സുഗതകുമാരിയുടെ കവിതകൾ, ബിന്ദു കൃഷ്​ണന്റെ ശബ്​ദത്തിൽ

'ഇനിയീ മനസ്സിൽ കവിതയില്ല', 'ഒരു പാട്ടുപിന്നെയും' എന്നീ കവിതകൾ ചൊല്ലി കവി ബിന്ദു കൃഷ്ണൻ സുഗതകുമാരിക്ക് അന്ത്യോപഹാരമർപ്പിക്കുന്നു

സുഗതകുമാരി ടീച്ചർക്ക് എന്റെ ഹൃദയത്തിൽ മരണമില്ല. ഏകാന്തമായ എന്റെ കൗമാരദിനങ്ങളുടെ പ്രകാശവും സംഗീതവുമായിരുന്നു ടീച്ചറുടെ കവിതകൾ. വീട്ടിലെ വലിയ പുസ്തകശേഖരത്തിൽനിന്ന് ‘മുത്തുച്ചിപ്പി' കണ്ടെത്തിയതാണ് തുടക്കം. അന്നുഞാൻ ഏഴാം ക്ലാസിലായിരുന്നു. പിന്നെ ടീച്ചറുടെ എല്ലാ സമാഹാരങ്ങളും സ്വന്തമാക്കി വായിച്ച് വായിച്ച് ഹൃദിസ്ഥമാക്കിയ വർഷങ്ങൾ. സ്വയം കവിത എഴുതാൻ തുടങ്ങിയപ്പോൾ എല്ലാം സുഗതകുമാരിക്കവിതകളുടെ ദുർബലമായ അനുകരണങ്ങളായിരുന്നു. അത് തിരിച്ചറിഞ്ഞ അന്ന് ഞാൻ ആ സമാഹാരങ്ങൾ കൺവെട്ടത്തുനിന്നു മാറ്റി ഒളിച്ചുവെച്ചു- വർഷങ്ങൾക്കിപ്പുറം സ്വന്തമായൊരു ശൈലി ആർജിച്ചു എന്ന ആത്മവിശ്വാസം വരുംവരെ. എന്റെ രണ്ടാമത്തെ സമാഹാരം ‘ദൈവത്തിന്റെ സൊന്തം' ടീച്ചറെക്കൊണ്ട് പ്രകാശനം ചെയ്യിക്കാനുള്ള ഭാഗ്യം എനിക്കുകിട്ടി...സ്‌കൂളിൽ ചൊല്ലി നടന്നിരുന്ന രണ്ട് കവിതകൾ ഞാനിവിടെ വീണ്ടുമൊന്ന് ഓർത്തെടുക്കട്ടെ, എന്റെ എളിയ അന്ത്യോപഹാരം...

Comments