കള്ള സൂഫിയിൽ നിന്ന് സുജാതയെ രക്ഷിച്ച ഹിന്ദു

യാഥാസ്ഥിതികയുടെ അന്തകവിത്തായി പ്രത്യക്ഷപ്പെട്ട സൂഫിസം, പിന്നീട്, ഏറെ ആലങ്കാരികമായ ആത്മം തേടലായി മാറുന്നുണ്ട്. ആത്മീയതയുടെ പേരിൽ ഒളിച്ചു കടത്തുന്ന ഒരു തരം വ്യാജ പ്രതീതി. ഈ വ്യാജബിംബ പ്രതീതിയാണ് സിനിമയിലെ സൂഫിയിൽ പ്രകടിതമായി മുന്നിട്ടു നിൽക്കുന്നത്

രണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത "സൂഫിയും സുജാതയും'എന്ന സിനിമയിൽ കാമുകനായി വരുന്ന സൂഫി ഒരു ‘കള്ള സൂഫി’യാണ്. സുജാത എന്ന ‘മിണ്ടാപ്രാണി’യോട് ‘വരൂ, ഞാനാണ് നിന്റെ മുക്തിയും മോക്ഷവും’ എന്നു പറയാൻ ഒരു കള്ള സൂഫിക്കു മാത്രമേ സാധിക്കൂ. കാരണം, ആ പ്രസ്താവന ഒരു ആണിന്റെ അഹംഭാവം നിറഞ്ഞതും ആണധികാര ചുവയുള്ളതുമാണ്.

അധികാരമുക്തമായ ആത്മീയതയാണ്, സൂഫിസം. ‘ഞാനാണ് നിന്റെ മുക്തിയും മോക്ഷവും' എന്ന ആ മാസ്സ് ഡയലോഗാണ് സുജാതയെ ഉന്മാദിയാക്കുന്നത്. അവൾക്ക് മുക്തയാവേണ്ടതുണ്ടായിരുന്നു, ആ ചുണകെട്ട ‘ആണി’ൽ നിന്ന്. കാരണം, അയാൾ ലാസ്യഭാവത്തോടെ ഒരു ‘മോഹിനി’യായാണ് അവളിലും പ്രേക്ഷകനിലും നിറയുന്നത്. ഇത്രയും ‘സുന്ദരി’യായ ഒരാൺ ഈയടുത്ത കാലത്തൊന്നും മലയാള പടത്തിൽ വന്നിട്ടില്ല. ആ ‘മോഹിനിയായ ആണി’ൽ നിന്ന് സുജാതയ്ക്ക് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു, ആരുടെയെങ്കിലും ഒരാളുടെ ‘മരണ’ത്തിലൂടെ. സൂഫി സുജാതയ്ക്ക് വാഗ്ദാനം ചെയ്തത് ജീവിതമല്ല. മരണാനന്തര വാഗ്ദാനമായ മുക്തി/മോക്ഷം ആണ്. യഥാർഥത്തിൽ അത്, സൂഫിസമല്ല. വേദിക് വാഗ്‌ദാനമാണ്. ഉപനിഷത് മുന്നോട്ടു വെക്കുന്ന ഒരു ആശയ പരിസരം ‘മുക്തിയിലും മോക്ഷ’ത്തിലുമുണ്ട്.

സൂഫി മർഗത്തിലെ നിത്യ പ്രചോദകരിൽ ഒരാളായ ഹസനുൽ ബസ്വരി ആഭരണ ക്കച്ചവടം പോലും ചെയ്തിരുന്നു.‘പൗരോഹിത്യം’ ഒരു ‘പണി’യായി പല സൂഫികളും സ്വീകരിച്ചിരുന്നില്ല.

സ്വാമി സൂക്ഷ്മാനന്ദയുടെ ധ്യാന മധുരിമ എന്ന ശ്രദ്ധേയമായ പുസ്തകത്തിൽ മോക്ഷത്തെക്കുറിച്ച് പറയുന്നത് നോക്കാം: "മോക്ഷം ഒരു പോസ്റ്റുമോർട്ടം അവസ്ഥയാണ്. മരിച്ചതിനു ശേഷം സംഭവിക്കുന്ന ഒരവസ്ഥയാണെന്നാണ് ഇത് സംബന്ധിച്ച ഒരു പ്രബല ധാരണ. അങ്ങനെയല്ല, ഇത് ജീവിച്ചിരിക്കുമ്പോൾ തന്നെ സംഭവിക്കുന്നതാണെന്നും പറയപ്പെടുന്നുണ്ട്. ഇതിൽ ഏത് ബ്രാൻഡ് മോക്ഷമാണ് യഥാർഥ മോക്ഷം എന്ന് ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ല. തീർച്ചപ്പെടുത്താനുള്ള സാധ്യതകളും വളരെ കുറവാണ്. എങ്കിലും അത് ‘മോക്ഷ’ങ്ങളുടെ മഹത്വത്തെ കാര്യമായി ബാധിക്കില്ല. അതാണ് മോക്ഷങ്ങളുടെയൊരു മഹത്വം. എന്താണ് യഥാർഥ മോക്ഷമെന്ന് തീർച്ചപ്പെടുത്തിട്ടിയില്ലെങ്കിലും രണ്ടു തരം മോക്ഷത്തിനും പൊതുവെ നല്ല ഡിമാൻറാണ്. ദിവസം കഴിയുംതോറും ഡിമാൻറ്​ വർദ്ധിക്കുന്നുണ്ട് ’.
സൂക്ഷ്മാനന്ദ സ്വാമി നിരീക്ഷിച്ചതു പോലെ മോക്ഷം ‘മാർക്കറ്റ് ’ചെയ്യുകയാണ് ഈ സിനിമയിലൂടെ സൂഫി. ‘മോക്ഷ’ത്തിന്റെ ഇത്തരമൊരു മാർക്കറ്റിങ്ങ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന സിനിമയിലുമുണ്ടായിരുന്നു. അതിൽ മാടമ്പ് കുഞ്ഞുകുട്ടൻ അവതരിപ്പിച്ച സ്വാമിജി, ദിലീപിനും പ്രണയാതുരയായ സംവൃതാ സുനിലിനുമിടയിൽ (കഥാപാത്രങ്ങൾ ) വേദിക് മന്ത്രവുമായി വരുന്നുണ്ട്. സൂഫിയുടെയും സുജാതയുടെയും അടിസ്ഥാന തലം സൂഫിസമല്ല, ബ്രാഹ്മ​ണിക്കലായ ‘മോക്ഷ മുക്തി’ കാഴ്ചപ്പാടാണ്. ആട്ടിടയന്മാരും ആശാരിമാരുമടങ്ങുന്ന ഒരു ‘തൊഴിലാളി വർഗ പ്രാതിനിധ്യ’മാണ്, മിക്കവാറും സെമിറ്റിക് മതങ്ങളിലെ പ്രവാചക പാരമ്പര്യം. പിന്നീട് യാഥാസ്ഥിതികമായ പൗരോഹിത്യ മതത്തിൽ നിന്ന് ഈ ‘തൊഴിലാത്മീയ പ്രബോധനം’ നഷ്ടമാവുന്നുണ്ട്. സൂഫി മാർഗത്തിലെ നിത്യ പ്രചോദകരിൽ ഒരാളായ ഹസനുൽ ബസ്വരി ആഭരണക്കച്ചവടം പോലും ചെയ്തിരുന്നു. ‘പൗരോഹിത്യം’ ഒരു ‘പണി’യായി പല സൂഫികളും സ്വീകരിച്ചിരുന്നില്ല. യാഥാസ്ഥിതികയുടെ അന്തകവിത്തായി പ്രത്യക്ഷപ്പെട്ട സൂഫിസം, പിന്നീട്, ഏറെ ആലങ്കാരികമായ ആത്മം തേടലായി മാറുന്നുണ്ട്. ആത്മീയതയുടെ പേരിൽ ഒളിച്ചു കടത്തുന്ന ഒരു തരം വ്യാജ പ്രതീതി. ഈ വ്യാജബിംബ പ്രതീതിയാണ് ഷാനവാസിന്റെ സിനിമയിലെ സൂഫിയിൽ പ്രകടിതമായി മുന്നിട്ടു നിൽക്കുന്നത്.

ദൈവസ്മരണയാൽ ഹൃദയങ്ങൾ പ്രശാന്തങ്ങളാകുന്നു-( ഖു - 13:28), അള്ളാഹു ആകാശ ഭൂമികളുടെ പ്രകാശമാണ് - ( ഖു: 24:35), ആദ്യവും അന്ത്യവും ആന്തരികവും അവനാണ് ( ഖു:57:3) ഇത്തരം, ദൈവമഹത്വത്തെ ഏറെ ആഴത്തിൽ അനുഭവിച്ചറിയുന്ന ആത്മദർശനമാണ് സൂഫിസം. ഏറ്റവും വിശിഷ്ടനായ സംരക്ഷകനായ ( ഖു: 13:64 ) അള്ളാഹുവിന്റെ കാരുണ്യത്തെ മാത്രം ഉള്ളടക്കമായി സ്വീകരിച്ചവരാണ് സൂഫികൾ. ആ സൂഫി ആർക്കും മുക്തിയോ മോക്ഷമോ വാഗ്ദാനം ചെയ്യുന്നവനല്ല.

അപ്പോൾ ആരാണ് "സൂഫിയും സുജാത 'യിലെയും സൂഫികൾ?
അയാൾ, ഖബർ വെട്ടുകാരനായ കുമാരനാണ്, സുജാതയുടെ ഭർത്താവായ ഡോ.രാജീവാണ്. അവർക്ക് ഒട്ടും ആലങ്കാരികതകൾ ഇല്ല. സ്വയം അവർ പ്രചോദിതരാണ്. "നിഷ്കാമ'മാണ് അവരുടെ പ്രവർത്തനങ്ങൾ, അവർ സ്വന്തത്തെ ത്യജിക്കുന്നു. അവരിൽ ദൈവം കാരുണ്യമായി നിറയുന്നു.
എങ്കിലും, ഈ സിനിമ ബാങ്കു വിളിക്കുമ്പോൾ നൃത്തം ചെയ്യുന്ന ഒരു ‘ഹിന്ദു ’ പെൺകുട്ടിയെ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമ ഇന്നേവരെ കണ്ടതിൽ ഏറ്റവും മനോഹരമായ ദൃശ്യമാണത്. കാലുഷ്യമില്ലാത്ത, ഒരു പ്രണയത്തിലേക്ക് രാജീവ് അവളെ കൊണ്ടു പോകുന്നു. ‘ഹിന്ദുവിന് തുണ ഹിന്ദു’ എന്ന ആശ ത്തിലവസാനിക്കുമ്പോഴും, മാനുഷികമായ സൂഫി റിയാലിറ്റി അനുഭവിപ്പിക്കുന്നു രാജീവും കുമാരനും ബാങ്കു വിളിക്കുമ്പോൾ നൃത്തം ചെയ്യുന്ന സുജാതയും. ടൈറ്റിലിൽ ഉള്ള സൂഫി ഈ സിനിമയിൽ ഇവരൊക്കെയാണ്.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments