‍ഷം കൂടിയാണിത്. ‘ടെയ്ക്ക് ഓണ്‍ ആര്‍ട്ട്' ഡല്‍ഹിയില്‍ നടത്തിയ ആര്‍ട്ട് റൈറ്റേഴ്സ് സിംപോസിയത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ച് വിഷയമവതരിപ്പിക്കാന്‍ കഴിഞ്ഞതും എന്റെ 2022-നെ മികവുറ്റതാക്കുന്നു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കപ്പുറത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത്തായ വര്‍ഷം. ട്രൂ കോപ്പി തിങ്കിന്റെ ടാഗ്​ലൈനിൽ പറയുന്നതുപോലെ ‘റീഡേഴ്സ് ആര്‍ തിങ്കേഴ്സ്' എന്ന പരിഗണനയില്‍ ഒരു ഡിജിറ്റല്‍ വായനാസമൂഹം സാധ്യമാണെന്ന് അവര്‍ തെളിയിച്ചു. ഒപ്പം  ‘ദി മലബാര്‍ ജേര്‍ണല്‍' പോലുള്ള പുതിയ മാധ്യമസംരഭങ്ങളും ഈ വര്‍ഷത്തെ മികവുറ്റതാക്കി. ആലഭാരങ്ങളില്ലാതെ, നഷ്ടബോധങ്ങളില്ലാതെ, നിരന്തരസര്‍ഗാത്മകതയുടെ ഒരു പുതുപ്പിറവിയിലേക്ക് ഞാന്‍ കണ്ണുപായിക്കുന്നു.

സുധീഷ് കോട്ടേമ്പ്രം  

ആർട്ടിസ്റ്റ്

  • Tags
  • #Sudheesh Kottembram
  • #JNU
  • #Life Sketch
  • #Chilanthinrutham
  • #Delhi
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Fousiya Arif

Life Sketch

ഫൗസിയ ആരിഫ്

അബ്ബാസിന്റെ ആ അതിശയോക്തിക്കുപുറകില്‍ ചില സത്യങ്ങളുണ്ട് ?

Mar 27, 2023

3 Minutes Read

aadhi

OPENER 2023

ആദി

‘എഴുത്താൾ’ ആയ വര്‍ഷം, തുടരുന്ന പോരാട്ടങ്ങളുടെയും

Jan 01, 2023

6 Minutes Read

Shilpa Niravilpuzha

OPENER 2023

ശിൽപ നിരവിൽപ്പുഴ

ക്രിക്കറ്റ്, ഗ്രീന്‍ഫീല്‍ഡ്, സഞ്ജു സാംസണ്‍; സന്തോഷങ്ങള്‍ @ 2022

Dec 31, 2022

3 Minutes Read

Lakshmi Padma

OPENER 2023

ലക്ഷ്മി പദ്മ

സൈബര്‍ സഖാക്കള്‍ക്കും ഏഷ്യാനെറ്റിനുമിടയിലെ 2022

Dec 30, 2022

8 Minutes Read

devika

OPENER 2023

ദേവിക എം.എ.

പ്രേമസുരഭിലമായ ഒരു വർഷം

Dec 28, 2022

3 Minutes Read

irumban

Think Football

മുസാഫിര്‍

ലോകകപ്പു കാലം ഓർമയിൽ കൊണ്ടുവരുന്നു, ഇരുമ്പൻ മൊയ്​തീൻ കുട്ടിയെ

Nov 21, 2022

6 Minutes Read

pushpavathi-

Life Sketch

പുഷ്പവതി

രാഷ്ട്രീയം പറഞ്ഞും പ്രതിരോധം തീര്‍ത്തുമാണ് സംഗീതലോകത്ത് നിലനില്‍ക്കുന്നത്

Nov 17, 2022

15 Minutes Read

Vijayakumar Menon

Memoir

സുധീഷ് കോട്ടേമ്പ്രം

വിജയകുമാർ മേനോൻ: കലാചരിത്രമെഴുത്തിലെ ഒരു ക്ലാസ്​റൂം

Nov 02, 2022

8 Minutes Read

Next Article

ടി.ജി.​ മോഹൻദാസും സി. രവിചന്ദ്രനും പങ്കിടുന്ന വംശീയവെറിവാദം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster